Nicholaspooran

തുണയായി നിക്കി പി!!! ലക്നൗവിന് 161 റൺസ്

ഐപിഎലില്‍ ഇന്ന് സൂപ്പര്‍ സണ്ടേയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയെങ്കിലും നിക്കോളസ് പൂരന്റെ ബാറ്റിംഗ് മികവിൽ 161/7 എന്ന സ്കോര്‍ നേടി. ആറാം വിക്കറ്റിൽ ക്രുണാൽ പാണ്ഡ്യയെ കാഴ്ചക്കാരനാക്കി നിക്കോളസ് പൂരന്‍ 24 പന്തിൽ നിന്ന് 44 റൺസ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ ഇതിൽ 7 റൺസായിരുന്നു ക്രുണാലിന്റെ സംഭാവന. 32 പന്തിൽ 45 റൺസ് നേടി നിക്കോളസ് പൂരനെ അവസാന ഓവറിലെ ആദ്യ പന്തിൽ മിച്ചൽ സ്റ്റാര്‍ക്ക് ആണ് പുറത്താക്കിയത്.

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ക്വിന്റൺ ഡി കോക്കിനെയും ദീപക് ഹൂഡയെയും നഷ്ടമായ ലക്നൗവിനെ പിന്നീട് കെഎൽ രാഹുല്‍ – ആയുഷ് ബദോനി കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. ഹൂഡയെ സ്റ്റാര്‍ക്കിന്റെ ബൗളിംഗിൽ തകര്‍പ്പനൊരു ക്യാച്ചിലൂടെ രമൺദീപ് സിംഗ് ആണ് പുറത്താക്കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 49 റൺസാണ് ലക്നൗ നേടിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ സ്കോര്‍ 72 റൺസിലേക്ക് ഈ കൂട്ടുകെട്ട് എത്തിച്ചു.

തൊട്ടടുത്ത ഓവറിൽ ആന്‍ഡ്രേ റസ്സലിനെ സിക്സറോടെ വരവേറ്റ കെഎൽ രാഹുല്‍ തൊട്ടടുത്ത പന്തിലും അത് ആവര്‍ത്തിക്കുവാന്‍ ശ്രമിച്ച് പുറത്തായി. 27 പന്തിൽ നിന്ന് 39 റൺസാണ് രാഹുല്‍ നേടിയത്. മൂന്നാം വിക്കറ്റിൽ ബദോനി – രാഹുല്‍ കൂട്ടുകെട്ട് 39 റൺസാണ് നേടിയത്. 5 പന്തിൽ 10 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസിനെ വരുൺ ചക്രവര്‍ത്തിയുടെ ബൗളിംഗിൽ ഫിൽ സാള്‍ട്ട് മികച്ചൊരു റിഫ്ലക്സ് ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ ലക്നൗ 95/4 എന്ന നിലയിലായിരുന്നു.

29 റൺസ് നേടിയ ആയുഷ് ബദോനിയെ നരൈന്‍ പുറത്താക്കിയപ്പോള്‍ 111/5 എന്ന നിലയിലായിരുന്നു ലക്നൗ. മെല്ലെ തുടങ്ങിയ നിക്കോളസ് പൂരന്‍ ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ലക്നൗവിന് മെച്ചപ്പെട്ട സ്കോറിലേക്ക് എത്താമെന്ന പ്രതീക്ഷ സാധ്യമായി. വൈഭവ് അറോറ എറിഞ്ഞ 18ാം ഓവറിൽ രണ്ട് സിക്സുകള്‍ നേടിയ താരം റൺ റേറ്റ് ഉയര്‍ത്തി.

45 റൺസ് നേടിയ പൂരനെയും ഓവറിലെ അവസാന പന്തിൽ അര്‍ഷദ് ഖാനെയും പുറത്താക്കി മിച്ചൽ സ്റ്റാര്‍ക്ക് മത്സരത്തിൽ നിന്ന് മൂന്ന് വിക്കറ്റ് നേടി.

Exit mobile version