പ്രീസീസണിൽ നടക്കേണ്ട ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് ഇത്തവണ ഇല്ല

പ്രീ സീസൺ സമയത്ത് നടക്കുന്ന വമ്പൻ ടൂർണമെന്റായ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് ഈ വർഷം ഉണ്ടാവില്ല. ചാമ്പ്യൻസ് കപ്പ് ഇത്തവണ നടത്തണ്ട എന്ന് അധികൃതർ തന്നെ തീരുമാനിച്ചു. കൊറോണ കാരണം ഫുട്ബോളിന്റെ ഭാവി അവ്യക്തമായത് കൊണ്ടാണ് ടൂർണമെന്റ് തൽക്കാലം നടത്തണ്ട എന്ന് തീരുമാനിച്ചത്. അമേരിക്കയിലായിരുന്നു ടൂർണമെന്റിലെ കൂടുതൽ മത്സരങ്ങളും നടക്കാറ്.

എന്നാൽ ഇപ്പോൾ അമേരിക്ക ആണ് കൊറോണ കാരണം ഏറ്റവും കൂടതൽ കഷ്ടപ്പെടുന്നത്‌. 2013 മുതൽ ഇങ്ങോട്ട് എല്ലാ പ്രീസീസണിലും ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് നടന്നിട്ടുണ്ട്. ലോകത്തെ വൻ ക്ലബുകൾ എല്ലാം ഈ ടൂർണമെന്റിന്റെ ഭാഗമാകാറുമുണ്ട്. എന്നാൽ ഇത്തവണ ആ കാഴ്ച കാണാൻ സാധിക്കില്ല.

മാൽദിനിയുടെ മകന്റെ പെനാൾട്ടി ഡി ഹിയ തടഞ്ഞു, പ്രീസീസണിൽ സമ്പൂർണ്ണ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രീസീസൺ വിജയത്തോടെ തന്നെ അവസാനിപ്പിച്ചു. ഇന്ന് പ്രീസീസണിലെ അവസാന മത്സരത്തിൽ എ സി മിലാനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു യുണൈറ്റഡിന്റെ വിജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ ഡി ഹിയ ആണ് യുണൈറ്റഡിനെ രക്ഷിച്ചത്.

കളി മികച്ച രീതിയിൽ തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് റാഷ്ഫോർഡിലൂടെ ലീഡ് എടുത്തതായിരുന്നു. എന്നാൽ ലീഡ് എടുത്ത ശേഷം മാഞ്ചസ്റ്ററിന്റെ നിലവാരം താഴ്ന്നു. ഈ സമയത്ത് മികച്ചൊരു സ്ട്രൈക്കിലൂടെ സുസോ മിലാനെ ഒപ്പം എത്തിച്ചു. പിന്നീട് മിലാനായിരുന്നു കളിയിൽ മികച്ചു നിന്നത്. രണ്ടാം പകുതിയിൽ ഒരു കോർണറിൽ നിന്ന് സെൽഫ് ഗോളിലൂടെ മിലാൻ ലീഡും എടുത്തു

പിന്നീട് ഒരുപാട് മാറ്റങ്ങൾ വരുത്തിയ യുണൈറ്റഡ് ലിംഗാർഡിലൂടെ സ്കോർ 2-2 എന്നാക്കി. ഗോമസ്, ഗ്രീൻവുഡ്, ജെയിംസ് എന്നീ യുവതാരങ്ങളുടെ മികവിൽ കളിയുടെ അവസാനത്തിൽ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ പിറന്നില്ല. പെനാൽട്ടി ഷൂട്ടൗട്ടിൽ 5-4നാണ് യുണൈറ്റഡ് വിജയിച്ചത്.

ഇറ്റാലിയൻ ഇതിഹാസം മാൾഡിനിയുടെ മകൻ ഡാനിയൽ മാൾഡിനി എടുത്ത കിക്ക് സേവ് ചെയ്ത് കൊണ്ട് ഡി ഹിയ ആണ് യുണൈറ്റഡിന് വിജയം നൽകിയത്. പ്രീസീസണിൽ യുണൈറ്റഡ് കളിച്ച ആറ് മത്സരങ്ങളും വിജയിച്ചു. പ്രീമിയർ ലീഗിൽ ചെൽസിക്ക് എതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

“ആത്ലറ്റിക്കോ മാഡ്രിഡ് ഒരു സൗഹൃദ മത്സരമായി കണ്ടില്ല, അതാണ് ഈ പരാജയത്തിന് കാരണം” – റാമോസ്

ഇന്ന് അത്ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും തമ്മിൽ നടന്ന പ്രീസീസൺ മത്സരത്തിൽ വൻ പരാജയം റയൽ മാഡ്രിഡ് ഏറ്റുവാങ്ങിയിരുന്നു. 7-3 എന്ന സ്കോറിനായിരുന്നു റയലിന്റെ തോൽവി. എന്നാൽ റയൽ മാഡ്രിഡി‌ന്റെ പരാജയത്തിന് അത്ലറ്റിക്കോ മാഡ്രിഡിനെ കുറ്റം പറഞ്ഞ് എത്തിയിരിക്കുകയാണ് റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ്.

ഈ പരാജയത്തിന് കാരണം അത്ലറ്റിക്കോ മാഡ്രിഡ് ആണെന്ന് റാമോസ് പറയുന്നു. ഒരു സൗഹൃദ മത്സരമായാണ് റയൽ മാഡ്രിഡ് ഈ കളിയെ സമീപിച്ചത്. എന്നാൽ അത്ലറ്റിക്കോ മാഡ്രിഡ് അങ്ങനെയല്ല സമീപിച്ചത്. അത്ലറ്റിക്കോ കളിയെ ഗൗരവമായാണ് കണ്ടത്. അതാണ് പ്രശ്നമായത്. റാമോസ് പറഞ്ഞു. മാഡ്രിഡിലെ ചിരവൈരികളാണ് ഇരു ക്ലബുകളും. മത്സരത്തിനിടെ കളി കയ്യാങ്കളിയിൽ എത്തുകയും രണ്ട് ചുവപ്പ് കാർഡ് പിറക്കുകയും ചെയ്തിരുന്നു. പരാജയത്തിൽ ദുഖം ഉണ്ടെങ്കിലും ഇത് കാര്യമാക്കുന്നില്ല എന്ന് റാമോസ് പറഞ്ഞു. ഇപ്പോഴും റയൽ താരങ്ങൾ പൂർണ്ണ ഫിറ്റ്നെസിൽ എത്തുന്നേ ഉള്ളൂ എന്നും റാമോസ് പറഞ്ഞു.

ടോട്ടൻഹാമിനെയും വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്, താരമായി ഏഞ്ചൽ ഗോമസ്

പ്രീസീസണിലെ ഗംഭീര ഫോം മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുന്നു. ഇന്ന് ചൈനയിൽ നടന്ന ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ടോട്ടൻഹാമിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. യുണൈറ്റഡിന്റെ തുടർച്ചയായ നാലാം വിജയമാണിത്.

കളിയുടെ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു കളി നിയന്ത്രിച്ചത്. നിരവധി അവസരങ്ങളും യുണൈറ്റഡ് സൃഷ്ടിച്ചു. ബ്രസീലിയൻ മിഡ്ഫീൽഡർ പെരേരയുടെ പാസിൽ നിന്ന് ഒരു സ്ട്രൈക്കിലൂടെ മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആദ്യ പകുതിയിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ സോൺ, മോറ, ലമേല എന്നിവരെ ഒക്കെ ഇറക്കിയ ടോട്ടൻഹാം മെച്ചപ്പെട്ട കളി പുറത്തെടുത്തു.

ലൂകാസ് മോറയുടെ ഒരു ഡിഫ്ലക്റ്റഡ് ഷോട്ടിലൂടെ ആയിരുന്നു ടോട്ടൻഹാമിന്റെ സമനില ഗോൾ പിറന്നത്. പിന്നീട് ഇരു ടീമുകളും വിജയഗോളിനായുള്ള ശ്രമം തുടർന്നു. മാഞ്ചസ്റ്ററിന്റെ 19കാരനായ ഏഞ്ചൽ ഗോമസ് ആണ് വിജയ ഗോളുമായി എത്തിയത്. മാറ്റയുമായി ഒരു വൺ ടച്ച് പാസ് മൂവ്മെന്റ് നടത്തിയതിനു ശേഷമായിരുന്നു ഗോമസിന്റെ ഗോൾ.

ചാമ്പ്യൻസ് കപ്പിൽ എ.സി മിലാനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ എ.സി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ബയേൺ മ്യൂണിക്. ആദ്യ പകുതിയുടെ അവസാന സെക്കന്റുകളിൽ കിമ്മിച്ചിന്റെ പാസിൽ നിന്ന് ഗോൾ നേടിയ ഗോറെസ്‌കെയുടെ ഗോളാണ് മത്സരത്തിന്റെ ഗതി നിർണ്ണയിച്ചത്. അടുത്ത ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനലിൽ ബയേൺ മ്യൂണിക് തുർക്കി ക്ലബായ ഫെനബാച്ചയെ നേരിടും.

രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എ.സി മിലാൻ പക്ഷെ ഗോൾ നേടുന്നതിൽ പരാജയപ്പെടുകയായിരുന്നു. പുതിയ പരിശീലകൻ മാർക്കോ ഗിയാംപൗളോയുടെ കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ എ.സി മിലാന് തോൽക്കാനായിരുന്നു വിധി. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ഗട്ടൂസോ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ഗിയാംപൗളോ എ.സി മിലാന്റെ പരിശീലകനായത്.

എ.സി മിലൻ അടുത്ത ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ പോർച്ചുഗീസ് ടീമായ ബെൻഫിക്കയെ നേരിടും.

ഇഞ്ച്വറി ടൈമിൽ ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്ന് ഹാരി കെയ്നിന്റെ ഗോൾ, യുവന്റസ് തോറ്റു!! ( വീഡിയോ)

ഹാരി കെയ്നിന്റെ ഒരു അത്ഭുത ഗോളിൽ ടോട്ടൻഹാം യുവന്റ്സിനെ പരാജയപ്പെടുത്തി. പ്രീസീസണിൽ ഇന്ന് നടന്ന മത്സരത്തിൽ യുവന്റസിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തോൽപ്പിച്ചത്. കളിയുടെ ഇഞ്ച്വറി ടൈമിൽ ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്ന് കെയ്ൻ നേടിയ അത്ഭുത ഗോളാണ് ടോട്ടൻഹാമിനെ വിജയിപ്പിച്ചത്.

മത്സരത്തിൽ ഒരു ഘട്ടത്തിൽ 2-1ന് പിന്നിൽ നിന്ന ശേഷമായിരുന്നു ടോട്ടൻഹാമിന്റെ തിരിച്ചുവരവും വിജയവും. യുവന്റസ് പരിശീലകൻ സാരിയുടെ ആദ്യ മത്സരമായിരുന്നു ഇന്ന്. ഒപ്പം ഡി ലിറ്റിന്റെയും യുവന്റസ് അരങ്ങേറ്റം ഇന്ന് നടന്നു. ഇന്ന് മത്സരത്തിന്റെ 30ആം മിനുട്ടിൽ ലമേലയിലൂടെ ടോട്ടൻഹാം ആണ് മുന്നിൽ എത്തിയത്.

പിന്നീട് ഹിഗ്വയിനും റൊണാൾഡോയും നേടിയ ഗോളുകളിൽ യുവന്റസ് 2-1ന് മുന്നിൽ എത്തി. യുവന്റസ് ആധിപത്യം നേടുകയാണ് എന്ന് തോന്നിച്ചപ്പോൾ വീണ്ടും സ്പർസ് കളിയിലേക്ക് തിരികെ വന്നു. 65ആം മിനുട്ടിൽ ലുകാസ് മോറയിലൂടെ സമനില നേടിയ ടോട്ടൻഹാമിന് വിജയിക്കാൻ കളിയികെ അവസാന നിമിഷം വേണ്ടി വന്നു. അവസാന നിമിഷത്തിൽ സെന്റർ ലൈനിൽ നിന്ന് കെയ്ൻ തോടുത്ത ഷോട്ട് അഡ്വാൻസ് ചെയ്ത് നിന്നിരുന്ന‌ ചെസ്നിയെയും മറികടന്ന് വലയിൽ എത്തുകയായിരുന്നു.

17കാരൻ ഗ്രീൻവുഡിന്റെ മികവിൽ ഇന്ററിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

പ്രീസീസണിലെ മികച്ച ഫോം മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുന്നു. തുടർച്ചയായ മൂന്നാം വിജയമാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നിര സ്വന്തമാക്കിയത്. ഇന്ന് ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ഇന്റർ മിലാനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. കളി മുഴുവൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആധിപത്യം ആയിരുന്നു എങ്കിലും ഒരു ഗോൾ മാത്രമേ യുണൈറ്റഡിന് നേടാൻ ആയുള്ളൂ.

മികച്ച ടീമിനെ തന്നെ ഇറക്കി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യം മുതൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മികച്ച അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും യുണൈറ്റഡ് മുന്നേറ്റ നിരക്ക് അതൊന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. മാർഷ്യലും റാഷ്ഫോർഡും ഒക്കെ ശ്രമിച്ചിട്ടും ഇന്റർ പ്രതിരോധം ഭേദിക്കപ്പെട്ടില്ല.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ 17കാരൻ ഗ്രീൻവുഡാണ് മാഞ്ചസ്റ്ററിനായി വിജയ ഗോൾ നേടിയത്. ഗംഭീര ഇടം കാലൻ സ്ട്രൈക്കിലൂടെ ആയിരുന്നു ഗ്രീൻവുഡിന്റെ ഗോൾ. കഴിഞ്ഞ മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെതിരെയും ഗ്രീൻവുഡ് ഗോൾ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ചോങ്, ബിസാക എന്നിവരും ഇന്ന് മികച്ചു നിന്നു. ഇക്കാർഡിയെയും നൈൻഗോളനെയും ടീമിൽ ഉൾപ്പെടുത്താതെ ഇറങ്ങിയ ഇന്ററിന് കാര്യമായ ചലനങ്ങൾ ഒന്നും ഉണ്ടാക്കാൻ ആയില്ല.

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബയേൺ മ്യൂണിക്കിനെ മലർത്തിയടിച്ച് ആഴ്‌സണൽ

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബുണ്ടസ്ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് ആഴ്‌സണൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ ജയം. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയതിനേക്കാൾ മികച്ച അനുഭവ സമ്പത്തുള്ള ടീമിനെ ഇറക്കിയ ആഴ്‌സണൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ നേടിയ ഗോളിലാണ് ജയം സ്വന്തമാക്കിയത്. ആഴ്‌സണലിന് വേണ്ടി ഓബാമയാങ്, ഓസിൽ, ലാകസറ്റേ, മികിതരിയൻ എന്നിവരെല്ലാം ഇന്നത്തെ മത്സരത്തിന് ഇറങ്ങിയിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ലൂയിസ് പോസ്നൻസ്‌കിയുടെ സെൽഫ് ഗോളിൽ ആഴ്‌സണൽ ആണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. എന്നാൽ ലെവൻഡോസ്‌കിയുടെ ഗോളിൽ ബയേൺ സമനില പിടിച്ചെങ്കിലും ആഴ്‌സണൽ യുവതാരം എഡി എൻകെയ്‌റ്റയുടെ ഗോളിൽ ആഴ്‌സണൽ ജയം ഉറപ്പിക്കുകയായിരുന്നു.

അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി ഇന്റർ മിലാൻ

ഇന്റർ നാഷണൽ ചാമ്പ്യൻസ് കപ്പിൽ നടന്ന അവസാന മത്സരത്തിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ഇന്റർ മിലാൻ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കരുത്തരായ സ്പാനിഷ് ടീം അടിയറവ് പറഞ്ഞത്. ലൗറ്ററോ മാർട്ടിനെസിന്റെ വെടിച്ചില്ലു ഗോളിലാണ് ഇന്റർ ജയം സ്വന്തമാക്കിയത്. യൂറോപ്പ്യൻ സൂപ്പർ കപ്പിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ റയൽ മാഡ്രിഡാണ്.

ലൂസിയാനോ സ്പാളേറ്റിയുടെ ഇന്ററിന്റെ ഏറ്റവും മികച്ച തുടക്കമാണ് വണ്ട മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തിൽ വെച്ച് ഫുട്ബോൾ ലോകം കണ്ടത്. ഇന്ററിന്റെ ഗോളടി വീരൻ മൗറോ ഇക്കാർഡി തുടക്കത്തിൽ തന്നെ അത്ലറ്റിക്കോയുടെ ഗോൾമുഖത്തേക്ക് ഇരച്ചു കേറിയെങ്കിലും ഒബ്ലാക്കിന്റെ മികച്ച പ്രകടനം അത്ലറ്റിക്കോയെ രക്ഷിച്ചു.

ഇന്ററിന്റെ സമ്മർ സൈനിങ്ങായ ലൗറ്ററോ മാർട്ടിനെസിന്റെ സീസർ കിക്കിലൂടെയാണ് ഇന്റർ സ്പാനിഷ് വമ്പന്മാരെ പരാജയപ്പെടുത്തിയത്. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിതെന്നു നിസംശയം പറയാം. തിരിച്ചടിക്കാനൊരവസരം അത്ലറ്റിക്കോ മാഡ്രിഡിന് ലഭിച്ചെങ്കിലും വാറിന്റെ ഇടപെടൽ അത് നിഷേധിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അസൻസിയോയുടെ ഇരട്ടഗോൾ ബലത്തിൽ റയൽ മാഡ്രിഡ്‌ യുവന്റസിനെ വീഴ്ത്തി

ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡ് യുവന്റസിനെ തോല്പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയെങ്കിലും ശക്തമായി റയൽ തിരിച്ചുവരികയായിരുന്നു. അഞ്ചാം മിനുട്ടിൽ കാർവഹാൽ വഴങ്ങിയ സെൽഫ് ഗോളാണ് റയലിനെ തുടക്കത്തിൽ പ്രതിരോധത്തിൽ ആക്കിയത്.

എന്നാൽ മികച്ച ഫോമിലുള്ള ഗരെത് ബെയ്ല് ആദ്യ പകുതിയിൽ തന്നെ റയലിന്റെ രക്ഷയ്ക്ക് എത്തി. 39ആം മിനുട്ടിൽ യുവതാരം കബയോസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ബെയ്ലിന്റെ ഗോൾ. 47ആം മിനുട്ടിൽ ബ്രസീൽ താരം വീൻഷ്യസ് ജൂനിയറിന്റെ ഇടതു വിങ്ങിലെ മികച്ച കുതിപ്പിന് ഒടുവിൽ അസൻസിയോയുടെ ഫിനിഷോടെ റയൽ ലീഡിലും എത്തി. 9മിനുട്ടുകൾക്ക് അപ്പുറം ഒരു ഗോളും കൂടി നേടി അസൻസിയോ മത്സരം റയലിന് സ്വന്തമാക്കി കൊടുക്കുകയും ചെയ്തു.

ഇനി ബുധനാഴ്ച പുലർച്ചെ റോമയ്ക്ക് എതിരെയാണ് റയലിന്റെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാഴ്സലോണക്കെതിരെ റോമയ്ക്ക് മിന്നും ജയം

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബാഴ്സലോണയെ തകർത്ത് റോമ. ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് റോമ ബാഴ്സലോണയെ തോൽപ്പിച്ചത്‌. ഒരു ഘട്ടത്തിൽ 2-1 എന്ന സ്കോറിന് മുന്നിട്ടി നിന്ന ശേഷമാണ് ബാഴ്സ ഈ പരാജയം നേരിട്ടത്.

കളിയുടെ ആറാം മിനുട്ടിൽ തന്നെ പിറന്ന റഫിനയുടെ ഗോളിൽ ബാഴ്സ മുന്നിൽ എത്തി. പിന്നീട് 35ആം മിനുട്ടിൽ എൽ ഷരാവി റോമയ്ക്കായി സമനില നേടിയപ്പോഴും ബാഴ്സ പതറിയില്ല. റോമയിൽ നിന്ന് വിവാദ ട്രാൻസഫറിലൂടെ ബാഴ്സ തട്ടിയെടുത്ത മാൽകോം ആയിരുന്നു ബാഴ്സയുടെ രണ്ടാം ഗോളുമായി എത്തിയത്. മാൽകോമിന്റെ ബാഴ്സയ്ക്കായുള്ള ആദ്യ സ്റ്റാർട്ടും ആദ്യ ഗോളുമായി ഇത്.

2-1ന് മുന്നിൽ എത്തിയ ശേഷം ബാഴ്സ പിറകോട്ട് അടിച്ചു. പിന്നീട് ഫ്ലൊറൻസി, ക്രിസ്റ്റന്റെ, പെരോറ്റി എന്നിവർ നേടിയ ഗോളുകൾ റോമയെ 4-2ന് വിജയിപ്പിക്കുകയായിരുന്നു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എ സി മിലാനെതിരെ ടോട്ടൻഹാമിന് ഏകഗോൾ വിജയം

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ടോട്ടൻഹാമിന് വിജയം. ഇന്ന് ഇറ്റാലിയൻ ക്ലബായ എ സി മിലാനെ നേരിട്ട ടോട്ടൻഹാം എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. പ്രമുഖരിൽ പലരും ഇല്ലാതെ തികച്ചും യുവനിരയായാണ് സ്പർസ് ഇന്ന് ഇറങ്ങിയത്. എന്നിട്ടും ജയം സ്വന്തമാക്കാൻ പോചട്ടീനോയ്ക്കും ടീമിനും ആയി. 47ആം മിനുട്ടിൽ ഫ്രഞ്ച് യുവതാരം കെവിൻ എങ്കുടു നേടിയ ഗോളാണ് സ്പർസിന്റെ ജയം ഉറപ്പിച്ചത്.

എ സി മിലാന്റെ പ്രീസീസണിലെ തുടർച്ചയായ രണ്ടാൻ തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പെനാൾട്ടി ഷൂട്ടൗട്ടിലും എ സി മിലാൻ പരാജയപ്പെട്ടിരുന്നു‌. ഓഗസ്റ്റ് അഞ്ചിന് ബാഴ്സലോണയുമായാണ് ഇനി മിലാന്റെ മത്സരം. നാലാം തീയതി സ്പാനിഷ് ക്ലബായ ജിറോണയെ ആണ് സ്പർസ് ഇനി നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version