സെന്‍സേഷനല്‍ സഞ്ജു, തിളങ്ങി അജിങ്ക്യ രഹാനെയും

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ 70 റണ്‍സിനു ശേഷം ഭുവനേശ്വര്‍ കുമാറിനെ ഒരോവറില്‍ 24 റണ്‍സ് അടിച്ചെടുത്ത് സഞ്ജു ഉഗ്രരൂപം പൂണ്ടപ്പോള്‍ മികച്ച സ്കോറിലേക്ക് നീങ്ങി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎലിലെ ഈ സീസണിലെ ആദ്യ ശതകാണ് സഞ്ജു ഇന്ന് സ്വന്തമാക്കിയത്. സഞ്ജു 102 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ബെന്‍ സ്റ്റോക്സ് 16 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ 198 റണ്‍സ് നേടി ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് ഹൈദ്രാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ റഷീദ് ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ രാജസ്ഥാനു വെടിക്കെട്ട് ബാറ്റ്സ്മാന്‍ ജോസ് ബട്‍ലറെ നഷ്ടമായെങ്കിലും മെല്ലെയെങ്കിലും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും സഞ്ജു സാംസണും കൂടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

8 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 55 റണ്‍സ് മാത്രം നേടിയ രാജസ്ഥാന്‍ അടുത്ത 7 ഓവറില്‍ നിന്ന് 67 റണ്‍സാണ് നേടിയത്. അതില്‍ തന്നെ പത്തോവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ 75 റണ്‍സാണ് നേടിയിരുന്നത്. 15 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ടീം 122 റണ്‍സാണ് നേടിയത്. ഇതിനിടെ രഹാനെയും സഞ്ജു സാംസണും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ഷാഹ്ബാസ് എറിഞ്ഞ 16ാം ഓവറില്‍ രാജസ്ഥാന്‍ 13 റണ്‍സ് നേടിയെങ്കിലും അജിങ്ക്യ രഹാനെയുടെ വിക്കറ്റ് ടീമിനു നഷ്ടമായി. 49 പന്തില്‍ നിന്നാണ് 70 റണ്‍സ് രഹാനെ നേടിയത്. 4 ഫോറും 3 സിക്സുമാണ് താരം നേടിയത്. 119 റണ്‍സ് കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ സഞ്ജുവും രഹാനെയും നേടിയത്.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18ാം ഓവറില്‍ ആദ്യ പന്തില്‍ ഒരു സിക്സും നാല് ബൗണ്ടറിയും സഹിതം 24 റണ്‍സ് നേടി സഞ്ജു സാംസണ്‍ ഉഗ്രരൂപം പൂണ്ടു. അടുത്ത ഓവറിലും യഥേഷ്ടം റണ്‍സ് നേടിയ സഞ്ജു സാംസണ്‍ അവസാന ഓവറില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. 54 പന്തില്‍ നിന്നാണ് സഞ്ജു ശതകം പൂര്‍ത്തിയാക്കിയത്.

Exit mobile version