ബാബർ അസമിനെ മറികടന്ന് മുഹമ്മദ് റിസ്‌വാൻ ടി20 റാങ്കിംഗിൽ ഒന്നാമത്

ഏഷ്യാ കപ്പിലെ ഗംഭീര പ്രകടനങ്ങൾക്ക് പിന്നാലെ പാകിസ്താൻ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ഐസിസി പുരുഷ താരങ്ങളുടെ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. ഒന്നാം സ്ഥാനത്തുള്ള പാകിസ്താന്റെ തന്നെ താരനായ ബാബർ അസമിനെ പിന്തള്ളിയാണ് മുഹമ്മദ് റിസ്‌വാൻ ലോക ഒന്നാം നമ്പർ ടി20 ബാറ്ററായി മാറിയത്

3 മത്സരങ്ങളിൽ നിന്ന് 192 റൺസുമായി ഏഷ്യ കപ്പ് റൺ വേട്ടക്കാരിൽ മുന്നിൽ നിൽക്കുകയാണ് റിസ്വാൻ. ഹോങ്കോങ്ങിനെതിരെ 78 റൺസും ഇന്ത്യക്ക് എതിരെ 71 റൺസും എടുക്കാൻ റിസ്‌വാനായിരുന്നു. ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമത് എത്തുന്ന മൂന്നാമത്തെ പാകിസ്താൻ താരാമാണ് മുഹമ്മദ് റിസ്‌വാൻ. ബാബറിനെ കൂടാതെ മുമ്പ് മിസ്ബാ ഉൾ ഹഖും ടി20 റാങ്കിംഗിൽ ഒന്നാമത് എത്തിയിട്ടുണ്ട്‌.

ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം റിസ്വാനെ ആശുപത്രിയിലാക്കി, കരുതല്‍ നടപടിയെന്ന നിലയിൽ എംആര്‍ഐയും എടുത്തു

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള വിജയത്തിന് ശേഷം പാക്കിസ്ഥാന്‍ താരം മൊഹമ്മദ് റിസ്വാനെ ആശുപത്രിയിൽ കൊണ്ടു പോയി. കീപിംഗിനിടെ താരത്തിന്റെ കാൽമുട്ടിന് ചെറിയ പരിക്ക് ഏല്‍ക്കുകയായിരുന്നു. ഇതിന് ശേഷം ഫിസിയോയുടെ സേവനം താരത്തിന് ആവശ്യമായി വന്നു.

പിന്നീട് പാക്കിസ്ഥാന്‍ ബാറ്റിംഗിനായി താരം എത്തിയപ്പോളും വിക്കറ്റിനിടെയുള്ള ഓട്ടത്തിൽ താരം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. 71 റൺസാണ് താരം ഇന്നലെ ഇന്ത്യയ്ക്കെതിരെ നേടിയത്.

മത്സര ശേഷം പാക്കിസ്ഥാന്‍ മാനേജ്മെന്റ് താരത്തെ ആശുപത്രിയിലെത്തിച്ചു എംആര്‍ഐ സ്കാന്‍ കരുതലെന്ന നിലയിൽ എടുക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം റൺ കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോള്‍ പാക്കിസ്ഥാന്റെ പ്രധാന റൺ സ്കോറര്‍ റിസ്വാന്‍ ആണ്.

നവാസ് ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ തിളങ്ങുമെന്നൊരു തോന്നലുണ്ടായിരുന്നു – ബാബര്‍ അസം

ഇന്ത്യയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ചത് മൊഹമ്മദ് റിസ്വാനും മൊഹമ്മദ് നവാസും ആയിരുന്നു. നവാസിനെ ബാറ്റിംഗ് ഓര്‍ഡറിൽ പ്രൊമോട്ട് ചെയ്യുവാനുള്ള കാരണം പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം വ്യക്തമാക്കിത് ഇപ്രകാരം ആണ്.

ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ നവാസിന് മികവ് പുലര്‍ത്താനാകുമെന്നൊരു തോന്നൽ തനിക്കുണ്ടായിരുന്നുവെന്നാണ് ബാബര്‍ അസം വ്യക്തമാക്കിയത്. മത്സരം മാറ്റി മറിച്ചത് റിസ്വാന്റെയും നവാസിന്റെയും കൂട്ടുകെട്ടാണെന്നും ബാബര്‍ കൂട്ടിചേര്‍ത്തു.

പവര്‍പ്ലേയിൽ ഇന്ത്യ വ്യക്തമായ മേൽക്കൈ നേടിയെന്നും അവരെ 181 റൺസിലൊതുക്കുവാന്‍ സാധിച്ചത് ബൗളര്‍മാരുടെ കഴിവാണെന്നും ബാബര്‍ പറ‍ഞ്ഞു.

തീപ്പൊരി ബാറ്റിംഗുമായി റിസ്വാനും നവാസും, ആസിഫിന്റെ ക്യാച്ച് കൈവിട്ടതും വിനയായി, സൂപ്പര്‍ ഫോറിൽ ഇന്ത്യയ്ക്ക് കാലിടറി

ഏഷ്യ കപ്പിലെ സൂപ്പര്‍ 4ൽ പാക്കിസ്ഥാന് മുന്നിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യ നൽകിയ 182 റൺസ് വിജയ ലക്ഷ്യം പാക്കിസ്ഥാന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് ഇന്ത്യയ്ക്ക് തോൽവി സമ്മാനിച്ചത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ മിന്നും പ്രകടനത്തിന് ശേഷം ഇന്ത്യ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് വിക്കറ്റുകളുമായി നടത്തിയെങ്കിലും പാക്കിസ്ഥാന് വേണ്ടി നിര്‍ണ്ണായകമായ 33 റൺസ് നേടി അഞ്ചാം വിക്കറ്റിൽ ആസിഫ് അലിയും ഖുഷ്ദിൽ ഷായും വിജയം ഉറപ്പിക്കുകയായിരുന്നു. 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്റെ വിജയം. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറിൽ പിറന്ന 19 റൺസും ഇന്ത്യന്‍ സാധ്യതകളെ ഇല്ലാതാക്കുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ മൊഹമ്മദ് റിസ്വാനും മൊഹമ്മദ് നവാസും ചേര്‍ന്ന് 73 റൺസാണ് അടിച്ചുകൂട്ടിയത്. ഇരുവരും അതിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ കൂടുതൽ അപകടകാരിയായത് നവാസ് ആയിരുന്നു. അവസാന ഓവറുകളിൽ ഇരുവരെയും പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നുവെങ്കിലും ആസിഫ് അലിയുടെ ക്യാച്ച് കൈവിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

അവസാന രണ്ടോവറിൽ 26 റൺസ് വേണ്ട ഘട്ടത്തിൽ ആസിഫ് അലിയും ഖുഷ്ദിൽ ഷായും ചേര്‍ന്ന് പാക്കിസ്ഥനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

തുടക്കത്തിൽ തന്നെ ബാബര്‍ അസമിനെ നഷ്ടമായ പാക്കിസ്ഥാന് വേണ്ടി വലിയ തോതിൽ സ്കോറിംഗ് നടത്തിയത് മുഹമ്മദ് റിസ്വാന്‍ ആയിരുന്നു. ഫകര്‍ സമനും സ്കോറിംഗ് റേറ്റ് ഉയര്‍ത്താനായില്ലെങ്കിലും റിസ്വാന്റെ ബാറ്റിംഗ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്.

പത്തോവര്‍ പിന്നിടുമ്പോള്‍ 76 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടിയത്. റിസ്വാന് കൂട്ടായി എത്തിയ മൊഹമ്മദ് നവാസ് വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ പാക് ക്യാമ്പിൽ പ്രതീക്ഷ വന്നു. മത്സരം അവസാന ഏഴോവറിലേക്ക് കടന്നപ്പോള്‍ 75 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. മികച്ച ഫോമിലുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പാക്കിസ്ഥാന് അനുകൂലമായി കാര്യങ്ങള്‍ മാറ്റുകയായിരുന്നു.

ഹാര്‍ദ്ദിക് എറിഞ്ഞ 14ാം ഓവറിൽ 12 റൺസും ചഹാൽ എറിഞ്ഞ 15ാം ഓവറിൽ 16 റൺസും പിറന്നപ്പോള്‍ പാക്കിസ്ഥാന്റെ വിജയ ലക്ഷ്യം 5 ഓവറിൽ 47 റൺസായി കുറഞ്ഞു. മത്സരഗതിയെ പാക്കിസ്ഥാന്‍ പക്ഷത്തേക്ക് കൂടുതൽ അടുപ്പിച്ചത് ഈ രണ്ട് ഓവറുകളായിരുന്നു.

41 പന്തിൽ 73 റൺസ് നേടിയ കൂട്ടുകെട്ടിനെ ഭുവനേശ്വര്‍ കുമാര്‍ ആണ് തകര്‍ത്തത്. 20 പന്തിൽ 42 റൺസ് നേടിയ നവാസിന്റെ വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. തൊട്ടടുത്ത ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യ മൊഹമ്മദ് റിസ്വാനെ വീഴ്ത്തി ഇന്ത്യയ്ക്കായി വലിയ ബ്രേക്ക് ത്രൂ നേടി. 51 പന്തിൽ 71 റൺസായിരുന്നു റിസ്വാന്‍ നേടിയത്.

അവസാന 18 പന്തിൽ 34 റൺസ് ആയിരുന്നു വിജയത്തിനായി പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. രവി ബിഷ്ണോയി എറിഞ്ഞ 18ാം ഓവറിൽ ആസിഫ് അലി നൽകിയ ക്യാച്ച് അര്‍ഷ്ദീപ് സിംഗ് കൈവിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഓവറിൽ നിന്ന് 8 റൺസ് മാത്രം വന്നപ്പോള്‍ 12 പന്തിൽ 26 ആയി മാറി പാക്കിസ്ഥാന്റെ ലക്ഷ്യം. ഭുവി എറിഞ്ഞ 19ാം ഓവറിൽ 19 റൺസ് പിറന്നതോടെ അവസാന ഓവറിൽ ഏഴ് റൺസായി ലക്ഷ്യം മാറി.

അവസാന ഓവറിൽ ആസിഫ് അലിയെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോള്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 17 പന്തിൽ 33 റൺസ് നേടി പാക്കിസ്ഥാനെ വിജയത്തിന് 2 റൺസ് അകലെ വരെ എത്തിച്ചിരുന്നു. ആസിഫ് അലി 8 പന്തിൽ 16 റൺസ് നേടിയപ്പോള്‍ ഖുഷ്ദിൽ ഷാ 14 റൺസുമായി പുറത്താകാതെ നിന്നു.

 

ഓ ഹാര്‍ദ്ദിക്!!! നിര്‍ണ്ണായക പ്രഹരവുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പാക്കിസ്ഥാന്റെ നടുവൊടിച്ചു, ഭുവിയ്ക്ക് നാല് വിക്കറ്റ്

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 147 റൺസിന് ഓള്‍ഔട്ട്. അവസാന വിക്കറ്റുകളിൽ പൊരുതി നിന്ന പാക്കിസ്ഥാന്‍ വാലറ്റക്കാരാണ് ടീമിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. 43 റൺസ് നേടിയ മുഹമ്മദ് റിസ്വാന്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ 3 വിക്കറ്റും നേടി.

ആദ്യ ഓവറിൽ തന്നെ ഭുവനേശ്വര്‍ കുമാര്‍ റിസ്വാനെ വിക്കറ്റിന് മുന്നിൽ കുടുക്കിയെങ്കിലും റിവ്യൂവിലൂടെ റിസ്വാന്‍ അത് തനിക്ക് അനുകൂലമായ തീരുമാനമാക്കി മാറ്റി. അധികം വൈകാതെ ബാബര്‍ അസമിനെ(10) ഭുവനേശ്വര്‍ കുമാറും ഫകര്‍ സമാനെ(10) അവേശ് ഖാനും പുറത്താക്കിയപ്പോള്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ റിസ്വാനും ഇഫ്തിക്കര്‍ അഹമ്മദും ചേര്‍ന്ന് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു.

പത്തോവറിൽ 68 റൺസാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാന് നേടിയത്. 28 റൺസ് നേടിയ ഇഫ്തിക്കര്‍ അഹമ്മദിനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ഈ 48 റൺസ് കൂട്ടകെട്ടിനെ തകര്‍ത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ വീണ്ടും ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകിയത് 43 റൺസ് നേടിയ റിസ്വാനെ പുറത്താക്കിയാണ്.

അതേ ഓവറിൽ തന്നെ ഹാര്‍ദ്ദിക് ഖുഷ്ദിൽ ഷായെയും പുറത്താക്കി ഇന്ത്യയ്ക്ക് മത്സരത്തിൽ മേൽക്കൈ നേടിക്കൊടുക്കുകയായിരുന്നു. 13 റൺസ് നേടിയ ഹാരിസ് റൗഫും 6 പന്തിൽ 16 റൺസ് നേടിയ ദഹാനിയും ആണ് പാക്കിസ്ഥാനെ 147 റൺസിലേക്ക് നയിച്ചത്.

ബാബറിന് പുറമെ ഇവര്‍ രണ്ട് പേരും പാക്കിസ്ഥാന്റെ മാച്ച് വിന്നര്‍മാര്‍ – സഖ്‍ലൈന്‍ മുഷ്താഖ്

പാക്കിസ്ഥാന്റെ ഏഷ്യ കപ്പ് സാധ്യതകള്‍ ഏറെ ആശ്രയിക്കുക ബാബര്‍ അസമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് സഖ്‍ലൈന്‍ മുഷ്താഖ്. എന്നാൽ പാക് നിരയിൽ ബാബര്‍ മാത്രമല്ല മാച്ച് വിന്നര്‍ എന്നും മുഹമ്മദ് റിസ്വാനും ഷദബ് ഖാനും പാക്കിസ്ഥാന്റെ മാച്ച് വിന്നര്‍മാരാണെന്നും സഖ്‍ലൈന്‍ കൂട്ടിചേര്‍ത്തു.

മുഹമ്മദ് റിസ്വാന് ടി20 ഫോര്‍മാറ്റിൽ കളിക്കുവാനുള്ള പ്രത്യേക കഴിവും മൈന്‍ഡ്സെറ്റും ഉണ്ടെന്നും ഷദബ് ഖാന് ഒറ്റയ്ക്ക് ബാറ്റ് കൊണ്ടോ ബോള്‍ കൊണ്ടോ കളി ജയിപ്പിക്കുവാനുള്ള കഴിവുള്ള താരമാണെന്നും സഖ്‍ലൈന്‍ വ്യക്തമാക്കി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യ കപ്പിലെ പോരാട്ടം നാളെയാണ് നടക്കുന്നത്. 2021 ടി20 ലോകകപ്പിലെ പാക്കിസ്ഥാന്റെ പത്ത് വിക്കറ്റ് വിജയത്തിൽ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ആണ് ബാറ്റിംഗിൽ തിളങ്ങിയത്.

പാക്കിസ്ഥാന്റെ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ടു, എ വിഭാഗം കരാര്‍ മൂന്ന് താരങ്ങള്‍ക്ക്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ടു. അഞ്ച് താരങ്ങള്‍ക്കാണ് മൂന്ന് ഫോര്‍മാറ്റിലും ഉള്ള കരാര്‍ നൽകിയിരിക്കുന്നത്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ഇമാം ഉള്‍ ഹക്ക് എന്നിവരാണ് ഇവര്‍.

ഇതിൽ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്ക് എ വിഭാഗം കരാര്‍ ആണ് നൽകിയത്. അതേ സമയം ഹസന്‍ അലിയ്ക്ക് റെഡ് ബോളിൽ ബി വിഭാഗവും വൈറ്റ് ബോളിൽ സി വിഭാഗവും കരാര്‍ ആണ് നൽകിയത്. ഇമാം ഉള്‍ ഹക്കിന് റെഡ് ബോളിൽ സി വിഭാഗവും വൈറ്റ് ബോളിൽ ബി വിഭാഗം കരാറും നൽകി.

ഇത് കൂടാതെ പത്ത് പേര്‍ക്ക് റെഡ് ബോള്‍ കരാറും 11 പേര്‍ക്ക് വൈറ്റ് ബോള്‍ കരാറും നൽകിയിട്ടുണ്ട്.

റെഡ് ബോള്‍ കരാര്‍(മേൽപ്പറഞ്ഞ താരങ്ങള്‍ കൂടാതെ)

എ വിഭാഗം – അസ്ഹര്‍ അലി
ബി വിഭാഗം – ഫവദ് അലം
സി വിഭാഗം – അബ്ദുള്ള ഷഫീക്ക്, നസീം ഷാ, നൗമന്‍ അലി
ഡി വിഭാഗം – ആബിദ് അലി, സര്‍ഫ്രാസ് അഹമ്മദ്, സൗദ് ഷക്കീൽ, ഷാന്‍ മസൂദ്, യാസിര്‍ ഷാ

വൈറ്റ് ബോള്‍ കരാര്‍
എ വിഭാഗം – ഫകര്‍ സമന്‍, ഷദബ് ഖാന്‍
ബി വിഭാഗം – ഹാരിസ് റൗഫ്
സി വിഭാഗം – മൊഹമ്മദ് നവാസ്
ഡി വിഭാഗം – ആസിഫ് അലി, ഹൈദര്‍ അലി, ഖുഷ്ദിൽ ഷാ, മുഹമ്മദ് വസീം ജൂനിയര്‍, ഷാഹ്നവാസ് ദഹനി, ഉസ്മാന്‍ ഖാദിര്‍, സാഹിദ് മെഹമ്മൂദ്

റിസ്വാന്‍ സസ്സെക്സുമായി കരാറിലെത്തി

പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്വാനുമായി കരാറിലെത്തി കൗണ്ടി ടീമായ സസ്സെക്സ്. 2022 സീസണിന് വേണ്ടിയുള്ള കരാര്‍ പ്രകാരം റിസ്വാന്‍ ടീമിന് വേണ്ടി കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും ടി20 ബ്ലാസ്റ്റിലും കളിക്കും.

അതേ സമയം മുന്‍ ക്യാപ്റ്റന്‍ ബെന്‍ ബ്രൗണിനെ കൗണ്ടി റിലീസ് ചെയ്തു. ബൗൺ ആണ് തന്നെ റിലീസ് ചെയ്യുവാന്‍ കൗണ്ടിയോട് ആവശ്യപ്പെട്ടത്.

റൺ മല കയറി പാക്കിസ്ഥാന്‍, റിസ്വാന്‍ – ബാബര്‍ കൂട്ടുകെട്ടിന് ശേഷം നിര്‍ണ്ണായക പ്രഹരവുമായി ആസിഫ് അലി

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിലും വിജയം കരസ്ഥമാക്കി പാക്കിസ്ഥാന്‍. ഇന്നത്തെ മത്സരത്തിൽ 207/3 എന്ന കൂറ്റന്‍ സ്കോര്‍ വെസ്റ്റിന്‍ഡീസ് നേടിയെങ്കിലും പാക്കിസ്ഥാന്‍ ഓപ്പണര്‍മാര്‍ തിളങ്ങിയപ്പോള്‍ ടീം 18.5 ഓവറിൽ 7 വിക്കറ്റ് വിജയം കരസ്ഥമാക്കി.

ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് 158 റൺസ് നേടിയാണ് പാക്കിസ്ഥാന്റെ റൺ ചേസിംഗിന് മികച്ച തുടക്കം കുറിച്ചത്. 79 റൺസ് നേടിയ ബാബര്‍ അസം പുറത്തായി അധികം വൈകാതെ മുഹമ്മദ് റിസ്വാനും പുറത്താകുകയായിരുന്നു. 45 പന്തിൽ 86 റൺസാണ് മുഹമ്മദ് റിസ്വാന്‍ നേടിയത്.

റിസ്വാന്‍ പുറത്തായ ശേഷം 18ാം ഓവറിൽ നിര്‍ണ്ണായകമായ ഒരു സിക്സും ഫോറും നേടി ആസിഫ് അലി ആണ് കാര്യങ്ങള്‍ പാക്കിസ്ഥാന് എളുപ്പമാക്കിയത്. 7 പന്തിൽ 21 റൺസാണ് ആസിഫ് അലി നേടിയത്. വിജയത്തോടെ പരമ്പര 3-0ന് പാക്കിസ്ഥാന്‍ തൂത്തുവാരി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് നിക്കോളസ് പൂരന്‍(37 പന്തിൽ 64), ബ്രണ്ടന്‍ കിംഗ്(43), ഷമാര്‍ ബ്രൂക്സ്(49), ഡാരന്‍ ബ്രാവോ(34) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 207/3 എന്ന സ്കോര്‍ നേടിയത്. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് വസീം ജൂനിയര്‍ 2 വിക്കറ്റ് നേടി.

 

300/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍

ധാക്കയില്‍ നാലാം ദിവസം 300/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍. മഴ സാരമായി ബാധിച്ച ടെസ്റ്റ് മത്സരത്തിൽ ഫലം ലഭിയ്ക്കുക ഇനി സാധ്യമല്ല എന്ന് വേണം അനുമാനിക്കുവാന്‍. അല്ലാത്ത പക്ഷം ബൗളര്‍മാരിൽ നിന്ന് അത്ഭുത പ്രകടനം പുറത്ത് വരേണ്ടതുണ്ട്.

ബാബര്‍ അസം(76), ഫവദ് അലം(50*), മുഹമ്മദ് റിസ്വാന്‍(53*), അസ്ഹര്‍ അലി(56) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 300 റൺസിലെത്തിച്ചത്.

അവസാന ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ത്രില്ലറിൽ വിജയം നേടി പാക്കിസ്ഥാന്‍

ബംഗ്ലാദേശിനെ 124 റൺസിന് ഒതുക്കിയെങ്കിലും അവസാന പന്തിൽ മാത്രം വിജയം നേടി പാക്കിസ്ഥാന്‍. അവസാന പന്തിൽ രണ്ട് റൺസ് വേണ്ടപ്പോള്‍ ബൗണ്ടറി നേടി മുഹമ്മദ് നവാസ് ആണ് ടീമിന്റെ 5 വിക്കറ്റ് വിജയം ഉറപ്പാക്കിയത്.

മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ വെറും 26 റൺസ് മതിയായിരുന്നു രണ്ട് വിക്കറ്റ് മാത്രം നഷ്ടമായ പാക്കിസ്ഥാന്. അവിടെ നിന്ന് 6 പന്തിൽ 8 എന്ന നിലയിലേക്ക് മത്സരം മാറിയെങ്കിലും മഹമ്മുദുള്ള എറിഞ്ഞ അവസാന ഓവറിലെ തുടരെയുള്ള പന്തുകളിൽ സര്‍ഫ്രാസും ഹൈദര്‍ അലിയും പുറത്തായതോടെ പാക് ക്യാമ്പിൽ ഭീതി പടരുകയായിരുന്നു.

എന്നാൽ ഇഫ്തികര്‍ അഹമ്മദ് ഹാട്രിക്ക് ബോള്‍ സിക്സര്‍ പറത്തി ലക്ഷ്യം വെറും 2 റൺസാക്കി മാറ്റി. അടുത്ത പന്തിൽ ഇഫ്തിക്കര്‍ പുറത്തായെങ്കിലും അവസാന പന്തിലെ ബൗണ്ടറി പാക് വിജയവും പരമ്പര വൈറ്റ് വാഷും സാധ്യമാക്കി.

മുഹമ്മദ് റിസ്വാന്‍(40), ഹൈദര്‍ അലി(45) എന്നിവരാണ് പാക്കിസ്ഥാന്‍ ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. മഹമ്മുദുള്ള മൂന്ന് വിക്കറ്റ് നേടി.

പവര്‍പ്ലേയിൽ പതറി‍യെങ്കിലും അവസാന പത്തോവറിൽ അടിച്ച് തകര്‍ത്ത് പാക്കിസ്ഥാന്‍

നമീബിയയ്ക്കെതിരെ പവര്‍പ്ലേയിൽ പതറിയെങ്കിലും അവസാന മൂന്നോവറിൽ 51 റൺസും അവസാന പത്തോവറിൽ നിന്ന് 130 റൺസ് നേടിയ പാക്കിസ്ഥാന്‍ 189/2 എന്ന സ്കോര്‍ നേടി. തുടക്കത്തിൽ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും പിടിച്ചുകെട്ടുവാന്‍ നമീബിയന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ ആദ്യ 6 ഓവറിൽ പിറന്നത് 29 റൺസ് മാത്രമായിരുന്നു.

എന്നാൽ പതിയെ റണ്ണൊഴുകുവാന്‍ തുടങ്ങിയപ്പോള്‍ 113 റൺസാണ് ഓപ്പണര്‍മാര്‍ നേടിയത്. ബാബര്‍ 49 പന്തിൽ 70 റൺസ് നേടി പുറത്തായപ്പോള്‍ മുഹമ്മദ് റിസ്വാന്‍ 50 പന്തിൽ പുറത്താകാതെ 79 റൺസ് നേടി. ഫകര്‍ സമന്‍ (5) ആണ് പുറത്തായ മറ്റൊരു താരം.

മൂന്നാം വിക്കറ്റിൽ 26 പന്തിൽ 67 റൺസാണ് റിസ്വാനും മുഹമ്മദ് ഹഫീസും ചേര്‍ന്ന് നേടിയത്. ഹഫീസ് 16 പന്തിൽ നിന്ന് 32 റൺസാണ് നേടിയത്. ആദ്യ പത്തോവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസാണ് പാക്കിസ്ഥാന്‍ നേടിയത്. പിന്നീട് ടോപ് ഗിയറിലേക്ക് മാറിയ ടീം നമീബിയന്‍ ബൗളര്‍മാരെ അതിര്‍ത്തി കടത്തുന്നത് പതിവ് കാഴ്ചയായി മാറി.

Exit mobile version