6 വിക്കറ്റ് നഷ്ടമെങ്കിലും 300ന് മുകളില്‍ സ്കോര്‍ നേടി ഒന്നാം ദിവസം അവസാനിപ്പിച്ച് ശ്രീലങ്ക

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ മികച്ച സ്കോറിലേക്ക് നീങ്ങി ശ്രീലങ്ക. മത്സരത്തിന്റെ ഒന്നാം ദിവസം തുടക്കം പാളിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ ശ്രീലങ്ക നടത്തിയത്. ഒരു ഘടട്ത്തില്‍ 54/3 എന്ന നിലയില്‍ വീണ ടീമിനെ ദിനേശ് ചന്ദിമല്‍-ധനന്‍ജയ ഡി സില്‍വ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

Dhananjayadesilva

ചന്ദിമല്‍ 85 റണ്‍സും ധനന്‍ജയ ഡി സില്‍വ 79 റണ്‍സും നേടിയപ്പോള്‍ നിരോഷന്‍ ഡിക്ക്വെല്ല 49 റണ്‍സ് നേടി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ലങ്ക 340/6 എന്ന നിലയിലാണ്. ധനന്‍ജയ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ദസുന്‍ ഷനക 25 റണ്‍സും കസുന്‍ രജിത 7 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിയാന്‍ മുള്‍ഡര്‍ മൂന്ന് വിക്കറ്റ് നേടി.

ലസിത് മലിംഗ നയിക്കുന്ന ശ്രീലങ്കയുടെ ന്യൂസിലാണ്ടിനെതിരെയുള്ള ടി20 സംഘത്തെ പ്രഖ്യാപിച്ചു

സെപ്റ്റംബര്‍ 1ന് പാല്ലെകേലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിയ്ക്കുന്ന ന്യസിലാണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെ ലസിത് മലിംഗയാണ് നയിക്കുന്നത്. നിരോഷന്‍ ഡിക്ക്വെല്ലയെ ഉപനായകനായും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘത്തെ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് ലങ്കന്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്.

സ്ക്വാഡ്: ലസിത് മലിംഗ, നിരോഷന്‍ ഡിക്ക്വെല്ല, അവിഷ്ക ഫെര്‍ണാണ്ടോ, കുശല്‍ ജനിത് പെരേര, ധനുഷ്ക ഗുണതിലക, ഷെഹാന്‍ ജയസൂര്യ, ദസുന ഷനക, വനിഡു ഹസരംഗ, അകില ധനന്‍ജയ, ലക്ഷന്‍ സണ്ടകന്‍, ഇസ്രു ഉഡാന, ലഹിരു കുമര, ലഹിരു മധുഷനക

കരുണാരത്നേയുടെ ക്യാപ്റ്റന്‍സിയില്‍ താരങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം

ശ്രീലങ്കന്‍ നായകന്‍ കരുണാരത്നേയുടെ കീഴില്‍ ടീമിന്റെ മെച്ചപ്പെട്ട പ്രകടനത്തിന് കാരണം താരങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കാര്യങ്ങളെ സമീപിക്കുവാനുള്ള അവസരം ലഭിയ്ക്കുന്നതാണെന്നാണ് പറഞ്ഞ് നിരോഷന്‍ ഡിക്ക്വെല്ല. ദക്ഷിണാഫ്രിക്കയിലെ ചരിത്ര ടെസ്റ്റ് വിജയത്തിന് ശേഷം ന്യൂസിലാണ്ടിനെതിരെയും ടീം ടെസ്റ്റില്‍ വിജയം കുറിച്ചു. ദിമുത് വളരെ വ്യത്യസ്തനായ ക്യാപ്റ്റനാണെന്നും താരം മറ്റു താരങ്ങളെ കൈകാര്യം ചെയ്യുന്നത് വേറെ നിലയിലാണെന്നും നിരോഷന്‍ പറഞ്ഞു. താരങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന സമീപനമാണ് ദിമുത് കരുണാരത്നേയുടെയെന്നും താന്‍ ദിമുതിനൊപ്പം കുറേ അധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ളതാണെന്നും നിരോഷന്‍ ഡിക്ക്വെല്ല പറഞ്ഞു.

2017ല്‍ ആഞ്ചലോ മാത്യൂസ് പടിയിറങ്ങിയ ശേഷം പലരെയും ലങ്ക ക്യാപ്റ്റനായി പരിഗണിച്ചിരുന്നു. എന്നാല്‍ ദിമുത് കരുണാരത്നേയ്ക്ക് ചുമതല ലഭിച്ചതിന് ശേഷമാണ് ശ്രീലങ്ക മെച്ചപ്പെട്ട് തുടങ്ങിയത്. തെറ്റ് വരുത്തിയാല്‍ ഞങ്ങളെ മാറ്റി നിര്‍ത്തി, ഇതാണ് സംഭവിച്ചത്, അത് തിരുത്തണമെന്ന് പറയുവാന്‍ ദിമുത് തയ്യാറാവാറുണ്ട്, താരങ്ങള്‍ക്ക് വേണ്ടത്ര ആത്മവിശ്വാസം നല്‍കുവാനും ദിമുത് കരുണാരത്നേ തയ്യാറാവുന്നുണ്ടെന്ന് നിരോഷന്‍ ഡിക്ക്വെല്ല പറഞ്ഞു.

18 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി ശ്രീലങ്ക

നിരോഷന്‍ ഡിക്ക്വെല്ലയുടെയും സുരംഗ ലക്മലിന്റെയും ചെറുത്ത് നില്പിന്റെ ബലമായി 18 റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ശ്രീലങ്ക. ന്യൂസിലാണ്ടിന്റെ 249 റണ്‍സ് എന്ന് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 93.2 ഓവറില്‍ 267 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും എട്ടാം വിക്കറ്റില്‍ സുരംഗ ലക്മല്‍-ഡിക്ക്വെല്ല കൂട്ടുകെട്ട് നേടിയ 81 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് സ്കോര്‍ 242 റണ്‍സ് വരെ എത്തിക്കുവാന്‍ സഹായിച്ചു. ട്രെന്റ് ബോള്‍ട്ടാണ് 40 റണ്‍സ് നേടിയ ലക്മലിനെ പുറത്താക്കിയത്.

പിന്നീട് ഡിക്ക്വെല്ലയെയും(61) ലസിത് എംബുല്‍ദേനിയയെയും പുറത്താക്കി വില്യം സോമര്‍വില്ലേ ലങ്കയെ ഓള്‍ഔട്ട് ആക്കുകയായിരുന്നു. 61 റണ്‍സാണ് നിരോഷന്‍ ഡിക്ക്വെല്ലയുടെ സംഭാവന. ന്യൂസിലാണ്ടിനായി അജാസ് പട്ടേല്‍ അഞ്ചും വില്യം സോമര്‍വില്ലേ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റ് നേടി.

ഒന്നാം ഇന്നിംഗ്സ് ലീഡിനായുള്ള പിടിവലി തുടരുന്നു, അജാസ് പട്ടേലിന്റെ പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച് നിന്ന് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

മൂന്ന് വിക്കറ്റ് അവശേഷിക്കെ ഗോള്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ശ്രീലങ്ക നേടേണ്ടത് ഇനി 22 റണ്‍സ് കൂടി. കുശല്‍ മെന്‍ഡിസ്-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഇരുവരെയും പുറത്താക്കി അജാസ് പട്ടേല്‍ പിടിമുറുക്കിയപ്പോള്‍ ലങ്ക ഒരു ഘട്ടത്തില്‍ 161/7 എന്ന നിലയിലായിരുന്നു. ന്യൂസിലാണ്ട് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് വേഗം കുതിയ്ക്കുമെന്ന തോന്നിയ നിമിഷത്തിലാണ് എട്ടാം വിക്കറ്റില്‍ നിരോഷന്‍ ഡിക്ക്വെല്ലയുംസുരംഗ ലക്മലും ചെറുത്ത് നില്പുയര്‍ത്തിയത്.

66 റണ്‍സാണ് ഈ കൂട്ടുകെട്ട് ഇതുവരെ നേടിയത്. 39 റണ്‍സുമായി നിരോഷന്‍ ഡിക്ക്വെല്ലയും 28 റണ്‍സ് നേടി  സുരംഗ ലക്മലും ക്രീസില്‍ നില്‍ക്കുന്നു. കുശല്‍ മെന്‍ഡിസ് 53 റണ്‍സ് നേടിയപ്പോള്‍ ആഞ്ചലോ മാത്യൂസ് 50 റണ്‍സ് നേടി പുറത്തായി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 227 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

ലങ്ക എ ടീമിനു ദയനീയ തോല്‍വി, അന്തകനായത് രാഹുല്‍ ചഹാര്‍

ഇന്ത്യ എ ടീമിനെതിരെയുള്ള ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ശ്രീലങ്ക എ ടീമിനു ദയനീയ തോല്‍വി. ഇന്ത്യയ്ക്കെതിരെ ഇന്നിംഗ്സ് തോല്‍വിയാണ് ടീം ഇന്ന് ഏറ്റുവാങ്ങിയത്. രാഹുല്‍ ചഹാര്‍ മത്സരത്തില്‍ എട്ട് വിക്കറ്റുമായി ലങ്കയുടെ അന്തകനായപ്പോള്‍ സന്ദീപ് വാര്യര്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. ഇന്നിംഗ്സിന്റെയും 205 റണ്‍സിന്റെയും വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യയുടെ കൂറ്റന്‍ സ്കോറായ 622/5 എന്നത് പിന്തുടര്‍ന്നിറങ്ങിയ ലങ്കയ്ക്ക് ആദ്യ ഇന്നിംഗ്സില്‍ 232 റണ്‍സ് മാത്രമേ നേടാനായുള്ളു. രാഹു‍ല്‍ ചഹാര്‍ നാല് വിക്കറ്റ് വീഴ്ത്തി ലങ്കയെ തകര്‍ത്തെറിഞ്ഞപ്പോള്‍ ടീം 63.4 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 103 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയ്ക്ക് പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്കാകാതെ പോയതാണ് ടീമിനു തിരിച്ചടിയായത്. അഷന്‍ പ്രിയഞ്ജന്‍ 49 റണ്‍സ് നേടിയപ്പോള്‍ സദീര സമരവിക്രമ 31 റണ്‍സ് നേടി പുറത്തായി. ഇന്ത്യയ്ക്കായി സന്ദീപ് വാര്യറും ശിവം ഡുബേയും ജയന്ത് യാദവും രണ്ട് വീതം വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിലും ശ്രീലങ്ക തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 185 റണ്‍സിനു ഓള്‍ഔട്ട് ആവുന്ന കാഴ്ചയാണ് കണ്ടത്. രാഹുല്‍ ചഹാര്‍ രണ്ടാം ഇന്നിംഗ്സിലും നാല് വിക്കറ്റ് നേടിയപ്പോള്‍ അങ്കിത് രാജ്പുതും സന്ദീപ് വാര്യറും ജയന്ത് യാദവും രണ്ട് വീതം വിക്കറ്റ് നേടി.  ഇന്ത്യയ്ക്ക് ഇന്നിംഗ്സിന്റെയും 205 റണ്‍സിന്റെ വിജയമാണ് നേടുവാനായത്. രണ്ടാം ഇന്നിംഗ്സില്‍ 48 റണ്‍സ് നേടിയ ശ്രീലങ്കയുടെ സദീര സമരവിക്രമയാണ് ടോപ് സ്കോറര്‍. അഷന്‍ പ്രിയഞ്ജന്‍ 39 റണ്‍സ് നേടി.

ശ്രീലങ്കയ്ക്ക് ജയിക്കുവാന്‍ 197 റണ്‍സ്, രണ്ടാം ദിവസം ഇതുവരെ വീണത് 17 വിക്കറ്റ്

പോര്‍ട്ട് എലിസബത്തില്‍ ബൗളര്‍മാരുടെ മേധാവിത്വം. ശ്രീലങ്കയുടെയും ദക്ഷിണാഫ്രിക്കയുടെയും ഇന്നിംഗ്സുകള്‍ രണ്ടാം ദിവസം അവസാനിച്ചപ്പോള്‍ ലങ്കയ്ക്ക് ജയിക്കുവാന്‍ 197 റണ്‍സാണ് വേണ്ടത്. തലേ ദിവസത്തെ സ്കോറായ 60/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 154 റണ്‍സിനു അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 68 റണ്‍സിന്റെ ലീഡ് നേടി. എന്നാല്‍ ദക്ഷിണാഫ്രിക്കയെ 128 റണ്‍സിനു പുറത്താക്കി ശ്രീലങ്ക ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ മത്സരം ആവേശകരമായ നിലയിലേക്ക് നീങ്ങുകയായിരുന്നു.

42 റണ്‍സ് നേടി നിരോഷന്‍ ഡിക്ക്വെല്ല ശ്രീലങ്കയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ കുശല്‍ പെരേര 20 റണ്‍സും ലഹിരു തിരിമന്നേ 29 റണ്‍സും നേടി. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ നാലും ഡുവാന്നെ ഒളിവിയര്‍ മൂന്ന് വിക്കറ്റും നേടി. പരിക്കേറ്റ ലസിത് എംബുല്‍ദേനിയ ബാറ്റ് ചെയ്യാനെത്തിയില്ല.

വലിയ ലീഡ് നേടാമെന്ന ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയ്ക്ക് വിലങ്ങ് തടിയായി സുരംഗ ലക്മലും ധനന്‍ജയ ഡിസില്‍വയും പന്തെറിഞ്ഞപ്പോള്‍ 44.3 ഓവറില്‍ ടീം 128 റണ്‍സിനു ഓള്‍ഔട്ട് ആയി. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി 50 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഹാഷിം അംല 32 റണ്‍സ് നേടി. സുരംഗ ലക്മല്‍ നാലും ഡി സില്‍വ 3 വിക്കറ്റും നേടുകയായിരുന്നു. കസുന്‍ രജിതയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

അരങ്ങേറ്റം ഉഷാറാക്കി ജൈ റിച്ചാര്‍ഡ്സണ്‍, പൊരുതി നിന്നത് നിരോഷന്‍ ഡിക്ക്വെല്ല മാത്രം

ബ്രിസ്ബെയിനിലെ ഗാബയില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. പരമ്പരയിലെ ആദ്യ മത്സരവും പിങ്ക് ബോള്‍ ടെസ്റ്റുമായി ഗാബ ടെസ്റ്റിലെ ആദ്യ ദിവസം തന്നെ ലങ്കന്‍ നിര നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കണ്ടത്. അരങ്ങേറ്റക്കാരന്‍ ജൈ റിച്ചാര്‍ഡ്സണൊപ്പം പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും മികവ് പുലര്‍ത്തിയപ്പോള്‍ ലങ്ക തുടക്കം മുതല്‍ പ്രതിരോധത്തിലാകുകയായിരുന്നു. 56.4 ഓവറുകളില്‍ ലങ്കന്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 144 റണ്‍സാണ് ടീം നേടിയത്. 78 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയെ പാറ്റ് കമ്മിന്‍സ് ആണ് പുറത്താക്കിയത്. ഡിക്ക്വെല്ല പുറത്തായി രണ്ടാം പന്തില്‍ ശ്രീലങ്കയുടെ ഇന്നിംഗ്സും അവസാനിച്ചു.

മൂന്ന് വിക്കറ്റുകളാണ് ജൈ റിച്ചാര്‍ഡ്സണ്‍ തന്റെ അരങ്ങേറ്റത്തില്‍ സ്വന്തമാക്കിയത്. ഇതില്‍ ദിനേശ് ചന്ദിമലിനെ പുറത്താക്കി തന്റെ കന്നി ടെസ്റ്റ് വിക്കറ്റും ജൈ റിച്ചാര്‍ഡ്സണ്‍ നേടി. പാറ്റ് കമ്മിന്‍സിന് നാല് വിക്കറ്റ് ലഭിച്ചു.  മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നഥാന്‍ ലയണ്‍ ഒരു വിക്കറ്റും നേടി.

45 റണ്‍സിന്റെ ജയം നേടി ന്യൂസിലാണ്ട്, പൊരുതി നോക്കി കുശല്‍ ജനിത് പെരേരയും ടോപ് ഓര്‍ഡറും

ന്യൂസിലാണ്ടിന്റെ കൂറ്റന്‍ ലക്ഷ്യമായ 372 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് 45 റണ്‍സിന്റെ തോല്‍വി. 49 ഓവറില്‍ 326 റണ്‍സിനു ടീം ഓള്‍‍ഔട്ട് ആവുകയായിരുന്നു. ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് താരങ്ങള്‍ പൊരുതിയെങ്കിലും പിന്നീട് വന്നവര്‍ക്ക് വേണ്ടത്ര വേഗത ഇന്നിംഗ്സിനു നല്‍കുവാന്‍ കഴിയാതെ പോയത് ടീമിനു തിരിച്ചടിയായി. കുശല്‍ ജനിത് പെരേര 86 പന്തില്‍ നിന്ന് 102 റണ്‍സ് നേടി 45.2 ഓവറില്‍ പുറത്താകുന്നത് വരെ ശ്രീലങ്കയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു.

ധനുഷ്ക ഗുണതിലക 43 റണ്‍സും 50 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയുമാണ് ശ്രീലങ്കയ്ക്കായി തിളങ്ങിയ മറ്റു താരങ്ങള്‍. ഒരു ഘട്ടത്തില്‍ 178/2 എന്ന നിലയിലായിരുന്നു ശ്രീലങ്ക. ജെയിംസ് നീഷം മൂന്ന് വിക്കറ്റ് നേടി മത്സരത്തില്‍ നിന്ന് മികച്ച ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തു. ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

സൗത്തിയ്ക്ക് അഞ്ച് വിക്കറ്റ്, പ്രതിരോധവുമായി ആഞ്ചലോ മാത്യൂസും നിരോഷന്‍ ഡിക്ക്വെല്ലയും ദിമുത് കരുണാരത്നേയും

വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വ്വില്‍ ഇന്ന് ആരംഭിച്ച ഒന്നാം ടെസ്റ്റില്‍ ഓള്‍ഔട്ട് ആകാതെ പിടിച്ച് നിന്ന് ശ്രീലങ്ക. മൂന്ന് ബാറ്റ്സ്മാന്മാര്‍ ഒഴികെ എല്ലാവരും പരാജയപ്പെട്ടപ്പോള്‍ ഒരു ഘട്ടത്തില്‍ ശ്രീലങ്ക 9/3 എന്ന നിലയിലായിരുന്നു. ടിം സൗത്തി ഉഗ്ര താണ്ഡവമാടിയപ്പോള്‍ ശ്രീലങ്കയുടെ ടോപ് ഓര്‍ഡര്‍ കടപുഴകുകയായിരുന്നു. നാലാം വിക്കറ്റില്‍ ഓപ്പണര്‍ ദിമുത് കരുണാരത്നേയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് നടത്തിയ ബാറ്റിംഗ് രക്ഷാപ്രവര്‍ത്തനമാണ് ശ്രീലങ്കയെ നാണക്കേടില്‍ നിന്ന് കരകയറ്റിയത്.

133 റണ്‍സാണ് കരുണാരത്നേ-മാത്യൂസ് കൂട്ടുകെട്ട് നേടിയത്. 79 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയെ നീല്‍ വാഗ്നര്‍ പുറത്താക്കുകയായിരുന്നു. ക്യാപ്റ്റന്‍ ദിനേശ് ചന്ദിമലിനെയും ആഞ്ചലോ മാത്യൂസിനെയും പുറത്താക്കി സൗത്തി തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. 83 റണ്‍സാണ് മാത്യൂസ് നേടിയത്. അതിനു ശേഷം വാലറ്റത്തെ കൂട്ടുപിടിച്ച് നിരോഷന്‍ ഡിക്ക്വെല്ല നടത്തിയ പോരാട്ടമാണ് 275 റണ്‍സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ആദ്യ ദിവസം അവസാനിപ്പിക്കുവാന്‍ ശ്രീലങ്കയെ സഹായിച്ചത്.

സൗത്തിയുടെ അഞ്ച് വിക്കറ്റിനൊപ്പം നീല്‍ വാഗ്നര്‍ രണ്ടും ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇംഗ്ലണ്ടിനു കൂറ്റന്‍ ലക്ഷ്യം, റണ്‍ മലയൊരുക്കി ശ്രീലങ്ക

അഞ്ചാം ഏകദിനത്തില്‍ വിജയം കുറിയ്ക്കുവാന്‍ ഇംഗ്ലണ്ട് പാടുപെടുമെന്ന് ഉറപ്പ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 366/6 എന്ന പടുകൂറ്റന്‍ സ്കോറാണ് ഇംഗ്ലണ്ടിനു മുന്നില്‍ വെച്ചിരിക്കുന്നത്. നാല് താരങ്ങള്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയ ലങ്കന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ നിരോഷന്‍ ഡിക്ക്വെല്ലയാണ്. 95 റണ്‍സാണ് താരം നേടിയത്. ദിനേശ് ചന്ദിമല്‍ 80 റണ്‍സ് നേടിയപ്പോള്‍ സദീര സമരവിക്രമ(54), കുശല്‍ മെന്‍ഡിസ്(56) എന്നിവരും മികച്ച ബാറ്റിംഗ് പുറത്തെടുത്തു. 33 പന്തില്‍ നിന്ന് 56 റണ്‍സാണ് കുശല്‍ മെന്‍ഡിസ് നേടിയത്.

ഇംഗ്ലണ്ടിനായി ടോം കറനും മോയിന്‍ അലിയും രണ്ട് വീതം വിക്കറ്റ് നേടി.

ചന്ദിമല്‍ തിരികെ ശ്രീലങ്കന്‍ ടീമില്‍, ‍ഡിക്ക്വെല്ല പുറത്ത്

നിരോഷന്‍ ഡിക്ക്വെല്ലയെ ഒഴിവാക്കി ശ്രീലങ്ക ടി20 സ്ക്വാ‍ഡിനെ പ്രഖ്യാപിച്ചു. ലങ്കയുടെ മുന്‍ നായകന്‍ ദിനേശ് ചന്ദിമല്‍ തിരികെ ടീമിലെത്തുന്നും എന്നതാണ് പ്രത്യേകത. എന്നാല്‍ താരത്തിനു നായക സ്ഥാനം തിരികെ നല്‍കിയിട്ടില്ല. ടി20 യില്‍ ടീമിനെ ആഞ്ചലോ മാത്യൂസ് തന്നെ നയിക്കും. 15 അംഗ സംഘത്തിനെയും നാല് സ്റ്റാന്‍ഡ് ബൈ താരങ്ങളെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിക്ക്വെല്ല സ്റ്റാന്‍ഡ് ബൈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version