നബി മാജിക്കില്‍ തകര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ്, 118 റണ്‍സ് തോല്‍വി

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ കൂറ്റന്‍ തോല്‍വിയേറ്റു വാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മുഹമ്മദ് നബിയുടെ പന്തുകള്‍ക്ക് മുന്നില്‍ ബുദ്ധിമുട്ടിയ ആര്‍സിബി ബാറ്റ്സ്മാന്മാര്‍ 19.5 ഓവറില്‍ 113 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 37 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഡോം ആണ് ടീമിന്റെ ടോപ് സ്കോറര്‍. തന്റെ നാലോവറില്‍ നിന്ന് വെറും 11 റണ്‍സിനാണ് മുഹമ്മദ് നബി 4 വിക്കറ്റ് വീഴ്ത്തിയത്.

ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ എഴുപത് റണ്‍സിനു ടീം ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് ഓള്‍ഔട്ട് ആയിരുന്നു. ആ പ്രകടനത്തിലും മോശം പ്രകടനമാകുമെന്ന് കരുതിയെങ്കിലും ഏഴാം വിക്കറ്റില്‍ ഒത്തുകൂടിയ കോളിന്‍ ഡി ഗ്രാന്‍ഡോം-പ്രയസ് ബര്‍മ്മന്‍ കൂട്ടുകെട്ട് ടീമിനെ നൂറ് കടക്കുവാന്‍ സഹായിച്ചു. 51 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും നേടിയത്. എന്നാല്‍ ലക്ഷ്യം വളരെ വലുതായതിനാല്‍ ആരും തന്നെ കൂട്ടുകെട്ടില്‍ നിന്ന് വിജയം പ്രതീക്ഷിച്ചതുമില്ല. 19 റണ്‍സ് നേടി പ്രയസ് ബര്‍മ്മന്‍ പുറത്തായപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 37 റണ്‍സ് നേടി. ഉമേഷ് യാദവ് അവസാനം വന്ന് അതി വേഗത്തില്‍ 14 റണ്‍സ് നേടി മടങ്ങി.

നബി നാല് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് നേടി. മൂന്ന് ആര്‍സിബി ബാറ്റ്സ്മാന്മാര്‍ റണ്ണൗട്ട് രൂപത്തിലും പുറത്തായി.

നേരത്തെ ജോണി ബൈര്‍സ്റ്റോ(114), ഡേവിഡ് വാര്‍ണര്‍(100*) കൂട്ടുകെട്ടിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ സണ്‍റൈസേഴ്സ് 231/2 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്.

Exit mobile version