ജോസ് ദി ബോസ്സ്!!! പിന്നെ ഷിമ്രൺ ഷോ

മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ മികച്ച ബാറ്റിംഗ് പ്രകടനം. ജോസ് ബട്‍ലറുടെ തകര്‍പ്പന്‍ ശതകത്തിനൊപ്പം ഷിമ്രൺ ഹെറ്റ്മ്യറിന്റെ വെടിക്കെട്ട് പ്രകടനവും വന്നപ്പോള്‍ രാജസ്ഥാന്‍ 193 റൺസാണ് എട്ട് വിക്കറ്റ് നഷ്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത് നേടിയത്.

പവര്‍പ്ലേയിൽ ജോസ് ബട്‍ലര്‍ തകര്‍ത്തടിച്ചപ്പോള്‍ ബേസിൽ തമ്പി ഒരോവറിൽ വഴങ്ങിയത് 26 റൺസാണ്. യശസ്വി ജൈസ്വാലിനെയും ദേവ്ദത്ത് പടിക്കലിനെയും നഷ്ടമായെങ്കിലും ജോസ് അടിച്ച് തകര്‍ത്തപ്പോള്‍ പത്തോവറിൽ 87 റൺസാണ് രാജസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

50 പന്തിൽ 82 റൺസ് നേടിയ കൂട്ടുകെട്ടിനെ തകര്‍ത്തത് കീറൺ പൊള്ളാര്‍ഡ് ആയിരുന്നു. 21 പന്തിൽ 30 റൺസ് നേടിയ സഞ്ജുവിനെയാണ് താരം പുറത്താക്കിയത്. കീറൺ പൊള്ളാര്‍ഡ് എറിഞ്ഞ 17ാം ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും ഷിമ്രൺ ഹെറ്റ്മ്യര്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 26 റൺസായിരുന്നു.

തൈമൽ മിൽസ് എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തിൽ ഷിമ്രൺ സിക്സര്‍ പറത്തിയപ്പോള്‍ താരത്തിനെ അടുത്ത പന്തിൽ അമ്പയര്‍ നിതിന്‍ മേനോന്‍ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതായി വിധിക്കുകയായിരുന്നു. തീരുമാനം പുനപരിശോധിക്കുവാന്‍ തീരുമാനിച്ച ഷിമ്രൺ അടുത്ത പന്തിൽ ബൗണ്ടറിയും നേടി.

14 പന്തിൽ 35 റൺസാണ് ഷിമ്രൺ ഹെറ്റ്മ്യര്‍ നേടിയത്. 53 റൺസാണ് ഹെറ്റ്മ്യര്‍ – ബട്‍ലര്‍ കൂട്ടുകെട്ട് നേടിയത്. അതേ ഓവറിൽ 68 പന്തിൽ നൂറ് റൺസ് നേടിയ ജോസ് ബട്‍ലറെയും വീഴ്ത്തി ജസ്പ്രീത് ബുംറ തന്റെ മൂന്നാം വിക്കറ്റ് ആഘോഷിച്ചു. 183/3 എന്ന നിലയിൽ നിന്ന് 10 റൺസ് നേടുന്നതിനിടെ 5 വിക്കറ്റാണ് അവസാന രണ്ടോവറിൽ രാജസ്ഥാന് നഷ്ടമായത്. ജസ്പ്രീത് ബുംറയ്ക്കൊപ്പം തൈമൽ മിൽസും 3 വിക്കറ്റ് നേടി.

തൈമൽ മിൽസുമായി കരാറിലെത്തി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് വേണ്ടി കളിക്കുവാനായി ഇംഗ്ലണ്ട് താരം തൈമൽ മിൽസ് എത്തുന്നു. ബ്രൈഡന്‍ കാര്‍സിനേറ്റ പരിക്കാണ് തൈമൽ മിൽസിനെ ടീമിലെത്തിക്കുവാന്‍ കാരണം.

ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സെമി ഫൈനലിന് മുമ്പ് പരിക്കേറ്റ് തൈമൽ മിൽസ് പുറത്ത് പോകുകയായിരുന്നു. മുമ്പ് ഹോബാര്‍ട്ട് ഹറികെയിന്‍സ്, ബ്രിസ്ബെയിന്‍ ഹീറ്റ് എന്നിവര്‍ക്കായി ബിഗ് ബാഷിൽ കളിച്ചിട്ടുള്ള താരമാണ് മിൽസ്.

തൈമൽ മിൽസ് ലോകകപ്പിൽ നിന്ന് പുറത്ത്

തൈമൽ മിൽസ് ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്. ഇംഗ്ലണ്ടിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള വിജയത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് സാം ബില്ലിംഗ്സ് മത്സരത്തിൽ പകരക്കാരനായി ഫീൽഡ് ചെയ്യാനിറങ്ങി. ഇംഗ്ലണ്ടിന്റെ 15 അംഗ സ്ക്വാഡിൽ മിൽസിന് പകരം റീസ് ടോപ്ലി പകരക്കാരനായി ടീമിലെത്തും.

റീസ് ടീമിനൊപ്പം റിസര്‍വ് താരമായി യുഎഇയിൽ തന്നെയുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ ഡെത്ത് ബൗളിംഗ് ദൗത്യം മനോഹരമായി നിര്‍വഹിച്ച് വരികയായിരുന്നു തൈമൽ മിൽസ്. നവംബര്‍ 6ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

ടെസ്റ്റ് ക്രിക്കറ്റ് കാണാൻ തനിക്കിഷ്ടമല്ലായിരുന്നു, പക്ഷേ ഋഷഭ് പന്തിന്റെ വരവോട് കൂടി താനിപ്പോൾ ടെസ്റ്റ് ക്രിക്കറ്റും കാണാറുണ്ട്

ടെസ്റ്റ് ക്രിക്കറ്റ് കാണുവാൻ തനിക്കിഷ്ടമല്ലായിരുന്നുവെന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് താരം തൈമൽ മിൽസ്. എന്നാൽ ഋഷഭ് പന്ത് ടെസ്റ്റിൽ ബാറ്റ് ചെയ്യാനെത്തുമ്പോൾ താനിപ്പോൾ കളി കാണുന്നത് പതിവാണെന്ന് മിൽസ് പറഞ്ഞു. പന്ത് ക്രീസിലെത്തിയാൽ അത് ബോക്സോഫീസാണെന്നും ആവേശകരമായി മത്സരം മാറുമെന്നും മിൽസ് പറഞ്ഞു.

പന്ത് ക്രീസിലുണ്ടെങ്കിൽ ടിവി സ്ക്രീനിലേക്ക് കാണികളെ പിടിച്ചിരുത്തുവാനുള്ള കഴിവ് താരത്തിനുണ്ടെന്നും താരം ഏതാനും മികച്ച ടെസ്റ്റ് ഇന്നിംഗ്സ് കളിച്ച് മത്സരം ഒറ്റയ്ക്ക് മാറ്റി മറിച്ചിട്ടുണ്ടെന്നും തൈമൽ മിൽസ് അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഇന്ത്യയ്ക്കായി തകർപ്പൻ ഇന്നിംഗ്സുകൾ പുറത്തെടുത്തയാളാണ് ഋഷഭ് പന്ത്.

അഹമ്മദാബാദിൽ സ്പിൻ വിക്കറ്റിൽ താൻ കളി കണ്ടിരുന്നുവെന്നും അത് ഓരോ പന്തിലും എന്തും സംഭവിക്കാമെന്ന് കരുതിയതിനാലാണെന്നും മിൽസ് പറഞ്ഞു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സ്റ്റേഡിയം എന്ന് നിറഞ്ഞിട്ടാണ് കണ്ടിട്ടുള്ളത് – തൈമല്‍ മില്‍സ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ കാണികള്‍ മികച്ചതായിരുന്നുവെന്നും പാക്കിസ്ഥാനില്‍ മത്സരം നടക്കുമ്പോള്‍ ഗ്രൗണ്ട് എപ്പോളും പൂര്‍ണ്ണമായി നിറഞ്ഞിരുന്നുവെന്നും പറഞ്ഞ് ഇംഗ്ലണ്ട് പേസര്‍ തൈമല്‍ മില്‍സ്. ഐപിഎലിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കളിച്ചിട്ടുള്ള താരം ഇരു ലീഗുകളിലും കാണികളില്‍ ആണ് വലിയ വ്യത്യാസം കണ്ടിട്ടുള്ളതെന്ന് പറഞ്ഞു.

ഐപിഎല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും പണവും കൊണ്ട് ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോള്‍ പേസര്‍മാരാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ കരുത്തെന്ന് തൈമല്‍ മില്‍സ് പറഞ്ഞു. ഐപിഎല്‍ ലോകത്തിലെ ഏറ്റവും വലിയ ലീഗാവുമ്പോള്‍ തന്നെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ കാണികള്‍ തന്നെ വിസ്മരിപ്പിച്ചിട്ടുണ്ടെന്ന് മില്‍സ് പറഞ്ഞു.

ഇന്ത്യയിലെ സ്റ്റേഡിയങ്ങളുടെ അതേ വലുപ്പമാണ് പാക്കിസ്ഥാനിലേതും എന്നാല്‍ ശരിക്കുമുള്ള പാഷന്‍ പാക്കിസ്ഥാനിലെ കാണികളിലാണെന്നാണ് തനിക്ക് തോന്നിയതെന്നും താരം പറഞ്ഞു. പാക്കിസ്ഥാനില്‍ മികച്ച പേസര്‍മാരുള്ളതിനാല്‍ തന്നെ ഒരു വിദേശ പേസര്‍ക്ക് കാര്യങ്ങള്‍ അത്രമല്ലെന്നും തൈമല്‍ കൂട്ടിചേര്‍ത്തു.

തൈമല്‍ മില്‍സ് പരിക്കേറ്റ് പുറത്ത്, ബിഗ് ബാഷ് സീസണ്‍ നഷ്ടമാകും

ഈ സീസണ്‍ ബിഗ് ബാഷില്‍ ഇംഗ്ലീഷ് താരം തൈമല്‍ മില്‍സിന്റെ സേവനം ഹോബാര്‍ട്ട് ഹറികെയന്‍സിനു നഷ്ടമാകും. കുറഞ്ഞത് എട്ട് മാസമെങ്കിലും പരിക്കേറ്റ താരം കളത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്. ഹാംസ്ട്രിംഗിനേറ്റ പരിക്കാണ് താരത്തിനു സീസണ്‍ നഷ്ടമാകുവാന്‍ ഇടയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച പരിശീലന മത്സരത്തിനിടെയാണ് മില്‍സിനു പരിക്കേറ്റത്.

തുടര്‍ന്ന് ഹോബാര്‍ട്ടിന്റെ ഉദ്ഘാടന മത്സരത്തിലും താരം പങ്കെടുത്തിരുന്നില്ല. ലോകത്താകമാനമുള്ള ടി20 ലീഗുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് തൈമല്‍ മില്‍സ്. ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി കളിച്ചിട്ടുള്ള താരം ഇംഗ്ലീഷ് കൗണ്ടിയായ സസ്സെക്സിന്റെ ടീമിലെ അംഗമാണ്.

Exit mobile version