പുതു ചരിത്രം കുറിച്ച് നമീബിയ, അയര്‍ലണ്ടിനെ വീഴ്ത്തി സൂപ്പര്‍ 12 യോഗ്യത

അയര്‍ലണ്ടിനെതിരെ അട്ടിമറി വിജയവുമായി സൂപ്പര്‍ 12 ലേക്ക് യോഗ്യത നേടി നമീബിയ. ഇന്ന് ടോസ് നേടിയ അയര്‍ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ടീമിന് 125 റൺസ് മാത്രമേ 8 വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു. നമീബിയ 18.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നപ്പോള്‍ പുതു ചരിത്രം കുറിയ്ക്കപ്പെടുകയായിരുന്നു.

അയര്‍ലണ്ടിന് വേണ്ടി പോള്‍ സ്റ്റിര്‍ലിംഗും കെവിന്‍ ഒബ്രൈനും മികച്ച തുടക്കമാണ് നല്‍കിയത്. ഒരു ഘട്ടത്തിൽ 94/2 എന്ന നിലയിലായിരുന്ന അയര്‍ലണ്ടിന് അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

പോള്‍ സ്റ്റിര്‍ലിംഗ്(38), കെവിന്‍ ഒബ്രൈന്‍(25), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(21) എന്നിവരൊഴികെ മറ്റാര്‍ക്കും തന്നെ റൺസ് കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ല. ജാന്‍ ഫ്രൈലിങ്ക് മൂന്നും ഡേവിഡ് വീസ് രണ്ടും വിക്കറ്റ് നേടിയാണ് നമീബിയന്‍ ബൗളര്‍മാരിൽ തിളങ്ങിയത്.

ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് ഇറാസ്മസ് 53 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഡേവിഡ് വീസ്(28*), സെയിന്‍ ഗ്രീന്‍‍(24) എന്നിവരാണ് നമീബിയന്‍ വിജയം വേഗത്തിലാക്കിയത്.

Exit mobile version