ബൗളിംഗിലെ പഴയ പ്രതാപം വീണ്ടെടുത്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, ഡല്‍ഹിയ്ക്ക് 129 റണ്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. കൃത്യമായ ഇടവേളകളി‍ല്‍ വിക്കറ്റുകള്‍ വീഴ്ത്തിയാണ് സണ്‍റൈസേഴ്സ് ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കിയത്. ശ്രേയസ്സ് അയ്യര്‍ മാത്രമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ റണ്‍സ് കണ്ടെത്തിയത്. 17ാം ഓവറില്‍ റഷീദ് ഖാന്റെ ഓവറിലെ ആദ്യ പന്തില്‍ പുറത്താകുമ്പോള്‍ 43 റണ്‍സാണ് ശ്രേയസ്സ് അയ്യര്‍ നേടിയത്.

ശ്രേയസ്സ് അയ്യര്‍ പുറത്തായ ശേഷം ക്രിസ് മോറിസ് നേടിയ 17 റണ്‍സിന്റെ ബലത്തില്‍ ഡല്‍ഹി 100 റണ്‍സ് കടക്കുകയായിരുന്നു. 20 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ആതിഥേയര്‍ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ റണ്‍സാണ് നേടാനായത്.  അവസാന ഓവറുകളില്‍ നേടിയ ബൗണ്ടറിയും രണ്ട് സിക്സും സഹിതം 23 റണ്‍സ് നേടിയ അക്സര്‍ പട്ടേലാണ് ടീമിനെ 129 റണ്‍സിലേക്ക് എത്തിച്ചത്. വെറും 13 പന്തില്‍ നിന്നാണ് അക്സര്‍ ഈ സ്കോര്‍ നേടിയത്. അവസാന ഓവറില്‍ രണ്ട് സിക്സാണ് സിദ്ധാര്‍ത്ഥ് കൗളിന്റെ ഓവറില്‍ അക്സര്‍ പട്ടേല്‍ നേടിയത്.

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, മുഹമ്മദ് നബി രണ്ടും റഷീദ് ഖാന്‍,  സന്ദീപ് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി. അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും റഷീദ് ഖാനും മികച്ച രീതിയിലാണ് സണ്‍റൈസേഴ്സിനു വേണ്ടി പന്തെറിഞ്ഞത്. നബി തന്റെ നാലോവറില്‍ 21 റണ്‍സും റഷീദ് ഖാന്‍ 18 റണ്‍സുമാണ് വിട്ട് നല്‍കിയത്.

ഓള്‍റൗണ്ടര്‍ എന്ന് വിളിക്കപ്പെടുന്നത് സന്തോഷം നല്‍കുന്ന കാര്യം

റഷീദ് ഖാന്‍ ലോകം പേടിക്കുന്ന സ്പിന്നര്‍ ആണെങ്കിലും താരത്തില്‍ നിന്ന് തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത് ഐപിഎലിലും ബിഗ് ബാഷിലും മാത്രമല്ല ദേശീയ ടീമിനു വേണ്ടി കളിക്കുമ്പോളും റഷീദ് ഖാന്‍ പലപ്പോഴും അടിച്ച് തകര്‍ക്കാറുണ്ട്. തന്നെ ഓള്‍റൗണ്ടര്‍ എന്ന് ആളുകള്‍ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നാണ് റഷീദ് ഖാന്‍ വ്യക്തമാക്കിയത്. താന്‍ എല്ലാക്കാലവും തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കാറുണ്ട്.

2016ല്‍ ദേശീയ ടീമിലെത്തിയപ്പോള്‍ മുതല്‍ താന്‍ അന്നത്തെ അഫ്ഗാനിസ്ഥാന്‍ കോച്ച് ഇന്‍സമാമിനോട് താന്‍ ഒരു യഥാര്‍ത്ഥ ബാറ്റ്സ്മാനാണെന്ന് പറയുമായിരുന്നു. എന്നാല്‍ അദ്ദേഹം അത് ഒരിക്കലും ഗൗനിച്ചില്ല. അതിനാല്‍ തന്നെ അത് മനസ്സിലുള്ളതിനാല്‍ ഞാനെന്റെ ബാറ്റിംഗ് എന്നും മെച്ചപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടുണ്ടന്ന് റഷീദ് ഖാന്‍ വ്യക്തമാക്കി. ഇനിയും താന്‍ തന്റെ ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അതിനാല്‍ തന്നെ ബാറ്റിംഗ് മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും റഷീദ് വ്യക്തമാക്കി.

നബി മാജിക്കില്‍ തകര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ്, 118 റണ്‍സ് തോല്‍വി

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ കൂറ്റന്‍ തോല്‍വിയേറ്റു വാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മുഹമ്മദ് നബിയുടെ പന്തുകള്‍ക്ക് മുന്നില്‍ ബുദ്ധിമുട്ടിയ ആര്‍സിബി ബാറ്റ്സ്മാന്മാര്‍ 19.5 ഓവറില്‍ 113 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 37 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഡോം ആണ് ടീമിന്റെ ടോപ് സ്കോറര്‍. തന്റെ നാലോവറില്‍ നിന്ന് വെറും 11 റണ്‍സിനാണ് മുഹമ്മദ് നബി 4 വിക്കറ്റ് വീഴ്ത്തിയത്.

ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ എഴുപത് റണ്‍സിനു ടീം ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് ഓള്‍ഔട്ട് ആയിരുന്നു. ആ പ്രകടനത്തിലും മോശം പ്രകടനമാകുമെന്ന് കരുതിയെങ്കിലും ഏഴാം വിക്കറ്റില്‍ ഒത്തുകൂടിയ കോളിന്‍ ഡി ഗ്രാന്‍ഡോം-പ്രയസ് ബര്‍മ്മന്‍ കൂട്ടുകെട്ട് ടീമിനെ നൂറ് കടക്കുവാന്‍ സഹായിച്ചു. 51 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും നേടിയത്. എന്നാല്‍ ലക്ഷ്യം വളരെ വലുതായതിനാല്‍ ആരും തന്നെ കൂട്ടുകെട്ടില്‍ നിന്ന് വിജയം പ്രതീക്ഷിച്ചതുമില്ല. 19 റണ്‍സ് നേടി പ്രയസ് ബര്‍മ്മന്‍ പുറത്തായപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 37 റണ്‍സ് നേടി. ഉമേഷ് യാദവ് അവസാനം വന്ന് അതി വേഗത്തില്‍ 14 റണ്‍സ് നേടി മടങ്ങി.

നബി നാല് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് നേടി. മൂന്ന് ആര്‍സിബി ബാറ്റ്സ്മാന്മാര്‍ റണ്ണൗട്ട് രൂപത്തിലും പുറത്തായി.

നേരത്തെ ജോണി ബൈര്‍സ്റ്റോ(114), ഡേവിഡ് വാര്‍ണര്‍(100*) കൂട്ടുകെട്ടിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ സണ്‍റൈസേഴ്സ് 231/2 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്.

ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് നേടി ബൈര്‍സ്റ്റോ-വാര്‍ണര്‍ കൂട്ടുകെട്ട്

ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് നേടി ജോണി ബൈര്‍സ്റ്റോ-ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട്. 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ക്രിസ് ലിന്‍-ഗൗതം ഗംഭീര്‍ കൂട്ടുകെട്ട് നേടിയ 184 റണ്‍സെന്ന റെക്കോര്‍ഡാണ് ഇന്ന് സണ്‍റൈസേഴ്സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് മറികടന്നത്. 185 റണ്‍സ് നേടി റെക്കോര്‍ഡ് തകര്‍ത്ത ഉടനെ ബൈര്‍സ്റ്റോ(114) പുറത്തായി.

അതേ സമയം തുടര്‍ന്ന് ബാറ്റിംഗ് തുടര്‍ന്ന വാര്‍ണര്‍ നൂറ് റണ്‍സുമായി പുറത്താകാതെ നിന്നു. 167 റണ്‍സുമായി ക്രിസ് ഗെയില്‍-തിലകരത്നേ ദില്‍ഷന്‍ എന്നിവരാണ് പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍. 2013ല്‍ ബെംഗളൂരുവിനു വേണ്ടി പൂനെ വാരിയേഴ്സിനെതിരെയായിരുന്നു ഇവരുടെ നേട്ടം.

തല്ലിത്തകര്‍ത്ത് ബൈര്‍സ്റ്റോയും വാര്‍ണറും, ഇരുവര്‍ക്കം ശതകങ്ങള്‍

ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തെ പ്രതീക്ഷിച്ചെത്തിയ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് ജോണി ബൈര്‍സ്റ്റോയുടെ പ്രഹരം കൂടിയായപ്പോള്‍ താങ്ങാനാകാത്ത ബൗളിംഗ് പ്രകടനമായി മാറി ഹൈദ്രാബാദിലേത്. 20 ഓവറില്‍ നിന്ന് 2 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ്  സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നേടിയത്. ഇരുവരും തങ്ങളുടെ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ബാംഗ്ലൂര്‍ ബൗളര്‍മാരെ കശാപ്പ് ചെയ്തത്.

185 റണ്‍സ് കൂട്ടുകെട്ട് ബാംഗ്ലൂരിനു തകര്‍ക്കാനായത് 17ാം ഓവറിലാണ്. 56 പന്തില്‍ നിന്ന് 114 റണ്‍സ് നേടി ബൈര്‍സ്റ്റോയെ ചഹാല്‍ പുറത്താകുമ്പോള്‍ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് കൂടി ബൈര്‍സ്റ്റോ-വാര്‍ണര്‍ കൂട്ടുകെട്ട് നേടിയിരുന്നു. 12 ഫോറും 7 സിക്സുമാണ് ബൈര്‍സ്റ്റോ നേടിയത്. പന്തെറിഞ്ഞ ബൗളര്‍മാരെയെല്ലാം യാതൊരു ദാക്ഷണ്യവുമില്ലാതെ ബൈര്‍സ്റ്റോ അടിച്ച് തകര്‍ത്തപ്പോള്‍ സിംഗിളെടുത്ത് മാറിക്കൊടുക്കുവാന്‍ വാര്‍ണര്‍ തയ്യാറായി. വിക്കറ്റിനിടയിലുള്ള ഓട്ടവും ഈ കൂട്ടുകെട്ടിന്റെ മികച്ചതായിരുന്നു. സിംഗിളുകള്‍ ഡബിളുകളാക്കി മാറ്റി ആര്‍സിബി ഫീല്‍ഡര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുവാനും ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു.

ബൈര്‍സ്റ്റോ പുറത്തായ ശേഷം ഡേവിഡ് വാര്‍ണര്‍ ആണ് സണ്‍റൈസേഴ്സിന്റെ ബാറ്റിംഗ് ദൗത്യം ഏറ്റെടുത്തത്. 54 പന്തില്‍ നിന്നാണ് വാര്‍ണര്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയത്. വിലക്കിനു ശേഷം മടങ്ങി വന്ന വാര്‍ണര്‍ തന്റെ മിന്നും ഫോമിലാണ് ബാറ്റിംഗ് തുടരുന്നത്. വാര്‍ണര്‍ 55 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്താകാതെ നിന്നു. യൂസുവേന്ദ്ര ചഹാലാണ് ഏക വിക്കറ്റ് നേടിയ ബൗളര്‍.

ആദ്യ ജയം തേടി ബാംഗ്ലൂര്‍, ബൗളിംഗ് തിരഞ്ഞെടുത്തു, കെയിന്‍ വില്യംസണില്ല

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് സണ്‍റൈസേഴ്സിന്റെ ഹോം ഗ്രൗണ്ടില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ ആദ്യ ജയം തേടിയാണ് ബാംഗ്ലൂര്‍ എത്തുന്നത്. കെയിന്‍ വില്യംസണ് പകരം ഭുവനേശ്വര്‍ കുമാറാണ് സണ്‍റൈസേഴ്സിനെ നയിക്കുന്നത്. സണ്‍റൈസേഴ്സില്‍ രണ്ട് മാറ്റങ്ങളാണുള്ളത് ദീപക് ഹൂഡയും മുഹമ്മദ് നബിയും ടീമിലേക്ക് എത്തുമ്പോള്‍ കെയിന്‍ വില്യംസണും ഷാഹ്ബാസ് നദീമും പുറത്ത് പോകുന്നു. റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി പ്രയാസ് ബര്‍മ്മന്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം ഇന്നത്തെ മത്സരത്തിന്‍ നടത്തുന്നു. നവ്ദീപ് സൈനിയ്ക്ക് പകരമാണ് താരം ടീമിലേക്ക് എത്തുന്നത്.

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, മനീഷ് പാണ്ടേ, ദീപക് ഹൂഡ, വിജയ് ശങ്കര്‍, യൂസഫ് പത്താന്‍, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്‍ലി, മോയിന്‍ അലി, എബി ഡി വില്ലിയേഴ്സ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ശിവം ഡൂബേ, കോളിന്‍ ഡി ഗ്രാന്‍ഡോം, പ്രയാസ് ബര്‍മ്മന്‍, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്

അവസാന നിമിഷം പതറിയെങ്കിലും വാര്‍ണര്‍ നല്‍കിയ തുടക്കം തുണയാക്കി സണ്‍റൈസേഴ്സ്

ഡേവിഡ് വാര്‍ണറും ജോണി ബൈര്‍സ്റ്റോയും നല്‍കിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തില്‍ 5 വിക്കറ്റ് ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഒരു ഘട്ടത്തില്‍ അനായാസ ജയത്തിലേക്ക് സണ്‍റൈസേഴ്സ് നീങ്ങുമെന്ന ഘട്ടത്തില്‍ നിന്ന് അവസാന ഓവറുകള്‍ വരെ മത്സരം കൊണ്ടെത്തിക്കുവാന്‍ രാജസ്ഥാനു സാധിച്ചുവെങ്കിലും പത്തോവറിനുള്ളില്‍ നൂറ് റണ്‍സ് കടത്തിയ ഡേവിഡ് വാര്‍ണര്‍-ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് നല്‍കിയ തുടക്കം നല്‍കിയ ആനുകൂല്യം വലിയ സ്കോര്‍ പിന്തുടരുന്നതില്‍ സണ്‍റൈസേഴ്സിനു നിര്‍ണ്ണായകമായി മാറി.

9.4 ഓവറില്‍ ഡേവിഡ് വാര്‍ണര്‍ പുറത്താകുമ്പോള്‍ 110 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. 37 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ വാര്‍ണര്‍ പുറത്തായ ഏറെ വൈകാതെ 28 പന്തില്‍ 48 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയും പുറത്തായി. സ്റ്റോക്സ് വാര്‍ണറെ പുറത്താക്കിയപ്പോള്‍ ശ്രേയസ്സ് ഗോപാലാണ് ജോണി ബൈര്‍സ്റ്റോയെ പുറത്താക്കിയത്.

വിജയ് ശങ്കര്‍ 15 പന്തില്‍ 35 റണ്‍സ് നേടി റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തിയെങ്കിലും കെയിന്‍ വില്യംസണെ(14) ജയ്ദേവ് ഉനഡ്കടും വിജയ് ശങ്കറെ ശ്രേയസ്സ് ഗോപാലും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി. അതേ ഓവറില്‍ ഗോപാല്‍ മനീഷ് പാണ്ടേയെയും പുറത്താക്കിപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ പ്രതീക്ഷ വന്നുവെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ യൂസഫ് പത്താനും റഷീദ് ഖാനും ടീമിനെ മുന്നോട്ട് നയിച്ചു.

ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ അവസാന രണ്ട് പന്തുകളില്‍ ബൗണ്ടറിയും സിക്സും നേടി റഷീദ് ഖാനാണ് ടീമിനെ ഒരോവര്‍ അവശേഷിക്കെ വിജയത്തിലേക്ക് നയിച്ചത്. യൂസഫ് പത്താന്‍ 16 റണ്‍സും റഷീദ് ഖാന്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 6ാം വിക്കറ്റില്‍ 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

വെടിക്കെട്ടുമായി വാര്‍ണര്‍, തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധ ശതകം

വിലക്കിനു ശേഷം തുടര്‍ച്ചയായ തന്റെ രണ്ടാം ഐപിഎല്‍ മത്സരത്തിലും അര്‍ദ്ധ ശതകം നേടി ഡേവിഡ് വാര്‍ണര്‍. സഞ്ജു സാംസണിന്റെ ശതകം കണ്ട മത്സരത്തില്‍ അതിലും മേലെയുള്ള ഇന്നിംഗ്സുമായാണ് ഡേവിഡ് വാര്‍ണര്‍ കളി നിറഞ്ഞത്. 26 പന്തില്‍ നിന്ന് 8 ഫോറും 1 സിക്സും സഹിതമായിരുന്നു വാര്‍ണറുടെ വെടിക്കെട്ട് ഇന്നിംഗ്സ്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ സണ്‍റൈസേഴ്സ് 69 റണ്‍സാണ് നേടിയിട്ടുള്ളത്.

സെന്‍സേഷനല്‍ സഞ്ജു, തിളങ്ങി അജിങ്ക്യ രഹാനെയും

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ 70 റണ്‍സിനു ശേഷം ഭുവനേശ്വര്‍ കുമാറിനെ ഒരോവറില്‍ 24 റണ്‍സ് അടിച്ചെടുത്ത് സഞ്ജു ഉഗ്രരൂപം പൂണ്ടപ്പോള്‍ മികച്ച സ്കോറിലേക്ക് നീങ്ങി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎലിലെ ഈ സീസണിലെ ആദ്യ ശതകാണ് സഞ്ജു ഇന്ന് സ്വന്തമാക്കിയത്. സഞ്ജു 102 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ബെന്‍ സ്റ്റോക്സ് 16 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ 198 റണ്‍സ് നേടി ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് ഹൈദ്രാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ റഷീദ് ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ രാജസ്ഥാനു വെടിക്കെട്ട് ബാറ്റ്സ്മാന്‍ ജോസ് ബട്‍ലറെ നഷ്ടമായെങ്കിലും മെല്ലെയെങ്കിലും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും സഞ്ജു സാംസണും കൂടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

8 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 55 റണ്‍സ് മാത്രം നേടിയ രാജസ്ഥാന്‍ അടുത്ത 7 ഓവറില്‍ നിന്ന് 67 റണ്‍സാണ് നേടിയത്. അതില്‍ തന്നെ പത്തോവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ 75 റണ്‍സാണ് നേടിയിരുന്നത്. 15 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ടീം 122 റണ്‍സാണ് നേടിയത്. ഇതിനിടെ രഹാനെയും സഞ്ജു സാംസണും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ഷാഹ്ബാസ് എറിഞ്ഞ 16ാം ഓവറില്‍ രാജസ്ഥാന്‍ 13 റണ്‍സ് നേടിയെങ്കിലും അജിങ്ക്യ രഹാനെയുടെ വിക്കറ്റ് ടീമിനു നഷ്ടമായി. 49 പന്തില്‍ നിന്നാണ് 70 റണ്‍സ് രഹാനെ നേടിയത്. 4 ഫോറും 3 സിക്സുമാണ് താരം നേടിയത്. 119 റണ്‍സ് കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ സഞ്ജുവും രഹാനെയും നേടിയത്.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18ാം ഓവറില്‍ ആദ്യ പന്തില്‍ ഒരു സിക്സും നാല് ബൗണ്ടറിയും സഹിതം 24 റണ്‍സ് നേടി സഞ്ജു സാംസണ്‍ ഉഗ്രരൂപം പൂണ്ടു. അടുത്ത ഓവറിലും യഥേഷ്ടം റണ്‍സ് നേടിയ സഞ്ജു സാംസണ്‍ അവസാന ഓവറില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. 54 പന്തില്‍ നിന്നാണ് സഞ്ജു ശതകം പൂര്‍ത്തിയാക്കിയത്.

വാര്‍ണറും സ്മിത്തും നേര്‍ക്കുനേര്‍, വില്യംസണ്‍ തിരിച്ചെത്തി, രാജസ്ഥാന് ആദ്യ ബാറ്റിംഗ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനോട് പരാജയമേറ്റു വാങ്ങിയ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. അതേ സമയം സണ്‍റൈസേഴ്സ് നിരയില്‍ രണ്ട് മാറ്റമാണുള്ളത്. ദീപക് ഹൂഡയ്ക്ക് പകരം കെയിന്‍ വില്യംസണും ഷാക്കിബ് അല്‍ ഹസനു പകരം ഷാഹ്ബാസ് നദീമും ടീമിലേക്ക് എത്തുന്നു.

ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനെത്തുന്നത്. അനായാസം ജയിക്കേണ്ടിയിരുന്ന മത്സരങ്ങളാണ് ഇരു ടീമുകളും കളഞ്ഞ് കുളിച്ചത്. സണ്‍റൈസേഴ്സ് ആന്‍ഡ്രേ റസ്സലിന്റ തകര്‍പ്പനടിയില്‍ തകര്‍ന്നപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‍ലറുടെ വിവാദ വിക്കറ്റിനു ശേഷം അനായാസമായിട്ടുള്ള ലക്ഷ്യം വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി കൈമോശം വരുത്തുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സ്: രാഹുല്‍ ത്രിപാഠി, ജോസ് ബട്‍ലര്‍, അജിങ്ക്യ രഹാനെ, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്സ്, സഞ്ജു സാംസണ്‍, ജോഫ്ര ആര്‍ച്ചര്‍, കൃഷ്ണപ്പ ഗൗതം, ജയ്ദേവ് ഉനഡ്കട്, ശ്രേയസ്സ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, മനീഷ് പാണ്ടേ, കെയിന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, യൂസഫ് പത്താന്‍, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഷാഹ്ബാസ് നദീം, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍

 

മോശം ബൗളിംഗല്ല, കളി മാറ്റിയത് റസ്സല്‍ – റഷീദ് ഖാന്‍

ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ഐപിഎല്‍ ആരംഭിക്കാമെന്ന തങ്ങളുടെ മോഹങ്ങള്‍ക്ക് മേല്‍ പെയ്തിറങ്ങിയത് ആന്‍ഡ്രേ റസ്സലെന്ന് പറഞ്ഞ് റഷീദ് ഖാന്‍. മത്സരം സണ്‍റൈസേഴ്സിന്റെ കൈപ്പിടിയിലായിരുന്നുവെന്നും അവസാന മൂന്നോവറില്‍ 53 റണ്‍സ് എന്ന ലക്ഷ്യം ഉറപ്പായും തങ്ങള്‍ക്ക് വിജയിക്കുവാന്‍ പോന്നൊരു ലക്ഷ്യമായിരുന്നുവെന്നും എന്നാല്‍ റസ്സല്‍ തങ്ങളെ ഞെട്ടിച്ചുവെന്നും റഷീദ് ഖാന്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥ് കൗളിന്റെ ഓവറില്‍ 19 റണ്‍സും ഭുവനേശ്വര്‍ കുമാറിന്റെ ഓവറില്‍ 21 റണ്‍സും ആണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. ഇതില്‍ ബഹുഭൂരിഭാഗവും റസ്സലിന്റെ തന്നെ സംഭാവനയായിരുന്നു. അവസാന ഓവറില്‍ 13 റണ്‍സ് മാത്രം നേടിയാല്‍ മതിയെന്നത് കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ അനായാസമാക്കിയെന്ന് റഷീദ് ഖാന്‍ പറഞ്ഞു.

തങ്ളുടെ ബൗളര്‍മാര്‍ മോശം പന്തുകളെറിഞ്ഞതല്ല തോല്‍വിയ്ക്ക് കാരണം റസ്സല്‍ എല്ലാ ഷോട്ടുകളും ഉതിര്‍ത്ത് തങ്ങളെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ചെന്ന് റഷീദ് ഖാന്‍ പറഞ്ഞു. അവസാന മൂന്നോവര്‍ ഞങ്ങള്‍ക്ക് നല്ല രീതിയില്‍ പന്തെറിയുവാനായില്ല. ഇത് ടി20 ക്രിക്കറ്റില്‍ സര്‍വ്വ സാധാരണമാണന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

180ലധികം സ്കോര്‍ വിജയിക്കുവാനുള്ള സ്കോര്‍ തന്നെയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ പൊതുവേ 170ലധികം റണ്‍സ് നേടിയാല്‍ ജയിക്കാമെന്നത് ഉറപ്പാണ്. അതിലേക്ക് ഞങ്ങള്‍ ഏറെ ദൂരം സഞ്ചരിച്ചതുമായിരുന്നു എന്നാല്‍ അവസാന നിമിഷം മത്സരം കൈവിട്ട് പോയെന്ന് റഷീദ് ഖാന്‍ സമ്മതിച്ചു.

കളി മാറ്റി മറിച്ച് ആന്‍ഡ്രേ റസ്സല്‍, ആറ് വിക്കറ്റ് ജയം സ്വന്തമാക്കി നൈറ്റ് റൈഡേഴ്സ്

നിതീഷ് റാണയുടെ അര്‍ദ്ധ ശതകത്തിനു പിന്നാലെ വെടിക്കെട്ട് പ്രകടനവുമായി ആന്‍ഡ്രേ റസ്സല്‍ രംഗത്തെത്തിയപ്പോള്‍ വിജയം കൈക്കലാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന മൂന്നോവറില്‍ ജയിക്കുവാന്‍ 53 റണ്‍സ് വേണ്ടയിടത്ത് നിന്ന് ലക്ഷ്യം ഒരോവറില്‍ 13 റണ്‍സായി ആന്‍ഡ്രേ റസ്സല്‍ മാറ്റി മറിക്കുകയായിരുന്നു.

സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 19 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 21 റണ്‍സുമാണ് കൊല്‍ക്കത്തയ്ക്കായി റസ്സല്‍ നേടിയത്. അതില്‍ ഒരു റണ്‍സ് മാത്രം ശുഭ്മന്‍ ഗില്ലിന്റെ സംഭാവനയായിരുന്നു. അവസാന ഓവറില്‍ സിക്സര്‍ നേടി ഗില്ലും ഒപ്പം കൂടിയപ്പോള്‍ ലക്ഷ്യം അവസാന മൂന്ന് പന്തില്‍ മൂന്നായി മാറി. നാലാം പന്തിലും ഷാക്കിബിനെ സിക്സര്‍ പറത്തി ശുഭ്മന്‍ ഗില്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു.

19 പന്തില്‍ 49 റണ്‍സ് നേടി ആന്‍ഡ്രേ റസ്സലും പത്ത് പന്തില്‍ 18 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലും 25 പന്തില്‍ നിന്ന് 65 റണ്‍സ് നേടി അഞ്ചാം വിക്കറ്റില്‍ കൊല്‍ക്കത്തയെ രണ്ട് പന്ത് അവശേഷിക്കെ 6 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകകയായിരുന്നു. നേരത്തെ നിതീഷ് റാണയുടെ അര്‍ദ്ധ ശതകമാണ് കൊല്‍ക്കത്തയുടെ അടിത്തറയായി മാറിയത്. 47 പന്തില്‍ നിന്ന് റാണ 68 റണ്‍സ് നേടുകയായിരുന്നു. റോബിന്‍ ഉത്തപ്പ 35 റണ്‍സ് നേടി.

മത്സരത്തില്‍ ഇടയ്ക്ക് ഫ്ലെഡ് ലൈറ്റുകള്‍ കണ്ണടച്ച ശേഷം കളി പുനരാരംഭിച്ചപ്പോളാണ് റാണയുടെ വിക്കറ്റ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.

Exit mobile version