അടുത്ത ഒരു വർഷത്തേക്ക് ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനുള്ള സാധ്യതയില്ലെന്ന് ഷൊഹൈബ് അക്തർ

ലോകം മുഴുവനും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം തുടരുന്നതിനിടെ അടുത്ത 12 മാസത്തേക്ക് ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനുള്ള സാധ്യതയില്ലെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. നിലവിലെ സാഹചര്യത്തിൽ കൊറോണ വൈറസ് ബാധ എത്ര കാലം തുടരുമെന്ന് പറയാൻ കഴിയില്ലെന്നും നിലവിൽ എത്ര പേർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നും പോലും അറിയില്ലെന്നും അക്തർ പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിൽ ലോകത്ത് ഒരു സ്ഥലത്തും ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനുള്ള സാധ്യത താൻ കാണുന്നില്ലെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറഞ്ഞു. ഒരു വർഷത്തേക്ക് കൊറോണ വൈറസ് ബാധ മൂലം മത്സരങ്ങൾ ഒന്നും നടക്കില്ലെന്നും ഒരു വർഷം കൂടെ കൊറോണ വൈറസ് ബാധ ഞമ്മളെ ബുദ്ധിമുട്ടിക്കുമെന്നും അക്തർ പറഞ്ഞു. കൊറോണ വൈറസ് ബാധ കഴിഞ്ഞ് ഞമ്മള് ശക്തരായി തിരിച്ചുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അക്തർ പറഞ്ഞു.

ക്രിക്കറ്റ് എന്നത് ആൾക്കാരുമായി സമ്പർക്കമുണ്ടാവുന്ന മത്സരം ആണെന്നും പന്തിൽ ഉമിനീർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമം ഐ.സി.സി പാസാക്കുന്നതിന് താൻ സ്വാഗതം ചെയ്യുന്നുണ്ടെന്നും അക്തർ പറഞ്ഞു.

വസീം അക്രം എന്നോട് മാച്ച് ഫിക്സിംഗ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അന്നദ്ദേഹത്തിന്റെ കഥ കഴിച്ചേനെ – ഷൊയ്ബ് അക്തര്‍

തന്നോട് എന്നെങ്കിലും വസീം അക്രം മാച്ച് ഫിക്സിംഗിന് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അന്നദ്ദേഹത്തിന്റെ അവസാനമായിരുന്നുവെന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍. താന്‍ കണ്ടതില്‍ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണെന്നും ക്രിക്കറ്റില്‍ പാക്കിസ്ഥാനെ പല മത്സരങ്ങളിലും അവിശ്വസനീയമായ വിജയങ്ങള്‍ നല്‍കിയ താരമാണ് വസീം അക്രമെന്നും അദ്ദേഹത്തോടൊപ്പം കളിക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന താരമാണ് വസീമെന്നും അക്തര്‍ പറഞ്ഞു.

എന്നാല്‍ ഇത്രയും താന്‍ ബഹുമാനിക്കുന്ന താരത്തില്‍ നിന്ന് ഇത്തരമൊരു സമീപനമുണ്ടായിരുന്നുവെങ്കില്‍ തന്റെ വിധം മാറിയേനെ എന്ന് അക്തര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം ഒരിക്കലും അത് ചെയ്യില്ലെന്ന് തനിക്കറിയാമെന്നും അക്തര്‍ കൂട്ടിചേര്‍ത്തു. എട്ട് വര്‍ഷത്തോളം താന്‍ വസീമിനൊപ്പം കളിച്ചു. തന്റെ മോശം സമയത്ത് തന്നെ എപ്പോളും പിന്തുണയുമായി വസീം എത്താറുണ്ടായിരുന്നു. അന്നൊന്നും താന്‍ അദ്ദേഹത്തിന്റെ മഹത്വത്തെ പ്രശംസിച്ചിരുന്നില്ലെന്നും അതിന് താന്‍ മാപ്പ് പറയുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.

ഇപ്പോള്‍ അദ്ദേഹത്തിന്റെ പഴയ മത്സരങ്ങള്‍ കാണുമ്പോളാണ് പാക്കിസ്ഥാനെ തിരിച്ചു മത്സരങ്ങളിലേക്ക് എത്തിച്ച അദ്ദേഹം എത്ര മഹാനാണെന്ന് തോന്നുന്നത്. ഇത് കണ്ട ശേഷം താന്‍ അദ്ദേഹത്തെ വിളിച്ച് മാപ്പ് പറയുകയും ചെയ്തുവെന്ന് അക്തര്‍ സൂചിപ്പിച്ചു.

അക്തറിന്റെ നര്‍മ്മ ബോധം കൊള്ളാം – സുനില്‍ ഗവാസ്കര്‍

ഷൊയ്ബ് അക്തര്‍ തനിക്ക് തന്ന ട്വിറ്ററിലെ മറുപടി കണ്ട് അദ്ദേഹത്തിന് നര്‍മ്മ ബോധമുണ്ടെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗവാസ്കര്‍. ഷൊയ്ബ് അക്തറിന്റെ കോവിഡ് പ്രതിരോധത്തിന് വേണ്ടി ഇന്ത്യ – പാക് പരമ്പര എന്ന ആശയത്തെ നേരത്തെ സുനില്‍ ഗവാസ്കര്‍ തള്ളിയിരുന്നു.

ഇന്ത്യ പാക് പരമ്പരയെക്കാള്‍ കൂടുതല്‍ സാധ്യത ലാഹോറില്‍ മഞ്ഞ് പെയ്യുന്നതിനാണ് സാധ്യത എന്നാണ് സുനില്‍ ഗവാസ്കര്‍ അക്തറിന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ അതിനുള്ള മറുപടിയുമായി അക്തര്‍ എത്തിയിട്ടുണ്ട്.

സണ്ണി ഭായ്, കഴിഞ്ഞ വര്‍ഷം ലാഹോറില്‍ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു, അപ്പോള്‍ ഒന്നും അസാധ്യമല്ല എന്നാണ് അക്തര്‍ ട്വിറ്ററില്‍ മറുപടി നല്‍കിയത്. ഈ ട്വീറ്റ് വായിച്ച ശേഷം മിഡ്-ഡേ എന്ന പത്രത്തില്‍ തന്റെ കോളത്തിലാണ് നല്ല നര്‍മ്മബോധമുള്ളയാളാണ് അക്തറെന്ന് താരം വ്യക്തമാക്കി.

ഇന്ത്യ-പാക് ചാരിറ്റി സീരീസ് അല്ലാതെയും ഫണ്ട് സ്വരൂപിക്കുവാന്‍ മാര്‍ഗ്ഗമുണ്ട്

കോവിഡ് പ്രതിരോധത്തിന് ഷൊയ്ബ് അക്തറിന്റെ ആശയമായ ഇന്ത്യ-പാക് പരമ്പരയെന്ന നിര്‍ദ്ദേശമല്ലാതെയും പല രീതിയില്‍ ഫണ്ട് കണ്ടെത്താനാകുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ദുബായിയില്‍ ഒരു പരമ്പര നടത്തണമെന്നായിരുന്നു ഷൊയ്ബ് അക്തറിന്റെ ആവശ്യം. എന്നാല്‍ ഈ ആശയത്തെ വിമര്‍ശിച്ചും അനുകൂലിച്ചും പല മുന്‍ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോളത്തെ നിലയില്‍ ഇത്തരം ഒരു പരമ്പര കൂടുതല്‍ അപകട സ്ഥിതിയുണ്ടാക്കുമെന്നും താരങ്ങള്‍ക്ക് രോഗം പിടിപ്പെടുത്തുന്നതിന് കാരണമായേക്കുമെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്. ഹര്‍ഭജന്‍ സിംഗ് പറയുന്നത് ഇപ്പോള്‍ ക്രിക്കറ്റ് മത്സരത്തിന് അനുകൂലമായ സാഹചര്യം അല്ലെന്നാണ്. ക്രിക്കറ്റ് നടന്നാലും കാണികള്‍ക്ക് വരാനാകാത്ത സ്ഥിതിയാണെങ്കില്‍ എന്ത് ചെയ്യാനാകുമെന്ന് താരം ചോദിച്ചു.

ഇപ്പോള്‍ ക്രിക്കറ്റിന് അവസാന സ്ഥാനമാണ് നല്‍കേണ്ടത്. പണം കണ്ടെത്തുവാന്‍ വേറെ പല വഴിയുമുണ്ട്. ക്രിക്കറ്റ് പരമ്പര സംഘടിപ്പിക്കുകയല്ല വേണ്ടതെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഹര്‍ഭജനും ഭാര്യയും തങ്ങളുടെ നാടായ ജലന്തറില്‍ 5000 പാവപ്പെട്ട കുടുംബങ്ങളെ സഹായിച്ച് വരികയാണ്. താരം പഞ്ചാബില്‍ ഇല്ലെങ്കിലും സുഹൃത്തുക്കള്‍ വഴിയാണ് ഇത് നടപ്പിലാക്കുന്നത്.

അടുത്തിടെ ഷാഹിദ് അഫ്രീദിയുടെ ഫൗണ്ടേഷന് സംഭാവന നല്‍കുവാന്‍ ആവശ്യപ്പെട്ടതിന് താരം ആരാധകരില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ആര് എന്ത് പറഞ്ഞാലും മനുഷ്യത്വത്തിനാണ് പ്രാധാന്യമെന്നും താന്‍ ഇത്തരം  കാര്യങ്ങളെ പിന്തുണയ്ക്കുമെന്നും ഹര്‍ഭജന്‍ അറിയിച്ചു.

കോഹ്‍ലിയെ പുറത്താക്കുവാനുള്ള തന്റെ തന്ത്രങ്ങള്‍ വെളിപ്പെടുത്തി ഷൊയ്ബ് അക്തര്‍

താന്‍ വിരാട് കോഹ്‍ലിയ്ക്കെതിരെ കളിയ്ക്കുകയാണെങ്കില്‍ താരത്തിനെ പുറത്താക്കുവാന്‍ ഉപയോഗിച്ചേക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ വെളിപ്പെടുത്തി ഷൊയ്ബ് അക്തര്‍. ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരും ലോകത്തിലെ തന്നെ മികച്ച ബാറ്റ്സ്മാന്മാരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന റണ്‍മെഷിനായ വിരാടിനെ പുറത്താക്കുക എന്നത് ഏത് ബൗളറുടെയും ആഗ്രഹമാണ്.

താന്‍ രണ്ട് രീതിയില്‍ വിരാടിനെ പുറത്താക്കുവാനുള്ള പദ്ധതിയിടുമെന്നാണ് മുന്‍ പാക് താരം വെളിപ്പെടുത്തിയത്. വിരാടിനെക്കൊണ്ട് തെറ്റായ ഒരു ഡ്രൈവ് കളിപ്പിക്കു എന്നതാണ് അതില്‍ ആദ്യത്തെത്. ക്രീസില്‍ നിന്ന് വൈഡായി കോ‍ഹ്‍ലിയ്ക്ക് നേരെ വിക്കറ്റിലേക്ക് വരുന്ന രീതിയില്‍ ഡ്രൈവ് ചെയ്യാനാകുന്ന തരത്തിലുള്ള ഒരു പന്ത് എറിഞ്ഞ് എഡ്ജ് ചെയ്യിപ്പിച്ചോ ഡ്രൈവ് മിസ്സാവുമ്പോള്‍ ബൗള്‍ഡാക്കാം എന്നതാണ് അതില്‍ ആദ്യത്തെ രീതിയെന്ന് ഷൊയ്ബ് വ്യക്തമാക്കി.

രണ്ടാമത്തേത് തന്നെ ബാറ്റ്സ്മാന്മാര്‍ക്കിടയില്‍ ഒരു ഭീകരനാക്കി മാറ്റിയ ഷൊയ്ബ് അക്തറിന്റെ അതിവേഗ പേസ് ബൗളിംഗ് ഉപയോഗിച്ച് പുറത്താക്കും എന്നാണ് ഷൊയ്ബ് അവകാശപ്പെടുന്നത്. ആദ്യ പദ്ധതി നടപ്പിലായില്ലേല്‍ തന്റെ രണ്ടാം പദ്ധതിയായ പേസ് ബൗളിംഗില്‍ വിരാട് കോഹ്‍ലി പുറത്താകുമെന്ന് റാവല്‍പിണ്ടി എക്സ്പ്രസ്സ് അറിയിച്ചു.

അക്തറിന്റെ സ്പെല്‍ അവസാനിക്കുവാനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു – പൊള്ളോക്ക്

ഷൊയ്ബ് അക്തറിന്റെ തീപാറും സ്പെല്‍ അവസാനിക്കുന്നതിനായി ദക്ഷിണാഫ്രിക്കന്‍ ടീം കാത്തിരിക്കുമായിരുന്നുവെന്ന് ഷോണ്‍ പൊള്ളോക്ക്. അക്തര്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ദിവസം തീര്‍ത്തും കളിക്കുവാന്‍ ബുദ്ധിമുട്ടുള്ള സ്പെല്ലുകള്‍ പുറത്തെടുത്ത താരം ആയിരുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ താരത്തിന്റെ സ്പെല്‍ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീം ആശ്വസിക്കാറുണ്ടായിരുന്നുവെന്ന് പൊള്ളോക്ക് വ്യക്തമാക്കി.

മികച്ച ബൗണ്‍സ് സൃഷ്ടിച്ചിരുന്ന അക്തറിന്റെ മറ്റൊരു സവിശേഷത ഇന്‍സ്വിംഗിംഗ് യോര്‍ക്കറുകളായിരുന്നു. കൃത്യമായി പന്തെറിയുവാന്‍ പേര് കേട്ട ഷോണ്‍ പൊള്ളോക്ക് അക്തറിന്റെ പ്രഭാവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പറഞ്ഞത് താരത്തിന്റെ സ്പെല്‍ അവസാനിക്കുമ്പോള്‍ ഡ്രെസ്സിംഗ് റൂമില്‍ നിന്ന് തന്നെ താരങ്ങള്‍ ആശ്വാസം പ്രകടിപ്പിക്കാറുണ്ടായിരുന്നുവെന്ന് പൊള്ളോക്ക് പറഞ്ഞു.

അക്തറിന്റെ ബൗളിംഗ് എത്ര വേഗത്തില്‍ പന്തെറിയണമെന്ന ഒരു മാനദണ്ഡം തന്നെ ക്രിക്കറ്റ് ലോകത്തില്‍ സൃഷ്ടിച്ചുവെന്ന് ഷോണ്‍ പൊള്ളോക്ക് അഭിപ്രായപ്പെട്ടു.

യുവരാജ് സിംഗിനും ഹർഭജൻ സിംഗിനുമെതിരെയുള്ള വിമർശനങ്ങൾ മനുഷ്യത്വ രഹിതമെന്ന് ഷൊഹൈബ് അക്തർ

കൊറോണ വൈറസ് ബാധക്കെതിരെ താൻ നടത്തുന്ന പ്രവർത്തനങ്ങളെ പിന്തുണച്ചതിന്റെ പേരിൽ മുൻ ഇന്ത്യൻ താരങ്ങളായ യുവരാജ് സിംഗിനും ഹർഭജൻ സിംഗിനും നേരെ വിമർശനങ്ങൾ ഉന്നയിക്കുന്നത് മനുഷ്യത്വ രഹിതമാണെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. ഇരു താരങ്ങൾക്കുമെതിരെയുള്ള വിമർശനങ്ങൾ മനുഷ്യത്വ രഹിതമാണെന്നും ഇത് ഇപ്പോൾ ഒരു രാജ്യത്തെ കുറിച്ചോ ഒരു മതത്തെ കുറിച്ചോ ഉള്ളതല്ലെന്നും മനുഷ്യത്വത്തെ കുറിച്ചാണെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.

ഷൊഹൈബ് അക്തറിന്റെ പ്രവർത്തനങ്ങളെ പിന്തുണച്ചതിന്റെ പേരിൽ മുൻ ഇന്ത്യൻ താരങ്ങളായ യുവരാജ് സിംഗിനും ഹർഭജൻ സിംഗിനും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പ്രതികരണവുമായി ഷൊഹൈബ് അക്തർ രംഗത്തെത്തിയത്. ഇന്ത്യക്കാരോട് തനിക്ക് ഒരുപാട് ബഹുമാനം ഉണ്ടെന്നും ഇന്ത്യയിൽ നിന്ന് താൻ ഉണ്ടാക്കിയ പണത്തിന്റെ ഒരു ഭാഗം താൻ ഇന്ത്യയിലെ പാവങ്ങൾക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ടെന്നും അക്തർ പറഞ്ഞു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് ടീമുകള്‍ കൂടി എത്തണം, അതിലൊന്ന് എനിക്ക് നല്‍കണം – ഷൊയ്ബ് അക്തര്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പുതുതായി രണ്ട് ടീമുകള്‍ക്ക് കൂടി ബോര്‍ഡ് അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. ഈ രണ്ട് ടീമുകളില്‍ ഒരെണ്ണം സ്വന്തമാക്കുവാനുള്ള അവസരം ബോര്‍ഡ് തനിക്ക് തരണമെന്ന ആവശ്യം കൂടി ഷൊയ്ബ് ആവശ്യപ്പെട്ടു.

തനിക്ക് പാക്കിസ്ഥാനിലും പുറത്തും ശക്തരായ ആരാധകരുണ്ടെന്നും അതിനാല്‍ തന്നെ തനിക്ക് ലോകത്താകമാനം പിഎസ്എലിന്റെ ബ്രാന്‍ഡ് വാല്യൂ വ്യാപിപ്പിക്കാനാകുമെന്നും അക്തര്‍ വെളിപ്പെടുത്തി. ലോകത്തെമ്പാടും ആളുകള്‍ തിരിച്ചറിയുന്ന തനിക്ക് ഒരു ടീം ലഭിയ്ക്കുകയാണെങ്കില്‍ അതിനാവശ്യമായ നിക്ഷേപം സ്വരൂപിക്കുവാനും സാധിക്കുമെന്ന് അക്തര്‍ വ്യക്തമാക്കി.

തന്നെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഉപയോഗിച്ചില്ലെന്ന് റാവല്‍പിണ്ടി എക്സ്പ്രസ്സ്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് തന്നെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്ന് പരാതി പറഞ്ഞ് ഷൊയ്ബ് അക്തര്‍. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ക്രിക്കറ്റ് നടത്തിപ്പ് മുന്‍ കളിക്കാരെ ഏല്പിക്കുമ്പോളും പാക്കിസ്ഥാനിലെ സ്ഥിതി വ്യത്യസ്തമാണെന്നാണ് അക്തര്‍ പറയുന്നത്. ഇന്ത്യയില്‍ സൗരവ് ഗാംഗുലിയാണ് ബിസിസിഐ പ്രസിഡന്റ്, രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റ് അക്കാഡമിയുടെ തലവന്‍. ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റിന്റെ തലപ്പത്ത് ഗ്രെയിം സ്മിത്താണ് കോച്ച് മാര്‍ക്ക് ബൗച്ചറും. പാക്കിസ്ഥാനില്‍ എന്നാല്‍ സ്ഥിതി വ്യത്യസ്തമാണെന്ന് അക്തര്‍ വ്യക്തമാക്കി.

തന്നെ അവര്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്ന് അക്തര്‍ കൂട്ടിചേര്‍ത്തു. താന്‍ ടിവിയില്‍ ഇങ്ങനെ ഇരിക്കേണ്ടയാളല്ലെന്നും തന്നെ ക്രിക്കറ്റ് നടത്തിപ്പിനായി ഉപയോഗിക്കണമായിരുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന് പുതിയ നായകന്മാരെ നിര്‍ദ്ദേശിച്ച് ഷൊയ്ബ് അക്തര്‍

ലോകകപ്പിന് ശേഷം പാക്കിസ്ഥാന് ക്രിക്കറ്റിന് പുതിയ നായകനെ നിര്‍ദ്ദേശിച്ച് മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. സര്‍ഫ്രാസ് അഹമ്മദിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ അവസാന മത്സരങ്ങളില്‍ മെച്ചപ്പെട്ട് പ്രകടനം പുറത്തെടുത്തുവെങ്കിലും തുടക്കത്തിലെ പാളിച്ച കാരണം ടീം സെമി കാണാതെ പുറത്ത് പോകുകയായിരുന്നു. സീനിയര്‍ താരമായ സര്‍ഫ്രാസ് അഹമ്മദിന് പകരം കുറച്ച് കൂടി യുവ താരങ്ങളെ ഈ ദൗത്യം ഏല്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഷൊയ്ബ് അക്തര്‍ മുന്നോട്ട് വെച്ചത്.

ടെസ്റ്റില്‍ ബാബര്‍ അസമിനെയും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഹാരിസ് സൊഹൈലിനെയും പാക്കിസ്ഥാന്‍ നായകനായി പരിഗണിക്കണമെന്നാണ് പാക്കിസ്ഥാന്‍ മുന്‍ സൂപ്പര്‍ പേസറുടെ ആവശ്യം.

ചാമ്പ്യന്‍സ് ട്രോഫി നേടിയത് പോലെ വിജയവുമായി മടങ്ങി വരുവാന്‍ സര്‍ഫ്രാസിനാകട്ടെ – അക്തര്‍

സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് നില്‍ക്കുന്ന പാക്കിസ്ഥാനെതിരെ നാട്ടിലെ ആരാധകരുടെ രോഷം ഉയരുമ്പോളും ടീമിനു കിരീടവുമായി മടങ്ങിയെത്താമെന്ന പ്രതീക്ഷയില്‍ മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. ആദ്യമായി ലോകകപ്പില്‍ ടീമിനെ നയിക്കുന്ന സര്‍ഫ്രാസ് അഹമ്മദിനോട് ചാമപ്്യന്‍സ് ട്രോഫിയില്‍ 2017ല്‍ ഇന്ത്യയെ കീഴടക്കിയത് പോലെ ലോകകപ്പിലും വിജയം കരസ്ഥമാക്കി നാട്ടിലേക്ക് മടങ്ങുവാനാണ് അക്തര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ആശംസ അറിയിക്കുകയും ചെയ്തത്.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം പലയിടത്തും ഇന്ത്യയോട് തോറ്റ ടീമിനെ നയിച്ചയാളും സര്‍ഫ്രാസ് ആണെങ്കിലും ലോകകപ്പില്‍ താരത്തിനു തിളങ്ങാനാകുമെന്നാണ് അക്തറിന്റെ പ്രതീക്ഷ. ലോകകപ്പുമായി സര്‍ഫ്രാസ് നാട്ടിലേക്ക് മടങ്ങട്ടെ എന്നാണ് അക്തറിന്റെ ആശംസ. പാക്കിസ്ഥാനെ 1999 ലോകകപ്പിന്റെ ഫൈനലിലേക്ക് എത്തിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് ഷൊയ്ബ് അക്തര്‍.

റിട്ടയര്‍മെന്റില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചത് തന്റെ ഭാര്യയും ഷൊയ്ബ് അക്തറും ചേര്‍ന്ന്: ഹഫീസ്

ഏഷ്യ കപ്പില്‍ നിന്ന് യോ-യോ ടെസ്റ്റ് മൂലം ഒഴിവാക്കപ്പെട്ട ശേഷവും ഓസ്ട്രേലിയന്‍ ടൂറിലേക്കുള്ള ടെസ്റ്റ് ടീമില്‍ തന്നെ പരിഗണിക്കാതെയും ഇരുന്ന ശേഷം താന്‍ റിട്ടയര്‍മെന്റിനെക്കുറിച്ച് കാര്യമായി തന്നെ ചിന്തിച്ചുവെന്ന് അഭിപ്രായപ്പെട്ട് മുഹമ്മദ് ഹഫീസ്. തനിക്ക് ഇനി പാക് ടീമില്‍ ഇടമില്ലെന്ന ചിന്തയാണ് തന്നെ അതിനു പ്രേരിപ്പിച്ചതെന്ന് പറഞ്ഞ താരം എന്നാല്‍ തന്നെ പിന്തിരിപ്പിച്ചത് തന്റെ ഭാര്യയും ഷൊയ്ബ് അക്തറുമാണെന്ന് വ്യക്തമാക്കി.

അവസാന നിമിഷം പാക്കിസ്ഥാന്‍ ടീമില്‍ ഇടം പിടിച്ച മുഹമ്മദ് ഹഫീസ് പിന്നീട് ടെസ്റ്റില്‍ ശതകം നേടിയാണ് വിമര്‍ശകരുടെ വായടക്കിയത്. ഞാന്‍ വിരമിക്കുവാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ തന്റെ ഭാര്യ അത് വിലക്കി. അതിനു ശേഷം അക്തര്‍ തന്നെ വിളിച്ച് സംസാരിച്ച് ഈ സാഹസത്തിനു മുതിരരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് ഹഫീസ് വ്യക്തമാക്കി.

പാക്കിസ്ഥാനായി 51 ടെസ്റ്റുകളിലും 200 ഏകദിനത്തിലും 83 ടി20 മത്സരങ്ങളിലും കളിച്ച താരം ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ 126 റണ്‍സാണ് നേടിയത്. ആദ്യ ദിവസം രണ്ട് സെഷനുകളോളം വിക്കറ്റുകള്‍ നല്‍കാതെ മുന്നോട്ട് നീങ്ങിയ പാക് ഓപ്പണര്‍മാര്‍ അവസാന സെഷനിലാണ് പുറത്തായത്. പുറത്താകുന്നതിനു മുമ്പ് ഹഫീസ് തന്റെ പത്താം ശതകവും സ്വന്തമാക്കി.

Exit mobile version