ഡെന്നിസ് ലില്ലിയ്ക്ക് നന്ദിയറിയിച്ച് പാറ്റ് കമ്മിന്‍സ്

നഥാന്‍ ലയണിനെ പിന്തള്ളി ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ സ്വന്തമാക്കിയ പാറ്റ് കമ്മിന്‍സ് തന്റെ നേട്ടത്തിനു ഡെന്നിസ് ലില്ലിയോട് നന്ദിയറിയിച്ചു. ഓസ്ട്രേലിയയുടെ ഫാസ്റ്റ് ബൗളിംഗ് ഇതിഹാസമായ ഡെന്നിസ് ലില്ലിയാണ് തന്റെ ബൗളിംഗ് മെച്ചപ്പെടുവാന്‍ കാരണമായ പ്രധാന വ്യക്തിയെന്നാണ് പാറ്റ് അറിയിച്ചത്. കഴിഞ്ഞ കുറേ വര്‍ഷമായി ഡെന്നിസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ഞാന്‍ ഇടയ്ക്ക് ഫോണില്‍ ഇതിഹാസ താരവുമായി ബന്ധപ്പെടാറുണ്ടെന്ന് പാറ്റ് കമ്മിന്‍സ്.

തനിക്ക് കാര്യങ്ങള്‍ 100 ശതമാനം ശരിയല്ലെന്ന് തോന്നുകയാണെങ്കില്‍ ലില്ലിയ്ക്ക് തന്റെ ബൗളിംഗ് ഫുട്ടേജ് അയയ്ച്ച് നല്‍കാറുണ്ട്. ബൗളിംഗിന്റെ സാങ്കേതിക വശങ്ങള്‍ മാത്രമല്ല സീസണില്‍ എങ്ങനെ കൈകാര്യം ചെയ്യണം, എങ്ങനെ ഓരോ വിക്കറ്റിലും പന്തെറിയണമെന്ന ഉപദേശങ്ങളും ലില്ലിയില്‍ നിന്നെനിക്ക് ലഭിക്കാറുണ്ട്. എന്റെ ഒപ്പം തന്നെ എന്നും നിന്നിട്ടുള്ള വ്യക്തിയാണ് ഡെന്നിസ് ഈ സമ്മാനം അദ്ദേഹത്തിനുള്ളതാണെന്നും പാറ്റ് അറിയിച്ചു.

ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് ബൗളിംഗ് കോച്ചായി അടുത്തിടെ രാജിവെച്ച ഡേവിഡ് സാക്കറുടെ സേവനങ്ങളെയും പാറ്റ് കമ്മിന്‍സ് സ്മരിച്ചു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിലും താന്‍ ഏറെ സന്തോഷം കണ്ടെത്തിയിരുന്നുവെന്ന് പാറ്റ് അറിയിച്ചു.

Exit mobile version