കൗണ്ടിയിൽ തിളങ്ങി വാഷിംഗ്ടൺ സുന്ദര്‍, അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ്

ലങ്കാഷയറിന് വേണ്ടിയുള്ള തന്റെ കൗണ്ടി അരങ്ങേറ്റം ജോറാക്കി വാഷിംഗ്ടൺ സുന്ദര്‍. നോര്‍ത്താംപ്ടൺഷയറിനെതിരെയുള്ള മത്സരത്തിൽ താരം 5 വിക്കറ്റാണ് മത്സരത്തിന്റെ രണ്ടാം ദിവസം പൂര്‍ത്തിയാക്കിയത്.

ആദ്യ ദിവസം താരം 4 വിക്കറ്റ് നേടിയിരുന്നു. അതിന് ശേഷം രണ്ടാം ദിവസം ഒരു വിക്കറ്റ് കൂടി ചേര്‍ക്കുകയായിരുന്നു. പരിക്ക് കാരണം ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി കഴിയുന്ന താരം അവസാനമായി റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചത് മാര്‍ച്ച് 2021ൽ ആണ്.

ലങ്കാഷയര്‍ വിട്ട് സീസൺ അവസാനം അലെക്സ് ഡേവിസ് വാര്‍വിക്ക്ഷയറിൽ ചേരും

ദി ഹണ്ട്രെഡിൽ സത്തേൺ ബ്രേവിന് വേണ്ടി കളിക്കുന്ന അലെക്സ് ഡേവിസ് വാര്‍വിക്ക്ഷയറിൽ ചേരും. സീസൺ അവസാനത്തോടെയാണ് ലങ്കാഷയറിൽ നിന്ന് ഈ വിക്കറ്റ് കീപ്പര്‍ താരത്തിന്റെ നീക്കം. 2012ൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ഡേവിസ് 4682 റൺസാണ് നേടിയിട്ടുള്ളത് കൗണ്ടി ക്രിക്കറ്റിൽ. ഇത് കൂടാതെ ടി20 ക്രിക്കറ്റിൽ 1699 റൺസും ഡേവിസ് നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലേക്കെത്തുവാന്‍ തനിക്ക് ഈ പുതിയ ഉദ്യമത്തിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നതെന്നും അലെക്സ് വ്യക്തമാക്കി. ലങ്കാഷയറിലുള്ള സമയം താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്നും എന്നാൽ പുതിയ ദൗത്യത്തെ താനുറ്റുനോക്കുന്നുവെന്നും കാറെ സൂചിപ്പിച്ചു.

സാക്കിബ് മഹമ്മൂദ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തിരികെ എത്തില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍

ജൂണില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുമ്പോള്‍ തങ്ങളുടെ താരം സാക്കിബ് മഹമ്മൂദ് തിരികെ പേശ്വാര്‍ സല്‍മിയ്ക്കൊപ്പം ചേരില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍. കോവിഡ് കാരണം ഫെബ്രുവരി പകുതിയോടെ ആരംഭിച്ച ടൂര്‍ണ്ണമെന്റ് നിര്‍ത്തി വയ്ക്കുകയായിരുന്നു. സല്‍മിയ്ക്ക് വേണ്ടി 12 വിക്കറ്റാണ് മഹമ്മൂദ് നേടിയത്.

ജൂണ്‍ 1ന് ലീഗ് പുനരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

പരിക്ക്, കൗണ്ടിയില്‍ ജാക്സണ്‍ ബേര്‍ഡ് ലങ്കാഷയറിന് വേണ്ടി കളിക്കാനില്ല

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ലങ്കാഷയറിന് തിരിച്ചടി. ടീമിന് വേണ്ടി കളിക്കുവാന്‍ ഓസ്ട്രേലിയന്‍ പേസര്‍ ജാക്സണ്‍ ബേര്‍ഡ് എത്തില്ല എന്നാണ് അറിയുന്നത്. താരത്തിന്റെ കഴുത്തിനേറ്റ പരിക്കാണ് ഈ പിന്മാറ്റത്തിന് കാരണം. ടൂര്‍ണ്ണമെന്റില്‍ ആറ് മത്സരങ്ങള്‍ക്കായായിരുന്നു ലങ്കാഷയര്‍ താരത്തെ സ്വന്തമാക്കിയത്.

കെന്റിനെതിരെയുള്ള മൂന്നാം മത്സരം മുതല്‍ താരം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ബള്‍ജിംഗ് ഡിസ്ക് കാരണം താരത്തോട് നാലാഴ്ച വിശ്രമം തേടുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ടീമിന് ഒരു ഓവര്‍സീസ് താരത്തെ പകരക്കാരനായി കണ്ടെത്താവുന്നതാണ്.

റോയല്‍ ലണ്ടന്‍ കപ്പ് കളിക്കുവാന്‍ ശ്രേയസ്സ് അയ്യരും, താരവുമായി കരാറിലെത്തി ലങ്കാഷയന്‍

റോയല്‍ ലണ്ടന്‍ കപ്പിനു വേണ്ടി ഇന്ത്യന്‍ താരം ശ്രേയസ്സ് അയ്യരുമായി കരാറിലെത്തി ലങ്കാഷയര്‍. ജൂലൈ 15 മുതല്‍ ആരംഭിയ്ക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന ലീഗില്‍ മുഴുവനുമായി താരം കളിക്കുമെന്നാണ് അറിയുന്നത്. ക്ലബിന് വേണ്ടി കളിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി അയ്യര്‍ മാറും. ഫറൂഖ് എഞ്ചിനിയര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, ദിനേശ് മോംഗിയ, മുരളി കാര്‍ത്തിക് എന്നിവരാണ് മുമ്പ് ലങ്കാഷയറിന് വേണ്ടി കളിച്ചിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

ഇന്ത്യയ്ക്കായി 21 ഏകദിനങ്ങളും 29 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ശ്രേയസ്സ് അയ്യര്‍. ലങ്കാഷയര്‍ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഐതിഹാസികമായ ഒരു ക്ലബ് ആണെന്നും ഇന്ത്യന്‍ ക്രിക്കറ്റുമായി ചരിത്രപരമായ ബന്ധമുള്ള ക്ലബിന് വേണ്ടി കളിക്കുവാനായതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി. ശ്രേയസ്സ് അയ്യര്‍ ഇന്ത്യയുടെ അടുത്ത തലമുറയിലെ മുന്‍നിര ബാറ്റ്സ്മാനാണെന്നും അദ്ദേഹത്തെ സ്വന്തമാക്കുവാനായതില്‍ സന്തോഷമുണ്ടെന്നുമാണ് ക്ലബിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പോള്‍ അലോട്ട് പറഞ്ഞത്.

മൂന്ന് അന്താരാഷ്ട്ര താരങ്ങളുടെ കരാര്‍ റദ്ദാക്കി ലങ്കാഷയര്‍

കൊറോണ മൂലം കൗണ്ടി ക്രിക്കറ്റ് അനിശ്ചിതാവസ്ഥയില്‍ തുടരുമ്പോള്‍ മറ്റു കൗണ്ടികളെ പോലെ കരാര്‍ റദ്ദാക്കി ലങ്കാഷയറും. ഓസ്ട്രേലിയക്കാരായ ഗ്ലെന്‍ മാക്സ്വെല്‍, ജെയിംസ് ഫോക്നര്‍ എന്നിവരുടെയും ന്യൂസിലാണ്ട് വിക്കറ്റ് കീപ്പര്‍ ബിജെ വാട്‍ളിംഗിന്റെയും കരാറുകളാണ് ലങ്കാഷയര്‍ റദ്ദാക്കിയത്. എന്നാല്‍ അടുത്ത വര്‍ഷം ഇവരെ വീണ്ടും ടീമിലെത്തിക്കാമെന്ന ഉപാധി പ്രാവര്‍ത്തികം ആക്കി വെച്ചിട്ടുണ്ട്.

ഓസ്ട്രേലിയന്‍ താരങ്ങള്‍ ടി20 ബ്ലാസ്റ്റിന് വേണ്ടി കരാറിലെത്തിയതാണെങ്കില്‍ വാട്ളിംഗിന് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യത്തെ 9 മത്സരങ്ങളില്‍ കളിക്കാനായാണ് കരാറിലെത്തിയത്.

മൂന്ന് താരങ്ങള്‍ക്കും കരാര്‍ റദ്ദാക്കല്‍ സാഹചര്യം മനസ്സിലാക്കിയതിന് നന്ദി അര്‍പ്പിക്കുന്നുവെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

ടി20 ബ്ലാസ്റ്റിന് ലങ്കാഷയറുമായി കരാറിലെത്തി മാക്സ്വെല്‍

ടി20 ബ്ലാസ്റ്റ് 2020ന് വേണ്ടി ലങ്കാഷയറുമായി വീണ്ടും കരാറിലെത്തി ഗ്ലെന്‍ മാക്സ്വെല്‍. ടൂര്‍ണ്ണമെന്റില്‍ എട്ടോളം മത്സരത്തില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറുടെ സേവനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ശേഷം താരം ദേശീയ ടീമിലേക്ക് മടങ്ങിപ്പോകും. 2019ല്‍ ടീമിനായി എല്ലാ ഫോര്‍മാറ്റിലും കളിച്ച താരമാണ് മാക്സ്വെല്‍. അതോടെ ടീമിന് കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ ഫസ്റ്റ് ഡിവിഷനിലേക്ക് യോഗ്യത നേടാനുമായി.

11 മത്സരങ്ങളില്‍ നിന്ന് 305 റണ്‍സാണ് മാക്സ്വെല്‍ കഴിഞ്ഞ ടി20 ബ്ലാസ്റ്റില്‍ നേടിയത്. ടീമിനായുള്ള ആദ്യ മത്സരത്തില്‍ 30 പന്തില്‍ താരം അര്‍ദ്ധ ശതകവും നേടിയിരുന്നു. ആറ് വിക്കറ്റും നേടിയ താരത്തെ ലങ്കാഷയര്‍ തങ്ങളുടെ 2019ലെ ടി20 താരമായി തിരഞ്ഞെടുക്കുകയായിരുന്നു.

വാട്‍ളിംഗ് ലങ്കാഷയറിനായി 9 ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കളിക്കും

ന്യൂസിലാണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബിജെ വാട്ളിംഗിനെ 2020 കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി കരാറിലെത്തിച്ച് ലങ്കാഷയര്‍. ഏപ്രിലില്‍ കെന്റിനെതിരെ ആരംഭിക്കുന്ന മത്സരം മുതല്‍ 9 ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ താരം പങ്കെടുക്കും. ന്യൂസിലാണ്ടിനായി പല നിര്‍ണ്ണായക ഇന്നിംഗ്സുകള്‍ പുറത്തെടുത്ത് ടീമിന്റെ രക്ഷകനായി മാറിയിട്ടുള്ള താരമാണ് വാട്‍ളിംഗ്.

താരത്തിന്റെ ഫസ്റ്റ്-ക്ലാസ്സ് റെക്കോര്‍ഡും ടെസ്റ്റ് റെക്കോര്‍ഡും ഏറെ മികച്ചതാണെന്നും ലങ്കാഷയര്‍ ക്രിക്കറ്റ് ഡയറക്ടര്‍ പോള്‍ അല്ലോട്ട് അഭിപ്രായപ്പെട്ടു.

66 ടെസ്റ്റ് മത്സരങ്ങലില്‍ കളിച്ചിട്ടുള്ള താരം എട്ട് ശതകങ്ങളാണ് ടെസ്റ്റില്‍ നേടിയിട്ടുള്ളത്. 40 എന്ന ശരാശരിയിലാണ് താരത്തിന്റെ ടെസ്റ്റിലെ സ്കോറിംഗ്.

കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് മുന്‍ഗണന, ഐപിഎല്‍ കളിക്കാനില്ലെന്ന് ലിയാം ലിവിംഗ്സ്റ്റണ്‍

കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കളിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിനായി ഐപിഎല്‍ കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ലങ്കാഷയര്‍ താരം ലിയാം ലിവിംഗ്സ്റ്റണ്‍. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച താരത്തെ ഇത്തവണ ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. അതിന് പകരം ഡിവിഷന്‍ വണ്‍ കൗണ്ടി സീസണ്‍ പൂര്‍ണ്ണമായും കളിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഇടം പിടിക്കാനാണ് താരം ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണില്‍ അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. നാല് മത്സരങ്ങളില്‍ നിന്ന് 71 റണ്‍സ് നേടിയ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം 26 പന്തില്‍ സണ്‍റൈസേഴ്സിനെതിരെ 44 റണ്‍സ് നേടിയതായിരുന്നു.

ലാങ്കാഷയറുമായി കരാറിലെത്തി കേശവ് മഹാരാജ്

ശേഷിക്കുന്ന കൗണ്ടി സീസണില്‍ ലാങ്കാഷയറിനു വേണ്ടി കളിക്കുവാന്‍ കരാര്‍ ഒപ്പിട്ട് ദക്ഷിണാഫ്രിക്കയുടെ മുന്‍ നിര താരം കേശവ് മഹാരാജ്. ഈ ആഴ്ച സൗത്ത്പോര്‍ട്ടില്‍ നടക്കുന്ന ലാങ്കാഷയറിന്റെ കൗണ്ടി മത്സരത്തില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വോര്‍സ്റ്റര്‍ഷയറുമായാണ് മത്സരം. സോമര്‍സെറ്റ്, യോര്‍ക്ക്ഷയര്‍, ഹാംഷയര്‍ എന്നിവരുമായും ടീമിനു മത്സരങ്ങളുണ്ട്.

നിലവില്‍ ലാങ്കാഷയര്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ അവസാന സ്ഥാനക്കാരാണ്. ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ടീമിനായില്ലെങ്കില്‍ രണ്ടാം ഡിവിഷനിലേക്ക് ടീം തരം താഴ്ത്തപ്പെടും.

അഫ്ഗാന്‍ താരം ലാങ്കാഷയറിലേക്ക്

അഫ്ഗാനിസ്ഥാന്റെ ചൈനമാന്‍ ബൗളര്‍ സഹിര്‍ ഖാന്‍ ഇംഗ്ലണ്ടിലേക്ക്. കൗണ്ടിയുടെ ബാക്കിയുള്ള സീസണില്‍ താരം ലാങ്കാഷയറിനു വേണ്ടി കളിക്കുവാനുള്ള കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനു വേണ്ടി പാപുവ ന്യ ഗിനിയ്ക്കെതിരെ 2015ല്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച 19 വയസ്സുകാരന്‍ താരം ഇതുവരെ 34 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ ടെസ്റ്റ് സ്ക്വാഡില്‍ അംഗമായിരുന്നു സഹീര്‍ ഖാന്‍

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തിനെ 2018 സീസണില്‍ തിരഞ്ഞെടുത്തിരുന്നുവെങ്കിലും പരിക്ക് മൂലം ടൂര്‍ണ്ണമെന്റ് സഹീറിനു നഷ്ടമായി. റഷീദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ക്ക് പുറമേ കൗണ്ടി കളിക്കുന്ന നാലാമത്തെ അഫ്ഗാന്‍ താരമാണ് സഹീര്‍ ഖാന്‍. രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ അംഗമായിരുന്നപ്പോള്‍ ജോസ് ബട്‍ലറില്‍ നിന്ന് ലാങ്കാഷയറിനെയും ഓള്‍ഡ് ട്രാഫോര്‍ഡിനെയും കുറിച്ച് ഏറെ കാര്യങ്ങള്‍ കേട്ടിരുന്നുവെന്നാണ് അഫ്ഗാന്‍ താരം പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version