തലയുടെ വിളയാട്ടും അതിജീവിച്ച് സഞ്ജുവും കൂട്ടരും, മൂന്ന് റൺസ് വിജയവുമായി രാജസ്ഥാന്‍ കടന്ന് കൂടി

ചെപ്പോക്കിൽ രാജസ്ഥാന്‍ റോയൽസിന്റെ കണ്ണീര്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും വീഴ്ത്തുമെന്ന തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് 3 റൺസ് വിജയവുമായി സഞ്ജുവും സംഘവും. അവസാന രണ്ടോവറിൽ 40 റൺസ് എന്ന ശ്രമകരമായ ലക്ഷ്യം ധോണിയും ജഡേജയും തേടിയിറങ്ങിയപ്പോള്‍ 3 റൺസ് അകലെ വരെ എത്തുവാന്‍ അവര്‍ക്കായി.

ഒരു ഘട്ടത്തിൽ 3 പന്തിൽ 7 റൺസെന്ന നിലയിൽ നിന്ന് സന്ദീപ് ശര്‍മ്മ മികച്ച ബൗളിംഗിലൂടെ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.

തുടക്കത്തിൽ തന്നെ റുതുരാജ് ഗായക്വാഡിനെ നഷ്ടമായ ശേഷം മികച്ച ഫോമിലുള്ള അജിങ്ക്യ രഹാനെയും ഡെവൺ കോൺവേയും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു.

68 റൺസാണ് രണ്ടാം വിക്കറ്റിൽ ഇരുവരും നേടിയത്. 19 പന്തിൽ 31 റൺസ് നേടി അപകടകാരിയായ മാറുകയായിരുന്ന രഹാനയെ അശ്വിന്‍ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

കോൺവേയും ഡുവേയും കൂടി ടീം സ്കോര്‍ മുന്നോട്ട് നയിച്ചപ്പോള്‍ വീണ്ടും അശ്വിന്‍ വിക്കറ്റുമായി സ്ട്രൈക്ക് ചെയ്തു. 8 റൺസ് നേടിയ ഡുബേയെ താരം വിക്കറ്റിന് മുന്നിൽ കുടുക്കുയായിരുന്നു.

പിന്നീട് ചെന്നൈയുടെ വിക്കറ്റുകളുമായി രാജസ്ഥാന്‍ സ്പിന്നര്‍മാര്‍ തിരിച്ചടിക്കുകയായിരുന്നു. അശ്വിന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ചഹാലും സംപയും ഓരോ വിക്കറ്റ് നേടിയപ്പോള്‍ 103/5 എന്ന നിലയിലേക്ക് ചെന്നൈ വീണു.

ഇതിനിടെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഡെവൺ കോൺവേ ചെന്നൈ പ്രതീക്ഷയുമായി ഒരു വശത്ത് നിന്നു. ചഹാല്‍ റായിഡുവിനെ പുറത്താക്കിയ അതേ ഓവറില്‍ തന്നെ ഡെവൺ കോൺവേയെയും പുറത്താക്കിയപ്പോള്‍ ചെന്നൈ 15 ഓവറിൽ 113/6 എന്ന നിലയിലേക്ക് വീണു. 38 പന്തിൽ നിന്ന് 50 റൺസായിരുന്നു കോൺവേ നേടേണ്ടിയിരുന്നത്.

മത്സരം അവസാന നാലോവറിലേക്ക് കടക്കുമ്പോള്‍ 59 റൺസായിരുന്നു ചെന്നൈയുടെ വിജയ ലക്ഷ്യം. ഫിനിഷര്‍മാരായ ധോണിയും രവീന്ദ്ര ജഡേജയും ക്രീസിലുള്ളത് ചെന്നൈ ക്യാമ്പിൽ പ്രതീക്ഷ നൽകി.

ആഡം സംപ എറിഞ്ഞ 18ാം ഓവറിൽ ധോണി ഒരു ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 14 റൺസാണ്. ഇതോടെ 12 പന്തിൽ 40 റൺസായി മാറി ചെന്നൈയുടെ വിജയ ലക്ഷ്യം.

ജേസൺ ഹോള്‍ഡര്‍ എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സും ഒരു ബൗണ്ടറിയും അടിച്ച് ജഡേജ കസറിയപ്പോള്‍ പിറന്നത് 19 റൺസാണ്. ഇതോടെ അവസാന ഓവറിൽ 21 റൺസ് ചെന്നൈയ്ക്ക് നേടണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

സന്ദീപ് ശര്‍മ്മ ഓവര്‍ രണ്ട് വൈഡ് എറിഞ്ഞ് തുടങ്ങിയ ശേഷം രണ്ടാം പന്തിലും മൂന്നാം പന്തിലും ധോണി താരത്തെ സിക്സറിന് പറത്തുകയായിരുന്നു. ഇതോടെ മൂന്ന് പന്തിൽ ഏഴ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയെങ്കിലും സന്ദീപ് അക്ഷരാര്‍ത്ഥത്തിൽ ചെപ്പോക്കിനെ ഞെട്ടിച്ച് മികച്ച രണ്ട് യോര്‍ക്കറുകള്‍ എറിഞ്ഞ് മത്സരത്തിൽ 3 റൺസ് വിജയം രാജസ്ഥാന് സമ്മാനിച്ചു.

എംഎസ് ധോണി 17 പന്തിൽ 32 റൺസും രവീന്ദ്ര ജഡേജ 15 പന്തിൽ 25 റൺസും നേടി പുറത്താകാതെ നിന്ന് ഏഴാം വിക്കറ്റിൽ 59 റൺസ് കൂട്ടുകെട്ടാണ് നേടിയത്. ചെന്നൈയുടെ ഇന്നിംഗ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 172 റൺസില്‍ ഒതുങ്ങി.

ബട്‍ലറുടെ അഭാവത്തിൽ പടിക്കലിനെ ഓപ്പണിംഗ് പരീക്ഷിക്കാത്തതിന് കാരണം വ്യക്തമാക്കി സഞ്ജു സാംസൺ

രാജസ്ഥാന്‍ ബൗളിംഗിന്റെ അവസാനത്തോടെ ഒരു ക്യാച്ച് പൂര്‍ത്തിയാക്കുന്നതിനിടെ ജോസ് ബട്‍ലറുടെ കൈവിരലുകള്‍ക്ക് പരിക്കേറ്റ് സ്റ്റിച്ച് ഇടേണ്ടി വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് രാജസ്ഥാന്‍ ഓപ്പണിംഗിൽ രവിചന്ദ്രന്‍ അശ്വിനെയാണ് പരീക്ഷിച്ചത്.

ഓപ്പണിംഗ് സ്ഥാനത്ത് മുന്‍ പരിചയമുള്ള ദേവ്ദത്ത് പടിക്കൽ ടീമിലുള്ളപ്പോളാണ് രാജസ്ഥാന്റെ ഈ പരീക്ഷണം. ജോസ് ബട്‍ലറുടെ കൈയിലെ സ്റ്റിച്ചിടുവാന്‍ സമയം വേണ്ടി വന്നതിനാലാണ് അശ്വിനെ ഓപ്പണിംഗിൽ ഇറക്കിയത് എന്ന് വ്യക്തമാക്കിയ സഞ്ജു പടിക്കലിനെ മധ്യ നിരയിൽ തന്നെ നിലനിര്‍ത്തിയത് പഞ്ചാബിന്റെ സ്പിന്നര്‍മാരെ നേരിടുവാന്‍ വേണ്ടിയായിരുന്നു.

ഇടംകൈയ്യന്‍ ബാറ്റ്സ്മാനായ പടിക്കലിന് ലെഗ് സ്പിന്നറെയും ലെഫ്ട് ആം സ്പിന്നറെയും കളിക്കുവാന്‍ അനായാസം കഴിയുമെന്ന ചിന്തയിലായിരുന്നു ടീമിന്റെ ഈ നീക്കമെന്നും സഞ്ജു പറഞ്ഞു.

ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍ ക്രീസിലുള്ളപ്പോള്‍ സിക്സുകള്‍ നേടാനാകുമെന്നായിരുന്നു ടീം മാനേജ്മെന്റിന്റെ ചിന്ത. എന്നാൽ പടിക്കൽ ബാറ്റിംഗിൽ വളരെ പ്രയാസപ്പെടുകയായിരുന്നു.

 

11 റൺസ് നേടുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ടു, ഓസ്ട്രേലിയയെ എറിഞ്ഞിട്ട് അശ്വിനും ഉമേഷ് യാദവും

ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടുവാനുള്ള ഓസ്ട്രേലിയന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി നൽകി ഉമേഷ് യാദവും രവിചന്ദ്രന്‍ അശ്വിനും. ഇന്ത്യയെ 109 റൺസിന് പുറത്താക്കിയ ശേഷം 186/4 എന്ന നിലയിൽ മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 197 റൺസിൽ അവസാനിക്കുകയായിരുന്നു.

രവിചന്ദ്രന്‍ അശ്വിനും ഉമേഷ് യാദവും മൂന്ന് വീതം വിക്കറ്റ് നേടിയാണ് ഓസ്ട്രേലിയയെ പുറത്താക്കിയത്. ഇന്നലെ രവീന്ദ്ര ജഡേജ ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റ് നേടിയിരുന്നു. മത്സരത്തിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 13/0 എന്ന നിലയിലാണ്.

അശ്വിൻ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാമത്

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗിൽ ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സനെ പിന്തള്ളി ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡൽഹിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് വിജയത്തിൽ ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നതിൽ നിർണായകമായത്.

36 കാരനായ ഓഫ് സ്പിന്നർ ടെസ്റ്റ് ബൗളർ റാങ്കിലെ ഒന്നാം സ്ഥാനത്തെത്തുന്നത് ഇതാദ്യമല്ല. 2015ൽ ആദ്യമായി ഈ നേട്ടം കൈവരിച്ച അദ്ദേഹം അതിനുശേഷം ഒന്നിലധികം തവണ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

അശ്വിന് ഒപ്പം അദ്ദേഹത്തിന്റെ സഹതാരം രവീന്ദ്ര ജഡേജയും ബൗളിംഗ് റാങ്കിംഗിൽ കുതിപ്പ് നടത്തി, ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റ് വീഴ്ത്തിയതിന് ശേഷം എട്ടാം സ്ഥാനത്തേക്ക് ജഡേജ ഉയർന്നു. എംആർഎഫ് ടയേഴ്‌സ് ഐസിസി ടെസ്റ്റ് ഓൾറൗണ്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ജഡേജയാണ് ഉള്ളത്. അശ്വിൻ രണ്ടാം സ്ഥാനത്തും ഉണ്ട്.

ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നേടി ഇന്ത്യ, ഖവാജയ്ക്ക് ഫിഫ്റ്റി

ഡൽഹി ടെസ്റ്റിന്റെ ആദ്യ സെഷനിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ഉസ്മാന്‍ ഖവാജയുടെ ഒറ്റയാള്‍ പോരാട്ടത്തിനിടയ്ക്ക് മൂന്ന് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ഡേവിഡ് വാര്‍ണറെ ഷമി പുറത്താക്കിയപ്പോള്‍ ലാബൂഷാനെയെയും സ്മിത്തിനെയും അശ്വിന്‍ വീഴ്ത്തി.

ഖവാജ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 94/3 എന്ന നിലയിലാണ്. 50 റൺസ് നേടിയ ഉസ്മാന്‍ ഖവാജയ്ക്കൊപ്പം ഒരു റൺസ് നേടി ട്രാവിസ് ഹെഡ് ആണ് ക്രീസിലുള്ളത്.

സുനിൽ ഗവാസ്കറും വിരേന്ദര്‍ സേവാഗും കഴിഞ്ഞാൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയ് ആണ് – രവിചന്ദ്രന്‍ അശ്വിന്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാള്‍ മുരളി വിജയ് ആണെന്ന് പറഞ്ഞ് രവിചന്ദ്രന്‍ അശ്വിന്‍. വിരേന്ദര്‍ സേവാഗും സുനിൽ ഗവാസ്കറും കഴിഞ്ഞ് താന്‍ അദ്ദേഹത്തിന് ടെസ്റ്റ് ഓപ്പണറുടെ സ്ഥാനം നൽകുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

2013 മുതൽ ടീമിന്റെ ഫസ്റ്റ് ചോയിസ് ഓപ്പണറായി മാറിയ മുരളി വിജയ് പിന്നീട് 2018 വരെ ടെസ്റ്റിലെ ലോകത്തിലെ തന്നെ മികച്ച ഓപ്പണറായി മാറുകയായിരുന്നു. മുരളി വിജയും പുജാരയും ഇന്ത്യന്‍ ക്രിക്കറ്റിൽ അധികം ആഘോഷിക്കപ്പെടാത്ത താരങ്ങളാണെന്നും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ശ്രമകരമായ കാര്യങ്ങളാണ് അവര്‍ ചെയ്ത് കൊണ്ടിരുന്നതെന്നും അശ്വിന്‍ കൂട്ടിചേര്‍ത്തു.

രണ്ടാം സെഷനിൽ സ്പിന്നര്‍മാരുടെ തേരോട്ടം, ഓസ്ട്രേലിയയുടെ എട്ട് വിക്കറ്റ് നഷ്ടം

ഓസ്ട്രേലിയയ്ക്കെതിരെ നാഗ്പൂര്‍ ടെസ്റ്റിൽ ഇന്ത്യയുടെ സ്പിന്നര്‍മാരുടെ തേരോട്ടം. മത്സരത്തിന്റെ ഒന്നാം ദിവസത്തെ രണ്ടാം സെഷനിൽ വീണ 6 വിക്കറ്റുകളും സ്പിന്നര്‍മാരാണ് നേടിയത്. രവീന്ദ്ര ജഡേജ നാലും അശ്വിന്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ടീ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയ 174/8 എന്ന നിലയിലാണ്.

29 റൺസ് നേടിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന് കൂട്ടായി റണ്ണെടുക്കാതെ നഥാന്‍ ലയൺ ആണ് ക്രീസിൽ. 49 റൺസ് നേടിയ മാര്‍നസ് ലാബൂഷാനെ ആണ് ടീമിന്റെ ടോപ് സ്കോറര്‍. സ്റ്റീവന്‍ സ്മിത്ത് 37 റൺസ് നേടിയപ്പോള്‍ അലക്സ് കാറെ വെറും 33 പന്തിൽ 36 റൺസ് നേടി പുറത്തായി.

കാറെയെ പുറത്താക്കി അശ്വിന്‍ തന്റെ 450ാമത്തെ ടെസ്റ്റ് വിക്കറ്റെന്ന് നേട്ടം സ്വന്തമാക്കുകയായിരുന്നു.

അശ്വിന്‍ ട്രിക്കി ബൗളര്‍ – ഉസ്മാന്‍ ഖവാജ

ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ പുകഴ്ത്തി ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ. അശ്വിന്‍ ഗൺ ബൗളര്‍ ആണെന്നും ട്രിക്കി ബൗളര്‍ ആണെന്നും പറഞ്ഞ ഖവാജ താരം വളരെ പ്രതിഭാധനനാണെന്നും കൂട്ടിചേര്‍ത്തു.

തന്റെ ബൗളിംഗിൽ ഒട്ടേറെ വൈവിധ്യങ്ങള്‍ ഉള്‍പ്പെടുത്തുവാനും ക്രീസ് നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്യുന്ന ബൗളര്‍ ആണ് അശ്വിനെന്നും ഖവാജ പറഞ്ഞു. അദ്ദേഹം തന്റെ ഗെയിം പ്ലാന്‍ മാറ്റങ്ങള്‍ വരുത്തുന്ന ഒരു ബൗളര്‍ ആമെന്നും ഖവാജ സൂചിപ്പിച്ചു.

സ്പിന്നിംഗ് വിക്കറ്റിൽ ന്യൂ ബോള്‍ നേരിടുകയാണ് ഏറ്റവും പ്രയാസമെന്നും ഖവാജ വ്യക്തമാക്കി.

എല്ലാ ക്രെഡിറ്റും ബംഗ്ലാദേശിന്, അവര്‍ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി – അശ്വിന്‍

ബംഗ്ലാദേശിന് ഈ മത്സരത്തിൽ എല്ലാ ക്രെഡിറ്റും അര്‍ഹിക്കുന്നുവെന്ന് പറഞ്ഞ് രവിചന്ദ്രന്‍ അശ്വിന്‍. ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ അവര്‍ക്ക് സാധിച്ചുവെന്നും അശ്വിന്‍ കൂട്ടിചേര്‍ത്തു. മത്സരത്തിൽ ഇതിന് മുമ്പ് തന്നെ ഇന്ത്യ വിജയം സ്വന്തമാക്കേണ്ടതായിരുന്നുവെന്നും പക്ഷേ വിക്കറ്റുകളുമായി ബംഗ്ലാദേശ് തിരിച്ചടിക്കുകയായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

ശ്രേയസ്സ് അയ്യര്‍ മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും താന്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് ആസ്വദിച്ചുവെന്നും മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട അശ്വിന്‍ പറഞ്ഞു. 74/7 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ അശ്വിനും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് 71 റൺസ് നേടിയാണ് വിജയത്തിലേക്ക് നയിച്ചത്.

അശ്വിന്‍ 42 റൺസും ശ്രേയസ്സ് അയ്യര്‍ 29 റൺസും നേടിയാണ് എട്ടാം വിക്കറ്റിൽ ഇന്ത്യന്‍ വിജയം സാധ്യമാക്കിയത്. അശ്വിനാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മോമിനുളിന്റെ ഒറ്റയാള്‍ പോരാട്ടം അവസാനിച്ചു, ബംഗ്ലാദേശ് 227 റൺസിന് പുറത്ത്

ധാക്കയിൽ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിനെ 227 റൺസിന് പുറത്താക്കിയ ശേഷം വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസ് നേടി ഇന്ത്യ. ഉമേഷ് യാദവും രവിചന്ദ്രന്‍ അശ്വിനും 4 വീതം വിക്കറ്റ് നേടിയപ്പോള്‍ 84 റൺസ് നേടിയ മോമിനുള്‍ ഹക്കിന്റെ ചെറുത്ത്നില്പാണ് ബംഗ്ലാദേശിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

26 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ലിറ്റൺ ദാസ്(25), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(24) എന്നിവരും റൺസ് കണ്ടെത്തുവാന്‍ ശ്രമിച്ചു. 12 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിൽ അവസരം ലഭിച്ച ജയ്ദേവ് ഉനഡ്കട് 2 വിക്കറ്റ് നേടി.

ഇന്ത്യയ്ക്കായി 14 റൺസുമായി ശുഭ്മന്‍ ഗില്ലും 3 റൺസ് നേടി കെഎൽ രാഹുലുമാണ് ക്രീസിലുള്ളത്.

സഞ്ജുവിന് ആവശ്യത്തിന് അവസരം ലഭിയ്ക്കണം – രവിചന്ദ്രന്‍ അശ്വിന്‍

സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിൽ ആവശ്യത്തിനുള്ള അവസരം ലഭിയ്ക്കണമെന്ന് പറഞ്ഞ് രവിചന്ദ്രന്‍ അശ്വിന്‍. ഇന്ന് ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ സഞ്ജു 38 പന്തിൽ 36 റൺസ് നേടി പുറത്താകുകയായിരുന്നു.

സഞ്ജുവിന് ഇതിനു മുമ്പും ഇന്ത്യന്‍ ടീമിൽ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും താരത്തിന് ദൈര്‍ഘ്യമേറിയ ഒരു അവസരം ഒരിക്കലും ഇന്ത്യന്‍ ടീം മാനേജ്മെന്റ് നൽകിയിരുന്നില്ല. ന്യൂസിലാണ്ടിനെതിരെയുള്ള ടി20 ടീമിൽ താരം അംഗമായിരുന്നുവെങ്കിലും ഒരു മത്സരത്തിൽ പോലും സഞ്ജുവിന് അവസരം ലഭിച്ചില്ല.

സഞ്ജു മികച്ച ഫോമിലാണെന്നും താരത്തിന് അവസരം ലഭിയ്ക്കുന്നില്ലെങ്കിൽ സ്വാഭാവികമായി സോഷ്യൽ മീഡിയയിൽ അത് പ്രതികരണങ്ങളായി വരുമെന്നും സഞ്ജുവിന് ഏറെ അവസരങ്ങള്‍ ലഭിയ്ക്കുമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.

രവി ശാസ്ത്രിയുടെ അഭിപ്രായത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് രവിചന്ദ്രന്‍ അശ്വിന്‍

ടെസ്റ്റ് ക്രിക്കറ്റ് ലോക ക്രിക്കറ്റിലെ ടോപ് ടീമുകള്‍ മാത്രം കളിക്കേണ്ട ഒന്നാണെന്ന് പറഞ്ഞ് രവി ശാസ്ത്രിയുടെ അഭിപ്രായത്തെ എതിര്‍ത്ത് ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. എല്ലാ രാജ്യങ്ങള്‍ക്കും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ അവസരം ഉണ്ടാക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും അത് സാധ്യമല്ലെങ്കിലും ഇപ്പോളുള്ള ടെസ്റ്റ് രാജ്യങ്ങള്‍ക്കെങ്കിലും അതിന് അവസരം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം കുറയ്ക്കുകയല്ല വേണ്ടതെന്നും അശ്വിന്‍ പറഞ്ഞു.

ടി20 ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിന്റെ ആവശ്യം വളരെ വലുതാണെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റാണ് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള പടിയെങ്കില്‍ ഇതേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ അവസരം ലഭിച്ചാലാണ് താരങ്ങള്‍ക്ക് ടി20 ഫോര്‍മാറ്റിലേക്കായി തങ്ങളുടെ ശൈലിയെ മാറ്റുവാനുള്ള അവസരം ലഭിക്കുകയുള്ളുവെന്നും അശ്വിന്‍ പറഞ്ഞു.

ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ മാത്രമേ ഫസ്റ്റ് ക്ലാസ് ഘടന മികച്ചതാകുയുള്ളുവെന്നും അത് വഴി കൂടുതൽ താരങ്ങള്‍ക്ക് ക്രിക്കറ്റ് കളിക്കുവാന്‍ സാധിക്കും. മൂന്നോ നാലോ രാജ്യങ്ങള്‍ മാത്രം ടെസ്റ്റ് കളിച്ചാൽ ക്രിക്കറ്റിന്റെ വളര്‍ച്ചയെയും അത് ബാധിക്കുമെന്ന് അശ്വിന്‍ കൂട്ടിചേര്‍ത്തു.

Exit mobile version