Picsart 22 11 27 01 08 22 383

യുദ്ധക്കളം പോലെ ആദ്യ പകുതി, ഗോൾ കണ്ടെത്താൻ ആകാതെ അർജന്റീന

അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായിൽ നിൽക്കുകയാണ്. അർജന്റീന പന്ത് കൂടുതൽ കൈവശം വെച്ചു എങ്കിലും നല്ല അവസരങ്ങൾ അവരിൽ നിന്ന് വന്നില്ല. കടുത്ത ടാക്കിളുകളും ഫൗളുകളും നിറഞ്ഞ ആദ്യ പകുതി ഗോളില്ല എങ്കിലും ആവേശം നിറഞ്ഞതായിരുന്നു.

ഇന്ന് ജീവന്മരണ പോരാട്ടം ആയത് കൊണ്ട് തന്നെ വളരെ കരുതലോടെയാണ് അർജന്റീന ആദ്യ പകുതിയെ സമീപിച്ചത്. മെക്സിക്കോ കാണിച്ചത്ര ധൈര്യം ആദ്യ പകുതിയിൽ അർജന്റീന കാണിക്കുന്നത് കാണാൻ ആയില്ല. മെക്സിക്കോ അവരുടെ വേഗത ഉപയോഗിച്ച് അർജന്റീന ഡിഫൻസിനെതിരെ തുടക്കത്തിൽ കുതിച്ചു എങ്കിലും ആദ്യ പകുതിയിൽ അർജന്റീനയിൽ നിന്ന് അത്തരം നീക്കങ്ങൾ കാണാൻ ആയില്ല.

ആദ്യ പകുതിയിൽ ഒചോവയെ ഒന്ന് കാര്യമായി പരീക്ഷിക്കാൻ പോലും അർജന്റീനക്ക് ആയില്ല. 34 മിനുട്ടിലെ മെസ്സിയുടെ ഫ്രീകിക്ക് ആയിരുന്നു ആദ്യമായി ഒചോവ ഇടപെടേണ്ടി വന്ന സന്ദർഭം. അത് വലിയ വെല്ലുവിളി ആകാതെ ഒഴിഞ്ഞു. 45ആം മിനുട്ടിൽ മെക്സിക്കോ താരം വേഗ തൊടുത്ത ഫ്രീകിക്ക് മാർട്ടിനസ് തടഞ്ഞത് കളി ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിതമായി നിർത്തി.

അർജന്റീന ഇന്ന് പരാജയപ്പെട്ടാൽ പുറത്താകും. സമനില ആയാലും അർജന്റീനയുടെ ലോകകപ്പ് പ്രീക്വാർട്ടർ പ്രതീക്ഷകൾ മങ്ങും. അതുകൊണ്ട് തന്നെ രണ്ടാം പകുതിയിൽ വിജയത്തിനായി തന്നെ അർജന്റീന പൊരുതും എന്നാകും അർജന്റീന ആരാധകർ പ്രതീക്ഷിക്കുന്നത്‌.

Exit mobile version