Screenshot 20230920 013234 Brave

ഗോളടിച്ചു കൂട്ടി മുന്നേറ്റം; ചാമ്പ്യൻസ് ലീഗിലും ഫോം തുടർന്ന് ബാഴ്‌സലോണ

ചാമ്പ്യൻസ് ലീഗ് സീസണിന് തകർപ്പൻ തുടക്കം കുറിച്ച് എഫ്സി ബാഴ്‌സലോണ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബെൽജിയൻ ചാമ്പ്യന്മാരായ റോയൽ ആന്റ്വെർപ്പിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ബാഴ്‌സ ഗംഭീര ജയം കരസ്ഥമാക്കിയത്. ജാവോ ഫെലിക്‌സ് ഇരട്ട ഗോളുകളുമായി ബാഴ്‌സ ജേഴ്സിയിലെ മികച്ച പ്രകടനം തുടർന്നപ്പോൾ, ലെവെന്റോവ്സ്കി, റാഫിഞ്ഞ, ഗവി എന്നിവർ മറ്റു ഗോളുകൾ കണ്ടെത്തി. ലാ ലീഗയിൽ കഴിഞ്ഞ മത്സരത്തിൽ ബെറ്റിസിനേയും കീഴടക്കിയ ബാഴ്‌സ, തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അഞ്ച് ഗോൾ ജയം നേടുന്നത്.

സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സാവി ശക്തമായ ഇലവനെ തന്നെ അണിനിരത്തി. റോമേയു ബെഞ്ചിലേക്ക് മടങ്ങിയപ്പോൾ റാഫിഞ്ഞയും ഗുണ്ടോഗനും ആദ്യ ഇലവനിൽ എത്തി. ഫെലിക്സും ജാവോ കാൻസലോയും സ്ഥാനം നിലനിർത്തി. ആദ്യ നിമിഷങ്ങളിൽ ബാഴ്‌സക്ക് ഒത്ത പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷ ആന്റ്വെർപ്പ് നൽകിയെങ്കിലും ആതിഥേയർ പതിയെ മത്സരം നിയന്ത്രണത്തിൽ ആക്കി. പത്താം മിനിറ്റിൽ പാസുകൾ കോർത്തെടുത്തൊരു മികച്ച നീക്കത്തിനൊടുവിൽ ജാവോ ഫെലിക്‌സിലൂടെ ബാഴ്‌സ ലീഡ് എടുത്തു. പത്തൊൻപതാം മിനിറ്റിൽ ബോസ്‌കിനുള്ളിൽ നിന്നും ഫെലിക്‌സ് നൽകിയ ക്രോസിൽ ലെവെന്റോവ്സ്കി അനായാസം ലക്ഷ്യം കണ്ടു. മൂന്ന് മിനിറ്റിനു ശേഷം റാഫിഞ്ഞ മൂന്നാം ഗോളും കണ്ടെത്തി. ക്രോസ് നൽകാനുള്ള താരത്തിന്റെ ശ്രമം എതിർ താരത്തിൽ തട്ടി കീപ്പർക്ക് അവസരം നൽകാതെ വലയിൽ പതിക്കുകയായിരുന്നു. ഇതോടെ ആന്റ്വെർപ്പ് കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. മത്സരം നാൽപത് മിനിറ്റ് പിന്നിട്ടപ്പോൾ ആണ് അവർ ആദ്യമായി ലക്ഷ്യത്തിന് നേരെ ഷോട്ട് ഉതിർക്കുന്നത്. മയ തൊടുത്ത ദുർബലമായ ഷോട്ട് പക്ഷെ ടെർ സ്റ്റഗൻ അനായാസം കൈക്കലാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗുണ്ടോഗന് ലഭിച്ച അവസരം മുതലെടുക്കാനായില്ല. എന്നാൽ 53ആം മിനിറ്റിൽ ഗവി ലക്ഷ്യം കണ്ടു. ഇതോടെ യുവതാരം ഫെർമിൻ ലോപസിനേയും റോമേയുവിനെയും സാവി കളത്തിൽ ഇറക്കി. കാൻസലോയുടെ ശ്രമം കീപ്പർ കൈക്കലാക്കി. 66ആം മിനിറ്റിൽ റാഫിഞ്ഞയുടെ ക്രോസിൽ നിന്നും ഹെഡർ ഉതിർത്ത് ഫെലിക്സ് തന്റെ രണ്ടാം ഗോൾ കണ്ടെത്തി. പിറകെ ലമീൻ യമാൽ കളത്തിൽ എത്തി. ഇതോടെ ചാമ്പ്യൻസ് ലീഗ് ചരിത്രതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായും ലമീൻ മാറി. പലതവണ ഗോളിന് അടുത്തെത്തിയ താരത്തിന് പക്ഷെ വല കുലുക്കാൻ മാത്രം സാധിച്ചില്ല. ഇടക്ക് സന്ദർശകർ നടത്തിയ നീക്കങ്ങൾ കുണ്ടേയും റ്റെർ സ്റ്റഗനും തടഞ്ഞു. അവസാന നിമിഷങ്ങളിൽ പല തവണ എതിർ ബോക്സിലേക്ക് എത്താൻ ആന്റ്വെർപ്പിന് സാധിച്ചെങ്കിലും ഗോൾ മടക്കാൻ ആയില്ല.

Exit mobile version