20230516 222606

കയ്യകലെ ഇസ്താംബൂൾ: ഇത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും ഇറങ്ങുന്നു

ആദ്യ പാദത്തിൽ തുല്യ ശക്തികളുടെ പോരാട്ടമായി മാറിയ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിന് ഇത്തിഹാദിൽ കളമൊരുങ്ങുമ്പോൾ ഫൈനൽ സ്വപ്നങ്ങളുമായി മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും. വിനിഷ്യസിന്റെയും ഡി ബ്രുയിന്റെയും കലക്കൻ ഗോളുകളിൽ ഫുട്ബോൾ ആരാധകർക്ക് വിരുന്നായി മാറിയ ബെർണബ്യുവിലെ പോരാട്ടത്തിന് ശേഷം കളി ഇംഗ്ലണ്ടിൽ എത്തുമ്പോൾ പിന്തുണയുമായി എത്തുന്ന പതിനായിരങ്ങൾ സിറ്റിക്ക് കരുത്തു പകരും. നിലവിലെ ചാമ്പ്യന്മാരായ റയൽ ആവട്ടെ പ്രീമിയർ ലീഗ് വമ്പന്മാരെ തെല്ലും കൂസാതെ കഴിഞ്ഞ തവണ അവർക്കെതിരെ സ്വാപ്നതുല്യമായ തിരിച്ചു വരവ് നേടിയ ഊർജത്തിലും കളത്തിൽ ഉണ്ടാവും. വ്യാഴാഴ്ച പുലർച്ചെ 12.30നാണ് മത്സരത്തിന് വിസിൽ മുഴങ്ങുക.

മത്സരം ഇത്തിഹാദിൽ ആണെന്നതാണ് പെപ്പിന് നൽകുന്ന ഏറ്റവും വലിയ ആശ്വാസം. കഴിഞ്ഞ തവണ സിറ്റിക്കെതിരെ ഐതിഹാസികമായ തിരിച്ചു വരവ് അടക്കം റയലിന്റെ അടുത്ത കാലത്തെ നോക്ഔട്ടിലെ മിന്നുന്ന പ്രകടനങ്ങൾ എല്ലാം ബെർണബ്യുവിലെ ആരാധകർക്ക് മുന്നിൽ ആയിരുന്നു. എന്നാൽ തിരിച്ചു വരാനും മത്സരം ജയിക്കാനും ഉള്ള റയലിന്റെ മനസാന്നിധ്യവും ഇച്ഛാശക്തിയും ഒരിക്കലും തള്ളിക്കളയാനും ആവില്ല. പതിവ് പോലെ വിനിഷ്യസും ബെൻസിമയും തന്നെ മുന്നേറ്റം നയിക്കും. ലീഗ് മത്സരങ്ങൾക്ക് ശേഷം സിറ്റിയേക്കാൾ ഒരു ദിനം അധികം വിശ്രമത്തിന് ലഭിച്ചത് ആൻസലോട്ടിക്കും സംഘത്തിനും നേട്ടമാണ്. ഹാലണ്ടിനെ പിടിച്ചു കെട്ടുകയെന്ന ധർമം മികച്ച രീതിയിൽ നിർവഹിച്ച റുഡിഗർ ഒരിക്കൽ കൂടി ഇതേ റോളിൽ കളത്തിൽ എത്തും. പരിക്കേറ്റിരുന്നെങ്കിലും കമാവിംഗ കളത്തിൽ എത്താൻ സജ്ജനാണ് എന്നാണ് സൂചനകൾ. വിനിഷ്യസിന്റെ ഗോളിൽ നിർണായക നീക്കം നടത്തിയത്‌ ഫ്രഞ്ച് താരമായിരുന്നു. എതിർ തട്ടകത്തിൽ ആൻസലോട്ടി എന്ത് തന്ത്രം പ്രയോഗിക്കും എന്നതും കണ്ടറിയേണ്ടതാണ്. കഴിഞ്ഞ തവണ മൂന്ന് ഗോളുകൾ നേടിയിട്ടും ഇത്തിഹാദിൽ റയൽ തോൽവി നേരിട്ടിരുന്നു. മോഡ്രിച്ചും ക്രൂസും കമാവിംഗയും സേബയ്യോസും വാൽവെർടേയും ചേരുമ്പോൾ കളം നിറഞ്ഞു കളിക്കാനുള്ള മാഡ്രിഡിന്റെ മധ്യനിര പൂർണ്ണമാവും. എഡർ മിലിറ്റാവോ തിരിച്ചെത്തുമ്പോൾ അലാബ ആയിരിക്കും ബെഞ്ചിലേക്ക് മടങ്ങുക. നിർണയ മത്സരങ്ങളിൽ ഫോമിലേക്ക് ഉയരുന്ന കർവഹാളിലും ടീമിന് പ്രതീക്ഷ ഏറെയാണ്.

മത്സരഗതിക്ക് എതിരെയായിരുന്നു ആദ്യപാദത്തിൽ രണ്ടു ഗോളുകളും പിറന്നത്. തുടക്കം മുതൽ മുൻകൈ നേടിയ സിറ്റിയെ മറികടന്ന് വിനിഷ്യസ് വല കുലുക്കി. ഇതോടെ കൊടുത്തൽ ഊർജത്തോടെ കളിച്ച റയലിനെ ഞെട്ടിച്ചു കൊണ്ട് ഡി ബ്രുയിനിലൂടെ സിറ്റിയും തിരിച്ചടിച്ചു. ഗോൾ നേടാനുള്ള ഇരു ടീമുകളുടേയും വൈദഗ്ദ്ധ്യം ആണ് രണ്ടാം പാദത്തെ കൂടുതൽ പ്രവചനാതീതം ആക്കുന്നതും. എവർടനെതിരായ മത്സരത്തിൽ ഡി ബ്രൂയിന് സമ്പൂർണ വിശ്രമം അനുവദിച്ച പെപ്പ്, ഗ്രീലിഷ്, സ്റ്റോണ്സ്, ബെർണഡോ സിൽവ എന്നിവരെയും ബെഞ്ചിൽ ഇരുത്തിയാണ് മത്സരം ആരംഭിച്ചത്. സീസണിലെ തന്റെ മൂന്ന് സെന്റർ ബാക്ക് തന്ത്രം റയലിനെതിരെ പുറത്തെടുക്കാതിരുന്ന ഗ്വാർഡിയോള വിനിഷ്യസിനെ കരുതി ഇതിഹാദിലും അത് പുറത്തെടുക്കാൻ സാധ്യത ഇല്ല. കെയ്ൽ വാക്കർ തന്നെ ഒരിക്കൽ കൂടി റൈറ്റ് ബാക്ക് സ്ഥാനത്ത് എത്തും. പരിക്കേറ്റ നാഥാൻ ആകെ ഈ മത്സരത്തിലും ടീമിൽ ഉണ്ടാവില്ല. ബെർണബ്യുവിൽ ഒറ്റ സബ്സ്റ്റിറ്റ്യൂട്ട് പോലും നടത്താതെ ഞെട്ടിച്ച പെപ്പ്, സർപ്രൈസ് താരമായി ജൂലിയൻ അൽവാരസിനെ നിർണായക മത്സരത്തിൽ പകരക്കാരനായി എത്തിച്ചേക്കും. കഴിഞ്ഞ തവണ റയലിനെതിരെ തിളങ്ങിയ ജാക് ഗ്രീലിഷ് ആണ് ഹാലണ്ടിനൊപ്പം മത്സരാഗതി നിർണയിക്കാൻ പോന്ന മറ്റൊരു താരം. അപാരമായ ഫോമിലുള്ള ടീം ക്യാപ്റ്റൻ ഗുണ്ടോഗൻ കൂടി ആവുമ്പോൾ സിറ്റി തികച്ചും ആത്മവിശ്വാസത്തോടെയാവും കളത്തിൽ ഇറങ്ങുക.

Exit mobile version