ബ്രൂണോക്ക് ഹാട്രിക്ക്!! മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ ജയവുമായി യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ. ഇന്ന് ഓൾഡ് ട്രാഫോർഡിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ സോസിഡാഡിനെതിരെ 4-1ന്റെ വിജയം നേടി. അഗ്രഗേറ്റ് സ്കോറിൽ യുണൈറ്റഡ് 5-2ന്റെ ജയമാണ് നേടിയത്. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഇന്ന് യുണൈറ്റഡിനായി ഹാട്രിക്ക് നേടി.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക നൽകുന്ന തുടക്കമാണ് ലഭിച്ചത്. മത്സരം ആരംഭിച്ച് എട്ടാം മിനുറ്റിൽ തന്നെ റയൽ സോസിഡാഡ് ലീഡ് എടുത്തു. ഒരു പെനാൽറ്റിയിൽ നിന്ന് ഒയർസബാൾ ആണ് ഗോൾ നേടിയത്.

എന്നാൽ ഈ ലീഡ് അധികം നീണ്ടു നിന്നില്ല‌. 16ആം മിനുറ്റിൽ ഹൊയ്ലുണ്ടിനെ ഫൗൾ ചെയ്തതിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായും ഒരു പെനാൽറ്റി ലഭിച്ചു. പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1 (2-2).

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആദ്യ പകുതിയിൽ സ്കോർ 1-1 എന്ന് തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ യുണൈറ്റഡിന് അനുകൂലമായി ഒരു പെനാൽറ്റി കൂടെ ലഭിച്ചു. വീണ്ടും ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ചു. സ്കോർ 2-1. (3-2).

63ആം മിനുറ്റിൽ റയൽ സോസിഡാഡ് താരം അരംബുരു ചുവപ്പ് കാർഡ് കണ്ടു. ഡോർഗുവിനെ ഫൗൾ ചെയ്തതിനായിരുന്നു ഈ ചുവപ്പ്. ഇതോടെ സോസിഡാഡ് 10 പേരായി ചുരുങ്ങി. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പൂർണ്ണ ആധിപത്യം കാണാൻ ആയി. 86ആം മിനുട്ടിൽ ഗർനാചോയുടെ പാസ് സ്വീകരിച്ച് ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക്ക് പൂർത്തിയാക്കി.

പിമ്മാൽസ് ഇഞ്ച്വറി ടൈമിൽ ഹൊയ്ലുണ്ടിന്റെ പാസിൽ നിന്ന് ഡാലോട്ട് കൂടെ ഗോൾ നേടിയതോടെ യുണൈറ്റഡ് വിജയം പൂർത്തിയാക്കി.

യൂറോ ചാമ്പ്യൻ മിഖേൽ മെറീനോ ആഴ്‌സണലിലേക്ക് അടുക്കുന്നു

സ്‌പെയിനിന്റെ റയൽ സോസിദാഡ് താരം മിഖേൽ മെറീനോയെ സ്വന്തമാക്കാൻ ആഴ്‌സണൽ ഒരുങ്ങുന്നു. 28 കാരനായ മധ്യനിര താരവുമായി വ്യക്തിഗത ധാരണയിൽ എത്തിയ ആഴ്‌സണൽ നിലവിൽ സോസിദാഡും ആയി ധാരണയിൽ എത്തുന്നതിനു അടുത്താണ് എന്നാണ് റിപ്പോർട്ട്. ഏതാണ്ട് 30 മില്യൺ യൂറോക്ക് ആവും താരം ആഴ്‌സണലിൽ എത്തുക. നിലവിൽ മെറീനോക്ക് പകരം പി.എസ്.ജിയിൽ നിന്നു കാർലോസ് സോളറെ എത്തിക്കാൻ ആണ് സ്പാനിഷ് ക്ലബ് ശ്രമം.

മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് താരമായ മെറീനോ നേരത്തെ കുറച്ചു കാലം പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിന് ആയി കളിച്ചിട്ടുണ്ട്. മധ്യനിരയിൽ പ്രതിരോധത്തിലും മുന്നേറ്റത്തിലും മികവ് പുലർത്താൻ കഴിയുന്ന മെറീനോയെ ടീമിൽ എത്തിക്കാൻ വലിയ ശ്രമം ബാഴ്‌സലോണയും നടത്തിയിരുന്നു. എന്നാൽപരിശീലകൻ മിഖേൽ ആർട്ടെറ്റയുടെ പ്രത്യേക താൽപ്പര്യം ആണ് മെറീനോയെ ആഴ്‌സണലിൽ എത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഇന്ററിനെ വിറപ്പിച്ച് റയൽ സോസിഡാഡ്; സമനില വഴങ്ങി ഇൻസാഗിയും സംഘവും

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിൽ നടന്ന പോരാട്ടത്തിൽ, റയൽ സോസിഡാഡിന്റെ തകർപ്പൻ പ്രകടനത്തിന് മുൻപിൽ ഭൂരിഭാഗം സമയവും മത്സരത്തിൽ പിറകിൽ നിൽക്കേണ്ടി വന്നെങ്കിലും ഒടുവിൽ തോൽവി ഒഴിവാക്കി ഇന്റർ മിലാൻ. സോസിഡാഡിന്റെ തട്ടകത്തിൽ ക്യാപ്റ്റൻ ലൗടാരോ മാർട്ടിനസ് നേടിയ ഗോൾ ആണ് ഇന്ററിന്റെ തുണക്കെത്തിയത്. സോസിഡാഡിന് വേണ്ടി ബ്രൈസ് മെന്റസ് ലക്ഷ്യം കണ്ടു. കൂടുതൽ സമയവും ലീഡ് കൈവശം വെച്ചിട്ടും അവസാന നിമിഷം ജയം കൈവിട്ടത് സോസിഡാഡിന് നിരാശ നൽകും.

തുടക്കം മുതൽ തന്നെ നിലവിലെ ഫൈനലിസ്റ്റുകൾക്കെതിരെ യാതൊരു കൂസലും കൂടാതെ സോസിഡാഡ് ആക്രമിച്ചു കളിച്ചു. മൂന്നാം മിനിറ്റിൽ തന്നെ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും ബ്രൈസ് മെന്റസിന്റെ ഹെഡർ സോമ്മർ കൈക്കലാക്കി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ സോസിഡാഡ് ലീഡ് എടുക്കുക തന്നെ ചെയ്തു. ഒയർസബാലിന്റെ സമ്മർദ്ദം മറികടക്കാൻ പന്തുമായി നീങ്ങിയ ബസ്‌തോണിയിൽ നിന്നും പക്ഷെ ബ്രൈസ് മെന്റസ് പന്ത് കൈക്കലാക്കുക തന്നെ ചെയ്തു. താരം ബോക്സിന് പുറത്തു നിന്നും ലക്ഷ്യം കണ്ടു. ഇതോടെ മത്സരത്തിലേക്ക് തിരിച്ചു വരാൻ ഇന്റർ ശ്രമം തുടങ്ങി. എന്നാൽ സോസിഡാഡ് പ്രതിരോധം ഉറച്ചു നിന്നു. ഇതോടെ ഷോട്ട് ഉതിർക്കാൻ പോലും ആവാതെ ഇന്റർ വിഷമിച്ചു. ആദ്യ പകുതിയിൽ ഒരേയൊരു ഷോട്ട് മാത്രമാണ് ഇന്ററിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. 20 ആം മിനിറ്റിൽ അർനൗടോവിച്ചിന്റെ ശ്രമം ഓഫ്സൈഡിൽ അവസാനിച്ചു. ഇടവേളക്ക് മുൻപായി ഒയർസബാളിന്റെ ഷോട്ട് പോസ്റ്റിൽ കൊണ്ടു മടങ്ങിയെങ്കിലും ഈ നീക്കവും ഓഫ്സൈഡ് ആയിരുന്നു. ലഭിച്ച അവസരങ്ങൾ ഗോൾ വലയിൽ എത്തിക്കാൻ സാധിക്കാതെ പോയതിന് സോസിഡാഡ് പിന്നീട് വലിയ വില നൽകേണ്ടി വന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോസ്റ്റിന് മുൻപിൽ നിന്നും ഒയർസബാളിന്റെ ഹെഡർ കീപ്പർ തടുത്തു. ബ്രൈസ് മേന്റസിന്റെ ഫ്രീകിക്കും സോമ്മർ തടുത്തത് നിർണായകമായി. ബരെല്ലക്ക് റഫറി ചുവപ്പ് കാർഡ് നൽകിയത് വാർ ചെക്കിലൂടെ പിൻവലിച്ചു. മികേൽ മറിനോയുടെ ഹെഡർ ലക്ഷ്യത്തിൽ നിന്നും ഇഞ്ചുകൾ മാറി കടന്ന് പോയി. മാർക്കസ് തുറാം മികച്ചൊരു നീക്കം നടത്തിയെങ്കിലും ബോക്സിനുള്ളിൽ പന്ത് നിയന്ത്രിക്കാൻ സാധിക്കാതെ പോയി. 79ആം മിനിറ്റിൽ തുറാം ഗോൾ വല കുലുക്കിയെങ്കിലും മുന്നേറ്റത്തിനിടയിൽ ലൗടാരോ മാർട്ടിനസ് ഓഫ്സൈഡ് ആയിരുന്നു. ഒടുവിൽ 86ആം മിനിറ്റിൽ മാർട്ടിനസ് തന്നെ വല കുലുക്കി. ഫ്രാറ്റെസി നൽകിയ ത്രൂ ബോളിലായിരുന്നു ഇന്റർ ക്യാപ്റ്റൻ ലക്ഷ്യം കണ്ടത്. ഇതോടെ ഇന്റർ ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വന്നു. ഏതു നിമിഷവും അവർ വിജയ ഗോൾ നേടിയേക്കുമെന്ന പ്രതീതി വന്നു. സോസിഡാഡ് ആവട്ടെ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. അവസാന നിമിഷങ്ങളിൽ സോസിഡാഡ് പ്രതിരോധം ഉറച്ചു നിന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

ആഴ്‌സണൽ താരം ടിയേർണിയെ ലോണിൽ റയൽ സോസിദാഡ് സ്വന്തമാക്കുന്നു

ആഴ്‌സണൽ ലെഫ്റ്റ് ബാക്ക് കിയരൺ ടിയേർണിയെ ലോണിൽ സ്പാനിഷ് ലാ ലീഗ ക്ലബ് റയൽ സോസിദാഡ് സ്വന്തമാക്കുന്നു. നിലവിൽ താരത്തെ കൈമാറുന്ന കാര്യത്തിൽ ഇരു ക്ലബുകളും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ ആണ്. താരത്തെ ഈ സീസൺ മുഴുവൻ ലോണിൽ വിടാൻ ആണ് ആഴ്‌സണൽ ശ്രമം. ആഴ്‌സണലിന് ലോൺ തുക ലഭിക്കുമ്പോൾ താരത്തിന്റെ മുഴുവൻ വേതനവും സ്പാനിഷ് ക്ലബ് വഹിക്കും. നേരത്തെ താരത്തിന് ആയി മുൻ ക്ലബ് സെൽറ്റിക് രംഗത്ത് ഉണ്ടായിരുന്നു. സ്ഥിരമായി കളിക്കാനുള്ള അവസരവും ചാമ്പ്യൻസ് ലീഗ് ഉണ്ട് എന്നതും 26 കാരനായ ടിയേർണിയെ സോസിദാഡിലേക്ക് അടുപ്പിക്കുന്നു.

കാര്യങ്ങൾ ശരിയായി നടന്നാൽ ഈ ആഴ്ച തന്നെ ടിയേർണി സ്പാനിഷ് ക്ലബിൽ മെഡിക്കലിന് വിധേയനാവും. 2019 ൽ സ്‌കോട്ടിഷ് ക്ലബ് സെൽറ്റിക്കിൽ നിന്നാണ് സ്‌കോട്ടിഷ് താരത്തിനുള്ള റെക്കോർഡ് തുക ആയ 25 മില്യൺ പൗണ്ടിനു ടിയേർണി ആഴ്‌സണലിൽ എത്തിയത്. 2020 ൽ ആഴ്‌സണലിന് എഫ്.എ കപ്പ് നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കഴിഞ്ഞ വർഷങ്ങളിൽ ആഴ്‌സണലിന്റെ പ്രധാനപ്പെട്ട താരം ആയിരുന്നു. എന്നാൽ മിഖേൽ ആർട്ടെറ്റയുടെ കളി ശൈലി താരത്തിന് യോജിക്കാത്തതും കഴിഞ്ഞ സീസണിലെ സിഞ്ചെങ്കോയുടെ വരവും താരത്തിന് ടീമിലെ അവസരങ്ങൾ കുറച്ചു. ആരാധകർക്ക് പ്രിയപ്പെട്ട താരമായ ടിയേർണിയെ ഒഴിവാക്കുന്നത് ആരാധകർക്ക് അതൃപ്തി ഉള്ള കാര്യമാണ്. ആഴ്‌സണലിന് ആയി 124 മത്സരങ്ങൾ കളിച്ച ടിയേർണി സ്‌കോട്ടിഷ് ദേശീയ ടീമിന് ആയി 39 കളികളും കളിച്ചിട്ടുണ്ട്.

വിരമിക്കാൻ ഒരുങ്ങി സ്പാനിഷ് ഇതിഹാസം ഡേവിഡ് സിൽവ

ഫുട്‌ബോളിൽ നിന്നു വിരമിക്കാൻ സ്പാനിഷ് ഇതിഹാസതാരം ഡേവിഡ് സിൽവ. നിലവിൽ റയൽ സോസിഡാഡ് താരമായ സിൽവക്ക് കഴിഞ്ഞ ദിവസം എ.സി.എൽ ഇഞ്ച്വറി നേരിട്ടിരുന്നു. തുടർന്ന് ആണ് 37 കാരനായ താരം വിരമിക്കുന്നത് ആയി റിപ്പോർട്ടുകൾ വന്നത്.

സ്‌പെയിൻ കണ്ട എക്കാലത്തെയും മഹാനായ താരങ്ങളിൽ ഒരാൾ ആയി കണക്ക് കൂട്ടുന്ന മധ്യനിര താരം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ ആണ് ദീർഘകാലം കളിച്ചത്. മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം ആയി കണക്ക് കൂട്ടുന്ന താരം അബുദാബി ഉടമകൾ ഉണ്ടായ ശേഷം ഉണ്ടായ സിറ്റിയുടെ വലിയ നേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച താരമാണ്. താരം നേരത്തെ തന്നെ സ്പാനിഷ് ദേശീയ ടീമിൽ നിന്നു വിരമിച്ചിരുന്നു.

ഡേവിഡ് സിൽവ റയൽ സോസിഡാഡിൽ കരാർ പുതുക്കി

ഡേവിഡ് സിൽവ റയൽ സോസിഡാഡുമായുള്ള കരാർ നീട്ടി. തന്റെ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന 37കാരനായ സ്പാനിഷ് പ്ലേമേക്കർ, ഇപ്പോൾ 2023-24 സീസണിന്റെ അവസാനം വരെ ക്ലബ്ബിൽ തുടരാനുള്ള കരാർ ആണ് ഒപ്പുവെച്ചത്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ പോരാടുന്ന സോസിഡാഡിന് വലിയ ഊർജ്ജമാണ് ഈ വാർത്ത.

മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം നാല് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് എഫ്എ കപ്പുകളും നേടിയ ശേഷം 2020ൽ ആയിരുന്നു സിൽവർ റയൽ സോസിഡാഡിൽ ചേർന്നത്. ഇപ്പോൾ ലാലിഗയിൽ നാലാം സ്ഥാനത്തുള്ള സോസിഡാഡിന് ഇനി എട്ട് പോയിന്റ് കൂടെ മതി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ.

റയൽ സോസിഡാഡിനെ ആദ്യ പാദത്തിൽ തോൽപ്പിച്ച് റോമ

വ്യാഴാഴ്ച യൂറോപ്പ ലീഗിലെ തങ്ങളുടെ റൗണ്ട് ഓഫ് 16 ടൈയുടെ ആദ്യ പാദത്തിൽ റയൽ സോസിഡാഡിനെതിരെ റോമ 2-0ന്റെ വിജയം ഉറപ്പിച്ചു. സ്റ്റീഫൻ എൽ ഷരാവിയുടെയും മറാഷ് കുമ്പുള്ളയുടെയും ഗോളുകൾ ആണ് ആദ്യ പാദത്തിൽ റോമയുടെ ജയത്തിന് ബലമായത്‌.

13-ാം മിനിറ്റിൽ എൽ ഷരാവിയിലൂടെ റോമ മുന്നിലെത്തി. ഇറ്റാലിയൻ ടീം പിന്നീടങ്ങോട്ട് കളി നിയന്ത്രിച്ചു. അവരുടെ ലീഡ് വർദ്ധിപ്പിക്കാൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. റയൽ സോസിഡാഡും ഇടക്ക് നല്ല അവസരങ്ങൾ സൃഷ്ടിക്കുകയുണ്ടായി. 87-ാം മിനിറ്റിൽ കുമ്പുള്ള റോമയുടെ രണ്ടാം ഗോൾ നേടി. ഇതോടെ വിജയം ഉറപ്പായി.ഈ ഫലം അടുത്ത ആഴ്ച്സ് നടക്കുന്ന രണ്ടാം പാദത്തിൽ റോമയുടെ സാധ്യതകൾ ശക്തമാക്കുന്നു.

സ്പാനിഷ് യുവതരത്തിന് റയൽ സോസിഡാഡിൽ പുതിയ കരാർ

യുവപ്രതിഭ പാബ്ലോ മാരിന് റയൽ സോസിഡാഡിൽ പുതിയ കരാർ. പത്തൊൻപതുകാരനായ താരത്തിന് 2027വരെയുള്ള കരാർ സോസിഡാഡ് നൽകിയിരിക്കുന്നത്. സോസിഡാഡിന്റെ തന്നെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്ന് വന്ന താരം നിലവിൽ ബി ടീമിനോടൊപ്പമാണ് ഉള്ളത്. പുതിയ കരാറോടെ സീനിയർ ടീമിന്റെ വാതിലുകളും തുറക്കും.

സ്‌പെയിനിലെ ഏറ്റവും മികച്ച ഭാവി വാഗ്ദാനങ്ങളിൽ ഒരാളായി കണക്ക് കൂട്ടുന്ന താരമാണ് പാബ്ലോ മാരിൻ. സീസണിൽ ലാ ലീഗയിൽ അരങ്ങേറാനും താരത്തിന് സാധിച്ചിരുന്നു. യൂറോപ്പ ലീഗിലും അവസരം ലഭിച്ചിരുന്ന താരത്തിനെ യുനൈറ്റഡിനെതിരായ മത്സരത്തിൽ കളത്തിൽ ആദ്യ ഇലവനിൽ തന്നെ ഇറക്കിയിരുന്നു. മികച്ച യുവതാരങ്ങൾ ടീമിൽ എത്തിക്കാനും യൂത്ത് ടീമിലൂടെ മികച്ച താരങ്ങളെ വാർത്തെടുക്കാനും ശ്രദ്ധിക്കുന്ന സോസിഡാഡ് തങ്ങളുടെ മികച്ച കണ്ടെത്തലുകളിൽ ഒരാളായാണ് മാരിനെ കാണുന്നത്. പ്രതിഭധനനായ താരമാണ് പാബ്ലോ മാരിൻ എന്നും ഇനിയും ഒരുപാട് തേച്ചുമിനുക്കലുകൾക്ക് അദ്ദേഹത്തിന് സാധിക്കും എന്നും സോസിഡാഡ് കോച്ച് അൽഗ്വാസിൽ അഭിപ്രായപ്പെട്ടു.

റാകിറ്റിച് അടക്കം 2 പേർക്ക് ചുവപ്പ് കാർഡ് ഒപ്പം പരാജയവും,സെവിയ്യയുടെ കഷ്ടകാലം തുടരുന്നു

സ്പാനിഷ് ലാ ലീഗയിൽ സെവിയ്യയുടെ കഷ്ടകാലം തുടരുന്നു. ഇന്ന് റയൽ സോസിദാഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട സെവിയ്യ ഇതോടെ തരം താഴ്ത്തലിന് അരികിൽ 17 സ്ഥാനത്ത് തുടരുന്നു. ജയത്തോടെ സോസിദാഡ് മൂന്നാം സ്ഥാനത്തേക്കും കയറി. മത്സരത്തിൽ 2 സെവിയ്യ താരങ്ങൾക്ക് ചുവപ്പ് കാർഡ് കണ്ടു. മത്സരത്തിൽ ഇരുപതാം മിനിറ്റിൽ മൈക്കിൾ മെറിനോയുടെ പാസിൽ നിന്നു അലക്‌സാണ്ടർ സോർലോത്ത് സോസിദാഡിനു മുൻതൂക്കം സമ്മാനിച്ചു. 28 മത്തെ മിനിറ്റിൽ അപകടകരമായ ഫൗളിന് ഇവാൻ റാകിറ്റിച്ചിന് ചുവപ്പ് കാർഡ് കണ്ടു. ആദ്യം മഞ്ഞ കാർഡ് നൽകിയ റഫറി വാർ പരിശോധനക്ക് ശേഷം കാർഡ് ചുവപ്പ് കാർഡ് ആയി മാറ്റുക ആയിരുന്നു.

34 മത്തെ മിനിറ്റിൽ പ്രതിരോധതാരം ടാൻഗെയ് നിനാസൗവിനും ചുവപ്പ് കാർഡ് കണ്ടതോടെ സെവിയ്യ 9 പേരായി ചുരുങ്ങി. ആദ്യം മഞ്ഞ കാർഡ് നൽകിയ റഫറി വാർ പരിശോധനക്ക് ശേഷം കാർഡ് ചുവപ്പ് കാർഡ് ആയി ഉയർത്തുക ആയിരുന്നു. 2 മിനിറ്റിനുള്ളിൽ ബ്രയിസ് മെന്റസ് സോസിദാഡിനു രണ്ടാം ഗോൾ സമ്മാനിച്ചു. സീസണിൽ താരത്തിന്റെ ആറാം ഗോൾ ആയിരുന്നു ഇത്. മൈക്കിൾ മെറിനോയുടെ പാസിൽ നിന്നു തന്നെയായിരുന്നു മെന്റസിന്റെ ഗോൾ. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് 9 പേരുമായി സെവിയ്യ ഒരു ഗോൾ മടക്കി. ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ എത്തിയ അലക്‌സ് ടെല്ലസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ റാഫ മിർ ആണ് സെവിയ്യക്ക് ആയി ഒരു ഗോൾ മടക്കിയത്. തരം താഴ്ത്തൽ ഒഴിവാക്കാൻ ആവും സീസണിൽ സെവിയ്യയുടെ പ്രധാനശ്രമം.

ഒന്നാം സ്ഥാനം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്പെയിനിൽ

യൂറോപ്പ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ റയൽ സോസിഡാഡിനെ നേരിടും. സ്പെയിനിൽ സോസിഡാഡിന്റെ ഹോം ഗ്രൗണ്ടിൽ ആയിരിക്കും മത്സരം നടക്കുക. ഇപ്പോൾ ഗ്രൂപ്പിൽ റയൽ സോസിഡാഡാണ് ഒന്നാമത് ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമതും. ഇരു ടീമുകളും അടുത്ത റൗണ്ടിലേക്ക് കടക്കും എന്ന് ഉറപ്പായിട്ടുണ്ട്. എന്നാലും കാര്യങ്ങൾ എളുപ്പമാക്കാൻ ഇരുവർക്കും ഗ്രൂപ്പിലെ ഒന്നാം സ്ഥാനം തന്നെ നേടേണ്ടതുണ്ട്.

നേരത്തെ ഓൾഡ് ട്രാഫോർഡിൽ വെച്ച് ഒരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സോസിഡാഡ് 1-0ന് ജയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് അതിനെക്കാൾ വലിയ സ്കോറിൽ ജയിച്ചാൽ മാത്രമേ യുണൈറ്റഡിന് ഒന്നാമത് ഫിനിഷ് ചെയ്യാൻ ആവുകയുള്ളൂ. സോസിഡാഡിന് 15 പോയിന്റും യുണൈറ്റഡിനു 12 പോയിന്റുമാണ് ഉള്ളത്.

ഇന്ന് 11.15നാണ് മത്സരം നടക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമായ ലൈനപ്പ് തന്നെ ഇന്ന് അണിനിരത്തും. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

അലക്സാണ്ടർ ഇസാകിന് പകരക്കാരനായി ഉമർ സാദിഖിനെ ടീമിലെത്തിക്കാൻ സോസിദാഡ് ശ്രമം

ഇസാകിന് പകരക്കാരനായി നൈജീരിയൻ താരത്തെ ലക്ഷ്യമിട്ട് സോസിദാഡ്

റെക്കോർഡ് തുകക്ക് ക്ലബ് വിട്ട അലക്സാണ്ടർ ഇസാകിന് പകരക്കാരനായി അൽമേരിയയുടെ ഉമർ സാദിഖിനെ ടീമിലെത്തിക്കാൻ റയൽ സോസിദാഡ് ശ്രമം. 25 കാരനായ നൈജീരിയൻ താരത്തിന് ആയി വലിയ തുക മുടക്കാൻ സോസിദാഡ് തയ്യാറാണ് എന്നാണ് സൂചന.

ഈ സീസണിൽ ലാ ലീഗയിലേക്ക് എത്തിയ അൽമേരിയക്ക് ആയി കളിച്ച മൂന്നു കളികളിൽ 2 ഗോളുകളും ഒരു അസിസ്റ്റും ഉമർ സാദിഖ് കണ്ടത്തിയിരുന്നു. നിലവിൽ താരത്തിനെ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുമ്പ് ടീമിൽ എത്തിക്കാൻ ആവും സോസിദാഡിന്റെ ശ്രമം.

Story Highlight : Real Sociadad trying to sign Nigerian striker Umar Sadiq.

ഇരട്ട ഗോളുകളുമായി മെസ്സിയും ഡെസ്റ്റും, ഗോളിൽ ആറാടി ബാഴ്‌സലോണ

ലാ ലീഗയിൽ കിരീട പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിന് കടുത്ത വെല്ലുവിളിയുമായി ബാഴ്‌സലോണ. ലാ ലീഗയിൽ ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത റയൽ സോസിഡാഡിനെയാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ ജയം.

ജയത്തോടെ അത്ലറ്റികോ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്താനും ബാഴ്‌സലോണക്കായി. ബാഴ്‌സലോണക്ക് വേണ്ടി അന്റോണിയോ ഗ്രീസ്മാൻ ആണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് സെർജിനോ ഡെസ്റ്റിന്റെയും മെസ്സിയുടെയും ഗോളുകളിൽ ബാഴ്‌സലോണ മത്സരം കൈ പിടിയിലൊതുക്കുകയായിരുന്നു. ബാഴ്‌സലോണയുടെ മറ്റൊരു ഗോൾ നേടിയതേ ഡെംമ്പലെയാണ്. റയൽ സോസിഡാഡിന്റെ ആശ്വാസ ഗോൾ നേടിയത് ആൻഡെർ ബാറൻനെക്സിയ ആണ്.

ജയത്തോടെ 28 മത്സരങ്ങളിൽ നിന്ന് 62 പോയിന്റാണ് ബാഴ്‌സലോണക്ക് ഉള്ളത്. 66 പോയിന്റോടെ നിലവിൽ അത്ലറ്റികോ മാഡ്രിഡ് തന്നെയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. 60 പോയിന്റുമായി റയൽ മാഡ്രിഡ് ബാഴ്‌സലോണക്ക് തൊട്ടുപിറകിലുണ്ട്.

Exit mobile version