തല്ലിത്തകര്‍ത്ത് ബൈര്‍സ്റ്റോയും വാര്‍ണറും, ഇരുവര്‍ക്കം ശതകങ്ങള്‍

ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തെ പ്രതീക്ഷിച്ചെത്തിയ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് ജോണി ബൈര്‍സ്റ്റോയുടെ പ്രഹരം കൂടിയായപ്പോള്‍ താങ്ങാനാകാത്ത ബൗളിംഗ് പ്രകടനമായി മാറി ഹൈദ്രാബാദിലേത്. 20 ഓവറില്‍ നിന്ന് 2 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ്  സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നേടിയത്. ഇരുവരും തങ്ങളുടെ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ബാംഗ്ലൂര്‍ ബൗളര്‍മാരെ കശാപ്പ് ചെയ്തത്.

185 റണ്‍സ് കൂട്ടുകെട്ട് ബാംഗ്ലൂരിനു തകര്‍ക്കാനായത് 17ാം ഓവറിലാണ്. 56 പന്തില്‍ നിന്ന് 114 റണ്‍സ് നേടി ബൈര്‍സ്റ്റോയെ ചഹാല്‍ പുറത്താകുമ്പോള്‍ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് കൂടി ബൈര്‍സ്റ്റോ-വാര്‍ണര്‍ കൂട്ടുകെട്ട് നേടിയിരുന്നു. 12 ഫോറും 7 സിക്സുമാണ് ബൈര്‍സ്റ്റോ നേടിയത്. പന്തെറിഞ്ഞ ബൗളര്‍മാരെയെല്ലാം യാതൊരു ദാക്ഷണ്യവുമില്ലാതെ ബൈര്‍സ്റ്റോ അടിച്ച് തകര്‍ത്തപ്പോള്‍ സിംഗിളെടുത്ത് മാറിക്കൊടുക്കുവാന്‍ വാര്‍ണര്‍ തയ്യാറായി. വിക്കറ്റിനിടയിലുള്ള ഓട്ടവും ഈ കൂട്ടുകെട്ടിന്റെ മികച്ചതായിരുന്നു. സിംഗിളുകള്‍ ഡബിളുകളാക്കി മാറ്റി ആര്‍സിബി ഫീല്‍ഡര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുവാനും ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു.

ബൈര്‍സ്റ്റോ പുറത്തായ ശേഷം ഡേവിഡ് വാര്‍ണര്‍ ആണ് സണ്‍റൈസേഴ്സിന്റെ ബാറ്റിംഗ് ദൗത്യം ഏറ്റെടുത്തത്. 54 പന്തില്‍ നിന്നാണ് വാര്‍ണര്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയത്. വിലക്കിനു ശേഷം മടങ്ങി വന്ന വാര്‍ണര്‍ തന്റെ മിന്നും ഫോമിലാണ് ബാറ്റിംഗ് തുടരുന്നത്. വാര്‍ണര്‍ 55 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്താകാതെ നിന്നു. യൂസുവേന്ദ്ര ചഹാലാണ് ഏക വിക്കറ്റ് നേടിയ ബൗളര്‍.

Exit mobile version