ഇന്ററിനെ വിറപ്പിച്ച് റയൽ സോസിഡാഡ്; സമനില വഴങ്ങി ഇൻസാഗിയും സംഘവും

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിൽ നടന്ന പോരാട്ടത്തിൽ, റയൽ സോസിഡാഡിന്റെ തകർപ്പൻ പ്രകടനത്തിന് മുൻപിൽ ഭൂരിഭാഗം സമയവും മത്സരത്തിൽ പിറകിൽ നിൽക്കേണ്ടി വന്നെങ്കിലും ഒടുവിൽ തോൽവി ഒഴിവാക്കി ഇന്റർ മിലാൻ. സോസിഡാഡിന്റെ തട്ടകത്തിൽ ക്യാപ്റ്റൻ ലൗടാരോ മാർട്ടിനസ് നേടിയ ഗോൾ ആണ് ഇന്ററിന്റെ തുണക്കെത്തിയത്. സോസിഡാഡിന് വേണ്ടി ബ്രൈസ് മെന്റസ് ലക്ഷ്യം കണ്ടു. കൂടുതൽ സമയവും ലീഡ് കൈവശം വെച്ചിട്ടും അവസാന നിമിഷം ജയം കൈവിട്ടത് സോസിഡാഡിന് നിരാശ നൽകും.

തുടക്കം മുതൽ തന്നെ നിലവിലെ ഫൈനലിസ്റ്റുകൾക്കെതിരെ യാതൊരു കൂസലും കൂടാതെ സോസിഡാഡ് ആക്രമിച്ചു കളിച്ചു. മൂന്നാം മിനിറ്റിൽ തന്നെ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും ബ്രൈസ് മെന്റസിന്റെ ഹെഡർ സോമ്മർ കൈക്കലാക്കി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ സോസിഡാഡ് ലീഡ് എടുക്കുക തന്നെ ചെയ്തു. ഒയർസബാലിന്റെ സമ്മർദ്ദം മറികടക്കാൻ പന്തുമായി നീങ്ങിയ ബസ്‌തോണിയിൽ നിന്നും പക്ഷെ ബ്രൈസ് മെന്റസ് പന്ത് കൈക്കലാക്കുക തന്നെ ചെയ്തു. താരം ബോക്സിന് പുറത്തു നിന്നും ലക്ഷ്യം കണ്ടു. ഇതോടെ മത്സരത്തിലേക്ക് തിരിച്ചു വരാൻ ഇന്റർ ശ്രമം തുടങ്ങി. എന്നാൽ സോസിഡാഡ് പ്രതിരോധം ഉറച്ചു നിന്നു. ഇതോടെ ഷോട്ട് ഉതിർക്കാൻ പോലും ആവാതെ ഇന്റർ വിഷമിച്ചു. ആദ്യ പകുതിയിൽ ഒരേയൊരു ഷോട്ട് മാത്രമാണ് ഇന്ററിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. 20 ആം മിനിറ്റിൽ അർനൗടോവിച്ചിന്റെ ശ്രമം ഓഫ്സൈഡിൽ അവസാനിച്ചു. ഇടവേളക്ക് മുൻപായി ഒയർസബാളിന്റെ ഷോട്ട് പോസ്റ്റിൽ കൊണ്ടു മടങ്ങിയെങ്കിലും ഈ നീക്കവും ഓഫ്സൈഡ് ആയിരുന്നു. ലഭിച്ച അവസരങ്ങൾ ഗോൾ വലയിൽ എത്തിക്കാൻ സാധിക്കാതെ പോയതിന് സോസിഡാഡ് പിന്നീട് വലിയ വില നൽകേണ്ടി വന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോസ്റ്റിന് മുൻപിൽ നിന്നും ഒയർസബാളിന്റെ ഹെഡർ കീപ്പർ തടുത്തു. ബ്രൈസ് മേന്റസിന്റെ ഫ്രീകിക്കും സോമ്മർ തടുത്തത് നിർണായകമായി. ബരെല്ലക്ക് റഫറി ചുവപ്പ് കാർഡ് നൽകിയത് വാർ ചെക്കിലൂടെ പിൻവലിച്ചു. മികേൽ മറിനോയുടെ ഹെഡർ ലക്ഷ്യത്തിൽ നിന്നും ഇഞ്ചുകൾ മാറി കടന്ന് പോയി. മാർക്കസ് തുറാം മികച്ചൊരു നീക്കം നടത്തിയെങ്കിലും ബോക്സിനുള്ളിൽ പന്ത് നിയന്ത്രിക്കാൻ സാധിക്കാതെ പോയി. 79ആം മിനിറ്റിൽ തുറാം ഗോൾ വല കുലുക്കിയെങ്കിലും മുന്നേറ്റത്തിനിടയിൽ ലൗടാരോ മാർട്ടിനസ് ഓഫ്സൈഡ് ആയിരുന്നു. ഒടുവിൽ 86ആം മിനിറ്റിൽ മാർട്ടിനസ് തന്നെ വല കുലുക്കി. ഫ്രാറ്റെസി നൽകിയ ത്രൂ ബോളിലായിരുന്നു ഇന്റർ ക്യാപ്റ്റൻ ലക്ഷ്യം കണ്ടത്. ഇതോടെ ഇന്റർ ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വന്നു. ഏതു നിമിഷവും അവർ വിജയ ഗോൾ നേടിയേക്കുമെന്ന പ്രതീതി വന്നു. സോസിഡാഡ് ആവട്ടെ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. അവസാന നിമിഷങ്ങളിൽ സോസിഡാഡ് പ്രതിരോധം ഉറച്ചു നിന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

രക്ഷിക്കാൻ ജൂഡ് ഉണ്ട്!! ഇഞ്ച്വറി ടൈം ഗോളിൽ റയൽ മാഡ്രിഡ് ജയിച്ചു

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡ് യൂണിയൻ ബെർലിനോട് അവസാന നിമിഷ ഗോളിൽ വിജയിച്ചു. 95ആം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോളിലാണ് റയൽ മാഡ്രിഡ് ഇന്ന് വിജയിച്ചത്.

ഇന്ന് റയലിന്റെ ഹോം ഗ്രൗണ്ടിൽ തുടക്കം മുതൽ റയൽ മാഡ്രിഡിന്റെ ആധിപത്യം ആയിരുന്നു കാണാൻ ആയത്. ഒന്നിനു പിറകെ ഒന്നായി അവർ അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഒരു അവസരവും ലക്ഷ്യത്തിൽ എത്തിക്കാൻ റയലിന് ആയില്ല. ഒരു നല്ല സ്ട്രൈക്കറെ ടീമിൽ എത്തിക്കാത്തതിന്റെ പ്രശ്നങ്ങൾ റയലിന്റെ മുന്നേറ്റ നിരയിൽ കണ്ടു. റോഡ്രിഗോയുടെ ഉൾപ്പെടെ റയലിന്റെ രണ്ട് ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി.

ജൂഡ് ബെല്ലിങ്ഹാമിന്റെ ഷോട്ടുകളും ലക്ഷ്യത്തിൽ എത്തിയില്ല. ലക്ഷ്യത്തിലേക്ക് പോയ ഷോട്ടുകൾ യൂണിയൻ ബെർലിൻ കീപ്പർ റോണോയുടെ കയ്യിൽ ഭദ്രവുമായിരുന്നു. 29 ഷോട്ടുകളോളം തൊടുത്തിട്ടും റയൽ ഗോൾ നേടാതെ കഷ്ടപ്പെട്ടു. അവസാനം ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്ന് ജൂഡ് റയലിന്റെ വിജയ ഗോൾ നേടി. ആറു മത്സരങ്ങളിൽ നിന്ന് ജൂഡിന്റെ അറാം ഗോളായി ഇത്.

ഗോളടിച്ചു കൂട്ടി മുന്നേറ്റം; ചാമ്പ്യൻസ് ലീഗിലും ഫോം തുടർന്ന് ബാഴ്‌സലോണ

ചാമ്പ്യൻസ് ലീഗ് സീസണിന് തകർപ്പൻ തുടക്കം കുറിച്ച് എഫ്സി ബാഴ്‌സലോണ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബെൽജിയൻ ചാമ്പ്യന്മാരായ റോയൽ ആന്റ്വെർപ്പിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ബാഴ്‌സ ഗംഭീര ജയം കരസ്ഥമാക്കിയത്. ജാവോ ഫെലിക്‌സ് ഇരട്ട ഗോളുകളുമായി ബാഴ്‌സ ജേഴ്സിയിലെ മികച്ച പ്രകടനം തുടർന്നപ്പോൾ, ലെവെന്റോവ്സ്കി, റാഫിഞ്ഞ, ഗവി എന്നിവർ മറ്റു ഗോളുകൾ കണ്ടെത്തി. ലാ ലീഗയിൽ കഴിഞ്ഞ മത്സരത്തിൽ ബെറ്റിസിനേയും കീഴടക്കിയ ബാഴ്‌സ, തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അഞ്ച് ഗോൾ ജയം നേടുന്നത്.

സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സാവി ശക്തമായ ഇലവനെ തന്നെ അണിനിരത്തി. റോമേയു ബെഞ്ചിലേക്ക് മടങ്ങിയപ്പോൾ റാഫിഞ്ഞയും ഗുണ്ടോഗനും ആദ്യ ഇലവനിൽ എത്തി. ഫെലിക്സും ജാവോ കാൻസലോയും സ്ഥാനം നിലനിർത്തി. ആദ്യ നിമിഷങ്ങളിൽ ബാഴ്‌സക്ക് ഒത്ത പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷ ആന്റ്വെർപ്പ് നൽകിയെങ്കിലും ആതിഥേയർ പതിയെ മത്സരം നിയന്ത്രണത്തിൽ ആക്കി. പത്താം മിനിറ്റിൽ പാസുകൾ കോർത്തെടുത്തൊരു മികച്ച നീക്കത്തിനൊടുവിൽ ജാവോ ഫെലിക്‌സിലൂടെ ബാഴ്‌സ ലീഡ് എടുത്തു. പത്തൊൻപതാം മിനിറ്റിൽ ബോസ്‌കിനുള്ളിൽ നിന്നും ഫെലിക്‌സ് നൽകിയ ക്രോസിൽ ലെവെന്റോവ്സ്കി അനായാസം ലക്ഷ്യം കണ്ടു. മൂന്ന് മിനിറ്റിനു ശേഷം റാഫിഞ്ഞ മൂന്നാം ഗോളും കണ്ടെത്തി. ക്രോസ് നൽകാനുള്ള താരത്തിന്റെ ശ്രമം എതിർ താരത്തിൽ തട്ടി കീപ്പർക്ക് അവസരം നൽകാതെ വലയിൽ പതിക്കുകയായിരുന്നു. ഇതോടെ ആന്റ്വെർപ്പ് കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. മത്സരം നാൽപത് മിനിറ്റ് പിന്നിട്ടപ്പോൾ ആണ് അവർ ആദ്യമായി ലക്ഷ്യത്തിന് നേരെ ഷോട്ട് ഉതിർക്കുന്നത്. മയ തൊടുത്ത ദുർബലമായ ഷോട്ട് പക്ഷെ ടെർ സ്റ്റഗൻ അനായാസം കൈക്കലാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗുണ്ടോഗന് ലഭിച്ച അവസരം മുതലെടുക്കാനായില്ല. എന്നാൽ 53ആം മിനിറ്റിൽ ഗവി ലക്ഷ്യം കണ്ടു. ഇതോടെ യുവതാരം ഫെർമിൻ ലോപസിനേയും റോമേയുവിനെയും സാവി കളത്തിൽ ഇറക്കി. കാൻസലോയുടെ ശ്രമം കീപ്പർ കൈക്കലാക്കി. 66ആം മിനിറ്റിൽ റാഫിഞ്ഞയുടെ ക്രോസിൽ നിന്നും ഹെഡർ ഉതിർത്ത് ഫെലിക്സ് തന്റെ രണ്ടാം ഗോൾ കണ്ടെത്തി. പിറകെ ലമീൻ യമാൽ കളത്തിൽ എത്തി. ഇതോടെ ചാമ്പ്യൻസ് ലീഗ് ചരിത്രതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായും ലമീൻ മാറി. പലതവണ ഗോളിന് അടുത്തെത്തിയ താരത്തിന് പക്ഷെ വല കുലുക്കാൻ മാത്രം സാധിച്ചില്ല. ഇടക്ക് സന്ദർശകർ നടത്തിയ നീക്കങ്ങൾ കുണ്ടേയും റ്റെർ സ്റ്റഗനും തടഞ്ഞു. അവസാന നിമിഷങ്ങളിൽ പല തവണ എതിർ ബോക്സിലേക്ക് എത്താൻ ആന്റ്വെർപ്പിന് സാധിച്ചെങ്കിലും ഗോൾ മടക്കാൻ ആയില്ല.

ചാമ്പ്യൻസ് ലീഗ്, എ സി മിലാനെ ഇറ്റലിയിൽ ചെന്ന് സമനിലയിൽ പിടിച്ച് ന്യൂകാസിൽ

ഇറ്റലിയ ചെന്ന് എ സി മിലാനെ സമൻലയിൽ തളച്ച് ന്യൂകാസിൽ യുണൈറ്റഡ്. ഇന്ന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ ആണ് ന്യൂകാസിൽ യുണൈറ്റഡ് എ സി മിലാനെ തളച്ചത്‌.

സാൻസിരോയിൽ ഇന്ന് എ സി മിലാന്റെ ആധിപത്യം ആണ് കണ്ടത് എങ്കിലും ന്യൂകാസിലിന്റെ ഡിഫൻസ് ഭേദിക്കാൻ അവർക്ക് ആയില്ല. നിരവധി അവസരങ്ങൾ മിലാൻ സൃഷ്ടിച്ചു എങ്കിലും മികച്ച ബ്ലോക്കുകളും നിക് പോപിന്റെ നല്ല സേവും കളി ഗോൾ രഹിതമായി നിർത്തി. റാഫേൽ ലിയാവോ ആയിരുന്നു ന്യൂകാസിൽ ഡിഫൻസിന് ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കിയത് പക്ഷെ ലിയാവോക്കും ഗോൾ വല കുലുക്കാൻ ആയില്ല.

മിലാൻ ഗ്രൗണ്ടിൽ തിരികെയെത്തിയ ടൊണാലി ന്യൂകാസിലിന്റെ മധ്യനിരയിൽ ഇന്ന് നല്ല പ്രകടനം കാഴ്ചവെച്ചു. ഡിഫൻസിൽ ഊന്നി കളിച്ചതു കൊണ്ട് തന്നെ ന്യൂകാസിലിന് ടാർഗറ്റിലേക്ക് ഒരു ഷോട്ട് തൊടുക്കാൻ അവസാന നിമിഷം വരെ കാത്തു നിൽക്കേണ്ടി വന്നു.

ചരിത്രം പിറന്നു!! മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ജേതാക്കൾ!! ഒപ്പം ട്രെബിളിന്റെ ആനന്ദവും!!

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി. ഇന്ന് ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. ഈ വിജയത്തോടെ ട്രെബിൾ കിരീടം നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ടീമായും മാഞ്ചസ്റ്റർ സിറ്റി മാറി. നേരത്തെ അവർ പ്രീമിയർ ലീഗ് കിരീടവും എഫ് എ കപ്പും നേടിയിരുന്നു.

ഇന്ന് ഇസ്താംബുളിൽ മാഞ്ചസ്റ്റർ സിറ്റി അത്ര നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. സിമോൺ ഇൻസാഗിയുടെ ഇന്റർ മിലാൻ കൃത്യമായ ടാക്ടിസുകളുമായി നല്ല രീതിയിൽ കളി തുടങ്ങി. തുടക്കം മുതൽ സിറ്റിയെ പ്രസ് ചെയ്ത് സ്പേസ് നൽകാതെ തടയാൻ ഇന്റർ മിലാനായി. 26ആം മിനുട്ടിലാണ് സിറ്റിയുടെ ആദ്യ നല്ല അവസരം വന്നത്.

ഹാളണ്ടിന്റെ ഒരു ഇടംകാലൻ സ്ട്രൈക്ക് ലക്ഷെ ഇന്റർ ഗോൾ കീപ്പർ ഒനാന സമർത്ഥമായി തടഞ്ഞു. മത്സരത്തിന്റെ 35ആം മിനുട്ടിൽ പരിക്ക് കാരണം കെവിൻ ഡി ബ്രുയിനെ കളം വിട്ടത് മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ തിരിച്ചടിയായി. യുവതാരം ഫിൽ ഫോഡനാണ് പകരം കളത്തിൽ എത്തിയത്.

രണ്ടാം പകുതിയിലും കളി സമാന രീതിയിൽ തുടർന്നു. 58ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിന് ഒരു സുവർണ്ണാവസരം വീണുകിട്ടി. പക്ഷെ എഡേഴ്സണെ മറികടന്ന ഇറ്റാലിയൻ ടീമിന് ലീഡ് നൽകാൻ അർജന്റീനൻ താരത്തിനായില്ല.

68ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി അവർ ആഗ്രഹിച്ച ഗോൾ കണ്ടെത്തി. ആരും പ്രതീക്ഷിക്കാത്ത റോഡ്രിയുടെ ബൂട്ടിൽ നിന്നായിരുന്നു ആ ഫിനിഷ്. ഒനാനയ്ക്ക് നോക്കി നിൽക്കാനെ ആയുള്ളൂ. സ്കോർ 1-0. ഇതിനു ശേഷം ഇന്റർ മിലാനായുള്ള ഡിമാർകയുടെ ഒരു ഹെഡർ പോസ്റ്റിൽ മടങ്ങി. മറുവശത്ത് ഫോഡന്റെ ഷോട്ട് ഒനാന സേവ് ചെയ്യുകയും ചെയ്തു.

88ആം മിനുട്ടിൽ ലുകാകുവിന്റെ ഒരു ഹെഡർ എഡേഴ്സൺ തടഞ്ഞു. എഡേഴ്സന്റെ സേവിനേക്കാൾ അത് ഒരു ലുകാലു മിസ് എന്ന് പറയേണ്ടി വരും. പന്ത് കൈവശം വെച്ച് സമ്മർദ്ദങ്ങൾ അതിജീവിച്ച് മാഞ്ചസ്റ്റർ സിറ്റി അവസാനം ഫൈനൽ വിസിൽ വരെ ലീഡ് നിലനിർത്തി. അങ്ങനെ അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടവും അവർ ഉയർത്തി.

ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം നിന്ന് ഇന്റർ മിലാൻ, ഡി ബ്രുയിനെ പരിക്കേറ്റ് പുറത്ത്

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. ഇരു ടീമുൾക്കും വ്യക്തമായ ആധിപത്യം ആദ്യ പകുതിയിൽ നേടാൻ ആയില്ല. പന്ത് കൂടുതൽ സമയം കൈവശം വെച്ച് സിറ്റിക്ക് അവരുടെ താളം കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല.

ഇന്ന് ഇസ്താംബുളിൽ മാഞ്ചസ്റ്റർ സിറ്റി അത്ര നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. സിമോൺ ഇൻസാഗിയുടെ ഇന്റർ മിലാൻ കൃത്യമായ ടാക്ടിസുകളുമായി നല്ല രീതിയിൽ കളി തുടങ്ങി. തുടക്കം മുതൽ സിറ്റിയെ പ്രസ് ചെയ്ത് സ്പേസ് നൽകാതെ തടയാൻ ഇന്റർ മിലാനായി. 26ആം മിനുട്ടിലാണ് സിറ്റിയുടെ ആദ്യ നല്ല അവസരം വന്നത്.

ഹാളണ്ടിന്റെ ഒരു ഇടംകാലൻ സ്ട്രൈക്ക് ലക്ഷെ ഇന്റർ ഗോൾ കീപ്പർ ഒനാന സമർത്ഥമായി തടഞ്ഞു. മത്സരത്തിന്റെ 35ആം മിനുട്ടിൽ പരിക്ക് കാരണം കെവിൻ ഡി ബ്രുയിനെ കളം വിട്ടത് മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ തിരിച്ചടിയായി. യുവതാരം ഫിൽ ഫോഡനാണ് പകരം കളത്തിൽ എത്തിയത്.

ട്രെബിൾ മോഹങ്ങളിൽ സിറ്റി, പതിമൂന്ന് വർഷത്തിന് ശേഷം ഇന്റർ; ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തീ പാറും

ചരിത്രമുറങ്ങുന്ന ഇസ്‌താംബൂളിന്റെ മണ്ണിൽ പുതു ചരിത്രം കുറിക്കാൻ മാഞ്ചസ്റ്റർ സിറ്റി കച്ചകെട്ടി ഇറങ്ങുമ്പോൾ, ഒരു ദശകത്തിൽ അധികം മുൻപ് നേടിയ ചാമ്പ്യൻസ് ലീഗ് കിരീടത്തിന്റെ ഓർമകളിൽ മറ്റൊരു യൂറോപ്യൻ കിരീടം മോഹിച്ച് ഇന്റർ മിലാനും എത്തുന്നു. പെപ്പ് ഗ്വാർഡിയോളക്ക് കീഴിൽ അപാരമായ ഫോമിൽ കളിക്കുമ്പോഴും തുടർച്ചയായി കാലിടറുന്ന ചാമ്പ്യൻസ് ലീഗിന്റെ തട്ടകത്തിൽ ഒരിക്കൽ കൂടി സിറ്റിയുടെ കിരീട മോഹങ്ങൾ ഒരു കയ്യകലെ എത്തി നിൽക്കുകയാണ്. പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് സാക്ഷാൽ ജോസ് മൗറീഞ്ഞോക്ക് കീഴിൽ യൂറോപ്പിന്റെ ജേതാക്കൾ ആയ ശേഷം യുറോപ്യൻ പെരുമ തന്നെ നഷ്ടമായ ഇന്റർ, തങ്ങളുടെ തിരിച്ചു വരവിന്റെ കേളികൊട്ടായി ഫൈനലിനെ കാണുമ്പോൾ ഇസ്‌താംബൂളിൽ തീപാറും എന്നുറപ്പ്. കരുത്തരുടെ പോരാട്ടത്തോടെ ലോകകപ്പ് വരെ ഉൾപ്പട്ട വളരെ നീണ്ടൊരു സീസണിന് നാളെ തിരശീല വീഴും. ഇന്ത്യൻ സമയം ഞായറാഴ്ച്ച പുലർച്ചെ 12.30നാണ് മത്സരത്തിന് വിസിൽ മുഴങ്ങുക.

സീസണിൽ ഐതിഹാസികമായ ട്രെബിൾ നേട്ടത്തിന് തൊട്ടരികിൽ ആണ് സിറ്റി. പ്രീമിയർ ലീഗ് നേട്ടത്തിന് പിറകെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എഫ്എ കപ്പിൽ കൂടി വീഴ്ത്തിയതോടെ സർ അലക്‌സ് ഫെർഗൂസണിന്റെ യുണൈറ്റഡിന് ശേഷം ട്രെബിൾ നേട്ടം സ്വന്തമാക്കുന്ന ഇംഗ്ലീഷ് ടീമായി മാറാനുള്ള ഒരുക്കത്തിലാണ് അവർ. ചരിത്ര നിമിഷത്തിന് തൊട്ടരികെ നിൽക്കുമ്പോഴും മുൻപ് ഫൈനൽ വരെ എത്തി പരാജയം രുചിച്ച ഓർമകളും പെപ്പ് ഓർക്കുന്നുണ്ടാവും. ഓരോ ഡിപ്പാർട്മെന്റും ഫോമിൽ ആണെന്നതാണ് സിറ്റിയുടെ ഏറ്റവും വലിയ ആത്മവിശ്വാസം. ഗോൾ കണ്ടെത്തുന്നത് ഒരിക്കലും ഹാലണ്ടിലേക്ക് മാത്രം ചുരുക്കാത്ത ടീമിന്റെ തന്ത്രങ്ങൾ ഏത് വലിയ എതിരാളിക്കും പേടി സ്വപ്നമായി അവരെ മാറ്റുന്നുണ്ട്. ഗുണ്ടോഗൻ, ഡി ബ്രുയിൻ, ബെർണഡോ സിൽവ തുടങ്ങി ബോക്സിന് പരിസരത്തു നിന്നും ആരും വലകുലുക്കാം. അതേ സമയം അത്ര തന്നെ കരുത്തുറ്റതാണ് ഇന്റർ മിലാൻ പ്രതിരോധവും. പോസ്റ്റിന് കീഴിൽ ഓനാന മുതൽ ആരംഭിക്കുന്ന പിൻനിരയിൽ ഡി വ്രിയ്, ബസ്ത്തോണി, സക്രിനിയർ, ഡാർമിയൻ, ആസെർബി തുടങ്ങിയ കരുത്തരിൽ മൂന്ന് പേർ അണിനിരക്കും. ഇതിൽ ബസ്ത്തോണിക്ക് സ്ഥാനം ഉറപ്പാണ്. ഹാലണ്ട് അടങ്ങുന്ന സിറ്റി മുന്നേറ്റത്തിന് കൃത്യമായ പദ്ധതികളിലൂടെ തടയിടാൻ സിമിയോണിക്ക് ഇവരിലൂടെ സാധിച്ചേക്കും. ഏത് ഉരുക്കു കോട്ടയും തകർക്കുന്ന സിറ്റിക്ക് കടുത്ത പരീക്ഷണം തന്നെ ആവും ഇസ്‌താംബൂളിൽ.

പെപ്പിന്റെ പുതിയ സിസ്റ്റത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ ഉണ്ടായത് പ്രതിരോധത്തിൽ ആണ്. 3 സെൻട്രൽ ഡിഫെന്റെഴ്സിനൊപ്പം മുന്നിൽ സ്റ്റോൺസും റോഡ്രിയും ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സഹായിക്കും. റൂബൻ ഡിയാസ്, അകാഞ്ചി, നാഥൻ ആകെ എന്നിവർ ഏത് കൗണ്ടർ അറ്റാക്കും തടയിടാൻ പ്രാപ്തരാണ്. ഇവിടെയാണ് ഇന്റർ മിലാന്റെ മത്സര തന്ത്രങ്ങൾ ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെടുക. സിറ്റിക്കെതിരെ ഗോൾ നേടി പ്രതിരോധത്തിലേക്ക് വലിയാനാണ് സിമിയോണിയുടെ പദ്ധതിയെങ്കിൽ ലൗട്ടാരോ മർട്ടിനസും എഡിൻ സെക്കോയും ഇംഗ്ലീഷ് ടീമിന്റെ പ്രതിരോധം പിളർത്തിയെ തീരൂ. മധ്യനിരയിൽ നിന്നും ബരെല്ല, ചൽഹനോഗ്ലു എന്നിവരും ടീമിന് വേണ്ടി ചരട് വലികളുമായി ഉണ്ടാവും. പകരക്കാരനായി എത്തുന്ന ലുക്കാകുവിലും ടീമിന് പ്രതീക്ഷകൾ ഏറെയാണ്. നിർണായക മത്സരത്തിൽ ലുക്കാകുവിനെ സിമിയോണി ആദ്യ ഇലവനിലേക്ക് തന്നെ കൊണ്ട് വരുമോ എന്നതും കണ്ടറിയേണ്ടതാണ്. സിറ്റിയുടെ തുടർച്ചയായ സമ്മർദ്ദത്തെ അതിജീവിക്കാൻ അനുഭവസമ്പന്നനായ ബ്രോൺസോവിച്ചിന്റെ സഹായവും ഇന്റർ തേടും.

സ്ഥിരതയാണ് ഇരു ടീമിനെയും സീസണിൽ വേർതിരിക്കുന്ന പ്രധാന ഘടകം. ലോകകപ്പ് ഇടവേളക്ക് ശേഷം സിറ്റിയുടെ കുതിപ്പ് ഫുൾ ഗിയറിലാണ്. കിരീട നേട്ടമടക്കം ഉണ്ടെങ്കിലും സീസണിൽ സ്ഥിരതയില്ലായിമായുടെ പര്യായമാണ് ഇന്റർ മിലാൻ. കരുത്തരുടെ നിരക്ക് പല നിർണായക മത്സരങ്ങളിലും കാലിടറി. എന്നാൽ ചാമ്പ്യൻസ് ലീഗിൽ എട്ട് ക്ലീൻ ഷീറ്റ് അടക്കം മികച്ച പ്രകടനമാണ് അവർ നടത്തിയത്. ഇത് തന്നെയാണ് അവർക്ക് കരുത്തേകുന്നതും. സിറ്റി ആവട്ടെ ഇപ്പോഴില്ലെങ്കിൽ പിന്നെ ഒരിക്കലും ഇല്ലെന്ന രീതിയിലാണ് ഇത്തവണ ചാമ്പ്യൻസ് ലീഗിനെ സമീപിക്കുന്നത്. ബയേൺ, മാഡ്രിഡ് തുടങ്ങി യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളെ വീഴ്ത്തി അവർ വരവരിയിച്ചു കഴിഞ്ഞു. പെപ്പ് ഗ്വാർഡിയോളയും വലിയൊരു ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ഉള്ള ഒരുക്കത്തിൽ ആവും.

ഓൾഡ്ട്രാഫോർഡിൽ ചെൽസി വധം!! മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു!!

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. ഇന്ന് ചെൽസിയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സമനില മതിയായിരുന്നു ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ചെൽസിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു കൊണ്ട് തന്നെ ടോപ് 4 ഉറപ്പിച്ചു. ഈ വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും യുണൈറ്റഡിനായി.

ഇന്ന് ആദ്യ പകുതിയിൽ ആറാ മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. എറിക്സന്റെ ഒരു ഫ്രീകിക്കിൽ നിന്ന് ഹെഡറിലൂടെ കസെമിറോ ആണ് യുണൈറ്റഡഡിന് ലീഡ് നൽകിയത്. ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ര നല്ല ഫുട്ബോൾ അല്ല ആദ്യ പകുതിയിൽ കളിച്ചത്. ചെൽസി നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ അവസരങ്ങൾ ഒന്നും ചെൽസി മുതലെടുത്തില്ല.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാർഷ്യലിലൂടെ ലീഡ് ഇരട്ടിയാക്കി. കസെമിറോയുടെ മനോഹരമായ പാസിൽ ആരംഭിച്ച ആക്രമണം സാഞ്ചോയിലൂടെ മാർഷ്യലിൽ എത്തുകയും ഗോളായി മാറുകയുമായിരുന്നു.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ മൂന്നാം ഗോൾ വരാൻ സമയമെടുത്തു. അവസാനം 72ആം മിനുട്ടിൽ ബ്രൂണോ ഒരു പെനാൾട്ടി വിജയിക്കുകയും അത് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. സ്കോർ 3-0. 78ആം മിനുട്ടിൽ ഒരു ചെൽസി പിഴവിൽ നിന്ന് യുണൈറ്റഡിന്റെ നാലാം ഗോൾ വന്നു. ബ്രൂണോയുടെ പാസിൽ നിന്ന് മാർക്കസ് റാഷ്ഫോർഡിന്റെ ഫിനിഷ്. സ്കോർ 4-0. റാഷ്ഫോർഡിന്റെ ഈ സീസണിലെ മുപ്പതാം ഗോളായിരുന്നു ഇത്. ഇതോടെ യുണൈറ്റഡിന്റെ വിജയം പൂർത്തിയായി. ചെൽസിക്കായി അവസാനം ജാവോ ഫെലിക്സ് ആണ് ആശ്വാസ ഗോൾ നേടിയത്.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 37 മത്സരങ്ങളിൽ നിന്ന് 72 പോയിന്റിൽ എത്തി. ന്യൂകാസിലിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഇതോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്തു. ചെൽസിക്ക് ഈ പരാജയത്തോടെ 43 പോയിന്റുമായി 12ആം സ്ഥാനത്താണ്. ചെൽസിയുടെ ഈ പ്രീമിയർ ലീഗ് സീസണിലെ 16ആം പരാജയമാണിത്.

ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറി തന്നെ ചാമ്പ്യൻസ് ലീഗ് ഫൈനലും നിയന്ത്രിക്കും

2022 ഡിസംബറിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച സിമോൺ മാർസിനിയാക് ചാമ്പ്യൻസ് ലീഗ് ഫൈനലും നിയന്ത്രിക്കും. ജൂൺ 10 ന് ഇസ്താംബൂളിൽ നടക്കുന്ന ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും ആണ് ഏറ്റുമുട്ടുന്നത്. പോളിഷ് റഫറിയാൺ സിമോൺ മാർസിനിയാക്.

നോക്കൗട്ട് ഘട്ടങ്ങളിൽ ഇന്റർ മിലാന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മത്സരങ്ങൾ മാർസിനിയാക് നിയന്ത്രിച്ചിട്ടുണ്ട്. സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ മാഞ്ചസ്റ്റർ സിറ്റി 4-0ന് തോൽപ്പിച്ചപ്പോൾ അദ്ദേഹമായിരുന്നു റഫറി. റൗണ്ട് ഓഫ് 16ൽ പോർട്ടോയും ഇന്റർ മിലാനും തമ്മിലുള്ള ഗോൾരഹിത സമനിലയും മാർസിനിയാക് നിയന്ത്രിച്ചിട്ടുണ്ട്.

2023 UEFA Champions League final refereeing team

Referee: Szymon Marciniak (POL)
Assistants: Paweł Sokolnicki and Tomasz Listkiewicz (both POL)
Fourth official: Istvan Kovacs (ROM)
Reserve assistant: Vasile Florin Marinescu (ROM)
VAR: Tomasz Kwiatkowski (POL)
Assistant VAR: Bartosz Frankowski (POL)
VAR Support: Marco Fritz (GER)

റയൽ മാഡ്രിഡ് പോലും വിറച്ചു പോയി, മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ!! റയൽ മാഡ്രിഡിനെ കൊണ്ടുപോലും തളക്കാൻ പറ്റുന്ന ടീമല്ല ഇപ്പോഴത്തെ മാഞ്ചസ്റ്റർ സിറ്റി എന്ന് തെളിയിച്ച ഒരു പ്രകടനമാണ് ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ടത്. റയൽ മാഡ്രിഡിനെ ഇന്ന് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. അഗ്രിഗേറ്റ് സ്കോറിൽ 5-1ന് വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി ഇസ്താംബുളിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി. സിറ്റിയുടെ രണ്ടാം ഫൈനലാണിത്. ഇന്റർ മിലാൻ ആകും ഇത്തവണ ഫൈനലിൽ അവരുടെ എതിരാളികൾ.

റയൽ മാഡ്രിഡിനെതിരെ തീർത്തും ഏകപക്ഷീയമായ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് നടത്തിയത്. ആദ്യ പകുതിയിൽ പന്ത് കാര്യമായി തൊടാൻ പോലും റയൽ മാഡ്രിഡിന് കിട്ടിയില്ല. അങ്ങനെ ആർക്കേലും റയൽ മാഡ്രിഡ് നിരയിൽ നിന്ന് തൊടാൻ കിട്ടിയെങ്കിൽ അത് ഗോൾ കീപ്പർ കോർതോക്ക് ആയിരുന്നു. ഹാളണ്ടിന്റെ എണ്ണം പറഞ്ഞ രണ്ട് ഹെഡറുകൾ തുടക്കത്തിൽ തന്നെ കോർതോക്ക് തടഞ്ഞിടേണ്ടി വന്നു.

23ആം മിനുട്ടിൽ ബെർണാഡോ സിൽവ റയൽ ഡിഫൻസ് തകർത്ത് കളിയിലെ ആദ്യ ഗോൾ നേടി. ഡി ബ്രുയിനെയുടെ പാസ് സ്വീകരിച്ച് ഒരു ഇടം കാലൻ ഫിനിഷിലൂടെ പോർച്ചുഗീസ് താരം സിറ്റിക്ക് ലീഡ് നൽകി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരിക്കൽ കൂടെ ബെർണാഡോ സിൽവ ഗോൾ നേടി. ഇത്തവണ ഒരു റീബൗണ്ടിൽ നിന്ന് ഹെഡറിലൂടെ ആയിരിന്നു ബെർണാഡോ സിൽവയുടെ ഗോൾ. സ്കോർ 2-0. അഗ്രിഗേറ്റ് സ്കോർ 3-1.

രണ്ടാം പകുതിയിൽ റയൽ കളിയിലേക്ക് തിരികെവരാൻ ശ്രമിച്ചു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ അവർ പ്രയാസപ്പെട്ടു. 73ആം മിനുട്ടിൽ ഹാളണ്ടിന്റെ ഒരു ഷോട്ട് കോർതോയും പോസ്റ്റും കൂടെ ചേർന്ന് തടഞ്ഞത് കൊണ്ട് കളി 2-0 ആയി തുടർന്നു. എന്നാൽ അധികം നീണ്ടി നിന്നില്ലം 76ആം മിനുട്ടിൽ ഒരു ഫ്രീകിക്ക് നിന്ന് പിറന്ന ഒരു സെൽഫ് ഗോൾ സിറ്റിയെ 3 ഗോൾ മുന്നിൽ എത്തിച്ചു. അവസാനം ഇഞ്ച്വറി ടൈമിൽ സബ്ബായി എത്തിയ ഹൂലിയൻ ആൽവാരസ് കൂടെ ഗോൾ നേടിയതോടെ റയൽ വിജയം പൂർത്തിയായി. 4-0ന്റെ ജയം. 5-1ന്റെ അഗ്രിഗേറ്റ് വിജയം

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി അവരുടെ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് അടുത്തു. ചരിത്രത്തിൽ ഇതുവരെ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ ആയിട്ടില്ല. ചാമ്പ്യൻസ് ലീഗ് മാത്രമല്ല ട്രെബിൾ കിരീട നേട്ടവും സിറ്റിയുടെ മനസ്സിൽ ഉണ്ട്. ചാമ്പ്യൻസ് ലീഗിനൊപ്പം എഫ് എ കപ്പ് ഫൈനലിലും എത്തിയിട്ടുള്ള സിറ്റി പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കുന്നതിനും അടുത്താണ്.

കയ്യകലെ ഇസ്താംബൂൾ: ഇത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും ഇറങ്ങുന്നു

ആദ്യ പാദത്തിൽ തുല്യ ശക്തികളുടെ പോരാട്ടമായി മാറിയ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിന് ഇത്തിഹാദിൽ കളമൊരുങ്ങുമ്പോൾ ഫൈനൽ സ്വപ്നങ്ങളുമായി മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും. വിനിഷ്യസിന്റെയും ഡി ബ്രുയിന്റെയും കലക്കൻ ഗോളുകളിൽ ഫുട്ബോൾ ആരാധകർക്ക് വിരുന്നായി മാറിയ ബെർണബ്യുവിലെ പോരാട്ടത്തിന് ശേഷം കളി ഇംഗ്ലണ്ടിൽ എത്തുമ്പോൾ പിന്തുണയുമായി എത്തുന്ന പതിനായിരങ്ങൾ സിറ്റിക്ക് കരുത്തു പകരും. നിലവിലെ ചാമ്പ്യന്മാരായ റയൽ ആവട്ടെ പ്രീമിയർ ലീഗ് വമ്പന്മാരെ തെല്ലും കൂസാതെ കഴിഞ്ഞ തവണ അവർക്കെതിരെ സ്വാപ്നതുല്യമായ തിരിച്ചു വരവ് നേടിയ ഊർജത്തിലും കളത്തിൽ ഉണ്ടാവും. വ്യാഴാഴ്ച പുലർച്ചെ 12.30നാണ് മത്സരത്തിന് വിസിൽ മുഴങ്ങുക.

മത്സരം ഇത്തിഹാദിൽ ആണെന്നതാണ് പെപ്പിന് നൽകുന്ന ഏറ്റവും വലിയ ആശ്വാസം. കഴിഞ്ഞ തവണ സിറ്റിക്കെതിരെ ഐതിഹാസികമായ തിരിച്ചു വരവ് അടക്കം റയലിന്റെ അടുത്ത കാലത്തെ നോക്ഔട്ടിലെ മിന്നുന്ന പ്രകടനങ്ങൾ എല്ലാം ബെർണബ്യുവിലെ ആരാധകർക്ക് മുന്നിൽ ആയിരുന്നു. എന്നാൽ തിരിച്ചു വരാനും മത്സരം ജയിക്കാനും ഉള്ള റയലിന്റെ മനസാന്നിധ്യവും ഇച്ഛാശക്തിയും ഒരിക്കലും തള്ളിക്കളയാനും ആവില്ല. പതിവ് പോലെ വിനിഷ്യസും ബെൻസിമയും തന്നെ മുന്നേറ്റം നയിക്കും. ലീഗ് മത്സരങ്ങൾക്ക് ശേഷം സിറ്റിയേക്കാൾ ഒരു ദിനം അധികം വിശ്രമത്തിന് ലഭിച്ചത് ആൻസലോട്ടിക്കും സംഘത്തിനും നേട്ടമാണ്. ഹാലണ്ടിനെ പിടിച്ചു കെട്ടുകയെന്ന ധർമം മികച്ച രീതിയിൽ നിർവഹിച്ച റുഡിഗർ ഒരിക്കൽ കൂടി ഇതേ റോളിൽ കളത്തിൽ എത്തും. പരിക്കേറ്റിരുന്നെങ്കിലും കമാവിംഗ കളത്തിൽ എത്താൻ സജ്ജനാണ് എന്നാണ് സൂചനകൾ. വിനിഷ്യസിന്റെ ഗോളിൽ നിർണായക നീക്കം നടത്തിയത്‌ ഫ്രഞ്ച് താരമായിരുന്നു. എതിർ തട്ടകത്തിൽ ആൻസലോട്ടി എന്ത് തന്ത്രം പ്രയോഗിക്കും എന്നതും കണ്ടറിയേണ്ടതാണ്. കഴിഞ്ഞ തവണ മൂന്ന് ഗോളുകൾ നേടിയിട്ടും ഇത്തിഹാദിൽ റയൽ തോൽവി നേരിട്ടിരുന്നു. മോഡ്രിച്ചും ക്രൂസും കമാവിംഗയും സേബയ്യോസും വാൽവെർടേയും ചേരുമ്പോൾ കളം നിറഞ്ഞു കളിക്കാനുള്ള മാഡ്രിഡിന്റെ മധ്യനിര പൂർണ്ണമാവും. എഡർ മിലിറ്റാവോ തിരിച്ചെത്തുമ്പോൾ അലാബ ആയിരിക്കും ബെഞ്ചിലേക്ക് മടങ്ങുക. നിർണയ മത്സരങ്ങളിൽ ഫോമിലേക്ക് ഉയരുന്ന കർവഹാളിലും ടീമിന് പ്രതീക്ഷ ഏറെയാണ്.

മത്സരഗതിക്ക് എതിരെയായിരുന്നു ആദ്യപാദത്തിൽ രണ്ടു ഗോളുകളും പിറന്നത്. തുടക്കം മുതൽ മുൻകൈ നേടിയ സിറ്റിയെ മറികടന്ന് വിനിഷ്യസ് വല കുലുക്കി. ഇതോടെ കൊടുത്തൽ ഊർജത്തോടെ കളിച്ച റയലിനെ ഞെട്ടിച്ചു കൊണ്ട് ഡി ബ്രുയിനിലൂടെ സിറ്റിയും തിരിച്ചടിച്ചു. ഗോൾ നേടാനുള്ള ഇരു ടീമുകളുടേയും വൈദഗ്ദ്ധ്യം ആണ് രണ്ടാം പാദത്തെ കൂടുതൽ പ്രവചനാതീതം ആക്കുന്നതും. എവർടനെതിരായ മത്സരത്തിൽ ഡി ബ്രൂയിന് സമ്പൂർണ വിശ്രമം അനുവദിച്ച പെപ്പ്, ഗ്രീലിഷ്, സ്റ്റോണ്സ്, ബെർണഡോ സിൽവ എന്നിവരെയും ബെഞ്ചിൽ ഇരുത്തിയാണ് മത്സരം ആരംഭിച്ചത്. സീസണിലെ തന്റെ മൂന്ന് സെന്റർ ബാക്ക് തന്ത്രം റയലിനെതിരെ പുറത്തെടുക്കാതിരുന്ന ഗ്വാർഡിയോള വിനിഷ്യസിനെ കരുതി ഇതിഹാദിലും അത് പുറത്തെടുക്കാൻ സാധ്യത ഇല്ല. കെയ്ൽ വാക്കർ തന്നെ ഒരിക്കൽ കൂടി റൈറ്റ് ബാക്ക് സ്ഥാനത്ത് എത്തും. പരിക്കേറ്റ നാഥാൻ ആകെ ഈ മത്സരത്തിലും ടീമിൽ ഉണ്ടാവില്ല. ബെർണബ്യുവിൽ ഒറ്റ സബ്സ്റ്റിറ്റ്യൂട്ട് പോലും നടത്താതെ ഞെട്ടിച്ച പെപ്പ്, സർപ്രൈസ് താരമായി ജൂലിയൻ അൽവാരസിനെ നിർണായക മത്സരത്തിൽ പകരക്കാരനായി എത്തിച്ചേക്കും. കഴിഞ്ഞ തവണ റയലിനെതിരെ തിളങ്ങിയ ജാക് ഗ്രീലിഷ് ആണ് ഹാലണ്ടിനൊപ്പം മത്സരാഗതി നിർണയിക്കാൻ പോന്ന മറ്റൊരു താരം. അപാരമായ ഫോമിലുള്ള ടീം ക്യാപ്റ്റൻ ഗുണ്ടോഗൻ കൂടി ആവുമ്പോൾ സിറ്റി തികച്ചും ആത്മവിശ്വാസത്തോടെയാവും കളത്തിൽ ഇറങ്ങുക.

മിലാൻ ഡർബിയിൽ വീണ്ടും ഇന്റർ മിലാൻ ജയം, ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉറപ്പിച്ചു

ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉറപ്പിച്ച് ഇന്റർ മിലാൻ. ഇന്ന് നടന്ന മിലാൻ ഡർബിയുടെ രണ്ടാം പാദത്തിലും മികച്ച പ്രകടനം നടത്തിയാണ് ഇന്റർ ഫൈനൽ ഉറപ്പിച്ചത്. ആദ്യ പാദത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. ഇന്ന് അവർ എതിരില്ലാത്ത ഒരു ഗോളിനും വിജയിച്ചു. ഇതോടെ 3-0ന്റെ അഗ്രിഗേറ്റ് സ്കോറിൽ ഫൈനലിലേക്ക് മുന്നേറി.

ഇന്ന് റാഫേൽ ലിയാവൊ എ സി മിലാനായി കളത്തിൽ ഇറങ്ങി എങ്കിലും വിജയത്തിലേക്ക് എത്താൻ പിയോളിയടെ ടീമിനായില്ല. ആദ്യ പകുതിയിൽ മിലാൻ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഒനാനയെ കീഴ്പ്പെടുത്താൻ ആയില്ല. രണ്ടാം പകുതിയിൽ ആണ് ഫൈനൽ ഉറപ്പിച്ച ഇന്റർ മിലാൻ ഗോൾ വന്നത്. 74ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസ് ആണ് വല കണ്ടെത്തിയത്‌.

2010ൽ ആണ് ഇന്റർ മിലാൻ ഇതിനു മുമ്പ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത്. അന്ന് അവർ കിരീടം ഉയർത്തിയിരുന്നു. നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. ആ മത്സരത്തിലെ വിജയികളെ ആകും ഇന്റർ മിലാൻ നേരിടുക.

Exit mobile version