കുശല്‍ പെരേരയെ അഭിനന്ദിച്ച് രവി ശാസ്ത്രി, വിശ്വ ഫെര്‍ണാണ്ടോയ്ക്ക് പോരാളിയെന്ന വിശേഷണം

ടെസ്റ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഇന്നിംഗ്സ് പുറത്തെടുത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കുവാന്‍ ശ്രീലങ്കയെ സഹായിച്ച കുശല്‍ പെരേര-വിശ്വ ഫെര്‍ണാണ്ടോ സഖ്യത്തെ അനുമോദനം അറിയിച്ച് ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി. കുശല്‍ പെരേരയുടെ ഇന്നിംഗ്സിനെ അവിശ്വസനീയമെന്ന് വിശേഷിപ്പിച്ച രവി ശാസ്ത്രി താരത്തിനു സഹായവുമായി നിലയുറപ്പിച്ച വിശ്വ ഫെര്‍ണാണ്ടോയെ പോരാളിയെന്ന് വിശേഷിപ്പിച്ചു.

അവസാന വിക്കറ്റില്‍ 78 റണ്‍സ് നേടിയ കൂട്ടുകെട്ട് ശ്രീലങ്കയെ 1 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു. പെരേര 153 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ 27 പന്ത് നേരിട്ട് 6 റണ്‍സ് നേടി മറുവശത്ത് നിലയുറപ്പിക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമാകുന്നതിനു വേണ്ടി ഐപിഎല്‍ കരാര്‍ ഉപേക്ഷിച്ച താരമാണ് കുശല്‍ പെരേര.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്നാണ് ശാസ്ത്രി പെരേരയുടെ ഈ ഇന്നിംഗ്സിനെ വിശേഷിപ്പിച്ചത്. ഏറ്റവും മികച്ച ടെസ്റ്റ് വിജയമാണ് നിങ്ങള്‍ കണ്ടതെന്നും രവി ശാസ്ത്രി തന്റെ ട്വീറ്റില്‍ കുറിച്ചു.

പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഫെബ്രുവരി 21നു പോര്‍ട്ട് എലിസബത്തില്‍ ആരംഭിക്കും.

Exit mobile version