ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും സ്വയം ഒഴിവായി ഹാഷിം അംല

അവസാന രണ്ട് ഏകദിനങ്ങള്‍ക്കായുള്ള ദക്ഷിണാഫ്രിക്കയുടെ ടീമിലേക്ക് സീനിയര്‍ താരം ഹാഷിം അംല മടങ്ങിയെത്തിയെങ്കിലും മത്സരങ്ങളില്‍ പങ്കെടുക്കാനാകാതെ താരത്തിന്റെ മടക്കം. തന്റെ പിതാവിന്റെ അസുഖം കാരണമാണ് താരം ടീമില്‍ നിന്ന് സ്വയം പിന്മാറിയത്. പകരം ടീമില്‍ നിന്ന് ആദ്യം ഒഴിവാക്കപ്പെട്ട റീസ ഹെന്‍ഡ്രിക്സ് ടീമിലേക്ക് തിരിച്ചു വിളിക്കപ്പെടുകയായിരുന്നു. പരമ്പര നേരത്തെ തന്നെ ദക്ഷിണാഫ്രിക്ക ആദ്യ മൂന്ന് മത്സരങ്ങള്‍ ജയിച്ചതിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.

ഹാഷിം അംലയുടെ പിതാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ താരത്തിനു ടീമില്‍ നിന്ന് വിടുതല്‍ നല്‍കുകയായിരുന്നുവെന്നാണ് ടീമിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും താരത്തിനും കുടുംബത്തിനുമൊപ്പമുണ്ടെന്ന് ദക്ഷിണാഫ്രിക്കയുടെ ടീം മാനേജര്‍ മുഹമ്മദ് മൂജാജി പറഞ്ഞു.

ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 34 റണ്‍സ് മാത്രം നേടിയ റീസ ഹെന്‍ഡ്രിക്സ് മോശം ഫോം മൂലം ഒഴിവാക്കപ്പെട്ടതാണെങ്കിലും ഹാഷിം അംലയുടെ പരിക്ക് താരത്തിനു ഗുണകരമായി മാറി.

ഇമ്രാന്‍ താഹിറിനു ദേശീയ കരാറില്ല, ഡുമിനിയ്ക്കും തിരിച്ചടി

റീസ ഹെന്‍ഡ്രിക്സിനും ത്യൂണിസ് ഡി ബ്രൂയിനും മുഴുവന്‍ സമയ ദേശീയ കരാര്‍ നല്‍കി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. 2019-20 സീസണുകളിലേക്കുള്ള കരാറില്‍ എന്നാല്‍ ജെപി ഡുമിനിയും ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിനും ഇടം ലഭിയ്ക്കാനായില്ല. കഴിഞ്ഞ വര്‍ഷം 413 ഏകദിന റണ്‍സ് നേടിയ ഹെന്‍ഡ്രിക്സിനും ടെസ്റ്റില്‍ ചില മത്സരങ്ങളില്‍ കളിച്ച് ശതകം ഉള്‍പ്പെടെ നേടിയതാണ് ത്യൂണിസ് ഡി ബ്രൂയിനും തുണയായത്.

അതേ സമയം ഡുമിനി പരിക്ക് മൂലം കുറേ കാലമായി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിയ്ക്കുന്നില്ല. താഹിറിനു 2018ല്‍ വെറും 15 വിക്കറ്റാണ് ഏകദിനത്തില്‍ നിന്ന് നേടാനായത്. നേരത്തെ ഡുവാന്നെ ഒളിവിയറിനു കേന്ദ്ര കരാറുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും താരം കോല്‍പക് കരാര്‍ ഏറ്റെടുത്തതോടെ താരത്തിനെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

16 പുരുഷ താരങ്ങള്‍ക്കും 14 വനിത താരങ്ങള്‍ക്കുമാണ് കരാര്‍ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് കരാര്‍ നല്‍കിയിരിക്കുന്നത്.

CSA contracted men’s players: Hashim Amla, Temba Bavuma, Theunis de Bruyn, Quinton de Kock, Faf du Plessis, Dean Elgar, Reeza Hendricks, Keshav Maharaj, Aiden Markram, David Miller, Lungi Ngidi, Andile Phehlukwayo, Vernon Philander, Kagiso Rabada, Tabraiz Shamsi, Dale Steyn

CSA contracted women’s players: Trisha Chetty, Mignon du Preez, Shabnim Ismail, Marizanne Kapp, Ayabonga Khaka, Masabata Klaas, Lizelle Lee, Sune Luus, Zintle Mali, Raisibe Ntozakhe, Tumi Sekhukhune, Chloe Tryon, Dane van Niekerk, Laura Wolvaardt

ടി20യില്‍ പൊരുതി വീണ് പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്കയ്ക്ക് 6 റണ്‍സ് ജയം

ഷൊയ്ബ് മാലിക് അവസാന നിമിഷം വരെ പൊരുതിയെങ്കിലും പാക്കിസ്ഥാനു കേപ് ടൗണിലെ ആദ്യ ടി20യില്‍ പരാജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ ജയിക്കുവാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനു 9 റണ്‍സ് മാത്രമേ നേടാനായുള്ളു. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ടീമിനു നേടാനായത്. മാലിക് 31 പന്തില്‍ നിന്ന് 49 റണ്‍സ് നേടി അവസാന ഓവറിലെ മൂന്നാം പന്തില്‍ പുറത്തായത് പാക്കിസ്ഥാന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

റീസ ഹെന്‍ഡ്രിക്സ് 41 പന്തില്‍ നിന്ന് 74 റണ്‍സും ഫാഫ് ഡു പ്ലെസി 45 പന്തില്‍ 78 റണ്‍സും നേടിയെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണത് 200 കടക്കുന്നതില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ തടഞ്ഞു. രണ്ടാം വിക്കറ്റില്‍ 131 റണ്‍സ് നേടിയ ഫാഫ്-റീസ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കന്‍ സ്കോറിന്റെ അടിത്തറ. പാക്കിസ്ഥാനു വേണ്ടി ഉസ്മാന്‍ ഷിന്‍വാരി 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത് ഷൊയ്ബ് മാലിക്(49), ഹുസൈന്‍ തലത്(40), ബാബര്‍ അസം(38) എന്നിവരുടെ സ്കോറുകളായിരുന്നു. മത്സരം പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്റെ അവസാന 9 ഓവറിലേക്ക് കടന്നപ്പോള്‍ ടീമിനു വിജയിക്കുവാന്‍ 7 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 93 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. എന്നാല്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ വട്ടം കറക്കിയെങ്കിലും മാലിക് പൊരുതി നിന്നു. അവസാന ഓവറില്‍ താരം പുറത്തായതോടെ പാക്കിസ്ഥാന്‍ പത്തി മടക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ക്രിസ് മോറിസ്, തബ്രൈസ് ഷംസി, ബ്യൂറന്‍ ഹെന്‍ഡ്രിക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മഴ നിയമത്തില്‍ വിജയം നേടി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ മുന്നില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വലിയ സ്കോര്‍ നേടുവാന്‍ പാക്കിസ്ഥാനു സാധിച്ചുവെങ്കിലും മഴ നിയമത്തില്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇതോടെ പരമ്പരയില്‍ 2-1നു മുന്നിലെത്തുവാനും ടീമിനായി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഇമാം ഉള്‍ ഹക്ക്(101), ബാബര്‍ അസം(69), മുഹമ്മദ് ഹഫീസ്(52), ഇമാദ് വസീം(43*) എന്നിവരുടെ മികവില്‍ 317/6 എന്ന സ്കോര്‍ നേടിയെങ്കിലും മഴ പലപ്പോഴും കളിതടസ്സപ്പെടുത്തിയ രണ്ടാം ഇന്നിംഗ്സില്‍ 187/2 എന്ന സ്കോര്‍ 33 ഓവറില്‍ നേടിയതോടെ ദക്ഷിണാഫ്രിക്ക ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 13 റണ്‍സിനു വിജയം രേഖപ്പെടുത്തി.

മത്സരത്തില്‍ 83 റണ്‍സ് നേടി പുറത്താകാതെ നിന്ന റീസ ഹെന്‍ഡ്രിക്സ് ആണ് കളിയിലെ താരം. ഫാഫ് ഡു പ്ലെസി 40 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 108 റണ്‍സ് നേടിയതാണ് ആതിഥേയര്‍ക്ക് അനുകൂലമായി മത്സരം മാറ്റിയത്.

പോര്‍ട്ട് എലിസബത്തില്‍ വിജയക്കൊടി പാറിച്ച് പാക്കിസ്ഥാന്‍, ജയം 5 വിക്കറ്റിനു

ആതിഥേയരായ ദക്ഷിണാഫ്രിക്കയെ പോര്‍ട്ട് എലിസബത്തില്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായതെങ്കിലും 266 റണ്‍സ് മാത്രമേ നിശ്ചിത 50 ഓവറുകളില്‍ നിന്ന് നേടുവാനായുള്ളു. ഹാഷിം അംല ശതകം നേടി പുറത്താകാതെ 108 റണ്‍സുമായി നിന്നപ്പോള്‍ റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍ 93 റണ്‍സ് നേടി പുറത്തായി. റീസ ഹെന്‍ഡ്രിക്സ് ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. 45 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ ഇന്നിംഗ്സിനു വേഗത നല്‍കുവാന്‍ സാധിക്കാതെ വന്നത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. രണ്ടാം വിക്കറ്റില്‍ അംല-റാസി കൂട്ടുകെട്ട് 155 റണ്‍സ് നേടിയെങ്കിലും 30 ഓവറുകളോളം അതിനായി എടുത്തു എന്നതും ടീമിനു വലിയൊരു ടോട്ടലിലേക്ക് നീങ്ങുവാന്‍ സാധിച്ചില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനും മികച്ച ബാറ്റിംഗ് തുടക്കമാണ് കാഴ്ചവെച്ചത്.

ഫകര്‍ സമനും(25), ബാബര്‍ അസവും(49) വേഗത്തില്‍ പുറത്തായെങ്കിലും ഇമാം ഉള്‍ ഹക്ക് 86 റണ്‍സും മുഹമ്മദ് ഹഫീസ് 71 റണ്‍സും നേടി നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്ത്. 5 വിക്കറ്റുകള്‍ നഷ്ടമായ പാക്കിസ്ഥാന്‍ 49.1 ഓവറിലാണ് വിജയം കുറിച്ചത്. 63 പന്തില്‍ നിന്ന് 71 റണ്‍സ് നേടി പുറത്താകാതെ നിന്ന മുഹമ്മദ് ഫഹീസ് ഷദബ് ഖാനുമായി ചേര്‍ന്ന്(18*) പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. അവസാന നാലോവറില്‍ നിന്ന് 28 റണ്‍സ് വിജയിക്കുവാന്‍ വേണ്ടിയിരുന്ന പാക്കിസ്ഥാന്‍ അഞ്ച് പന്ത് ശേഷിക്കെ വിജയം നേടാനായി.

തന്റെ പ്രകടനത്തിനു ഹഫീസ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ഡുവാന്നെ ഒളിവിയര്‍ രണ്ട് വിക്കറ്റ് നേടി.

അടിസ്ഥാന വിലയ്ക്ക് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറെ സ്വന്തമാക്കി ആര്‍സിബി, അംലയെ ആര്‍ക്കും വേണ്ട

അടിസ്ഥാന വിലയായ 50 ലക്ഷത്തിനു ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറായ ഹെയിന്‍റിച്ച് ക്ലാസ്സനെ സ്വന്തമാക്കി ആര്‍സിബി. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ച താരത്തിനു ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാനായിരുന്നില്ല. ലേലത്തില്‍ ആര്‍സിബി മാത്രമാണ് താരത്തില്‍ താല്പര്യം പ്രകടിപ്പിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ ബാറ്റ് വീശുമെന്നതാണ് ഹെയിന്‍റിച്ച് ക്ലാസ്സെനില്‍ റോയല്‍ ചലഞ്ചേഴ്സ് കണ്ട കരുത്തെന്ന് വേണം കരുതുവാന്‍.

അതെ സമയം ഹാഷിം അംല, റീസ ഹെന്‍ഡ്രിക്സ് എന്നിങ്ങനെയുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ആരും സ്വന്തമാക്കിയില്ല. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരമായിരുന്നു റീസ ഹെന്‍ഡ്രിക്സ്. എങ്കിലും താരത്തിനു ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചുപറ്റാനായില്ല.

റീസ ഹെന്‍ഡ്രിക്സിനു നഷ്ടമായത് അപൂര്‍വ്വ റെക്കോര്‍ഡ്

തുടര്‍ച്ചയായ മൂന്ന് ടി20 ഇന്നിംഗ്സുകളില്‍ ശതകങ്ങള്‍ നേടുന്ന ഏക താരമെന്ന റെക്കോര്‍ഡ് കൈവിട്ട് റീസ ഹെന്‍ഡ്രിക്സ്. എംസാന്‍സി സൂപ്പര്‍ ലീഗിലാണ് ഈ റെക്കോര്‍ഡിനു 21 റണ്‍സ് അകലെയെത്തി റീസ പുറത്തായത്. 48 പന്തില്‍ നിന്ന് 79 റണ്‍സാണ് റീസ ജോസി സ്റ്റാര്‍സിനു വേണ്ടി കേപ് ടൗണ്‍ ബ്ലിറ്റ്സിനെതിരെ നേടിയത്. ആറ് സിക്സും അഞ്ച് ബൗണ്ടറിയും അടക്കമായിരുന്നു ഈ വെടിക്കെട്ട് പ്രകടനം.

കഴിഞ്ഞ മത്സരങ്ങളില്‍ നെല്‍സണ്‍ മണ്ടേല ബേ ജയന്റ്സിനെതിരെയും ഡര്‍ബന്‍ ഹീറ്റിനെതിരെയും റീസ ഹെന്‍ഡ്രിക്സ് ശതകങ്ങള്‍ നേടിയിരുന്നു. ബേ ജയന്റ്സിനെതിരെ 62 പന്തില്‍ നിന്ന് 10 ബൗണ്ടറിയും 5 സിക്സും സഹിതം 108 റണ്‍സ് നേടിയാണ് താരം പുറത്താകാതെ നിന്നത്. ഡര്‍ബന്‍ ഹീറ്റിനെതിരെ 51 പന്തില്‍ നിന്ന് 104 റണ്‍സ് നേടി താരം പുറത്താകാതെ നിന്നു. അന്നത്തെ ഇന്നിംഗ്സില്‍ 9 ബൗണ്ടറിയും 6 സിക്സും അടങ്ങിയിരുന്നു.

തുടര്‍ച്ചയായ ടി20 ഇന്നിംഗ്സുകളില്‍ 2 ശതകങ്ങള്‍ നേടിയ ഏഴ് താരങ്ങളാണ് ക്രിക്കറ്റ് ലോകത്തുള്ളത്. മൂന്ന് ശതകം നേടിയ താരമെന്ന ഖ്യാതിയാണ് താരത്തിനു കൈവിട്ട് പോയത്. ഡേവിഡ് വാര്‍ണര്‍, ഉന്മുക്ത് ചന്ദ്, മൈക്കല്‍ ക്ലിംഗര്‍, കെവിന്‍ പീറ്റേര്‍സണ്‍, മാര്‍ക്കോ മാരൈസ്, റീസ ഹെന്‍ഡ്രിക്സ് എന്നിവരാണ് തുടര്‍ച്ചയായ ശതക നേട്ടത്തിനു അര്‍ഹര്‍.

ഓസ്ട്രേലിയയുടെ ക്രിക്കറ്റിംഗ് ദുരിതം അവസാനിക്കുന്നില്ല, ദക്ഷിണാഫ്രിക്കയുടെ ജയം 20ലധികം ഓവറര്‍ ബാക്കി നില്‍ക്കെ

ഓസ്ട്രേലിയയെ 152 റണ്‍സിനു പുറത്താക്കി ലക്ഷ്യം 29.2 ഓവറില്‍ മറികടന്ന് ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക.  47 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കും 44 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്സും  തിളങ്ങിയ മത്സരത്തില്‍ 4 വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. എയ്ഡന്‍ മാര്‍ക്രം 36 റണ്‍സ് നേടി പുറത്തായി. ഓസ്ട്രേലിയയ്ക്കായി മാര്‍ക്കസ് സ്റ്റോയിനിസ് മൂന്നും നഥാന്‍ കോള്‍ട്ടര്‍-നൈലും ഒരു വിക്കറ്റും നേടി.

ഒന്നാം വിക്കറ്റില്‍ ഡി കോക്ക്-റീസ കൂട്ടുകെട്ട് നേടിയ 94 റണ്‍സാണ് ടീമിന്റെ അടിത്തറയായത്. ഡി കോക്ക് വേഗത്തിലുള്ള സ്കോറിംഗുമായി ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചപ്പോള് റീസ ഹെന്‍ഡ്രിക്സ് നങ്കുരമിടുകയായിരുന്നു.

പെര്‍ത്തില്‍ നടന്ന ഏകദിനത്തില്‍ നഥാന്‍ കോള്‍ട്ടര്‍-നൈല്‍(34), അലക്സ് കാറെ(33) എന്നിവരാണ് ടീമിനെ 152 റണ്‍സിലേക്ക് നയിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞ വിക്കറ്റില്‍ യാതൊരു തരത്തിലുള്ള പ്രഭാവവും ഓസ്ട്രേലിയയ്ക്ക് നേടാനായില്ല.

അര്‍ദ്ധ ശതകങ്ങളുമായി ഹെന്‍ഡ്രിക്സും ക്ലാസ്സെനും, 4 വിക്കറ്റ് ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

സിംബാബ്‍വേ നേടിയ 228 റണ്‍സ് അനായാസം അധികം വിക്കറ്റ് നഷ്ടമില്ലാതെ മറികടന്ന് ദക്ഷിണാഫ്രിക്ക. 45.5 ഓവറില്‍ നിന്ന് 6വിക്കറ്റുകളുടെ നഷ്ടത്തില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കുമ്പോള്‍ റീസ ഹെന്‍ഡ്രിക്സ് 66 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. താരത്തിനു പിന്തുണയായി ഹെയിന്‍റിച്ച് ക്ലാസ്സെന്‍(59), എയ്ഡന്‍ മാര്‍ക്രം(42) എന്നിവരും ഒപ്പം കൂടിയപ്പോള്‍ ജയം നേടി പരമ്പര 3-0നു ദക്ഷിണാഫ്രിക്ക തൂത്തുവാരി.

ഫാഫ് ഡു പ്ലെസി(26), കായ സണ്ടോ(25*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സിംബാബ്‍വേയ്ക്കായി ഡൊണാള്‍ഡ് ടിരിപാനോ രണ്ടും ഷോണ്‍ വില്യംസ്, ബ്രണ്ടന്‍ മാവുട്ട, കൈല്‍ ജാര്‍വിസ്, ടെണ്ടായി ചടാര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

അരങ്ങേറ്റ ശതകവുമായി റീസ ഹെന്‍ഡ്രിക്സ്, ശ്രീലങ്കയ്ക്ക് കൂറ്റന്‍ ലക്ഷ്യം

തന്റെ ഏകദിന അരങ്ങേറ്റത്തില്‍  റീസ ഹെന്‍ഡ്രിക്സ് നേടിയ 102 റണ്‍സിന്റെയും അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഹാഷിം അംല(59), ജീന്‍ പോള്‍ ഡുമിനി(92), ഡേവിഡ് മില്ലര്‍(51) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. മത്സരത്തില്‍ ടോസ് നേടി ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 363 റണ്‍സാണ് നേടിയത്.

പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ലഹിരു കുമര ആറാം ഓവറില്‍ 2 റണ്‍സ് നേടിയ ക്വിന്റണ്‍ ഡിക്കോക്കിനെ പുറത്താക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 42 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. രണ്ടാം വിക്കറ്റില്‍ റീസ ഹെന്‍റിക്സുമായി ചേര്‍ന്ന് ഹാഷിം അംല(59) നേടിയത് 59 റണ്‍സാണ്. ഫാഫ് ഡു പ്ലെസി(10) വേഗത്തില്‍ പുറത്തായെങ്കിലും പിന്നീടുള്ള ബാറ്റ്സ്മാന്മാര്‍ തകര്‍ത്തടിച്ച് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 300 കടത്തുകയായിരുന്നു.

103 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഡുമിനി-മില്ലര്‍ കൂട്ടുകെട്ട് നേടിയത്. 70 പന്തില്‍ നിന്ന് 92 റണ്‍സ് നേടി ഡുമിനി പുറത്താകുമ്പോള്‍ 8 ബൗണ്ടറിയും ആറ് സിക്സും നേടിയിരുന്നു. മില്ലര്‍ 51 റണ്‍സ് നേടി. ആന്‍ഡിലെ ഫെഹ്ലുക്വായോ 11 പന്തില്‍ നിന്ന് 24 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്കായി തിസാര പെരേര മൂന്നും ലഹിരു കുമര രണ്ടും വിക്കറ്റാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version