പാക്കിസ്ഥാനിൽ കാണികള്‍ക്ക് അനുമതി, വാക്സിനെടുത്ത 25 ശതമാനം കാണികളെ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കും

ന്യൂസിലാണ്ടിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിൽ കാണികളെ അനുവദിക്കുവാനൊരുങ്ങി പാക്കിസ്ഥാന്‍ ബോര്‍ഡ്. 25 ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കുവാനാണ് പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരിയലെ ഏകദിന മത്സരങ്ങള്‍ റാവൽപിണ്ടിയിലും ടി20 മത്സരങ്ങള്‍ ലാഹോറിലുമാണ് നടക്കുക.

ഇവര്‍ രണ്ട് വാക്സിനും എടുത്തവരായിരിക്കണം എന്ന നിബന്ധനയാണ് ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇത് പ്രകാരം റാവൽപിണ്ടിയിൽ 4500 പേര്‍ക്കും 5500 പേര്‍ക്ക് ലാഹോറിലും പ്രവേശനം ലഭിയ്ക്കും.

കൺസോര്‍ഷ്യത്തിൽ ചേരുവാന്‍ തയ്യാറാണെന്ന് ബംഗ്ലാദേശ്, ഇന്ത്യയ്ക്ക് ലോകകപ്പ് ഒറ്റയ്ക്ക് നടത്തുവാനുള്ള ശേഷിയുണ്ട്

ലോകകപ്പ് നടത്തുവാന്‍ കൺസോര്‍ഷ്യം രൂപീകരിക്കുവാനുള്ള പാക്കിസ്ഥാന്റെ ക്ഷണം സ്വീകരിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയ്ക്ക് ഒറ്റയ്ക്ക് ലോകകപ്പ് നടത്തുവാനുള്ള ശേഷിയും സംവിധാനവും ഉണ്ടെന്നും തങ്ങള്‍ക്ക് അത്തരം സംവിധാനമില്ലാത്തതിനാൽ തന്നെ കൺസോര്‍ഷ്യത്തിൽ ചേരുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.

ശ്രീലങ്കയും ബംഗ്ലാദേശും ഉള്‍പ്പെടുന്ന കൺസോര്‍ഷ്യം രൂപീകരിക്കുമെന്നാണ് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 2024-31 സൈക്കിളിൽ രണ്ട് ഐസിസി ഏകദിന ലോകകപ്പ് ആണ് ഈ കൺസോര്‍ഷ്യം ലക്ഷ്യം വയ്ക്കുന്നത്.

ഒറ്റയ്ക്ക് ലോകകപ്പ് നടത്തുവാന്‍ ഇന്ത്യയെ പോലെ കഴിയാത്തതിനാൽ തന്നെ ഇതാണ് ബംഗ്ലാദേശിന് ലോകകപ്പ് നടത്തുവാനുള്ള ഏറ്റവും മികച്ച സാധ്യതയെന്ന് ബോര്‍ഡ് ഡയറക്ടര്‍മാരിൽ ഒരാളായ ജലാല്‍ വ്യക്തമാക്കി.

ലോകകപ്പ് നടത്തുവാനായി ഇന്ത്യയെ ഒഴിവാക്കി ലങ്കയുടെയും ബംഗ്ലാദേശിന്റെയും ഒപ്പം കൺസോര്‍ഷ്യം ആരംഭിക്കുവാനൊരുങ്ങി പാക്കിസ്ഥാന്‍

ലോകകപ്പ് നടത്തുവാന്‍ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമൊപ്പം കൺസോര്‍ഷ്യം ഉണ്ടാക്കുവാന്‍ പാക്കിസ്ഥാന്റെ നീക്കം. രണ്ട് ലോകകപ്പുകളാണ് ഇത്തരത്തില്‍ നടത്തുവാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നത്. ഇത് കൂടാതെ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്ന് രണ്ട് ടി20 ലോകകപ്പുകളും സ്വയം രണ്ട് ചാമ്പ്യന്‍സ് ട്രോഫികള്‍ നടത്തുവാനും പാക്കിസ്ഥാന്‍ ബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നുണ്ട്.

ആറ് ഗ്ലോബൽ ഇവന്റുകളാണ് പിസിബി അടുത്ത ലോക ക്രിക്കറ്റ് സൈക്കിളിൽ ലക്ഷ്യം വയ്ക്കുന്നത്. ഐസിസിയ്ക്ക് മുന്നിൽ ബിഡ് നടത്തിയെന്നും കൺസോര്‍ഷ്യം രൂപീകരണത്തെക്കുറിച്ചും ഐസിസിയെ അറിയിച്ചിട്ടുണ്ടെന്ന് പിസിബി ചെയര്‍മാന്‍ എഹ്സാന്‍ മാനി വ്യക്തമാക്കി.

യുഎഇയുമായും പാക്കിസ്ഥാന്‍ ഇത്തരത്തിലുള്ള സഹകരണം ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും മാനി സൂചിപ്പിച്ചു. 2027, 2031 ലോകകപ്പുകള്‍ ആണ് കൺസോര്‍ഷ്യത്തിനൊപ്പം നടത്തുവാന്‍ പിസിബിയുടെ ലക്ഷ്യം. 2025, 2029 ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഒറ്റയ്ക്ക് നടത്തുവാനും ബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നു.

ഹസന്‍ അലിയ്ക്കും മുഹമ്മദ് റിസ്വാനും എ വിഭാഗം കരാര്‍ നല്‍കി പാക്കിസ്ഥാന്‍

2021-22 വര്‍ഷത്തേക്കുള്ള കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഹസന്‍ അലിയ്ക്കും മുഹമ്മദ് റിസ്വാനും കേന്ദ്ര കരാറിന്റെ എ വിഭാഗം കരാര്‍ ആണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 21 താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ ലഭിച്ചപ്പോള്‍ ഇത്തവണ 20 താരങ്ങള്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

ഇത് കൂടാതെ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കുള്ള മാച്ച് ഫീസ് ഏകോപിപ്പിക്കുവാനും ബോര്‍ഡ് തീരുമാനിച്ചു. കരാര്‍ എത്രയായാലും താരങ്ങള്‍ക്ക് ഒരേ മാച്ച് ഫീസാവും നല്‍കുകയെന്നും ബോര്‍ഡ് അറിയിച്ചു. ഹസന്‍ അലിയ്ക്ക് പരിക്ക് കാരണം കഴി‍ഞ്ഞ വര്‍ഷം കേന്ദ്ര കരാര്‍ ലഭിച്ചിരുന്നില്ല. അതേ സമയം ഗ്രേഡ് ബി കരാര്‍ ഉള്ള റിസ്വാനെ ഗ്രേഡ് എ യിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.

ഗ്രേഡ് എ- Babar Azam, Hasan Ali, Mohammad Rizwan and Shaheen Shah Afridi

ഗ്രേഡ് ബി – Azhar Ali, Faheem Ashraf, Fakhar Zaman, Fawad Alam, Shadab Khan and Yasir Shah

ഗ്രേഡ് സി – Abid Ali, Imam-ul-Haq, Haris Rauf, Mohammad Hasnain, Mohammad Nawaz, Nauman Ali and Sarfaraz Ahmed

എമേര്‍ജിംഗ് വിഭാഗം – Imran Butt, Shahnawaz Dahani and Usman Qadir

പാക്കിസ്ഥാന്‍ വനിതകളുടെ കേന്ദ്ര കരാര്‍ വിവരം പുറത്ത് വിട്ട് ബോര്‍ഡ്

പാക്കിസ്ഥാന്‍ വനിതകളുടെ 2021-22 സീസണിലേക്കുള്ള കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ട് പാക്കിസ്ഥാന്‍ ബോര്‍ഡ്. കഴിഞ്ഞ വര്‍ഷം 18 താരങ്ങള്‍ക്കായിരുന്നു കരാറെങ്കിൽ ഇത്തവണ 20 താരങ്ങള്‍ക്കാണ് പുതിയ കരാര്‍. ബിസ്മ മഹറൂഫിനും ജവേരിയ ഖാനുമാണ് എ വിഭാഗം കരാര്‍. ബി വിഭാഗത്തിൽ ആലിയ റിയാസ്, ഡയാന ബൈഗ്, നിദ ദാര്‍ എന്നിവര്‍ക്കും കരാര്‍ ലഭിച്ചു.

സി വിഭാഗത്തിൽ അനം അമീന്‍, ഫാത്തിമ സന, കൈനത് ഇംതിയാസ്, നഹിദ ഖാന്‍, നശ്ര സന്ധു, ഒമൈമ സൊഹൈൽ, സിദ്ര നവാസ് എന്നിവര‍ും അംഗമായിട്ടുണ്ട്.

എമേര്‍ജിംഗ് താരങ്ങള്‍ക്കുള്ള കരാര്‍ അയഷ നസീം, കൈനത് ഹഫീസ്, മുനീബ അലി സിദ്ദിക്കി, നജിഹ അല്‍വി, രമീന്‍ ഷമീം, സബ നസീര്‍, സാദിയ ഇക്ബാല്‍, സയ്യദ അരൂബ് ഷാ

പിസിബിയുടെ ബയോ ബബിൾ കൈകാര്യം ചെയ്യുക റീസ്ട്രാറ്റ

ഐപിഎൽ 2020ലെ ബയോ ബബിൾ കൈകാര്യം ചെയ്ത റീസ്ട്രാറ്റയെ തന്നെ പാക്കിസ്ഥാൻ ബോര്‍ഡ് പിഎസ്എൽ യുഎഇ പതിപ്പിലെ ബയോ ബബിൾ കൈകാര്യം ചെയ്യുന്നതിനായി നിയമിച്ചു.

ഇന്ത്യയിലേക്ക് ഐപിഎൽ വന്നപ്പോൾ റീസ്ട്രാറ്റയെ ഈ ദൗത്യം ബിസിസിഐ ഏല്പിച്ചിരുന്നില്ല. പിന്നീട് ബയോ ബബിളിൽ കോവിഡ് വരികയും അതിന് ശേഷം ഐപിഎൽ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം വരികയും ചെയ്തു.

ഐപിഎൽ 2020ലെ സൗകര്യങ്ങൾ വളരെ മികച്ചതായിരുന്നുവെന്നാണ് ടൂര്‍ണ്ണമെന്റുമായി സഹകരിച്ച ഏവരുടെയും അഭിപ്രായം. ഒരാൾക്ക് പോലും ബയോ ബബിളിനുള്ളിൽ നിന്ന് കോവിഡ് വന്ന സാഹചര്യം അവിടെയുണ്ടായില്ല എന്നത് എടുത്ത് പറയേണ്ട ഒന്നായിരുന്നു.

 

അബു ദാബിയില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടത്തുവാന്‍ അനുമതി നല്‍കി യുഎഇ സര്‍ക്കാര്‍

വാക്സിനേഷന്‍ എടുത്താല്‍ മാത്രമേ മത്സരങ്ങള്‍ അബു ദാബിയില്‍ നടത്തുവാന്‍ അനുവദിക്കുകയുള്ളുവെന്ന യുഎഇ സര്‍ക്കാരിന്റെ ആദ്യ തീരുമാനത്തില്‍ മാറ്റം. പാക്കിസ്ഥാന്‍ ബോര്‍ഡ് സര്‍ക്കാരില്‍ നിന്ന് ഇപ്പോള്‍ അനുകൂല അനുമതി നേടിയെടുത്തിരിക്കുകയാണെന്നാണ് ലഭിയ്ക്കുന്ന ഏറ്റവും പുതിയ വിവരം.

യുഎഇ സര്‍ക്കാരില്‍ നിന്ന് വേണ്ട എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് അറിയിച്ചത്. ഫ്രാഞ്ചൈസികളുമായി ഇനി ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തിയ ശേഷം ഭാവി നടപടികളുമായി ബോര്‍ഡ് മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്. അവശേഷിച്ച തടസ്സങ്ങളെല്ലാം മാറ്റി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ബാക്കി മത്സരങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ബോര്‍ഡിന് സാധിക്കുമെന്നാണ് പിസിബി ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്‍ പറഞ്ഞത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, യുഎഇയുമായി ചര്‍ച്ചകള്‍ ആരംഭിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്

ജൂണ്‍ 1 മുതല്‍ ജൂണ്‍ 20 വരെ കറാച്ചിയില്‍ നടക്കാനിരുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അവശേഷിക്കുന്ന 20 മത്സരങ്ങള്‍ യുഎഇയില്‍ നടത്തുവാനുള്ള ശ്രമങ്ങളുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. കറാച്ചിയിലെ കോവിഡ് സാഹചര്യം മോശമായി തുടരുന്നതിനാല്‍ ഫ്രാഞ്ചൈസികള്‍ ബോര്‍ഡിനോട് വേദി യുഎഇയിലേക്ക് മാറ്റുവാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പാക്കിസ്ഥാന്‍ ടീം ജൂണ്‍ 23ന് ഇംഗ്ലണ്ടിലേക്ക് പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി യാത്രയാകേണ്ടതിനാല്‍ തന്നെ ഫിക്സ്ച്ചറുകള്‍ ചുരുങ്ങിയ കാലത്തില്‍ നടത്തുവാന്‍ ബോര്‍ഡ് നിര്‍ബന്ധിതരാകും. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഫിക്സ്ച്ചറുകള്‍ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വേഗത്തിലൊരു തീരുമാനം ബോര്‍ഡിന് എടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍ വ്യക്തമാക്കി.

ഐസിസിയ്ക്ക് ബിസിസിഐയുടെ ഉറപ്പ്, പാക് താരങ്ങള്‍ക്ക് ലോകകപ്പിനുള്ള വിസ നല്‍കും

പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് 2021 ടി20 ലോകകപ്പില്‍ പങ്കെടുക്കുവാനുള്ള വിസ ഉറപ്പായും നല്‍കുമെന്ന് അറിയിച്ച് ബിസിസിഐ. ഐസിസിയോടാണ് ബിസിസിഐ ഈ ഉറപ്പ് നല്‍കിരിക്കുന്നത്.

ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി തുടരുന്നതിനാല്‍ തന്നെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും മുന്‍ ക്രിക്കറ്റ് താരങ്ങളും പാക്കിസ്ഥാന്റെ പങ്കാളിത്തത്തെ ബാധിക്കുമോ എന്ന കാര്യം പങ്കുവെച്ചിരുന്നു.

അതിനാല്‍ തന്നെ ബിസിസിഐയില്‍ നിന്ന് രേഖാമൂലമുള്ള അറിയിപ്പ് ഇതിന്മേല്‍ വേണമെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇല്ലാത്ത പക്ഷം ഇന്ത്യയില്‍ നിന്ന് വേദി യുഎഇയിലേക്ക് മാറ്റണമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമല്ല ആരാധകര്‍ക്കും ഒഫീഷ്യലുകള്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കും ഇന്ത്യന്‍ സര്‍ക്കാര്‍ വിസ നല്‍കണമെന്നാണ് പിസിബിയുടെ ആവശ്യം. 2016ല്‍ പാക്കിസ്ഥാന്‍ ഐസിസി ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക – സിംബാ‍ബ്‍വേ പര്യടനത്തിനുള്ള പാക്കിസ്ഥാന്‍ ടീമിലെ ഒരു താരത്തിന് കോവിഡ്

ദക്ഷിണാഫ്രിക്കയിലെയും സിംബാബ്‍വേയിലെയും പര്യടനത്തിനുള്ള പാക്കിസ്ഥാന്‍ സംഘത്തിലെ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് സംഘത്തിലെ 35 അംഗങ്ങളിലും ടെസ്റ്റ് നടത്തുകയായിരുന്നു. ആരാണ് ഈ താരമെന്ന് ബോര്‍ഡ് പുറത്ത് വിട്ടില്ലെങ്കിലും പാക്കിസ്ഥാന്‍ പേസ് താരം ഹസന്‍ അലിയാണ് ഈ താരമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിയ്ക്കുന്ന സൂചന.

താരത്തിന് വ്യാഴാഴ്ചയും അതിന് രണ്ട് ദിവസത്തിനപ്പുറം വീണ്ടുമൊരു ടെസ്റ്റും നടത്തുമെന്നാണ് അറിയുന്നത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ ആരംഭിയ്ക്കും

ബയോ ബബിളില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ ആരംഭിയ്ക്കും എന്ന് അറിയിച്ച് പിസിബി. മത്സരങ്ങളെല്ലാം കറാച്ചിയില്‍ ആവും നടക്കുക എന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഫ്രാഞ്ചൈസികളും ഗവേണിംഗ് കൗണ്‍സിലുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ബോര്‍ഡ് ഈ തീരുമാനത്തിലെത്തിയത്.

ഏപ്രിലില്‍ പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് കളിക്കാനെത്തുന്നതിനാല്‍ തന്നെ ജൂണില്‍ മാത്രമാണ് ചെറിയൊരു ഇടവേള പിഎസ്എലിനായി ലഭ്യമായിട്ടുള്ളത്. ജൂണ്‍ കഴിഞ്ഞ് അധികം വൈകാതെ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിലേക്ക് യാത്രയാകും. ജൂണില്‍ എത്ര വിദേശ താരങ്ങള്‍ പിഎസ്എലില്‍ പങ്കെടുക്കുവാനുണ്ടാകുമെന്നതില്‍ വലിയ വ്യക്തതയില്ല.

20 മത്സരങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ ഇനി അവശേഷിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് സിംബാബ്‍വേ പര്യടനം കഴിഞ്ഞ് മേയ് 13ന് എത്തുന്ന ടീം ജൂണ്‍ 26ന് ഇംഗ്ലണ്ടിലേക്ക് യാത്രയാകും. ഈ കാലയളവിനുള്ളില്‍ ആണ് പിഎസ്എല്‍ നടത്തുവാനുള്ള ജാലകം ബോര്‍ഡ് തിരയുന്നത്.

ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് സമയം ഇല്ല – പിസിബി മുഖ്യന്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021 മാറ്റി വെച്ചതുമായി ബന്ധപ്പെട്ട് ആരാണ് കുറ്റക്കാരനെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് സമയമില്ലെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് വസീം ഖാന്‍. ലീഗില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് ലീഗ് നിര്‍ത്തി വയ്ക്കുവാനുള്ള സാഹചര്യം ഉണ്ടായത്.

ലീഗിലെ ബയോ ബബിള്‍ മോശം രീതിയിലാണ് ക്രമീകരിച്ചതെന്ന് നിശിതമായ വിമര്‍ശനവുമായി വിവിധ ഫ്രാഞ്ചൈസികള്‍ രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ലീഗ് തത്കാലം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചത്.

ഒരു കൂട്ടര്‍ മാത്രം വിചാരിച്ചാല്‍ ഈ വിഷമ സ്ഥിതിയില്‍ കാര്യങ്ങള്‍ എല്ലാം കൃത്യമായി നടക്കില്ലെന്നും ബയോ ബബിളില്‍ അതിന്റെ അച്ചടക്കത്തില്‍ കഴിയേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അതുണ്ടാകാത്തതിനാലാണ് ഇപ്പോള്‍ ഈ വിഷമ സ്ഥിതിയുണ്ടായതെന്നും വസീം ഖാന്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കുള്ള സമയം അല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഇപ്പോള്‍ പരസ്പരം പോരാടുവാനുള്ള സമയം അല്ലെന്നും ഈ തടസ്സം ലീഗുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും നഷ്ടമാണെന്നും അദ്ദേഹം അറിയിച്ചു. അതില്‍ ബോര്‍ഡ്, ഫ്രാഞ്ചൈസികള്‍, സ്പോണ്‍സര്‍മാര്‍, കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടുന്നുവെന്നും വസീം ഖാന്‍ വ്യക്തമാക്കി.

തടസ്സങ്ങളില്ലാതെ പാക്കിസ്ഥാനില്‍ നടത്തുന്ന ആദ്യ പിഎസ്എല്‍ സീസണാവും ഇതെന്നായിരുന്നു കരുതിയതെന്നും എന്നാല്‍ അത്തരം ഒരു സാഹചര്യം ഉണ്ടായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Exit mobile version