റോയിയ്ക്ക് പകരം ഗു‍ർബാസ് ടൈറ്റന്‍സിന് വേണ്ടി കളിക്കാനെത്തും

ഐപിഎലിൽ നിന്ന് പിന്മാറിയ ഗുജറാത്ത് ടൈറ്റൻസ് താരം ജേസൺ റോയിയ്ക്ക് പകരക്കാരനായി അഫ്ഗാനിസ്ഥാന്‍ താരം എത്തുന്നു. അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് താരം റഹ്മാനുള്ള ഗു‍ർബാസ് ആണ് പകരം താരമായി ഗുജറാത്ത് നിരയിലേക്ക് എത്തുന്നത്.

വൃദ്ധിമന്‍ സാഹയും മാത്യു വെയിഡും ഉള്ള കീപ്പിംഗ് നിരയിലേക്ക് അഫ്ഗാനിസ്ഥാന്റെ 20 വയസ്സുകാരന്‍ താരം കൂടി എത്തുകയാണ്. അടിസ്ഥാന വിലയായി 50 ലക്ഷം ഉണ്ടായിരുന്ന താരത്തെ ലേലത്തിൽ ആരും സ്വന്തമാക്കിയിരുന്നില്ല.

അഫ്ഗാനിസ്ഥാനായി 9 ഏകദിനങ്ങളിലും 20 ടി20 മത്സരങ്ങളിലും ഗുര്‍ബാസ് കളിച്ചിട്ടുണ്ട്.

10 ഓവർ ബാക്കി നിൽക്കവേ ജയം നേടി അഫ്ഗാനിസ്ഥാൻ, ഗുർബാസിന് ശതകം

ബംഗ്ലാദേശിന്റെ 192 റൺസിനെ 40.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് അഫ്ഗാനിസ്ഥാൻ. ഇന്ന് നടന്ന മത്സരത്തിൽ 106 റൺസ് നേടി പുറത്താകാതെ നിന്ന റഹ്മാനുള്ള ഗുര്‍ബാസ് ആണ് അഫ്ഗാനിസ്ഥാന്റെ വിജയം ശില്പി.

ഗുര്‍ബാസ് 110 പന്തിൽ 7 ഫോറും 4 സിക്സും അടക്കമാണ് ഈ സ്കോര്‍ നേടിയത്. റഹ്മത് ഷാ 47 റൺസും റിയാസ് ഹസന്‍ 35 റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസന്‍ രണ്ട് വിക്കറ്റ് നേടി.

ഇത് പ്രതീക്ഷിച്ച കാര്യം, അഫ്ഗാനിസ്ഥാനെതിരെ പേസ് വിക്കറ്റുകള്‍ ഒരുക്കിയതിനെക്കുറിച്ച് ഗുര്‍ബാസ്

തങ്ങളുടെ സ്പിന്നര്‍മാരെ ഭയക്കുന്നതിനാൽ ബംഗ്ലാദേശ് പേസിന് അനുകൂലമായ വിക്കറ്റുകള്‍ സൃഷ്ടിച്ചത് തന്റെ ടീം പ്രതീക്ഷിച്ച കാര്യമാണെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ്.

അഫ്ഗാനിസ്ഥാന്റെ രണ്ടാം തോല്‍വിയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു താരം. അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് അല്പം കൂടി സമയം ക്രീസില്‍ ചെലവഴിക്കേണ്ടതുണ്ടെന്നും രണ്ടാം മത്സരത്തിലെ 88 റൺസ് തോല്‍വിയ്ക്ക് ശേഷം താരം പ്രതിരിച്ചു.

ആദ്യ മത്സരത്തിൽ 215 റൺസ് മാത്രം നേടിയ ടീമിന് രണ്ടാം മത്സരത്തിൽ 218 റൺസ് മാത്രമേ നേടാനായുള്ളു. അഫ്ഗാനിസ്ഥാന്‍ ഒന്നാം നമ്പര്‍ സ്പിന്‍ അറ്റാക്ക് ആണെന്നും അതിനാൽ തന്നെ ബംഗ്ലാദേശ് പേസിന് അനുകൂലമായ വിക്കറ്റ് സൃഷ്ടിച്ചതിൽ അത്ഭുതമൊന്നുമില്ലെന്നും താരം വെളിപ്പെടുത്തി.

റഹ്മാനുള്ള ഗുര്‍ബാസിനെ ഐപിഎലില്‍ കാണണമെന്ന് ആഗ്രഹം – ലാന്‍സ് ക്ലൂസ്നര്‍

അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ് ഐപിഎൽ കളിക്കുന്നത് കാണണമെന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ് ലാന്‍സ് ക്ലൂസ്നര്‍. മുന്‍ അഫ്ഗാന്‍ മുഖ്യ കോച്ചായിരുന്നു ലാന്‍സ് ക്ലൂസ്നര്‍. താരം ഇപ്പോളത്തെ തോതിൽ പരിശീലനം തുടരുകയും ഫിറ്റ്നെസ്സ് നിലനിര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ ലോക ക്രിക്കറ്റിലെ തന്നെ സെന്‍സേഷനായി മാറുമെന്ന് ക്ലൂസ്നര്‍ വ്യക്തമാക്കി.

താരത്തിനെ ഏതെങ്കിലും ഐപിഎൽ ടീം തിരഞ്ഞെടുക്കുമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എപ്പോളും ക്രിക്കറ്റിൽ നിന്ന് കാര്യങ്ങള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു യുവതാരമാണ് ഗുര്‍ബാസ് എന്നും ക്ലൂസ്നര്‍ കൂട്ടിചേര്‍ത്തു.

ഏതാനും ദിവസം മുമ്പ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ ധോണിയെ പോലെ ഹെലികോപ്ടര്‍ ഷോട്ട് പായിച്ച് ഗുര്‍ബാസ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

തീപ്പൊരിയായി അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ്

സ്കോട്‍ലാന്‍ഡിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി അഫ്ഗാനിസ്ഥാന്‍. റഹ്മാനുള്ള ഗുര്‍ബാസ്, ഹസ്രത്തുള്ള സാസായി, നജീബുള്ള സദ്രാന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് നേടിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. പവര്‍പ്ലേ അവസാനിക്കുവാന്‍ ഒരു പന്ത് അവശേഷിക്കെ മൊഹമ്മദ് ഷഹ്സാദിനെ ആണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്. 15 പന്തിൽ 22 റൺസാണ് ഷഹ്സാദ് നേടിയത്. 55 റൺസാണ് ഒന്നാം വിക്കറ്റിൽ സാസായി – ഷഹ്സാദ് കൂട്ടുകെട്ട് നേടിയത്.

പത്താം ഓവര്‍ പൂര്‍ത്തിയാകുന്നതിന് ഒരു പന്ത് അവശേഷിക്കവേ ഹസ്രതുള്ള സാസായിയുടെ വിക്കറ്റും അഫ്ഗാനിസ്ഥാന് നഷ്ടമായി. 30 പന്തിൽ 44 റൺസ് നേടിയ സാസായിയെ മാര്‍ക്ക് വാട്ട് ആണ് പുറത്താക്കിയത്. പത്താം ഓവര്‍ അവസാനിക്കുമ്പോള്‍ 82/2 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍.

സാസായിയുടെ വിക്കറ്റ് നഷ്ടമായ ശേഷം റഹ്മാനുള്ള ഗുര്‍ബാസും നജീബുള്ള സദ്രാനും സ്കോട്‍ലാന്‍ഡ് ബൗളിംഗ് നിരയെ കടന്നാക്രമിക്കുകയായിരുന്നു. 87 റൺസാണ് മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. 37 പന്തിൽ 46 റൺസ് നേടി ഗുര്‍ബാസ് പുറത്തായതോടെയാണ് കൂട്ടുകെട്ട് തകര്‍ന്നത്. ഇതിനിടെ 30 പന്തിൽ നജീബുള്ള സദ്രാന്‍ തന്റെ അര്‍ദ്ധ ശതകം നേടി.

നജീബുള്ള 34 പന്തിൽ 59 റൺസുമായി അവസാന പന്തിൽ പുറത്തായപ്പോള്‍ മുഹമ്മദ് നബി 4 പന്തിൽ 11 റൺസ് നേടി അവസാന ഓവറുകളിൽ നജീബുള്ളയ്ക്ക് പിന്തുണ നല്‍കി.

 

എന്റെ സമയം വരും, നഷ്ടമായ ടി20 ശതകത്തെ കുറിച്ച് റഹ്മാനുള്ള ഗുര്‍ബാസ്

തന്റെ കന്നി ടി20 ശതകം നേരിയ വ്യത്യാസത്തിനാണ് അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിന് നഷ്ടമായത്. താരം 45 പന്തില്‍ 87 റണ്‍സ് നേടി പുറത്താകുകയായിരുന്നു. തനിക്ക് ഈ ടി20 ശതകം നഷ്ടമായതില്‍ സങ്കടമുണ്ടെങ്കിലും തന്റെ സമയം ഉടന്‍ വരുമെന്ന് വിശ്വസിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഗുര്‍ബാസ് പറഞ്ഞു.

എല്ലാ താരങ്ങളുടെയും പോലെ തന്റെയും ആഗ്രഹമായിരുന്നു ടി20 ശതകമെന്നും അതിന് തൊട്ടടുത്തെത്തി കൈവിട്ടതില്‍ സങ്കടമുണ്ടെന്ന് പറഞ്ഞ ഗുര്‍ബാസ് എന്നാല്‍ തനിക്ക് ഇനിയും അവസരം ലഭിയ്ക്കുമെന്നാണ് പറഞ്ഞത്. ടീമിനായി റണ്‍സ് കണ്ടെത്തി തന്നെ ഏല്പിച്ച ദൗത്യം പൂര്‍ത്തിയാക്കുവാനായതില്‍ സന്തോഷമുണ്ടെന്നും അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പറഞ്ഞു.

സിംബാബ്‍വേ ബൗളര്‍മാരെ അടിച്ച് പറത്തി റഹ്മാനുള്ള ഗുര്‍ബാസ്, അഫ്ഗാനിസ്ഥാന് കൂറ്റന്‍ സ്കോര്‍

സിംബാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ടി20യില്‍ കൂറ്റന്‍ സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍. ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിന്റെ സിക്സടിയില്‍ സിംബാബ്‍വേ ബൗളര്‍മാര്‍ ചൂളുന്ന കാഴ്ചയാണ് അബു ദാബിയില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. ഗുര്‍ബാസ് 45 പന്തില്‍ നിന്ന് 87 റണ്‍സാണ് നേടിയത്. 6 ഫോറും 7 സിക്സുമാണ് താരം നേടിയത്.

അസ്ഗര്‍ അഫ്ഗാന്‍ 38 പന്തില്‍ 55 റണ്‍സും കരിം ജനത്(26) റണ്‍സ് നേടി. സിംബാബ്‍വേ നിരയില്‍ റിച്ചാര്‍ഡ് നഗവാരയ്ക്കും ബ്ലെസ്സിംഗ് മുസറബാനിയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

അയര്‍ലണ്ടിനെതിരെ 16 റണ്‍സ് വിജയവുമായി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ 16 റണ്‍സ് വിജയം നേടി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടിയപ്പോള്‍ അയര്‍ലണ്ടിന് 271/9 എന്ന സ്കോറേ നേടാനായുള്ളു. 127 റണ്‍സ് നേടിയ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് ആണ് അഫ്ഗാനിസ്ഥാന്റെ വിജയ ശില്പി. 30 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ റഷീദ് ഖാന്‍, 38 റണ്‍സ് നേടിയ ജാവേദ് അഹമ്മദി എന്നിവരും അഫ്ഗാനിസ്ഥാനായി തിളങ്ങി. അയര്‍ലണ്ട് നിരയില്‍ ആന്‍ഡി മക്ബ്രൈന്‍ 5 വിക്കറ്റ് വീഴ്ത്തി.

Afghanistan

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിന് വേണ്ടി ലാര്‍കന്‍ ടക്കര്‍ 83 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ നവീന്‍ ഉള്‍ ഹക്ക് മൂന്ന് വിക്കറ്റുമായി അഫ്ഗാന്‍ ബൗളര്‍മാരില്‍ മികവ് പുലര്‍ത്തി. മുജീബും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി.

വിന്‍ഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

ആദ്യ ടി20യില്‍ പരാജയപ്പെട്ടുവെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിജയം കൊയ്ത് വിന്‍ഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 156/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സേ വിന്‍ഡീസിന് നേടാനായുള്ളു. 29 റണ്‍സിന്റെ വിജയം സ്വന്തമാക്കി ടി20 പരമ്പര 2-1ന് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മാനുള്ള ഗുര്‍ബാസ് 52 പന്തില്‍ നിന്ന് 79 റണ്‍സ് നേടി ബാറ്റിംഗ് നെടുംതൂണാവുകയായിരുന്നു. അസ്ഗര്‍ അഫ്ഗാന്‍(24) ഒഴികെ മറ്റു താരങ്ങള്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ വിന്‍ഡീസിന് 156 റണ്‍സില്‍ എതിരാളികളെ ചെറുത്ത് നിര്‍ത്താനായി. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍, കെസ്രിക് വില്യംസ്, കീമോ പോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അഫ്ഗാനിസ്ഥാന്റെ പോലെ വിന്‍ഡീസ് ബാറ്റിംഗ് നിരയിലും രണ്ട് താരങ്ങളാണ് മികവ് പുലര്‍ത്തിയത്. 52 റണ്‍സുമായി ഷായി ഹോപും 24 റണ്‍സ് നേടി എവിന്‍ ലൂയിസും ഒഴികെ ആര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാതെ പോയപ്പോള്‍ വിന്‍ഡീസ് ബാറ്റിംഗിന്റെ താളം തെറ്റി.

അഫ്ഗാനിസ്ഥാന് വേണ്ടി നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റ് നേടി.

വിജയ ഇന്നിംഗ്സുമായി ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി ഹാമിള്‍ട്ടണ്‍ മസകഡ്സ

തന്റെ അവസാന ഇന്നിംഗ്സില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി ഹാമിള്‍ട്ടണ്‍ മസകഡ്സ. ഇന്ന് ത്രിരാഷ്ട്ര ടി20 മത്സരത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ സിംബാബ്‍വേ അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 20 ഓവറില്‍ 155/8 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ശേഷം 19.3 ഓവറിലാണ് സിംബാബ്‍വേ തങ്ങളുടെ വിജയം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. അഫ്ഗാനിസ്ഥാനെതിരെ ടി20യില്‍ സിംബാബ്‍വേ നേടുന്ന ആദ്യ ജയം കൂടിയാണിത് എന്നത് ഏറെ പ്രത്യേകത നിറഞ്ഞ കാര്യമാണ്. തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ആ നേട്ടവുമായി മടങ്ങുകയാണ് സിംബാബ്‍വേ നായകന്‍.

ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കത്തിന് ശേഷം അഫ്ഗാനിസ്ഥാന്‍ തകര്‍ന്നപ്പോള്‍ ക്രിസ് പോഫു നാല് വിക്കറ്റുമായി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. താരം തന്റെ നാലോവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 107/1 എന്ന നിലയില്‍ നിന്ന് തുടരെ വിക്കറ്റുകള്‍ നഷ്ടമായ അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സ് 155 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

ഓപ്പണിംഗ് വിക്കറ്റില്‍ ഹസ്രത്തുള്ള സാസായിയും(31) റഹ്മാനുള്ള ഗുര്‍ബാസും(61) 83 റണ്‍സ് നേടിയ ശേഷമാണ് അഫ്ഗാനിസ്ഥാന്റെ തകര്‍ച്ച. ടിനോടെന്‍ഡ മുട്ടോംബോഡ്സി രണ്ട് വിക്കറ്റും നേടി. മറ്റ് അഫ്ഗാന്‍ താരങ്ങള്‍ക്കാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് വേണ്ടി നായകന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ മുന്നില്‍ നിന്ന് നയിച്ചാണ് വിജയം ഉറപ്പാക്കിയത്. 42 പന്തില്‍ നിന്ന് 4 ഫോറും 5 സിക്സും സഹിതം 71 റണ്‍സാണ് താരം നേടിയത്. റെഗിസ് ചകാബ്‍വ(39), ഷോണ്‍ വില്യംസ്(21), ബ്രണ്ടന്‍ ടെയിലര്‍(19) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. അഫ്ഗാനിസ്ഥാനായി മുജീബ് ഉര്‍ റഹ്മാന്‍ രണ്ട് വിക്കറ്റും നേടി. ക്രിസ് പോഫുവാണ് കളിയിലെ താരം.

സിംബാബ്‍വേയ്ക്ക് രണ്ടാം തോല്‍വി, 28 റണ്‍സ് വിജയം നേടി അഫ്ഗാനിസ്ഥാന്‍

ത്രിരാഷ്ട്ര ടി20 മത്സരത്തില്‍ 28 റണ്‍സിന്റെ വിജയവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 197/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 169 റണ്‍സ് മാത്രമേ നേടാനായുള്ളു. സിംബാബ്‍വേയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. അഫ്ഗാനിസ്ഥാന് വേണ്ടി 30 പന്തില്‍ നിന്ന് 69 റണ്‍സുമായി നജീബുള്ള സദ്രാനും 24 പന്തില്‍ 43 റണ്‍സ് നേടിയ റഹ്മാനനുള്ള ഗുര്‍ബാസും തിളങ്ങിയപ്പോള്‍ 18 പന്തില്‍ 38 റണ്‍സുമായി മുഹമ്മദ് നബിയും തിളങ്ങി. സിംബാബ്‍വേയ്ക്ക് വേണ്ടി ടെണ്ടായി ചതാരയും ഷോണ്‍ വില്യംസും രണ്ട് വീതം വിക്കറ്റ് നേടി.

സിംബാബ്‍വേ ബാറ്റിംഗ് നിരയില്‍ റെഗിസ് ചകാബ്‍വ 22 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ ബ്രണ്ടന്‍ ടെയിലര്‍(26), ടിനോടെണ്ട മുടോംബോഡ്സി(20), റയാന്‍ ബര്‍ള്‍(25) എന്നിവര്‍ക്ക് അധിക നേരം ക്രീസില്‍ നിലയുറപ്പിക്കുവാനാകാതെ പോയത് ടീമിന് തിരിച്ചടിയായി. അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് മാലിക്കും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് സിംബാ‍ബ്‍വേ നേടിയത്.

Exit mobile version