യൂറോപ്പിലെ രണ്ടാം എ.ടി.പി ചലഞ്ചേഴ്സ് കിരീടം, ചരിത്രം എഴുതി സുമിത് നഗാൽ

ചരിത്രം എഴുതി ഇന്ത്യൻ ഒന്നാം നമ്പർ താരം സുമിത് നഗാൽ. കളിമണ്ണ് മൈതാനത്ത് എ.ടി.പി ചലഞ്ചേഴ്സ് ആയ ടമ്പരെ ഓപ്പണിൽ കിരീടം നേടിയതോടെ നഗാൽ ചരിത്രം എഴുതി. ഈ വർഷം താരം നേടുന്ന രണ്ടാം എ.ടി.പി ചലഞ്ചേഴ്സ് കിരീടം ആണ് ഇത്. തന്നെക്കാൾ റാങ്കിങിൽ മുന്നിലുള്ള ഡാലിബറിനെ 6-4, 7-5 എന്ന സ്കോറിന് ആണ് നഗാൽ മറികടന്നത്.

കരിയറിലെ നാലാം എ.ടി.പി ചലഞ്ചേഴ്സ് കിരീടം കൂടിയാണ് ഇത് താരത്തിന്. ഇതോടെ താരത്തിന് യു.എസ് ഓപ്പൺ യോഗ്യത മത്സരങ്ങൾ കളിക്കാനും ആവും. ജയ്ദീപ് മുഖർജിക്ക് ശേഷം യൂറോപ്പിൽ രണ്ടു എ.ടി.പി ചലഞ്ചേഴ്സ് കിരീടങ്ങൾ നേടുന്ന ആദ്യ താരമായും നഗാൽ മാറി. 57 വർഷങ്ങൾക്ക് ശേഷമാണ് യൂറോപ്യൻ മണ്ണിൽ ഒരു ഇന്ത്യൻ താരം 2 കിരീടങ്ങൾ നേടുന്നത്. റാങ്കിങിൽ ആദ്യ 200 ലും താരം തിരിച്ചെത്തും.

വിരമിക്കൽ പിൻവലിച്ച് മുൻ ലോക ഒന്നാം നമ്പർ കരോളിൻ വോസ്നിയാകി ടെന്നീസ് കളത്തിലേക്ക് തിരിച്ചു വരുന്നു

3 വർഷത്തെ ഇടവേളയ്ക്ക് ശേഷം മുൻ ലോക വനിത സിംഗിൾസ് ഒന്നാം നമ്പർ താരമായ കരോളിൻ വോസ്നിയാകി ടെന്നീസ് കളത്തിലേക്ക് തിരിച്ചു വരുന്നു. വോഗ് മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് താരം തന്റെ തിരിച്ചു വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കുടുംബത്തിന് വേണ്ടിയാണ് 2020 ൽ വിരമിക്കൽ പ്രഖ്യാപിച്ചത് എന്നു പറഞ്ഞ താരം ഇന്ന് തന്റെ രണ്ടു കുട്ടികൾക്ക് ഒപ്പം സന്തുഷ്ടയാണ് എന്നു പറഞ്ഞു.

എന്നാൽ കളത്തിൽ തനിക്ക് ഇനിയും സ്വപ്നങ്ങൾ ബാക്കിയുണ്ടെന്നും അത് നിറവേറ്റാൻ ആണ് തന്റെ തിരിച്ചു വരവ് എന്നും താരം കൂട്ടിച്ചേർത്തു. സ്വപ്നം പിന്തുടരാൻ പ്രായമോ കർത്തവ്യങ്ങളോ തടസം അല്ല എന്ന് തന്റെ കുട്ടികൾക്ക് കാണിക്കാൻ കൂടിയാണ് തന്റെ തിരിച്ചു വരവ് എന്നു മുൻ ഗ്രാന്റ് സ്ലാം ജേതാവ് കൂടിയായ ഡാനിഷ് താരം കൂട്ടിച്ചേർത്തു. മോൻഡ്രിയാൽ ഓപ്പണിൽ 33 കാരിയായ താരം കളത്തിലേക്ക് തിരിച്ചു വരും. നിലവിൽ യു.എസ് ഓപ്പണിൽ വോസ്നിയാകിക്ക് വൈൽഡ് കാർഡ് പ്രവേശനം നൽകും എന്നു യു.എസ് ഓപ്പൺ അധികൃതരും പറഞ്ഞു.

ഐടിഎഫ്ആർ ടെന്നീസ് വിജയികൾക്ക് സ്വീകരണം നൽകി

ഇന്റർനാഷണൽ ടെന്നീസ് ഫെല്ലോഷിപ്പ് ഓഫ് റോട്ടറിയന്സിന്റെ ഓസ്‌ട്രേലിയയിൽ വച്ച് നടത്തിയ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വിജയികളായ ഷിനു ഗോപാലിനും പ്രകാശ് അസ്വാനിക്കും മാസ്റ്റേഴ്സ് ഗെയിംസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ആദ്യമായാണ് ഒരു ഇന്ത്യൻ കൂട്ടുകെട്ട് ഈ ടൂർണമെന്റ് വിജയിക്കുന്നത്. ഓസ്‌ട്രേലിയൻ ഓപ്പൺ ടൂർണമെന്റ് നടക്കുന്ന മെൽബൺ പാർക്ക് വേദിയിൽ വച്ച് കഴിഞ്ഞ മാസം നടന്ന ടൂർണമെന്റിലാണ് എറണാകുളത്ത് നിന്നുള്ള ഈ ടീം വിജയികളായത്.

സാന്റാമോണിക്ക ക്രൂയിസിൽ വച്ച് നടന്ന ചടങ്ങിൽ ദക്ഷിണ കൊറിയയിൽ വച്ച് നടന്ന മാസ്റ്റേഴ്സ് ടെന്നീസ് ഗെയിംസിൽ പങ്കെടുത്ത കേരളത്തിലെ ടെന്നീസ് കളിക്കാരെയും അനുമോദിച്ചു. മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ നാഷണൽ ജോയിന്റ് സെക്രട്ടറി പ്രശാന്ത് റാം, സീനിയർ വൈസ് പ്രസിഡന്റ് ഷിബു ഹോർമിസ്, എറണാകുളം ഡിസ്ട്രിക്ട് മാസ്റ്റേഴ്സ് സെക്രട്ടറി ഷൈജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൊല്ലം ടെന്നീസ് ടീം കൊറിയയിലേക്ക്

സൗത്ത് കൊറിയയിൽ വച്ച് ഈ മാസം 12 മുതൽ 19 വരെ നടക്കുന്ന ഏഷ്യ പസഫിക് ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയെ. പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നും നാലുപേർ പങ്കെടുക്കുന്നു. കൊയിലോൺ ടെന്നീസ് ക്ലബ് അംഗങ്ങളായ ഉദയഭാനു, റാം മോഹൻ, വിജു മാളിയേക്കൽ, ഷെരീഫ് തുടങ്ങിയവരാണ് ദക്ഷിണ കൊറിയയിലെ ജിയോൺബുക് നഗരത്തിലേക്ക് ത്രിവർണ്ണ പതാകയും കൈയ്യിലേന്തി പറക്കുന്നത്.
റാംകോ സിമന്റ്സ് ആണ് ഇവർക്ക് വേണ്ട സ്പോൺസർഷിപ്പ് നൽകിയിരിക്കുന്നത്. ദേശീയ വിജയികളായാണ് ഇവർ നാല് പേരും സൗത്ത് കൊറിയയിലേക്ക് പോകാൻ ഇവർ യോഗ്യത നേടിയത്. അന്താരാഷ്ട്ര മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിക്കുന്നത് വലിയ അഭിമാനമായി കാണുന്നു എന്നും, രാജ്യത്തിന് വേണ്ടി നല്ല കളി പുറത്തെടുക്കാൻ സാധിക്കും എന്ന ഉറച്ച വിശ്വാസമുണ്ടെന്നും ടീം മെമ്പർ ഷെരീഫ് അറിയിച്ചു. നാളെ നെടുമ്പാശേരിയിൽ നിന്നും പുറപ്പെടുന്ന ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത് രാംകോ സിമന്റ്‌സ് ആണ്.

ഓസ്ട്രേലിയൻ പ്രതീക്ഷയായ നിക്ക് കിരിയോസ് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കില്ല

കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് നിക്ക് കിരിയോസ് പിന്മാറി. ഓസ്ട്രേലിയയുടെ കിരീട പ്രതീക്ഷ ആയിരുന്നു നിക്ക് കിരിയോസ്. കഴിഞ്ഞ വർഷം വിംബിൾഡണിൽ റണ്ണറപ്പായിരുന്നി കിരിയോസ്. 27 കാരനായ കിരിയോസ് ലോക 21-ാം നമ്പർ താരം റഷ്യയുടെ റോമൻ സഫിയുല്ലിനെതിരെയായിരുന്നു ആദ്യ റൗണ്ടിൽ കളിക്കാനിരുന്നത്.

സ്വന്തം നാട്ടിൽ നടക്കുന്ന ഈ വലിയ ടൂർണമെന്റിൽ നിന്ന് പിന്മാറേണ്ടി വന്നതിൽ താൻ അതീവ ദുഖത്തിൽ ആണെന്ന് താരൻ പറഞ്ഞു. ഓസ്‌ട്രേലിയൻ ഓപ്പണിൽ സ്വന്തം നാട്ടുകാരനായ ഒരു പുരുഷ ചാമ്പ്യനായുള്ള ഓസ്ട്രേലിയയുടെ 47 വർഷത്തെ കാത്തിരിപ്പ് ഇനിയുൻ തുടരേണ്ടി വരും എന്ന് ഇതോടെ ഉറപ്പായി. പരിക്ക് മാറാൻ കിരിയോസ് ശസ്ത്രക്രിയക്ക് വിധേയനാകും.

ലൗ ആൾ തൃശ്ശൂർ

ഇക്കൊല്ലത്തെ തൃശൂർ വെറ്ററൻസ് ടെന്നീസ് ടൂർണമെന്റിന് നാളെ തുടക്കമാകും. ഹൈകോടതി ജസ്റ്റിസ് മുഹമ്മദ് നിയാസ് ഇന്ന് വൈകിട്ട് ഏഴ് മണിക്ക് തൃശൂർ ടെന്നീസ് ട്രസ്റ്റ് അങ്കണത്തിൽ വച്ച് ടൂർണമെന്റ് ഉത്ഘാടനം ചെയ്യും. ഈയ്യിടെ അന്തരിച്ച, നല്ലൊരു ടെന്നീസ് കളിക്കാരിയും, സംഘാടകയുമായിരുന്ന അഡ്വക്കേറ്റ് പുഷ്ക്കല ബഷീറിന്റെ ഓർമ്മക്കായി അഡ്വക്കേറ്റ് പുഷ്കല മെമ്മോറിയൽ വെറ്ററൻസ് ടെന്നീസ് ടൂർണമെന്റ് എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഇത്തവണത്തെ ടൂർണമെന്റിൽ പങ്കെടുക്കാൻ കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നും നൂറോളം കളിക്കാർ വരുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

ഡിസംബർ 10, 11 തിയ്യതികളിൽ നടക്കുന്ന മത്സരങ്ങൾ തൃശൂർ ടെന്നീസ് ട്രസ്റ്റിന്റെ കീഴിലുള്ള കിണറ്റിങ്കൽ ടെന്നീസ് കോർട്ടിൽ വച്ചാണ് തൃശൂർ ടെന്നീസ് അസോസിയേഷൻ സംഘടിപ്പിക്കുന്നത്. വനിതകൾക്കും പുരുഷൻമാർക്കും വെവ്വേറെ ഒരുക്കുന്ന മത്സരങ്ങളിൽ 35+, 45+, 55+, 65+ എന്നീ വിഭാഗങ്ങളിലാണ് കളിക്കാർ മാറ്റുരക്കുക.

കേരള ടെന്നീസ് ചരിത്രത്തിൽ എന്നും വാശിയേറിയ മത്സരങ്ങൾ നടക്കുന്ന വെറ്ററൻസ് ടെന്നീസ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഇത്തവണ സാധാരണയിൽ കവിഞ്ഞുള്ള തിരക്കുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന ടെന്നീസിലെ വന്മരങ്ങൾ പങ്കെടുക്കുന്ന ഈ മത്സര വേദി, കേരളത്തിലെ ടെന്നീസിനെ നയിക്കുന്നവരുടെയും, അഭ്യുതകാംഷികളുടെയും ഒരു സമ്മേളന വേദി കൂടിയാകും. ടെന്നിസിന് മാർഗ്ഗനിർദ്ദേശം നൽകി പോന്നിരുന്നവരുടെ അനൗദ്യോഗിക കൂടിക്കാഴ്ചകളിൽ, ടെന്നിസിന് ഗുണകരമാകുന്ന തീരുമാനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. ടെന്നീസ് എന്ന ഈ മനോഹര ഗെയിമിനെ ഇപ്പോഴത്തെ സംവിധാനങ്ങളിലും, ചട്ടക്കൂടുകളിലും തളച്ചിടാതെ, കൂടുതൽ ജനകീയവൽക്കരിക്കാൻ ഉതകുന്ന അഭിപ്രായങ്ങൾ ഉയർന്നു വരും എന്നാണ് പറയപ്പെടുന്നത്. തൃശൂരിൽ എത്തുന്ന സംസ്ഥാന ടെന്നീസ് ഭാരവാഹികൾ ഈ നിർദ്ദേശങ്ങളെ തുറന്ന മനസ്സോടെ സമീപിച്ചു, ഈ കളിയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ട നടപടികൾക്ക് തുടക്കം കുറിക്കും എന്ന് പ്രത്യാശിക്കാം. നാളെ കിണറ്റിങ്കൽ കോർട്ടുകളിൽ ആദ്യത്തെ ‘ലവ് ആൾ’ മുഴങ്ങുമ്പോൾ, കേരളത്തിലെ ടെന്നീസ് ആരാധകർ കാത്തിരിക്കും, ഒരു നല്ല നാളേക്കായി.

സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് ടെന്നീസ് ട്രോഫി എറണാകുളം നേടി

ഡിസംബർ മൂന്ന് നാല് ദിവസങ്ങളായി കൊച്ചിയിൽ നടന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് ടെന്നീസ് ടൂർണമെന്റ് എറണാകുളം ജില്ല 127 പോയിന്റ് കരസഥമാക്കി ഓവറോൾ ചാമ്പJൻമാരായി. 52 പോയിന്റ് നേടി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനക്കാരായി. ഹൈകോർട്ട് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ വിജയി കൾക്ക് മെഡലും സർട്ടിഫിക്കറ്റും സമ്മാനിച്ചു.

എറണാകുളത്തിന് വേണ്ടി ക്യാപ്റ്റനും ടെന്നീസ് മാസ്റ്റേഴ്സ് കൺവീനറുമായ ഷിനു ഗോപാൽ ട്രോഫി സ്ഥീകരിച്ചു. തിരുവനന്തപുരത്തിന് വേണ്ടി ക്യാപ്റ്റനും തിരുവനന്തപുരം ജില്ല ടെന്നീസ് കൺവീനറുമായ ബിജു വിജയൻ ട്രോഫി സ്ഥീകരിച്ചു. വൈകുന്നേരം നടന്ന ചടങ്ങിൽ ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ മുഖ്യ അതിഥിയായി . സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് ടെന്നീസ് കൺവീനർ ഷിനു ഗോപാൽ സ്വാഗതവും എറണാകുളം ജില്ലാ മാസ്റ്റേഴ്സ് ഗെയിംസ് പ്രസിഡന്റ് തോമസ് ബാബു നന്ദിയും പറഞ്ഞു. സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് സീനിയർ വൈസ് പ്രസിഡന്റ് ഷിബു ഹോർ മസ് സംസാരിച്ചു.

കേരള ടെന്നീസ് റാങ്കിങ് ടൂർണമെന്റ് തൃശൂരിൽ

ശ്രീ ചിത്ര ടൂർണമെൻറ് ഉദ്ഘാടനം
കേരള ഹൈക്കോടതി ജഡ്ജ് എ കെ. ജയശങ്കരൻ നമ്പ്യാർ ഉത്ഘാടനം ചെയ്തു. കേരള ടെന്നീസ് അസോസിയേഷന് വേണ്ടി തൃശ്ശൂർ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ കേരള വ്യക്തിഗത റാങ്കിങ് മത്സരം ഡിസംബർ 1 മുതൽ 7 വരെ കിണറ്റിങ്കൽ ടെന്നീസ് & സ്പോർട്സ് അക്കാദമിയിൽ വച്ചാണ് നടക്കുന്നത്.

അഡ്വ. എം. എച്ച് മുഹമ്മദ് ബഷീർ സ്വാഗതം ആശംസിച്ചു. K K രാമചന്ദ്രൻ , Adv റോബ്സൺ പോൾ Adv സോമ കുമാർ Prof ടി ഡി ഫ്രാൻസിസ് മധു രാമസ്വാമി Dr. ആൻ്റോ ടി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ടെന്നീസ് പൂരത്തിന് തയ്യാറെടുത്തു തൃശൂർ

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ നാടായ തൃശൂരിൽ ഇനി വരാൻ പോകുന്നത് ടെന്നീസ് പൂരത്തിന്റെ നാളുകളാണ്. കേരളത്തിന്റെ ടെന്നീസ് തലസ്ഥാനം തൃശൂരാണ് എന്ന് അരക്കിട്ടുറപ്പിക്കാൻ തന്നെയാണ് ജില്ലാ ടെന്നീസ് അസോസിയേഷന്റെ തീരുമാനം. മഞ്ഞു പെയ്യുന്ന ഡിസംബർ മാസത്തിൽ തൃശൂരിലെ ടെന്നീസ് ആരാധകർ ഒരുക്കാൻ ഉദ്ദേശിക്കുന്നത് തീ പാറുന്ന പോരാട്ടങ്ങളാണ്. പരശുരാമൻ മഴുവെറിഞ്ഞു കടലിൽ നിന്നും ഉയർത്തിയ കേര നാടിന്റെ നദാലിനെയും ജോക്കോവിച്ചിനെയും കണ്ടുപിടിക്കാനുള്ള മത്സരങ്ങൾ കൂടാതെ, പോയ കാലത്തെ മിന്നും താരങ്ങളായ ബോർഗിന്റെയും, അഗാസിയുടെയും, മക്ൻറോയുടെയും കേരളത്തിലെ പിൻഗാമികളെ തീരുമാനിക്കാനുള്ള മത്സരങ്ങളും അടുത്ത മാസം തൃശൂർ വച്ച് നടക്കും.

ഡിസംബർ 1 മുതൽ 7 വരെ 86മത് കേരള സംസ്ഥാന വ്യക്തിഗത റാങ്കിങ് ടൂർണമെന്റ് തൃശൂർ ടെന്നീസ് അസോസിയേഷനുമായി കൈകോർത്തു കൊണ്ട്, തൃശൂർ ടെന്നീസ് ട്രസ്റ്റ് സംഘടിപ്പിക്കുന്നു.ഒന്നാം തിയ്യതി മന്ത്രി കെ.രാജൻ ഉത്ഘാടനം നിർവ്വഹിക്കുന്ന ഈ ടെന്നീസ് മാമാങ്കത്തിൽ കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ടെന്നീസ് കളിക്കാർ പങ്കെടുക്കും എന്ന് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ അറിയിച്ചു. കുട്ടികളുടെ അണ്ടർ 18 , 16 , 14 , 12 വിഭാഗങ്ങളിൽ സിംഗിൾസും ഡബിൾസും മത്സരങ്ങൾ ഉണ്ടാകും. കൂടാതെ മെൻസ് & വിമൻസ് വിഭാഗത്തിലും മത്സരങ്ങൾ ഉണ്ടാകും. കേരളത്തിലെ മുൻനിര ടെന്നീസ് കളിക്കാരുടെ മാത്രമല്ല, ഉയർന്നു വരുന്ന പുതുതലമുറ കളിക്കാരുടെയും പ്രകടനങ്ങൾ കാണികൾക്കു ആവേശം പകരും എന്ന കാര്യത്തിൽ സംശയം വേണ്ട എന്നും അദ്ദേഹം അറിയിച്ചു.

ഇത് കൂടാതെ ഡിസംബർ 10 , 11 തിയ്യതികളിൽ തൃശൂർ ടെന്നീസ് അസോസിയേഷൻ കേരളത്തിലുള്ള വെറ്ററൻ ടെന്നീസ് കളിക്കാർക്ക് വേണ്ടി റോജർ ഫെഡറർ സീനിയർ ചലഞ്ചും നടത്തുന്നതാണ് എന്ന് അഡ്വക്കേറ്റ് ബഷീർ അറിയിച്ചു. 35 വയസ്സിനു മുകളിൽ ഉള്ളവർക്ക് വേണ്ടിയുള്ള ഈ ടൂർണമെന്റ് പല ഏജ്‌ ഗ്രൂപ്പുകളായി തിരിച്ചാകും നടത്തുക എന്ന് പറഞ്ഞു.

ഈ രണ്ട് ടൂര്ണമെന്റുകളും സ്പോൺസർ ചെയ്യുന്നത് DLF കമ്പനിയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 8589015456

മാസ്റ്റേഴ്സ് ടെന്നീസ് ടൂർണമെന്റിന് എറണാകുളം വേദിയാകും

നാലാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിന്റെ ഭാഗമായുള്ള, മാസ്റ്റേഴ്സ് ടെന്നീസ് ടൂർണമെന്റ് ഡിസംബർ 3, 4 തിയ്യതികളിൽ എറണാകുളത്ത് വച്ചു നടക്കും എന്നു മാസ്റ്റേഴ്സ് ഗെയിംസ് ഭാരവാഹികൾ അറിയിച്ചു. കടവന്ത്രയിലുള്ള റീജിയണൽ സ്പോർട്സ് സെന്ററിൽ വച്ചു നടക്കുന്ന ടെന്നീസ് ടൂർണമെന്റിൽ പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടാകും.

പുരുഷൻമാരുടെ വിഭാഗത്തിൽ 30+,40+, 50+, 60+, 70+ എന്നിങ്ങനെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വനിതകൾക്ക് 30+ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നും.

മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടെന്നീസ് മാസ്റ്റേഴ്സ് ഗെയിംസ് കൺവീനർ ഷെനു ഗോപാലുമായി ബന്ധപ്പെടേണ്ടതാണ്.
മൊബൈൽ: 90201 16947

മലപ്പുറം ജില്ല ടെന്നീസ് ചാമ്പ്യൻഷിപ്പ് എടപ്പാളിൽ നടക്കും

മലപ്പുറം ജില്ല ടെന്നീസ് ചാമ്പ്യൻഷിപ്പ് നവംബർ 19, 20 തിയ്യതികളിൽ നടക്കും. എടപ്പാൾ ടെന്നീസ് അക്കാദമിയിൽ വച്ചു നടക്കുന്ന ടൂർണമെന്റിൽ അണ്ടർ 14, അണ്ടർ 16, അണ്ടർ 18 എന്നീ വിഭാഗങ്ങൾ കൂടാതെ, പുരുഷ വനിത വിഭാഗങ്ങളിലും പ്രത്യേക മത്സരങ്ങൾ ഉണ്ടാകും എന്ന് ഭാരവാഹികൾ അറിയിച്ചു. ഈ മത്സരങ്ങളിൽ വിജയികളാകുന്നവർ അന്തർജില്ല മത്സരങ്ങളിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു കളിക്കും. കളിക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 18 മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൊച്ചിൻ ചാമ്പ്യൻഷിപ്പ് ഈ മാസം

എറണാകുളം ജില്ലാ ടെന്നീസ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് ഈ മാസം 19ന് തുടങ്ങും എന്നു ജില്ലാ ടെന്നീസ് അസ്സോസിയേഷൻ പ്രസിഡന്റ് മാർട്ടിൻ ജി പൂത്തോക്കാരൻ അറിയിച്ചു. കടവന്ത്രയിലുള്ള റീജിയണൽ സ്പോർട്സ് സെന്ററിൽ വച്ചാകും ടൂർണമെന്റ് നടക്കുക. നവംബർ 19 മുതൽ 27 വരെയുള്ള തിയ്യതികളിൽ മെൻസ്, വിമൻസ്, ബോയ്സ്, ഗേർസ് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.

ജില്ലാ ടെന്നീസ് അസ്സോസിയേഷൻ പ്രസിഡന്റ് മാർട്ടിൻ ജി പൂത്തോക്കാരൻ

കഴിഞ്ഞ 6 മാസത്തിൽ കുറയാതെ എറണാകുളം ജില്ലയിൽ താമസിക്കുന്ന ആർക്കും ടൂർണമെന്റിൽ പങ്കെടുക്കാവുന്നതാണ്. ഇതിൽ വിജയികളാകുന്നവർക്ക് സ്റ്റേറ്റ് ടൂർണമെന്റിൽ ജില്ലയെ പ്രതിനിധീകരിച്ചു കളിക്കാൻ അവസരം ലഭിക്കും. ടൂർണമെന്റ് എൻട്രി ഫോം ലഭിക്കാനായി മാൻ സിംഗ് താപ്പയുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ നമ്പർ: 9946359563

Exit mobile version