കോഹ്‍ലി പൊരുതുന്നു, 2 വിക്കറ്റ് ശേഷിക്കെ ലീഡ് 48 റണ്‍സ് അകലെ

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 287/8 എന്ന നിലയില്‍. നായകന്‍ വിരാട് കോഹ്‍ലിയും അശ്വിനും ചേര്‍ന്ന് നടത്തിയ ഏഴാം വിക്കറ്റ് പോരാട്ടമാണ് ലീഡ് 48 റണ്‍സിലേക്ക് കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചത്. കോഹ്‍ലി തന്റെ 21ാം ടെസ്റ്റ് ശതകം തികച്ച് കോഹ്‍ലിയും നിര്‍ണ്ണായകമായ 38 റണ്‍സുമായി അശ്വിനും ചേര്‍ന്ന് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് വെറോണ്‍ ഫിലാന്‍ഡര്‍ അശ്വിന്റെ അന്തകനായി അവതരിച്ചത്.

നേരത്തെ 183/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 26 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ(15) റണ്‍ഔട്ടിലൂടെ നഷ്ടമായി. തിരികെ ഓടി കയറാതെ അവസത പ്രകടിപ്പിച്ച ഹാര്‍ദ്ദികിന്റെ നിരുത്തരവാദിത്വപരമായ റണ്ണിംഗാണ് പുറത്താകലിനു വഴിതെളിയിച്ചത്. ദക്ഷിണാഫ്രിക്ക കാത്തിരുന്ന ഒരു വിക്കറ്റാണ് പാണ്ഡ്യയുടെ അമിത വിശ്വാസം കാരണം ഇന്ത്യയ്ക്ക് നഷ്ടമായത്.

പിന്നീട് ഒത്തൂകൂടിയ കോഹ്‍ലി-അശ്വിന്‍ സഖ്യം ഏഴാം വിക്കറ്റില്‍ 71 റണ്‍സാണ് നേടിയത്. കൂട്ടുകെട്ട് വീണതോടു കൂടി ഇന്ത്യ ഓള്‍ഔട്ട് ഭീഷണിയിലായിരിക്കുകയാണ്. ഷമിയെ(1) പുറത്താക്കി മോര്‍ക്കല്‍ ഇന്ത്യയുടെ എട്ടാം വിക്കറ്റും വീഴ്ത്തി.

141 റണ്‍സ് നേടി നില്‍ക്കുന്ന കോഹ്‍ലിയ്ക്ക് കൂട്ടായി റണ്ണൊന്നുമെടുക്കാതെ ഇഷാന്ത് ശര്‍മ്മയാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒറ്റയാള്‍ പോരാട്ടവുമായി കോഹ്‍ലി, ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ

സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 152 റണ്‍സ് പിന്നിലായി 183/5 എന്ന നിലയിലാണ്. 85 റണ്‍സുമായി വിരാട് കോഹ്‍ലിയാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നില്‍ക്കുന്നത്. കൂട്ടായി 11 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസിലുണ്ട്. മുരളി വിജയം 46 റണ്‍സ് നേടി പുറത്തായിരുന്നു.

ചേതേശ്വര്‍ പുജാരയെ പൂജ്യം റണ്‍സിനു നഷ്ടമായതാണ് ഇന്ത്യയുടെ രണ്ടാം ദിവസം ഏറ്റ തിരിച്ചടികളില്‍ ഒന്ന്. ലോകേഷ് രാഹുല്‍(10), രോഹിത് ശര്‍മ്മ
(10), പാര്‍ത്ഥിവ് പട്ടേല്‍(19) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്‍. ലുംഗിസാനി ഗിഡി, കേശവ് മഹാരാജ്, മോണേ മോര്‍ക്കല്‍, കാഗിസോ റബാഡ എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 335 റണ്‍സില്‍ അവസാനിച്ചിരുന്നു. അശിന്‍ നാലും ഇഷാന്ത് മൂന്നും വിക്കറ്റ് ഇന്ത്യയ്ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെഞ്ചൂറിയണില്‍ 335 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയണില്‍ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. ഒന്നാം ദിവസത്തെ സ്കോറായ 269/6 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക നല്‍കിയ അവസരങ്ങള്‍ പലവട്ടം ഇന്ത്യ കൈവിട്ടുവെങ്കിലും അശ്വിനും ഇഷാന്ത് ശര്‍മ്മയും കൂടി ആതിഥേയരെ 335 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു.

തലേ ദിവസത്തെ സ്കോറിനോട് 13 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുഹമ്മദ് ഷമി കേശവ് മഹാരാജിനെ പുറത്താക്കിയിരുന്നു. റബാഡയെയും 63 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയെയും ഇഷാന്ത് ശര്‍മ്മ പുറത്താക്കിയപ്പോള്‍ മോണേ മോര്‍ക്കലിന്റെ ചെറുത്ത് നില്പ് അശ്വിന്‍ അവസാനിപ്പിച്ചു.

അശ്വിന്‍ നാലും ഇഷാന്ത് മൂന്നും വിക്കറ്റ് നേടിയ മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയത് ഷമിയാണ്. രണ്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് രൂപത്തിലാണ് പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കെനിയയ്ക്കെതിരെ 169 റണ്‍സ് വിജയവുമായി ദക്ഷിണാഫ്രിക്ക

തങ്ങളുടെ ലോകകപ്പ് മത്സരങ്ങള്‍ക്ക് കൂറ്റന്‍ വിജയത്തുടക്കവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ കെനിയയെയാണ് 169 റണ്‍സിനു ദക്ഷിണാഫ്രിക്ക തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 341 റണ്‍സ് നേടിയപ്പോള്‍ കെനിയയ്ക്ക് 172 റണ്‍സ് മാത്രമേ നേടാനായുള്ളു. 7 വിക്കറ്റുകളുടെ നഷ്ടത്തിലാണ് കെനിയ ഈ റണ്‍സ് നേടിയത്.

143 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ റയാന്‍ വാന്‍ ടോണ്ടര്‍ ആണ് കളിയിലെ താരം. ജീവേശന്‍ പിള്ളൈ 62 റണ്‍സ് നേടിയപ്പോള്‍ ജെറാള്‍ഡ് കോയെറ്റ്സേ 14 പന്തില്‍ 34 റണ്‍സുമായി പുറത്താകാതെ നിന്നു. 341 റണ്‍സ് നേടിയതോടെ ദക്ഷിണാഫ്രിക്ക ടൂര്‍ണ്ണമെന്റില്‍ ഇതുവരെ പിറന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കെനിയയ്ക്കായി 41 റണ്‍സുമായി ജസ്‍രാജ് കുന്ദി ടോപ് സ്കോറര്‍ ആയി. ഒട്ടനവധി ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെട്ട ടീമില്‍ നിന്ന് ഭേദപ്പെട്ട പ്രകടനം പുറത്ത് വരാതിരുന്നപ്പോള്‍ 172/7ല്‍ കെനിയന്‍ ഇന്നിംഗ്സ് അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി കീനന്‍ സ്മിത്ത്, അഖോന മ്ന്യാങ്ക എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റണ്ണൗട്ടുകളിലൂടെ തിരിച്ചടിച്ച് ഇന്ത്യ, ആദ്യ ദിവസം ദക്ഷിണാഫ്രിക്ക 269/6

സെഞ്ചൂറിയണില്‍ ആദ്യ സെഷനില്‍ വിക്കറ്റ് ലഭിക്കാതെ പോയ ഇന്ത്യയുടെ മികച്ച തിരിച്ചുവരവ്. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 5 വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. രവിചന്ദ്രന്‍ അശ്വിന്‍ ആണ് മൂന്ന് വിക്കറ്റുമായി ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 82 റണ്‍സ് നേടിയ ഹാഷിം അംലയുടെ വിക്കറ്റാണ് ആദ്യ ദിവസത്തെ വഴിത്തിരിവ് എന്ന് പറയാവുന്നത്. വിക്കറ്റുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടിയ ഇന്ത്യയ്ക്ക് റണ്‍ഔട്ട് രൂപത്തിലാണ് ഭാഗ്യം സിദ്ധിച്ചത്. 246/3 എന്ന നിലയില്‍ നിന്ന് 252/6 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക പൊടുന്നനെ വീഴുകയായിരുന്നു. ഹാഷിം അംല പുറത്തായി ഏറെ വൈകാതെ റണ്ണൊന്നുമെടുക്കാതെ ക്വിന്റണ്‍ ഡിക്കോക്കും പുറത്താവുകയായിരുന്നു. വെറോണ്‍ ഫിലാന്‍ഡറെ റണ്‍ഔട്ടാക്കി വീണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് വീണ്ടും മേല്‍ക്കൈ നേടിക്കൊടുത്തു.

നേരത്തെ എയ്ഡന്‍ മാര്‍ക്രം(94), ഡീന്‍ എല്‍ഗാര്‍ എന്നിവര്‍ ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ 78 റണ്‍സില്‍ അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കയെ ഇരട്ട വിക്കറ്റുകള്‍ വീഴ്ത്തി അശ്വിനാണ് പ്രതിരോധത്തിലാക്കിയത്. 20 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സിനെ ഇഷാന്ത് ശര്‍മ്മ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. പിന്നീട് നിനച്ചിരിക്കാതെ റണ്‍ഔട്ട് രൂപത്തില്‍ ഹാഷിം അംലയുടെ വെറോണ്‍ ഫിലാന്‍ഡറുടെയും വിക്കറ്റും ലഭിച്ചതോടെ ആദ്യ ദിവസം ഏറെ മോശമല്ലാത്ത സ്ഥിതിയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കായി.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഫാഫ് ഡു പ്ലെസി 24 റണ്‍സുമായും കേശവ് മഹാരാജ് 10 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ സെഷനില്‍ കരുതലോടെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍

സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 78 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരുടെ പ്രതിരോധം ഭേദിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. മെല്ലയെങ്കിലും വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ അവസാനിപ്പിക്കാനായത് ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിന്റെ ആദ്യ ദിവസത്തില്‍ മുന്‍തൂക്കം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എയ്ഡന്‍ മാര്‍ക്രം തന്റെ അര്‍ദ്ധ ശതകം(51*) തികച്ചപ്പോള്‍ 26 റണ്‍സാണ് ഡീന്‍ എല്‍ഗാര്‍ നേടിയത്. 27 ഓവറുകളാണ് ആദ്യ സെഷനില്‍ ഇന്ത്യ എറിഞ്ഞത്. അഞ്ച് ബൗളര്‍മാരെയാണ് ഇതുവരെ കോഹ്‍ലി ഉപയോഗിച്ചത്.

നേത്തെ മൂന്ന് മാറ്റങ്ങളോടു കൂടിയാണ് ഇന്ത്യ ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയ്ക്ക് അവസാന നിമിഷം പരിക്കേറ്റപ്പോള്‍ പകരം പാര്‍ത്ഥിവ് പട്ടേല്‍ ടീമിലെത്തി. ശിഖര്‍ ധവാനെ മാറ്റി കെഎല്‍ രാഹുലിനു അവസരം നല്‍കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത ഭുവനേശ്വര്‍ കുമാറിനെ മാറ്റി ഇഷാന്ത് ശര്‍മ്മയെ ടീമിലുള്‍പ്പെടുത്തിയത് ക്രിക്കറ്റ് ആരാധകരുടെ നെറ്റി ചുളുക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും, മൂന്ന് മാറ്റങ്ങളോടെ ഇന്ത്യ

സെഞ്ചൂറിയണില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പരിക്കഏറ്റ ഡെയില്‍ സ്റ്റെയിനിനു പകരം ലുംഗിസാനി ഗിഡി തന്റെ അരങ്ങേറ്റും മത്സരത്തില്‍ കുറിക്കും. അതേ സമയം പരമ്പര നിലനിര്‍ത്തുന്നതിനുള്ള ശ്രമത്തിനായി മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. പാര്‍ത്ഥിവ് പട്ടേല്‍ കീപ്പര്‍ സ്ഥാനത്തേക്ക് വരുമ്പോള്‍ ഭുവനേശ്വര്‍ കുമാറിനു പകരം ഇഷാന്ത് ശര്‍മ്മയും ശിഖര്‍ ധവാനു പകരം കെഎല്‍ രാഹുലും ടീമിലെത്തി.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ഹാഷിം അംല, എബി ഡി വില്ലിയേഴ്സ്, ഫാഫ് ഡു പ്ലെസി, ക്വിന്റണ്‍ ഡിക്കോക്ക്, വെറോണ്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗിസാനി ഗിഡി, മോണേ മോര്‍ക്കല്‍

ഇന്ത്യ: മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, പാര്‍ത്ഥിവ് പട്ടേല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെഞ്ചൂറിയണില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ഫാഫ് ഡു പ്ലെസി

കേപ് ടൗണില്‍ ഇന്ത്യയ്ക്ക് 72 റണ്‍സ് തോല്‍വി പിണഞ്ഞുവെങ്കിലും ടീം സെഞ്ചൂറിയണില്‍ തിരിച്ചു വരുമെന്ന് അഭിപ്രായപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ ഒരു തരത്തിലും വില കുറച്ച് കാണുന്നില്ല എന്നാണ് ഡു പ്ലെസി അഭിപ്രായപ്പെട്ടത്. ഇന്ത്യ ശക്തമായ ടീമാണ്, ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് നില്‍ക്കുന്ന ടീമില്‍ നിന്ന് ശക്തമായ മറുപടിയാണ് ദക്ഷിണാഫ്രിക്ക പ്രതീക്ഷിക്കുന്നത്. കേപ് ടൗണിലേതിനു സമാനമായ പിച്ചാവും സെഞ്ചൂറിയണിലുമെന്ന് പറഞ്ഞ ഫാഫ് രണ്ടാം ടെസ്റ്റിലും നാല് പേസ് ബൗളര്‍മാരുമായാവും ദക്ഷിണാഫ്രിക്ക ഇറങ്ങുക എന്ന സൂചനയാണ് നല്‍കുന്നത്. പേസും ബൗണ്‍സുമുള്ള പിച്ചാണ് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജ്മെന്റ് ക്യുറേറ്റടോ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ പറഞ്ഞു.

കഴിഞ്ഞ ടീമിലെ ടീം ആണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ടീമെന്നും ഡെയില്‍ സ്റ്റെയിനിന്റെ അഭാവത്തില്‍ ലുംഗി ഗിഡി ആവും നാലാം പേസറെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഗിഡിയ്ക്ക് പകരം ചിലപ്പോള്‍ ക്രിസ് മോറിസിനെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്നാണ് ഫാഫ് പറഞ്ഞത്. രണ്ടാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ഇന്ത്യയെ പരമ്പരയില്‍ തിരിച്ചുവരവിനു അവസരം നല്‍കുകയാണെങ്കില്‍ അവര്‍ കൂടുതല്‍ അപകടകാരികളാകുമെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്കയിലേക്കുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയിലേക്കുള്ള 16 അംഗ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് ടി20കളിലും മൂന്ന് ഏകദിനങ്ങളിലുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കാനിറങ്ങുന്നത്. മിത്താലി രാജ് നയിക്കുന്ന ടീമിന്റെ ഉപനായിക സ്ഥാനം ഹര്‍മ്മന്‍പ്രീത് കൗറിനാണ്. മുംബൈയുടെ ജൈമിമ റോഡ്രിഗസും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഫെബ്രുവരിയിലാണ് മത്സരങ്ങള്‍ നടക്കുക.

സ്ക്വാഡ്: മിത്താലി രാജ്, ഹര്‍മ്മന്‍പ്രീത് കൗര്‍, സുഷ്മ വര്‍മ്മ, ഏകത ബിഷ്ട്, സ്മൃതി മന്ഥാന, പൂനം യാദവ്, പൂനം റൗത്ത്, രാജേശ്വരി ഗായക്വാഡ്, ജൈമിമ റോഡ്രീഗസ്, ജൂലന്‍ ഗോസ്വാമി, ദീപ്തി ശര്‍മ്മ, ശിഖ പാണ്ഡേ, മോന മേശ്രാം, പൂജ വസ്ത്രാകാര്‍, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

2019 ഐപിഎല്‍ സാധ്യത പട്ടികയില്‍ യുഎഇയും ദക്ഷിണാഫ്രിക്കയും, സാധ്യത കൂടുതല്‍ യുഎഇയ്ക്ക്

2019 ഐപിഎല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തുവാനുള്ള സാധ്യത ആരാഞ്ഞ് ബിസിസിഐ. 2019ല്‍ ഐപിഎല്‍ തീയ്യതികളും പൊതു തിരഞ്ഞെടുപ്പ് തീയ്യതികളും കൂട്ടിമുട്ടുവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ബിസിസിഐ ഇന്ത്യയ്ക്ക് പുറത്ത് മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. മുമ്പ് 2009ല്‍ സമാനമായ സ്ഥിതി വന്നപ്പോള്‍ ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലാണ് നടത്തിയത്. 2014ല്‍ ആദ്യം കുറച്ച് മത്സരങ്ങള്‍ യുഎഇ യില്‍ നടത്തിയ ശേഷം പിന്നീട് ഇന്ത്യയിലേക്ക് മത്സരങ്ങള്‍ തിരികെ കൊണ്ടുവരികയായിരുന്നു.

ഔദ്യോഗികമായി അറിയിപ്പൊന്നുമില്ലെങ്കിലും യുഎഇയും ദക്ഷിണാഫ്രിക്കയും തന്നെയാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുവാന്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷനുകളുടെ തീയ്യതി പ്രഖ്യാപനം നടത്തിയ ശേഷം മാത്രമാവും ബിസിസിഐ ഇതിന്മേല്‍ നടപടികള്‍ ആരംഭിക്കുക. 2019ല്‍ ദക്ഷിണാഫ്രിക്കയിലും പൊതു തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതും യുഎഇയ്ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് വിലയിരുത്തല്‍.

പതിവിനു വിപരീതമായി മാര്‍ച്ച് മധ്യത്തോടെ ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാനും സാധ്യത ഏറെയാണ്. ലോധ കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരമാണിത്. 2019ല്‍ ഐപിഎലിനും ലോകകപ്പിനും തമ്മില്‍ 15 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണമെന്നാണ് ലോധ കമ്മീഷന്‍ നിര്‍ദ്ദേശം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കരുത്ത് തെളിയിച്ച് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ്, ഇന്ത്യയ്ക്കെതിരെ 72 റണ്‍സ് ജയം

ദക്ഷിണാഫ്രിക്കയ്ക്കതെിരെ 208 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാകാതെ ഇന്ത്യ. രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ 130 റണ്‍സിനു എറിഞ്ഞിട്ട ശേഷം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 135 റണ്‍സിനു പുറത്തായി. വെറോണ്‍ ഫിലാന്‍ഡറും മോണേ മോര്‍ക്കലും അടങ്ങിയ പേസ് നിരയ്ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടിയ ഇന്ത്യ കേപ് ടൗണ്‍ ടെസ്റ്റ് അടിയറവു പറയുകയായിരുന്നു. ഡെയില്‍ സ്റ്റെയിനിന്റെ സേവനം ലഭ്യമായില്ലെങ്കിലും ബാക്കി പേസ് ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ മത്സരത്തിന്റെ നാലാം ദിവസം തന്നെ ഇന്ത്യ മുട്ടുമടക്കി.

28 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. ആദ്യ വിക്കറ്റില്‍ 30 റണ്‍സ് നേടിയ ശേഷം ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെയും(16) മുരളി വിജയെയും(13) തൊട്ടടുത്ത ഓവറുകളില്‍ നഷ്ടമായ ഇന്ത്യയ്ക്കായി വിരാട് കോഹ്‍ലി മാത്രമാണ് പിന്നീട് പിടിച്ചു നിന്നത്. എട്ടാം വിക്കറ്റില്‍ 49 റണ്‍സ് നേടി അശ്വിന്‍(37)-ഭുവനേശ്വര്‍ കുമാര്‍(13*) സഖ്യം ചെറുത്ത് നിന്നുവെങ്കിലും ഏറെ വൈകാതെ ഫിലാന്‍ഡര്‍ ഒരോവറില്‍ തന്നെ ഇന്ത്യന്‍ വാലറ്റത്തെ കടപുഴകി.

വെറോണ്‍ ഫിലാന്‍ഡര്‍ ആറും മോണേ മോര്‍ക്കല്‍, കാഗിസോ റബാഡ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്ക 130 റണ്‍സിനു ഓള്‍ഔട്ട്, ഇന്ത്യയ്ക്ക് 208 റണ്‍സ് വിജയലക്ഷ്യം

കേപ് ടൗണ്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 65/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 130 റണ്‍സിനു അവസാനിക്കുകയായിരുന്നു. 35 റണ്‍സുമായി എബി ഡിവില്ലിയേഴ്സ് ചെറുത്തു നിന്നുവെങ്കിലും ഇന്ത്യന്‍ പേസര്‍മാര്‍ക്കു മുന്നില്‍ അവസാന വിക്കറ്റായി എബിഡിയും വീണതോടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് തകര്‍ന്നടിയുകയായിരുന്നു. മത്സരത്തില്‍ 207 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. കേപ് ടൗണ്‍ ടെസ്റ്റ് സ്വന്തമാക്കാന്‍ ഇന്ത്യ നേടേണ്ടത് 208 റണ്‍സ്.

മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടും വിക്കറ്റാണ് വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version