അശ്വിന്‍ കോവിഡ് പോസിറ്റീവ്, യുകെയിലേക്ക് യാത്ര ചെയ്തില്ല

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ കോവിഡ് പോസിറ്റീവ്. താരം എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മാറ്റി വെച്ച അഞ്ചാം ടെസ്റ്റിനാ‍യുള്ള ടീം യാത്ര തിരിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം അശ്വിന്‍ യാത്ര ചെയ്തില്ല.

ജൂൺ 16ന് മറ്റംഗങ്ങളെല്ലാം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്തിരുന്നു. ജൂലൈ 1 മുതൽ അഞ്ച് വരെയാണ് ടെസ്റ്റ് മത്സരം നടക്കുന്നത്. ക്വാറന്റീനും ബാക്കി പ്രൊട്ടോക്കോളുകളും അനുസരിച്ച് മാത്രമായിരിക്കും അശ്വിന്‍ ടീമിനൊപ്പം ചേരുക.

ലെസ്റ്ററിനെതിരെയുള്ള പ്രാക്ടീസ് മത്സരം താരത്തിന് ഇതോടെ നഷ്ടമാകം.

അശ്വിന്‍ വീരനായകന്‍!!! ജൈസ്വാളിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം രാജസ്ഥാന്റെ വിജയം ഒരുക്കി അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയൽസിന് 5 വിക്കറ്റ് വിജയം. വിജയത്തോടെ 18 പോയിന്റുമായി രാജസ്ഥാന്‍ റോയൽസ് രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫിലേക്ക് കടന്നു. ജൈസ്വാളിന്റെ 59 റൺസും 23 പന്തിൽ 40 റൺസ് നേടി പുറത്താകാതെ നിന്ന രവിചന്ദ്രന്‍ അശ്വിനും വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ചു.

ജോസ് ബട്‍ലര്‍ വീണ്ടും ചെറിയ സ്കോറിൽ പുറത്തായപ്പോള്‍ സ്കോറിൽ ബോര്‍ഡിൽ 16 റൺസ് മാത്രമായിരുന്നു. പിന്നീട് യശസ്വി ജൈസ്വാളും സഞ്ജുവും ചേര്‍ന്ന് 51 റൺസ് നേടി രാജസ്ഥാനെ മുന്നോട്ട് നയിച്ചുവെങ്കിലും ടൈം ഔട്ടിന് ശേഷം ബ്രേക്ക് ത്രൂ നേടുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു.

15 റൺസ് നേടിയ സഞ്ജുവിനെ മികച്ചൊരു ക്യാച്ചിലൂടെ സ്വന്തം ബൗളിംഗിൽ മിച്ചൽ സാന്റനര്‍ പുറത്താക്കുകയായിരുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ 73 റൺസാണ് രാജസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ദേവ്ദത്ത് പടിക്കലിനെ മോയിന്‍ അലി പുറത്താക്കിയപ്പോള്‍ രാജസ്ഥാന് കാര്യങ്ങള്‍ കൂടുതൽ പ്രയാസമായി മാറി.

ഒരു ഘട്ടത്തിൽ 84 പന്തിൽ 99 റൺസ് നേടേണ്ടിയിരുന്ന രാജസ്ഥാന്റെ ലക്ഷ്യം പിന്നീട് 42 പന്തിൽ 67 റൺസായി മാറി. മോയിന്‍ അലി എറിഞ്ഞ 14ാം ഓവറിൽ അശ്വിന്‍ സിക്സ് നേടിയപ്പോള്‍ അതേ ഓവറിൽ ജൈസ്വാൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 39 പന്തിൽ നിന്നാണ് താരം തന്റെ അര്‍ദ്ധ ശതകം നേടിയത്.

Yashasvijaiswal

എംഎസ് ധോണി പ്രശാന്ത് സോളങ്കിയെ ബൗളിംഗിലേക്ക് കൊണ്ടുവന്നപ്പോള്‍ ജൈസ്വാൽ താരത്തെ സിക്സര്‍ പറത്തിയാണ് വരവേറ്റത്. എന്നാൽ ഓവറിൽ ജൈസ്വാളിനെ ഓവറിൽ സോളങ്കി പുറത്താക്കി. 44 പന്തിൽ 59 റൺസായിരുന്നു ജൈസ്വാള്‍ നേടിയത്.

ഇതോടെ 30 പന്തിൽ 47 റൺസെന്ന നിലയിലേക്ക് ലക്ഷ്യം മാറി. തന്റെ അടുത്തോവറിൽ തന്നെ ബൗണ്ടറി പറത്തിയ ഹെറ്റ്മ്യറിനെയും പുറത്താക്കി പ്രശാന്ത് സോളങ്കി പകരം വീട്ടിയപ്പോള്‍ ഓവറിലെ അവസാന പന്തിൽ സിക്സര്‍ നേടി അശ്വിന്‍ ലക്ഷ്യം 18 പന്തിൽ 32 റൺസാക്കി മാറ്റി.

മതീഷ പതിരാന എറിഞ്ഞ 18ാം ഓവറിൽ അശ്വിനും പരാഗും ചേര്‍ന്ന് ഓരോ ബൗണ്ടറി നേടിയപ്പോള്‍ ഓവറിൽ 13 റൺസ് നേടി. മുകേഷ് ചൗധരി എറിഞ്ഞ 19ാം ഓവറിൽ അശ്വിന്‍ നേടിയ സിക്സ് അടക്കം 12 റൺസ് പിറന്നപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 7 ആയി മാറി. അശ്വിന്റെ മികവിൽ 2 പന്ത് അവശേഷിക്കെ രാജസ്ഥാന്‍ 5 വിക്കറ്റ് വിജയം നേടി.

തന്നോട് ബാറ്റിംഗ് ഓര്‍ഡറിൽ മുകളിൽ ഉപയോഗിക്കുമെന്ന് സീസൺ തുടക്കത്തിൽ തന്നെ അറിയിച്ചിരുന്നു – രവിചന്ദ്രന്‍ അശ്വിന്‍

ഡൽഹി ക്യാപിറ്റൽസിനെതിരെ മൂന്നാം നമ്പറിൽ രവിചന്ദ്രന്‍ അശ്വിനെ രാജസ്ഥാന്‍ പരീക്ഷിച്ചപ്പോള്‍ താരത്തിന് ഇതാദ്യമായല്ല ഈ സീസണിൽ ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിയ്ക്കുന്നത്. 38 പന്തിൽ 50 റൺസ് നേടിയ താരം തന്നിൽ ടീം അര്‍പ്പിച്ച വിശ്വാസം കാത്ത് രക്ഷിക്കുകയും ചെയ്തു.

തന്നോട് സീസൺ തുടക്കത്തിൽ തന്നെ ബാറ്റിംഗ് ഓര്‍ഡറിൽ നേരത്തെ ഇറങ്ങേണ്ടി വരുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിരുന്നുവെന്നും ചില പരിശീലന മത്സരങ്ങളിൽ താന്‍ ഓപ്പൺ ചെയ്തുവെന്നും താന്‍ അത് ഏറെ ആസ്വദിച്ചുവെന്നും അശ്വിന്‍ കൂട്ടിചേര്‍ത്തു.

ബട്‍ലര്‍ കഴിഞ്ഞാല്‍ ടോപ് സ്കോറര്‍ അശ്വിന്‍, മുംബൈയ്ക്കെതിരെ 158 റൺസ് നേടി രാജസ്ഥാന്‍ റോയൽസ്

മുംബൈ ഇന്ത്യന്‍സിനെതിരെ 158 റൺസ് നേടി രാജസ്ഥാന്‍ റോയൽസ്. ബാറ്റിംഗിന് ദുഷ്കരമെന്ന തോന്നിപ്പിച്ച പിച്ചിൽ ജോസ് ബട്‍ലര്‍ നേടിയ 67 റൺസാണ് ടീമിന് തുണയായത്. മികച്ച ഫോമിലുള്ള ജോസ് ബട്‍ലര്‍ വരെ സ്വതസിദ്ധമായ ശൈലിയിൽ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് വാങ്കഡേയിലെ ഈ പിച്ചിൽ കണ്ടത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ ഇറങ്ങി അതിവേഗത്തിൽ 21 റൺസ് നേടിയ അശ്വിനാണ് ടീം സ്കോര്‍ 150 കടത്തിയത്.

ദേവ്ദത്ത് പടിക്കലിനെ നഷ്ടമാകുമ്പോള്‍ 26 റൺസാണ് രാജസ്ഥാന്‍ നേടിയത്. സഞ്ജു മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 7 പന്തിൽ 16 റൺസ് നേടിയ താരം തന്റെ വിക്കറ്റ് പതിവ് പോലെ വലിച്ചെറിയുന്ന കാഴ്ചയാണ് കണ്ടത്. അരങ്ങേറ്റക്കാരന്‍ കുമാര്‍ കാര്‍ത്തികേയ ആണ് സഞ്ജുവിനെ പുറത്താക്കിയത്.

പിന്നീട് ഡാരിൽ മിച്ചലും ജോസ് ബട്‍ലറും മധ്യ ഓവറുകളിൽ ഏറെ നേരം ബൗണ്ടറി കണ്ടെത്തുവാന്‍ പ്രയാസപ്പെടുന്നതാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് 37 റൺസ് മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തപ്പോള്‍ 17 റൺസ് നേടിയ മിച്ചൽ മടങ്ങുകയായിരുന്നു.

16ാം ഓവര്‍ എറിഞ്ഞ ഹൃത്തിക് ഷൗക്കീനെ ആദ്യ നാല് പന്തിൽ സിക്സര്‍ പറത്തിയാണ് തന്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുവാന്‍ ജോസ് ബട്‍ലര്‍ക്ക് സാധിച്ചത്. ആ ഓവറിന് മുമ്പ് വരെ 15 ഓവര്‍ ക്രീസിൽ നിന്നുവെങ്കിലും ഒരു സിക്സ് പോലും താരം നേടിയിരുന്നില്ല. എന്നാൽ അതേ ഓവറിലെ അവസാന പന്തിൽ താരം പുറത്തായത് രാജസ്ഥാന്റെ സ്കോറിനെ ബാധിച്ചു.

9 പന്തിൽ 21 റൺസ് നേടിയ അശ്വിനാണ് രാജസ്ഥാന്റെ സ്കോര്‍ 150 കടത്തുവാന്‍ സഹായിച്ചത്. താരം അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്താകുകയായിരുന്നു. അശ്വിന്‍ പുറത്തായ ശേഷം റൈലി മെറിഡിത്ത് എറിഞ്ഞ ആ ഓവറിൽ നിന്ന് ഷിമ്രൺ ഹെറ്റ്മ്യറിനും കാര്യമായ സ്കോര്‍ നേടുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് വെറും 3 റൺസ്. 14 പന്ത് നേരിട്ട ഹെറ്റ്മ്യര്‍ 6 റൺസാണ് നേടിയത്.

മുംബൈയ്ക്കായി റൈലി മെറിഡിത്തും ഹൃത്തിക് ഷൗക്കീനും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ തന്റെ അരങ്ങേറ്റ മത്സരത്തിൽ 19 റൺസ് മാത്രം വിട്ട് നൽകി 1 വിക്കറ്റ് നേടിയ കുമാര്‍ കാര്‍ത്തികേയ ശ്രദ്ധേയമായ ബൗളിംഗ് പ്രകടനം പുറത്തെടുത്തു.

ക്ലീനിക്കൽ കുൽദീപ്!!! ഒപ്പം കൂടി അശ്വിനും, ആധികാരിക വിജയവുമായി രാജസ്ഥാന്‍

തകര്‍ന്നടിഞ്ഞ രാജസ്ഥാന്റെ ശക്തമായ തിരിച്ചുവരവ് റിയാന്‍ പരാഗിലൂടെയായിരുന്നുവെങ്കില്‍ ബൗളിംഗിൽ സമ്പൂര്‍ണ്ണാധിപത്യം ടീം പുലര്‍ത്തിയപ്പോള്‍ 29 റൺസിന്റെ വിജയം. 145 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി 115 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

കുല്‍ദീപ് നാലും അശ്വിൻ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ പ്രസിദ്ധ കൃഷ്ണ രണ്ട് വിക്കറ്റും നേടി രാജസ്ഥാന്റെ ക്ലീനിക്കൽ പെര്‍ഫോമന്‍സ് പൂര്‍ത്തിയാക്കി. 19.3 ഓവറിൽ 115 റൺസിനാണ് ബാംഗ്ലൂര്‍ ഓള്‍ഔട്ട് ആയത്. വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് രാജസ്ഥാന്‍ എത്തി.

വിരാട് കോഹ്‍ലിയെയാണ് ആര്‍സിബി ഇത്തവണ ഓപ്പണിംഗിൽ പരീക്ഷിച്ചത്. രണ്ടാം ഓവറിൽ സ്കോര്‍ പത്തിൽ എത്തി നില്‍ക്കുമ്പോള്‍ 9 റൺസ് നേടിയ കോഹ്‍‍ലിയെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കിയപ്പോള്‍ ആര്‍സിബിയ്ക്ക് ആദ്യ തിരിച്ചടിയേറ്റു. ഫാഫ് ബൗണ്ടറികളുമായി സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചപ്പോള്‍ 27 റൺസ് രണ്ടാം വിക്കറ്റിൽ രജത് പടിദാറുമായി ചേര്‍ന്ന് താരം നേടിയെങ്കിലും കുൽദീപ് സെന്‍ അടുത്തടുത്ത പന്തുകളിൽ ഫാഫിനെയും(23) ഗ്ലെന്‍ മാക്സ്വെല്ലിനെയും(0) വീഴ്ത്തിയതോടെ ബാംഗ്ലൂര്‍ 37/3 എന്ന നിലയിലേക്ക് വീണു.

രജത് പടിദാറും ഷഹ്ബാസ് അഹമ്മദും ചേര്‍ന്ന് 21 റൺസ് കൂടി നേടിയെങ്കിലും പടിദാറിനെ(16) പുറത്താക്കി അശ്വിന്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. പത്ത് ഓവര്‍ അവസാനിച്ചപ്പോള്‍ 58 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂര്‍ നേടിയത്. സുയാഷിനെ അശ്വിന്‍ മടക്കിയയ്ച്ചപ്പോള്‍ ആര്‍സിബി 66/5 എന്ന നിലയിലേക്ക് വീണു.

കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമാനമായ സ്ഥിതിയിൽ നിന്ന് ടീമിനെ ലക്ഷ്യത്തിലേക്കെത്തിച്ച കൂട്ടുകെട്ടായ ഷഹ്ബാദ് അഹമ്മദ് – ദിനേശ് കാര്‍ത്തിക്ക് കൂട്ടുകെട്ടിന് എന്നാൽ ഇത്തവണ കാര്യമായി ഒന്നും ചെയ്യാനായില്ല. ദിനേശ് കാര്‍ത്തിക് റണ്ണൗട്ടായതോടെ വലിയ ചുമതലയാണ് ഷഹ്ബാസിന് ചുമലില്‍ വന്നത്.

മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 55 റൺസായിരുന്നു ജയത്തിനായി ആര്‍സിബി നേടേണ്ടിയിരുന്നത്. അടുത്തോവര്‍ എറിഞ്ഞ അശ്വിന്‍ ഷഹ്ബാസ് അഹമ്മദിനെയും(17) പുറത്താക്കിയതോടെ കാര്യങ്ങള്‍ ആര്‍സിബിയ്ക്ക് പ്രയാസകരമായി. അശ്വിന്‍ തന്റെ 4 ഓവറിൽ 17 റൺസിന് മൂന്ന് വിക്കറ്റാണ് നേടിയത്.

 

പവറാണ് പവൽ!!! വിവാദ നിമിഷങ്ങള്‍ക്ക് ശേഷം ഡൽഹി വീണു, രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത്

മത്സരത്തിലെ പല ഘട്ടത്തിലും ചേസിംഗിൽ രാജസ്ഥാനൊപ്പം നിന്നുവെങ്കിലും വലിയ സ്കോര്‍ മറികടക്കാനാകാതെ ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവര്‍ എറിയാനെത്തിയ ഒബേദ് മക്കോയിയ്ക്ക് കാര്യങ്ങള്‍ നിസാരമായിരുന്നു. എറിയേണ്ടത് ഒരു ഡോട്ട് ബോള്‍ അല്ലെങ്കിൽ ആറ് സിക്സ് വഴങ്ങാതിരിക്കുക. എന്നാൽ താരത്തിന്റെ രണ്ടാമത്തെ ഓവറിൽ 26 റൺസ് പിറന്നതിന്റെ സമ്മര്‍ദ്ദം ഉള്ളതിനാലാണോ എന്നറിയില്ല ഓവറിലെ ആദ്യ മൂന്ന് പന്തിൽ റോവ്മന്‍ പവൽ സിക്സര്‍ നേടി. എന്നാൽ മൂന്നാമത്തെ പന്ത് നോ ബോള്‍ ആയിരുന്നു വിളിക്കേണ്ടതെന്ന് ഋഷഭ് പന്ത് അതൃപ്തി അറിയിച്ച താരം റോവ്മന്‍ പവലിനോട് തിരികെ വരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡൽഹി കോച്ച് പ്രവീൺ ആംറേ ഗ്രൗണ്ടിൽ ഇറങ്ങിയതും വാങ്കഡേയിൽ കാണാനായി.

എന്നാൽ ഈ സംഭവങ്ങള്‍ക്ക് ശേഷം മത്സരം തുടര്‍ന്നുവെങ്കിലും ആ മൂന്ന് പന്തുകളിൽ റോവ്മന്‍ പവൽ കാണിച്ച ഹീറോയിസം പിന്നീട് താരത്തിന് പുറത്തെടുക്കുവാന്‍ സാധിച്ചില്ല. അവസാന പന്തിൽ 15 പന്തിൽ 36 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ 207/8 എന്ന നിലയിൽ ഡൽഹിയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ 15 റൺസ് വിജയം നേടി രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി.

കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ഡൽഹിയ്ക്ക് മികച്ച തുടക്കമാണ് ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് നൽകിയത്. ഡേവിഡ് വാര്‍ണര്‍ മടങ്ങുമ്പോള്‍ ഡൽഹി 43 റൺസാണ് 4.3 ഓവറിൽ നേടിയത്. 14 പന്തിൽ 28 റൺസ് നേടി അപകടാരിയായി മാറുകയായിരുന്ന വാര്‍ണറെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്.

അശ്വിനെ ആക്രമിക്കുവാന്‍ ശ്രമിച്ച് സര്‍ഫ്രാസ് ഖാനും പുറത്തായപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ രണ്ട് വിക്കറ്റ് ഡൽഹിയ്ക്ക് നഷ്ടമായി. എട്ടോവര്‍ വരെ പിടിച്ച് പന്തെറിയുകയായിരുന്ന രാജസ്ഥാന് പെട്ടെന്ന് കാര്യങ്ങള്‍ കൈവിടുന്നതാണ് കണ്ടത്. ഒബൈദ് മക്കോയി എറിഞ്ഞ ഓവറിൽ 26 റൺസ് പിറന്നപ്പോള്‍ 9 ഓവറിൽ 95/2 എന്ന നിലയിൽ ഡൽഹി തങ്ങളുടെ സാധ്യത നിലനിര്‍ത്തി.

എന്നാൽ അടുത്ത ഓവറിൽ സഞ്ജു അശ്വിനെ ഇറക്കിയപ്പോള്‍ താരം പൃഥ്വി ഷായുടെ വിക്കറ്റ് സ്വന്തമാക്കി. 27 പന്തിൽ 37 റൺസ് നേടിയ പൃഥ്വി മടങ്ങുമ്പോള്‍ 51 റൺസാണ് പൃഥ്വിയും പന്തും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്. റിയാന്‍ പരാഗിന് 11ാം ഓവര്‍ നൽകിയ സഞ്ജുവിന് വീണ്ടും പിഴച്ചപ്പോള്‍ ഓവറിൽ നിന്ന് 22 റൺ കൂടി വന്നു.

8 ഓവര്‍ പിന്നിടുമ്പോള്‍ 69/2 എന്ന നിലയിലായിരുന്ന ഡൽഹി 11 ഓവര്‍ അവസാനിക്കുമ്പോള്‍ 121/3 എന്ന കരുതുറ്റ നിലയിലായിരുന്നു. 52 റൺസാണ് ഈ മൂന്നോവറിൽ പിറന്നത്. പ്രസിദ്ധ് എറിഞ്ഞ അടുത്ത ഓവറിൽ ചഹാല്‍ പന്തിന്റെ ക്യാച്ച് കൈവിട്ടുവെങ്കിലും അതേ ഓവറിൽ തന്നെ മികച്ചൊരു ക്യാച്ചിലൂടെ പടിക്കൽ പന്തിനെ പുറത്താക്കി. 24 പന്തിൽ 44 റൺസായിരുന്നു ഡൽഹി ക്യാപ്റ്റന്റെ സംഭാവന.

പിന്നീട് ലളിത് യാദവിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് കണ്ടത്. താരം പൊരുതി നോക്കിയെങ്കിലും ലക്ഷ്യം വളരെ വലുതായതിനാൽ തന്നെ ടീമിനെ വിജയത്തിലേക്ക് എത്തിക്കു പ്രയാസമായിരുന്നു. അവസാന മൂന്നോവറിൽ 51 റൺസായിരുന്നു ഡൽഹി നേടേണ്ടിയിരുന്നത്.

ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറിലെ ആദ്യ മൂന്ന് പന്തിൽ കാര്യമായ സ്കോര്‍ ചെയ്യുവാന്‍ ഡൽഹിയ്ക്കായില്ലെങ്കിലും അവസാന മൂന്ന് പന്തിൽ രണ്ട് സിക്സ് റോവ്മന്‍ പവൽ നേടിയതോടെ ലക്ഷ്യം 12 പന്തിൽ 36 റൺസായി മാറി. 19ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ ലളിത് യാദവിനെ മടക്കിയപ്പോള്‍ താരം 24 പന്തിൽ 37 റൺസാണ് നേടിയത്. ഡൽഹിയുടെ ലക്ഷ്യം 9 പന്തിൽ 36 റൺസും ആയി വര്‍ദ്ധിച്ചു.

പ്രസിദ്ധ് ആ ഓവര്‍ വിക്കറ്റ് മെയ്ഡനായി അവസാനിപ്പിച്ചപ്പോള്‍ അവസാന ഓവറിൽ റോവ്മന്‍ പവല്‍ നേടേണ്ടിയിരുന്നത് ആറ് സിക്സുകളായിരുന്നു. ആദ്യ മൂന്ന് പന്തിൽ താരം സിക്സ് നേടിയെങ്കിലും പിന്നീട് ഗ്രൗണ്ടിൽ നടന്ന സംഭവങ്ങള്‍ ആ നേട്ടം ആവര്‍ത്തിക്കുന്നതിൽ നിന്ന് പവലിനെ തടയുകയായിരുന്നു.

രാജസ്ഥാനെ തകര്‍ച്ചയിൽ നിന്ന് കരകയറ്റി ഹെറ്റ്മ്യർ – അശ്വിൻ കൂട്ടുകെട്ട്

67/4 എന്ന നിലയിലേക്ക് വീണ രാജസ്ഥാനെ 165/6 എന്ന സ്കോറിലേക്ക് എത്തിച്ച് ഷിമ്രൺ ഹെറ്റ്മ്യർ – രവിചന്ദ്രൻ അശ്വിൻ കൂട്ടുകെട്ട്. 42/0 എന്ന നിലയില്‍ മികച്ച രീതിയിൽ രാജസ്ഥാന്‍ തുടങ്ങിയെങ്കിലും ക്ഷണ നേരം കൊണ്ട് ടീമിന് നാല് വിക്കറ്റുകള്‍ നേടുകയായിരുന്നു. ഹെറ്റ്മ്യര്‍ 36 പന്തിൽ 59 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ പൊരുതാവുന്ന സ്കോറിലേക്ക് രാജസ്ഥാന്‍ എത്തി.

ജോസ് ബട്‍ലറെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ സഞ്ജുവിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ജേസൺ ഹോള്‍ഡര്‍ രണ്ടാം വിക്കറ്റ് നേടി. പത്താം ഓവര്‍ എറിയാനെത്തിയ കൃഷ്ണപ്പ ഗൗതം ആണ് തന്റെ മുന്‍ ടീമിന്റെ താളം തെറ്റിച്ചത്.

ദേവ്ദത്ത് പടിക്കലിനെയും(29) റാസ്സി വാന്‍ ഡെര്‍ ഡൂസനെയും നഷ്ടപ്പെട്ട ടീം പതറുന്ന കാഴ്ച കണ്ടപ്പോള്‍ റിയാന്‍ പരാഗിന് മുമ്പ് രാജസ്ഥാന്‍ ആശ്വിനെ ഇറക്കി. ഹെറ്റ്മ്യറുമായി ചേര്‍ന്ന് 68 റൺസ് നേടിയ ശേഷം 19ാം ഓവറിന്റെ രണ്ടാം പന്തിൽ അശ്വിനെ രാജസ്ഥാന്‍ റിട്ടേര്‍ഡ് ഔട്ട് ആക്കുകയായിരുന്നു. 28 റൺസാണ് അശ്വിന്‍ നേടിയത്. അതിന് മുമ്പ് കൃഷ്ണപ്പ ഗൗതം തന്റെ മൂന്നോവറിൽ 15 റൺസ് മാത്രം വിട്ട് നല്‍കിയപ്പോള്‍ സ്പെല്ലിലെ അവസാന ഓവറിൽ താരത്തെ അശ്വിൻ രണ്ട് സിക്സര്‍ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 15 റൺസ് പിറന്നു.

അവേശ് ഖാന അടുത്ത രണ്ട് പന്തിൽ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം ഹെറ്റ്മ്യര്‍ തികച്ചപ്പോള്‍ ക്രുണാൽ പാണ്ഡ്യ കൈവിട്ട ക്യാച്ച് ലക്നൗവിനെ തിരിഞ്ഞു കൊത്തുകയായിരുന്നു. പത്തോവർ പിന്നിടുമ്പോള്‍ 67/4 എന്ന നിലയിലായിരുന്ന രാജസ്ഥാന്‍ അടുത്ത പത്തോവറിൽ 98 റൺസ് നേടി ബൗളര്‍മാർക്ക് പൊരുതാവുന്ന സ്കോര്‍ നൽകി.

ശ്രീലങ്കയെ കറക്കി വീഴ്ത്തി ഇന്ത്യൻ സ്പിന്നർമാർ

ആദ്യ ഇന്നിംഗ്സിൽ 174 റൺസിന് പുറത്തായ ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ നേടാനായത് 178 റൺസ് മാത്രം. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ഒരുക്കിയ സ്പിന്‍ കുരുക്കിൽ ശ്രീലങ്ക എരിഞ്ഞടങ്ങുകയായിരുന്നു. ജ‍ഡേജയും അശ്വിനും നാല് വിക്കറ്റാണ് നേടിയത്. മുഹമ്മദ് ഷമിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

ഒരിന്നിംഗ്സിനും 222 റൺസിനുമാണ് ഇന്ത്യയുടെ മൊഹാലിയിലെ വിജയം. പുറത്താകാതെ 51 റൺസ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയാണ് ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ദിമുത് കരുണാരത്നേ(27), ആഞ്ചലോ മാത്യൂസ്(28), ധനന്‍ജയ ഡി സിൽവ(30) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ഈ അണ്ടര്‍ 19 താരം ഐപിഎൽ ലേലത്തിൽ പണം കൊയ്യും – അശ്വിന്‍

ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെ പേസ് ബൗളര്‍ രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ ഐപിഎൽ ലേലത്തിൽ ടീമുകളുടെ ശ്രദ്ധ പിടിച്ചു പറ്റുമെന്നും പറഞ്ഞ് രവിചന്ദ്രന്‍ അശ്വിന്‍. ഐപിഎലില്‍ മികച്ച തുകയ്ക്കാവും താരത്തെ ടീമുകള്‍ സ്വന്തമാക്കുകയെന്നും അശ്വ‍ിന്‍ പറഞ്ഞു.

മികച്ച ഇന്‍സ്വിംഗറുകള്‍ എറിയുവാനുള്ള കഴിവ് താരത്തെ വ്യത്യസ്തനാക്കുന്നുവെന്നും അതിനാൽ തന്നെ ടീമുകള്‍ താരത്തെ സ്വന്തമാക്കുവാനായി ശ്രമം തുടരുമെന്നും അശ്വിന്‍ സൂചിപ്പിച്ചു. ഏത് ഫ്രാഞ്ചൈസിയാകും താരത്തെ തിരഞ്ഞെടുക്കുകയെന്ന് തനിക്ക് അറിയില്ലെങ്കിലും താരം തീര്‍ച്ചയായും ഐപിഎലിലുണ്ടാകുമെന്ന് അശ്വിന്‍ വ്യക്തമാക്കി.

വിന്‍ഡീസ് പരമ്പരയിൽ അശ്വിനില്ല, രോഹിത് മടങ്ങിയെത്തുന്നു

വെസ്റ്റിന്‍ഡീസിനെതിരെയുള്ള വൈറ്റ് ബോള്‍ പരമ്പരയിലേക്കുള്ള സെലക്ഷന് താനില്ലെന്ന് അറിയിച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഫെബ്രുവരി 6ന് ആരംഭിയ്ക്കുന്ന പരമ്പരയിൽ നായകനായി രോഹിത് ശര്‍മ്മ മടങ്ങിയെത്തും. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഇന്ന് ടീം സെലക്ഷന്‍ നടക്കാനിരുന്നതാണെങ്കിലും കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ചില സെലക്ടര്‍മാരുടെയും അഭാവം കാരണം അടുത്ത രണ്ട് ദിവസത്തിൽ ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

രവീന്ദദ്ര ജഡേജയുടെ ടീമിലേക്കുള്ള സെലക്ഷന്‍ താരത്തിന്റെ ഫിറ്റ്നെസ്സിനെ ആശ്രയിച്ചിരിക്കുമെന്നും ഹാര്‍ദ്ദിക് പാണ്ഡ്യയ ഫിറ്റായിട്ടില്ലെന്നുമാണ് ലഭിയ്ക്കുന്ന വിവരം.

ഏകദിനങ്ങള്‍ 6, 9, 11 തീയ്യതികളില്‍ അഹമ്മദാബാദിലും ടി20 മത്സരങ്ങള്‍ ഫെബ്രുവരി 16, 18, 20 തീയ്യതികളില്‍ കൊല്‍ക്കത്തയിലും നടക്കും.

സാഹചര്യം ഏതായാലും അശ്വിന് സ്പിന്‍ ഓള്‍റൗണ്ടറുടെ റോള്‍ ഏറ്റെടുക്കാനാകും – വിരാട് കോഹ്‍ലി

ഇന്ത്യയ്ക്ക് വേണ്ടി ഏത് സാഹചര്യത്തിലും സ്പിന്നിംഗ് ഓള്‍റൗണ്ടറുടെ റോള്‍ ഏറ്റെടുക്കുവാന്‍ കഴിവുള്ള താരമാണ് രവിചന്ദ്രന്‍ അശ്വിനെന്ന് പറഞ്ഞ് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‍ലി. രവീന്ദ്ര ജഡേജയ്ക്കാണ് പൊതുവേ കൂടുതൽ അവസരങ്ങള്‍ ടെസ്റ്റ് ടീമിൽ കിട്ടുന്നതെങ്കിലും താരം പരിക്കേറ്റതിൽ പിന്നെ അശ്വിന്‍ തനിക്ക് ലഭിച്ച അവസരങ്ങള്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മുതലാക്കുന്നതാണ് കണ്ടത്.

അശ്വിന്‍ കഴിഞ്ഞ ടെസ്റ്റിൽ നടത്തിയ ബാറ്റിംഗ് സംഭാവനകളും ബൗളിംഗിൽ രണ്ടാം ഇന്നിംഗ്സിൽ പന്തെറിഞ്ഞ രീതിയും ടീമിന് വലിയ സംഭാവനയാണെന്ന് വിരാട് കോഹ്‍ലി വ്യക്തമാക്കി. വിദേശത്ത് താരത്തിന്റെ ബൗളിംഗ് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഓസ്ട്രേലിയന്‍ പര്യടനം മുതൽ ഈ മാറ്റം പ്രകടമാണെന്നും വിരാട് പറഞ്ഞു.

ജഡേജയുടെ അഭാവത്തിൽ ആ വിടവ് നികത്തുന്ന പ്രകടനം ആണ് അശ്വിനിൽ നിന്ന് വന്നതെന്നും കോഹ്‍ലി വ്യക്തമാക്കി.

ഇന്ത്യ 202 റൺസിന് പുറത്ത്, ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

രവിചന്ദ്രന്‍ അശ്വിന്‍ നേടിയ 46 റൺസിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 202 റൺസ് നേടി ഓള്‍ഔട്ട് ആയി ഇന്ത്യ. മാര്‍ക്കോ ജാന്‍സന്റെ നാല് വിക്കറ്റ് നേട്ടവും കാഗിസോ റബാ‍ഡ, ഡുവാന്നേ ഒളിവിയര്‍ എന്നിവര്‍ 3 വീതം വിക്കറ്റും നേടിയപ്പോള്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ 50 റൺസ് നേടിയ രാഹുലാണ്. രവിചന്ദ്രന്‍ അശ്വിനാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് നേടിയിട്ടുണ്ട്. എയ്ഡന്‍ മാര്‍ക്രത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമിയാണ് ആതിഥേയര്‍ക്ക് ആദ്യ പ്രഹരം ഏല്പിച്ചത്. 14 റൺസുമായി കീഗന്‍ പീറ്റേര്‍സണും 11 റൺസ് നേടി ഡീന്‍ എല്‍ഗാറുമാണ് ക്രീസിലുള്ളത്.

Exit mobile version