വിവാദമായി ബട്‍ലറുടെ പുറത്താകല്‍, വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്

ജോസ് ബട്‍ലറുടെ വെടിക്കെട്ട് പ്രകടനത്തിനു അശ്വിന്‍ മടങ്ങിപ്പോക്ക് നല്‍കിയതിന്റെ ആനുകൂല്യത്തില്‍ വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. വിവാദ സംഭവത്തിനു ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സും എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തു. 185 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഒന്നാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ജോസ് ബട്‍ലറും രാജസ്ഥാനു സ്വപ്നം തുല്യമായ തുടക്കമാണ് നല്‍കിയത്. 8.1 ഓവറില്‍ 78 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ അജിങ്ക്യ രഹാനെയാണ് ആദ്യം മടങ്ങിയത്. 27 റണ്‍സ് നേടിയ രഹാനെയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. അശ്വിനെ കരുതലോടെ നേരിട്ട ജോസ് ബട്‍ലര്‍ എന്നാല്‍ മറ്റു ബൗളര്‍മാരെ തുടര്‍ന്നും ആക്രമിക്കുകയായിരുന്നു. 43 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയാണ് ജോസ് ബട്‍ലറുടെ മടക്കം. 10 ഫോറും 2 സിക്സുമാണ് ജോസ് ബട്‍ലര്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്.

എന്നാല്‍ തന്റെ അവസാന ഓവറില്‍ ജോസ് ബട്‍ലറെ പുറത്താക്കുവാന്‍ അശ്വിന്‍ തിരഞ്ഞെടുത്ത വഴി കളിയിലെ ഏറ്റവും വലിയ വഴിത്തിരിവും വിവാദവും ആയി മാറുകയായിരുന്നു. ക്രീസില്‍ നിന്ന് ബൗളിംഗ് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പുറത്ത് കടന്നതിനു അശ്വിന്‍ ‘മങ്കാട്’ രൂപത്തില്‍ പുറത്താക്കി വിവാദത്തിനു തിരികൊളുത്തുകയായിരുന്നു. പിന്നീട് ഗതി നഷ്ടമായ രാജസ്ഥാന്‍ റോയല്‍സിനു അതേ വേഗത്തില്‍ സ്കോര്‍ മുന്നോട്ട് കൊണ്ടു പോകുവാന്‍ സാധിച്ചില്ല.

മെല്ലെയെങ്കിലും നിലയുറപ്പിച്ച് സഞ്ജുവും സ്മിത്തും രാജസ്ഥാന്‍ ഇന്നിംഗ്സിനു മെല്ലെ വേഗത പകരുകയായിരുന്നു. യഥാസമയം ബൗണ്ടറി കണ്ടെത്തി ഇരുവരും അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ ലക്ഷ്യം 39 റണ്‍സാക്കി മാറ്റുകയായിരുന്നു. എന്നാല്‍ സ്മിത്തിനെയും(19) സഞ്ജു സാംസണെയും(30) പുറത്താക്കി സാം കറന്‍ വീണ്ടും മത്സരം പഞ്ചാബിന്റെ പക്ഷത്തേക്ക് തിരിച്ചു. വെറും നാല് റണ്‍സാണ് സാം കറന്‍ ഓവറില്‍ വിട്ട് നല്‍കിയത്. ഓവറുകളുടെ വ്യത്യാസത്തില്‍ രണ്ട് പുതുമുഖ താരങ്ങള്‍ ക്രീസില്‍ വന്നതും രാജസ്ഥാനു കാര്യങ്ങള്‍ കടുപ്പമാക്കി.

മുജീബ് ഉര്‍ റഹ്മാന്‍ എറിഞ്ഞ ഓവറില്‍ ബെന്‍ സ്റ്റോക്സ് സിക്സര്‍ നേടിയെങ്കിലും അടുത്ത പന്തില്‍ താരവും പുറത്തായി. അതേ ഓവറില്‍ തന്നെ രാഹുല്‍ ത്രിപാഠിയും പുറത്തായതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാമ്പില്‍ നിരാശ പടര്‍ന്നു.

ഗെയിലടിയില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ്, തല്ല് വാങ്ങിക്കൂട്ടി ഉനഡ്കട്

ആദ്യ പത്തോവറില്‍ വെറും 68 റണ്‍സ് മാത്രമേ നേടിയുള്ളുവെങ്കിലും അതിനു ശേഷം ക്രിസ് ഗെയില്‍ ഉഗ്രരൂപം പൂണ്ടതോടെ രാജസ്ഥാന്‍ റോയല്‍സിനെതിരെ മികച്ച സ്കോറിലേക്ക് നീങ്ങി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 33 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഗെയിലിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 184 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഗെയില്‍ 79 റണ്‍സ് നേടി പുറത്തായപ്പോള്‍ സര്‍ഫ്രാസ് ഖാന്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യ ഓവറില്‍ തന്നെ ലോകേഷ് രാഹുലിനെ നഷ്ടമായ ശേഷം മയാംഗ അഗര്‍വാലും ക്രിസ് ഗെയിലും ചേര്‍ന്ന് 56 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. ഇരു താരങ്ങളും മെല്ലെയാണ് സ്കോറിംഗ് മുന്നോട്ട് നീക്കിയതെങ്കിലും കൃഷ്ണപ്പ ഗൗതമിനെ കൂറ്റനടിയ്ക്ക് മുതിര്‍ന്ന് ബൗണ്ടറി ലൈനില്‍ മികച്ചൊരു ക്യാച്ചിനു മയാംഗ് പുറത്താകുമ്പോള്‍ താരം 22 റണ്‍സാണ് നേടിയത്.

അതിനു ശേഷം സര്‍ഫ്രാസ് ഖാനെ കൂട്ടായി കിട്ടിയ ക്രിസ് ഗെയില്‍ താണ്ഡവം ആരംഭിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ സര്‍ഫ്രാസ് ഖാനും ഗെയിലിനു മികച്ച പിന്തുണ നല്‍കിയപ്പോള്‍ റണ്‍ യഥേഷ്ടം വരുകയായിരുന്നു. 47 പന്തില്‍ 79 റണ്‍സ് നേടി രാഹുല്‍ ത്രിപാഠിയുടെ ഒരു മാസ്മരിക ക്യാച്ചിന്റെ ആനുകൂല്യത്തില്‍ ബെന്‍ സ്റ്റോക്സിനു വിക്കറ്റ് നല്‍കി ഗെയില്‍ മടങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 144 റണ്‍സായിരുന്നു പഞ്ചാബ് നേടിയത്.  മൂന്നാം വിക്കറ്റില്‍ 84 റണ്‍സാണ് ഗെയിലും സര്‍ഫ്രാസും നേടിയത്. 29 പന്തില്‍ നിന്നാണ് സര്‍ഫ്രാസ് തന്റെ 46 റണ്‍സ് നേടിയത്. ആറ് ഫോറും ഒരു സിക്സും ഉള്‍പ്പെട്ടത്തായിരുന്നു സര്‍ഫ്രാസിന്റെ ഇന്നിംഗ്സ്.

രാജസ്ഥാന്‍ ബൗളര്‍മാരില്‍ കണക്കറ്റ് അടിവാങ്ങിയത് ജയ്ദേവ് ഉനഡ്കടിനായിരുന്നു. മൂന്നോവറില്‍ വിക്കറ്റൊന്നുമില്ലാതെ 44 റണ്‍സാണ് താരം വഴങ്ങിയത്. അതേ സമയം ജോഫ്രര ആര്‍ച്ചര്‍ തന്റെ നാലോവറില്‍ 17 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ബെന്‍ സ്റ്റോക്സിനു രണ്ട് വിക്കറ്റ് ലഭിച്ചു.

സ്മിത്തിനു മടങ്ങി വരവ്, രാജസ്ഥാനു ആദ്യം ബൗളിംഗ്

ഐപിഎലിലെ നാലാം മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. വിക്കറ്റില്‍ അധികം മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും അതിനാല്‍ തന്നെ ആദ്യം ബൗളിംഗ് തരിഞ്ഞെടുക്കുകയാണെന്നുമാണ് രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ പറഞ്ഞത്. വലിയ ടൂര്‍ണ്ണമെന്റിന്റെ തുടക്കം എന്നും മികച്ചതാവണമെന്നും അതിനാല്‍ തന്നെ ജയമാണ് ഉറ്റുനോക്കുന്നതെന്ന് രഹാനെ പറഞ്ഞു.

പുതിയ സീസണ്‍ പുതിയ പ്രതീക്ഷകളാണെന്നും ടീമില്‍ ഒട്ടനവധി പ്രതിഭകളുണ്ടെന്നുമാണ് പഞ്ചാബ് നായകന്‍ അശ്വിന്‍ പറഞ്ഞത്. താനും ആദ്യം ബൗളിംഗാണ് ലക്ഷ്യമാക്കിയിരുന്നതെന്ന് അശ്വിന്‍ വ്യക്തമാക്കി. കിംഗ്സ് ഇലവനു ഇതുവരെ രാജസ്ഥാനെതിരെ ജയം നേടാനായില്ലെന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ പഴയ റെക്കോര്‍ഡിനു പ്രസക്തിയില്ലെന്നും തങ്ങളതിനെ ഗൗനിക്കുന്നില്ലെന്നുമാണ് അശ്വിന്റെ മറുപടി.

രാജസ്ഥാനു വേണ്ടി ജോസ് ബട്‍ലര്‍, ജോഫ്ര ആര്‍ച്ചര്‍, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് വിദേശ താരങ്ങള്‍. പഞ്ചാബിനായി ക്രിസ് ഗെയില്‍, നിക്കോളസ് പൂരന്‍, സാം കറന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ വിദേശ താരങ്ങളുടെ ക്വോട്ട തികയ്ക്കും.

രാജസ്ഥാനു വേണ്ടി ജോസ് ബട്‍ലര്‍, ജോഫ്ര ആര്‍ച്ചര്‍, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് വിദേശ താരങ്ങള്‍.

കിംഗ്സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാല്‍, ക്രിസ് ഗെയില്‍, നിക്കോളസ് പൂരന്‍, സാം കറന്‍, സര്‍ഫ്രാസ് ഖാന്‍, മന്‍ദീപ് സിംഗ്, മുഹമ്മദ് സമി, അങ്കിത് രാജ്പുത്, രവി ചന്ദ്രന്‍ അശ്വിന്‍, മുജീബ് ഉര്‍ റഹ്മാന്‍

രാജസ്ഥാന്‍ റോയല്‍സ്: രാഹുല്‍ ത്രിപാഠി, ജോസ് ബട്‍ലര്‍, അജിങ്ക്യ രഹാനെ, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്സ്, സഞ്ജു സാംസണ്‍, ജോഫ്ര ആര്‍ച്ചര്‍, കൃഷ്ണപ്പ ഗൗതം, ജയ്ദേവ് ഉനഡ്കട്, ശ്രേയസ്സ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി

ഡി വില്ലിയേഴ്സിനെതിരെ പന്തെറിയുകയെന്നതാണ് താന്‍ ഉറ്റുനോക്കുന്നത്

എബി ഡി വില്ലിയേഴ്സിനെതിരെ പന്തെറിയുക എന്നത് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് പറഞ്ഞ് കൃഷ്ണപ്പ ഗൗതം. ഐപിഎല്‍ 2018ല്‍ 6.20 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ താരം 2017ല്‍ 2 കോടിയ്ക്ക് മുംബൈ ഇന്ത്യന്‍സിന്റെ കൂടെയായിരുന്നു. കഴിഞ്ഞ സീസണില്‍ 11 പന്തില്‍ നിന്ന് 33 റണ്‍സ് നേടി പുറത്താകാതെ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാനു വിജയം സമ്മാനിച്ചതോടെയാണ് താരം ടീമിലെ സൂപ്പര്‍ താരമായി മാറിയത്.

തനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ള പന്തെറിയുവാന്‍ ആഗ്രഹിക്കുന്ന താരം എബി ഡി വില്ലിയേഴ്സ് ആണെന്ന് ഗൗതം വ്യക്തമാക്കി. ഡി വില്ലിയേഴ്സ് അറിയപ്പെടുന്നത് തന്നെ 360 ഡിഗ്രി താരമെന്നാണ്, അതിനാല്‍ തന്നെ എബിയ്ക്കെതിരെ പന്തെറിയുക എന്നത് ശ്രമകരമാണ്. അത്തരം വെല്ലുവിളികളെയാണ് താന്‍ ഉറ്റുനോക്കുന്നതെന്നും കൃഷ്ണപ്പ ഗൗതം വ്യക്തമാക്കി.

വിരാട് കോഹ്‍ലിയുടേത് പോലുള്ള ‘പീക്ക് ഫോമില്‍” എത്തുക ലക്ഷ്യം

കഴിഞ്ഞ ഐപിഎല്‍ സീസണിലെ താരമെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ജോസ് ബട്‍ലര്‍. തകര്‍ന്ന് കിടന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് ഓര്‍ഡറിലേക്ക് താരം എത്തിയ ശേഷം തുടരെ അഞ്ച് അര്‍ദ്ധ ശതകങ്ങള്‍ നേടി ടീമിനെ പ്ലേ ഓഫുകളിലേക്ക് യോഗ്യത നേടിക്കൊടുത്ത ശേഷമാണ് അന്താരാഷ്ട്ര ഡ്യൂട്ടിയ്ക്കായി ബട്‍ലര്‍ മടങ്ങിയത്. അതേ സമയം ഐപിഎലിലെ തന്റെ പ്രകടനം ബട്‍ലര്‍ക്ക് ടെസ്റ്റ് ടീമില്‍ ഇടം നേടിക്കൊടുത്തു.

പിന്നീട് ഇങ്ങോട്ട് ഇംഗ്ലണ്ടിന്റെ ഏറ്റവും വിശ്വസനീയനായ ബാറ്റിംഗ് താരമായി ബട്‍ലര്‍ മാറുകയായിരുന്നു. ടെസ്റ്റില്‍ സ്ഥിരം സാന്നിധ്യമായി മാറുവാനും ഈ ഐപിഎല്‍ ഹീറോയ്ക്കായി. ടെസ്റ്റ് ക്രിക്കറ്റ് തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന സ്ഥിതിയില്‍ നിന്നാണ് താരത്തിന്റെ ഉയര്‍ത്തെഴുന്നേല്പ്. അതിനു ശേഷം പരിമിത ഓവര്‍ ക്രിക്കറ്റിലൂം താരം കൂടതല്‍ അപകടകാരിയായി മാറുന്ന കാഴ്ചയാണ് കണ്ടത്.

ഇന്ത്യയ്ക്ക് വിരാട് കോഹ്‍ലി എന്ന പോലെയായി മാറി ഇംഗ്ലണ്ടിനു ജോസ് ബട്‍ലര്‍ എന്ന് പറഞ്ഞാല്‍ യാതൊരു അതിശയോക്തിയും ഇല്ലെന്ന് പറയാം. വീണ്ടും ഇന്ത്യയിലേക്ക് ഐപിഎല്‍ കളിക്കുവാനായി താരം മടങ്ങിയെത്തുമ്പോള്‍ ഇപ്പോളുള്ള താരത്തിന്റെ ഫോം നിലനിര്‍ത്തുവാന്‍ സാധിച്ചാല്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനു അത് വലിയ ഗുണം തന്നെ ചെയ്യും.

കോഹ്‍ലിയെ പോലെ കളിയ്ക്കുന്ന കളിയെല്ലാം ശതകം നേടുവാനുള്ള സാധ്യതയുണ്ടാക്കിയെടുക്കുന്ന തരത്തില്‍ തന്റെ കളിയെ മാറ്റുക എന്നതാണ് ഇപ്പോളത്തെ തന്റെ ലക്ഷ്യമെന്നാണ് ബട്‍ലര്‍ പറഞ്ഞത്. ഒരു ഘട്ടത്തില്‍ മികച്ച ഫോമും പിന്നീട് താഴെപ്പോകുന്നതുമല്ല എല്ലാ ദിവസവും മികവ് പുലര്‍ത്തി കളിക്കുക എന്നതാണ് തന്റെ ഇപ്പോളത്തെ ലക്ഷ്യമെന്നും ബട്‍ലര്‍ കൂട്ടിചേര്‍ത്തു.

രാജസ്ഥാനു വേണ്ടി നാട്ടില്‍ ആദ്യമായി കളിക്കാന്‍ ലഭിയ്ക്കുന്ന അവസരം ഉറ്റുനോക്കുന്നതായി – സ്റ്റീവ് സ്മിത്ത്

രാസ്ഥാനു വേണ്ടി മുമ്പ് കളിച്ചിട്ടുണ്ടെങ്കിലും ഐപിഎലില്‍ ജയ്പൂരില്‍ നാട്ടിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കുവാന്‍ സ്റ്റീവന്‍ സ്മിത്തിനു കഴിഞ്ഞിരുന്നില്ല. 2014ല്‍ ടീമിലെത്തിയപ്പോള്‍ ആ വര്‍ഷം ഹോം മത്സരങ്ങള്‍ അഹമ്മദാബാദിലെ സര്‍ദ്ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലാണ് നടന്നത്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസ്സിയേഷനെ ലളിത് മോഡിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതിനാല്‍ ബിസിസിഐ സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്. 2015ലും സമാനമായ സ്ഥിതി തുടര്‍ന്നു.

പിന്നീട് ഐപിഎല്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 2016, 17 വര്‍ഷങ്ങളില്‍ ഫ്രാഞ്ചൈസിയെ വിലക്കിയപ്പോള്‍ സ്മിത്ത് പൂനെയിലേക്ക് ചേക്കേറി. അതിനു ശേഷം 2018ല്‍ താരം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് ഐപിഎലില്‍ നിന്ന് വിലക്കപ്പെടുകയായിരുന്നു. വീണ്ടും നാട്ടില്‍ കാണികളുടെ മുന്നില്‍ കളിക്കാനാകുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നാണ് സ്മിത്ത് പറയുന്നത്.

താന്‍ വീണ്ടും പരിശീലനത്തില്‍ സജീവമാകുന്നുണ്ടെന്നും മികച്ച ഫോമിലേക്ക് ഉടനെ മടങ്ങിയെത്തുവാനാകുമെന്നും ടീമിനൊപ്പമുള്ള പരിശീലനം തനിക്ക് ഗുണം ചെയ്യുമെന്നുമാണ് താരത്തിന്റെ പ്രതീക്ഷ.

ജോസ് ബട്‍ലര്‍ തന്റെ കാര്യങ്ങള്‍ എളുപ്പമാക്കും – സ്മിത്ത്

നീണ്ട കാലത്തെ വിലക്കിനു ശേഷം അത്ര മികച്ച ഫോം കണ്ടെത്താനാകാതെയും പരിക്ക് മൂലവും കഷ്ടപ്പെടുന്ന സ്റ്റീവ് സ്മിത്ത് ഐപിഎല്‍ കളിക്കുന്നതിനായി രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലെത്തിയിട്ടുണ്ട്. തന്റെ കാര്യങ്ങള്‍ എളുപ്പമാക്കുവാന്‍ ജോസ് ബട്‍ലറുടെ ബാറ്റിംഗിനു സാധിക്കുമെന്നാണ് സ്റ്റീവ് സ്മിത്ത് പറയുന്നത്. ജോസ് ബട്‍ലറിനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ തന്റെ മേല്‍ അധികം സമ്മര്‍ദ്ദം ഉണ്ടാകില്ലെന്നാണ് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചത്.

2018 ഐപിഎലില്‍ അഞ്ച് തുടര്‍ ഫിഫ്റ്റികളുമായി രാജസ്ഥാനെ പ്ലേ ഓഫിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ജോസ് ബട്‍ലര്‍ വഹിച്ചത്. പ്ലേ ഓഫ് ഉറപ്പാക്കിയ ശേഷമാണ് താരം നാട്ടിലേക്ക് ദേശീയ ഡ്യൂട്ടിയ്ക്ക് പോയത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനാണ് ജോസ് ബട്‍ലര്‍ എന്നാണ് സ്റ്റീവ് സ്മിത്ത് ഇംഗ്ലീഷ് താരത്തെ വിശേഷിപ്പിച്ചത്.

ഐപിഎലില്‍ തിളങ്ങിയാല്‍ ലോകകപ്പ് സ്ഥാനം ലഭിയ്ക്കും

ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനം അമ്പാട്ടി റായിഡു എറെക്കുറെ ഉറപ്പിച്ചതാണെങ്കിലും താന്‍ ആ സ്ഥാനം ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. ഇനി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇല്ലാത്തതിനാല്‍ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ച ലോകകപ്പ് ടീം തന്നെയാകും ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതെന്ന് തീര്‍ച്ചയാണ്. ടീമില്‍ ഒരു മാറ്റം വന്നാലായി എന്നാണ് വിരാട് കോഹ്‍ലിയും സൂചിപ്പിച്ചത്.

എന്നാല്‍ തന്റെ പ്രതീക്ഷ കൈവിടാതെ നില്‍ക്കുകയാണ് അജിങ്ക്യ രഹാനെ. ഐപിഎലില്‍ മികവ് പുലര്‍ത്തിയാല്‍ സ്വാഭാവികമായി തനിക്ക് ലോകകപ്പ് സ്ഥാനം ലഭിയ്ക്കുമെന്നാണ് രഹാനെ പറയുന്നത്. ടൂര്‍ണ്ണമെന്റ് ഏത് തന്നെ ആയാലും ഞങ്ങളെല്ലാം ക്രിക്കറ്റ് കളിക്കുന്നത് മുഴുവന്‍ പ്രതിബദ്ധതയോടു കൂടിയാണ് അതിനാല്‍ തന്നെ ഐപിഎലില്‍ അതേ സമീപനത്തിലൂടെ കളിച്ച് മികവ് പുലര്‍ത്തിയാല്‍ തനിക്ക് തീര്‍ച്ചയായും ലോകകപ്പ് സ്ഥാനമുണ്ടാകുമെന്ന് രഹാനെ പറഞ്ഞു.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു, ബിസിസിഐയോട് ശിക്ഷ കാലയളവ് പുനഃപരിശോധിക്കുവാന്‍ സുപ്രീം കോടതി

ഐപിഎല്‍ 2013 കോഴ വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ജേതാവുമായ ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി സുപ്രീം കോടതി. ശ്രീശാന്തിന്റെ ശിക്ഷാകാലയളവ് പുനഃപരിശോധിക്കുവാന്‍ കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ഇതിന്മേല്‍ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുമ്പോളാണ് 2013ല്‍ ഈ സംഭവം നടക്കുന്നത്. മത്സരത്തില്‍ ഓവറുകളില്‍ നിന്ന് നിശ്ചിത റണ്‍സ് വിട്ട് നല്‍കാമെന്ന് സമ്മതിച്ച് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപറ്റിയെന്നായിരുന്നു ബിസിസിഐയുടെ ആരോപണം. ബിസിസിഐയുടെ വിലക്ക് കേരള ഹൈക്കോടതി ശരിവച്ചതിനെത്തുടര്‍ന്നാണ് ശ്രീശാന്ത് സുപ്രീംകോടതിയില്‍ ഈ വിധിയ്ക്കെതിരെ ഹര്‍ജി നല്‍കിയത്.

ഫിര്‍ ഹല്ല ബോല്‍ – രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാംപൈന്‍ സോംഗ്

ഐപിഎല്‍ 2019 സീസണിലേക്കുള്ള തങ്ങളുടെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐപിഎല്‍ ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎ 2018ല്‍ പ്ലേ ഓഫിനു യോഗ്യത നേടിയെങ്കിലും ടീമിനു ആദ്യ എലിമിനേറ്ററില്‍ തോല്‍വി വാങ്ങി പുറത്തേക്ക് പോകുകയായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ഉപനായകന്‍ അജിങ്ക്യ രഹാനെ നയിച്ച ടീമില്‍ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‍ലറും ബെന്‍ സ്റ്റോക്സും ഇംഗ്ലണ്ടിനു വേണ്ടി അടുത്ത് തന്നെ കളിക്കുവാന്‍ തയ്യാറെടുക്കുന്ന ജോഫ്ര ആര്‍ച്ചറും ഓസ്ട്രേലിയയുടെ പുത്തന്‍ കണ്ടുപിടിത്തമായ ആഷ്ടണ്‍ ടര്‍ണറും അടക്കം ശക്തമായ നിര തന്നെയുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിനായി കളിക്കും.

14 മത്സരങ്ങളില്‍ നിന്ന് 7 ജയവും 7 പരാജയവും അടക്കം 14 പോയിന്റായിരുന്നു രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണില്‍ നേടിയത്. പ്ലേ ഓഫ് യോഗ്യതയ്ക്കൊപ്പം കഴിഞ്ഞ തവണത്തേതിലും അധികാരിക പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാവും രാജസ്ഥാന്‍ ഇത്തവണ കളത്തിലെത്തുക.

രാജസ്ഥാന്‍ റോയല്‍സിലേക്ക് പാഡി അപ്ടണ്‍ കോച്ചായി മടങ്ങിയെത്തുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2019ല്‍ രാജസ്ഥാന്‍ റോയല്‍സിനെ പാഡി അപ്ടണ്‍ പരിശീലിപ്പിക്കും. 2013-15 വരെ ടീം കോച്ചായിരുന്ന അപ്ടണ്‍ 2016, 17 സീസണുകളില്‍ ഡല്‍ഹിയുടെ സപ്പോര്‍ട്ട് സ്റ്റാഫിലേക്ക് പോകുകയായിരുന്നു. ബിഗ് ബാഷ്, പിഎസ്എല്‍ എന്നിവടങ്ങളില്‍ കോച്ചായി സേവനം അനുഷ്ഠിച്ചിട്ടുള്ള പാഡി ഇന്ത്യയുടെ ലോകകപ്പ് വിജയിച്ച 2011ലെ സ്ക്വാഡില്‍ ഗാരി കിര്‍സ്റ്റനു കീഴിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജസ്ഥാന്റെ മുഖ്യ കോച്ചായാണ് പാഡി തിരികെ എത്തുന്നത്. സ്റ്റെഫാന്‍ ജോണ്‍സ്(ഫാസ്റ്റ് ബൗളിംഗ് കോച്ച്), അമോല്‍ മജൂംദാര്‍(ബാറ്റിംഗ് കോച്ച്), സായിരാജ് ബഹുതുലെ(സ്പിന്‍ ബൗളിംഗ് കോച്ച്) എന്നിവര്‍ക്കൊപ്പമാവും പാഡി പ്രവര്‍ത്തിക്കുക.

ജയ്ദേവിനെ ഒഴിവാക്കുകയല്ലായിരുന്നു ലക്ഷ്യം, ചെലവ് കറയ്ക്കുക: രാജസ്ഥാന്‍ ഉടമ

11.5 കോടി രൂപയ്ക്ക് കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ ജയ്ദേവ് ഉനഡ്കടിനെ രാജസ്ഥാന്‍ റോയല്‍സ് ഈ സീസണ്‍ ലേലത്തിനു മുമ്പ് ടീമില്‍ നിന്ന് റിലീസ് ചെയ്തിരുന്നു. വലിയ വിലകൊടുത്ത് വാങ്ങിയ താരത്തില്‍ നിന്ന് പ്രതീക്ഷ പ്രകടനം പുറത്ത് വരാത്തതിനാല്‍ ടീം താരത്തെ ഒഴിവാക്കിയതാണെന്ന് പ്രതീക്ഷിച്ചുവെങ്കിലും ലേലത്തിനു താരം 1.5 കോടി അടിസ്ഥാന വിലയ്ക്ക് എത്തിയപ്പോള്‍ രാജസ്ഥാനും രംഗത്തെത്തി.

രാജസ്ഥാന്റെ തന്ത്രം രസകരമായി തോന്നിയെങ്കിലും ലേലത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ പങ്കെടുത്ത ടീം താരത്തെ വീണ്ടും സ്വന്തമാക്കിയത് 8.4 കോടി രൂപയ്ക്കാണ്. കഴിഞ്ഞ തവണത്തെക്കാള്‍ 3 കോടി രൂപയ്ക്ക് കുറവാണെങ്കിലും ഇത്തവണയും ഏറ്റവും അധികം വിലയുള്ള താരങ്ങളിലൊരാള്‍ ജയ്ദേവ് തന്നെയായിരുന്നു.

ജയ്ദേവിനെ ഒഴിവാക്കുകയല്ല തങ്ങളടുെ ചെലവ് അല്പം അഡ്ജെസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് താരത്തിനെ റിലീസ് ചെയ്തതെന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഉടമ മനോജ് ബദാലെ പറയുന്നത്. ഒരു സീസണ്‍ വെച്ച് ഞങ്ങള്‍ താരങ്ങളെ അളക്കില്ല. കൂടാതെ ധവാല്‍ കുല്‍ക്കര്‍ണ്ണിയും വരുണ്‍ ആരോണും ഉള്ള ടീമിന്റെ ബൗളിംഗ് യൂണിറ്റ് ശക്തമാണെന്നും മനോജ് ബദാലെ അറിയിച്ചു.

Exit mobile version