ബയേൺ ലെഫ്റ്റ് ബാക്ക് പി എസ് ജിയിൽ ചേർന്നു

ബയേണിന്റെ ലെഫ്റ്റ് ബാക്ക് ഹുവാൻ ബെർനാട്ട് ഇനി പി എസ് ജി യിൽ. 14 മില്യൺ യൂറോ നൽകിയാണ് ഫ്രഞ്ച് ചാമ്പ്യന്മാർ താരത്തെ സ്വന്തമാക്കിയത്. 3 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.

ബയേണിൽ ഡേവിഡ് അലാബക്ക് പിറകിലായിട്ടായിരുന്നു പിക്കിങ് ഓർഡറിൽ താരത്തിന്റെ സ്ഥാനം. പുതിയ ലെഫ്റ്റ് ബാക്കിനായി രംഗത്ത് ഉണ്ടായിരുന്ന പി എസ് ജി അത്ലറ്റികോ മാഡ്രിഡിന്റെ ഫിലിപ്പേ ലൂയിസിനെ സ്വന്തമാക്കാൻ പറ്റാതായതോടെയാണ് സ്പെയിൻ താരമായ ബെർനാട്ടിനെ സ്വന്തമാക്കാൻ തീരുമാനിച്ചത്.

വിചിത്ര സൈനിംഗിന് ഒരുങ്ങി പി എസ് ജി, സ്റ്റോക്ക് താരം പാരീസിലേക്ക്

ട്രാൻസ്ഫർ അവസാനിക്കുന്ന ഇന്ന് ഫ്രഞ്ച് ജേതാക്കളായ പി എസ് ജി അപ്രതീക്ഷിത സൈനിംഗ് നടത്തുമെന്ന് ഉറപ്പായി. സ്റ്റോക്ക് സിറ്റി സ്ട്രൈക്കർ മാക്സിം ചുപമൗട്ടിങ് ക്ലബ്ബ്മായി കരാർ ഒപ്പിട്ടേക്കും. താരത്തിന്റെ വരവ് പി എസ് ജി പരിശീലകൻ ടോമസ് ടൂഹൽ സ്ഥിരീകരിച്ചു.

പോയ 18 മാസത്തിനിടയിൽ വെറും 5 ഗോളുകൾ മാത്രം നേടിയ താരത്തെ പി എസ് ജി ടീമിലെത്തിക്കുന്നത് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. 29 വയസുകാരനായ ചുപമൗട്ടിങ് നേരത്തെ ടൂഹലിന് കീഴിൽ മൈൻസിൽ കളിച്ചിട്ടുണ്ട്.

പി.എസ്.ജി താരത്തെ സ്വന്തമാക്കി വലൻസിയ

പി.എസ്.ജി താരം ഗോൺസാലോ ഗീദസിനെ സ്വന്തമാക്കി ലാ ലീഗ ക്ലബ് വലൻസിയ. 40 മില്യൺ യൂറോക്കാണ് ഗീദസ് പി.എസ്.ജിയിൽ നിന്ന് വലൻസിയയിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ പി.എസ്.ജിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ഗീദസ് വലൻസിയയിൽ കളിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ വലൻസിയ ജേഴ്സിയിൽ കാഴ്ചവെച്ച മികച്ച പ്രകടനമാണ് താരത്തെ സ്വന്തമാക്കാൻ വലൻസിയയെ പ്രേരിപ്പിച്ചത്. ലോകകപ്പിന് മുൻപ് തന്നെ താരത്തെ സ്വന്തമാക്കാൻ വലൻസിയ ശ്രമിച്ചെങ്കിലും അന്ന് വലൻസിയ നൽകിയ ഓഫർ പി.എസ്.ജി നിരസിക്കുകയായിരുന്നു.

ത്രില്ലറിൽ അത്ലറ്റികോ മാഡ്രിഡിന്റെ തോല്പിച്ച് പി.എസ്.ജി

ഒരു ഫുട്ബോൾ മത്സരത്തിന്റെ മുഴുവൻ ത്രില്ലും നിറഞ്ഞ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ച് പി.എസ്.ജി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജി വിജയം സ്വന്തമാക്കിയത്. ഒരു വേള അനായാസം പി.എസ്.ജി ജയിക്കുമെന്ന് കരുതിയ മത്സരത്തിൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ അത്ലറ്റികോ മാഡ്രിഡ് സമനില പിടിക്കുകയായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ വിജയം പി.എസ്.ജിയുടേതായി.

ലോകകപ്പ് കഴിഞ്ഞതിനു ശേഷം ആദ്യമായി ടീമിൽ ഇടം നേടിയ ഡി മരിയയെ മുൻനിർത്തിയാണ് പി.എസ്.ജി മത്സരം തുടങ്ങിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ അത്ലറ്റികോ മാഡ്രിഡ് ആധിപത്യം കാട്ടിയെങ്കിലും പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന പി.എസ്.ജി എൻകുൻകുവിലൂടെ മുൻപിലെത്തി. കഴിഞ്ഞ മത്സരത്തിലും എൻകുൻകു പി.എസ്.ജിക്ക് വേണ്ടി ഗോൾ നേടിയിരിന്നു.  തുടർന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഡിയാബിയിലൂടെ പി.എസ്.ജി രണ്ടാമത്തെ ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു.

അതിനു ശേഷം മത്സരം കണ്ടത് അത്ലറ്റികോയുടെ മികച്ച തിരിച്ചു വരവാണ്. 75ആം മിനുട്ടിൽ മോലെഹോയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച അറ്റലറ്റിക്കോ മത്സരം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ബാക്കി നിൽക്കെ സെൽഫ് ഗോളിലൂടെ സമനിലയും പിടിച്ചു. പി.എസ്.ജി താരം ബെർനെഡെയാണ് സെൽഫ് ഗോൾ വഴങ്ങിയത്.  എന്നാൽ തോൽക്കാൻ ഒരുക്കമല്ലാത്ത പി.എസ്.ജി യുവതാരം പോസ്റ്റോലാച്ചിയുടെ മികച്ച ഗോളിൽ മത്സരത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോളുമായി റെനാറ്റോ സാഞ്ചസ്, ബയേണിന് മുൻപിൽ പി എസ് ജി വീണു

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബയേണ്‍ മ്യൂണിക്കിന് ജയം. ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജി യെ അവർ 3-1 ന് മറികടന്നു. റെനാറ്റോ സാഞ്ചസ്, ചാവി മാർട്ടിനസ്, ജോഷ്വാ സിർക്സീ എന്നുവരാണ് ബയേണിന്റെ ഗോളുകൾ നേടിയത്. തിമോതി വെ യാണ് പി എസ് ജി യുടെ ഏക ഗോൾ നേടിയത്.

പി എസ് ജി യാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. 31 ആം മിനുട്ടിൽ വെ അവരെ മുന്നിലെത്തിച്ചു. പക്ഷെ രണ്ടാം പകുതിയിൽ ബവേറിയന്മാരുടെ ശക്തമായ തിരിച്ചു വരവാണ് കണ്ടത്. രണ്ടാം പകുതിയിൽ 60 ആം മിനുട്ടിൽ മാർട്ടിനസിന്റെ ഗോൾ ബയേണിനെ ഒപ്പമെത്തിച്ചു. ഏറെ വൈകാതെ 67 ആം മിനുട്ടിൽ റെനാറ്റോ സാഞ്ചസിന്റെ ഫ്രീകിക്ക് ഗോൾ ബയേണ്‍ ലീഡ് ഉയർത്തി. പത്ത് മിനിട്ടുകൾക്ക് ശേഷം സിർക്സീ ബയേണിന്റെ ജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാലായിരം ആരാധകരുമായി പിഎസ്ജി റയലിന്റെ തട്ടകത്തിലേക്ക്

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് പിഎസ്ജിയോട് ഏറ്റു മുട്ടുമ്പോൾ റയലിന്റെ തട്ടകത്തിലേക്ക് എത്തുന്നത് നാലായിരത്തോളം വരുന്ന പിഎസ്ജി ആരാധകർ ആയിരിക്കും. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്ണാബ്യൂവിൽ കാത്തിരിക്കുന്നത് നാലായിരം എവേ സ്റ്റാൻഡ് ടിക്കറ്റുകളാണ്.

സ്പാനിഷ് വംശജരും ഫ്രാൻസിൽ നിന്നും പോകുന്ന സപ്പോർട്ടേഴ്‌സും അടക്കം ഉള്ള ഇരിപ്പിടം ആണിത്. നെയ്‍മറും എംബാപ്പായും കവാനിയും അടങ്ങുന്ന ആക്രമണ ത്രയം നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാർക്കെതിരെ ഇറങ്ങുമ്പോൾ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് തീ പാറുന്നൊരു മത്സരത്തിനായാണ്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ ഗോളടിച്ച് റെക്കോർഡിട്ടാണ് പിഎസ്ജി മാഡ്രിഡിലേക്ക് വരുന്നത്. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാണെങ്കിലും ലാലിഗയിൽ റയലിന്റെ കാര്യം പരുങ്ങലിലാണ്. എന്നാൽ റയൽ സോസിഡാഡുമായുള്ള മത്സരത്തിൽ ഹാട്രിക്ക് നേടി ക്രിസ്റ്റിയാനോയും ആകെ അഞ്ചുഗോളടിച്ച് റയലിന്റെ അക്രമണനിരയും വീണ്ടും ഉയർത്തെഴുന്നേറ്റിട്ടുണ്ട്.

9 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ചാമ്പ്യൻസ് ലീഗിലെ നിലവിലെ ടോപ്പ് സ്‌കോറർ. പിഎസ്ജിയുടെ കവാനിയും നെയ്മറും ആറ് ഗോളുകളുമായി തൊട്ടു പിന്നാലെയുണ്ട്. യൂറോപ്പിലെ വമ്പന്മാർ തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിനായി നമുക്ക് കാത്തിരിക്കാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നെയ്മർ അടിച്ചു, പിഎസ്ജിക്ക് വീണ്ടും ജയം

ലീഗ് വണ്ണിൽ വീണ്ടും പിഎസ്ജിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് തുളൂസേയെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. ഈ വിജയത്തോടു കൂടി പി.എസ്.ജി ലീഗ് 1ൽ ഒന്നാം സ്ഥാനത്ത് തങ്ങളുടെ ലീഡ് 13 പോയിന്റാക്കി ഉയർത്തി.  മൂന്നാമത് മൊണോക്കോയും നാലാമത് ലിയോണും അഞ്ചാമത് നാന്റെസുമാണുള്ളത്. പിഎസ്ജിയുടെ സൂപ്പർ താരം നെയ്മാർ ആണ് വിജയ ഗോൾ നേടിയത്.

മത്സരത്തിനിടെ ഫ്രഞ്ച് താരം കൈലിയൻ എംബപ്പേക്ക് പരിക്കേറ്റത് പിഎസ്ജി ആരാധകർക്ക് നെഞ്ചിടിപ്പേറ്റി. എന്നാൽ അധികം വൈകാതെ താരം കളി തുടർന്നു. തുളൂസേയുടെ ഗോൾകീപ്പർ ആൽബൻ ലഫോന്റിന്റെ തകർപ്പൻ പ്രകടനമാണ് പിഎസ്ജിക്ക് ലീഡ് നിഷേധിച്ചത്. മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീലിയൻ താരം നെയ്മർക്ക് നിർഭാഗ്യമാണ്‌ വിനായത്. രണ്ടു തവണ ബാറിൽ തട്ടി പന്ത് പുറത്ത് പോയി. 25 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുള്ള പി.എസ്.ജിയുടെ പിന്നിൽ മത്സരങ്ങളിൽ നിന്ന് തന്നെ 52 പോയിന്റുമായി മാഴ്‌സെലെയാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യൂത്ത് ലീഗിൽ റയലിനെതിരാളി ബയേൺ, ബാഴ്‌സയ്ക്ക് പിഎസ്ജി

യുവേഫയുടെ യൂത്ത് ലീഗ് മത്സരങ്ങളുടെ ക്വാർട്ടർ ഫൈനൽ ലൈനപ്പിനായുള്ള ഡ്രോ ഇന്ന് നടന്നു. ഗ്രൂപ്പ് വിന്നേഴ്‌സും പ്ലേ ഓഫ് വിന്നേഴ്‌സുമായി 16 ടീമുകളിൽ നിന്നുമാണ് ഡ്രോ നടത്തിയത്. ഫുട്ബോൾ ആരാധകരെ ആകർഷിക്കുന്ന ചില ലൈനപ്പുകളും യൂത്ത് ലീഗിന്റെ ലാസ്‌റ് 16 മത്സരങ്ങളിൽ ഉണ്ട്. റയൽ മാഡ്രിഡ് ബയേൺ മ്യൂണിക്കിനെ നേരിടുമ്പോൾ ബാഴ്‌സലോണ പിഎസ്ജിയെ നേരിടുന്നു. ഫെബ്രുവരി 20/21 ദിവസങ്ങളിലാണ് മത്സരങ്ങൾ

നിലവിലെ ചാമ്പ്യന്മാരായ റെഡ്ബുൾ സാൽസ്ബർഗ് എഫ്‌സി പോർട്ടോയെയും സിറ്റി ഇന്ററിനെയും നേരിടുന്നു. മറ്റ് മത്സരങ്ങളിൽ ഫെയനൂർഡ് ചെൽസിയെയും സ്പർസ്‌ മൊണോക്കോയെയും നേരിടും. ലിവർപൂൾ നേരിടുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ്. പ്രീമിയർ ലീഗിൽ നിന്നും 5 ടീമുകൾ ക്വാർട്ടറിലെത്തിയിട്ടുണ്ട്. ആദ്യ യൂത് ലീഗ് നേടിയത് ബാഴ്‌സലോണയാണ്. രണ്ടു തവണ ചാമ്പ്യന്മാരായ ടീം ചെൽസിമാത്രമാണ്. രണ്ട തവണ ഫൈനലിൽ എത്തിയെങ്കിലും കിരീടം നേടാൻ ബെനിഫിക്കക്ക് കഴിഞ്ഞിട്ടില്ല.

10
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എംബാപ്പെക്ക് വിലക്ക്

പാരീസ് സെയിന്റ് ജെർമൈൻ താരം കിലിയൻ എംബാപ്പെക്ക് 2 മത്സരങ്ങളിൽ വിലക്ക്. റെന്നെസിനെതിരായ കോപ്പ ഡെൽ ലിഗ സെമി ഫൈനലിൽ ചുവപ്പ് കാർഡ് കണ്ടതോടെയാണ് താരത്തിന് വിലക്ക് ലഭിച്ചത്. റെന്നെസ് താരം ഇസ്മാലിയ സാറിനെ പരുക്കൻ ഫൗളിന് വിധേയമാക്കിയ താരത്തെ റഫറി ചുവപ്പ് കാർഡ് കാണിച്ചു പുറത്താക്കിയതിന്റെ പുറമെയാണ് ഇപ്പോൾ വിലക്ക് വന്നിരിക്കുന്നത്. ഫ്രഞ്ച് ഫുട്‌ബോൾ അച്ചടക്ക സമിതിയാണ് താരത്തിനെതിരെ അച്ചടക്ക നടപടി എടുത്തിരിക്കുന്നത്.

തിങ്കളാഴ്ച മുതലാണ് താരത്തിനെതിരെയുള്ള നടപടി നിലവിൽ വരിക എന്നതുകൊണ്ട് തന്നെ താരത്തിന് ശനിയാഴ്ച നടക്കുന്ന ടോലോസൊക്കെതിരായ മത്സരത്തിൽ കളിക്കാനാവും. ഫെബ്രുവരി 25 ന് മാർസെക്ക് എതിരായ മത്സരത്തിൽ മാത്രമേ ഇനി താരത്തിന് കളിക്കാനാവൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡി മരിയക്ക് ഹാട്രിക്, ഫ്രഞ്ച് കപ്പിൽ പി.എസ്.ജിക്ക് ജയം

ഡി മരിയയുടെ ഹാട്രിക് പ്രകടനത്തിന്റെ പിൻബലത്തിൽ ഫ്രഞ്ച് കപ്പിൽ പി.എസ്.ജിക്ക് മികച്ച ജയം. ലീഗ് 2വിൽ നിന്നുള്ള ടീമായ സോഷോക്സിനെയാണ് പി.എസ്.ജി.4-1 ന് മറികടന്നത്. സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് പി.എസ്.ജി മത്സരത്തിനിറങ്ങിയത്. ജയത്തോടെ പി.എസ്.ജി ക്വാർട്ടർ ഫൈനലിൽ എത്തി.

മത്സരം തുടങ്ങി ഒന്നാം മിനുട്ടിൽ തന്നെ ഡി മരിയയിലൂടെ ഗോൾ നേടി പി.എസ്.ജി ലീഡ് സ്വന്തമാക്കി. എംബപ്പേയുടെ പാസിൽ നിന്നാണ് ഡി മരിയയുടെ ഗോൾ പിറന്നത്. പക്ഷെ പി.എസ്.ജിയെ ഞെട്ടിച്ചു കൊണ്ട് 11ആം മിനുട്ടിൽ ഫ്‌ളോറിൻ മാർട്ടിനിലൂടെ സോഷോക്സ് സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ മത്സരത്തിൽ പി.എസ്.ജി ലീഡ് നേടി. കവാനിയാണ് പി.എസ്.ജിയുടെ ഗോൾ നേടിയത്.

തുടർന്ന് രണ്ടാം പകുതിയിൽ എതിരാളികളെ നിഷ്പ്രഭമാക്കിയ പി.എസ്.ജി രണ്ടു ഗോൾ കൂടി നേടി മത്സരം തങ്ങളുടേതാക്കി. ഡി മരിയയാണ് പി.എസ്.ജിയുടെ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിൽ ഹാട്രിക് നേടിയ ഡി മരിയ 2010ന് ശേഷം ആദ്യമായാണ് ഹാട്രിക് നേടുന്നത്.

മത്സരത്തിന്റെ അവസാന മിനുട്ടിൽ പി.എസ്.ജി ഗോൾ കീപ്പർ കെവിൻ ട്രാപ് ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ 10 പേരുമായാണ് പി.എസ്.ജി മത്സരം അവസാനിപ്പിച്ചത്. കെവിൻ ട്രാപിന് പകരക്കാരനായി പ്രതിരോധ താര ഡാനി ആൽവേസ് ആണ് ഗോൾ പോസ്റ്റിൽ നിന്നത്. പി.എസ്.ജി തങ്ങൾക്ക് അനുവദനീയമായ 3 സുബ്സ്റ്റിട്യൂഷനും നടത്തിയത് കൊണ്ടാണ് ഡാനി ആൽവേസിനെ ഗോൾ പോസ്റ്റിൽ നിർത്തേണ്ടി വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാർവഹാൾ പി.എസ്.ജിക്കെതിരെ കളിക്കില്ലെന്ന് ഉറപ്പായി

റയൽ മാഡ്രിഡ് താരം കാർവഹാളിന് ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി എതിരായ ആദ്യ മത്സരം നഷ്ടമാകുമെന്ന് ഉറപ്പായി. ഗ്രൂപ്പ് ഘട്ടത്തിൽ പ്രാധാന്യം കുറഞ്ഞ മത്സരത്തിൽ വിലക്ക് നേരിടാൻ വേണ്ടി മനഃപൂർവം മഞ്ഞ കാർഡ് വാങ്ങിയതിനാണ് കാർവഹാളിന് യുവേഫ നേരത്തെ രണ്ടു മത്സരങ്ങളിൽ നിന്ന് വിലക്ക് പ്രഖ്യാപിച്ചത്. വിലക്കിനെതിരെ റയൽ മാഡ്രിഡ് അപ്പീൽ നൽകിയെങ്കിലും ആ അപ്പീൽ യുവേഫ നിരസിക്കുകയായിരുന്നു.

രണ്ട് മത്സരങ്ങളിൽ നിന്നായിരുന്നു യുവേഫ വിലക്ക് ഏർപ്പെടുത്തിയത്.  അപ്പോളിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലെ 90മത്തെ മിനുട്ടിലാണ് താരം മനഃപൂർവം മഞ്ഞ കാർഡ് വാങ്ങിച്ചത്.  ഡോർമുണ്ടുമായുള്ള അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വിലക്ക് മൂലം കളിക്കാതിരുന്ന കാർവഹാളിന് പി.എസ്.ജിക്കെതിരായ അടുത്ത മത്സരം കൂടി നഷ്ട്ടമാകും.

ഫെബ്രുവരി 14നാണ് ലോക ഉറ്റുനോക്കുന്ന റയൽ മാഡ്രിഡ് – പി.എസ്.ജി പോരാട്ടം. ലാ ലീഗയിൽ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന റയൽ മാഡ്രിഡിന് യുവേഫയുടെ ഈ തീരുമാനം വലിയ തിരിച്ചടിയാവും. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മഞ്ഞ കാർഡ് ലഭിച്ചാൽ അടുത്ത മത്സരത്തിൽ പുറത്തിരിക്കണമെന്നാണ് യുവേഫ നിയമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നെയ്മറിന്റെ ഫ്രീകിക്ക് ഗോൾ, പി.എസ്.ജി വിജയ കുതിപ്പ് തുടരുന്നു

ലീഗ് 1ൽ പി.എസ്.ജിയുടെ വിജയകുതിപ്പ് തുടരുന്നു. ലില്ലെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് പി.എസ്.ജി ലീഗ് 1ൽ ഒന്നാം സ്ഥാനത്ത് തങ്ങളുടെ ലീഡ് 11 പോയിന്റാക്കി ഉയർത്തി. 24 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുള്ള പി.എസ്.ജിയുടെ പിന്നിൽ 24 മത്സരങ്ങളിൽ നിന്ന് തന്നെ 51 പോയിന്റുമായി മാഴ്‌സെലെയാണ് ഉള്ളത്.

ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ യൂരിയിലൂടെയാണ് പി.എസ്.ജി മത്സരത്തിൽ ഗോളടി തുടങ്ങിയത്. എഡിസൺ കാവാനിയുടെ നൽകിയ പന്ത് പ്രതിരോധിക്കുന്നതിൽ ലില്ലെ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്താണ് യൂരി ആദ്യ ഗോൾ നേടിയത്.  തുടർന്നാണ് മികച്ചൊരു ഫ്രീ കിക്കിലൂടെ പി.എസ്.ജിയുടെ ലീഡ് ഇരട്ടിയാക്കിയത്. 17 മീറ്റർ അകലെ നിന്നുമെടുത്ത ഫ്രീകിക്ക് പോസ്റ്റിന്റെ മുകളിലെ മൂലയിൽ പതിക്കുകയായിരുന്നു. സീസണിൽ ലീഗിൽ നെയ്മറിന്റെ 18മത്തെ ഗോളായിരുന്നു ഇത്.

മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ലോ സെൽസോയിലൂടെ പി.എസ്.ജി ഗോൾ പട്ടിക പൂർത്തിയാക്കി. താരത്തിന്റെ ലീഗ് 1ലെ ആദ്യ ഗോളായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version