20230921 023324

ഇന്ററിനെ വിറപ്പിച്ച് റയൽ സോസിഡാഡ്; സമനില വഴങ്ങി ഇൻസാഗിയും സംഘവും

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിൽ നടന്ന പോരാട്ടത്തിൽ, റയൽ സോസിഡാഡിന്റെ തകർപ്പൻ പ്രകടനത്തിന് മുൻപിൽ ഭൂരിഭാഗം സമയവും മത്സരത്തിൽ പിറകിൽ നിൽക്കേണ്ടി വന്നെങ്കിലും ഒടുവിൽ തോൽവി ഒഴിവാക്കി ഇന്റർ മിലാൻ. സോസിഡാഡിന്റെ തട്ടകത്തിൽ ക്യാപ്റ്റൻ ലൗടാരോ മാർട്ടിനസ് നേടിയ ഗോൾ ആണ് ഇന്ററിന്റെ തുണക്കെത്തിയത്. സോസിഡാഡിന് വേണ്ടി ബ്രൈസ് മെന്റസ് ലക്ഷ്യം കണ്ടു. കൂടുതൽ സമയവും ലീഡ് കൈവശം വെച്ചിട്ടും അവസാന നിമിഷം ജയം കൈവിട്ടത് സോസിഡാഡിന് നിരാശ നൽകും.

തുടക്കം മുതൽ തന്നെ നിലവിലെ ഫൈനലിസ്റ്റുകൾക്കെതിരെ യാതൊരു കൂസലും കൂടാതെ സോസിഡാഡ് ആക്രമിച്ചു കളിച്ചു. മൂന്നാം മിനിറ്റിൽ തന്നെ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും ബ്രൈസ് മെന്റസിന്റെ ഹെഡർ സോമ്മർ കൈക്കലാക്കി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ സോസിഡാഡ് ലീഡ് എടുക്കുക തന്നെ ചെയ്തു. ഒയർസബാലിന്റെ സമ്മർദ്ദം മറികടക്കാൻ പന്തുമായി നീങ്ങിയ ബസ്‌തോണിയിൽ നിന്നും പക്ഷെ ബ്രൈസ് മെന്റസ് പന്ത് കൈക്കലാക്കുക തന്നെ ചെയ്തു. താരം ബോക്സിന് പുറത്തു നിന്നും ലക്ഷ്യം കണ്ടു. ഇതോടെ മത്സരത്തിലേക്ക് തിരിച്ചു വരാൻ ഇന്റർ ശ്രമം തുടങ്ങി. എന്നാൽ സോസിഡാഡ് പ്രതിരോധം ഉറച്ചു നിന്നു. ഇതോടെ ഷോട്ട് ഉതിർക്കാൻ പോലും ആവാതെ ഇന്റർ വിഷമിച്ചു. ആദ്യ പകുതിയിൽ ഒരേയൊരു ഷോട്ട് മാത്രമാണ് ഇന്ററിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. 20 ആം മിനിറ്റിൽ അർനൗടോവിച്ചിന്റെ ശ്രമം ഓഫ്സൈഡിൽ അവസാനിച്ചു. ഇടവേളക്ക് മുൻപായി ഒയർസബാളിന്റെ ഷോട്ട് പോസ്റ്റിൽ കൊണ്ടു മടങ്ങിയെങ്കിലും ഈ നീക്കവും ഓഫ്സൈഡ് ആയിരുന്നു. ലഭിച്ച അവസരങ്ങൾ ഗോൾ വലയിൽ എത്തിക്കാൻ സാധിക്കാതെ പോയതിന് സോസിഡാഡ് പിന്നീട് വലിയ വില നൽകേണ്ടി വന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോസ്റ്റിന് മുൻപിൽ നിന്നും ഒയർസബാളിന്റെ ഹെഡർ കീപ്പർ തടുത്തു. ബ്രൈസ് മേന്റസിന്റെ ഫ്രീകിക്കും സോമ്മർ തടുത്തത് നിർണായകമായി. ബരെല്ലക്ക് റഫറി ചുവപ്പ് കാർഡ് നൽകിയത് വാർ ചെക്കിലൂടെ പിൻവലിച്ചു. മികേൽ മറിനോയുടെ ഹെഡർ ലക്ഷ്യത്തിൽ നിന്നും ഇഞ്ചുകൾ മാറി കടന്ന് പോയി. മാർക്കസ് തുറാം മികച്ചൊരു നീക്കം നടത്തിയെങ്കിലും ബോക്സിനുള്ളിൽ പന്ത് നിയന്ത്രിക്കാൻ സാധിക്കാതെ പോയി. 79ആം മിനിറ്റിൽ തുറാം ഗോൾ വല കുലുക്കിയെങ്കിലും മുന്നേറ്റത്തിനിടയിൽ ലൗടാരോ മാർട്ടിനസ് ഓഫ്സൈഡ് ആയിരുന്നു. ഒടുവിൽ 86ആം മിനിറ്റിൽ മാർട്ടിനസ് തന്നെ വല കുലുക്കി. ഫ്രാറ്റെസി നൽകിയ ത്രൂ ബോളിലായിരുന്നു ഇന്റർ ക്യാപ്റ്റൻ ലക്ഷ്യം കണ്ടത്. ഇതോടെ ഇന്റർ ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വന്നു. ഏതു നിമിഷവും അവർ വിജയ ഗോൾ നേടിയേക്കുമെന്ന പ്രതീതി വന്നു. സോസിഡാഡ് ആവട്ടെ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. അവസാന നിമിഷങ്ങളിൽ സോസിഡാഡ് പ്രതിരോധം ഉറച്ചു നിന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

Exit mobile version