വിജയം തുടർന്ന് ബാഴ്സലോണ, ഗോളടി തുടർന്ന് ലെവൻഡോസ്കി , ലാ ലിഗയിൽ ഒന്നാമത്

എൽചെക്ക് എതിരെയും വിജയം തുടർന്ന് ബാഴ്സലോണ, ലീഗിൽ ഒന്നാമത്

തുടർച്ചയായ അഞ്ചാം വിജയവുമായി ലീഗിൽ മുന്നേറ്റം തുടർന്ന് ബാഴ്‌സലോണ. ലീഗിലെ അവസാന സ്ഥാനക്കാരായ എൽഷെക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ വിജയം നേടിയത്. ലെവെന്റോവ്സ്കി രണ്ടു ഗോൾ നേടി തന്റെ ഫോം തുടർന്നപ്പോൾ മറ്റൊരു ഗോൾ മെംഫിസ് ഡീപെയുടെ വകയായിരുന്നു.

ദുർബലരായ എതിരാളികൾക്കെതിരെ ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് സാവി ടീമിനെ അണിനിരത്തിയത്. ബാസ്ക്വറ്റ്‌സ്, ഗവി, റാഫിഞ്ഞ, ക്രിസ്റ്റൻസൻ എന്നിവർ ബെഞ്ചിലെത്തിയപ്പോൾ കെസി, ഡി യോങ്, മെംഫിസ് ഡീപെയ്, എറിക് ഗർഷ്യ എന്നിവർ ആദ്യ ഇലവനിൽ എത്തി. തുടർച്ചയായ അഞ്ചാം ലീഗ് മത്സരത്തിലും ബാൾഡേക്ക് തന്നെ ലെഫ്റ്റ് ബാക്കിൽ അവസരം ലഭിച്ചു.

ആദ്യ പകുതിയിൽ വളരെ പതിഞ്ഞ താളത്തിലാണ് മത്സരം ആരംഭിച്ചത്. അഞ്ച് പ്രതിരോധ താരങ്ങളെ അണിനിരത്തി എൽഷെ തങ്ങളുടെ നയം വ്യക്തമാക്കി. ആദ്യ മിനിറ്റുകളിൽ പതിവ് താളത്തിൽ പന്തുതട്ടാൻ ബാഴ്‌സക്കും കഴിഞ്ഞില്ല. പലപ്പോഴും താരങ്ങൾ പന്ത് നഷ്ടപ്പെടുത്തി.ലെവെന്റോവ്സ്കിയെ വീഴ്ത്തിയതിന് ഗോണ്സാലോ വെർദുവിന് പതിനാലാം മിനിറ്റിൽ തന്നെ റെഡ് കാർഡ് കിട്ടിയത് എൽഷെക്ക് തിരിച്ചടിയായി. ആദ്യ ഗോളോട് കൂടിയാണ് ബാഴ്‌സ ഉണർന്നത്. മുപ്പത്തിനാലാം മിനിറ്റിൽ ആദ്യ ഗോൾ എത്തി. ബോക്സിനുള്ളിലേക്ക് പെഡ്രി നൽകിയ ബോൾ ഇടത് വിങ്ങിൽ ബാൽടേ പോസ്റ്റിന് മുന്നിലേക്ക് നിലംപറ്റെ നൽകി. കാത്തിരുന്ന ഡീപെയെ മറികടന്ന് പോയ പാസ് ലെവെന്റോവ്സ്കി അനായാസം വലയിൽ എത്തിച്ചു. രണ്ടാം ഗോളും ബാൾടേയുടെ സഹായത്തോടെ ആയിരുന്നു. പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു പാസ് ലഭിച്ച ഡീപെയ് എൽഷെ പ്രതിരോധ താരത്തെ മറികടന്ന് ശക്തിയേറിയ ഷോട്ടിലൂടെ പോസ്റ്റിലെത്തിച്ചു. നാല്പത്തിയൊന്നാം മിനിറ്റിലാണ് രണ്ടാം ഗോൾ എത്തിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബാഴ്‌സ മൂന്നാം ഗോൾ കണ്ടെത്തി. വലത് വിങ്ങിലൂടെ വന്ന ബോൾ കണക്റ്റ് ചെയ്യാൻ വന്ന ഡീപെയെ എൽഷെ പ്രതിരോധ താരങ്ങൾ പൊതിഞ്ഞപ്പോൾ ക്ലിയർ ചെയ്യാതെ പോയ ബോൾ എത്തിയത് ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാത്ത നിന്ന ലെവെന്റോവ്സ്കിയുടെ കാലുകളിലേക്ക്. താരം അനായാസം തന്റെ മത്സരത്തിലെ രണ്ടാം ഗോൾ കണ്ടെത്തി. തുടർന്നും ബാഴ്‌സ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ അകന്നു നിന്നു. ഗവിയുടെ പാസിൽ ഹാട്രിക്ക് നേടാനുള്ള അവസരം നഷ്ടമായതിന് പിറകെ ലെവെന്റോവ്സ്കിയെ സാവി പിൻവലിച്ചു. മത്സരത്തിൽ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ബാൾടേയുടെ പ്രകടനം തന്നെയാണ് ശ്രദ്ധേയമായത്. സാവി തന്നിൽ അർപ്പിച്ച വിശ്വാസം താരം കാക്കുന്നതയാണ് ആദ്യ മത്സരങ്ങൾ കഴിയുമ്പോൾ കാണുന്നത്.

വിജയത്തോടെ ബാഴ്‌സ തൽക്കാലികമായെങ്കിലും പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനത്തെത്തി. റയൽ മാഡ്രിഡിന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കണമെങ്കിൽ മാഡ്രിഡ് ഡർബിയിൽ വിജയം ഉറപ്പാക്കേണ്ടതുണ്ട്.

ചാമ്പ്യൻസ് ലീഗിൽ മൂന്നു ക്ലബുകൾക്ക് ആയി ഹാട്രിക് നേടുന്ന ആദ്യ താരമായി ലെവൻഡോസ്കി! ഗോൾ വേട്ടയിൽ ബെൻസീമയെ മറികടന്നു

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ മൂന്നു ക്ലബുകൾക്ക് ആയി ഹാട്രിക് നേടുന്ന ആദ്യ താരമായി പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്കി. മുമ്പ് ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിക് ക്ലബുകൾക്ക് ആയി ഹാട്രിക് നേടിയ ലെവൻഡോസ്കി ചാമ്പ്യൻസ് ലീഗിൽ തന്റെ ആദ്യ മത്സരത്തിൽ തന്നെ ബാഴ്‌സലോണക്ക് ആയി ഹാട്രിക് നേടി. ചെക്ക് ക്ലബായ വിക്ടോറിയ പ്ലസനെ പോളണ്ട് താരത്തിന്റെ മികവിൽ 5-1 നു ആണ് ഇന്ന് ബാഴ്‌സലോണ തോൽപ്പിച്ചത്.

ഹാട്രിക് നേട്ടത്തോടെ ചാമ്പ്യൻസ് ലീഗ് ഗോൾ വേട്ടയിൽ റയൽ മാഡ്രിഡ് താരം കരീം ബെൻസീമയെയും ലെവൻഡോസ്കി മറികടന്നു. ചാമ്പ്യൻസ് ലീഗിൽ തന്റെ 87, 88, 89 ഗോളുകൾ ആണ് ഇന്ന് ബാഴ്‌സലോണ താരം നേടിയത്. ബെൻസീമക്ക് ചാമ്പ്യൻസ് ലീഗിൽ 86 ഗോളുകൾ ആണ് ഉള്ളത്. ഇതോടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമായും ലെവൻഡോസ്കി മാറി. നിലവിൽ സാക്ഷാൽ ലയണൽ മെസ്സി, ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവർ മാത്രം ആണ് പോളണ്ട് താരത്തിന് മുന്നിലുള്ളത്.

ബാഴ്സലോണ ജേഴ്സിയിലെ ലെവൻഡോസ്കിയുടെ ആദ്യ ഹാട്രിക്ക്!! ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയുടെ ഫൈവ് സ്റ്റാർ പ്രകടനം

ലെവൻഡോസ്കിക്ക് ബയേൺ വിട്ടത് ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം ഗോളടി തുടർന്നു കൊണ്ടേയിരിക്കുന്നു. ഇന്ന് ക്യാമ്പ്നുവിൽ ചെക്ക് ക്ലബായ വിക്ടോറിയ പ്ലസനെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ചപ്പോൾ മൂന്ന് ഗോളുകളും നേടിയത് ലെവൻഡോസ്കി ആയിരുന്നു.

ഇന്ന് ഈ സമ്മറിൽ മിലാൻ വിട്ട് ബാഴ്സലോണയിൽ എത്തിയ ഫ്രാങ്ക് കെസ്സിയാണ് ഗോളടിക്ക് തുടക്കമിട്ടത്. കൗണ്ടെ കൊടുത്ത ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആണ് കെസ്സെ തന്റെ ബാഴ്സലോണ കരിയറിലെ ആദ്യ ഗോൾ നേടിയത്.

34ആം മിനുട്ടിൽ ആയിരുന്നു ലെവൻഡോസ്കിയുടെ ആദ്യ ഗോൾ വന്നത്. സെർജി റൊബേർടോ നൽകിയ പാസ് സ്വീകരിച്ച് വിക്ടോറിയ ഡിഫൻസിന്റെ ഇടയിലൂടെ പോളിഷ് സ്ട്രൈക്കർ ഗോൾ കണ്ടെത്തി. സ്കോർ 2-0. 44ആം മിനുട്ടിൽ സൈകോരിയയുടെ ഒരു ഗോൾ സന്ദർശകർക്ക് പ്രതീക്ഷ നൽകി എങ്കിലും ആ പ്രതീക്ഷ പെട്ടെന്ന് തന്നെ ബാഴ്സ ഇല്ലാതാക്കി.

45ആം മിനുട്ടിൽ ഡെംബലെയുടെ ക്രോസിൽ നിന്ന് ലെവൻഡോസ്കിയുടെ രണ്ടാം ഗോൾ വന്നു. ആദ്യ പകുതി അവർ 3-1ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയിലും ബാഴ്സയുടെ ആധിപത്യം തുടർന്നു.67ആം മിനുട്ടിൽ ലെവൻഡോസ്കിയുടെ ഹാട്രിക്ക് വന്നു. ഫെറൻ ടോറസ് ആയിരുന്നു അസിസ്റ്റ് നൽകിയത്. ലെവൻഡോസ്കിയുടെ ബാഴ്സലോണ കരിയറിലെ ആദ്യ ഹാട്രിക്ക്. ഇതിനു ശേഷം ഫെറാൻ ടോറസ് ഗോൾ കൂടെ നേടിയതോടെ വിജയം സ്പാനിഷ് ടീം ഉറപ്പിച്ചു.

“ലെവൻഡോസ്കി ബാലൻ ഡി ഓർ അർഹിക്കുന്നു, ബാഴ്സലോണയ്ക്ക് ഒപ്പം താരം ഈ പുരസ്കാരം നേടണം” – പുയോൾ.

മുൻ ബാഴ്സലോണ ക്യാപ്റ്റൻ പുയോൾ ലെവൻഡോസ്കി ബാലൻ ഡി ഓർ അർഹിക്കുന്നുണ്ട് എന്ന് പറഞ്ഞു‌. ബാഴ്സലോണയിലേക്ക് എത്തിയ താരം ഇവിടെ ബാഴ്സക്ക് ഒപ്പം അദ്ദേഹം ബാലൻ ഡി ഓർ നേടണം എന്നും പുയോൾ പറഞ്ഞു. അവസാന രണ്ട് സീസണുകളിലും ലെവൻഡോസ്കി ബാലൻ ഡി ഓർ നേടും എന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു വർഷം ബാലൻ ഡി ഓർ പുരസ്കാരം റദ്ദാക്കപ്പെടുകയും ഒരു സീസണിൽ മെസ്സി പുരസ്കാരം നേടുകയും ചെയ്തിരുന്നു.

ലെവൻഡോസ്കി ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ ആണെന്നും അദ്ദേഹം ഒരു ബാലൻ ഡി ഓർ അർഹിക്കുന്നുണ്ട്. ഗോളുകൾ മാത്രമല്ല അദ്ദേഹം ഏറെ അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്ന് പുയോൾ പറഞ്ഞു. എന്നാൽ ഈ സീസണിൽ ലെവൻഡോസ്കി ആണ് ബാലൻ ഡി ഓർ അർഹിക്കുന്നത് എന്ന് പുയോൾ പറഞ്ഞില്ല.

ബെൻസീമയും ലെവൻഡോസ്കിയും ഇത്തവണത്തെ ബാലൻ ഡി ഓർ നോമിനേഷനിൽ ഉണ്ട്. ബെൻസീമ മികച്ച സ്ട്രൈക്കർ ആണെന്നും റൊണാൾഡോ പോയത് മുതൽ റയലിനെ തോളിലേറ്റി മുന്നോട്ട് കൊണ്ടു പോകുന്നത് ബെൻസീമ ആണെന്നും പുയോൾ പറഞ്ഞു.

ലാലിഗയും ലെവൻഡോസ്കിയുടേത്, ഇരട്ട ഗോളുമായി ബാഴ്സലോണയെ വിജയത്തിലേക്ക് നയിച്ചു

ലാലിഗയിൽ ബാഴ്സലോണക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് റയൽ വയ്യഡോയിഡിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ലെവൻഡോസ്കിയുടെ ഇരട്ട ഗോളുകൾ ബാഴ്സലോണ വിജയത്തിന് കരുത്തായി.

23ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് റഫീന നൽകിയ ക്രോസിൽ നിന്നായിരുന്നു ലെവൻഡോസ്കിയുടെ ആദ്യ ഗോൾ. ആദ്യ പകുതി അവസാനിക്കും മുമ്പ് പെഡ്രിയുടെ ഗോളിൽ ബാഴ്സലോണ ലീഡ് ഇരട്ടിയാക്കി. ഡെംബലയുടെ മികച്ച നീക്കമാണ് ഈ അവസരം സൃഷ്ടിച്ചത്.

രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ ലെവൻഡോസ്കിയുടെ രണ്ടാം ഗോളും ഒരുക്കിയത് ഡെംബലെ ആയിരുന്നു. ലെവൻഡോസ്കിയുടെ ഫിനിഷും ഗംഭീരമായുരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലെവൻഡോസ്കി ആണ് ബാഴ്സലോണയുടെ നാലാം ഗോൾ നേടിയത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റാണ് ബാഴ്സലോണക്ക് ഉള്ളത്.

സൂപ്പർ സബ്ബായി അൻസു ഫതി, ഇരട്ട ഗോളുമായി ലെവൻഡോസ്കി, ബാഴ്സലോണ ആദ്യ ജയം | Report

ലാലിഗയിലെ ആദ്യ വിജയം ബാഴ്സലോണ സ്വന്തമാക്കി. ഇന്ന് റയൽ സോസിഡാഡിനെ എവേ ഗ്രൗണ്ടിൽ വെച്ച് നേരിട്ട ബാഴ്സ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സബ്ബായി വന്ന് രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയ അൻസു ഫതിയാണ് ഇന്ന് കളിയുടെ ഗതി മാറ്റിയത്. ലെവൻഡോസ്കി ഇന്ന് ഇരട്ട ഗോളുകളുമായി തിളങ്ങി.

ഇന്ന് മത്സരം ആരംഭിച്ച് ഒരു മിനുട്ട് കൊണ്ട് തന്നെ ലെവൻഡോസ്കിയിലൂടെ ബാഴ്സലോണ മുന്നിൽ എത്തിയിരുന്നു. ബാൽദെ നൽകിയ പാസിൽ നിന്നായിരുന്നു ലെവൻഡോസ്കിയുടെ ബാഴ്സ കരിയറിലെ ആദ്യ ഗോൾ വന്നത്. ഈ ഗോളിന് പെട്ടെന്ന് തന്നെ സൊസിഡാഡ് മറുപടി നൽകി. ആറാം മിനുട്ടിൽ ഇസാകിന്റെ ഗോളാണ് സോസിഡാഡിന് സമനില നൽകിയത്.

ഇതിനു ശേഷം സോസിഡാഡ് നല്ല രണ്ട് അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചു. രണ്ട് തവണയും ടെർ സ്റ്റേഗൻ ബാഴ്സയെ രക്ഷിച്ചു.

രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ ബാഴ്സ അൻസു ഫതിയെ ഇറക്കി. രണ്ട് മിനുട്ടുകൾക്ക് അകം ഒരു ബാക്ക് ഹീൽ അസിസ്റ്റിലൂടെ ഫതി ഡെംബലെക്ക് അവസരം ഒരുക്കുകയും ഫ്രഞ്ച് താരം ബാഴ്സക്ക് ലീഡ് നൽകുകയും ചെയ്തു. രണ്ട് മിനുട്ടുകൾക്ക് ശേഷം വീണ്ടും അൻസു ഗോൾ ഒരുക്കി‌. ഇത്തവണ ലെവൻഡൊസ്കി ആണ് ഗോൾ നേടിയത്. സ്കോർ 3-1.

79ആം മിനുട്ടിൽ അൻസു ഫതിയുടെ ഗോൾ കൂടെ വന്നതോടെ ബാഴ്സയുടെ വിജയം പൂർത്തിയായി. ലീഗിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്സക്ക് 4 പോയിന്റ് ആണുള്ളത്.

ബാഴ്സലോണയുടെ തുടക്കം നിരാശയോടെ, ക്യാമ്പ്നുവിൽ വിജയമില്ല

ലീഗിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണക്ക് സമനില. റയോ വയെക്കാനോ ബാഴ്സലോണയെ ഗോൾ രഹിത സമനിലയിൽ ആണ് തളച്ചത്.

റയോ വയെകാനോയെ ക്യാമ്പ്നുവിൽ വെച്ച് ബാഴ്സലോണ നേരിടുമ്പോൾ എളുപ്പത്തിൽ സാവിയും സംഘവും വിജയിക്കും എന്നായിരുന്നു ഭൂരിഭാഗവും കരുതിയത്. എന്നാൽ റയോ വയെകാനോ ഇന്ന് ബാഴ്സലോണക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാക്കിയില്ല. ലെവൻഡോസ്കിയെ മുന്നിൽ നിർത്തി ബാഴ്സലോണ കളിച്ചു എങ്കിലും ക്ലിയർ ചാൻസുകൾ സൃഷ്ടിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ആദ്യ പകുതിയിൽ ലെവൻഡോസ്കി പന്ത് വലയിൽ എത്തിച്ചു എങ്കിലും ഓഫ്സൈഡ് ആയിരുന്നു.

രണ്ടാം പകുതിയിൽ ബാഴ്സലോണ അൻസു ഫതി, കെസ്സി, ഡിയോങ് എന്നിവരെ കളത്തിൽ എത്തിച്ച് ഗോൾ കണ്ടെത്താൻ ഉള്ള ശ്രമം തുടർന്നു. അൻസു ഫതിയുടെയും ബുസ്കറ്റ്സിന്റെ രണ്ട് നല്ല ഷോട്ടുകൾ വയെകാനോ ഗോൾ കീപ്പർ ദിമിത്സ്കി മികച്ച സേവുകളുമായി തടഞ്ഞു. ഏറെ ശ്രമിച്ചിട്ടും ബാഴ്സക്ക് ലീക്ഷ് എടുക്കാൻ ആയില്ല.

90ആം മിനുട്ടിൽ ബുസ്കറ്റ്സ് ചുവപ്പ് കണ്ട് പുറത്ത് പോയതും ബാഴ്സലോണക്ക് തിരിച്ചടിയായി. ഇഞ്ച്വറി ടൈമിൽ ഫാൽകാവൊ വയെകാനോക്ക് ലീഡ് നൽകിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചത് ബാഴ്സക്ക് ആശ്വാസമായി.

Story Highlight: Barcelona start with a draw agains Rayo Vallecano

ഗോളടിച്ചു കൂട്ടിയ ബാഴ്സലോണക്ക് ഗാമ്പർ ട്രോഫി സ്വന്തം

ലാലിഗ സീസൺ തുടങ്ങും മുന്നെയുള്ള അവസാന മത്സരത്തിൽ ബാഴ്സലോണക്ക് വിജയം. ഇന്ന് ഗാമ്പർ ട്രോഫിയിൽ മെക്സിക്കൻ ക്ലബായ പുമസ് UNAMനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത ആറ് ഗോളുകളുടെ വിജയം നേടി കിരീടം തങ്ങളുടേതാക്കി മാറ്റി. ഇന്ന് ക്യാമ്പ്നുവിൽ നടന്ന മത്സരത്തിൽ ആദ്യ 10 മിനുട്ടിൽ തന്നെ ബാഴ്സലോണ മൂന്ന് ഗോളുകൾ അടിച്ചിരുന്നു.

നാലാം മിനുട്ടിൽ ലെവൻഡോസ്കിയുടെ ഗോളുമായാണ് ബാഴ്സലോണ കളി തുടങ്ങിയത്. ലെവൻഡോസ്കിയുടെ ക്യാമ്പ്നുവിലെ ആദ്യ ഗോൾ. അഞ്ചാം മിനുട്ടിൽ പെനാൾട്ടി ബോക്സിൽ നിന്ന് ലെവൻഡോസ്കിയുടെ ഒരു മനോഹര പാസ് ലക്ഷ്യത്തിലെത്തിച്ച് പെഡ്രി ലീഡ് ഇരട്ടിയാക്കി.

പത്താം മിനുട്ടിൽ റഫീഞ്ഞയുടെ പാസിൽ നിന്ന് ഒരു അനായാസ ഫിനിഷിൽ ഡെംബലെ ബാഴ്സയുടെ മൂന്നാം ഗോൾ നേടി. 19ആം മിനുട്ടിൽ ലെവൻഡോസ്കിയുടെ ഒരു ഫ്ലിക്ക് പാസ് സ്വീകരിച്ച് പെഡ്രി തന്റെ രണ്ടാം ഗോൾ നേടി. ബാഴ്സ ആദ്യ പകുതി 4-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒബാമയങ്ങും അവസാനം ഡിയോങ്ങും ഗോൾ ചെയ്തതോടെ അവരുടെ വിജയം പൂർത്തിയായി.

Story Highlight: Barcelona defeat Pumas 6-0 Gamper Trophy

ഇത് ലെവൻഡോസ്കി കാലം!! മെസ്സിയുടെ കോപയും മറികടന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറായി ലെവൻഡോസ്കി!!

ഈ വർഷവും ബാലൻ ഡി ഓർ ഇല്ലാത്ത സങ്കടം ഫിഫാ ബെസ്റ്റ് നേടിക്കൊണ്ട് പോളിഷ് സ്ട്രൈക്കർ ലെവൻഡോസ്കി തീർത്തിരിക്കുകയാണ്‌. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരമായ ഫിഫ ബെസ്റ്റ് തുടർച്ചയായ രണ്ടാം തവണയും ലെവൻഡോസ്കി സ്വന്തമാക്കിയിരിക്കുകയാണ്. മൊ സലായെയും ലയണൽ മെസ്സിയെയും മറികടന്നാണ് ലെവൻഡോസ്കി ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയത്‌.

Credit: Twitter

ലെവൻഡോസ്കിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു അവസാന രണ്ടു സീസണിലേത്. ഇത്തവണ യൂറോപ്പിലെ ടോപ് സ്കോറർ ആയിരുന്നു ലെവൻഡോസ്കി. ബാലൻ ഡി ഓറിൽ ലെവൻഡോസ്കി മെസ്സിക്ക് പിറകിൽ പോയിരുന്നു. എന്നാൽ ഇന്ന് മെസ്സിയുടെ കോപയ്ക്കും മുകളിൽ ലെവൻഡോസ്കിയുടെ പ്രകടനത്തിനെ കണ്ടത് കൊണ്ട് ഈ പുരസ്കാരം പോളിഷ് സ്ട്രൈക്കർക്ക് ലഭിച്ചു.

പി.എസ്.ജിക്കെതിരായ രണ്ടാം പാദത്തിലും ലെവൻഡോസ്‌കി കളിക്കില്ല

പി.എസ്.ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ബയേൺ മ്യൂണിക് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി കളിക്കില്ല. താരം തന്നെയാണ് രണ്ടാം പാദത്തിന്റെ സമയത്ത് താൻ പരിക്ക് മാറി തിരിച്ചെത്തില്ലെന്ന് പറഞ്ഞത്. ആദ്യ പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ പി.എസ്.ജിയോട് തോറ്റ ബയേൺ മ്യൂണിക്കിന് ലെവൻഡോസ്‌കിയുടെ അഭാവം വമ്പൻ തിരിച്ചടിയാണ്.

ഇന്നലെ നടന്ന ആദ്യ പാദത്തിലും ലെവൻഡോസ്‌കി ബയേൺ മ്യൂണിക്കിന് വേണ്ടി കളിച്ചിരുന്നില്ല. മത്സരത്തിൽ നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ച ബയേൺ മ്യൂണിക്കിന് ലെവൻഡോസ്‌കിയുടെ അഭാവത്തിൽ കൂടുതൽ ഗോളുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ നടന്ന ആദ്യ പാദത്തിൽ എമ്പപ്പെയുടെ മാസ്റ്റർ ക്ലാസ് പ്രകടനത്തിന്റെ പിൻബലത്തിൽ 3-2ന് പി.എസ്.ജി ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ചിരുന്നു. ഇന്റർനാഷണൽ മത്സരങ്ങൾക്കായി പോളണ്ടിന് വേണ്ടി കളിക്കുന്ന സമയത്താണ് ലെവൻഡോസ്‌കിക്ക് പരിക്കേറ്റത്.

ബയേൺ മ്യൂണിക്കിന് തിരിച്ചടി, ലെവൻഡോസ്‌കി ഒരു മാസത്തോളം പുറത്ത്

ബയേൺ മ്യൂണിക് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി പരിക്ക് മൂലം ഒരു മാസത്തോളം പുറത്ത്. കഴിഞ്ഞ ദിവസം നടന്ന പോളണ്ടിന്റെ അണ്ടോറക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് താരം ഇംഗ്ലണ്ടിനെതിരായ പോളണ്ടിന്റെ മത്സരത്തിന് ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. താരത്തിന്റെ കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നും താരം ഒരു മാസത്തോളം പുറത്തിരിക്കേണ്ടിവരുമെന്നും ബയേൺ മ്യൂണിക് വ്യക്തമാക്കി.

ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ നേരിടാൻ ഒരുങ്ങുന്ന ബയേൺ മ്യൂണിക്കിന് കനത്ത തിരിച്ചടിയാണ് ലെവൻഡോസ്‌കിയുടെ പരിക്ക്. സീസണിൽ 42 ഗോളുകളുമായി ലെവൻഡോസ്‌കി മികച്ച ഫോമിലിരിക്കെയാണ് താരത്തിന് പരിക്കേറ്റത്. കൂടാതെ ബയേൺ മ്യൂണിക് ചാമ്പ്യൻസ് ലീഗ് എത്തിയാൽ താരത്തിന് സെമി ഫൈനൽ പോരാട്ടത്തിന്റെ ആദ്യ പാദവും നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്.

ഇംഗ്ലണ്ടിനെതിരെ ലെവൻഡോസ്‌കി പുറത്ത്

ഇംഗ്ലണ്ടിനെതിരായ പോളണ്ടിന്റെ ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്ന് പോളണ്ട് താരം റോബർട്ട് ലെവൻഡോസ്‌കി പുറത്ത്. കാൽ മുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് താരം ഇംഗ്ലണ്ടിനെതിരെ കളിക്കില്ലെന്ന് ഉറപ്പായത്. കഴിഞ്ഞ ദിവസം അണ്ടോറക്കെതിരെ നടന്ന മത്സരത്തിനിടെയാണ് ലെവൻഡോസ്‌കിക്ക് പരിക്കേറ്റത്.

പരിക്കേറ്റ ലെവൻഡോസ്‌കി മത്സരം അവസാനിക്കുന്നതിന് മുൻപ് തന്നെ കളം വിട്ടിരുന്നു. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി മികച്ച ഫോമിലുള്ള ലെവൻഡോസ്‌കി ശക്തരായ ഇംഗ്ലണ്ടിനെതിരെ കളിക്കാൻ ഇല്ലാത്തത് പോളണ്ടിന് കനത്ത തിരിച്ചടിയാണ്. താരത്തിന്റെ പരിക്ക് ബുണ്ടസ്ലീഗയിലും ചാമ്പ്യൻസ് ലീഗിലും മത്സരങ്ങൾ വരുന്ന ബയേൺ മ്യൂണിക്കിന് തിരിച്ചടിയാണ്. പോളണ്ടിനെതിരെയുള്ള മത്സരം ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ടിന് അഞ്ച് പോയിന്റിന്റെ ലീഡും സ്വന്തമാക്കാൻ കഴിയും.

Exit mobile version