96 മത്തെ മിനിറ്റിൽ പിറന്ന സെൽഫ് ഗോൾ നോട്ടിങ്ഹാം ഫോറസ്റ്റിന് സമനില സമ്മാനിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രന്റ്ഫോർഡ് നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരം സമനിലയിൽ. ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടുക ആയിരുന്നു. നിലവിൽ ലീഗിൽ ബ്രന്റ്ഫോർഡ് പത്താം സ്ഥാനത്ത് നിൽക്കുമ്പോൾ അവസാന സ്ഥാനത്ത് ആണ് ഫോറസ്റ്റ്. മത്സരത്തിൽ ഇരുപതാം മിനിറ്റിൽ ഇമ്മാനുവൽ ഡെന്നിസിന്റെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ മോർഗൻ ഗിബ്സ്- വൈറ്റ് ഫോറസ്റ്റിന് ഗോൾ സമ്മാനിക്കുക ആയിരുന്നു. നിരവധി എതിർ താരങ്ങളെ ഡ്രിബിൾ ചെയ്ത ശേഷമാണ് താരം ഷോട്ട് ഉതിർത്തത്. വലിയ തുകക്ക് ഫോറസ്റ്റിൽ എത്തിയ താരത്തിന്റെ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് വിസയെ ഹെന്റേഴ്സൻ വീഴ്ത്തിയതിനു വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി അനുവദിച്ചു. ഇവാൻ ടോണിയുടെ അഭാവത്തിൽ പെനാൽട്ടി ബുയമോ അനായാസം ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ ജെൻസന്റെ ലോങ് ബോളിൽ നിന്നു 75 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ വിസ ബ്രന്റ്ഫോർഡിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. വീണ്ടും ഒരു പരാജയം മണത്ത ഫോറസ്റ്റിന് ഇഞ്ച്വറി സമയത്ത് 96 മത്തെ മിനിറ്റിലെ സെൽഫ് ഗോൾ രക്ഷ ആവുക ആയിരുന്നു. ഗിബ്സ്-വൈറ്റിന്റെ ഷോട്ട് മീ ക്ലിയർ ചെയ്തു എങ്കിലും അത് മതിയാസ് ജോർഗൻസന്റെ കാലിൽ തട്ടി സ്വന്തം പോസ്റ്റിൽ പതിക്കുക ആയിരുന്നു. ലൈനിൽ നിന്നു ക്ലിയർ ചെയ്യാനുള്ള മീയുടെ അവസാനവട്ട ശ്രമം പരാജയപ്പെട്ടപ്പോൾ ഫോറസ്റ്റ് ഒരു പോയിന്റ് സ്വന്തമാക്കുക ആയിരുന്നു.

വേൾഡ് ക്ലാസ് ആഴ്സണൽ!! അഞ്ചടിച്ച് പ്രീമിയർ ലീഗിന്റെ തലപ്പത്ത്

ആഴ്സണൽ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ തകർത്തെറിഞ്ഞ് കൊണ്ടാണ് ആഴ്സണൽ സിറ്റിയെ മറികടന്ന് ഒന്നാമത് എത്തിയത്. ഇന്ന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആയിരുന്നു ആഴ്സണലിന്റെ വിജയം. അഞ്ചിൽ നാലു ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്.

മത്സരത്തിന്റെ ആദ്യ അഞ്ച് മിനുട്ടിനകം തന്നെ ആഴ്സണൽ ഇന്ന് ലീഡ് എടുത്തു. സാക നൽകിയ പാസ് സ്വീകരിച്ച് ബ്രസീലിയൻ യുവതാരം മാർട്ടിനെല്ലിയുടെ വക ആയിരുന്നു ആഴ്സണലിന്റെ ആദ്യ ഗോൾ. ആദ്യ പകുതിയിൽ തന്നെ വലിയ അവസരങ്ങൾ ആഴ്സണൽ സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോളുകൾ വന്നില്ല.

എന്നാൽ രണ്ടാം പകുതിയിൽ ഗോൾ ഒഴുകുക ആയിരുന്നു. 49ആം മിനുട്ടിൽ റീസ് നെൽസണിലൂടെ ആഴ്സണൽ രണ്ടാം ഗോൾ നേടി. മൂന്ന് മിനുട്ട് കഴിഞ്ഞു യുവതാരം വീണ്ടും വലകുലുക്കി. ഇത്തവണ ജീസുസിന്റെ പാസിൽ നിന്നായിരുന്നു നെൽസന്റെ ഗോൾ.

57ആം മിനുട്ടിൽ പാർട്ടിയുടെ ഒരു വേൾഡി ഗോൾ ആഴ്സണലിന്റെ നാലാം ഗോളായി മാറി. ഇന്ന് മധ്യനിര ഭരിച്ച പാർട്ടി അർഹിക്കുന്ന ഗോളായിരുന്നു അത്. 78ആം മിനുട്ടിൽ ഒഡെഗാർഡിന്റെ പാസ് കൂടെ വന്നതോടെ വിജയം പൂർത്തിയായി.

ഈ വിജയത്തോടെ ആഴ്സണൽ 31 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. ഫോറസ്റ്റ് ലീഗിലെ അവസാന സ്ഥാനത്താണ്‌.

വിജയവഴിയിൽ തിരിച്ചെത്തണം, ഒന്നാം സ്ഥാനത്തേക്കും, ആഴ്‌സണൽ ഇന്ന് ഫോറസ്റ്റിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ ആഴ്‌സണൽ ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടും. ലീഗിൽ കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ ആഴ്‌സണൽ കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിൽ പരാജയവും വഴങ്ങിയിരുന്നു. നിലവിൽ ഒരു പോയിന്റിന് മാഞ്ചസ്റ്റർ സിറ്റി മുന്നിൽ ആയതിനാൽ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു വരാനും ആഴ്‌സണലിന് ജയം അനിവാര്യമാണ്. മറുപുറത്ത് ഫോറസ്റ്റ് ആവട്ടെ അവസാന സ്ഥാനക്കാർ ആണെങ്കിലും കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനെ അട്ടിമറിച്ച ആവേശത്തിൽ ആണ് ഇന്ന് കളിക്കാൻ ഇറങ്ങുക. അവസാനം ഏറ്റുമുട്ടിയപ്പോൾ എഫ്.എ കപ്പിൽ ആഴ്‌സണലിനെ അട്ടിമറിച്ച ആത്മവിശ്വാസവും അവർക്ക് ഉണ്ട്.

പ്രതിരോധത്തിൽ ചെറിയ പരിക്ക് അലട്ടിയെങ്കിലും സലിബക്ക് ഒപ്പം ഗബ്രിയേൽ ഇറങ്ങാൻ തന്നെയാണ് സാധ്യത. വൈറ്റ്, ടോമിയാസു എന്നിവർ അവർക്ക് ഒപ്പം റാംസ്ഡേലിന് മുന്നിൽ അണിനിരക്കും, സിഞ്ചെങ്കോയുടെ അഭാവം ആഴ്‌സണലിന് വലിയ നഷ്ടം തന്നെയാണ്. മധ്യനിരയിൽ തോമസ് പാർട്ടി, ഗ്രാനിറ്റ് ശാക്ക എന്നിവർ തന്നെയാവും ഇറങ്ങുക. പരിക്ക് മാറിയ എൽനെനി ബെഞ്ചിൽ ഇടം പിടിക്കാനും സാധ്യതയുണ്ട്. വിശ്രമം ഇല്ലെങ്കിലും മികവ് തുടരുന്ന ബുകയോ സാക, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർക്ക് ഇന്ന് വിശ്രമം നൽകാൻ സാധ്യതയില്ല. നിറം മങ്ങുന്ന ക്യാപ്റ്റൻ ഒഡഗാർഡ് ടീമിൽ സ്ഥാനം നിലനിർത്താൻ തന്നെയാണ് സാധ്യത.

ആർട്ടെറ്റ ഫാബിയോ വിയേരയെ ഒഡഗാർഡിനു പകരം പരീക്ഷിക്കാൻ സാധ്യത കുറവാണ്. മുന്നേറ്റത്തിൽ കഴിഞ്ഞ കുറെ മത്സരങ്ങളിൽ ആയി ഗോൾ കണ്ടത്താൻ വിഷമിക്കുന്ന ഗബ്രിയേൽ ജീസുസ് തന്റെ ഗോൾ ക്ഷാമം പരിഹരിക്കാൻ ആണ് ഇന്ന് ഇറങ്ങുക. ജീസുസിനോട് ഗോൾ ക്ഷാമം പരിഹരിക്കണം എന്ന വെല്ലുവിളിയും ആർട്ടെറ്റ താരത്തിനോട് മുന്നോട്ട് വച്ചിട്ടുണ്ട്. മറുപുറത്ത് ലിംഗാർഡ്, ഗിബ്സ്-വൈറ്റ്, അയോനിയി എന്നിവർ ആഴ്‌സണലിന് വെല്ലുവിളി ഉയർത്താൻ പോന്നവർ ആണ്. ഗോൾ പോസ്റ്റിനു മുന്നിൽ ജോർദൻ ഹെന്റേഴ്‌സനെ മറികടക്കേണ്ടതും വലിയ കടമ്പ തന്നെയാണ്. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന സ്റ്റീവ് കൂപ്പറിന്റെ ടീമിൽ നിന്നു വലിയ പോരാട്ടം തന്നെ എമിറേറ്റ്‌സിൽ ആഴ്‌സണൽ പ്രതീക്ഷിക്കുന്നു.

ഫോറസ്റ്റിൽ വഴിതെറ്റി ലിവർപൂൾ വീണു!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം ഇല്ലാതെ കഷ്ടപ്പെടുക ആയിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റിന് വിജയം സമ്മാനിച്ച് ക്ലോപ്പിന്റെ ലിവർപൂൾ. ഈ സീസണിൽ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആവാത്ത ലിവർപൂൾ മറുപടിയില്ലാത്ത ഒരു ഗോളിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ഫോറസ്റ്റിന് ഇത് ലീഗിലെ രണ്ടാം വിജയം മാത്രമാണിത്. ലീഗിൽ തുടരാൻ വേണ്ടി കഷ്ടപ്പെടുന്ന ഫോറസ്റ്റിന് ഈ വിജയം വലിയ ആത്മവിശ്വാസം നൽകും.

ഇന്ന് ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. ലിവർപൂളും ഫോറസ്റ്റും നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ മാത്രം വന്നില്ല. 55ആം മിനുട്ടിൽ നൈജീരിയ സ്ട്രൈക്കർ തൈവോ അവോനിയിൽ ആണ് ഫോറസ്റ്റിനായി ഗോൾ നേടിയത്. ഒരു സെറ്റ് പീസിൽ നിന്ന് അവോനിയുടെ ആദ്യ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി എങ്കിലും തിരികെ വന്ന പന്ത് താരം അലിസണെ മറികടന്ന് വലയിലേക്ക് അടിച്ചു കയറ്റി. സ്കോർ 1-0

ഈ ഗോളിന് ശേഷം ഫോറസ്റ്റ് തീർത്തും ഡിഫൻസിലേക്ക് ഊന്നിയാണ് കളിച്ചത്. ഇത് ലിവർപൂളിന് നിരവധി അവസരങ്ങൾ നൽകി എങ്കിലും ഗോൾ മാത്രം വന്നില്ല.

ലിവർപൂളിന് ഇത് സീസണിലെ നാലാം പരാജയമാണ്‌. 11 മത്സരങ്ങളിൽ ഇന്ന് 16 പോയിന്റുമായി ലിവർപൂൾ ഏഴാം സ്ഥാനത്ത് നിൽക്കുന്നു. 9 പോയിന്റുനായി ഫോറസ്റ്റ് 19ആം സ്ഥാനത്താണ്.

അവസാനം ഗോൾ കണ്ടത്തി സാഹ, വോൾവ്സിനെ വീഴ്ത്തി പാലസ്, ബ്രൈറ്റണിനെ തടഞ്ഞു ഫോറസ്റ്റ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തിരിച്ചു വന്നു തോൽപ്പിച്ചു ക്രിസ്റ്റൽ പാലസ്. പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ ഉണ്ടാക്കുന്നതിലും ഇരു ടീമുകളും ഏതാണ്ട് തുല്യത പാലിച്ച മത്സരത്തിൽ വോൾവ്സ് ആണ് ആദ്യം മുന്നിലെത്തിയത്. ഹ്യൂഗോ ബുനെയോയുടെ ക്രോസിൽ നിന്നു ആദാമ ട്രയോറ ഹെഡറിലൂടെ 31 മത്തെ മിനിറ്റിൽ ഗോൾ നേടുക ആയിരുന്നു. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ മൈക്കൾ ഒലിസയുടെ ക്രോസിൽ നിന്നു ഗോൾ നേടിയ എസെ പാലസിന് സമനില നൽകി.

70 മത്തെ മിനിറ്റിൽ പാലസ് കൗണ്ടർ അറ്റാക്കിൽ നിന്നു അവരുടെ വിജയഗോൾ പിറന്നു. എഡാർഡിന്റെ പാസിൽ നിന്നു ഒരു ഇടവേളയ്ക്ക് ശേഷം വിൽഫ്രയിഡ് സാഹ പാലസിന് ആയി മികച്ച ഒരു ഷോട്ടിലൂടെ വിജയഗോൾ നേടുക ആയിരുന്നു. നിലവിൽ പാലസ് പത്താം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ വോൾവ്സ് 17 സ്ഥാനത്ത് തുടരുകയാണ്. അതേസമയം നോട്ടിങ്ഹാ ഫോറസ്റ്റ് ബ്രൈറ്റണിനെ ഗോൾ രഹിത സമനിലയിൽ തളച്ചു. ബ്രൈറ്റണിന്റെ വലിയ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്. ഗ്രോസിന്റെ ശ്രമങ്ങൾ തടഞ്ഞ ഹെന്റേഴ്‌സൺ ഫോറസ്റ്റിന്റെ രക്ഷകൻ ആയി. ട്രൊസാർഡിന്റെ ഷോട്ട് ബാറിൽ തട്ടി മടങ്ങിയതും അവർക്ക് തിരിച്ചടിയായി. നിലവിൽ ബ്രൈറ്റൺ ഏഴാമതും ഫോറസ്റ്റ് 19 സ്ഥാനത്തും ആണ്.

റെനാൻ ലോദി നോട്ടിങ്ഹാമിൽ, സീസണിൽ ടീമിലേക്കെത്തുന്ന പതിനെട്ടാമൻ

അത്ലറ്റികൊ മാഡ്രിഡിൽ നിന്നും ലെഫ്റ്റ് ബാക്ക് റെനാൻ ലോദി നോട്ടിങ്ഹാം ഫോറസ്റ്റിൽ എത്തി. ട്രാൻസ്ഫർ വിൻഡോയിൽ പണം വാരി എറിഞ്ഞു റെക്കോർഡ് ഇടുന്ന നോട്ടിങ്ഹാം ടീമിലേക്ക് എത്തിക്കുന്ന പതിനെട്ടാമത്തെ താരമാണ് ലോഡി. ഒരു വർഷത്തെ ലോണിൽ ആണ് താരത്തെ നോട്ടിങ്ഹാം ടീമിലേക്ക് എത്തിക്കുന്നത്. അഞ്ച് മില്യൺ യൂറോ ലോൺ ഫീ ആയി നൽകും. സീസണിന് ശേഷം മുപ്പത് മില്യൺ യൂറോ നൽകി താരത്തെ സ്വന്തമാക്കാനും അവർക്കാകും.

ഇരുപത്തിനാലുകാരനായ താരം 2019ലാണ് അത്ലറ്റികോയിലേക്ക് എത്തുന്നത്. മൂന്ന് സീസണുകളിൽ നൂറ്റിപതിനെട്ട് മത്സരങ്ങൾ ടീമിനായി ഇറങ്ങി. എന്നാൽ താരത്തിന്റെ പ്രകടനത്തിൽ സംതൃപ്തരല്ലാത്ത അത്ലറ്റികോ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് ലില്ലേയിൽ നിന്നും റെയ്നിൽഡോയെ എത്തിച്ചിരുന്നു. ഇത്തവണ ലീഗിലെ ആദ്യ മത്സരത്തിൽ സോളിനെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ഇറക്കി സിമിയോണി താരത്തിനെ പരിഗണിക്കുന്നില്ല എന്ന കൃത്യമായ സൂചന നൽകിയിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ താരത്തിന് അവസരം ലഭിച്ചില്ല. റെഗുലിയോൺ ആണ് അത്ലറ്റികോ ലോഡിക്ക് പകരക്കാരൻ ആയി കാണുന്ന താരം.

അവസാനിപ്പിക്കാൻ ഉദ്ദേശമില്ല!! നോട്ടിങ്ഹാം ഫോറസ്റ്റ് ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കുന്ന പതിനെട്ടാമനാവാൻ റെനാൻ ലോഡി

പ്രീമിയർ ലീഗിലേക്ക് എത്തിയ ശേഷം ട്രാൻസ്ഫർ വിൻഡോയിൽ പണം എറിഞ്ഞ കണക്കിൽ യൂറോപ്പിൽ തന്നെ മുൻപന്തിയിൽ ആണ് നോട്ടിങ്ഹാം ഫോറസ്റ്റ്. പതിനേഴ്‌ താരങ്ങളെയാണ് ഇതുവരെ ടീമിലേക്ക് എത്തിച്ചത്. എന്നാൽ അതൊന്നും പോരെന്ന നിലപാടിലാണ് ടീമും കോച്ച് സ്റ്റീവ് കൂപ്പറും. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുന്നേ കൂടുതൽ താരങ്ങൾ എത്തുമെന്ന് നേരത്തെ കൂപ്പർ വെളിപ്പെടുത്തിയിരുന്നു. അത്ലറ്റികോ മാഡ്രിഡിന്റെ ലെഫ്റ്റ് ബാക്ക് റെനാൻ ലോഡിയാണ് അവരുടെ പുതിയ ലക്ഷ്യം.
താരത്തെ ലോണിൽ എത്തിക്കാനാണ് ശ്രമം. അഞ്ച് മില്യൺ ലോൺ ഫീ ആയി നൽകും. ലോണിന് ശേഷം സീസണിന്റെ അവസാനം മുപ്പത് മില്യൺ നൽകി താരത്തെ സ്വന്തമാക്കാനും നോട്ടിങ്ഹാമിന് കഴിയുന്ന തരത്തിൽ ആണ് അത്ലറ്റികോക്ക് മുന്നിൽ ഓഫർ വെച്ചിരിക്കുന്നത്. താരവുമായും അത്ലറ്റികോയുമായും നോട്ടിങ്ഹാമിന്റെ ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്.

2019ലാണ് ലോഡി അത്ലറ്റികോയിൽ എത്തുന്നത്. മൂന്ന് സീസനുകളിലായി നൂറ്റിയിരുപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. കഴിഞ്ഞ സീസണുകളിൽ മിക്ക മത്സരങ്ങളിലും ടീമിനായി ഇറങ്ങിയെങ്കിലും സിമിയോണി താരത്തിൽ പൂർണ സംതൃപ്തനല്ലയിരുന്നു. ലില്ലേയിൽ നിന്നും ലെഫ്റ്റ് ബാക്ക് റെയ്നിൽഡോയെ എത്തിച്ചപ്പോൾ തന്നെ ലോഡിയുടെ ഭാവി അത്ലറ്റികോക്ക് പുറത്ത് ആവും എന്ന് സൂചനകൾ ഉണ്ടായിരുന്നു.

ഇത്തവണ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ താരത്തിന് ഒറ്റ മിനിറ്റ് പോലും അവസരം നൽകാനും സിമിയോണി തയ്യാറായില്ല. ആദ്യ മത്സരത്തിൽ പ്രതിരോധ താരം പോലുമല്ലാത്ത സോളിനെ ആണ് ലെഫ്റ്റ് ബാക്ക് ആയി സിമിയോണി ഇറക്കിയത്. ഇതോടെ ടീമിൽ സ്ഥാനമില്ലെന്ന് ഉറപ്പായ സമയത്താണ് നോട്ടിങ്ഹാം ഓഫറുമായി എത്തിയിരിക്കുന്നത്. ഓഫർ അത്ലറ്റികോ അംഗീകരിച്ചേക്കും. പകരക്കാരൻ ആയി ടോട്ടനം താരം റെഗുലിയോണെ എത്തിക്കാൻ അത്ലറ്റികോ ശ്രമിച്ചേക്കും എന്നും സൂചനകൾ ഉണ്ട്.

നോട്ടിങ്ഹാം ഫോറസ്റ്റ് ഇത് എന്ത് ഭാവിച്ചാണ്? ടോട്ടൻഹാം താരത്തെ ലോണിൽ എത്തിക്കാനും ശ്രമം | Latest

ട്രാൻസ്ഫർ മാർക്കറ്റിൽ നോട്ടിങ്ഹാം ഫോറസ്റ്റ് അറ്റാക്ക്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2 പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു തിരിച്ചു എത്തിയതിനു പിറകെ ട്രാൻസ്ഫർ മാർക്കറ്റ് വിറപ്പിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. ഇത് വരെ 16 താരങ്ങളെ ടീമിൽ എത്തിച്ച ഫോറസ്റ്റ് ആണ് ഇംഗ്ലണ്ടിൽ ഏറ്റവും അധികം പണം ട്രാൻസ്ഫർ ഇനത്തിൽ മുടക്കിയ ക്ലബ്. ഇതിനു പുറമെ ടോട്ടൻഹാം ഹോട്‌സ്പറിന്റെ ഇടത് ബാക്ക് സെർജിയോ റെഗ്വിലോണിനെയും ലോണിൽ ടീമിൽ എത്തിക്കാൻ ആണ് നിലവിൽ നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം.

റയൽ മാഡ്രിഡിൽ നിന്നു ടോട്ടൻഹാമിൽ എത്തിയ റെഗ്വിലോണിനു പരിക്കും ഫോമില്ലായ്മയും വില്ലനായിരുന്നു. നിലവിൽ പരിക്കിൽ നിന്നു മുക്തനായി വരുന്ന താരത്തെക്കാൾ പുതുതായി ടീമിൽ എത്തിയ ഇവാൻ പെരിസിച്, റയാൻ സെസഗ്നോൻ എന്നിവരെ ആണ് പരിശീലകൻ അന്റോണിയോ കോന്റെക്ക് താൽപ്പര്യം എന്നത് താരത്തിന് ടീം വിടാനുള്ള താൽപ്പര്യം കൂട്ടുന്നു. താരത്തിന് ആയി ഇറ്റാലിയൻ ക്ലബ് ലാസിയോയും രംഗത്ത് ഉള്ളതായി വാർത്തകൾ ഉണ്ട്. അതേസമയം സ്പാനിഷ് താരത്തെ ലോണിൽ അയക്കാൻ ടോട്ടൻഹാമിനും താൽപ്പര്യം തന്നെയാണ്.

Story Highlight : Nottingham Forrest interested in bringing Sergio Reguilon on loan from Spurs.

ഒഡ്രിയോസോളയെ കൂടെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം

റയൽ മാഡ്രിഡ് റൈറ്റ് ബാക്ക് അൽവരോ ഒഡ്രിയോസോളയെ എത്തിക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ്. സ്പാനിഷ് മാധ്യമമായ എഎസ് ആണ് താരത്തിന് വേണ്ടി നോട്ടിങ്ഹാം ശ്രമിച്ചെക്കുമെന്ന സൂചനകൾ നൽകിയത്. റൈറ്റ് ബാക്ക് സ്ഥാനത്ത് കർവഹാൾ, വാസ്ക്വസ് എന്നിവരുണ്ടായിരിക്കെ ആൻസലോട്ടിയുടെ പദ്ധതിയിൽ തനിക്ക് സ്ഥാനമില്ലെന്ന് മനസിലായ താരം ടീം വിടാനുള്ള ശ്രമത്തിലാണ്. എന്നാൽ നോട്ടിങ്ഹാം താരത്തിന് വേണ്ടി ശ്രമിച്ചേക്കില്ല എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാന വാരത്തിലേക്ക് കടക്കാൻ ഇരിക്കെ മാഡ്രിഡ് വിടാൻ ഒഡ്രിയോസോള എത്രയും പെട്ടെന്ന് ശ്രമിച്ചേക്കും.

റയൽ സോസിഡാഡ് താരമായിരുന്ന ഒഡ്രിയോസോള 2018ലാണ് മാഡ്രിഡിലേക്ക് എത്തുന്നത്. കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്ന താരം 2020 ൽ ആറു മാസം ബയേണിൽ ലോണിൽ കളിച്ചു. കഴിഞ്ഞ സീസണിൽ ഫിയോറെന്റിനയിലും ലോണിൽ കളിച്ചു. ശേഷം മാഡ്രിഡിലേക്ക് തിരിച്ചെത്തി എങ്കിലും അവസരങ്ങൾ കുറവാകുമെന്ന് ഉറപ്പായ താരം ടീം വിടാനുള്ള ശ്രമത്തിലാണ്. നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് കൂടുമാറാൻ കഴിഞ്ഞില്ലെങ്കിൽ താരം മറ്റു ടീമുകൾ തേടിയേക്കും.

പ്രീമിയർ ലീഗ്; എവർട്ടണ് മൂന്നാം മത്സരത്തിലും ജയമില്ല, ഫോറസ്റ്റിന് എതിരെ സമനില | Report

പ്രീമിയർ ലീഗ്; പ്രീമിയർ ലീഗിലേക്ക് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം തിരികെയെത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിന് മറ്റൊരു മികച്ച ഫലം. ഇന്ന് എവർട്ടണെ ഗുഡിസൻ പാർക്കിൽ വെച്ച് നേരിട്ട നോട്ടിങ്ഹാം ഫോറസ് ലമ്പാർഡിന്റെ ടീമിനെ സമനിലയിൽ പിടിച്ചു. കഴിഞ്ഞ മത്സരത്തിൽ ഫോറസ്റ്റ് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് തുടക്കം മുതൽ തങ്ങളുടെ പോരാട്ട വീര്യം കാണിച്ച ഫോറസ്റ്റ് എവർട്ടണെ തങ്ങളുടെ ഹോം ഗ്രൗണ്ടാണെന്ന സമാധാനം അനുഭവിക്കാൻ വിട്ടില്ല. ഗോർദന്റെ മിന്നലാട്ടങ്ങൾ മാത്രമായിരുന്നു ഫോറസ്റ്റ് ഡിഫൻസിന് ഭീഷണിയായി ഉണ്ടായിരുന്നത്. എങ്കിലും ഫോറസ്റ്റിന്റെ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സണെ കീഴ്പ്പെടുത്താൻ എവർട്ടണ് ആയില്ല.

മത്സരം അവസാനിക്കാൻ പത്ത് മിനുട്ടുകൾ മാത്രം ബാക്കി ഉള്ളപ്പോൾ ആയിരുന്നു ഫോറസ്റ്റിന്റെ ഗോൾ വന്നത്. 19കാരനായ ബ്രെന്നൻ ജോൺസന്റെ സ്ട്രൈക്ക് പിക്ഫോർഡിന് തടയാൻ ആയില്ല.സ്കോർ 1-0.

ഇതിനു ശേഷം ഉണർന്നു കളിച്ച എവർട്ടൺ 87ആം മിനുട്ടിൽ സമനില നേടി‌‌. പിക്ക്ഫോർഡിന്റെ ഒരു ലോങ് പാസ് സ്വീകരിച്ച് ഡിമാരി ഗ്രേ ഒറ്റയ്ക്ക് കുതിച്ച് സമനില നേടുകയായിരുന്നു‌‌‌.

എവർട്ടൺ ഈ പ്രീമിയർ ലീഗ് സീസണിൽ നേടുന്ന ആദ്യ പോയിന്റ് ആണിത്‌

നോട്ടിങ്ഹാം ഫോറസ്റ്റ് സൈനിങ് നമ്പർ 16!! | Exclusive

നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിൽ നിൽക്കാൻ ഉറച്ചുള്ള നീക്കങ്ങൾ നടത്തുകയാണ്. ഇരുപത് വർഷങ്ങൾ കഴിഞ്ഞ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ഫോറസ്റ്റ് അവരുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ 16ആം സൈനിംഗ് പൂർത്തിയാക്കി. വോൾവ്‌സ് മിഡ്‌ഫീൽഡർ മോർഗൻ ഗിബ്‌സ്-വൈറ്റ് ആണ് ഫോറസ്റ്റിൽ പുതുതായി എത്തുന്നത്.

ആഡ്-ഓണുകൾ ഉൾപ്പെടെ 42.5 മില്യൺ പൗണ്ട് വിലമതിക്കുന്ന കരാറിലാണ് ഫോറസ്റ്റ് താരത്തെ സ്വന്തമാക്കുന്നത്. 22-കാരൻ ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ ഫോറസ്റ്റിന്റെ പ്രധാന ലക്ഷ്യമായിരുന്നു‌. ഫോറസ്റ്റ് പ്രാരംഭ തുകയായി വോൾവ്സിന് 25 മില്യൺ പൗണ്ട് നൽകും. കൂടാതെ 17.5 മില്യൺ പൗണ്ട് ആഡ്-ഓൺ ആയും നൽകും.

ഇംഗ്ലണ്ട് U21 ഇന്റർനാഷണൽ ഫോറസ്റ്റ് ബോസ് സ്റ്റീവ് കൂപ്പറിന് കീഴിൽ 2020/21 സീസണിൽ സ്വാൻസിയിൽ ലോണിൽ കളിച്ചിരുന്നു.

അവിടെ ഡി ഹിയ വില്ലൻ, ഇവിടെ ഡീൻ ഹെൻഡേഴ്സൺ ഹീറോ!!

രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു വിജയം സ്വന്തമാക്കി. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിട്ട ഫോറസ്റ്റ് മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സന്റെ മികവാണ് അവർക്ക് ജയം നൽകിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ യുണൈറ്റഡിൽ കളിക്കുന്ന ഹെൻഡേഴ്സൺ ഒരു പെനാൾട്ടി സേവ് ചെയ്താണ് ക്ലബിനെ രക്ഷിച്ചത്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയ അബദ്ധങ്ങളിലൂടെ ടീം വഴങ്ങിയ ഗോളുകൾക്ക് കാരണം ആയപ്പോൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവഗണിച്ച ഡീൻ ഹീറോ ആകുന്നത്.

ഇന്ന് മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കളിച്ച ഫോറസ്റ്റ് തുടക്കം മുതൽ അവസരങ്ങൾ സൃഷ്ടിച്ചു. വെസ്റ്റ് ഹാമും അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. ആദ്യ പകുതിയുടെ 43ആം മിനുട്ടിൽ ബെൻറാമയിലൂടെ വെസ്റ്റ് ഹാം ലീഡ് എടുത്തു എങ്കിലിം അന്റോണിയോയുടെ ഒരു ഫൗൾ കാരണം വാർ ആ ഗോൾ നിഷേധിച്ചു. ഇതിന് തൊട്ടു പിന്നാലെ ഫോറസ്റ്റ് ഗോൾ കണ്ടെത്തുകയും ചെയ്തു. 45ആം മിനുട്ടിൽ അവോനിയുടെ ടച്ചിലാണ് ഫോറസ്റ്റിന്റെ ഗോൾ വന്നത്.

രണ്ടാം പകുതിയിൽ സമനിലക്ക് വേണ്ടി വെസ്റ്റ് ഹാം പ്രയത്നിച്ചു. 65ആം മിനുട്ടിലാണ് അവർക്ക് പെനാൾട്ടി ലഭിച്ചത്‌. പെനാൾട്ടി എടുത്ത ഡക്ലൻ റൈസിന്റെ ശ്രമം തടഞ്ഞു കൊണ്ട് ഡീൻ ഹെൻഡേഴ്സൺ ഹീറോ ആയി‌. ഇതിനു ശേഷം ഒരു ഗോൾ കണ്ടെത്താൻ വെസ്റ്റ് ഹാമിനായില്ല. ഫോറസ്റ്റിന്റെ ഈ സീസണിലെ ആദ്യ ജയം ആണിത്. വെസ്റ്റ് ഹാമിന്റെ തുടർച്ചയായ രണ്ടാം പരാജയവും.

Story Highlight: Dean Henderson Saves Nottingham Forrest

Exit mobile version