പരിക്ക് തിരിച്ചടിയായി, ടോം ക്ലെവർലി വിരമിച്ചു

ടോം ക്ലെവർലി തന്റെ 33-ാം വയസ്സിൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്ലെവർലി പരിക്ക് കാരണം ആണ് ഇത്ര പെട്ടെന്ന് വിരമിക്കുന്നത്. അവസാന ആറ് വർഷമായി ക്ലെവർലി വാറ്റ്ഫോർഡിനൊപ്പം ഉണ്ടായിരുന്നു‌. ക്ലബിന്റെ ക്യാപ്റ്റനുമായിരുന്നു. 22-ാം വയസ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ക്ലെവർലി അരങ്ങേറ്റം കുറിച്ചിരുന്നു. ഇംഗ്ലണ്ടിനായി അദ്ദേഹം ആകെ 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

2015 ൽ എവർട്ടണിലേക്ക് പുറപ്പെടുന്നതിന് മുമ്പ് 15 വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്ലെവർലി ഉണ്ടായിരുന്നു‌.

‘ഇന്ന് ഞാൻ ഒരു കളിക്കാരനെന്ന നിലയിൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ലെസ്റ്റർ, വിഗാൻ, ആസ്റ്റൺ വില്ല, എവർട്ടൺ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ജീവനക്കാർക്കും ടീമംഗങ്ങൾക്കും ആരാധകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” ക്ലെവർലി പറഞ്ഞു.

‘മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രത്യേകം പരാമർശിക്കണം. പ്രത്യേകിച്ച് പോൾ മക്ഗിനസ്, സർ അലക്സ് ഫെർഗൂസൺ എന്നിവർക്ക്,” അദ്ദേഹം കൂട്ടിച്ചേർത്തു.

”ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് അടിത്തറ പാകിയ ആളുകളും ക്ലബ്ബും ഒപ്പം എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച ക്ലബ്ബും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ” ടോം ക്ലെവർലി യുണൈറ്റഡിനായി ആകെ 79 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുണൈറ്റഡിനൊപ്പം ലീഗ് കിരീടവും നേടി.

ബ്രസീലിയൻ യുവതാരം മാത്യുസ് മാർട്ടിൻസ് വാട്ഫോഡിലേക്ക്

ബ്രസീലിന്റെ യുവപ്രതിഭകളിൽ ഒരാളായ മാത്യുസ് മാർട്ടിൻസ് വാട്ഫോഡിലേക്ക് എത്തും. താരത്തെ എത്തിക്കാനുള്ള കരാർ പൂർത്തിയായതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ഇംഗ്ലീഷ് ടീമിലേക്കാണ് എത്തുന്നത് എങ്കിലും ഉദിനീസ് ആണ് ഫ്ലൂമിനൻസിൽ നിന്നും മാർട്ടിൻസിനെ കൊണ്ടു വരുന്നത്. ശേഷം വാട്ഫോഡിലേക്ക് ലോണിൽ അയക്കാൻ ആണ് നീക്കം. സങ്കീർണമായ കൈമാറ്റം ആണെങ്കിലും ഇരു ടീമുകളുടെയും ഉടമസ്ഥരായ പൊസോ കുടുംബം ആണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ആറു മില്യൺ യൂറോ ആണ് കൈമാറ്റ തുക. മൂന്ന് മില്യണിന്റെ ആഡ് – ഓണുകളും ചേർത്തിട്ടുണ്ട്. കൂടാതെ ഭാവിയിൽ കൈമാറുകയാണെങ്കിൽ അതിന്റെ പത്ത് ശതമാനവും ബ്രസീലിയൻ ക്ലബ്ബിന് നേടാൻ ആവും.

പത്തൊൻപതുകാരനായ മാർട്ടിൻസ് നിലവിൽ ബ്രസീലിന്റെ അണ്ടർ – 20 ടീമിന്റെ ഭാഗം കൂടിയാണ്. ലീഡ്സ് അടക്കമുള്ള ടീമുകളും നേരത്തെ താരത്തിനെ നോട്ടമിട്ടിരുന്നു. ലെഫ്റ്റ് വിങ്ങിൽ കളിക്കുന്ന താരം ഫ്ലൂമിനൻസിനായി മുപ്പതോളം ലീഗ് മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഫ്ലൂമിനൻസിൽ നിന്നും വാട്ഫോഡിൽ എത്തിയ ജാവോ പെഡ്രോയുടെ വഴിയിൽ ആണ് മാർട്ടിൻസും വരുന്നത്. പെഡ്രോയെ ന്യൂകാസിൽ നോട്ടമിട്ടിട്ടുള്ളതിനാൽ ആ സ്ഥാനത്തേക്ക് മറ്റൊരു ബ്രസീലിയൻ താരത്തെ തന്നെ എത്തിക്കാം എന്നാണ് വാട്ഫോഡ് കണക്ക് കൂട്ടുന്നതും.

വാറ്റ്ഫോർഡ് യുവതാരം ജോവോ പെഡ്രോയ്ക്ക് ആയി ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത്

ന്യൂകാസിൽ യുണൈറ്റഡ് ഒരു യുവ ഫോർവേഡിനെ സൈൻ ചെയ്യാനുള്ള ശ്രമത്തിലാണ്‌‌. വാറ്റ്ഫോർഡിന്റെ താരമായ ജോവോ പെഡ്രോയ്ക്ക് ആയി ന്യൂകാസിൽ ആദ്യ ബിഡ് സമർപ്പിച്ചു എങ്കിലും അത് വാറ്റ്ഫോർഡ് നിരസിച്ചു‌. ഇപ്പോൾ ന്യൂകാസിൽ പുതിയ ബിഡ് നടത്താൻ ഒരുങ്ങുകയാണ്‌.

2020 ജനുവരിയിൽ ഫ്ലുമിനെൻസിൽ നിന്ന് ആയിരുന്നു താരം വാറ്റ്ഫോർഡിലേക്ക് എത്തിയത്‌. ഇരുപതുകാരൻ ആയ താരം ചാമ്പ്യൻഷിപ്പിലെ തന്റെ ആദ്യ സീസണിൽ 9 ഗോൾ നേടിയിരുന്നു. കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ മൂന്ന് ഗോളുകളും താരം നേടി. ഈ സീസണും താരം ഗോളുമായാണ് തുടങ്ങിയത്.

Story Highlight: Newcastle are pushing to sign João Pedro from Watford. New proposal expected ‘soon’ after opening bid rejected,

അറ്റാക്ക് ഉണ്ട്, പക്ഷെ ഗോൾ ഇല്ല!! മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ മാത്രം

സീസണിലെ രണ്ടാം തവണയും വാറ്റ്ഫോർഡിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ഇന്ന് വാറ്റ്ഫോർഡിനെതിരെ ഗോൾ രഹിത സമനില ആണ് വഴങ്ങിയത്.

ഗോളടിക്കാ‌ൻ ഇനിയും എന്തൊക്കെ ചെയ്യണം എന്നാകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പരസ്പരം ചോദിക്കുന്നത്. ഇന്ന് വാറ്റ്ഫോർഡിനെതിരെ 70% പൊസഷനും 20ൽ അധികം ഷോട്ടുകളും ഉണ്ടായിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഗോൾ നേടാൻ ഏറെ കഷ്ടപ്പെട്ടു. ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒരുപാട് അവസരങ്ങൾ തുലച്ചതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്.

ആദ്യ പകുതിയിൽ തന്നെ ബ്രൂണോ ഫെർണാണ്ടസിന് മൂന്ന് മികച്ച അവസരങ്ങൾ ലഭിച്ചു. മൂന്നിൽ ഒന്നും വലയിൽ കയറിയില്ല. റൊണാൾഡോ ഒരു ഗോൾ നേടി എങ്കിലും അത് ഓഫ് സൈഡും ആയി. രണ്ടാം പകുതിയിൽ സാഞ്ചോയും റാഷ്ഫോർഡും എല്ലാം കളത്തിൽ ഇറങ്ങിയിട്ടും യുണൈറ്റഡ് ഗോൾ ദാരിദ്ര്യം തുടർന്നു. 20ൽ അധികം ഷോട്ട് എടുത്തപ്പോഴും ആകെ 4 ഷോട്ട് മാത്രമെ ടാർഗറ്റിൽ ഉണ്ടായിരുന്നുള്ളൂ.

ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. 27 മത്സരങ്ങളിൽ 47 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴുൻ നാലാമതാണ്. വാറ്റ്ഫോർഡ് ഇപ്പോഴും റിലഗേഷൻ സോണിൽ ആണ്.

ടോപ് 4ൽ തന്നെ നിൽക്കണം!! മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിനെ നേരിടും. ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫോർഡ് മത്സരം നടക്കുന്നത്. അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോൾ നടന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നുണ്ടാകില്ല. അവസാന മത്സരത്തിൽ ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 4-1ന് വാറ്റ്ഫോർഡ് തകർത്തിരുന്നു.

എന്നാൽ ഇപ്പോൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിനെ എളുപ്പത്തിൽ പരാജയപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. അവസാന 15 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകെ ഒരു മത്സരം മാത്രമെ പരാജയപ്പെട്ടിട്ടുള്ളൂ. ചാമ്പ്യൻസ് ലീഗിൽ മാഡ്രിഡിൽ വെച്ച് അത്ലറ്റിക്കോയെ സമനിലയിൽ തളച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയവഴിയിലേക്ക് തിരികെ വരാൻ ആകും ശ്രമിക്കുക. റൊണാൾഡോക്ക് ഇന്ന് ക്ലബ് വിശ്രമം നൽകിയേക്കും.

ഇന്ന് രാത്രി 8.30നാണ് മത്സരം.

ഡെന്നിസിന്റെ ഗോളിൽ ജെറാർഡിന്റെ വില്ലയെ വീഴ്ത്തി റോയ് ഹഡ്സന് വാട്ഫോർഡിൽ ആദ്യ ജയം

മാസങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിൽ ഒരു മത്സരം ജയിച്ചു വാട്ഫോർഡ്. സ്റ്റീഫൻ ജെറാർഡിന്റെ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് പന്ത്രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ശേഷം വാട്ഫോർഡ് ഒരു ജയം കണ്ടത്തിയത്. പരിശീലകൻ റോയ് ഹഡ്സന്റെ വാട്ഫോർഡിലെ ആദ്യ ജയം ആണ് ഇത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ വില്ല ആധിപത്യം കാണിച്ചു എങ്കിലും വലിയ അവസരം ഒന്നും അവർ തുറന്നില്ല.

ഇടക്ക് വില്ല ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. രണ്ടാം പകുതിയിൽ 78 മത്തെ മിനിറ്റിൽ ഇസ്മായില സാറിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ഇമ്മാനുവൽ ഡെന്നിസ് വാട്ഫോർഡിനു ജയം സമ്മാനിക്കുക ആയിരുന്നു. താരത്തിന്റെ സീസണിലെ ഒമ്പതാം ലീഗ് ഗോൾ ആയിരുന്നു ഇത്. നിലവിൽ ജയം കണ്ടെങ്കിലും അവസാന മൂന്നിൽ തന്നെയാണ് വാട്ഫോർഡ്. എങ്കിലും ജയം അവർക്ക് വലിയ പ്രതീക്ഷ നൽകും എന്നുറപ്പാണ്. അതേസമയം ലീഗിൽ പത്രണ്ടാം സ്ഥാനത്ത് ആണ് വില്ല ഇപ്പോൾ.

ആദ്യ ജയം നേടി വോൾവ്സ്, കഷ്ടകാലം മാറാതെ വാറ്റ്ഫോഡ്

പ്രീമിയർ ലീഗിൽ ആദ്യ ജയം സ്വന്തമാക്കി വോൾവ്‌സ്. ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന വാറ്റ്ഫോഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് അവർ വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്. ഇന്ന് വോൾവ്സ് ജയിച്ചതോടെ ലീഗിൽ ഒരു ജയം പോലുമില്ലാത്ത ഏക ടീം എന്ന നാണക്കേടും വാറ്റ്ഫോഡിന്റെ പേരിലായി.

കളിയുടെ പതിനെട്ടാം മിനുട്ടിൽ തന്നെ സാന്റോയുടെ ടീം ആദ്യ ഗോൾ സ്വന്തമാക്കി. ജോട്ടക്ക് പകരക്കാരനായി ആദ്യ ഇലവനിൽ ഇടം നേടിയ പെഡ്രോ നെറ്റോ നൽകിയ പാസ്സിൽ നിന്ന് മാറ്റ് ഡോഹെർത്തി ആണ് ഗോൾ നേടിയത്. 2 മിനിട്ടുകൾക്ക് ശേഷം വാറ്റ്ഫോഡിന് ഡെലഫെയുവിലൂടെ മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല.

രണ്ടാം പകുതി തുടങ്ങിയതോടെ വാറ്റ്ഫോഡ് സർവ്വ ശക്തിയുമായി ആക്രമിച്ചതോടെ വോൾവ്സിന് പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. പക്ഷെ കളിയുടെ ഒഴുക്കിന് വിപരീതമായി 61 ആം മിനുട്ടിൽ വോൾവ്സ് ലീഡ് രണ്ടാക്കി ഉയർത്തി. ഇത്തവണ വാട്ട്ഫോഡ് താരം യാൻമാതിന്റെ സെൽഫ് ഗോളാണ് അവരെ തുണച്ചത്. 71 ആം മിനുട്ടിൽ വെൽബെക്കിന്റെ മികച്ച ഷോട്ട് തട്ടിയകറ്റി പാട്രിസിയോ അവരുടെ ലീഡ് കാത്തു. ഇരു ടീമുകളും മികച്ചു നിന്നെങ്കിലും ഫിനിഷിങ്ങിൽ പുലർത്തിയ കൃത്യതയും ഭാഗ്യവും ഇത്തവണ വോൾവ്സിനെ തുണക്കുകയായിരുന്നു.

ഹാട്രിക്കുമായി ഡെലഫെയു, വാട്ട്ഫോഡിന് കൂറ്റൻ ജയം

ജെറാർഡ് ഡെലഫെയു ഹാട്രിക് നേടിയ മത്സരത്തിൽ വാട്ട്ഫോഡിന് പ്രീമിയർ ലീഗിൽ വമ്പൻ ജയം. 1-5 ന് കാർഡിഫിനെയാണ് അവർ തകർത്ത് വിട്ടത്. പ്രീമിയത് ലീഗ് റിലഗേഷൻ സോണിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടാനുള്ള അവസരമാണ് കാർഡിഫ് തുലച്ചത്.

3 മികച്ച ഫിനിഷുകളിലൂടെയാണ് ഡെലഫെയു ഹാട്രിക് നേടിയത്. ട്രോയ് ഡീനിയാണ്‌ ശേഷിച്ച 2 ഗോളുകൾ നേടിയത്. കളി തീരാൻ ഏതാനും മിനുട്ടുകൾ മാത്രം ശേഷിക്കെ ഒരു ഗോൾ കാർഡിഫ് തിരിച്ചടിച്ചെങ്കിലും ഏറെ വൈകിയിട്ടുന്നു. വാട്ട്ഫോഡ് ഒരു ഗോളിന് മുന്നിൽ നിൽക്കേ കാർഡിഫിന് അനുകൂലമായി പെനാൽറ്റി വിധിക്കാൻ റഫറി തയ്യാറാവാത്തത് മത്സരത്തിൽ നിർണായകമായി. ഇതിനെതിരെ കാർഡിഫ് പരിശീലകൻ വാർനോക്ക് രംഗത്ത് വന്നിട്ടുണ്ട്.

മാഡിസന്റെ കിടിലൻ ഗോൾ, ലെസ്റ്ററിന് ജയം

പ്രീമിയർ ലീഗിൽ ലെസ്റ്ററിന് മികച്ച ജയം. ആദ്യ പകുതിയിൽ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ അവർ വാട്ട്ഫോഡിനെ 2-0 ത്തിന് മറികടന്നു. വാർഡിയും മാഡിസനുമാണ് ഗോൾ നേടിയത്.

കിംഗ്‌ പവർ സ്റ്റേഡിയത്തിൽ മികച്ച ആദ്യ പകുതിയാണ് ലെസ്റ്ററിന് ലഭിച്ചത്. വാട്ട്ഫോഡിന് ഒരു അവസരം പോലും അവർ നൽകിയില്ല. 12 ആം മിനുട്ടിലാണ് ലെസ്റ്ററിന്റെ ആദ്യ ഗോളിന് അവസരം ഒരുങ്ങിയത്. വാർഡിയെ വാട്ട്ഫോർഡ് ഗോളി ഫോസ്റ്റർ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അനായാസം വാർഡി വലയിലാക്കി. പക്ഷെ 7 മിനുറ്റുകൾക് അപ്പുറം മാഡിസന്റെ ഫിനിഷ് അങ്ങേയറ്റം മനോഹരമായിരുന്നു. ലെസ്റ്റർ ആദ്യ പകുതി അവസാനിപ്പിച്ചത് 2 ഗോളിന്റെ ലീഡുമായി.

രണ്ടാം പകുതിയിൽ ഇരു ടീമുകളും കാര്യമായ പ്രകടനം പുറത്തെടുക്കാതെ വന്നതോടെ മത്സരം വിരസമായി. കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കേ അനാവശ്യ ഫൗളിന് മുതിർന്ന വാട്ട്ഫോർഡ് താരം കപ്പുവിന് റഫറി ചുവപ്പ് കാർഡ് നൽകുകയും ചെയ്തു. ജയത്തോടെ 21 പോയിന്റുള്ള ലെസ്റ്റർ 7 ആം സ്ഥാനത്താണ്. 20 പോയിന്റുള്ള വാട്ട്ഫോർഡ് പത്താം സ്ഥാനത്തും.

വാട്ട്ഫോഡ് സ്‌ട്രൈക്കർക്ക് പുതിയ കരാർ

വാട്ട്ഫോഡിന്റെ യുവ സ്‌ട്രൈക്കർ ഇസാക് സക്‌സസ് ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം 2023 വരെ ക്ലബ്ബിൽ തുടരും. നൈജീരിയൻ ദേശീയ താരമാണ് സക്‌സസ്.

2016 ജൂലൈ മാസത്തിലാണ് താരം ഗ്രനാടയിൽ നിന്ന് വാട്ട്ഫോഡിൽ എത്തിയത്. ഈ സീസണിൽ ഇതുവരെ 3 ഗോളുകൾ നേടിയ താരം മലാഗയിൽ ലോൺ അടിസ്ഥാനത്തിലും കളിച്ചിട്ടുണ്ട്. 22 വയസുകാരനാണ് സക്സസ്. നൈജീരിയക്ക് വേണ്ടി താരം ഇതുവരെ 4 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഗാർസിയക്ക് വാട്ട്ഫോഡിൽ പുത്തൻ കരാർ

സീസണിൽ മികച്ച തുടക്കത്തിന് പിന്നാലെ പരിശീലകൻ ഹാവി ഗാർസിയക്ക് വാട്ട്ഫോർഡ് പുതിയ കരാർ നൽകി. പുതിയ കരാർ പ്രകാരം 2023 വരെ അദ്ദേഹം ക്ലബ്ബ് പരിശീലകനായി തുടരും. ഈ വർഷം ജനുവരിയിലാണ് ഗാർസിയ ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

ഈ സീസണിൽ മികച്ച തുടക്കമാണ് ഗാർസിയക്ക് കീഴിൽ വാട്ട്ഫോർഡ് നേടിയത്. നിലവിൽ 20 പോയിന്റുമായി ലീഗിൽ ഒൻപതാം സ്ഥാനത്താണ് വാട്ട്ഫോർഡ്. നേരത്തെ സ്പാനിഷ് ക്ലബ്ബ് മലാഗ, റഷ്യൻ ക്ലബ്ബ് റൂബിൻ കസാൻ, ഒസാസുന ടീമുകളേയും ഗാർസിയ പരിശീലിപിച്ചിട്ടുണ്ട്.

വാട്ട്ഫോഡിലും ജയം ഉറപ്പാക്കി ലിവർപൂൾ കുതിപ്പ് തുടരുന്നു

പ്രീമിയർ ലീഗിൽ ലിവർപൂൾ അപരാജിത കുതിപ്പ് തുടരുന്നു. വാട്ട്ഫോഡിന്റെ മൈതാനത്ത് അവരെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്ന ക്ളോപ്പും സംഘവും ലീഗിൽ കിരീട പോരാട്ടത്തിൽ പിറകിലേക്ക് ഇല്ലെന്ന പ്രഖ്യാപനം നടത്തുന്ന പ്രകടനമാണ്‌ നടത്തിയത്. ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി സിറ്റിക്ക് കേവലം 2 പോയിന്റ് പിറകിലായി രണ്ടാം സ്ഥാനത്താണ് അവർ.

മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയ ലിവർപൂളിന് പക്ഷെ ആദ്യ ഗോളിനായി അൽപം കാത്തിരിക്കേണ്ടി വന്നു. ആദ്യ പകുതിയിൽ അവർക്ക് ഗോളൊന്നും നേടാനായില്ല. പക്ഷെ രണ്ടാം പകുതിയിൽ മാനെയുടെ പാസിൽ നിന്ന് സലാഹ് ഗോൾ നേടി അവരെ മുന്നിലെത്തിച്ചു. പിന്നീട് ഫിർമിനോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി അലക്‌സാണ്ടർ അർണോൾഡ് ലീഡ് രണ്ടാകുകയായിരുന്നു. കളി തീരാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ ഫിർമിനോയാണ് ലിവർപൂളിന്റെ മൂന്നാം ഗോൾ നേടിയത്. മത്സരത്തിന്റെ 82 ആം മിനുട്ടിൽ ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്‌സൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.

Exit mobile version