ഓസ്ട്രേലിയന്‍ ബൗളിംഗ് യൂണിറ്റ് സുസജ്ജം, ആഷസിനു തയ്യാര്‍

കഴിഞ്ഞ തവണ ആഷസിനു വേണ്ടി ഇംഗ്ലണ്ട് സന്ദര്‍ശിച്ചതിലും ശക്തമാണ് ഓസ്ട്രേലിയയുടെ ഫാസ്റ്റ് ബൗളര്‍മാരെന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്. ഇത്തവണ ആഷസിനു സസുജ്ജമാണെന്നാണ് പാറ്റ് കമ്മിന്‍സ് അഭിപ്രായപ്പെടുന്നത്. 2015ല്‍ ടീമിലുണ്ടായിരുന്നുവെങ്കിലും അന്ന് അവസരം ലഭിക്കാതിരുന്ന താരമാണ് പാറ്റ് കമ്മിന്‍സ്. അന്ന് കളിച്ചവരില്‍ മിച്ചല്‍ ജോണ്‍സണും പീറ്റര്‍ സിഡിലും ഇപ്പോള്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിനും ജോഷ് ഹാസല്‍വുഡിനുമൊപ്പം പന്തെറിയുന്ന താരമാണ് പാറ്റ് കമ്മിന്‍സ്.

ഇത്തവണ ഓസ്ട്രേലിയയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ പുരസ്കാരം നേടിയ താരം കൂടിയാണ് പാറ്റ് കമ്മിന്‍സ്. മികച്ച ഫോമില്‍ കളിക്കുന്ന പാറ്റ് കമ്മിന്‍സിനൊപ്പം സ്റ്റാര്‍ക്കും ഹാസല്‍വുഡും ഫോമിലേക്കുയര്‍ന്നാല്‍ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിക്കുവാന്‍ പോന്ന ടീമായി ഓസ്ട്രേലിയ മാറും. സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്ക് കഴിഞ്ഞെത്തും എന്നതും ടീമിനെ കൂടതല്‍ ശക്തമാക്കുന്നു.

ഡെന്നിസ് ലില്ലിയ്ക്ക് നന്ദിയറിയിച്ച് പാറ്റ് കമ്മിന്‍സ്

നഥാന്‍ ലയണിനെ പിന്തള്ളി ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ സ്വന്തമാക്കിയ പാറ്റ് കമ്മിന്‍സ് തന്റെ നേട്ടത്തിനു ഡെന്നിസ് ലില്ലിയോട് നന്ദിയറിയിച്ചു. ഓസ്ട്രേലിയയുടെ ഫാസ്റ്റ് ബൗളിംഗ് ഇതിഹാസമായ ഡെന്നിസ് ലില്ലിയാണ് തന്റെ ബൗളിംഗ് മെച്ചപ്പെടുവാന്‍ കാരണമായ പ്രധാന വ്യക്തിയെന്നാണ് പാറ്റ് അറിയിച്ചത്. കഴിഞ്ഞ കുറേ വര്‍ഷമായി ഡെന്നിസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ഞാന്‍ ഇടയ്ക്ക് ഫോണില്‍ ഇതിഹാസ താരവുമായി ബന്ധപ്പെടാറുണ്ടെന്ന് പാറ്റ് കമ്മിന്‍സ്.

തനിക്ക് കാര്യങ്ങള്‍ 100 ശതമാനം ശരിയല്ലെന്ന് തോന്നുകയാണെങ്കില്‍ ലില്ലിയ്ക്ക് തന്റെ ബൗളിംഗ് ഫുട്ടേജ് അയയ്ച്ച് നല്‍കാറുണ്ട്. ബൗളിംഗിന്റെ സാങ്കേതിക വശങ്ങള്‍ മാത്രമല്ല സീസണില്‍ എങ്ങനെ കൈകാര്യം ചെയ്യണം, എങ്ങനെ ഓരോ വിക്കറ്റിലും പന്തെറിയണമെന്ന ഉപദേശങ്ങളും ലില്ലിയില്‍ നിന്നെനിക്ക് ലഭിക്കാറുണ്ട്. എന്റെ ഒപ്പം തന്നെ എന്നും നിന്നിട്ടുള്ള വ്യക്തിയാണ് ഡെന്നിസ് ഈ സമ്മാനം അദ്ദേഹത്തിനുള്ളതാണെന്നും പാറ്റ് അറിയിച്ചു.

ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് ബൗളിംഗ് കോച്ചായി അടുത്തിടെ രാജിവെച്ച ഡേവിഡ് സാക്കറുടെ സേവനങ്ങളെയും പാറ്റ് കമ്മിന്‍സ് സ്മരിച്ചു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിലും താന്‍ ഏറെ സന്തോഷം കണ്ടെത്തിയിരുന്നുവെന്ന് പാറ്റ് അറിയിച്ചു.

അലന്‍ ബോര്‍ഡര്‍ മെഡല്‍ പാറ്റ് കമ്മിന്‍സിനു, അലൈസ ഹീലി മികച്ച വനിത താരം

ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ സ്വന്തമാക്കി പാറ്റ് കമ്മിന്‍സ്. 2014നു ശേഷം ഈ മെഡല്‍ നേടുന്ന ഡേവിഡ് വാര്‍ണറോ സ്റ്റീവന്‍ സ്മിത്തോ അല്ലാത്ത ആദ്യ താരം കൂടിയാണ് പാറ്റ് കമ്മിന്‍സ്. 156 വോട്ടുകള്‍ നേടി നഥാന്‍ ലയണ്‍(150), ആരോണ്‍ ഫിഞ്ച്(146) എന്നിവരെ പിന്തള്ളിയാണ് പാറ്റ് കമ്മിന്‍സ് ഈ വിലയേറിയ അവാര്‍ഡ് സ്വന്തമാക്കിയത്. ഉസ്മാന്‍ ഖവാജയും മാര്‍ക്കസ് സ്റ്റോയിനിസുമാണ് അവസാന അഞ്ച് പേരില്‍ എത്തിയ മറ്റു താരങ്ങള്‍.

44 ടെസ്റ്റ് വിക്കറ്റുകളും (ജനുവരി 9 2018 മുതല്‍ ജനുവരി 7 2019 വരെ) രണ്ട് അര്‍ദ്ധ ശതകങ്ങള്‍ അടക്കമുള്ള പ്രകടനവുമാണ് പാറ്റ് കമ്മിന്‍സിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

വനിത വിഭാഗത്തില്‍ ബെലിന്‍ഡ ക്ലാര്‍ക്ക് മെഡല്‍ ഉള്‍പ്പെടെ ഏകദിന, ടി20 താരമായും തിരഞ്ഞെടുക്കപ്പെട്ടത് അലൈസ ഹീലിയായിരുന്നു. ഐസിസിയുടെ ടി20 താരമായും തിരഞ്ഞെടുക്കപ്പെട്ടത് അലൈസയായിരുന്നു. ഓസ്ട്രേലിയയെ നാലാം ടി20 ലോകകപ്പ് നേടുന്നതില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തതും അലൈസ ആയിരുന്നു.

ഏകദിന താരമായി മാര്‍ക്കസ് സ്റ്റോയിനിസിനെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. യുവതാരം വില്‍ പുകോവസ്കിയാണ് യുവ താരത്തിനുള്ള ഡോണ്‍ ബ്രാഡ്മാന്‍ അവാര്‍ഡിനു അര്‍ഹനായത്. വനിത വിഭാഗത്തില്‍ ഇതേ ഗണത്തിലുള്ള ബെറ്റി വില്‍സണ്‍ അവാര്‍ഡ് ജോര്‍ജ്ജിയ വെയര്‍ഹാമിു ലഭിച്ചു.

ഡാര്‍സി ഷോര്‍ട്ട്, ആരോണ്‍ ഫിഞ്ച് എന്നിവരെ പിന്തള്ളി ഗ്ലെന്‍ മാക്സ്വെല്‍ ആണ് പുരുഷ വിഭാഗത്തില്‍ ടി0 താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യ ഇന്നിംഗ്സിലേതിനെക്കാള്‍ ദയനീയ പ്രകടനവുമായി ശ്രീലങ്ക, ഓസ്ട്രേലിയയ്ക്ക് ഇന്നിംഗ്സിനും 40 റണ്‍സിനും ജയം

ശ്രീലങ്കയ്ക്കെതിരെ ഗാബയിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഒരിന്നിംഗ്സിനും 40 റണ്‍സിന്റെയും ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് ടെസ്റ്റിന്റെ മൂന്നാം ദിവസം രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയെ 139 റണ്‍സിനു പുറത്താക്കുകയായിരുന്നു ഓസ്ട്രേലിയ. പാറ്റ് കമ്മിന്‍സ് ആറ് വിക്കറ്റും ജൈ റിച്ചാര്‍ഡ്സണ്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ നഥാന്‍ ലയണിനു ഒരു വിക്കറ്റ് ലഭിച്ചു. ലഹിരു കുമര പരിക്കേറ്റതിനാല്‍ ബാറ്റ് ചെയ്യാന്‍ എത്തീരുന്നില്ല.

32 റണ്‍സ് നേടിയ ലഹിരു തിരിമന്നേയാണ് ടീമിന്റെ ടോപ് സ്കോറര്‍. നിരോഷന്‍ ഡിക്ക്വെല്ലയും സുരംഗ ലക്മലും 24 വീതം റണ്‍സ് നേടി. 50.5 ഓവറിലാണ് ശ്രീലങ്കയുടെ ഇന്നിംഗ്സിനു തിരശ്ശീല വീണത്. ആദ്യ ഇന്നിംഗ്സില്‍ ലങ്ക 144 റണ്‍സിനു പുറത്തായിരുന്നു.

ലങ്കയ്ക്കെതിരെയും രണ്ട് ഉപനായകന്മാരെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ശ്രീലങ്കയ്ക്കെതിരെയും രണ്ട് ഉപ നായകന്മാരെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഒന്ന് മിച്ചല്‍ മാര്‍ഷിനെയും ജോഷ് ഹാസല്‍വുഡിനെയുമാണ് ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ഉപ നായകന്മാരായി പ്രഖ്യാപിച്ചതെങ്കില്‍ ഇത്തവണ ട്രാവിസ് ഹെഡിനെയും പാറ്റ് കമ്മിന്‍സിനുമാണ് സ്ഥാനം നല്‍കിയിരിക്കുന്നത്.

ജോഷ് ഹാസല്‍വുഡ് പരിക്ക് മൂലം പുറത്ത് പോയപ്പോള്‍ മോശം ഫോം മിച്ചല്‍ മാര്‍ഷിനു തിരിച്ചടിയായി. ടീമില്‍ സ്ഥാനം തന്നെ സംശയമായ താരത്തെ ഉപനായക പദവിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

മഴയെയും കമ്മിന്‍സിനെയും മറികടന്ന് ഇന്ത്യയ്ക്ക് മെല്‍ബേണില്‍ ചരിത്ര വിജയം

മഴ വില്ലനായി മാറുമോയെന്ന ഭീതി മെല്‍ബേണിലെ അഞ്ചാം ദിവസം പടര്‍ന്നുവെങ്കിലും ശേഷിക്കുന്ന 2 വിക്കറ്റുകളും മഴ മാറിയ നിമിഷത്തില്‍ ക്ഷണനേരത്തില്‍ വീഴ്ത്തി മെല്‍ബേണില്‍ ചരിത്രം കുറിച്ച് ഇന്ത്യ. പാറ്റ് കമ്മിന്‍സ് തീര്‍ത്ത പ്രതിരോധത്തെയും മഴ ഭീഷണിയെയും മറികടന്ന് വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. അവസാന ടെസ്റ്റിനായി സിഡ്നിയിലേക്ക് ടീമുകള്‍ യാത്രയാകുമ്പോള്‍ ഇന്ത്യയ്ക്ക് 2-1 എന്ന ലീഡാണ് പരമ്പരയിലുള്ളത്.

63 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സിനെയും പുറത്താക്കിയത് ജസ്പ്രീത് ബുംറയായിരുന്നു. ബുംറയുടെ മൂന്നാം വിക്കറ്റാണ് ഇന്നിംഗ്സിലേത്. 261 റണ്‍സിനു ഓസ്ട്രേലിയ ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ മത്സരം 137 റണ്‍സിനു വിജയിക്കുകയായിരുന്നു. അവസാന വിക്കറ്റായ നഥാന്‍ ലയണിനെ ഇഷാന്ത് ശര്‍മ്മയാണ് വീഴ്ത്തിയത്.

106/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, മത്സരത്തില്‍ 9 വിക്കറ്റ് നേടി കമ്മിന്‍സ്

രണ്ടാം ഇന്നിംഗ്സ് 106/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. നാലാം ദിവസം മത്സരം ആരംഭിച്ചപ്പോള്‍ 54/5 എന്ന നിലയിലായിരുന്ന ഇന്ത്യ ഋഷഭ് പന്ത് പുറത്തായപ്പോള്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആറാം വിക്കറ്റില്‍ 39 റണ്‍സ് നേടിയ ശേഷം മയാംഗ്-പന്ത് കൂട്ടുകെട്ടിനെ ഓസ്ട്രേലിയ തകര്‍ക്കുകയായിരുന്നു. 42 റണ്‍സ് നേടിയ മയാംഗിനെയും പാറ്റ് കമ്മിന്‍സ് തന്നെയാണ് പുറത്താക്കിയത്.

രവീന്ദ്ര ജഡേജയുടെ വിക്കറ്റും കമ്മിന്‍സ് നേടിയപ്പോള്‍ 33 റണ്‍സ് നേടിയ പന്തിനെ പുറത്താക്കി ഹാസല്‍വുഡ് മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 399 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വിജയം സ്വന്തമാക്കുവാന്‍ നല്‍കിയത്. പാറ്റ് കമ്മിന്‍സ് ഇന്നിംഗ്സിലെ വിക്കറ്റ് നേട്ടം ആറാക്കി മാറ്റി.

ഓസ്ട്രേലിയ ബാറ്റ് വീശേണ്ടത് കോഹ്‍ലിയെയും പുജാരയെയും പോലെ: പാറ്റ് കമ്മിന്‍സ്

വിരാട് കോഹ്‍ലിയെയും പുജാരയെയും പൂജ്യത്തിനു പുറത്താക്കി ഇന്ത്യയെ രണ്ടാം ഇന്നിംഗ്സില്‍ പ്രതിരോധത്തിലാക്കിയ പാറ്റ് കമ്മിന്‍സ് പറയുന്നത് ഇരുവരും ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് വീശിയത് പോലെ ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യണമെന്നാണ്. ഇരുവരുടെയും ആദ്യ ഇന്നിംഗ്സിലെ പ്രകടനം ഇന്ത്യയെ 443 എന്ന മികച്ച സ്കോറിലേക്ക് നയിച്ചുവെങ്കിലും പല ഭാഗത്ത് നിന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇരുവരും മെല്ലെയാണ് ഇന്ത്യയുടെ ഇന്നിംഗ്സ് നീക്കിയത്. ഇന്ത്യ പരാജയപ്പെടുവാണെങ്കില്‍ ഇവരുടെ ഇന്നിംഗ്സാവും കാരണമെന്നാണ് റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഈ ശൈലിയെ പ്രകീര്‍ത്തിച്ചാണ് രണ്ടാം ഇന്നിംഗ്സിലെ ഇന്ത്യയുടെ അന്തകന്‍ അഭിപ്രായപ്പെടുന്നത്. 409 പന്തുകള്‍ നേരിട്ട സഖ്യം 107 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയിരുന്നു. ഈ കൂട്ടുകെട്ടിനെ പോലെ ക്രീസില്‍ സമയം ചെലവഴിക്കുവാന്‍ ഓസീസ് ബാറ്റ്സ്മാന്മാര്‍ക്ക് സാധിക്കണമെന്നാണ് കമ്മിന്‍സിന്റെ അഭിപ്രായം.

രണ്ടാം ഇന്നിംഗ്സില്‍ 28/0 എന്ന നിലില്‍ നിന്ന് ഇന്ത്യ 44/5 എന്ന നിലയിലേക്ക് വീണിരുന്നു. ഇതില്‍ ആദ്യം വീണ നാല് വിക്കറ്റും വീഴ്ത്തിയത് പാറ്റ് കമ്മിന്‍സ് ആയിരുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്ക് 346 റണ്‍സിന്റെ വലിയ ലീഡാണ് കൈവശമുള്ളത്.

പാറ്റ് കമ്മിന്‍സിനു മുന്നില്‍ പതറി ഇന്ത്യ, മയാംഗ് മാത്രം പിടിച്ചു നില്‍ക്കുന്നു

ഓസ്ട്രേലിയയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റഅ ചെയ്യുവാനുള്ള ഇന്ത്യയുടെ തീരുമാനം പാളി. പാറ്റ് കമ്മിന്‍സിന്റെ തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ പതറിയപ്പോള്‍ ഇന്ന് ഇന്ത്യന്‍ ഇന്നിംഗ്സില്‍ വീണ അഞ്ച് വിക്കറ്റുകളില്‍ നാലും നേടി പാറ്റ് കമ്മിന്‍സ് ഓസീസ് നിരയിലെ സുവര്‍ണ്ണ താരമായി മാറി.

മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 54/5 എന്ന നിലയിലാണ്. വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയും പൂജ്യത്തിനു പുറത്തായപ്പോള്‍ ഓപ്പണര്‍മാര്‍ മാത്രമാണ് ടീമില്‍ ഇതുവരെ രണ്ടക്കം കടന്നത്. 13 റണ്‍സ് നേടിയ ഹനുമ വിഹാരി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 28 ആയിരുന്നു. 28/0 എന്ന നിലയില്‍ നിന്ന് രണ്ട് ഓവറുകളുടെ വ്യത്യാസത്തില്‍ ഇന്ത്യ 28/3 എന്ന നിലയിലേക്കും പിന്നീട് 44/5 എന്ന നിലയിലേക്കും കൂപ്പ് കുത്തുകയായിരുന്നു.

ഇന്ത്യയ്ക്കായി 28 റണ്‍സുമായി മയാംഗ് അഗര്‍വാലും 6 റണ്‍സ് നേടി ഋഷഭ് പന്തുമാണ് ക്രീസില്‍ നില്‍ക്കുന്നത്. പാറ്റ് കമ്മിന്‍സിനു പുറമെ ജോഷ് ഹാസല്‍വുഡ് ആണ് വിക്കറ്റ് നേടിയ മറ്റൊരു താരം. ഇന്ത്യയ്ക്ക് നിലവില്‍ മത്സരത്തില്‍ 346 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

മെല്‍ബേണില്‍ റണ്‍ പറുദ്ദീസ, 443 റണ്‍സിനു ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

മെല്‍ബേണിലെ മൂന്നാം ടെസ്റ്റില്‍ 443 റണ്‍സിനു ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കാറായപ്പോളാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. 7 വിക്കറ്റുകള്‍ നഷ്ടമായപ്പോളാണ് ഇന്ത്യയുടെ ഡിക്ലറേഷന്‍. ചേതേശ്വര്‍ പുജാര ശതകം നേടിയപ്പോള്‍ വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.

215/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ തന്നെ വിരാട് കോഹ്‍ലിയെയും ചേതേശ്വര്‍ പുജാരയെയും നഷ്ടമായിരുന്നു. 82 റണ്‍സ് നേടിയ കോഹ്‍ലിയെ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ശതകം തികച്ച പുജാരയെ പാറ്റ് കമ്മിന്‍സ് മടക്കി. 106 റണ്‍സാണ് പുജാര നേടിയത്. തുടര്‍ന്ന് അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഇന്ത്യയെ 350 കടക്കുവാന്‍ സഹായിച്ചു.

34 റണ്‍സ് നേടിയ രഹാനയെ ലയണ്‍ പുറത്താക്കി. 63 റണ്‍സുമായി രോഹിത് അപരാജിതനായി നിന്നപ്പോള്‍ ഋഷഭ് പന്ത് 39 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് നേടി.

രണ്ടാം ദിവസം അവസാനിയ്ക്കുമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സ് നേടിയിട്ടഉണ്ട്. മാര്‍ക്കസ് ഹാരിസ്(5*), ആരോണ്‍ ഫിഞ്ച്(3*) എന്നിവരാണ് ക്രീസില്‍.

നഷ്ടം രണ്ട് വിക്കറ്റ് മാത്രം, മെല്ലെയെങ്കിലും മെല്‍ബേണില്‍ ഇന്ത്യ മികച്ച നിലയിലേക്ക്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും ആദ്യ ദിനം ഇന്ത്യയ്ക്ക് സ്വന്തം. നേടാനായത് 215 റണ്‍സ് മാത്രമാണെങ്കിലും ആദ്യ ദിവസം രണ്ട് വിക്കറ്റിന്റെ നഷ്ടം മാത്രം സംഭവിച്ചുവെന്നതില്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാം. മയാംഗ് അഗര്‍വാല്‍ തന്റെ അരങ്ങേറ്റത്തില്‍ തന്നെ അര്‍ദ്ധ ശതകം നേടിയ മത്സരത്തില്‍ നിലവില്‍ ഇന്ത്യയ്ക്കായി 92 റണ്‍സ് നേടി മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

പുജാരയും(68*) മയാംഗ് അഗര്‍വാലും(76) അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ വിരാട് കോഹ്‍ലി തന്റെ അര്‍ദ്ധ ശതകത്തിനു മൂന്ന് റണ്‍സ് അകലെയാണ്. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റ് നേടി.

ശതകമില്ലാതെ മയാംഗിനു മടക്കം, ഓസ്ട്രേലിയയ്ക്കായി ഇരു വിക്കറ്റുകളും നേടി പാറ്റ് കമ്മിന്‍സ്

ചായയ്ക്ക് തൊട്ടുമുമ്പ് പാറ്റ് കമ്മിന്‍സിന്റെ ഓവറില്‍ ക്യാപ്റ്റന്‍ ടിം പെയിന്‍ പിടിച്ച് മയാംഗ് പുറത്താകുമ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് അരങ്ങേറ്റക്കാരന്‍ നേടിയത് 76 റണ്‍സായിരുന്നു. 161 പന്തില്‍ നിന്ന് 8 ഫോറുകളും ഒരു സിക്സും അടക്കം വളരെ പക്വമായ ഒരിന്നിംഗ്സാണ് ഇന്ന് തന്റെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ മയാംഗ് സ്വന്തമാക്കിയത്. ചായയ്ക്ക് പിരിയുന്നതിനു മുമ്പുള്ള അവസാന ഓവറിലെ അഞ്ചാം പന്തിലാണ് മയാംഗിന്റെ മടക്കം.

നേരത്തെ ഇന്ത്യയുടെ പകരക്കാരന്‍ ഓപ്പണര്‍ ഹനുമ വിഹാരിയെ പുറത്താക്കിയ പാറ്റ് കമ്മിന്‍സ് തന്നെയാണ് മയാംഗിന്റെയും അന്തകനായത്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 54.5 ഓവറില്‍ 123/2 എന്ന നിലയിലാണ്. ചേതേശ്വര്‍ പുജാര 33 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

Exit mobile version