ലക്ഷ്യബോധമില്ലാതെ പാക് ടോപ് ഓര്‍ഡര്‍, പൊരുതി നോക്കിയത് വഹാബ്-സര്‍ഫ്രാസ് കൂട്ടുകെട്ട്, ഓസ്ട്രേലിയയ്ക്കെതിരെ 41 റണ്‍സിന്റെ തോല്‍വി

307 റണ്‍സിനു ഓസ്ട്രേലിയയെ എറിഞ്ഞിട്ട് മികച്ച തിരിച്ചുവരവ് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ നടത്തിയെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ വന്നപ്പോള്‍ 41 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി പാക്കിസ്ഥാന്‍. ഇന്ന് 308 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് 266 റണ്‍സ് മാത്രമേ നേടാനായുള്ളു. പാക് ബാറ്റ്സ്മാന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ കാര്യങ്ങള്‍ ടീമിനു കൂടുതല്‍ ശ്രമകരമായി. 136/2 എന്ന നിലയില്‍ നിന്ന് 160/6 എന്ന നിലയിലേക്ക് വീണതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.

ഫകര്‍ സമനെ ആദ്യം തന്നെ നഷ്ടമായെങ്കിലും പിന്നീട് ഇമാം ഉള്‍ ഹക്ക് അര്‍ദ്ധ ശതകം നേടിയെങ്കിലും ബാബര്‍ അസം(30), മുഹമ്മദ് ഹഫീസ്(46) എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാതിരുന്നപ്പോള്‍ പാക് ബാറ്റിംഗ് ലക്ഷ്യ ബോധമില്ലാതെ നീങ്ങുകയായിരുന്നു. ഹസന്‍ അലിയുടെ 15 പന്തില്‍ നിന്നുള്ള 32 റണ്‍സും സര്‍ഫ്രാസ് അഹമ്മദ്-വഹാബ് റിയാസ് എന്നിവരുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടുമെല്ലാം പൊരുതി നോക്കിയെങ്കിലും ടോപ് ഓര്‍ഡറില്‍ നിന്നു കുറച്ച് കൂടി ഉത്തരവാദിത്വമുള്ള പ്രകടനം വന്നിരുന്നുവെങ്കില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം മറികടന്നേനെ.

സര്‍ഫ്രാസും വഹാബ് റിയാസും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 64 റണ്‍സാണ് നേടിയതെങ്കിലും കൂട്ടുകെട്ട് മിച്ചല്‍ സ്റ്റാര്‍ക്ക് തകര്‍ക്കുകയായിരുന്നു. 45 റണ്‍സാണ് വഹാബ് റിയാസ് നേടിയത്. 2 ഫോറും 3 സിക്സുമാണ് താരത്തിന്റെ സംഭാവന.  ഏറെ വൈകാതെ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 45.4 ഓവറില്‍ 266 റണ്‍സിനു അവസാനിച്ചു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

മികവ് കാട്ടി പാറ്റ് കമ്മിന്‍സും ആഡം സംപയും, അഫ്ഗാനിസ്ഥാന്‍ 207 റണ്‍സിനു ഓള്‍ഔട്ട്

ഓസ്ട്രേലിയയ്ക്കെതിരെ 207 റണ്‍സിനു ഓള്‍ഔട്ട് ആയി അഫ്ഗാനിസ്ഥാന്‍. ഏഷ്യയിലെ മറ്റു വമ്പന്മാര്‍ക്ക് ഇതുവരെ ഈ ടൂര്‍ണ്ണമെന്റില്‍ നേടുവാന്‍ കഴിയാതിരുന്നത് എന്നാല്‍ അഫ്ഗാനിസ്ഥാന് ഇന്ന് സാധിച്ചു. ഇരുനൂറ് കടക്കുക എന്ന ലക്ഷ്യമാണ് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് അഫ്ഗാനിസ്ഥാന്‍ നേടിയത്. 5 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മത് ഷാ(43), ഗുല്‍ബാദിന്‍ നൈബ്(31), നജീബുള്ള സദ്രാന്‍(51) എന്നിവര്‍ മികവ് കാട്ടിയപ്പോള്‍ റഷീദ് ഖാന്‍ 11 പന്തില്‍ നിന്ന് 27 റണ്‍സ് നേടി.

ആഡം സംപയും പാറ്റ് കമ്മിന്‍സും മൂന്ന് വീതം വിക്കറ്റും മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും നേടിയാണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

ബുംറയും ഈ രണ്ട് ഓസ്ട്രേലിയന്‍ താരങ്ങളും ലോകകപ്പില്‍ തിളങ്ങുന്ന ബൗളര്‍മാര്‍

2019 ലോകകപ്പില്‍ തിളങ്ങുന്ന ബൗളര്‍മാര്‍ ആരെന്ന തന്റെ അഭിപ്രായം വെളിപ്പെടുത്തി ബ്രെറ്റ് ലീ. മൂന്ന് താരങ്ങളെ ലീ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയും രണ്ട് ഓസ്ട്രേലിയന്‍ താരങ്ങളുമാണ് ഇടം പിടിച്ചത്. മേയ് 30നു ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും പാറ്റ് കമ്മിന്‍സിനെയും തിരഞ്ഞെടുത്ത ബ്രെറ്റ് ലീ ജസ്പ്രീത് ബുംറയെയും തന്റെ മൂന്നംഗ പട്ടികയില്‍ ഉള്‍പ്പെടുത്തി.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസ് പരിഗണിക്കേണ്ടത് തന്നെയാണെന്നും താരത്തിനോളം ക്വാളിറ്റിയുള്ള താരം ലോകകപ്പില്‍ വളരെ കുറവാണെന്നമാണ് ബ്രെറ്റ് ലീയുടെ അഭിപ്രായം. മികച്ച പേസും യോര്‍ക്കറുകളുമുള്ള മികവുറ്റ ബൗളറായ ജസ്പ്രീത് ബുംറയാണ് തന്റെ പട്ടികയില്‍ രണ്ടാം സ്ഥാനമെന്ന് ബ്രെറ്റ് ലീ പറഞ്ഞു. പാറ്റ് കമ്മിന്‍സിന്റെ കൃത്യതയും പേസും വൈവിധ്യങ്ങളും താരത്തെ അപകടകാരിയാക്കുന്നുവെന്ന് ലീ പറഞ്ഞു.

പാറ്റ് കമ്മിന്‍സിനു വിശ്രമം, പാക്കിസ്ഥാനെതിരെയുള്ള അവസാന മത്സരങ്ങളില്‍ കളിയ്ക്കില്ല

പാക്കിസ്ഥാനെതിരെയുള്ള അവസാന രണ്ട് ഏകദിനങ്ങളില്‍ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനു വിശ്രമം നല്‍കുവാന്‍ തീരുമാനിച്ച് ഓസ്ട്രേലിയ. ലോകകപ്പ് രണ്ട് മാസം മാത്രേ അകലെയുള്ളപ്പോള്‍ പരമ്പര 3-0നു ജയിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക് കമ്മിന്‍സിനു വിശ്രമം ആവാമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു. മൂന്നാം മത്സരത്തില്‍ 23 റണ്‍സിനു മൂന്ന് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയത്.

പരിക്കേറ്റ് ജൈ റിച്ചാര്‍ഡ്സണും യുഎഇയില്‍ നിന്ന് നാട്ടിലേക്ക് ഉടന്‍ മടങ്ങും. മാര്‍ച്ച് 29നും മാര്‍ച്ച് 31നുമാണ് ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്.

80 റണ്‍സ് ജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ മൂന്നാം ഏകദിനവും സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ 266 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പാക്കിസ്ഥാനെ 186 റണ്‍സിനു ഓള്‍ഔട്ട് ആക്കി 80 റണ്‍സ് ജയം നേടിക്കൊടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ച് തുടര്‍ച്ചയായ മൂന്നാം ശതകത്തിനു തൊട്ടടുത്തെത്തി പുറത്തായെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ടാണ് ഓസ്ട്രേലിയയെ 266/6 എന്ന സ്കോറിലേക്ക് നയിച്ചത്.

ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിനു ഉസ്മാന്‍ ഖവാജയെയും ആറോവറിനുള്ളില്‍ ഷോണ്‍ മാര്‍ഷിനെയും(14) നഷ്ടമായ ശേഷം ആരോണ്‍ ഫിഞ്ചും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. 47 റണ്‍സ് നേടിയ ഹാന്‍ഡ്സ്കോമ്പിനെയാണ് ഓസ്ട്രേലിയയ്ക്ക് അടുത്തതായി നഷ്ടമായത്. 90 റണ്‍സില്‍ ആരോണ്‍ ഫിഞ്ച് പുറത്താകുമ്പോള്‍ 188/5 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ.

ഗ്ലെന്‍ മാക്സ്വെല്‍ 55 പന്തില്‍ നിന്ന് 71 റണ്‍സുമായി റണ്ണൗട്ട് രൂപത്തില്‍ പുറത്തായി. അലെക്സ് കാറെ 25 റണ്‍സുമായി പുറത്താകാതെ നിന്നു. 50 ഓവറില്‍ നിന്ന് 266/6 എന്ന സ്കോറാണ് ഓസ്ട്രേലിയ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു വേണ്ടി 46 റണ്‍സ് നേടിയ ഇമാം-ഉള്‍-ഹക്ക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഇമാദ് വസീം(43), ഉമര്‍ അക്മല്‍(36), ഷൊയ്ബ് മാലിക്(31) എന്നിവരും ശ്രമിച്ചു നോക്കിയെങ്കിലും 44.4 ഓവറില്‍ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നാല് വിക്കറ്റ് നേടിയ ആഡം സംപയാണ് ടീമിന്റെ പ്രധാന വിക്കറ്റ് നേട്ടക്കാരനായി മാറിയത്. പാറ്റ് കമ്മിന്‍സ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഏകദിന ക്രിക്കറ്റിന്റെ അവസാനത്തില്‍ നാലാം റാങ്കിലെത്തി ഇമ്രാന്‍ താഹിര്‍

ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാന്‍ ഇരിക്കുന്ന ഇമ്രാന്‍ താഹിര്‍ ഏറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനം സ്വന്തമാക്കി. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം നാലാം നമ്പറിലേക്ക് എത്തിയത്. 703 റേറ്റിംഗ് പോയിന്റാണ് താഹിറിന്റെ സമ്പാദ്യം. അതേ സമയം ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് ഇന്ത്യയ്ക്കെതിരെ നേടിയ 14 വിക്കറ്റുകളുടെ ബലത്തില്‍ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്കുയര്‍ന്നു.

ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. ട്രെന്റ് ബോള്‍ട്ട് രണ്ടാമതും റഷീദ് ഖാന്‍ മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. കുല്‍ദീപ് യാദവ് ആറാം സ്ഥാനത്തും യൂസുവേന്ദ്ര ചഹാല്‍ എട്ടാം നമ്പറിലും നില്‍ക്കുന്നു.

ലോകകപ്പിനു മുമ്പ് കളി മറന്നോ ഇന്ത്യ? ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടു

ആദ്യ രണ്ട് ഏകദിനങ്ങള്‍ ജയിച്ച് അതി ശക്തമായ നിലയില്‍ പരമ്പരയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയ ഇന്ത്യയാണ് പിന്നീട് മൂന്ന് മത്സരങ്ങള്‍ തുടരെ പരാജയപ്പെട്ട് പരമ്പര തന്നെ കൈവിട്ടത്. 35 റണ്‍സിന്റെ തോല്‍വിയാണ് ഇന്ന് ഡല്‍ഹിയില്‍ ഇന്ത്യ അഞ്ചാം ഏകദിനത്തില്‍ ഏറ്റുവാങ്ങിയത് വിജയിക്കുവാന്‍ 273 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക്  237 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഓസ്ട്രേലിയയെ 272/9 എന്ന സ്കോറിനു തടഞ്ഞ് നിര്‍ത്തിയ ശേഷം ലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ തുടക്കം മുതലെ പ്രതിരോധത്തിലാകുകയായിരുന്നു. രോഹിത് ശര്‍മ്മ ടോപ് ഓര്‍ഡറില്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും മറ്റു താരങ്ങളാരും ഫോം കണ്ടെത്താതെ ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യ 132/6 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

ഏഴാം വിക്കറ്റില്‍ കേധാര്‍ ജാഥവും ഭുവനേശ്വര്‍ കുമാറും നടത്തിയ ചെറുത്ത്നില്പാണ് ഇന്ത്യയുടെ തോല്‍വിയുടെ ആഘാതം കുറച്ചത്. 50 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 237 റണ്‍സിനു ഓള്‍ഔട്ട് ആയി. കേധാര്‍ ജാഥവ് 44 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ 46 റണ്‍സും നേടി 56 റണ്‍സ് നേടിയ രോഹിത്തിനൊപ്പം ബാറ്റ്സ്മാന്മാരില്‍ മികവ് പുലര്‍ത്തി. ഏഴാം വിക്കറ്റില്‍ 91 റണ്‍സാണ് കേധാര്‍-ഭുവനേശ്വര്‍ കൂട്ടുകെട്ട് നേടിയത്.

ഓസ്ട്രേലിയന്‍ നിരയില്‍ ആഡം സംപ മൂന്നും പാറ്റ് കമ്മിന്‍സ്, ജൈ റിച്ചാര്‍ഡ്സണ്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് ഇന്ത്യയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടത്.

ലോകകപ്പ് ആസന്നമായ സമയത്ത് കളി മറക്കുന്ന സ്വഭാവമാണ് ഇന്ത്യന്‍ താരങ്ങള്‍ പരമ്പരയില്‍ പുറത്തെടുത്തത്. ടോപ് ഓര്‍ഡറില്‍ ശിഖര്‍ ധവാനോ രോഹിത് ശര്‍മ്മയോ സ്ഥിരമായി ഫോമിലെത്താത്തതും വിരാട് കോഹ്‍ലിയ്ക്ക് പഴയ പ്രഭാവത്തിലേക്ക് ഉയരാനാകാത്തതും മധ്യനിരയുടെ പരാജയവുമാണ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ശേഷം പിന്നീട് ഇന്ത്യ പിന്നോട്ട് പോകുന്നതിനു ഇടയാക്കിയതെന്ന് വേണം മനസ്സിലാക്കുവാന്‍. അവസാന രണ്ട് മത്സരങ്ങളിലും ധോണിയില്ലാതിരുന്നതും ടീമിന്റെ ആത്മവിശ്വാസത്തെ തെല്ലല്ല ബാധിച്ചതെന്ന് വേണം വിലയിരുത്തുവാന്‍.

ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അടിച്ച് തകര്‍ത്തപ്പോള്‍ കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി പാറ്റ് കമ്മിന്‍സ്

ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും അടിച്ച് തകര്‍ത്തപ്പോളും ഓസ്ട്രേലിയയ്ക്ക് ആശ്വാസമായി പാറ്റ് കമ്മിന്‍സിന്റെ ബൗളിംഗ് പ്രകടനം. തന്റെ പത്തോവറില്‍ 70 റണ്‍സ് വഴങ്ങിയെങ്കിലും 5 വിക്കറ്റാണ് പാറ്റ് കമ്മിന്‍സ് നേടിയത്. ഏകദിനത്തിലെ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടമാണ് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ഇന്ന് മൊഹാലായില്‍ സ്വന്തമാക്കിയത്.

ഇതില്‍ 143 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെയും അടിച്ച് തകര്‍ത്ത് മുന്നേറുകയായിരുന്ന ഋഷഭ് പന്തിന്റെയും(36) നിര്‍ണ്ണായക വിക്കറ്റുകള്‍ ഉള്‍പ്പെടുന്നു. വിജയ് ശങ്കര്‍ 15 പന്തില്‍ 26 റണ്‍സ് നേടി അപകടകാരിയായി മാറുന്ന ഘട്ടത്തില്‍ പാറ്റ് കമ്മിന്‍സ് തന്നെയാണ് മടക്കി അയയ്ച്ചത്. കേധാര്‍ ജാഥവ്, യൂസുവേന്ദ്ര ചഹാല്‍ എന്നിവരാണ് മറ്റു രണ്ട് വിക്കറ്റുകള്‍.

ശതകം ശീലമാക്കി കോഹ്‍ലി, ഇന്ത്യയെ വീഴ്ത്തിയത് സംപയുടെ നിര്‍ണ്ണായക വിക്കറ്റുകള്‍

ഓസ്ട്രേലിയ നല്‍കിയ 314 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് എന്നാല്‍ മികവ് പുറത്തെടുക്കുവാന്‍ സാധിക്കാതെ വരുന്ന കാഴ്ചയാണ് കണ്ടത്. വിരാട് കോഹ്‍ലി ഒഴികെ മറ്റാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. 27/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ വിരാട് കോഹ്‍ലി-എംഎസ് ധോണി കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ധോണിയ്ക്കും കേധാര്‍ ജാഥവിനുമൊപ്പം നിര്‍ണ്ണായകമായ നാല്, അഞ്ച് വിക്കറ്റ് കൂട്ടുകെട്ടുകള്‍ക്ക് കോഹ്‍ലി പിറവി നല്‍കിയെങ്കിലും കോഹ്‍ലിയുടെ പങ്കാളികള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ സാധിച്ചിരുന്നില്ല. ഇരുവരുടെയും വിക്കറ്റുകള്‍ നേടിയത് ആഡം സംപ തന്നെയായിരുന്നു. നാലാം വിക്കറ്റില്‍ 59 റണ്‍സും അഞ്ചാം വിക്കറ്റില്‍ 88 റണ്‍സുമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്.

റാഞ്ചിയില്‍ വിരാട് കോഹ്‍ലി കസറി തന്റെ 41ാം ഏകദിന ശതകമാണ് ഇന്ന് നേടിയത്. കോഹ്‍ലി ക്രീസില്‍ നിന്നപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നവെങ്കിലും ആഡം സംപ താരത്തെ 38ാം ഓവറില്‍ പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലാകുകയായിരുന്നു. കോഹ്‍ലി 95 പന്തില്‍ നിന്നാണ് തന്റെ 123 റണ്‍സ് നേടിയത്.

അവസാന പത്തോവറില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 87 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഏഴാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടുകെട്ട് നേടി 32 റണ്‍സുമായി വിജയ് ശങ്കറും പുറത്തായതോടെ ഇന്ത്യയുടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് മാത്രം കൈവശമുള്ളപ്പോള്‍ നേടേണ്ടത് 50 റണ്‍സായിരുന്നു.

ജഡേജ 24 റണ്‍സ് നേടി പുറത്തായി ഏറെ വൈകാതെ ഇന്ത്യയുടെ ഇന്നിംഗ്സ് 48.2 ഓവറില്‍ 281 റണ്‍സിനു അവസാനിക്കുകയായിരുന്നു. 32 റണ്‍സ് ജയത്തോടെ ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കി. ഓസ്ട്രേലിയയ്ക്കായി ജൈ റിച്ചാര്‍ഡ്സണും ആഡം സംപയും വിക്കറ്റും പാറ്റ് കമ്മിന്‍സും മൂന്ന് വീതം വിക്കറ്റ് നേടി.

ശതകവുമായി നിന്ന കോഹ്‍ലിയ്ക്ക് പിന്തുണ നല്‍കിയത് വിജയ് ശങ്കര്‍ മാത്രം, ഇന്ത്യ നേടിയത് 250 റണ്‍സ്

നാഗ്പൂരില്‍ ഇന്നത്തെ ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 250 റണ്‍സ് നേടി. വിരാട് കോഹ്‍ലി മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ താരം 116 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സ് നേടി ഓള്‍ഔട്ട് ആയി. കോഹ്‍ലി തന്റെ 40ാം ശതകം നേടിയ മത്സരത്തില്‍ വിജയ് ശങ്കര്‍ ഒഴികെ മറ്റാര്‍ക്കും വലിയ സ്കോര്‍ നേടാനാകാതെ പോയതും ഇന്ത്യയുടെ വലിയ സ്കോറെന്ന മോഹത്തിനു തിരിച്ചടിയായി. കോഹ്‍ലിയ്ക്ക് പിന്തുണയായി വിജയ് ശങ്കര്‍ 46 റണ്‍സുമായി തിളങ്ങിയെങ്കിലും താരം റണ്ണൗട്ടായി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുകയായിരുന്നു.

ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ്മയെ പൂജ്യത്തിനു നഷ്ടമായ ശേഷം ശിഖര്‍ ധവാനും വേഗം മടങ്ങിയപ്പോള്‍ പ്രതിരോധത്തിലായ ഇന്ത്യയെ കോഹ്‍ലി-വിജയ് കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു. 37 റണ്‍സ് നേടിയ കൂട്ടുകെട്ടിനു അന്ത്യമായത് അപ്രതീക്ഷിതമായ റണ്ണൗട്ടായിരുന്നു. കോഹ്‍ലി ആഡം സംപയെ ഡ്രൈവ് ചെയ്ത പന്ത് ബൗളറുടെ കൈയ്യില്‍ തട്ടി ബൗളിംഗ് എന്‍ഡിലെ വിക്കറ്റില്‍ പതിയ്ക്കുമ്പോള്‍ ശങ്കറിന്റെ ബാറ്റ് ക്രീസിനു പുറത്തായിരുന്നു.

പിന്നീട് അമ്പാട്ടി റായിഡുവിനും(18) കേധാര്‍ ജാഥവിനും(11) അധികം ക്രീസില്‍ നില്‍ക്കാനാകാതെ പോയപ്പോള്‍ ധോണി ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. 67 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടി കോഹ്‍ലി-ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യയെ 250നു അടുത്തേക്ക് എത്തിക്കുന്നത്. ജഡേജയെയും(21) കോഹ്‍ലിയെയും പുറത്താക്കിയത് പാറ്റ് കമ്മിന്‍സ് ആയിരുന്നു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി കമ്മിന്‍സ് നാലും ആഡം സംപ രണ്ടും വിക്കറ്റ് നേടി തിളങ്ങി. ഗ്ലെന്‍ മാക്സ്വെല്‍, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, നഥാന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റും സന്ദര്‍ശകര്‍ക്കായി നേടി.

പേസ് ബൗളര്‍മാരുടെ വര്‍ക്ക് ലോഡ് കൈകാര്യം ചെയ്യണം

പേസ് ബൗളര്‍മാരായ പാറ്റ് കമ്മിന്‍സിന്റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും വര്‍ക്ക് ലോഡ് ക്രിക്കറ്റ് ഓസ്ട്രേലിയയും ടീം മാനേജ്മെന്റും വ്യക്തമായ മികവോടെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏറെ മത്സരങ്ങളില്‍ ഈ സീസണില്‍ പന്തെറിഞ്ഞു കഴിഞ്ഞുവെന്നും താരത്തിനു വിശ്രമം ആവശ്യമാണെന്നും ഫിഞ്ച് പറഞ്ഞു. ഓസ്ട്രേലിയന്‍ സമ്മറില്‍ താരം ഏറെ മത്സരങ്ങള്‍ കളിച്ചുവെന്നും ഏപ്രിലില്‍ മത്സരമില്ലാത്തത് താരത്തിനെ ലോകകപ്പിനു തയ്യാറാക്കുമെന്നും ഓസ്ട്രേലിയന്‍ നായകന്‍ പറഞ്ഞു. ഈ ഇടവേള താരത്തിനു മികച്ച ശാരീര സ്ഥിതി വീണ്ടെടുത്ത് തിരിച്ചെത്തുവാനുള്ള അനിവാര്യമായ കാലമാണെന്നാണ് ഫിഞ്ച് അഭിപ്രായപ്പെട്ടത്.

അതേ സമയം മിച്ചല്‍ സ്റ്റാര്‍ക്കിനെ പോലെ അധികം ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത താരങ്ങള്‍ക്ക് പന്തെറിയുവാനും മത്സരക്ഷമത തെളിയിക്കുവാനും മതിയായ അവസരങ്ങള്‍ സൃഷ്ടിക്കുവാനും ടീം മാനേജ്മെന്റും ക്രിക്കറ്റ് ബോര്‍ഡും ബാധ്യസ്ഥരാണെന്ന് ഫിഞ്ച് പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമെതിരെ 10 ഏകദിനങ്ങളിലാണ് ഓസ്ട്രേലിയ അടുത്ത് കളിക്കാന്‍ ഒരുങ്ങുന്നത്.

ലോകകപ്പിനു മുമ്പ് താരങ്ങള്‍ക്ക് കഴിവ് തെളിയിക്കുവാനുള്ള അവസരമാണെങ്കിലും പാറ്റ് കമ്മിന്‍സിനെ പോലുള്ള താരത്തിനു മതിയായ വിശ്രമം ആവശ്യമായ ഘട്ടം കൂടിയാണിതെന്ന് ഫിഞ്ച് പറഞ്ഞു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമെതിരെ ടെസ്റ്റ് പരമ്പര പൂര്‍ണ്ണമായും കളിച്ച താരമാണ് പാറ്റ് കമ്മിന്‍സ്. അതിനാല്‍ തന്നെ വരുന്ന പത്ത് മത്സരങ്ങളില്‍ എല്ലാത്തിലും പാറ്റ് കമ്മിന്‍സ് കളിക്കുവാനുള്ള സാധ്യത കുറവാണ്. താരത്തിനും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനും വേണ്ടിയാവും ഈ തീരൂമാനമെന്നും ഫിഞ്ച് പറഞ്ഞു.

റബാഡയുടെ ഒന്നാം റാങ്ക് നഷ്ടം, പാറ്റ് കമ്മിന്‍സ് തലപ്പത്ത്

ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് കാഗിസോയെ മറികടന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കി. ഓസ്ട്രേലിയയ്ക്ക് ഈ കാലയളവില്‍ മത്സരമൊന്നുമില്ലായിരുന്നുവെങ്കിലും റബാഡയ്ക്ക് ഡര്‍ബനില്‍ 3 വിക്കറ്റ് മാത്രം ലഭിച്ചത് പോയിന്റുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത് പാറ്റ് കമ്മിന്‍സിനു തുണയായി.

2006ല്‍ ഗ്ലെന്‍ മക്ഗ്രാത്ത് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടിയ ശേഷം ഈ നേട്ടം കൊയ്യുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമാണ് പാറ്റ് കമ്മിന്‍സ്.

Exit mobile version