20220827 163636

അവസാനിപ്പിക്കാൻ ഉദ്ദേശമില്ല!! നോട്ടിങ്ഹാം ഫോറസ്റ്റ് ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കുന്ന പതിനെട്ടാമനാവാൻ റെനാൻ ലോഡി

പ്രീമിയർ ലീഗിലേക്ക് എത്തിയ ശേഷം ട്രാൻസ്ഫർ വിൻഡോയിൽ പണം എറിഞ്ഞ കണക്കിൽ യൂറോപ്പിൽ തന്നെ മുൻപന്തിയിൽ ആണ് നോട്ടിങ്ഹാം ഫോറസ്റ്റ്. പതിനേഴ്‌ താരങ്ങളെയാണ് ഇതുവരെ ടീമിലേക്ക് എത്തിച്ചത്. എന്നാൽ അതൊന്നും പോരെന്ന നിലപാടിലാണ് ടീമും കോച്ച് സ്റ്റീവ് കൂപ്പറും. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുന്നേ കൂടുതൽ താരങ്ങൾ എത്തുമെന്ന് നേരത്തെ കൂപ്പർ വെളിപ്പെടുത്തിയിരുന്നു. അത്ലറ്റികോ മാഡ്രിഡിന്റെ ലെഫ്റ്റ് ബാക്ക് റെനാൻ ലോഡിയാണ് അവരുടെ പുതിയ ലക്ഷ്യം.
താരത്തെ ലോണിൽ എത്തിക്കാനാണ് ശ്രമം. അഞ്ച് മില്യൺ ലോൺ ഫീ ആയി നൽകും. ലോണിന് ശേഷം സീസണിന്റെ അവസാനം മുപ്പത് മില്യൺ നൽകി താരത്തെ സ്വന്തമാക്കാനും നോട്ടിങ്ഹാമിന് കഴിയുന്ന തരത്തിൽ ആണ് അത്ലറ്റികോക്ക് മുന്നിൽ ഓഫർ വെച്ചിരിക്കുന്നത്. താരവുമായും അത്ലറ്റികോയുമായും നോട്ടിങ്ഹാമിന്റെ ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്.

2019ലാണ് ലോഡി അത്ലറ്റികോയിൽ എത്തുന്നത്. മൂന്ന് സീസനുകളിലായി നൂറ്റിയിരുപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. കഴിഞ്ഞ സീസണുകളിൽ മിക്ക മത്സരങ്ങളിലും ടീമിനായി ഇറങ്ങിയെങ്കിലും സിമിയോണി താരത്തിൽ പൂർണ സംതൃപ്തനല്ലയിരുന്നു. ലില്ലേയിൽ നിന്നും ലെഫ്റ്റ് ബാക്ക് റെയ്നിൽഡോയെ എത്തിച്ചപ്പോൾ തന്നെ ലോഡിയുടെ ഭാവി അത്ലറ്റികോക്ക് പുറത്ത് ആവും എന്ന് സൂചനകൾ ഉണ്ടായിരുന്നു.

ഇത്തവണ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ താരത്തിന് ഒറ്റ മിനിറ്റ് പോലും അവസരം നൽകാനും സിമിയോണി തയ്യാറായില്ല. ആദ്യ മത്സരത്തിൽ പ്രതിരോധ താരം പോലുമല്ലാത്ത സോളിനെ ആണ് ലെഫ്റ്റ് ബാക്ക് ആയി സിമിയോണി ഇറക്കിയത്. ഇതോടെ ടീമിൽ സ്ഥാനമില്ലെന്ന് ഉറപ്പായ സമയത്താണ് നോട്ടിങ്ഹാം ഓഫറുമായി എത്തിയിരിക്കുന്നത്. ഓഫർ അത്ലറ്റികോ അംഗീകരിച്ചേക്കും. പകരക്കാരൻ ആയി ടോട്ടനം താരം റെഗുലിയോണെ എത്തിക്കാൻ അത്ലറ്റികോ ശ്രമിച്ചേക്കും എന്നും സൂചനകൾ ഉണ്ട്.

Exit mobile version