കേപ് ടൗണില്‍ മൂന്നാം ദിവസം കളിയില്ല

കേപ് ടൗണ്‍ ടെസ്റ്റിലെ മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചതായി ഔദ്യോഗിക അറിയിപ്പ്. രാവിലെ മുതല്‍ പെയ്ത മഴയെത്തുടര്‍ന്നാണ് ഒരു പന്ത് പോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കപ്പെട്ടത്. രണ്ടാം ഇന്നിംഗ്സില്‍ 65/2 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്ക മത്സരത്തില്‍ 142 റണ്‍സ് ലീഡാണ് കൈവശപ്പെടുത്തിയിട്ടുള്ളത്. 4 റണ്‍സ് നേടിയ ഹാഷിം അംലയും 2 റണ്‍സ് നേടി കാഗിസോ റബാഡയുമാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ മിന്നും താരം, ദക്ഷിണാഫ്രിക്കയുടെ ലീഡ് 142 റണ്‍സ്

കേപ് ടൗണില്‍ നേടിയ 77 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡിനോടൊപ്പം രണ്ടാം ഇന്നിംഗ്സില്‍ 65/2 എന്ന നിലയില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തില്‍ 142 റണ്‍സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 286 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 209 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഹാര്‍ദ്ദിക് പാണ്ഡ്യ(93), ഭുവനേശ്വര്‍ കുമാര്‍(25) എന്നിവര്‍ എട്ടാം വിക്കറ്റില്‍ നേടിയ 99 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ബാക്കി വെച്ചത്. വെറോണ്‍ ഫിലാന്‍ഡറും കാഗിസോ റബാഡയുമാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ നിന്നത്. ഇരുവരും 3 വിക്കറ്റ് വീതം നേടി. ഡെയില്‍ സ്റ്റെയിന്‍, മോണേ മോര്‍ക്കല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സിനു ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എയ്ഡന്‍ മാര്‍ക്രം(34), ഡീന്‍ എല്‍ഗാര്‍(25) എന്നിവരെയാണ് നഷ്ടമായത്. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കാണ് രണ്ട് വിക്കറ്റും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊരുതി നോക്കി ഹാര്‍ദ്ദിക് പാണ്ഡ്യ, ഇന്ത്യ 209 റണ്‍സിനു ഓള്‍ഔട്ട്

കേപ് ടൗണില്‍ ഇന്ത്യ 209 റണ്‍സിനു ഓള്‍ഔട്ട്. 92/7 എന്ന നിലയില്‍ തകര്‍ന്ന് നൂറിനു താഴെ ഓള്‍ഔട്ട് ആവുമോ എന്ന ഭയം ഇന്ത്യന്‍ ക്യാമ്പില്‍ പടര്‍ന്നപ്പോളും പതറാതെ പൊരുതിയ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. 99 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ 25 റണ്‍സ് നേടിയ ഭുവനേശ്വര്‍ കുമാര്‍ പുറത്തായതോടെ ഇന്ത്യയുടെ ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു. അര്‍ഹമായ ശതകം ഏഴ് റണ്‍സിനു നഷ്ടമായെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാണ് കേപ് ടൗണില്‍ ഇന്ത്യയുടെ ഹീറോ.

വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വീതം വിക്കറ്റ് നേടി ഡെയില്‍ സ്റ്റെയിന്‍, മോണേ മോര്‍ക്കല്‍ എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. ദക്ഷിണാഫ്രിക്കയുടെ സ്കോറിനു 77 റണ്‍സ് പിന്നിലായാണ് ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രതീക്ഷയായി പുജാര മാത്രം, ഇന്ത്യയ്ക്ക് 4 വിക്കറ്റ് നഷ്ടം

28/3 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ രണ്ടാം ദിവസം ആദ്യ സെഷനിനു ശേഷം പിരിയുമ്പോള്‍ 76/4 എന്ന നിലയില്‍. സ്കോര്‍ 57ല്‍ നില്‍ക്കെ 11 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുടെ ചെറുത്ത് നില്പ് കാഗിസോ റബാഡ അവസാനിപ്പിക്കുകയായിരുന്നു. വിക്കറ്റിനു മുന്നില്‍ രോഹിത്തിനെ കുടുക്കി റബാഡ മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ചേതേശ്വര്‍ പുജാര(26*), രവിചന്ദ്രന്‍ അശ്വിന്‍(12*) എന്നിവരാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ മറുപടിയുമായി ദക്ഷിണാഫ്രിക്ക

കേപ് ടൗണില്‍ മേല്‍ക്കൈ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആദ്യ ദിവസം തന്നെ ആദ്യ ഇന്നിംഗ്സില്‍ 286 റണ്‍സിനു ആതിഥേയര്‍ പുറത്തായെങ്കിലും തിരിച്ച് ഇന്ത്യയുടെ മൂന്ന് വിക്കറ്റ് 28 റണ്‍സിനു വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തിരിച്ചടിച്ചത്. 12/3 എന്ന നിലയില്‍ നിന്ന് എബി ഡിവില്ലിയേഴ്സ്(65), ഫാഫ് ഡു പ്ലെസി(62), ക്വിന്റണ്‍ ഡിക്കോക്ക്(43) എന്നിവരുടെയും ഒപ്പം വാലറ്റത്തില്‍ വെറോണ്‍ ഫിലാന്‍ഡര്‍(23), കേശവ് മഹാരാജ്(35), കാഗിസോ റബാഡ (26) എന്നിവരുടെ ചെറുത്ത് നില്പ് ആതിഥേയരെ ആദ്യ ഇന്നിംഗ്സില്‍ 286 റണ്‍സിലേക്ക് എത്തിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറാണ് ബൗളിംഗ് നിയന്ത്രിച്ചത്. 4 വിക്കറ്റ് വീഴ്ത്തി ഭുവിയ്ക്ക് പിന്തുണയുമായി രവിചന്ദ്രന്‍ അശ്വിനും(2), മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

ഇന്ത്യയ്ക്ക് മുരളി വിജയ്(1), ശിഖര്‍ ധവാന്‍(16), വിരാട് കോഹ്‍ലി(5) എന്നിവരെയാണ് നഷ്ടമായത്. 5 റണ്‍സുമായി ചേതേശ്വര്‍ പുജാരയും റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയത് വെറോണ്‍ ഫിലാന്‍ഡര്‍, ഡെയില്‍ സ്റ്റെയിന്‍, മോണേ മോര്‍ക്കല്‍ എന്നിവരാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യം തകര്‍ച്ച, പിന്നീട് തിരിച്ചുവരവ്, ലഞ്ചിനു പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 107/3

കേപ് ടൗണ്‍ ടെസ്റ്റില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി ദക്ഷിണാഫ്രിക്ക. ഭുവനേശ്വര്‍ കുമാറിന്റെ ഓപ്പണിംഗ് സ്പെല്ലില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ എബി ഡി വില്ലിയേഴ്സും ഫാഫ് ഡു പ്ലെസിയും ചേര്‍ന്നാണ് തിരികെ കൊണ്ടുവന്നത്. 12/3 എന്ന നിലയിലേക്ക് വീണ ആതിഥേയരെ 95 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് 100 റണ്‍സ് കടക്കാന്‍ സഹായിച്ചത്. എബിഡി തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ 37 റണ്‍സുമായി നായകന്‍ ഫാഫ് മികച്ച പിന്തുണയാണ് ഡിവില്ലിയേഴ്സിനു നല്‍കിയത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാറിന്റെ ഒരോവറില്‍ നിന്ന് 17 റണ്‍സ് കണ്ടെത്തിയാണ് ദക്ഷിണാഫ്രിക്കയ്ക്കായി എബിഡി മത്സരം തിരികെ പിടിച്ചത്. ആദ്യ സെഷനില്‍ തന്നെ വാല് മടക്കി മടങ്ങേണ്ടി വരുമെന്ന് കരുതിയിരുന്ന ആതിഥേയര്‍ക്ക് പിടിവള്ളിയായ പ്രകടനമായി മാറിയിട്ടുണ്ട് ഈ കൂട്ടുകെട്ട്.

ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റും വീഴ്ത്തിയത് ഭുവനേശ്വര്‍ കുമാര്‍ ആണ്. ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ഹാഷിം അംല എന്നിവരാണ് പുറത്തായ താരങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേപ് ടൗണില്‍ ആതിഥേയര്‍ ആദ്യം ബാറ്റ് ചെയ്യും, ഡെയില്‍ സ്റ്റെയിന്‍ ടീമില്‍

കേപ് ടൗണില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ ടോസ് ആതിഥേയര്‍ക്ക്. ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി ബാറ്റിംഗ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരത്തില്‍ ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തും. ഉമേഷ് കുമാറിനു പകരമാണ് ബുംറ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്. ഡെയില്‍ സ്റ്റെയിന്‍ ഉള്‍പ്പെടെ നാലവര്‍ പേസ് ബൗളിംഗ് സംഘത്തെയാണ് മത്സരത്തിനായി ദക്ഷിണാഫ്രിക്ക ഇറക്കിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മര്‍ക്രം, ഹാഷിം അംല, എബി ഡിവില്ലിയേഴ്സ്, ഫാഫ് ഡു പ്ലെസിസ്, ക്വിന്റണ്‍ ഡിക്കോക്ക്, വെറോണ്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ്, ഡെയില്‍ സ്റ്റെയിന്‍, കാഗിസോ റബാഡ, മോണേ മോര്‍ക്കെല്‍

ഇന്ത്യ: ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, വൃദ്ധിമന്‍ സാഹ, ഹാര്‍ദ്ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version