രണ്ട് റൺസ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടം, അവിടെ നിന്ന് നൂറ് കടന്ന് സ്കോട്‍ലാന്‍ഡ്

നമീബിയയ്ക്കെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സ്കോട്‍ലാന്‍ഡ്. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന സ്കോട്‍ലാന്‍ഡിന് മൂന്ന് വിക്കറ്റാണ് സ്കോര്‍ ബോര്‍ഡിൽ 2 റൺസുള്ളപ്പോള്‍ നഷ്ടമായത്. അവിടെ നിന്ന് 20 ഓവര്‍ അവസാനിക്കുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ 109 റൺസാണ് സ്കോട്‍ലാന്‍ഡ് നേടിയത്. നമീബിയെ തളയ്ക്കാന്‍ ഇതാവുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നുവെങ്കിലും 50നുള്ളിൽ ഓള്‍ഔട്ട് ആയേക്കുമെന്ന ഘട്ടത്തിൽ നിന്ന് നൂറ് കടക്കാനായി എന്നതിൽ സ്കോട്‍ലാന്‍ഡിന് ആശ്വസിക്കാം.

Namibiascotland

നമീബിയയുടെ റൂബന്‍ ട്രംപെൽമാന്‍ മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് നേടി സ്കോട്‍ലാന്‍ഡിന് കനത്ത പ്രഹരം ഏല്പിക്കുകയായിരുന്നു. പിന്നീട് 18/4 എന്ന നിലയിലേക്കും വീണ സ്കോട്‍ലാന്‍ഡിനെ മൈക്കൽ ലീസക്, ക്രിസ് ഗ്രീവ്സ് എന്നിവര്‍ ചേര്‍ന്നാണ് നൂറ് കടത്തിയത്.

അഞ്ചാം വിക്കറ്റിൽ മാത്യു ക്രോസുമായി ലീസക് 39 റൺസ് നേടിയപ്പോള്‍ ആറാം വിക്കറ്റിൽ 36 റൺസാണ് ലീസക്കും ഗ്രീവ്സും ചേര്‍ന്ന് നേടിയത്. 27 പന്തിൽ 44 റൺസ് ആണ് മൈക്കൽ ലീസകിന്റെ സംഭാവന. ക്രോസ് 19 റൺസ് നേടി. ക്രിസ് ഗ്രീവ്സ് 25 റൺസ് നേടി അവസാന പന്തിൽ റണ്ണൗട്ടാകുകയായിരുന്നു.

റൂബന്‍ ട്രംപൽമാന്‍ മൂന്നും ജാന്‍ ഫ്രൈലിങ്ക് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ജെജെ സ്മിട്, ഡേവിഡ് വീസ് എന്നിവര്‍ ഓരോ വിക്കറ്റും നമീബിയയ്ക്കായി നേടി.

ടോസ് നമീബിയയ്ക്ക്, ഫീൽഡിംഗ് തിര‍ഞ്ഞെടുത്തു

സ്കോട്ലാന്‍ഡിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് നമീബിയ. ഗ്രൂപ്പ് ഘട്ടത്തിൽ അയര്‍ലണ്ടിനെ അട്ടിമറിച്ച് എത്തുന്ന നമീബിയ്ക്ക് സ്കോട്‍ലാന്‍ഡിനെതിരെ അത് ആവര്‍ത്തിക്കാനായാൽ വലിയ നേട്ടമായി മാറും. അതേ സമയം സ്കോട്‍ലാന്‍ഡ് ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് നാണംകെട്ട രീതിയിലാണ് അടിയറവ് പറഞ്ഞത്.

അസോസ്സിയേറ്റ് ടീമുകളുടെ ടൂര്‍ണ്ണമെന്റുകളിൽ പരസ്പരം കളിച്ച് പരിചയമുള്ള രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം ആവേശകരമാകുമെന്നാണ് വിലയിരുത്തൽ.

സ്ഥിരം ക്യാപ്റ്റന്‍ കൈൽ കോയറ്റ്സറിന്റെ അഭാവത്തിൽ റിച്ചി ബെറിംഗ്ടൺ ആണ് സ്കോട്‍ലാന്‍ഡിനെ നയിക്കുന്നത്.

സ്കോട്‍ലാന്‍ഡ്: George Munsey, Matthew Cross(w), Calum MacLeod, Richie Berrington(c), Craig Wallace, Michael Leask, Chris Greaves, Mark Watt, Josh Davey, Safyaan Sharif, Bradley Wheal

നമീബിയ: Craig Williams, Zane Green(w), Gerhard Erasmus(c), David Wiese, Michael van Lingen, JJ Smit, Jan Frylinck, Pikky Ya France, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz

മൂന്ന് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലം – ക്രിക്കറ്റ് നമീബിയ പ്രസിഡന്റ്

നെതര്‍ലാണ്ട്സിനെയും അയര്‍ലണ്ടിനെയും മറികടന്ന് ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയ നമീബിയയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് പറഞ്ഞ് ക്രിക്കറ്റ് നമീബിയയുടെ പ്രസിഡന്റ് റൂഡി വാന്‍ വൂറന്‍.

തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം 2003 ഐസിസി ലോകകപ്പിൽ സച്ചിന്‍ ടെണ്ടുല്‍ക്കറെ പുറത്താക്കിയതാണെന്നും എന്നാൽ അത് ഇന്നലെ വരെയുള്ള നേട്ടമാണെന്നും ഇന്ന് നമീബിയന്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ നേട്ടം ടി20 ലോകകപ്പിൽ നടത്തിയ മുന്നേറ്റം ആണെന്നും റൂഡി വ്യക്തമാക്കി.

അസോസ്സിയേറ്റ് അംഗായ നമീബിയ ആദ്യമായാണ് ഒരു ഫുള്‍ ടൈം മെമ്പര്‍ക്കെതിരെ വിജയം കരസ്ഥമാക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് പുതിയ ബോര്‍ഡിന്റെ കീഴിൽ നമീബിയന്‍ ക്രിക്കറ്റിൽ വരുത്തിയ മാറ്റങ്ങളുടെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നാണ് റൂഡി വ്യക്തമാക്കി.

ഐസിസി തങ്ങളെ കോര്‍പ്പറേറ്റ് ഭരണത്തിനായുള്ള കേസ് സ്റ്റഡി ആയാണ് കണക്കാക്കുന്നതെന്നാണ് നമീബിയന്‍ ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. ഇത് കൂടാതെ അടുത്ത വര്‍ഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ടീം ഉറപ്പാക്കിയിട്ടുണ്ട്.

പുതു ചരിത്രം കുറിച്ച് നമീബിയ, അയര്‍ലണ്ടിനെ വീഴ്ത്തി സൂപ്പര്‍ 12 യോഗ്യത

അയര്‍ലണ്ടിനെതിരെ അട്ടിമറി വിജയവുമായി സൂപ്പര്‍ 12 ലേക്ക് യോഗ്യത നേടി നമീബിയ. ഇന്ന് ടോസ് നേടിയ അയര്‍ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ടീമിന് 125 റൺസ് മാത്രമേ 8 വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു. നമീബിയ 18.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നപ്പോള്‍ പുതു ചരിത്രം കുറിയ്ക്കപ്പെടുകയായിരുന്നു.

അയര്‍ലണ്ടിന് വേണ്ടി പോള്‍ സ്റ്റിര്‍ലിംഗും കെവിന്‍ ഒബ്രൈനും മികച്ച തുടക്കമാണ് നല്‍കിയത്. ഒരു ഘട്ടത്തിൽ 94/2 എന്ന നിലയിലായിരുന്ന അയര്‍ലണ്ടിന് അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

പോള്‍ സ്റ്റിര്‍ലിംഗ്(38), കെവിന്‍ ഒബ്രൈന്‍(25), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(21) എന്നിവരൊഴികെ മറ്റാര്‍ക്കും തന്നെ റൺസ് കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ല. ജാന്‍ ഫ്രൈലിങ്ക് മൂന്നും ഡേവിഡ് വീസ് രണ്ടും വിക്കറ്റ് നേടിയാണ് നമീബിയന്‍ ബൗളര്‍മാരിൽ തിളങ്ങിയത്.

ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് ഇറാസ്മസ് 53 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഡേവിഡ് വീസ്(28*), സെയിന്‍ ഗ്രീന്‍‍(24) എന്നിവരാണ് നമീബിയന്‍ വിജയം വേഗത്തിലാക്കിയത്.

ബാറ്റിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്, ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ 12 സാധ്യത

നമീബിയയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്. ഇന്ന് ജയം നേടിയാൽ അയര്‍ലണ്ടിനും നമീബിയയ്ക്കും സൂപ്പര്‍ 12 സാധ്യതയുണ്ടെന്നതിനാൽ തന്നെ ഏറെ നിര്‍ണ്ണായകമാണ് ഇന്നത്തെ മത്സരം.

മാറ്റങ്ങളില്ലാതെ അയര്‍ലണ്ട് എത്തുമ്പോള്‍ നമീബിയന്‍ നിരയിൽ ഒരു മാറ്റമാണുള്ളത്. ബാര്‍ഡിന് പകരം പിക്കി യാ ഫ്രാന്‍സ് ടീമിലേക്ക് എത്തുന്നു.

നമീബിയ : Zane Green(w), Craig Williams, Michael van Lingen, Gerhard Erasmus(c), David Wiese, JJ Smit, Jan Frylinck, Pikky Ya France, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz

അയര്‍ലണ്ട്: Paul Stirling, Kevin O Brien, Andrew Balbirnie(c), Gareth Delany, Curtis Campher, Harry Tector, Neil Rock(w), Mark Adair, Simi Singh, Craig Young, Joshua Little

നെതര്‍ലാണ്ട്സിനെ വീഴ്ത്തി നമീബിയയ്ക്ക് ലോകകപ്പിലെ ആദ്യ വിജയം, ഡേവിഡ് വീസ് കളിയിലെ താരം

ടി20 ലോകകപ്പിൽ ഗ്രൂപ്പ് എയില്‍ തകര്‍പ്പന്‍ ജയം നേടി നമീബിയ. നെതര്‍ലാണ്ട്സിനെതിരെയാണ് നമീബിയയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 164/4 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ശേഷം ലക്ഷ്യം 6 പന്ത് അവശേഷിക്കെയാണ് നമീബിയ മറികടന്നത്.

ഡേവിഡ് വീസ് 40 പന്തിൽ 66 റൺസും ഗെര്‍ഹാര്‍ഡ് എറാസ്മസ് 32 റൺസും നേടിയാണ് നമീബിയയുടെ 6 വിക്കറ്റ് വിജയം സാധ്യമാക്കിയത്. ജെജെ സ്മിട്ട് 14 റൺസും സ്റ്റെഫാന്‍ ബാര്‍ഡ് 19 റൺസും നേടി. 9 ഓവര്‍ പിന്നിടുമ്പോള്‍ 51/3 എന്ന നിലയിലായിരുന്ന നമീബിയയുടെ തിരിച്ചുവരവാണ് പിന്നീട് കണ്ടത്.

ഡേവിഡ് വീസ് തന്റെ ടി20 പരിചയം മുന്നിൽ നിര്‍ത്തി നെതര്‍ലാണ്ട്സ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ 19ാം ഓവറിൽ ടീം തങ്ങളുടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയം നേടി. 2019ൽ മാത്രം ഏകദിന പദവി ലഭിച്ച ടീമിന് ഇത് വലിയ നേട്ടം തന്നെയാണ്.

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിന് വേണ്ടി 56 പന്തിൽ 70 റൺസ് നേടിയ മാക്സ് ഒദൗദും 32 റൺസ് നേടിയ കോളിന്‍ അക്കര്‍മാനുമാണ് തിളങ്ങിയത്. സ്കോട്ട് എഡ്വാര്‍ഡ്സ് 11 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.

നമീബിയയ്ക്കെതിരെ വിജയവുമായി ശ്രീലങ്ക

ഗ്രൂപ്പ് എയില്‍ തങ്ങളുടെ ആദ്യ മത്സരം വിജയിച്ച് ശ്രീലങ്ക. നമീബിയയ്ക്കെതിരെ ഏഴ് വിക്കറ്റ് വിജയം ആണ് ശ്രീലങ്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ 19.3 ഓവറിൽ 96 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ശ്രീലങ്ക 13.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഭാനുക രാജപക്സ(42*), അവിഷ്ക ഫെര്‍ണാണ്ടോ(30*) എന്നിവരാണ് ശ്രീലങ്കയുടെ വിജയം ഒരുക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നമീബിയയുടെ ടോപ് സ്കോറര്‍ ആയത് 29 റൺസ് നേടിയ ക്രെയിഗ് വില്യംസ് ആണ്. ഗെര്‍ഹാര്‍ഡ് എറാസ്മസ് 20 റൺസ് നേടി. ശ്രീലങ്കയ്ക്കായി എം തീക്ഷണ മൂന്നും വനിന്‍ഡും ഹസരംഗ, ലഹിരു കുമര എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഡേവിഡ് വീസ് ഇനി നമീബിയയ്ക്കായി കളിക്കും

2021 ടി20 ലോകകപ്പിൽ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് വീസ് നമീബിയയ്ക്കായി കളിക്കും. കൊല്‍പക് കരാറിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിടവാങ്ങിയ താരമാണ് ഡേവിഡ് വീസ്. ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുള്ള താരം ടി20 ലീഗുകളിൽ സജീവമാണ്.

ഇപ്പോള്‍ ടി20 ബ്ലാസ്റ്റിൽ സസ്സെക്സിനായി കളിക്കുന്ന താരത്തിന്റെ പിതാവ് നമീബിയയിൽ ജനിച്ചതിനാലാണ് രാജ്യത്തെ പ്രതിനിധീകരിക്കുവാന്‍ അവസരം ലഭിച്ചത്. നമീബിയ കോച്ച് പിയറി ഡി ബ്രൂയിന്‍ ആണ് ഈ വിവരം പങ്കുവെച്ചത്.

സിംബാബ്‍വേയ്ക്ക് പകരം ലോക ടി20 ക്വാളിഫയറില്‍ നൈജീരിയയും നമീബിയയും

ഒക്ടോബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ലോക ടി20 ക്വാളിഫയറില്‍ സിംബാബ്‍വേയ്ക്ക് പകരം പുരുഷ വിഭാഗത്തില്‍ നൈജീരിയയും വനിത വിഭാഗത്തില്‍ നമീബിയയും പങ്കെടുക്കും. ആഫ്രിക്കയില്‍ നിന്നുള്ള മൂന്നാമത്തെ ടീമായി മാറി നൈജീരിയ ഇതോടെ. കെനിയയും നമീബിയയുമാണ് നേരത്തെ യോഗ്യത നേടിയ ടീമുകള്‍. ഐസിസി സിംബാബ്‍വേയെ വിലക്കിയതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ആഫ്രിക്കന്‍ ടീമുകളില്‍ മൂന്നാം സ്ഥാനത്തെത്തിയ നൈജീരിയയെ 14ാമത്തെ ടീമായി യോഗ്യത മത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയത്.

വനിത വിഭാഗത്തില്‍ സിംബാബ്‍വേയ്ക്ക് പകരം നമീബിയ ലോക ടി20 യോഗ്യത മത്സരങ്ങള്‍ക്കായി എത്തും.

നാല് വിക്കറ്റ് ജയവമായി കാനഡ

മധ്യ നിരയുടെ തകര്‍പ്പന്‍ പ്രകടനം നമീബിയയ്ക്കെതിരെ ജയം സ്വന്തമാക്കാന്‍ കാനഡയെ സഹായിച്ചു. അര്‍സ്ലന്‍ ഖാന്‍, അകാശ് ഗില്‍, കെവിന്‍ സിംഗ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. നമീബിയ നല്‍കിയ 194 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കാനഡ 42 ഓവറില്‍ 197/6 എന്ന നിലയിലാണ് വിജയം നേടിയത്.

ആകാശ് ഗില്‍ തന്റെ ഓള്‍റൗണ്ട് പ്രകടനത്തിനു മാന്‍ ഓഫ് ദി മാച്ച് പട്ടം നേടുകയുണ്ടായി. ബൗളിംഗില്‍ 4 വിക്കറ്റുമായി നമീബിയയുടെ നടുവൊടിച്ച ശേഷം ആകാശ് ബാറ്റിംഗില്‍ 52 റണ്‍സ് നേടിയിരുന്നു. ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയതാണ് നമീബിയയ്ക്ക് തിരിച്ചടിയായി. സ്കോര്‍ ഷീറ്റ് നോക്കിയാല്‍ ടോപ് ഓര്‍ഡര്‍ മുതല്‍ മധ്യ നിര വരെ എല്ലാ ബാറ്റ്സ്മാന്മാര്‍ക്കും 20ലധികം റണ്‍സ് നേടാനായെങ്കിലും ഒന്നും വലിയ സ്കോറിലേക്ക് പോയില്ല എന്നത് നമീബിയന്‍ ബാറ്റിംഗിനെ പ്രതിസന്ധിയില്ലാക്കി.

37 റണ്‍സുമായി നായകനും കീപ്പറുമായ ലോഹാന്‍ഡ്രേ ലൗറെന്‍സ് ടോപ് സ്കോറര്‍ ആയി. ആകാശ് ഗില്ലിനു പുറമേ ഋഷിവ് രാഘവ് ജോഷി, റോമല്‍ ഷെഹ്സാദ്, അരണ്‍ പത്മനാഥന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം കാനഡയ്ക്കായി നേടി.

തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മധ്യനിര അവസരത്തിനൊത്തുയര്‍ന്നതാണ് കാനഡയ്ക്ക് തുണയായത്. അര്‍സ്ലന്‍ ഖാന്‍ 72 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കെവിന്‍ സിംഗ് 50 റണ്‍സുമായി പുറത്താകാതെ നിന്നു. ആകാശ് ഗില്‍ 52 റണ്‍സ് നേടി പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അനായാസ ജയവുമായി ഇംഗ്ലണ്ട്

നമീബിയയ്ക്കെതിരെ 8 വിക്കറ്റ് ജയവുമായി ഇംഗ്ലണ്ട്. ഇന്ന് നടന്ന യൂത്ത് ലോകകപ്പില്‍ ആദ്യ ബാറ്റ് ചെയ്ത നമീബിയ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടിയപ്പോള്‍ വെറും 24.1 ഓവറില്‍ 198 റണ്‍സ് നേടി ഇംഗ്ലണ്ട് 8 വിക്കറ്റ് ജയം സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ബൗളിംഗില്‍ ലൂക്ക് ഹോള്‍മാന്‍ മൂന്നും ടോം സ്ക്രിവന്‍, ഹാരി ബ്രൂക്ക് എന്നിവര്‍ 2 വിക്കറ്റും നേടി.

വില്‍ ജാക്സ് പുറത്താകാതെ 73 റണ്‍സ് നേടിയപ്പോള്‍ നായകന്‍ ഹാരി ബ്രൂക്ക് 59 റണ്‍സുമായി മികച്ച പിന്തുണയാണ് ജാക്സിനു നല്‍കിയത്. മൂന്നാം വിക്കറ്റില്‍ അപരാജിതമായ 130 റണ്‍സാണ് സഖ്യം നേടിയത്. 44 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ ജാക്സ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗ്രൂപ്പ് സിയില്‍ ജയം സ്വന്തമാക്കി ബംഗ്ലാദേശ്

ഗ്രൂപ്പ് സി മത്സരത്തില്‍ നമീബിയെ 87 റണ്‍സിനു പരാജയപ്പെടുത്തി ബംഗ്ലാദേശ്. ഇന്ന് മഴ മൂലം 20 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ നമീബിയ ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നായകന്‍ സൈഫ് ഹസന്‍ 84 റണ്‍സും മുഹമ്മദ് നമീം 60 റണ്‍സും നേടി ടീമിനെ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് മാത്രമേ അവര്‍ക്ക് നേടാനായുള്ളു. 55 റണ്‍സ് നേടിയ എബേന്‍ വാന്‍ വിക് ആണ് നമീബിയയുടെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി ഖാസി ഒനിക്, ഹസന്‍ മഹമൂദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version