അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓപ്പണര്‍മാര്‍, ഇഷാന്‍ കിഷന്റെ വിക്കറ്റ് നഷ്ടം

ട്രിനിഡാഡിലെ മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം. 20 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ  144 റൺസ് എന്ന നിലയിലാണ്. ഇഷാന്‍ കിഷനും ശുഭ്മന്‍ ഗില്ലും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുകയാണ്.

ഇഷാന്‍ കിഷന്‍ 77 റൺസ് നേടി പുറത്തായപ്പോള്‍ ഗിൽ 55 റൺസുമായി ക്രീസിൽ നിൽക്കുന്നത്. ഒരു റൺസുമായി റുതുരാജ് ഗായക്വാഡ് ആണ് കൂട്ടായി ക്രീസിലുള്ളത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആധികാരിക വിജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തിൽ വെസ്റ്റിന്‍ഡീസിനായിരുന്നു വിജയം.

ജൈസ്വാള്‍ ഓപ്പൺ ചെയ്യും, ഗിൽ നമ്പര്‍ 3യിൽ ഇറങ്ങും – രോഹിത് ശര്‍മ്മ

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ഓപ്പണറായി എത്തുക യശസ്വി ജൈസ്വാള്‍ ആയിരിക്കുമെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ചേതേശ്വര്‍ പുജാരയുടെ അഭാവത്തിൽ ശുഭ്മന്‍ ഗിൽ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങും. കോച്ച് രാഹുല്‍ ദ്രാവിഡിനോട് ശുഭ്മന്‍ ഗിൽ തന്നെയാണ് മിഡിൽ ഓര്‍ഡറിൽ സ്ഥാനം തരണമെന്ന ആവശ്യം ഉന്നയിച്ചതെന്നാണ് രോഹിത് വ്യക്തമാക്കുന്നത്.

താരം കരിയറിൽ കൂടുതലും മൂന്നാം നമ്പറിലും നാലാം നമ്പറിലുമാണ് ബാറ്റ് ചെയ്തതെന്നും അതിനാൽ തന്നെ താരം മൂന്നാം നമ്പറിലിറങ്ങുന്നതാകും നല്ലതെന്നാണ് കരുതുന്നതെന്നും ടീമിന് ഓപ്പണിംഗിൽ ഇടത്-വലത് കൂട്ടുകെട്ട് വരുന്നതും മികച്ച കാര്യമായിരിക്കുമെന്ന ചിന്തയും ഇതിന് പിന്നിലുണ്ടെന്നും രോഹിത് കൂട്ടിചേര്‍ത്തു.

ഈ നീക്കങ്ങള്‍ നീണ്ട കാലത്തേക്ക് തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത് അഭിപ്രായപ്പെട്ടു.

ഗില്ലുമല്ല സാഹയുമല്ല, ഫൈനലില്‍ ചെന്നൈയെ ഞെട്ടിച്ച് സായി സുദര്‍ശന്‍, ഗുജറാത്തിന് 214 റൺസ്

ചെന്നൈയ്ക്കെതിരെ ഫൈനലില്‍ 214 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. സായി സുദര്‍ശന്‍ 47 പന്തിൽ 96 റൺസുമായി ഗുജറാത്തിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ വൃദ്ധിമന്‍ സാഹയും ശുഭ്മന്‍ ഗില്ലുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. നാല് വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്.

ഓപ്പണര്‍മാര്‍ വെടിക്കെട്ട് തുടക്കം നൽകിയപ്പോള്‍ ഗുജറാത്ത് തുടക്കം മുതൽ കുതിയ്ക്കുകയായിരുന്നു. ഗില്ലിനെ ചഹാര്‍ കൈവിട്ടപ്പോള്‍ താരം 2 റൺസായിരുന്നു നേടിയത്. ചഹാര്‍ തന്നെ സാഹയുടെ ക്യാച്ചും കൈവിട്ടപ്പോള്‍ താരം 21 റൺസായിരുന്നു നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 62 റൺസാണ് ഗുജറാത്ത് നേടിയത്.

20 പന്തിൽ 39 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെ രവീന്ദ്ര ജഡേജയുടെ ബൗളിംഗിൽ മഹേന്ദ്ര സിംഗ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 67 റൺസാണ് ഗിൽ – സാഹ കൂട്ടുകെട്ട് നേടിയത്.

ഗില്ലിന് പകരമെത്തിയ സായി കിഷോറിന് വേഗത്തിൽ റൺ സ്കോര്‍ ചെയ്യുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ഗുജറാത്ത് പത്തോവറിൽ 86 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പത്തോവറിന് ശേഷം സാഹയ്ക്കൊപ്പം സായി സുദര്‍ശനും ഇന്നിംഗ്സിന് വേഗത നൽകിയപ്പോള്‍ സാഹ തന്റെ അര്‍ദ്ധ ശതകം 36 പന്തിൽ പൂര്‍ത്തിയാക്കി.

സ്കോര്‍ ബോര്‍ഡിൽ 131 റൺസുള്ളപ്പോള്‍ വൃദ്ധിമന്‍ സാഹയെ ഗുജറാത്തിന് നഷ്ടമായി. 39 പന്തിൽ 54 റൺസ് നേടിയ താരത്തെ ചഹാര്‍ ആണ് പുറത്താക്കിയത്. 64 റൺസാണ് സാഹ – സായി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. സായി സുദര്‍ശനും ഹാര്‍ദ്ദിക്കും ചേര്‍ന്ന് 23 പന്തിൽ തങ്ങളുടെ ഫിഫ്റ്റി കൂട്ടുകെട്ട് നേടിയപ്പോള്‍ അതിൽ ഹാര്‍ദ്ദിക് നേടിയത് 7 റൺസായിരുന്നു.

33 പന്തിൽ 81 റൺസ് നേടിയ കൂട്ടുകെട്ടിനെ ചെന്നൈയ്ക്ക് തകര്‍ക്കാനായത് അവസാന ഓവറിൽ മാത്രമാണ്. 47 പന്തിൽ 96 റൺസ് നേടിയ സായിയെ മതീഷ പതിരാന വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തിൽ 21 റൺസ് നേടി.

കിൽ ഗിൽ!!! ഗില്ലിന്റെ ശതകത്തിൽ ഗുജറാത്തിന് 233 റൺസ്

ശുഭ്മന്‍ ഗില്ലിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ രണ്ടാം ക്വാളിഫയറിൽ മുംബൈയ്ക്കെതിരെ 233 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗിൽ സിക്സടി മേളവുമായി ബാറ്റിംഗിൽ കസറിയപ്പോള്‍ താരം ഈ സീസണിലെ തന്റെ മൂന്നാമത്തെ ശതകമാണ് നേടിയത്. 10 സിക്സുകള്‍ അടക്കം 60 പന്തിൽ നിന്ന് 129 റൺസാണ് ഗിൽ നേടിയത്. 3 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ഈ സ്കോര്‍ നേടിയത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 50 റൺസായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്. ഗിൽ നൽകിയ അവസരം ടിം ഡേവിഡ് പവര്‍പ്ലേയിലെ അവസാന ഓവറിൽ നഷ്ടമാക്കുകയായിരുന്നു. ഗിൽ കൂടുതൽ അപകടകാരിയായി കളിച്ചപ്പോള്‍ സാഹ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു.

18 റൺസ് നേടിയ സാഹയെ പിയൂഷ് ചൗള പുറത്താക്കുമ്പോള്‍ 54 റൺസാണ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. സായി സുദര്‍ശനെ കൂട്ടുപിടിച്ച് മുംബൈ ബൗളര്‍മാരെ ഗിൽ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 138 റൺസാണ് നേടിയത്.

49 പന്തിൽ നിന്ന് തന്റെ ശതകം ഗിൽ പൂര്‍ത്തിയാക്കിയപ്പോള്‍ അതേ ഓവറിൽ ഈ കൂട്ടുകെട്ട് നൂറ് റൺസ് പൂര്‍ത്തിയാക്കി.  129 റൺസ് നേടിയ ഗില്ലിനെ ആകാശ് മാദ്വൽ ആണ് പുറത്താക്കിയത്. 7  ഫോറും 10 സിക്സും അടങ്ങിയതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്.

31 പന്തിൽ 41 റൺസ് നേടിയ സായി സുദര്‍ശന്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 13 പന്തിൽ 28 റൺസ് നേടി ഗുജറാത്തിനെ 233 റൺസിലേക്ക് നയിച്ചു.

ഇന്ത്യയുടെ ഭാവി ഓപ്പണിംഗ് താരങ്ങള്‍ ജൈസ്വാളും ഗില്ലും – ഹര്‍ഭജന്‍ സിംഗ്

ഇന്ത്യയുടെ ഭാവി ഓപ്പണിംഗ് താരങ്ങളാണ് യശസ്വി ജൈസ്വാളും ശുഭ്മന്‍ ഗില്ലുമെന്നും പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്. ഹാര്‍ദ്ദിക് ക്യാപ്റ്റനായി എത്തുമ്പോള്‍ ഗില്ലും ജൈസ്വാളും ഓപ്പണിംഗിലുണ്ടാവണമെന്നും റുതുരാജ് ഗായക്വാഡ്, റിങ്കു സിംഗ്, തിലക് വര്‍മ്മ, നിതീഷ് റാണ എന്നിവര്‍ക്ക് ടീമിലിടം ലഭിയ്ക്കണമെന്നും ഈ ടീമിന് വലിയ മത്സരങ്ങള്‍ വിജയിക്കുവാനുള്ള ശേഷിയുണ്ടെന്നും ഹര്‍ഭജന്‍ സിംഗ് വെളിപ്പെടുത്തി.

ഭാവിയിൽ ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയാകുവാന്‍ ശേഷിയുള്ള താരമാണ് ശുഭ്മന്‍ ‍ഗിൽ എന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി. മേൽപ്പറഞ്ഞ താരങ്ങളെല്ലാം അത്ഭുത പ്രതിഭകളാമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഐപിഎലില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയിൽ ടി20യിലേക്ക് ഇറക്കണമെന്നും ഹര്‍ഭജന്‍ സൂചിപ്പിച്ചു.

വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ ടൈം ചെയ്യൂ, റൺസ് വരും!!! വിജയ് ശങ്കറോട് താന്‍ പറ‍ഞ്ഞത് വെളിപ്പെടുത്തി ശുഭ്മന്‍ ഗിൽ

ഐപിഎലില്‍ ഇന്നലെ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇല്ലാതാക്കിയപ്പോള്‍ അതിൽ ശുഭ്മന്‍ ഗിൽ – വിജയ് ശങ്കര്‍ കൂട്ടുകെട്ടിന്റെ റോള്‍ വളരെ വലുതായിരുന്നു. വൃദ്ധിമന്‍ സാഹയെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ 123 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

ഗിൽ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ വിജയ് ശങ്കര്‍ 53 റൺസ് നേടി പുറത്താകുകയായിരുന്നു. താരം ക്രീസിലെത്തിയപ്പോള്‍ വലിയ ഷോട്ടുകള്‍ക്കാണ് ശ്രമിച്ചതെന്നും താന്‍ അദ്ദേഹത്തോട് ടൈമിംഗിൽ ശ്രദ്ധിക്കുവാനാണ് പറഞ്ഞതെന്നും ശുഭ്മന്‍ ഗിൽ പറഞ്ഞു. മൊമ്മന്റം കിട്ടിക്കഴിഞ്ഞാൽ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ സാധിക്കുന്ന താരമാണ് ശങ്കറെന്നും അത് തനിക്കറിയാമായിരുന്നുവെന്നും ഗിൽ കൂട്ടിചേര്‍ത്തു.

വിരാടിന്റെ അവിശ്വസനീയ ഇന്നിംഗ്സ്, എന്നാൽ ഗിൽ മത്സരം തട്ടിയെടുത്തു – ഫാഫ് ഡു പ്ലെസി

ഐപിഎൽ പ്ലേ ഓഫിലെത്തുവാന്‍ സാധിക്കാത്തതിൽ ഏറെ നിരാശയുണ്ടെന്ന് പറഞ്ഞ് ആര്‍സിബി നായകന്‍ ഫാഫ് ഡു പ്ലെസി. വിരാട് കോഹ്‍ലി നേടിയ ശതകത്തിന്റെ ബലത്തിൽ 197 റൺസ് നേടിയ ആര്‍സിബിയെ ഗില്ലിന്റെ ശതകത്തിന്റെ ബലത്തിൽ ഗുജറാത്ത് മറികടക്കുകയായിരുന്നു.

വിരാട് കോഹ്‍ലിയുടേത് അവിശ്വസനീയ ഇന്നിംഗ്സായിരുന്നുവെന്നും എന്നാൽ ശുഭ്മന്‍ ഗിൽ തന്റെ പ്രകടനത്തിലൂടെ മത്സരം തങ്ങളുടെ കൈയ്യിൽ നിന്ന് തട്ടിയെടുത്തുവെന്ന് ഫാഫ് ഡു പ്ലെസി വ്യക്തമാക്കി. തങ്ങളുടെ ബാറ്റിംഗിൽ ടൂര്‍ണ്ണമെന്റിലുടനീളം ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും എന്നാൽ മധ്യ നിരയുടെ ഭാഗത്ത് നിന്ന് റൺസ് വരുന്നില്ലായിരുന്നുവെന്നും അത് ടീമിന് തിരിച്ചടിയായി എന്നും ഫാഫ് ഡു പ്ലെസി സൂചിപ്പിച്ചു.

അഭിഷേക് ശര്‍മ്മയ്ക്കെതിരെ നേടിയ സിക്സാണ് ഏറ്റവും സന്തോഷം നൽകിയത് – ശുഭ്മന്‍ ഗിൽ

സൺറൈസേഴ്സിനെതിരെ തന്റെ കന്നി ഐപിഎൽ ശതകം നേടിയ ശുഭ്മന്‍ ഗിൽ പറയുന്നത് തനിക്ക് ഏറ്റവും സന്തോഷം നൽകിയത് അഭിഷേക് ശര്‍മ്മയ്ക്കെതിരെ നേടിയ സിക്സ് ആണെന്നാണ്. ഇരുവരും പഞ്ചാബിന് വേണ്ടി ടി20 ക്രിക്കറ്റിൽ ഓപ്പൺ ചെയ്യുന്നവരാണ്. തനിക്കെതിരെ പന്തെറിയുവാന്‍ വന്നാൽ സിക്സര്‍ പറത്തുമെന്ന് താന്‍ അഭിഷേകിനോട് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും അതിന് സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഗിൽ വ്യക്തമാക്കി.

താന്‍ തന്റെ ഐപിഎൽ അരങ്ങേറ്റം സൺറൈസേഴ്സിനെതിരെയാണ് നടത്തിയതെന്നും അവര്‍ക്കെതിരെ തന്നെ ശതകം നേടാനായതിൽ സന്തോഷമുണ്ടെന്നും ഗിൽ വ്യക്തമാക്കി. എത്ര മികച്ചതാണെങ്കിലും മോശമാണെങ്കിലും താന്‍ തന്റെ കഴിഞ്ഞ ഇന്നിംഗ്സിനെക്കുറിച്ച് ചിന്തിക്കാറില്ലെന്നും ഗിൽ സൂചിപ്പിച്ചു. നിലവിലെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാനം എന്നും താരം പറഞ്ഞു.

 

സാഹയുടെയും ഗില്ലിന്റെയും വെടിക്കെട്ട്, ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ

ലഖ്നൗവിന് എതിരെ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. ഇന്ന് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് ആണ് എടുത്തത്. ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും ഗുജറാത്തിന് ഗംഭീര തുടക്കം നൽകി. സാഹയാണ് തുടക്കത്തിൽ ലഖ്നൗ ബൗളർമാരെ തലങ്ങും വിലങ്ങും മർദ്ദിച്ചത്. 41 പന്തിൽ 83 റൺസ് അടിക്കാൻ സാഹക്ക് ആയി. 10 ഫോറും നാലു സിക്സും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.

സാഹ പുറത്തായതിനു ശേഷം ഹാർദ്ദികും ഗില്ലും ചേർന്ന് നല്ല കൂട്ടുകെട്ട് പടുത്തു. 15 പന്തിൽ നുന്ന് 25 റൺസ് എടുത്ത ഹാർദ്ദികിനെ മൊഹസിൻ പുറത്താക്കി. ഗിൽ ഒരു ഭാഗത്ത് തുടർന്നു. ഗിൽ 51 പന്തിൽ 94 റൺസ് എടുത്തു പുറത്താകാതെ നിന്നു. 2 ഫോറും 7 സിക്സും അടങ്ങുന്നത് ആയിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഗില്ലിന് ഒപ്പം മില്ലറും ആക്രമണത്തിൽ ചേർന്നതോടെ സ്കോർ 227ൽ എത്തി. മില്ലർ 12 പന്തിൽ നിന്ന് 23 റൺസ് എടുത്തും പുറത്താകാതെ നിന്നു.

ലഖ്നൗ സൂപ്പർ ജയന്റ്സിനായി മൊഹ്സിൻ ഖാനും ആവേശ് ഖാനും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

അനായാസം ഗുജറാത്ത്, ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിൽ

രാജസ്ഥാന്‍ റോയൽസിനെ നാണംകെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്. 119 റൺസ് വിജയ ലക്ഷ്യം വെറും 13.5 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ ആണ് ഗുജറാത്ത് ലക്ഷ്യം കണ്ടത്. ആദ്യ വിക്കറ്റിൽ സാഹ – ഗിൽ കൂട്ടുകെട്ട് 71 റൺസ് നേടിയപ്പോള്‍ പിന്നീടെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ അതിവേഗത്തിൽ സ്കോര്‍ ചെയ്തപ്പോള്‍ രാജസ്ഥാന്‍ വലിയ വിജയം നേടുകയായിരുന്നു.

പത്താം ഓവറിൽ 36 റൺസ് നേടി ഗില്ലിനെ യൂസുവേന്ദ്ര ചഹാലിന്റെ ബൗളിംഗിൽ സ‍ഞ്ജു സാംസൺ സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ 71 റൺസായിരുന്നു ഒന്നാം വിക്കറ്റിൽ നേടിയത്. രണ്ടാം വിക്കറ്റിൽ 48 റൺസാണ് ഹാര്‍ദ്ദിക് – സാഹ കൂട്ടുകെട്ട് നേടിയത്.

ഹാര്‍ദ്ദിക് 15 പന്തിൽ 39 റൺസ് നേടിയപ്പോള്‍ വൃദ്ധിമന്‍ സാഹ 34 പന്തിൽ 41 റൺസ് നേടി ഹാര്‍ദ്ദിക്കിനൊപ്പം പുറത്താകാതെ നിന്നു.

മില്ലറുടെ ക്യാച്ച് വിട്ടത് വിനയായി, ഗുജറാത്തിന് 177 റൺസ്

രാജസ്ഥാന്‍ റോയൽസിനെതിരെ ഇന്നത്തെ ഐപിഎൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 177 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗിൽ ഹാര്‍ദ്ദിക് പാണ്ഡ്യ ആദ്യ ഘട്ടത്തിൽ റൺസ് കണ്ടെത്തിയപ്പോള്‍ അവസാന ഓവറുകളിൽ ഡേവിഡ് മില്ലറും അഭിനവ് മനോഹറുമാണ് ഗുജറാത്തിനായി സ്കോറിംഗ് നടത്തിയത്.

വൃദ്ധിമന്‍ സാഹയെ സ്വന്തം ബൗളിംഗിൽ ട്രെന്റ് ബോള്‍ട്ട് പിടിച്ച് പുറത്താക്കുമ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ ബോര്‍ഡിൽ 5 റൺസായിരുന്നു. രണ്ടാം വിക്കറ്റിൽ സായി സുദര്‍ശനും ഗില്ലും ചേര്‍ന്ന് 27 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ 20 റൺസ് നേടിയ സായി സുദര്‍ശന്‍ റണ്ണൗട്ടായി മടങ്ങി.

പിന്നീട് കണ്ടത് ഗുജറാത്തിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 59 റൺസാണ് നേടിയത്. ചഹാല്‍ 19 പന്തിൽ 28 റൺസ് നേടിയ ഹാര്‍ദ്ദിക്കിനെ പുറത്താക്കുകയായിരുന്നു.

സന്ദീപ് ശര്‍മ്മ 34 പന്തിൽ 45 റൺസ് നേടിയ ഗില്ലിനെ പുറത്താക്കിയപ്പോള്‍ 121/4 എന്ന നിലയിലായിരുന്നു ഗുജറാത്ത്. നാലാം വിക്കറ്റിൽ 30 റൺസാണ് ഗിൽ മില്ലര്‍ കൂട്ടുകെട്ട് നേടിയത്. ഈ കൂട്ടുകെട്ടിനിടെ മില്ലറുടെ ക്യാച്ച് കൈവിട്ടതിന് രാജസ്ഥാന്‍ വലിയ വില നൽകേണ്ടി വരുന്നതാണ് പിന്നീട് കണ്ടത്.

സ്കോര്‍ ആറിൽ നിൽക്കുമ്പോള്‍ മില്ലറുടെ ക്യാച്ച് സ്വന്തം ബൗളിംഗിൽ ആഡം സംപ കൈവിടുകയായിരുന്നു. പിന്നീട് മില്ലര്‍ 30 പന്തിൽ 46 റൺസ് നേടി ഗുജറാത്തിന്റെ ഇന്നിംഗ്സിന് അവസാന ഓവറുകളിൽ വേണ്ട ഊര്‍ജ്ജം നൽകുകയായിരുന്നു.

ഒപ്പം അഭിനവ് മനോഹറും സിക്സുകള്‍ പായിച്ചപ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ രണ്ടോവര്‍ ബാക്കി നിൽക്കെ 150 കടന്നു. അഞ്ചാം വിക്കറ്റിൽ അഭിനവ് – മില്ലര്‍ കൂട്ടുകെട്ട് 22 പന്തിൽ നിന്ന് 45 റൺസാണ് നേടിയത്. 13 പന്തിൽ 27 റൺസ് നേടിയ അഭിനവിനെ സംപ ആണ് പുറത്താക്കിയത്.

മില്ലര്‍ സന്ദീപ് ശര്‍മ്മയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ സന്ദീപ് മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റാണ് നേടിയത്. തന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ശേഷം 40 റൺസാണ് മില്ലര്‍ സ്കോറിനോട് കൂട്ടിചേര്‍ത്തത്.

ഗില്ലിന്റെ അര്‍ദ്ധ ശതകം തുണച്ചു, അവസാന ഓവറിൽ വിജയം കുറിച്ച് ഗുജറാത്ത്

പഞ്ചാബ് കിംഗ്സ് നൽകിയ 154 റൺസ് ചേസ് ചെയ്തിറങ്ങിയ ഗുജറാത്തിന് വിജയം നേടാനായത് ഒരു പന്ത് അവശേഷിക്കുമ്പോള്‍ മാത്രം. ഇന്ന് മറ്റൊരു ആവേശകരമായ ഐപിഎൽ മത്സരത്തിൽ ശുഭ്മന്‍ ഗിൽ 67 റൺസ് നേടിയെങ്കിലും താരം അവസാന ഓവറിൽ പുറത്തായത് ഗുജറാത്ത് ക്യാമ്പിൽ പരിഭ്രാന്തി പരത്തി. എന്നാൽ ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തി രാഹുല്‍ തെവാത്തിയ ഗുജറാത്തിന്റെ വിജയം ഉറപ്പാക്കി.

സാഹയും ഗില്ലും ചേര്‍ന്ന് 48 റൺസാണ് 4.4 ഓവറിൽ നേടിയത്. 19 പന്തിൽ 30 റൺസ് നേടിയ സാഹ ആയിരുന്നു ബഹുഭൂരിപക്ഷം സ്കോറിംഗും മത്സരത്തിൽ നടത്തിയത്. താരത്തെ കാഗിസോ റബാഡയാണ് പുറത്താക്കിയത്.

രണ്ടാം വിക്കറ്റിൽ ഗിൽ 41 റൺസാണ് സായി സുദര്‍ശനനൊപ്പം നേടിയത്. 19 റൺസ് നേടിയ യുവതാരം അര്‍ഷ്ദീപിന് വിക്കറ്റ് നൽകി മടങ്ങി. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഗുജറാത്ത് 106/3 എന്ന നിലയിലായിരുന്നു.

ഗിൽ ഒരു വശത്ത് കരുതലോടെ ബാറ്റ് വീശിയപ്പോള്‍ ഗുജറാത്തിന് അവസാന നാലോവറിൽ 34 റൺസായിരുന്നു വേണ്ടിയിരുന്നത്. സാം കറന്‍ എറിഞ്ഞ 17ാം ഓവറിൽ 9 റൺസും കാഗിസോ റബാഡ എറിഞ്ഞ 18ാം ഓവറിൽ ഗിൽ ഒരു സിക്സും ഫോറും നേടിയപ്പോള്‍ 12 റൺസും വന്നു. ഇതോടെ ഗുജറാത്തിന്റെ ലക്ഷ്യം 12 പന്തിൽ 13 മാത്രമായി മാറി.

അര്‍ഷ്ദീപ് എറിഞ്ഞ 19ാം ഓവറിൽ 6 റൺസ് മാത്രം വന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം ഏഴ് റൺസായി മാറി. അവസാന ഓവറിലെ രണ്ടാം പന്തിൽ സാം കറന്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയപ്പോള്‍ മത്സരം വീണ്ടും ആവേശകരമായി. 49 പന്തിൽ 67 റൺസായിരുന്നു ഗിൽ നേടിയത്.

അതിന് ശേഷം ലക്ഷ്യം 2 പന്തിൽ നാലായി മാറിയപ്പോള്‍ രാഹുല്‍ തെവാത്തിയ സാം കറനെ ബൗണ്ടറി പറത്തി ഒരു പന്ത് അവശേഷിക്കെ 6 വിക്കറ്റ് വിജയം കരസ്ഥമാക്കി.

Exit mobile version