പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വെച്ചത് പാക്കിസ്ഥാനിലെ ക്രിക്കറ്റിനെ ബാധിക്കും

കോവിഡ് കേസുകളുടെ വര്‍ദ്ധനവിനാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം ബാദ്ധ്യസ്ഥരായി മാറിയിരുന്നു. ബയോ ബബിളില്‍ കേസുകളുടെ എണ്ണം ഉയര്‍ന്നത് ബോര്‍ഡ് ഒരുക്കിയ ക്രമീകരണങ്ങളിലെ പാളിച്ചയാണെന്നാണ് മുന്‍ നായകനും ഇതിഹാസ ബാറ്റ്സ്മാനുമായി ഇന്‍സമാം ഉള്‍ ഹക്ക് പറയുന്നത്.

കഴിഞ്ഞ തവണയും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ ഇത് സംഭവിച്ചുവെന്നും ഇനി മറ്റു രാജ്യങ്ങള്‍ തങ്ങളുടെ താരങ്ങളെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുമോ എന്നത് വലിയൊരു ചോദ്യമാണെന്നും ഇന്‍സമാം വ്യക്തമാക്കി. ഈ വീഴ്ച നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കണമെന്നാണ് മുന്‍ നായകനും പാക്കിസ്ഥാന്‍ ടീമിന്റെ മുന്‍ സെലക്ടറുമായിരുന്ന ഇന്‍സമാമിന്റെ പക്ഷം.

കോവിഡ് കേസുകളുടെ വര്‍ദ്ധനവ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനം

ഏഴ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനം. ആദ്യം ഡാനിയേല്‍ ക്രിസ്റ്റ്യന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയാണ് എന്ന് വിവരം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ടിരുന്നു. അതിന് ശേഷം ലഭിച്ച ഏറ്റവും പുതിയ വിവരപ്രകാരം ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുവാന്‍ ഫ്രാഞ്ചൈസികളുമായുള്ള മീറ്റിംഗിന് ശേഷം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പത്തോളം താരങ്ങള്‍ക്കാണ് ടൂര്‍ണ്ണമെന്റിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്ന് ഡാനിയേല്‍ ക്രിസ്റ്റ്യന്‍ പിന്മാറുകയാണെന്ന് തുറന്ന് പറഞ്ഞിരുന്നു. അതിന് പിന്നാലെ കൂടുതല്‍ വിദേശ താരങ്ങള്‍ ഇത്തരത്തില്‍ ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കണം അല്ലേല്‍ മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്.

ഈ സമയത്ത് ടൂര്‍ണ്ണമെന്റ് നടത്തുന്നത് മനുഷ്യ ജീവനുകളുടെ വിലയെ കരുതി ഒഴിവാക്കേണ്ട ഒരു കാര്യമാണെന്നാണ് തങ്ങള്‍ക്ക് പറയുവാനുള്ളതെന്ന് കറാച്ചി കിംഗ്സ് അറിയിച്ചു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ എല്ലാ താരങ്ങള്‍ക്കും സൗജന്യ വാക്സിനേഷന്‍ വാഗ്ദാനവുമായി പാക്കിസഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ എല്ലാവര്‍ക്കും കോവിഡ് 19 സൗജന്യ വാക്സിനേഷന്‍ നല്‍കുവാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വാക്സിനേഷന്‍ എടുക്കണോ വേണ്ടയോ എന്നത് താരങ്ങള്‍ക്ക് തീരുമാനിക്കാം. സമ്മതമുള്ള താരങ്ങള്‍ക്ക് നാളെ വ്യാഴാഴ്ച വാക്സിനേഷന്‍ നല്‍കുമെന്നാണ് ബോര്‍ഡ് പറയുന്നത്.

ബയോ ബബിളില്‍ കഴിയുന്ന എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കുവാന്‍ ആണ് ബോര്‍ഡ് തയ്യാറെടുക്കുന്നത്. ഇതോടെ കോവിഡ് 19 വാക്സിനേഷന്‍ നല്‍കുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് ബോര്‍ഡ് ആയി പിസിബി മാറും.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ 2 വിദേശ താരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കോവിഡ് കേസുകള്‍ കൂടി

ഫവദ് അഹമ്മദിന്റെ കോവിഡ് സ്ഥിരീകരണത്തിന് ശേഷം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നടത്തിയ കൊറോണ പരിശോധനയില്‍ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 244 ആളുകളില്‍ ആണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ ഇതില്‍ രണ്ട് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

ഒരു പ്രാദേശിക സപ്പോര്‍ട്ട് സ്റ്റാഫിനും കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് പേരെയും പ്രത്യേകം ഹോട്ടല്‍ നിലകളിലായാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് പാക്കിസ്ഥാന്‍ സമയം ഏഴ് മണിക്ക് നടക്കുവാനുള്ള മത്സരം നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നാണ് അറിയുന്നത്.

കായിക താരങ്ങള്‍ക്ക് വിസ നിഷേധിക്കില്ലെന്ന് അറിഞ്ഞിട്ടും എഹ്സാന്‍ മാനിയുടെ പ്രതികരണം നിരാശാജനകമെന്ന് ബിസിസിഐ

ഇന്ത്യന്‍ സര്‍ക്കാര്‍ ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ താരങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും വിസ നല്‍കണമെന്നാണ് ബിസിസിഐയോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി ആവശ്യപ്പെട്ടത്.

കായിക താരങ്ങള്‍ക്ക് വിസ നിഷേധിക്കില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും എഹ്സാന്‍ മാനി ഇത്തരം ആവശ്യം ഉന്നയിച്ചത് മോശം പെരുമാറ്റമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചത്. മാര്‍ച്ച് അവസാനത്തിനുള്ളില്‍ ഈ വിഷയത്തില്‍ ബിസിസിഐ അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ വേദി മാറ്റത്തിനായി ഐസിസിയെ സമീപിക്കുമെന്നാണ് എഹ്സാന്‍ മാനി പറഞ്ഞത്.

ഈ ഉറപ്പ് നല്‍കാനാകില്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് ലോകകപ്പ് യുഎഇയിലേക്ക് മാറ്റണമെന്നാണ് എഹ്സാന്‍ മാനിയുടെ ആവശ്യം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി നല്ല ബന്ധമുള്ള മാനിയില്‍ നിന്ന് ഇത്തരം ഒരു പ്രതികരണം അല്ല ബിസിസിഐ പ്രതീക്ഷിച്ചതെന്നും മാനിയുടെ പ്രതികരണം പക്വതയില്ലാത്തതാണെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ഉമര്‍ അക്മലിന്റെ ശിക്ഷ ഒരു വര്‍ഷത്തേക്ക് കുറച്ചു കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലീഗില്‍ തന്നെ സമീപിച്ച ബുക്കികളെക്കുറിച്ച് ബോര്‍ഡിനോട് അറിയിക്കാതിരുന്നതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയ ഉമര്‍ അക്മലിന് ആശ്വാസമായി കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്റെ വിധി. രണ്ട് തവണയാണ് താരത്തിനെ ബുക്കികള്‍ സമീപിച്ചത്. ഇത് റിപ്പോര്‍ട്ട് ചെയ്യാത്തതിന് താരത്തിനെ മൂന്ന് വര്‍ഷത്തേക്കാണ് പിസിബി വിലക്കിയത്.

ഫെബ്രുവരി 20, 2020ല്‍ വിലക്ക് ലഭിച്ച താരത്തിന്റെ വിലക്ക് ഒരു വര്‍ഷത്തേക്ക് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ കുറയ്ക്കുകയായിരുന്നു. 4.25 മില്യണ്‍ പാക്കിസ്ഥാന്‍ രൂപ പിഴയായും പാക്കിസ്ഥാന്റെ ആന്റി കറപ്ഷന്‍ കോഡിന്റെ റീഹാബിലേഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്താല്‍ താരത്തിന് തിരിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താമെന്നാണ് അറിയുന്നത്.

മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ആക്കി പാക്കിസ്ഥാന്‍, കരാര്‍ നിരസിച്ച് ഹഫീസ്

പാക്കിസ്ഥാന് വേണ്ട് അടുത്തിടെയായി ടെസ്റ്റിലും പരിമിത ഓവര്‍ ക്രിക്കറ്റിലും മിന്നും പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ഉയര്‍ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബാബര്‍ അസമിന്റെ അഭാവത്തില്‍ ന്യൂസിലാണ്ടില്‍ ടീമിനെ നയിക്കുകയും ചെയ്തിരുന്നു റിസ്വാന്‍.

അതേ സമയം ഫവദ് അലമിന് കേന്ദ്ര കരാര്‍ നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചു. മുഹമ്മദ് ഹഫീസിനും കരാര്‍ നല്‍കിയെങ്കിലും താരം അത് നിരസിക്കുകയായിരുന്നു.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്മാറ്റം, ഐസിസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ദക്ഷിണാഫ്രിക്കയിലെ പരമ്പരയില്‍ നിന്ന് പിന്മാറുവാന്‍ തീരുമാനിച്ച ഓസ്ട്രേലിയയുടെ തീരുമാനത്തില്‍ ഐസിസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഈ വിഷയം സൂചിപ്പിച്ച് ഐസിസിയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഔദ്യോഗികമായി കത്ത് നല്‍കിയെന്നാണ് അറിയുന്നത്. ഐസിസിയുടെ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ കമ്മിറ്റി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഏകാധിപത്യമാര്‍ന്ന തീരുമാനത്തില്‍ ഇടപെടണമെന്നാണ് ദക്ഷിണാഫ്രിക്കയുടെ ആവശ്യം.

മൂന്ന് ടെസ്റ്റില്‍ ആയിരുന്നു ടീമുകള്‍ കളിക്കേണ്ടിയിരുന്നതെങ്കിലും ദക്ഷിണാഫ്രിക്കയിലെ മോശം കോവിഡ് സാഹചര്യം പരിഗണിച്ച് ഓസ്ട്രേലിയന്‍ ബോര്‍ഡ് പരമ്പര ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ മുമ്പ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുവാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയില്ലാത്തതിനാല്‍ ബിസിസിഐ ടീം അയയ്ക്കാതിരുന്നപ്പോള്‍ അവര്‍ക്കെതിരെ ഇത് പോലെ പാക്കിസ്ഥാന്‍ ബോര്‍ഡ് അപ്പീല്‍ പോയങ്കിലും അന്ന് അത് ഡിആര്‍സി തള്ളുകയായിരുന്നു.

മിസ്ബയ്ക്ക് ഇനി കോച്ചിംഗ് ദൗത്യം മാത്രം, മുഹമ്മദ് വസീം പാക്കിസ്ഥാന്‍ സെലക്ടര്‍മാരുടെ ചെയര്‍മാന്‍

പാക്കിസ്ഥാന്റെ മുഖ്യ സെലക്ടറായി മുഹമ്മദ് വസീം തിരഞ്ഞെടുക്കപ്പെട്ടു. ഇതുവരെ മിസ്ബ ഉള്‍ ഹക്ക് കോച്ചിംഗിനൊപ്പം അധിക ചുമതലയായി മുഖ്യ സെലക്ടര്‍ പദവിയും അലങ്കരിയ്ക്കുകയായിരുന്നു. പിസിബി ചെയര്‍മാന്‍ എഹ്സാന്‍ മാനി ഈ നിയമനം അംഗീകരിക്കുകയായിരുന്നു.

മിസ്ബയ്ക്ക് കീഴില്‍ സെലക്ഷന്‍ കമ്മിറ്റിയില അംഗമായിരുന്നു മുഹമ്മദ് വസീം. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റുകളുടെയും മൂന്ന് ടി20യുടെയും പരമ്പരയാണ് മുഹമ്മദ് വസീമിന്റെ ആദ്യ മുഖ്യ സെലക്ടര്‍ എന്ന നിലയിലുള്ള ദൗത്യം.

സെലക്ഷന്‍ കമ്മിറ്റിയിലേക്കുള്ള മുഹമ്മദ് വസീമിന്റെ പകരക്കാരനെ ഉടനെ നിയമിക്കുമെന്നും പിസിബി അറിയിച്ചിട്ടുണ്ട്.

സിംബാബേയ്ക്കെതിരെയുള്ള ഏകദിനങ്ങള്‍ റാവല്‍പിണ്ടിയിലേക്ക് മാറ്റി പാക്കിസ്ഥാന്‍ ബോര്‍ഡ്

സിംബാബ്‍വേയ്ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ മുല്‍ത്താനില്‍ നിന്ന് മാറ്റി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഒക്ടോബര്‍ 30ന് ആരംഭിക്കുന്ന പരമ്പര റാവല്‍പിണ്ടിയിലേക്കാണ് മാറ്റിയത്. നേരത്തെ മുല്‍ത്താനില്‍ നടക്കാനിരുന്ന പരമ്പര ലോജിസ്റ്റിക്കല്‍ കാരണം ചൂണ്ടിക്കാട്ടിയാണ് റാവല്‍പിണ്ടിയിലേക്ക് മാറ്റിയത്.

ടി20 പരമ്പര ലാഹോറില്‍ നടക്കും. നവംബര്‍ 7നാണ് ടി20 പരമ്പര ആരംഭിക്കുക.

ഐസിസിയുടെ സാമ്പത്തിക നയം ക്രിക്കറ്റിനെ ബാധിക്കുന്നു – എഹ്സാന്‍ മാനി

ഐസിസിയുടെ ഇപ്പോളത്തെ സാമ്പത്തിക നയം ആണ് ക്രിക്കറ്റിനെ ഏറെ ബാധിക്കുന്നതെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് എഹ്സാന്‍ മാനി. ഇപ്പോളത്തെ സാമ്പത്തിക നയം ഉടച്ച് വാര്‍ത്ത് 92 ടെസ്റ്റ് കളിക്കാത്ത രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന രീതിയിലേക്ക് മാറ്റുകയാണ് വേണ്ടതെന്നാണ് എഹ്സാന്‍ മാനി പറയുന്നത്.

ഇപ്പോളത്തെ സാമ്പത്തിക നയത്തിന്റെ ഗുണഭോക്താക്കള്‍ ബിഗ്-3 രാജ്യങ്ങളാണ്. 2014ല്‍ നടപ്പിലാക്കിയ പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ച് ശേഷം ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കാണ് ഫണ്ടുകള്‍ കൂടുതലായി ലഭിയ്ക്കുന്നത്. ഇവരില്‍ നിന്ന് കുറവ് തുക മാത്രമാണ് മറ്റു ടെസ്റ്റ് ടീമുകള്‍ക്ക് ലഭിയ്ക്കുന്നത്. ടെസ്റ്റ് കളിക്കാത്ത രാജ്യങ്ങളുടെ സ്ഥിതി ഇതിലും മോശമാണ്.

പിന്നീട് 2017ല്‍ ഈ സാമ്പത്തിക നയം മാറ്റിയെങ്കിലും ഇപ്പോളും അതിന്റെ ഗുണം ടെസ്റ്റ് കളിക്കാത്ത രാജ്യങ്ങള്‍ക്ക് ലഭിയ്ക്കുന്നില്ലെന്നാണ് എഹ്സാന്‍ മാനിയുടെ വാദം. 2015ന് മുമ്പ് എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കും ഐസിസിയുടെ 75% ഫണ്ട് തുല്യമായി ലഭിയ്ക്കുമായിരുന്നുവെന്നും ബാക്കി 25% തുകയായിരുന്നു ടെസ്റ്റ് കളിക്കാത്ത രാജ്യങ്ങള്‍ക്കെന്നും മാനി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ കരാര്‍ നിരസിച്ച് മുഹമ്മദ് ഹഫീസ്, കരാര്‍ ബോര്‍ഡ് ഏതെങ്കിലും യുവതാരത്തിന് നല്‍കണമെന്നും ഹഫീസ്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കേന്ദ്ര കരാര്‍ വേണ്ടെന്ന് അറിയിച്ച് സീനിയര്‍ താരം മുഹമ്മദ് ഹഫീസ്. തനിക്ക് നല്‍കുന്നതിന് പകരം കരാറിന്റെ സുരക്ഷിതത്വം വേറെ ഏതെങ്കിലും യുവ താരത്തിനാണ് നല്‍കേണ്ടതെന്ന് ഹഫീസ് വ്യക്തമാക്കി. പ്രതിമാസം ഒരു ലക്ഷം പാക്കിസ്ഥാനി രൂപ ലഭിയ്ക്കുന്ന കരാറാണ് ബോര്‍ഡ് വെച്ച് നീട്ടിയതെന്നാണ് അറിയുന്നത്.

ഇതോടെ താരത്തിന് മാച്ച് ഫീസും ദിനബത്തയും മാത്രമേ ലഭിയ്ക്കുകയുള്ളു. പ്രതിമാസമുള്ള വേതനം ബോര്‍ഡിനോട് ആവശ്യമില്ലെന്ന് താരം അറിയിക്കുകയായിരുന്നു. തനിക്ക് പകരം ഏതെങ്കിലും യുവ താരത്തിന് കരാര്‍ നല്‍കണമെന്നാണ് ഹഫീസിന്റെ ആവശ്യം. നേരത്തെ സീനിയര്‍ താരങ്ങളായ ഹഫീസും ഷൊയ്ബ് മാലിക്കും കളം ഒഴിഞ്ഞ് യുവ താരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് മുന്‍ പാക് താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

Exit mobile version