ശ്രീലങ്ക 280 റൺസിന് പുറത്ത്, ബംഗ്ലാദേശിന് മോശം തുടക്കം

ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 280 റൺസിൽ അവസാനിപ്പിച്ച് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 32/3 എന്ന നിലയിൽ പ്രതിരോധത്തിൽ. വിശ്വ ഫെര്‍ണാണ്ടോ രണ്ടും കസുന്‍ രജിത ഒരു വിക്കറ്റും നേടിയപ്പോള്‍ ബംഗ്ലാദേശ് നിരയിൽ 9 റൺസ് നേടി മഹമ്മുദുള്‍ ഹസന്‍ ജോയിയും റണ്ണൊന്നുമെടുക്കാതെ തൈജുള്‍ ഇസ്ലാമുമാണ് ക്രീസിലുള്ളത്.

നേരത്തെ 57/5 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ ധനന്‍ജയ ഡി സിൽവയും കസുന്‍ രജിതയും നേടിയ ശതകങ്ങളാണ് കരകയറ്റിയത്. ഇരുവരും 102 റൺസ് നേടി പുറത്താകുകയായിരുന്നു. 202 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

കമിന്‍ഡുവിനെയും ധനന്‍ജയയെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി നാഹിദ് റാണയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. അധികം വൈകാതെ 68 ഓവറിൽ ശ്രീലങ്ക 280 റൺസിന് പുറത്തായി. നാഹിദ് റാണയും ഖാലിദ് അഹമ്മദും ബംഗ്ലാദേശിനായി മൂന്ന് വീതം വിക്കറ്റ് നേടി.

അഫ്ഗാനിസ്ഥാനെതിരെ മേൽക്കൈ നേടി ശ്രീലങ്ക

കൊളംബോയിലെ സിന്‍ഹളീസ് സ്പോര്‍ട്സ് ക്ലബിലെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിന്റെ ഒന്നാം ദിവസം മേൽക്കൈ നേടി ശ്രീലങ്ക. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 198 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 80/0 എന്ന നിലയിൽ ഒന്നാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

42 റൺസുമായി ദിമുത് കരുണാരത്നേയും 36 റൺസ് നേടി നിഷാന്‍ മധുഷങ്കയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സിൽ 91 റൺസ് നേടിയ റഹ്മത് ഷാ ആണ് ടോപ് സ്കോറര്‍. നൂര്‍ അലി സദ്രാന്‍ 31 റൺസും നേടി.

ഒരു ഘട്ടത്തിൽ 109/2 എന്ന നിലയിൽ നിന്നാണ് അഫ്ഗാനിസ്ഥാന്‍ 198 റൺസിന് ഓള്‍ഔട്ട് ആയത്. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ 4 വിക്കറ്റ് നേടിയപ്പോള്‍ അസിത ഫെര്‍ണാണ്ടോയും പ്രഭാത് ജയസൂര്യയും 3 വീതം വിക്കറ്റ് നേടി ആതിഥേയര്‍ക്കായി തിളങ്ങി.

ഒന്നാം ദിവസം മികച്ച നിലയില്‍ അവസാനിപ്പിച്ച് ബംഗ്ലാദേശ്, നജ്മുളിന് കന്നി ടെസ്റ്റ് ശതകം

ശ്രീലങ്കയ്ക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ കരുതുറ്റ നിലയില്‍ ബംഗ്ലാദേശ്. ഇന്ന് മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 302/2 എന്ന നിലയിലാണ് ബംഗ്ലാദേശ്. നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും മോമിനുള്‍ ഹക്കുമാണ് 150 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി ക്രീസിലുള്ളത്.

നജ്മുള്‍ ഹൊസൈന്‍ ഷാന്റെ 126 റണ്‍സും മോമിനുള്‍ ഹക്ക് 64 റണ്‍സും നേടിയിട്ടുണ്ട്. സൈഫ് ഹസ്സനെ(0) നഷ്ടമായ ശേഷം ഷാന്റോയും തമീം ഇക്ബാലും 144 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. 90 റണ്‍സ് നേടിയ തമീം ഇക്ബാലിനെ വീഴ്ത്തി വിശ്വ ഫെര്‍ണാണ്ടോ മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടുകയായിരുന്നു.

ശ്രീലങ്കന്‍ ബൗളര്‍മാരുടെ മിന്നും തിരിച്ചുവരവ്, ദക്ഷിണാഫ്രിക്ക 302 റണ്‍സിന് ഓള്‍ഔട്ട്

വാണ്ടറേഴ്സ് ടെസ്റ്റില്‍ മികച്ച തിരിച്ചുവരവുമായി ശ്രീലങ്ക. ഒരു ഘട്ടത്തില്‍ 218/1 എന്ന നിലയില്‍ കുതിയ്ക്കുകയായിരുന്നു ദക്ഷിണാഫ്രിക്കയെ 302 റണ്‍സിന് പുറത്താക്കിയാണ് ശ്രീലങ്ക മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. 145 റണ്‍സിന്റെ ലീഡ് ദക്ഷിണാഫ്രിക്കയുടെ കൈവശമുണ്ട്.

അഞ്ച് വിക്കറ്റ് നേടിയ വിശ്വ ഫെര്‍ണാണ്ടോയാണ് ശ്രീലങ്കയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. അശിത ഫെര്‍ണാണ്ടോ, ദസുന്‍ ഷനക എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. മത്സരത്തില്‍ ഡീന്‍ എല്‍ഗാര്‍(127), റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(67) എന്നിവരുടെ മികവില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ശക്തമായ രീതിയില്‍ ലങ്ക തിരിച്ചടിയ്ക്കുകയായിരുന്നു.

ഇരട്ട ശതകത്തിന് തൊട്ടടുത്ത് വീണ് ഫാഫ് ഡു പ്ലെസി, കേശവ് മഹാരാജിനും അര്‍ദ്ധ ശതകം

ശ്രീലങ്കയ്ക്കെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ആതിഥേയര്‍ 621 റണ്‍സിന് പുറത്താകുമ്പോള്‍ 225 റണ്‍സിന്റെ ലീഡാണ് നേടിയത്. ഫാഫ് ഡു പ്ലെസി 199 റണ്‍സ് നേടി പുറത്തായപ്പോള്‍ ടെംബ ബാവുമ 71 റണ്‍സ് നേടി.

കേശവ് മഹാരാജ് വാലറ്റത്ത് 73 റണ്‍സ് കൂടി നേടിയപ്പോള്‍ ലങ്കയുടെ കാര്യങ്ങള്‍ ദുഷ്കരമായി. ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരംഗ നാലും വിശ്വ ഫെര്‍ണാണ്ടോ മൂന്നും വിക്കറ്റ് നേടി. വിയാന്‍ മുള്‍ഡര്‍ 36 റണ്‍സ് നേടി.

രണ്ടാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ എ ശക്തമായ നിലയില്‍

ശ്രീലങ്ക എ യ്ക്കെതിരെ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ കരുതുറ്റ നിലയിലേക്ക്. ഇന്നലെ 376/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ 482/4 എന്ന നിലയിലാണ്. രണ്ടാം ദിവസം ആദ്യ സെഷനില്‍ ഇന്ത്യയ്ക്ക് 3 വിക്കറ്റുകളാണ് നഷ്ടമായത്. തലേ ദിവസം ഇരട്ട ശതകത്തിനടുത്ത നിന്ന അഭിമന്യൂ ഈശ്വരന്‍ തന്റെ ഇരട്ട ശതകം പൂര്‍ത്തിയാക്കിയെങ്കിലും 233 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ അന്‍മോല്‍പ്രീത് സിംഗും(51*) ഒരു റണ്‍സുമായി സിദ്ദേഷ് ലാഡുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ രണ്ടും അകില ധനന്‍ജയയും ലക്ഷന്‍ സണ്ടകനും ഓരോ വിക്കറ്റും നേടി.

ഇത് ദക്ഷിണാഫ്രിക്കയുടെ ഹോം സിരീസോ, പോര്‍ട്ട് എലിസബത്തിലും നാണംകെട്ട് ആതിഥേയര്‍, നാല് ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിനു പുറത്ത്

ഡര്‍ബനിലേതിനു പിന്നാലെ പോര്‍ട്ട് എലിസബത്തിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ദക്ഷിണാഫ്രിക്ക. ഇന്ന് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം 61.2 ഓവറില്‍ 222 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. 15/3 എന്ന നിലയില്‍ നിന്ന് കരകയറിയെങ്കിലും വലിയൊരു സ്കോര്‍ നേടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. ക്വിന്റണ്‍ ഡി കോക്ക് 86 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 60 റണ്‍സ് നേടി.

കാഗിസോ റബാഡ(22), ഫാഫ് ഡു പ്ലെസി(25) എന്നിവരൊഴികെ ആര്‍ക്കും രണ്ടക്കം പോലും നേടാനായില്ല. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോയും കസുന്‍ രജിതയും മൂന്ന് വീതം വിക്കറ്റും ധനന്‍ജയ ഡിസില്‍വ രണ്ട് വിക്കറ്റും നേടി. ഇന്നിംഗ്സില്‍ ഡി കോക്ക്-മാര്‍ക്രം കൂട്ടുകെട്ട് നേടിയ 67 റണ്‍സ് ആണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് പാര്‍ട്ണര്‍ഷിപ്പ്.

പോര്‍ട്ട് എലിസബത്തിലും പിടിമുറുക്കി ലങ്ക, നാല് വിക്കറ്റ് നഷ്ടപ്പെട്ട് ആതിഥേയര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കന്‍ ബൗളര്‍മാരുടെ മിന്നും പ്രകടനം. ഒന്നാം ദിവസം ഉച്ചഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ലങ്കയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 73/4 എന്ന നിലയിലാണ്. ഫാഫ് ഡു പ്ലെസിയെ(25) ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ പുറത്താക്കിയതോടെ ഒന്നാം ദിവസം ലഞ്ചിനു പിരിയുവാന്‍ ടീമുകള്‍ തീരുമാനിക്കുകയായിരുന്നു. 37 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് ക്രീസില്‍ നില്‍ക്കുന്നത്.

ഒരു ഘട്ടത്തില്‍ 24/3 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ഫാഫ് – മാര്‍ക്രം കൂട്ടുകെട്ട് 49 റണ്‍സ് നേടി കരകയറ്റുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ലങ്കന്‍ നായകന്‍ പന്ത് സ്വയം കൈയ്യിലേന്തിയത്.

ഹാഷിം അംലയും ടെംബ ബാവുമയും പൂജ്യത്തിനു പുറത്തായപ്പോള്‍ ഡീന്‍ എല്‍ഗാറിനു നേടാനായത് ആറ് റണ്‍സാണ്. വിശ്വ ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ബാവുമ റണ്ണൗട്ടാകുകയായിരുന്നു.

കുശല്‍ പെരേരയെ അഭിനന്ദിച്ച് രവി ശാസ്ത്രി, വിശ്വ ഫെര്‍ണാണ്ടോയ്ക്ക് പോരാളിയെന്ന വിശേഷണം

ടെസ്റ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഇന്നിംഗ്സ് പുറത്തെടുത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കുവാന്‍ ശ്രീലങ്കയെ സഹായിച്ച കുശല്‍ പെരേര-വിശ്വ ഫെര്‍ണാണ്ടോ സഖ്യത്തെ അനുമോദനം അറിയിച്ച് ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി. കുശല്‍ പെരേരയുടെ ഇന്നിംഗ്സിനെ അവിശ്വസനീയമെന്ന് വിശേഷിപ്പിച്ച രവി ശാസ്ത്രി താരത്തിനു സഹായവുമായി നിലയുറപ്പിച്ച വിശ്വ ഫെര്‍ണാണ്ടോയെ പോരാളിയെന്ന് വിശേഷിപ്പിച്ചു.

അവസാന വിക്കറ്റില്‍ 78 റണ്‍സ് നേടിയ കൂട്ടുകെട്ട് ശ്രീലങ്കയെ 1 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു. പെരേര 153 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ 27 പന്ത് നേരിട്ട് 6 റണ്‍സ് നേടി മറുവശത്ത് നിലയുറപ്പിക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമാകുന്നതിനു വേണ്ടി ഐപിഎല്‍ കരാര്‍ ഉപേക്ഷിച്ച താരമാണ് കുശല്‍ പെരേര.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്നാണ് ശാസ്ത്രി പെരേരയുടെ ഈ ഇന്നിംഗ്സിനെ വിശേഷിപ്പിച്ചത്. ഏറ്റവും മികച്ച ടെസ്റ്റ് വിജയമാണ് നിങ്ങള്‍ കണ്ടതെന്നും രവി ശാസ്ത്രി തന്റെ ട്വീറ്റില്‍ കുറിച്ചു.

പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഫെബ്രുവരി 21നു പോര്‍ട്ട് എലിസബത്തില്‍ ആരംഭിക്കും.

259 റണ്‍സിനു പുറത്തായി ദക്ഷിണാഫ്രിക്ക, ശ്രീലങ്കയ്ക്ക് 304 റണ്‍സ് വിജയലക്ഷ്യം, 3 വിക്കറ്റ് നഷ്ടം

ശ്രീലങ്കയ്ക്ക് ഡര്‍ബനില്‍ 304 റണ്‍സ് വിജയ ലക്ഷ്യം. ലസിത് എംബുല്‍ദെനിയയും വിശ്വ ഫെര്‍ണാണ്ടോയും മികവ് പുലര്‍ത്തിയപ്പോള്‍ 259 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. 126/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് 133 റണ്‍സ് കൂടിയാണ് മത്സരത്തിന്റെ മൂന്നാം ദിവസം നേടാനായത്. 90 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയും 55 റണ്‍സുമായി ഡി കോക്കും ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും ഡികോക്കും ഫാഫും പുറത്തായ ശേഷം ദക്ഷിണാഫ്രിക്ക ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു. 251/5 എന്ന നിലയില്‍ നിന്ന് 259 റണ്‍സിനു ഓള്‍ഔട്ട് ആവുമ്പോള്‍ എട്ട് റണ്‍സിനാണ് ടീമിനു ശേഷിക്കുന്ന 5 വിക്കറ്റ് നഷ്ടമായത്. ലസിത് എംബുല്‍ദെനിയ അഞ്ചും വിശ്വ ഫെര്‍ണാണ്ടോ 4 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 83/3 എന്ന നിലയിലാണ്. 20 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയും ലഹിരു തിരിമന്നേ(21), കുശല്‍ മെന്‍ഡിസ്(0) എന്നിവരെ ടീമിനു നഷ്ടമായപ്പോള്‍ ഒഷാഡ ഫെര്‍ണാണ്ടോയും(28*) കുശല്‍ പെരേരയുമാണ്(12*) ക്രീസില്‍ നില്‍ക്കുന്നത്. വിജയത്തിനായി ഏഴ് വിക്കറ്റ് അവശേഷിക്കെ 221 റണ്‍സാണ് ലങ്ക നേടേണ്ടത്.

മൂന്നാം ദിവസത്തെ കളി മഴ മൂലം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

ഡര്‍ബനില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ക്വിന്റണ്‍ ഡിക്കോക്ക് 80 റണ്‍സ് നേടി പിടിച്ച് നിന്നതിന്റെ ബലത്തില് ദക്ഷിണാഫ്രിക്ക 235 റണ്‍സ് നേടുകയായിരുന്നു. ടെംബ ബാവുമ(47), ഫാഫ് ഡു പ്ലെസി(35), കേശവ് മഹാരാജ്(29) എന്നിവരാണ് പൊരുതി നോക്കിയ മറ്റു താരങ്ങള്‍. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിച്ചാണ് ശ്രീലങ്കന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കിയത്.

ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ 4 വിക്കറ്റും കസുന്‍ രജിത മൂന്നും വിക്കറ്റ് വീഴ്ത്തി. ക്വിന്റണ്‍ ഡിക്കോക്ക് അവസാന വിക്കറ്റായാണ് വീണത്.

കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ, ജോ ബേണ്‍സിനും ട്രാവിസ് ഹെഡിനും ശതകം

കാന്‍ബറയില്‍ ശ്രീലങ്കയ്ക്കെതിരെ കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ. ജോ ബേണ്‍സും ട്രാവിസ് ഹെഡും ശതകങ്ങളുമായി തിളങ്ങിയപ്പോള്‍ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 384/4 എന്ന അതിശക്തമായ നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്കായി 172 റണ്‍സുമായി ജോ ബേണ്‍സും 25 റണ്‍സ് നേടി കര്‍ട്ടിസ് പാറ്റേര്‍സണും ആണ് ക്രീസില്‍ നില്‍ക്കുന്നത്. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റ് നേടി.

തുടക്കം പാളിയെങ്കിലും പിന്നീട് മത്സരത്തില്‍ ഓസ്ട്രേലിയ പിടിമുറുക്കുന്നതാണ് കണ്ടത്. 28/3 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ നാലാം വിക്കറ്റില്‍ 308 റണ്‍സ് നേടി ഹെഡ്-ബേണ്‍സ് കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 161 റണ്‍സാണ് ട്രാവിസ് ഹെഡ് നേടിയത്. ദിമുത് കരുണാരത്നേയ്ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്.

Exit mobile version