പരമ്പര വിജയത്തിന് ഒരു ബോള്‍ അകലെയായിരുന്നു ന്യൂസിലാണ്ട് – ടിം സൗത്തി

പരമ്പര സമനിലയിലാക്കി മടങ്ങേണ്ടി വന്നത് ഏറെ നിരാശ നൽകുന്നുവെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ ടിം സൗത്തി. ആദ്യ ടെസ്റ്റിൽ 9 വിക്കറ്റ് അവശേഷിക്കവെ ന്യൂസിലാണ്ട് വിജയത്തിന് 77 റൺസ് അകലെയുള്ളപ്പോളാണ് മോശം വെളിച്ചം കളി അവസാനിപ്പിച്ചതെങ്കില്‍ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന്റെ 9 വിക്കറ്റ് നേടിയ ശേഷം പത്താം വിക്കറ്റിൽ നസീം ഷാ – അബ്രാര്‍ അഹമ്മദ് കൂട്ടുകെട്ട് ചെറുത്ത് നിന്ന് മത്സരം സമനിലയിലേക്ക് എത്തിക്കുകയായിരുന്നു.

ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കുവാനാണ് ടീം ശ്രമിക്കുന്നതെന്നും അതിനുള്ള അവസരം ടീം സൃഷ്ടിച്ചിരുന്നുവെന്നും പരമ്പര വിജയത്തിന് ഒരു പന്ത് അകലെ വരെ ടീം എത്തിയെന്നത് പരമ്പര ഫലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നിരാശയാണ് സമ്മാനിക്കുന്നതെന്നും സൗത്തി കൂട്ടിചേര്‍ത്തു.

പാക്കിസ്ഥാനും സമാനമായ സാഹചര്യത്തിലൂടെയാവും കടന്ന് പോകുന്നതെന്നും രണ്ടാം ടെസ്റ്റിൽ അവരും വിജയത്തിന് 15 റൺസ് അടുത്ത് വരെ എത്തിയിരുന്നുവെന്നും സൗത്തി പറഞ്ഞു.

ഈ പത്ത് ദിവസങ്ങളിൽ വളരെ അധികം മികച്ച ക്രിക്കറ്റാണ് ഇരു ടീമുകളും കളിച്ചതെന്നും സൗത്തി അഭിപ്രായപ്പെട്ടു.

സൂര്യകുമാര്‍ കാതങ്ങള്‍ അകലെ – ടിം സൗത്തി

ന്യൂസിലാണ്ടിനെ രണ്ടാം ടി20യിൽ നിഷ്പ്രഭമാക്കിയ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ന്യൂസിലാണ്ട് വെറ്ററന്‍ താരം ടിം സൗത്തി. 51 പന്തിൽ 111 റൺസ് നേടി സൂര്യകുമാറിന്റെ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ 191/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിന് 126 റൺസ് മാത്രമേ നേടിയുള്ളു.

ടി20 ക്രിക്കറ്റിൽ ഒരു താരം ശതകം നേടിയാൽ തന്നെ വലിയ വ്യത്യാസം സൃഷ്ടിക്കുമെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സ് താന്‍ കണ്ടിട്ടുള്ള ഏത് ഇന്നിംഗ്സിനെക്കാളും കാതങ്ങള്‍ അകലെയായിരുന്നു എന്നും സൗത്തി പറഞ്ഞു.

പത്തോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 75/2 എന്ന നിലയിലും സൂര്യകുമാര്‍ 13 പന്തിൽ 18 റൺസ് എന്ന നിലയിലും ആയിരുന്നു. എന്നാൽ താരം നേരിട്ട അവസാന 19 പന്തിൽ നിന്ന് സൂര്യകുമാര്‍ യാദവ് 61 റൺസാണ് നേടിയത്.

അവസാന ഓവറിൽ ടിം സൗത്തി ഹാട്രിക് നേടിയപ്പോള്‍ ഒരു പന്ത് പോലും സൂര്യകുമാര്‍ യാദവിന് ബാറ്റ് ചെയ്യുവാന്‍ അവസരം ലഭിച്ചില്ല. എന്നാലും ന്യൂസിലാണ്ടിന് കനത്ത പ്രഹരം ഏല്പിക്കുവാന്‍ സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സിന് സാധിച്ചിരുന്നു.

ബോള്‍ട്ടും സൗത്തിയും കസറി, രണ്ടാം ഏകദിനത്തിൽ വിജയം ന്യൂസിലാണ്ടിന്, പരമ്പരയിൽ ഒപ്പമെത്തി

ന്യൂസിലാണ്ട് ബാറ്റിംഗ് തകര്‍ന്നുവെങ്കിലും വെസ്റ്റിന്‍ഡീസിനെതിരെ വിജയം നേടിക്കൊടുത്ത് കീവീസ് ബൗളര്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 48.2 ഓവറിൽ 212 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മഴ കാരണം വെസ്റ്റിന്‍ഡീസിന്റെ ലക്ഷ്യം 41 ഓവറിൽ 212 റൺസാക്കി പുതുക്കുകയായിരുന്നു.

ഫിന്‍ അല്ലന്‍ 96 റൺസും ഡാരിൽ മിച്ചൽ 41 റൺസും നേടിയപ്പോള്‍ മിച്ചൽ സാന്റനര്‍ പുറത്താകാതെ 26 റൺസ് നേടിയാണ് ന്യൂസിലാണ്ട് സ്കോര്‍ 200 കടത്തിയത്. വെസ്റ്റിന്‍ഡീസിനായി കെവിന്‍ സിന്‍ക്ലയര്‍ 4 വിക്കറ്റും ജേസൺ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും നേടി.

വെസ്റ്റിന്‍ഡീസ് 27/6 എന്ന നിലയിൽ ട്രെന്റ് ബോള്‍ട്ടിനും ടിം സൗത്തിയ്ക്കും മുന്നിൽ തകര്‍ന്നടിഞ്ഞ ശേഷം 9ാം വിക്കറ്റിൽ യാനിക് കരിയ – അൽസാരി ജോസഫ് കൂട്ടുകെട്ടാണ് ടീമിന്റെ പ്രതീക്ഷ നൽകിയ പ്രകടനം പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് 85 റൺസാണ് ആതിഥേയര്‍ക്കായി നേടിയത്. എന്നാൽ സൗത്തി 31 പന്തിൽ 49 റൺസ് നേടിയ അൽസാരി ജോസഫിനെ വീഴ്ത്തി വിന്‍ഡീസ് പ്രതീക്ഷകളെ അസ്തമിപ്പിച്ചു.

അധികം വൈകാതെ യാനിക് കാരിയയുടെ വിക്കറ്റ് സാന്റനര്‍ നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് ഇന്നിംഗ് 35.3 ഓവറിൽ 161 റൺസിൽ അവസാനിക്കുകയായിരുന്നു. ടിം സൗത്തി നാലും ട്രെന്റ് ബോള്‍ട്ട് 3 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിന്റെ 50 റൺസ് വിജയം സാധ്യമാക്കിയത്.

Story Highlights: Trent Boult and Tim Southee helps New Zealand level series against West Indies.

ഇംഗ്ലണ്ടിന് 360 റൺസ്, ഓവര്‍ട്ടണിന് അരങ്ങേറ്റത്തിൽ ശതകം നഷ്ടം

ജോണി ബൈര്‍സ്റ്റോ നേടിയ 162 റൺസിന്റെയും ജാമി ഓവര്‍ട്ടണിന്റെ 97 റൺസിന്റെയും ബലത്തിൽ 360 റൺസ് നേടി ഇംഗ്ലണ്ട്. 42 റൺസ് നേടിയ സ്റ്റുവര്‍ട് ബ്രോഡും തിളങ്ങിയപ്പോള്‍ ന്യൂസിലാണ്ടിനെതിരെ 31 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ആതിഥേയര്‍ നേടിയത്.

241 റൺസിന്റെ വമ്പന്‍ കൂട്ടുകെട്ട് തകര്‍ത്ത് ഓവര്‍ട്ടണിനെ ബോള്‍ട്ട് ആണ് പുറത്താക്കിയത്. ബോള്‍ട്ടിന്റെ മത്സരത്തിലെ നാലാമത്തെ വിക്കറ്റായിരുന്നു അത്. പിന്നീട് സ്റ്റുവര്‍ട് ബ്രോഡും ബൈര്‍സ്റ്റോയും ചേര്‍ന്ന് 45 റൺസാണ് എട്ടാം വിക്കറ്റിൽ നേടിയത്. ഇതിൽ 42 റൺസും ബ്രോഡിന്റെ സംഭാവനയായിരുന്നു.

ബ്രോഡിനെ സൗത്തി പുറത്താക്കിയപ്പോള്‍ ബൈര്‍സ്റ്റോയെ മൈക്കൽ ബ്രേസ്‍വെൽ പുറത്താക്കുകയായിരുന്നു. ഇരുവരെയും അടുത്തടുത്ത പന്തുകളിലാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബോള്‍ട്ട് 4 വിക്കറ്റും സൗത്തി 3 വിക്കറ്റുമാണ് ന്യൂസിലാണ്ടിനായി നേടിയത്.

രണ്ടാം ഇന്നിംഗ്സിൽ ടോം ലാഥമിന്റെ മികവിൽ ന്യൂസിലാണ്ട് 125/1 എന്ന നിലയിലാണ് 33 ഓവറുകള്‍ പിന്നിടുമ്പോള്‍ 76 റൺസുമായി ലാഥവും താരത്തിന് കൂട്ടായി 37 റൺസ് നേടി കെയിന്‍ വില്യംസണും ആണ് ക്രീസിലുള്ളത്.

9 റൺസ് ലീഡ് മാത്രം നേടി ഇംഗ്ലണ്ട്, സൗത്തിയ്ക്ക് നാല് വിക്കറ്റ്

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 141 റൺസിൽ അവസാനിപ്പിച്ച് ന്യൂസിലാണ്ടിന്റെ ശക്തമായ തിരിച്ചുവരവ്. ടിം സൗത്തിയുടെ നാല് വിക്കറ്റ് നേട്ടവും ട്രെന്റ് ബോള്‍ട്ട് നേടിയ 3 വിക്കറ്റുമാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഇന്ന് സ്റ്റുവര്‍ട് ബ്രോഡിനെ പുറത്താക്കിയ ടിം സൗത്തി ബെന്‍ ഫോക്സിനെയും വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു.

ടീമിന്റെ 9ാം വിക്കറ്റും നഷ്ടമായ ഘട്ടത്തിൽ ഇംഗ്ലണ്ട് ന്യൂസിലാണ്ടിന്റെ സ്കോര്‍ മറികടക്കില്ലെന്ന് തോന്നിപ്പിച്ചുവെങ്കിലും മാര്‍ക്ക് പാറ്റിന്‍സൺ നേടിയ 8 റൺസ് ടീമിനെ 9 റൺസ് ലീഡിലേക്ക് ഉയര്‍ത്തി.

തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ ശതകം നേടി ഹാര്‍ദ്ദിക്, ക്യാപ്റ്റന്‍ മടങ്ങിയ ശേഷം ഗുജറാത്തിന് താളം തെറ്റി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 156 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ഹാര്‍ദ്ദിക് പാണ്ഡ്യ മികച്ച ബാറ്റിംഗ് പുറത്തെടുത്തുവെങ്കിലും ടിം സൗത്തിയുടെ നിര്‍ണ്ണായക പ്രഹരങ്ങളാണ് ഗുജറാത്തിനെ പിടിച്ചു നിര്‍ത്തുവാന്‍ കൊല്‍ക്കത്തയെ സഹായിച്ചത്. അവസാന ഓവറിൽ 4 വിക്കറ്റ് വീഴ്ത്തി റസ്സലും രംഗത്തെത്തിയപ്പോള്‍ മത്സരത്തിൽ 9 വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന് തുടക്കത്തിൽ തന്നെ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ വൃദ്ധിമന്‍ സാഹയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് 75 റൺസ് കൂട്ടിചേര്‍ത്ത ശേഷം 25 റൺസ് നേടിയ സാഹ മടങ്ങി.

സാഹയ്ക്ക് പകരം ക്രീസിലെത്തിയ മില്ലറുമായി ചേര്‍ന്ന് 50 റൺസാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയത്. 27 റൺസ് നേടിയ മില്ലര്‍ പുറത്തായ ശേഷം 17ാം ഓവറിൽ 67 റൺസ് നടിയ ഹാര്‍ദ്ദിക് പുറത്താകുമ്പോള്‍ 49 പന്താണ് താരം തന്റെ ഇന്നിംഗ്സിൽ നേരിട്ടത്. ടിം സൗത്തിയ്ക്കായിരുന്നു വിക്കറ്റ്.

അതേ ഓവറിൽ സൗത്തി റഷീദ് ഖാനെയും വീഴ്ത്തിയപ്പോള്‍ 175ന് മേലെയുള്ള ഗുജറാത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി ഏറ്റു തുടങ്ങിയിരുന്നു. തന്റെ സ്പെല്ലിൽ വെറും 24 റൺസ് വഴങ്ങിയാണ് സൗത്തി മൂന്ന് വിക്കറ്റ് നേടിയത്. ഇന്നിംഗ്സിലെ അവസാന ഓവര്‍ അതുവരെ മത്സരത്തിൽ പന്തെറിയാതിരുന്ന റസ്സലിന് നൽകിയപ്പോള്‍ താരം 4 വിക്കറ്റാണ് നേടിയത്.

രാഹുല്‍ തെവാത്തിയ നേടിയ 17 റൺസാണ് 156 റൺസിലേക്ക് ഗുജറാത്തിനെ എത്തുവാന്‍ സഹായിച്ചത്.

ടിം സൗത്തിയ്ക്ക് സര്‍ റിച്ചാർഡ് ഹാഡ്‍ലി മെഡൽ

14 വര്‍ഷത്തെ കരിയറിൽ ആദ്യമായി സര്‍ റിച്ചാര്‍ഡ് ഹാഡ്‍ലി മെഡൽ നേടി ടിം സൗത്തി. 2021/22 സീസണിലെ മികവാര്‍ന്ന പ്രകടനത്തിനാണ് താരത്തിന് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഈ അവാര്‍ഡ് നൽകിയത്.

ഈ നേട്ടത്തിന് തനിക്ക് അഭിമാന മുഹൂര്‍ത്തമാണ് എന്ന് ഹാഡ്‍ലി പ്രതികരിച്ചു. ടെസ്റ്റിൽ ന്യൂസിലാണ്ടിനായി വിക്കറ്റ് നേടിയ മൂന്നാമത്തെ താരമാണ് ടിം സൗത്തി.

ആവേശം അവസാന ഓവര്‍ വരെ, രണ്ട് പന്തിൽ കാര്യം അവസാനിപ്പിച്ച് കാർത്തിക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെറിയ സ്കോര്‍ ചേസ് ചെയ്യുവാന്‍ ബുദ്ധിമുട്ടിയെങ്കിലും അവസാന കടമ്പ കടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറിൽ ഏഴ് റൺസ് വേണ്ടപ്പോള്‍ ഒരു സിക്സും ഫോറും പറത്തി ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് ദിനേശ് കാര്‍ത്തിക് ആണ് നയിച്ചത്.

കൊല്‍ക്കത്തയെ 128 റൺസിന് ഒതുക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഉമേഷ് യാദവിന്റെ ഇരട്ട പ്രഹരവും ടിം സൗത്തി നേടിയ വിക്കറ്റും ആര്‍സിബിയെ 17/3 എന്ന നിലയിലേക്ക് തള്ളിയിട്ടെങ്കിലും 45 റൺസ് കൂട്ടുകെട്ടുമായി ഡേവിഡ് വില്ലിയും ഷെര്‍ഫെയന്‍ റൂഥര്‍ഫോര്‍ഡും മുന്നോട്ട് നയിച്ചപ്പോള്‍ നരൈന്‍ 18 റൺസ് നേടിയ വില്ലിയെ വീഴ്ത്തി.

എന്നാൽ 39 റൺസിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടുമായി ഷഹ്ബാസ് അഹമ്മദും റൂഥര്‍ഫോര്‍ഡും ടീമിനെ നൂറ് കടത്തിയെങ്കിലും 27 റൺസ് നേടിയ ഷഹ്ബാദ് തന്റെ വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് കണ്ടത്.

അധികം വൈകാതെ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിനെ ടിം സൗത്തി പുറത്താക്കിയപ്പോള്‍ താരം 28 റൺസാണ് നേടിയത്. അതേ ഓവറിൽ ഹസരംഗയെയും ടിം സൗത്തി പുറത്താക്കിയതോടെ ബാംഗ്ലൂരിന് കാര്യങ്ങള്‍ ശ്രമകരമായി മാറി.

രണ്ടോവറിൽ 17 റൺസ് വേണ്ട ഘട്ടത്തിൽ വെങ്കിടേഷ് അയ്യര്‍ എറിഞ്ഞ 19ാം ഓവറിൽ ഹര്‍ഷൽ പട്ടേൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസ് നേടിയപ്പോള്‍ ആര്‍സിബിയ്ക്ക് ലക്ഷ്യം 6 പന്തിൽ 7 ആയി മാറി. കാര്‍ത്തിക് പുറത്താകാതെ 14 റൺസും ഹര്‍ഷൽ പട്ടേൽ 10 റൺസും നേടിയാണ് വിജയം ആര്‍സിബി പക്ഷത്തേക്ക് എത്തിച്ചത്.

 

മൂന്നാം ദിവസം ഇന്നിംഗ്സ് വിജയവുമായി ന്യൂസിലാണ്ട്

ടിം സൗത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 111 റൺസില്‍ അവസാനിപ്പിച്ചപ്പോള്‍ ഇന്നിംഗ്സിനും 276 റൺസിനും വിജയം നേടി ന്യൂസിലാണ്ട്. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 95 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ട് 482 റൺസിന്റെ കൂറ്റൻ സ്കോറാണ് നേടിയത്.

41 റൺസ് നേടിയ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. കൈൽ വെറെയെന്നേ 30 റൺസ് നേടി. സൗത്തിയ്ക്ക് പുറമെ മാറ്റ് ഹെന്‍റിയും നീൽ വാഗ്നറും ആതിഥേയര്‍ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ആദ്യ ഇന്നിംഗ്സിൽ 7 വിക്കറ്റ് നേടിയ മാറ്റ് ഹെന്‍റിയാണ് കളിയിലെ താരം. ന്യൂസിലാണ്ടിനായി പുറത്താകാതെ 58 റൺസും താരം അവരുടെ ആദ്യ ഇന്നിംഗ്സിൽ നേടിയിരുന്നു.

ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് വലിയ തോല്‍വി

ക്രൈസ്റ്റ്ചര്‍ച്ചിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് തകര്‍ന്നടിഞ്ഞു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ന്യൂസിലാണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 521/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ബംഗ്ലാദേശ് ബാറ്റിംഗിനിറങ്ങിയ ദയനീയമായ തകര്‍ച്ച നേരിടുകയായിരുന്നു.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കഷ്ടപ്പെടുന്ന ബംഗ്ലാദേശ് 126 റൺസിന് ഓള്‍ഔട്ട് ആയി. യാസിര്‍ അലി നേടിയ അര്‍ദ്ധ ശതകം ആണ് ടീമിന്റെ ബാറ്റിംഗിൽ എടുത്ത് പറയാനാകുന്ന പ്രകടനം. 55 റൺസാണ് താരം നേടിയത്. നൂറുള്‍ ഹസന്‍ 41 റൺസ് നേടി.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് അഞ്ചും ടിം സൗത്തി മൂന്നും വിക്കറ്റ് നേടി. കൈൽ ജാമിസണ് രണ്ട് വിക്കറ്റ് ലഭിച്ചു. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് 395 റൺസ് കൂടി നേടേണം.

അനായാസം ഇന്ത്യ, രാഹുലിനും രോഹിത്തിനും അര്‍ദ്ധ ശതകം

ന്യൂസിലാണ്ടിന്റെ 153/6 എന്ന സ്കോര്‍ നിഷ്പ്രയാസം മറികടന്ന് ഇന്ത്യ. ഇന്ന് റാഞ്ചിയില്‍ നടന്ന മത്സരത്തിൽ കെഎൽ രാഹുലിന്റെയും രോഹിത് ശര്‍മ്മയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ പരമ്പര വിജയം സാധ്യമായത്. ഓപ്പണര്‍മാര നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ടിം സൗത്തി മൂന്ന് വിക്കറ്റ് നേടിയെങ്കിലും ന്യൂസിലാണ്ടിന്റെ തിരിച്ചുവരവിന്റെ സമയം ഏറെ വൈകിപ്പോയിരുന്നു.

17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യന്‍ വിജയം. രാഹുല്‍ 49 പന്തിൽ 65 റൺസും രോഹിത് 36 പന്തിൽ 55 റൺസും നേടിയപ്പോള്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 117 റൺസാണ് നേടിയത്. ഇരുവരെയും ടിം സൗത്തിയാണ് പുറത്താക്കിയത്. അതേ ഓവറിൽ സൂര്യകുമാര്‍ യാദവിനെയും ടിം സൗത്തി പുറത്താക്കിയപ്പോള്‍ ഇന്ത്യ 137/3 എന്ന നിലയിലേക്ക് വീണു.

ഋഷഭ് പന്തും(12*) വെങ്കിടേഷ് അയ്യരുമാണ്(12*) വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്.

വില്യംസണില്ല, ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ടിം സൗത്തി ന്യൂസിലാണ്ടിനെ നയിക്കും

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ച് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസൺ. താരം പിന്മാറിയതോടെ ടിം സൗത്തി ടീമിനെ നയിക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പര നവംബര്‍ 17ന് ജയ്പൂരിലാണ് ആരംഭിക്കുന്നത്.

കെയിന്‍ വില്യംസൺ സ്ക്വാഡിനൊപ്പം കാണുമെങ്കിലും ടെസ്റ്റ് പരമ്പരയ്ക്കായി കൂടുതൽ ശ്രദ്ധ ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. നവംബര്‍ 19ന് റാഞ്ചിയിൽ രണ്ടാം മത്സരവും നവംബര്‍ 21ന് കൊല്‍ക്കത്തയിൽ മൂന്നാം മത്സരവും നടക്കും.

നവംബര്‍ 25, ഡിസംബര്‍ 3 തീയ്യതികളിൽ കാന്‍പൂരിലും മുംബൈയിലുമാണ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.

Exit mobile version