ജയമില്ലാത്തത് ആര്‍സിബിയ്ക്ക് മാത്രം, ഒരു പന്ത് അവശേഷിക്കെ ജയം സ്വന്തമാക്കി രാജസ്ഥാന്‍

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ആദ്യം ബാറ്റിംഗിനു അയയ്ച്ച ശേഷം 158 റണ്‍സില്‍ എറിഞ്ഞ് പിടിച്ച ശേഷം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ ഐപിഎലില്‍ ഇതുവരെ ജയം നേടാനാകാത്ത ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മാറി. ജോസ് ബട്‍ലറുടെ അര്‍ദ്ധ ശതകത്തോടൊപ്പം സ്റ്റീവ് സ്മിത്ത്(38), രാഹുല്‍ ത്രിപാഠി(34) എന്നിവരുടെ ഇന്നിംഗ്സുകളാണ് രാജസ്ഥാനു ജയം ഉറപ്പാക്കിയത്.

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 7.4 ഓവറില്‍ നിന്ന് ജോസ് ബട്‍ലര്‍-അജിങ്ക്യ രഹാനെ കൂട്ടുകെട്ട് 60 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. 22 റണ്‍സ് നേടിയ രഹാനെയെ ചഹാല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ രാജസ്ഥാന് ആദ്യ തിരിച്ചടി നേരിടേണ്ടി വന്നു. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം തികച്ച ജോസ് ബട‍്‍‍ലറും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് രാജസ്ഥാന്റെ സ്കോര്‍ നൂറ് കടത്തി.

12.4 ഓവറില്‍ ജോസ് ബട്‍ലറെയും ചഹാല്‍ തന്നെ പുറത്താക്കിയപ്പോള്‍ 43 പന്തില്‍ നിന്ന് 59 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് വീഴുമ്പോള്‍ 12.4 ഓവറില്‍ 104 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയിരുന്നത്. ബട്‍ലര്‍ പുറത്തായ ശേഷം റണ്‍സ് നേടുവാന്‍ പഴയ വേഗതയില്ലായിരുന്നുവെങ്കിലും ലക്ഷ്യം അത്ര വലുതല്ലാതിരുന്നത് രാജസ്ഥാനെ അലട്ടിയില്ല.

30 പന്തില്‍ ജയിക്കാന്‍ 38 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് ടൈം ഔട്ട് കഴിഞ്ഞുള്ള ആദ്യ ഓവറില്‍ സ്റ്റീവ് സ്മിത്ത് വലിയ അടിയ്ക്ക് മുതിര്‍ന്നുവെങ്കിലും ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവിന്റെ അടുത്തേക്ക് മാത്രമേ അടിക്കുവാന്‍ സാധിച്ചുള്ളു. എന്നാല്‍ ചഹാലിന്റെ ഓവറില്‍ ലഭിച്ച അവസരം ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവ് കൈവിട്ടതോടെ ബാംഗ്ലൂരിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. തന്റെ നാലോവറില്‍ 17 റണ്‍സിനു രണ്ട് വിക്കറ്റ് നേടിയാണ് യൂസുവേന്ദ്ര ചഹാല്‍ തന്റെ സ്പെല്‍ അവസാനിപ്പിച്ചത്.

അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ 34 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. മുഹമ്മദ് സിറാജ് എറിഞ്ഞ 17ാം  ഓവറില്‍ 16 റണ്‍സ് നേടി സ്റ്റീവന്‍ സ്മിത്തും രാഹുല്‍ ത്രിപാഠിയും ലക്ഷ്യം 18 പന്തില്‍ 18 ആക്കി മാറ്റി. നവദീപ് സൈനിയുടെ അടുത്ത ഓവറില്‍ നിന്ന് 9 റണ്‍സ് നേടി മത്സരം രാജസ്ഥാന്റെ പക്ഷത്തേക്ക് സ്മിത്തും ത്രിപാഠിയും ചേര്‍ന്ന് മാറ്റിയിരുന്നു.

അടുത്ത ഓവറില്‍ സ്മിത്ത് വീണ്ടുമൊരു അവസരം നല്‍കിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അതും കൈവിട്ടും. മുഹമ്മദ് സിറാജിന്റെ ഓവറില്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി എത്തിയ പവന്‍ നേഗിയാണ് ക്യാച്ച് കൈവിട്ടത്. അടുത്ത പന്തില്‍ രാഹുല്‍ ത്രിപാഠി നല്‍കിയ അവസരം മോയിന്‍ അലിയും കൈവിട്ടതോടെ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ മുഖം പൊത്തി നടക്കുന്ന കാഴ്ചയാണ് കണ്ടത്. അവസാന പന്തില്‍ സ്റ്റീവ് സ്മിത്ത് കൂറ്റനടിയ്ക്ക് ശ്രമിച്ചുവെങ്കിലും ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവ് പിടിച്ച് പുറത്തായപ്പോള്‍ സിറാജിനു ആശ്വാസ വിക്കറ്റ് ലഭിച്ചു.

അവസാന ഓവറില്‍ ജയിക്കുവാന്‍ അഞ്ച് റണ്‍സ് നേടേണ്ടിയിരുന്ന രാജസ്ഥാന്‍ ഒരു പന്ത് അവശേഷിക്കെ വിജയം ഉറപ്പാക്കുകയായിരുന്നു. ഉമേഷ് യാദവിന്റെ ഓവറിലെ അഞ്ചാം പന്തില്‍ സിക്സര്‍ നേടിയാണ് രാഹുല്‍ ത്രിപാഠി ടീമിനു വേണ്ടി ഏഴ് വിക്കറ്റ് വിജയം പിടിച്ചെടുത്തത്. മത്സരത്തില്‍ നിന്ന് രാഹുല്‍ ത്രിപാഠി 23 പന്തില്‍ നിന്ന് 34 റണ്‍സ് നേടി പുറത്താകാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്സുമായിരുന്നു രാഹുല്‍ ത്രിപാഠി നേടിയത്. ചഹാല്‍ കഴിഞ്ഞാല്‍ മുഹമ്മദ് സിറാജാണ് ബാംഗ്ലൂര്‍ നിരയില്‍ മികവ് പുലര്‍ത്തിയത്. എന്നാല്‍ താരത്തിന്റെ ഓവറില്‍ രണ്ട് ക്യാച്ചുകള്‍ കൈവിട്ടതോടെ താരത്തിനു ഒരു വിക്കറ്റ് കൊണ്ട് സംതൃപ്തിപ്പെടേണ്ടി വന്നു.

ശ്രേയസ്സ് ഗോപാലിനു മുന്നില്‍ തകര്‍ന്ന് ആര്‍സിബി, രക്ഷകനായി പാര്‍ത്ഥിവ് പട്ടേല്‍

മികച്ച തുടക്കത്തിനു ശേഷം വീണ്ടും ആര്‍സിബി തകര്‍ന്നപ്പോള്‍ രക്ഷകനായി പാര്‍ത്ഥിവ് പട്ടേല്‍. പാര്‍ത്ഥിവ് പട്ടേലിന്റെ 67 റണ്‍സിന്റെ ബലത്തില്‍ രാജസ്ഥാനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടുകായയിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ് 31 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മോയിന്‍ അലി 9 പന്തില്‍ 18 റണ്‍സുമായി ക്രീസില്‍ ഒപ്പം നിന്നു. രാജസ്ഥാന്‍ ബൗളര്‍മാരില്‍ ശ്രേയസ്സ് ഗോപാല്‍ 3 വിക്കറ്റ് നേടി.

ഒന്നാം വിക്കറ്റില്‍ 49 റണ്‍സ് നേടി മുന്നോട്ട് നീങ്ങുകയായിരുന്നു പാര്‍ത്ഥിവ്-വിരാട് കൂട്ടുകെട്ടില്‍ വിരാടിനെ(23) പുറത്താക്കിയ ശ്രേയസ്സ് ഗോപാല്‍ അടുത്ത ഓവറുകളില്‍ എബി ഡി വില്ലിയേഴ്സിനെയും(13), ഷിമ്രണ്‍ ഹെറ്റ്മ്യറിനെയും(1) പുറത്താക്കി.

പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് പാര്‍ത്ഥിവിനു കൂട്ടായി എത്തിയ ശേഷമാണ് ടീമിന്റെ സ്കോര്‍ നൂറ് കടന്നത്. 73/3 എന്ന നിലയില്‍ നിന്ന് 126/4 എന്ന സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ ഈ നാലാം വിക്കറ്റ് കൂട്ടുകെട്ടിനു സാധിച്ചിരുന്നു. നാലാം വിക്കറ്റില്‍ 53 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.  41 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേലിനെ ജോഫ്ര ആര്‍ച്ചര്‍ ആണ് പുറത്താക്കിയത്. 9 ബൗണ്ടറിയും ഒരു സിക്സും അടങ്ങിയതായിരുന്നു പാര്‍ത്ഥിവിന്റെ പ്രകടനം.

സഞ്ജുവില്ലാതെ രാജസ്ഥാന്‍, രാജസ്ഥാനോ ബാംഗ്ലൂരോ ആര് നേടും ആദ്യം ജയം

ജയ്പൂരില്‍ ഇന്നത്തെ ഐപിഎല്‍ മത്സരം അവസാനിക്കുമ്പോള്‍ ഒരു ടീമിനു ഇന്ന് തങ്ങളുടെ ആദ്യ ജയം ഉറപ്പാക്കാം. അത് രാജസ്ഥാനോ അതോ ആര്‍സിബിയോ എന്നത് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളോടെയാണ ടീമുകള്‍ മത്സരത്തിനിറങ്ങുന്നത്.

രാജസ്ഥാന്‍ നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത് സഞ്ജു സാംസണ് പകരം സ്റ്റുവര്‍ട് ബിന്നിയും ജയ്ദേവ് ഉനഡ്കടിനു പകരം വരുണ്‍ ആരോണും കളത്തിലിറങ്ങും. അതേ സമയം ബാംഗ്ലൂര്‍ നിരയില്‍ മൂന്ന് മാറ്റമാണുള്ളത്. ശിവം ഡുബേയ്ക്ക് പകരം അക്ഷ്ദീപ് നാഥും പ്രയസ് ബര്‍മ്മന് പകരം നവ്ദീപ് സൈനിയും ടീമിലേക്ക് എത്തുമ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോമിനു പകരം മാര്‍ക്കസ് സ്റ്റോയിനിസ് എത്തുന്നു.

രാജസ്ഥാന്‍ റോയല്‍സ്: രാഹുല്‍ ത്രിപാഠി, ജോസ് ബട്‍ലര്‍, അജിങ്ക്യ രഹാനെ, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്സ്, സ്റ്റുവര്‍ട്ട് ബിന്നി, ജോഫ്ര ആര്‍ച്ചര്‍, കൃഷ്ണപ്പ ഗൗതം, വരുണ്‍ ആരോണ്‍, ശ്രേയസ്സ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്‍ലി, മോയിന്‍ അലി, എബി ഡി വില്ലിയേഴ്സ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, അക്ഷദീപ് നാഥ്, മാര്‍ക്കസ് സ്റ്റോയിനിസ്, നവ്ദീപ് സൈനി, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്

കുറഞ്ഞ ഓവര്‍ നിരക്ക്, രോഹിത്തിനു പിന്നാലെ രഹാനെയ്ക്കും പിഴ

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള തോല്‍വിയ്ക്ക് പിന്നാലെ രഹാനെയ്ക്ക് തിരിച്ചടിയായി പിഴയും. കുറഞ്ഞ ഓവര്‍ നിരക്ക് മൂലമാണ് 12 ലക്ഷത്തിന്റെ പിഴ ഐപിഎല്‍ പെരുമാറ്റ ചട്ട പ്രകാരം ചുമത്തിയിരിക്കുന്നത്. 8 മണിയ്ക്ക് ആരംഭിച്ച ബൗളിംഗ് 9.58നു മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിനു പൂര്‍ത്തിയാക്കുവാനായുള്ളു.

ടൂര്‍ണ്ണമെന്റില്‍ രാജസ്ഥാന്റെ ഇത്തരത്തിലുള്ള ആദ്യ പിഴവായതിനാലാണ് പിഴ ഏറ്റവും കുറഞ്ഞ തുകയായ 12 ലക്ഷമെന്നും ഐപിഎല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

പൊരുതി കീഴടങ്ങി രാജസ്ഥാന്‍, ചെന്നൈയ്ക്ക് ത്രില്ലര്‍ ജയം

രാജസ്ഥാന്‍ റോയല്‍സിനെ 8 റണ്‍സിനു പരാജയപ്പെടുത്തി മൂന്നാം ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇതോടെ ടൂര്‍ണ്ണമെന്റില്‍ പരാജയം അറിയാത്ത ടീമായി ചെന്നൈ മാറി. 176 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് 94/5 എന്ന നിലയിലേക്ക് വീണ ശേഷമാണ് സ്റ്റോക്സ്-ജോഫ്ര കൂട്ടുകെട്ട് രാജസ്ഥാനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചത്. ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ജയിക്കുവാന്‍ രാജസ്ഥാന് വേണ്ടിയിരുന്നത്.

എന്നാല്‍ ഓവറിന്റെ ആദ്യ പന്തില്‍ ബെന്‍ സ്റ്റോക്സിനെ നഷ്ടപ്പെട്ട രാജസ്ഥാന് 20 ഓവറില്‍ 167 റണ്‍സാണ് രാജസ്ഥാന് 8 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ബെന്‍ സ്റ്റോക്സ് 26 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്തായപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ 11 പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു. ടോപ് ഓര്‍ഡറില്‍ നിന്ന് കാര്യമായ സംഭാവനയൊന്നുമില്ലാത്തതും രാജസ്ഥാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.

27/3 എന്ന നിലയിലേക്ക് വീണ ശേഷം ധോണിയുടെ ചുമലിലേറി 175/5 എന്ന മികച്ച സ്കോറിലേക്ക് നീങ്ങിയ ശേഷം രാജസ്ഥാനെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി പ്രതിരോധത്തിലാക്കുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു.

ദീപക് ചഹാറും ശര്‍ദ്ധുല്‍ താക്കൂറും ചേര്‍ന്ന് രാജസ്ഥാനെ 14/3 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. രഹാനെയെ(0) ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ പുറത്താക്കിയ ചഹാര്‍ സഞ്ജുവിന്റെ(8) വിക്കറ്റും നേടി. സുരേഷ് റെയ്‍ന മികച്ചൊരു ക്യാച്ചിലൂടെയാണ് താരത്തെ പുറത്താക്കിയത്. അടുത്ത ഓവറില്‍ ജോസ് ബട്‍ലറും പുറത്തായതോടെ രാജസ്ഥാന്‍ തകര്‍ന്നടിയുമെന്ന് കരുതി.

തുടര്‍ന്ന് 61 റണ്‍സ് നാലാം വിക്കറ്റില്‍ നേടി രാഹുല്‍ ത്രിപാഠിയും സ്റ്റീവന്‍ സ്മിത്തും രാജസ്ഥാന്റെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. സ്മിത്ത് പഴയ ഒഴുക്കില്‍ റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോള്‍ രാഹുല്‍ ത്രിപാഠിയാണ് സ്കോറിംഗ് വേഗത്തില്‍ നടത്തിയത്. എന്നാല്‍ ഇമ്രാന്‍ താഹിറിനു അനായാസമായ റിട്ടേണ്‍ ക്യാച്ച് നല്‍കി ത്രിപാഠി മടങ്ങിയതോടെ രാജസ്ഥാന്റെ സാധ്യതകള്‍ മങ്ങി. 24 പന്തില്‍ നിന്ന് 39 റണ്‍സാണ് രാഹുല്‍ ത്രിപാഠി നേടിയത്.

ഏതാനും ഓവറുകള്‍ക്ക് ശേഷം സ്മിത്തും(28) താഹിറിനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ രാജസ്ഥാന്റെ സ്കോര്‍ 13.2 ഓവറില്‍ 94 റണ്‍സ് മാത്രമായിരുന്നു. 30 പന്തില്‍ നിന്ന് 65 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന രാജസ്ഥാന് അധികം ബാറ്റിംഗ് അവശേഷിക്കുന്നില്ലായിരുന്നു എന്നതും തിരിച്ചടിയായി. ഇമ്രാന്‍ താഹിറിന്റെ ഓവറിലെ ആദ്യ പന്തില്‍ സിക്സ് നേടുവാന്‍ കൃഷ്ണപ്പ ഗൗതമിനു സാധിച്ചുവെങ്കിലും അടുത്ത അഞ്ച് പന്തില്‍ നിന്ന് 3 റണ്‍സ് മാത്രം വിട്ട് നല്‍കി ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ താരം വീണ്ടും തന്റെ കഴിവ് തെളിയിച്ചു.

ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ അടുത്ത ഓവറില്‍ ഗൗതമും(8) മടങ്ങി. പിന്നീട് ക്രീസിലെത്തിയ ജോഫ്ര ആര്‍ച്ചര്‍ അടുത്ത പന്ത് ബൗണ്ടറി കടത്തുകയും ഓവറിലെ അവസാന പന്തില്‍ സിക്സ് നേടിയും മത്സരം ആവേശകരമായി തന്നെ നിലനിര്‍ത്തി. മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 44 റണ്‍സായിരുന്നു രാജസ്ഥാന് വിജയത്തിനായി നേടേണ്ടിയിരുന്നത്.

രാജസ്ഥാന്‍ ക്യാമ്പിനു ആഹ്ലാദം പകര്‍ന്ന് ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്ത് സിക്സും രണ്ടാം പന്ത് ബൗണ്ടറിയും ബെന്‍ സ്റ്റോക്സ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചറും സിക്സ് നേടി ഓവര്‍ രാജസ്ഥാനു അനുകൂലമാക്കി മാറ്റി. 19 റണ്‍സാണ് ഓവറില്‍ പിറന്നത്. ഇതോടെ ലക്ഷ്യം 12 പന്തില്‍ 25 റണ്‍സായി മാറി.

ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ ഓവറില്‍ 12 റണ്‍സ് നേടി സ്റ്റോക്സ്-ആര്‍ച്ചര്‍ കൂട്ടുകെട്ട് ലക്ഷ്യം അവസാന ഓവറില്‍ 12 ആക്കി മാറ്റിയെങ്കിലും ഓവറില്‍ ബ്രാവോയെ അതിര്‍ത്തി കടത്തുവാന്‍ സാധിക്കാതെ എട്ട് റണ്‍സിന്റെ തോല്‍വിയിലേക്ക് വീഴുകയായിരുന്നു.

ദീപക് ചഹാര്‍ നാലോവറില്‍ 19 റണ്‍സും ഇമ്രാന്‍ താഹിര്‍ 23 റണ്‍സും വിട്ട് നല്‍കിയാണ് 2 വീതം വിക്കറ്റ് നേടിയത്. ഡ്വെയിന്‍ ബ്രാവോ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴത്തി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

ചെന്നൈയെ മികച്ച സ്കോറിലേക്ക് എത്തിച്ച് സ്ഥിരം ധോണി സ്റ്റൈല്‍ ഇന്നിംഗ്സ്

ചെന്നൈയിലെ ആദ്യ പിച്ചില്‍ ബാറ്റിംഗ് ദുഷ്കരമായ രീതിയില്‍ ചെപ്പോക്കിലെ രണ്ടാം മത്സരത്തിലും ബാറ്റിംഗ് പ്രയാസകരമായിരുന്നു. ധോണിയും റെയ്‍നയും ഇന്നിംഗ്സിനു നങ്കൂരമിടുകയും അവസാന ഓവറുകളില്‍ ധോണിയും ബ്രാവോയും അടിച്ച് കളിയ്ക്കുകയും ചെയ്തപ്പോള്‍ പ്രയാസമേറിയ പിച്ചിലും 175/5 എന്ന മികച്ച സ്കോര്‍ നേടുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു. ചെന്നൈ ബൗളര്‍മാര്‍ക്ക് മത്സരം എറിഞ്ഞു പിടിക്കുവാനുള്ള ആത്മവിശ്വാസം നല്‍കുന്ന സ്കോറിലേക്ക് ടീമിനെ എത്തിയ്ക്കുവാന്‍ ധോണിയ്ക്ക് കഴിഞ്ഞുവെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്.

27/3 എന്ന നിലയില്‍ തകര്‍ന്ന ടീമിന്റെ രക്ഷയ്ക്കെത്തിയത് സുരേഷ് റെയ്‍ന-എംഎസ് ധോണി കൂട്ടുകെട്ടായിരുന്നു. അമ്പാട്ടി റായിഡുവിനെ(1) ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കിയപ്പോള്‍ ഷെയിന്‍ വാട്സണെ(13) പുറത്താക്കിയത് ബെന്‍ സ്റ്റോക്സ് ആയിരുന്നു. കേധാര്‍ ജാഥവിനെ(8) ധവാല്‍ കുല്‍ക്കര്‍ണ്ണിയും പുറത്താക്കിയതോടെ ചെന്നൈയുടെ നില പരുങ്ങലിലായി.

അവിടെ നിന്ന് 61 റണ്‍സ് കൂട്ടുകെട്ട് നേടി റെയ്‍നയും-എംഎസ് ധോണിയും ടീമിനെ 88/4 എന്ന സ്കോറിലേക്ക് നയിച്ചു. 36 റണ്‍സ് നേടിയ റെയ്‍നയെ ജയ്ദേവ് ഉനഡ്കട് ആണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ വലിയ ഷോട്ടുകള്‍ കളിച്ച് ധോണിയും ബ്രാവോയും സ്കോറിംഗ് വേഗത കൂട്ടി. 16 പന്തില്‍ 27 റണ്‍സ് നേടി ബ്രാവോ ജോഫ്ര ആര്‍ച്ചര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ 56 റണ്‍സാണ് ധോണി-ബ്രാവോ കൂട്ടുകെട്ട് നേടിയത്.

ജയ്ദേവ് ഉനഡ്കട് എറിഞ്ഞ അവസാന ഓവറില്‍ മാത്രം ചെന്നൈ നാല് സിക്സാണ് നേടിയത്. ഇതില്‍ മൂന്നെണ്ണം ധോണിയുടെ വകയും. 28 റണ്‍സാണ് ധോണിയും ജഡേജയും ചേര്‍ന്ന് അവസാന ഓവറില്‍ നേടിയത്. അവസാന മൂന്നോവറില്‍ നിന്ന് 60 റണ്‍സ് നേടാനും ചെന്നൈയ്ക്കായി.  ധോണി 46 പന്തില്‍ നിന്ന് 75 റണ്‍സ് നേടി പുറത്താകാതെ നിന്നു. രാജസ്ഥാന്‍ നിരയില്‍ എടുത്ത് പറയേണ്ട ബൗളിംഗ് പ്രകടനം ജോഫ്ര ആര്‍ച്ചറുടെതായിരുന്നു. നാലോറവില്‍ 17 റണ്‍സ് വഴങ്ങിയാണ് താരം 2 വിക്കറ്റ് നേടിയത്.

ടോസ് രാജസ്ഥാന്, ബൗളിംഗ് തിരഞ്ഞെടുത്തു, ചെന്നൈ നിരയില്‍ ഹര്‍ഭജന് പകരം മിച്ചല്‍ സാന്റനര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ. ചെന്നൈ നിരയില്‍ ഹര്‍ഭജന്‍ സിംഗിനു പകരം മിച്ചല്‍ സാന്റനര്‍ ടീമിലെത്തുമ്പോള്‍ രാജസ്ഥാന്‍ നിരയില്‍ മാറ്റങ്ങളൊന്നുമില്ല

ചെന്നൈ സൂപ്പര്‍ കിംഗ്സ്: അമ്പാട്ടി റായിഡു, ഷെയിന്‍ വാട്സണ്‍, സുരേഷ് റെയ്ന, എംഎസ് ധോണി, കേധാര്‍ ജാഥവ്, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, മിച്ചല്‍ സാന്റനര്‍, ഇമ്രാന്‍ താഹിര്‍.

രാജസ്ഥാന്‍ റോയല്‍സ്: രാഹുല്‍ ത്രിപാഠി, ജോസ് ബട്‍ലര്‍, അജിങ്ക്യ രഹാനെ, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്സ്, സഞ്ജു സാംസണ്‍, ജോഫ്ര ആര്‍ച്ചര്‍, കൃഷ്ണപ്പ ഗൗതം, ജയ്ദേവ് ഉനഡ്കട്, ശ്രേയസ്സ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി

 

സഞ്‍ജു ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ, ലോകകപ്പിൽ ഇന്ത്യക്കായിറങ്ങണം

രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണിനെ പുകഴ്ത്തി. ഇന്ത്യയുടെ ലോകകപ്പ് ജേതാവ് ഗൗതം ഗംഭീർ. സഞ്‍ജു ആണ് ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന് പറഞ്ഞ അദ്ദേഹം ലോകകപ്പിൽ ഇന്ത്യക്കായിറങ്ങേണ്ടത് ടീം ഇന്ത്യയുടെ ആവശ്യമാണെന്നും പറഞ്ഞു. നാലാമതായിട്ടായിരിക്കണം സഞ്ജു ബാറ്റ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സെലക്ടർമാർ സഞ്ജു സാംസണിനെ തഴയുന്നതായി ക്രിക്കറ്റ് ആരാധകരിൽ നിന്നും പരാതി ഏറെ ഉയർന്നിരുന്നു. ട്വിറ്ററിലൂടെയാണ് ഗംഭീർ യുവതാരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജു സെഞ്ചുറി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഗംഭീർ അഭിനന്ദിച്ചത്.

അവസാന നിമിഷം പതറിയെങ്കിലും വാര്‍ണര്‍ നല്‍കിയ തുടക്കം തുണയാക്കി സണ്‍റൈസേഴ്സ്

ഡേവിഡ് വാര്‍ണറും ജോണി ബൈര്‍സ്റ്റോയും നല്‍കിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തില്‍ 5 വിക്കറ്റ് ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഒരു ഘട്ടത്തില്‍ അനായാസ ജയത്തിലേക്ക് സണ്‍റൈസേഴ്സ് നീങ്ങുമെന്ന ഘട്ടത്തില്‍ നിന്ന് അവസാന ഓവറുകള്‍ വരെ മത്സരം കൊണ്ടെത്തിക്കുവാന്‍ രാജസ്ഥാനു സാധിച്ചുവെങ്കിലും പത്തോവറിനുള്ളില്‍ നൂറ് റണ്‍സ് കടത്തിയ ഡേവിഡ് വാര്‍ണര്‍-ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് നല്‍കിയ തുടക്കം നല്‍കിയ ആനുകൂല്യം വലിയ സ്കോര്‍ പിന്തുടരുന്നതില്‍ സണ്‍റൈസേഴ്സിനു നിര്‍ണ്ണായകമായി മാറി.

9.4 ഓവറില്‍ ഡേവിഡ് വാര്‍ണര്‍ പുറത്താകുമ്പോള്‍ 110 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. 37 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ വാര്‍ണര്‍ പുറത്തായ ഏറെ വൈകാതെ 28 പന്തില്‍ 48 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയും പുറത്തായി. സ്റ്റോക്സ് വാര്‍ണറെ പുറത്താക്കിയപ്പോള്‍ ശ്രേയസ്സ് ഗോപാലാണ് ജോണി ബൈര്‍സ്റ്റോയെ പുറത്താക്കിയത്.

വിജയ് ശങ്കര്‍ 15 പന്തില്‍ 35 റണ്‍സ് നേടി റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തിയെങ്കിലും കെയിന്‍ വില്യംസണെ(14) ജയ്ദേവ് ഉനഡ്കടും വിജയ് ശങ്കറെ ശ്രേയസ്സ് ഗോപാലും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി. അതേ ഓവറില്‍ ഗോപാല്‍ മനീഷ് പാണ്ടേയെയും പുറത്താക്കിപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ പ്രതീക്ഷ വന്നുവെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ യൂസഫ് പത്താനും റഷീദ് ഖാനും ടീമിനെ മുന്നോട്ട് നയിച്ചു.

ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ അവസാന രണ്ട് പന്തുകളില്‍ ബൗണ്ടറിയും സിക്സും നേടി റഷീദ് ഖാനാണ് ടീമിനെ ഒരോവര്‍ അവശേഷിക്കെ വിജയത്തിലേക്ക് നയിച്ചത്. യൂസഫ് പത്താന്‍ 16 റണ്‍സും റഷീദ് ഖാന്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 6ാം വിക്കറ്റില്‍ 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

സെന്‍സേഷനല്‍ സഞ്ജു, തിളങ്ങി അജിങ്ക്യ രഹാനെയും

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ 70 റണ്‍സിനു ശേഷം ഭുവനേശ്വര്‍ കുമാറിനെ ഒരോവറില്‍ 24 റണ്‍സ് അടിച്ചെടുത്ത് സഞ്ജു ഉഗ്രരൂപം പൂണ്ടപ്പോള്‍ മികച്ച സ്കോറിലേക്ക് നീങ്ങി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎലിലെ ഈ സീസണിലെ ആദ്യ ശതകാണ് സഞ്ജു ഇന്ന് സ്വന്തമാക്കിയത്. സഞ്ജു 102 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ബെന്‍ സ്റ്റോക്സ് 16 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ 198 റണ്‍സ് നേടി ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് ഹൈദ്രാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ റഷീദ് ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ രാജസ്ഥാനു വെടിക്കെട്ട് ബാറ്റ്സ്മാന്‍ ജോസ് ബട്‍ലറെ നഷ്ടമായെങ്കിലും മെല്ലെയെങ്കിലും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും സഞ്ജു സാംസണും കൂടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

8 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 55 റണ്‍സ് മാത്രം നേടിയ രാജസ്ഥാന്‍ അടുത്ത 7 ഓവറില്‍ നിന്ന് 67 റണ്‍സാണ് നേടിയത്. അതില്‍ തന്നെ പത്തോവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ 75 റണ്‍സാണ് നേടിയിരുന്നത്. 15 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ടീം 122 റണ്‍സാണ് നേടിയത്. ഇതിനിടെ രഹാനെയും സഞ്ജു സാംസണും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ഷാഹ്ബാസ് എറിഞ്ഞ 16ാം ഓവറില്‍ രാജസ്ഥാന്‍ 13 റണ്‍സ് നേടിയെങ്കിലും അജിങ്ക്യ രഹാനെയുടെ വിക്കറ്റ് ടീമിനു നഷ്ടമായി. 49 പന്തില്‍ നിന്നാണ് 70 റണ്‍സ് രഹാനെ നേടിയത്. 4 ഫോറും 3 സിക്സുമാണ് താരം നേടിയത്. 119 റണ്‍സ് കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ സഞ്ജുവും രഹാനെയും നേടിയത്.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18ാം ഓവറില്‍ ആദ്യ പന്തില്‍ ഒരു സിക്സും നാല് ബൗണ്ടറിയും സഹിതം 24 റണ്‍സ് നേടി സഞ്ജു സാംസണ്‍ ഉഗ്രരൂപം പൂണ്ടു. അടുത്ത ഓവറിലും യഥേഷ്ടം റണ്‍സ് നേടിയ സഞ്ജു സാംസണ്‍ അവസാന ഓവറില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. 54 പന്തില്‍ നിന്നാണ് സഞ്ജു ശതകം പൂര്‍ത്തിയാക്കിയത്.

വാര്‍ണറും സ്മിത്തും നേര്‍ക്കുനേര്‍, വില്യംസണ്‍ തിരിച്ചെത്തി, രാജസ്ഥാന് ആദ്യ ബാറ്റിംഗ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനോട് പരാജയമേറ്റു വാങ്ങിയ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. അതേ സമയം സണ്‍റൈസേഴ്സ് നിരയില്‍ രണ്ട് മാറ്റമാണുള്ളത്. ദീപക് ഹൂഡയ്ക്ക് പകരം കെയിന്‍ വില്യംസണും ഷാക്കിബ് അല്‍ ഹസനു പകരം ഷാഹ്ബാസ് നദീമും ടീമിലേക്ക് എത്തുന്നു.

ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനെത്തുന്നത്. അനായാസം ജയിക്കേണ്ടിയിരുന്ന മത്സരങ്ങളാണ് ഇരു ടീമുകളും കളഞ്ഞ് കുളിച്ചത്. സണ്‍റൈസേഴ്സ് ആന്‍ഡ്രേ റസ്സലിന്റ തകര്‍പ്പനടിയില്‍ തകര്‍ന്നപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‍ലറുടെ വിവാദ വിക്കറ്റിനു ശേഷം അനായാസമായിട്ടുള്ള ലക്ഷ്യം വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി കൈമോശം വരുത്തുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സ്: രാഹുല്‍ ത്രിപാഠി, ജോസ് ബട്‍ലര്‍, അജിങ്ക്യ രഹാനെ, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്സ്, സഞ്ജു സാംസണ്‍, ജോഫ്ര ആര്‍ച്ചര്‍, കൃഷ്ണപ്പ ഗൗതം, ജയ്ദേവ് ഉനഡ്കട്, ശ്രേയസ്സ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, മനീഷ് പാണ്ടേ, കെയിന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, യൂസഫ് പത്താന്‍, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഷാഹ്ബാസ് നദീം, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍

 

ഇതെല്ലാം കളിയുടെ ഭാഗം, വിവാദ വിഷയത്തെക്കുറിച്ച് പറയാനില്ല

വിവാദ വിഷയത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അതെല്ലാം മാച്ച് റഫറി തീരുമാനിക്കേണ്ട കാര്യമാണെന്നും പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനെ. ഈ സംഭവത്തെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്ത് മുന്നോട്ട് പോകുവാനാണ് ടീമിന്റെ തീരുമാനമെന്നും രഹാനെ പറഞ്ഞു. മികച്ച തുടക്കമാണ് കിട്ടിയതെന്നും 24 പന്തില്‍ 39 റണ്‍സ് നേടുകയെന്നത് സാധ്യമായിരുന്നുവെന്നുമാണ് താന്‍ കരുതിയതെന്നാണ് രഹാനെ പറഞ്ഞത്.

ജോസ് ബട്‍ലറുടെയും ജോഫ്ര ആര്‍ച്ചറുടെയും പ്രകടനങ്ങള്‍ മത്സരത്തില്‍ നിന്നുള്ള നല്ല വശങ്ങളാണെന്ന് രഹാനെ കൂട്ടിചേര്‍ത്തു.

Exit mobile version