ലക്ഷ്യം സ്വര്‍ണ്ണം – മെഗ് ലാന്നിംഗ്

സ്വര്‍ണ്ണത്തിൽ കുറഞ്ഞ് ഒന്നും ഓസ്ട്രേലിയ ലക്ഷ്യം വയ്ക്കുന്നില്ലെന്ന് പറ‍ഞ്ഞ് കോമൺവെൽത്ത് ഗെയിംസിൽ വനിത ടി20 ടീമിന്റെ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ്. ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിത ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി20 ഫോര്‍മാറ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ അവസരം വിനിയോഗിച്ച് സ്വര്‍ണ്ണം തന്നെ സ്വന്തമാക്കുവാനാണ് തന്റെ ടീമിന്റെ ലക്ഷ്യം എന്നും മെഗ് ലാന്നിംഗ് പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിൽ നീന്തലും ഹോക്കിയും കുട്ടിക്കാലത്ത് കണ്ടത് ഓര്‍ക്കുന്നുവെന്നും വിവിധ ഇനങ്ങളിൽ ഓസ്ട്രേലിയയുടെ ടീം വര്‍ക്കും മറ്റും കണ്ടപ്പോള്‍ താനും ഇത് പോലെ ഒരു ഗെയിംസിൽ പങ്കെടുക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ ക്രിക്കറ്റ് ഭാഗമല്ലാതതിനാൽ തന്നെ ഇതിന് മുമ്പ് ഒരിക്കലും അതിന് സാധിച്ചില്ലെന്നും താരം കൂട്ടിചേര്‍ത്തു.

നിലവിലെ ടി20 ഏകദിന ചാമ്പ്യന്മാരായ ഓസ്ട്രേലിയ കോമൺവെൽത്ത് ഗെയിംസിലും സ്വര്‍ണ്ണം സ്വന്തമാക്കുവാന്‍ തന്നെയാണ് എത്തിയിരിക്കുന്നതെന്നും മെഗ് ലാന്നിംഗ് പറഞ്ഞു.

അപരാജിത കുതിപ്പ് തുടര്‍ന്ന് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയെയും വീഴ്ത്തി

ദക്ഷിണാഫ്രിക്ക നേടിയ 271 റൺസെന്ന സ്കോര്‍ 45.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഓസ്ട്രേലിയ. ഇന്ന് മെഗ് ലാന്നിംഗ് 135 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ താഹ്‍ലിയ മഗ്രാത്ത്(32), ആഷ്‍ലൈഗ് ഗാർ‍ഡ്നർ(22), അന്നാബെൽ സത്തര്‍ലാണ്ട്(22*) എന്നിവരാണ് വിജയികള്‍ക്കായി റൺസ് കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്നിം ഇസ്മൈലും ച്ലോ ട്രയണും രണ്ട് വീതം വിക്കറ്റ് നേടി. ലാന്നിംഗ് ഇന്ന് തന്റെ 15ാം ഏകദിന ശതകം ആണ് നേടിയത്.

ഓസ്ട്രേലിയന്‍ വിജയവും സെമിയും സാധ്യമാക്കി ക്യാപ്റ്റൻ മെഗ് ലാന്നിംഗ്, ഇന്ത്യയ്ക്ക് മൂന്നാം തോൽവി

വനിത ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റ് ഓസ്ട്രേലിയയോട് തോൽവി. 277/7 എന്ന സ്കോര്‍ നേടിയ ശേഷം അവസാന ഓവര്‍ വരെ ഇന്ത്യ പൊരുതി നോക്കിയെങ്കിലും മെഗ് ലാന്നിംഗ്സിന്റെ ഇന്നിംഗ്സ് ഇന്ത്യയുടെ സാധ്യതകള്‍ ഇല്ലാതാക്കി. 3 പന്ത് അവശേഷിക്കെയാണ് ഓസ്ട്രേലിയയുടെ 6 വിക്കറ്റ് വിജയം.

ലക്ഷ്യം 8 റൺസ് അകലെ എത്തിയപ്പോള്‍ 97 റൺസ് നേടിയ ലാന്നിംഗിനെ മേഘന സിംഗ് പുറത്താക്കിയപ്പോള്‍ മത്സരത്തിൽ ഇന്ത്യ നേരിയ സാധ്യത കണ്ടു. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ ബെത്ത് മൂണി ബൗണ്ടറി നേടിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.അടുത്ത പന്തിൽ ഡബിളും വീണ്ടുമൊരു ബൗണ്ടറിയും നേടി ബെത്ത് മൂണി ഓസ്ട്രേലിയയെ സെമി ഫൈനലിലേക്ക് എത്തിച്ചു.

Australiawomen

ഓപ്പണിംഗ് വിക്കറ്റിൽ അലൈസ ഹീലിയും റേച്ചൽ ഹെയ്‍ന്‍സും ചേര്‍ന്ന് ഓസ്ട്രേലിയയ്ക്ക് മിന്നും തുടക്കമാണ് നല്‍കിയത്. 121 റൺസ് കൂട്ടുകെട്ടിന് ശേഷം 72 റൺസ് നേടി അലൈസ ഹീലിയാണ് ആദ്യ പുറത്തായത്. തൊട്ടടുത്ത ഓവറിൽ 43 റൺസ് നേടിയ ഹെയ്ന്‍സും പുറത്തായതോടെ ഓസ്ട്രേലിയ 123/2 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് 103 റൺസ് കൂട്ടുകെട്ടുമായി എല്‍സെ പെറിയും(28) മെഗ് ലാന്നിംഗും ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു. പെറി പുറത്തായ ശേഷം ബെത്ത് മൂണി ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. 44 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

മൂണി 30 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി പൂജ വസ്ട്രാക്കര്‍ 2 വിക്കറ്റ് നേടി.

ഇന്നത്തെ തോല്‍വിയോടെ ഇന്ത്യയ്ക്ക് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വിജയിക്കേണ്ടത് അനിവാര്യമായി മാറിയിട്ടുണ്ട്. അത് കൂടാതെ മറ്റു ടീമുകളുടെ മത്സര ഫലത്തെയും ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി സാധ്യത.

ചാമ്പ്യന്മാ‍‍‍‍ർ ജയിച്ച് തുടങ്ങി, ഇംഗ്ലണ്ടിനെതിരെ 12 റൺസ് വിജയവുമായി ഓസ്ട്രേലിയ

വനിത ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ വിജയിച്ച് തുടങ്ങി. ഇന്ന് ആവേശകരമായ മത്സരത്തിൽ 12 റൺസിന്റെ വിജയം ആണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 310/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ടിന് 298 റൺസേ നേടാനായുള്ളു.

റേച്ചൽ ഹെയ്ന്‍സ്(130), മെഗ് ലാന്നിംഗ്(86) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയയുടെ ബാറ്റിംഗിന് കരുത്തേകിയത്. നത്താലി സ്കിവര്‍ പുറത്താകാതെ 85 പന്തിൽ 109 റൺസും താമി ബ്യൂമോണ്ട്(74), ഹീത്തര്‍നൈറ്റ്(40) എന്നിവ‍‍ർ പൊരുതി നോക്കിയെങ്കിലും വിജയം കൈവരിക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല.

ഓസ്ട്രേലിയന്‍ ബൗളിംഗിൽ അലാന കിംഗ് മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജെസ്സ് ജോന്നാസ്സനും താഹ്ലിയ മഗ്രാത്തും രണ്ട് വീതം വിക്കറ്റ് നേടി.

മൂന്നാം ഏകദിനത്തിലും അപരാജിതരായി ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിലും ആധികാരിക വിജയം നേടി ഓസ്ട്രേലിയന്‍ വനിതകള്‍. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വെറും 163 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്ട്രേലിയ 36.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

4 വിക്കറ്റ് നേടിയ ആനാബെൽ സതര്‍ലാണ്ട് ആണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. 50 റൺസ് നേടിയ താമി ബ്യൂമോണ്ടും 46 റൺസ് നേടിയ നത്താലി സ്കിവറും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ റൺസ് കണ്ടെത്തിയത്.

മെഗ് ലാന്നിംഗ്(57*), അലൈസ ഹീലി(42), റേച്ചൽ ഹെയിന്‍സ്(31), എല്‍സെ പെറി(31*) എന്നിവര്‍ ആണ് ഓസ്ട്രേലിയയുടെ വിജയം അനായാസമാക്കിയത്.

ആവശ്യത്തിന് റൺസ് ഉണ്ടെന്ന് കരുതിയായിരുന്നു ഡിക്ലറേഷന്‍

വനിത ആഷസിൽ ഒരു ഘട്ടത്തിൽ ഓസ്ട്രേലിയ നല്‍കിയ 257 റൺസ് ലക്ഷ്യം ഇംഗ്ലണ്ട് മറികടക്കുമെന്ന് ഏവരും കരുതിയെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ഓസ്ട്രേലിയ വിജയം പ്രതീക്ഷിച്ചുവെങ്കിലും അവസാനം മത്സരം സമനിലയിൽ അവസാനിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം ആവേശകരമായ ഒരു ടെസ്റ്റ് മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്.

എന്നാൽ 216/7 എന്ന നിലയിൽ തങ്ങള്‍ ഡിക്ലയര്‍ ചെയ്തത് ആവശ്യത്തിന് റൺസ് സ്കോര്‍ ബോര്‍ഡിലുണ്ടെന്ന ചിന്തയിലായിരുന്നുവെന്നാണ് ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് പറഞ്ഞത്. ഒരു ഘട്ടത്തിൽ എല്ലാം കൈവിട്ടുവെന്നാണ് താന്‍ കരുതിയതെന്നും ഡിക്ലറേഷന്‍ തെറ്റായ തീരുമാനം ആയിപ്പോയി എന്നുമുള്ള ചിന്ത മനസ്സിലൂടെ ഓടിയെന്നും താരം പറഞ്ഞു.

ഇംഗ്ലണ്ട് മികച്ച രീതിയിലാണ് ബാറ്റ് ചെയ്തതെന്നും അതാണ് സ്ഥിതി മാറ്റി മറിച്ചതെന്നും എന്നാൽ 26 റൺസിനിടെ 6 വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ അവസാന പതിനാല് പന്ത് അതിജീവിച്ചാണ് ഇംഗ്ലണ്ട് മത്സരം സമനിലയിലാക്കിയത്.

വനിത ആഷസ്, തുടക്കം പാളിയെങ്കിലും ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

വനിത ആഷസിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 327/7 എന്ന നിലയിൽ. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും റേച്ചൽ ഹെയിന്‍സും ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ആണ് ഓസ്ട്രേലിയയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്.

4/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ എല്‍സെ പെറി(18)യുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 39 റൺസ് നേടിയ ശേഷം ലാന്നിംഗുമായുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഹെയിന്‍സ് ആണ് ഓസ്ട്രേലിയയെ തിരികെ ട്രാക്കിലെത്തിച്ചത്.

169 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇരുവരെയും 3 പന്ത് വ്യത്യാസത്തിൽ ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോള്‍ ടീം 212/5 എന്ന നിലയിലേക്ക് വീണു. ലാന്നിംഗ് 93 റൺസ് നേടി പുറത്തായപ്പോള്‍ റേച്ചൽ 86 റൺസാണ് നേടിയത്.

പിന്നീട് താഹ്‍ലിയ മക്ഗ്രാത്തും ആഷ്‍ലൈ ഗാര്‍ഡ്നറും ചേര്‍ന്നാണ് ഓസ്ട്രേലിയയുടെ മുന്നോട്ട് നയിച്ചത്. ആറാം വിക്കറ്റിൽ 84 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഒന്നാം ദിവസം അവസാനിക്കുന്നതിന് മുമ്പ് ഓസ്ട്രേലിയയ്ക്ക് ഗാര്‍ഡ്നറെയും നഷ്ടമായി.

56 റൺസ് നേടിയ താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി കാതറിന്‍ ബ്രണ്ട് തന്റെ മൂന്നാമത്തെ വിക്കറ്റ് നേടുകയായിരുന്നു. 52 റൺസ് നേടിയ താഹ്‍ലിയ ഒന്നാം ദിവസത്തെ അവസാന പന്തിൽ പുറത്താകുകയായിരുന്നു.

ഏകദിനത്തിലെ ഒന്നാം റാങ്ക് സ്വന്തമാക്കി മെഗ് ലാന്നിംഗ്

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പര ഓസ്ട്രേലിയ വൈറ്റ്‍വാഷ് ചെയ്തപ്പോള്‍ 21 ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ജയമെന്ന ലോക റെക്കോര്‍ഡിനൊപ്പമാണ് ടീം എത്തിയത്. പരമ്പരയിലെ രണ്ട് ഇന്നിംഗ്സുകളില്‍ നിന്നായി 163 റണ്‍സ് നേടിയ മെഗ് ലാന്നിംഗ് ഏകദിന റാങ്കിലെ ബാറ്റിംഗ് ഒന്നാം സ്ഥാനം കൈക്കലാക്കുകയും ചെയ്തു. രണ്ടാം ഏകദിനത്തില്‍ അപരാജിതയായി നിന്ന താരം 101 റണ്‍സ് നേടിയിരുന്നു.

വെസ്റ്റിന്‍ഡീസിന്റെ സ്റ്റെഫാനി ടെയിലറിനെയാണ് ലാന്നിംഗ് ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളിയത്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. കരിയറില്‍ ഇത് അഞ്ചാം തവണയാണ് മെഗ് ലാന്നിംഗ് ഒന്നാം സ്ഥാനത്ത്എത്തുന്നത്.

ഓസ്ട്രേലിയയുടെ തന്നെ ജെസ്സ് ജോന്നാസെന്‍ ആണ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. പരമ്പരയില്‍ 8 വിക്കറ്റാണ് താരം നേടിയത്. കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് ആയ 804 പോയിന്റ്സാണ് താരം നേടിയത്.

മെഗ് ലാന്നിംഗിന്റെ മികവില്‍ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 50 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടിയപ്പോള്‍ മെഗ് ലാന്നിംഗ് പുറത്താകാതെ നേടിയ 101 റണ്‍സിന്റെ മികവില്‍ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 45.1 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. 79 റണ്‍സ് നേടിയ സോഫി ഡിവൈനും 69 റണ്‍സ് നേടിയ ആമി സാത്തെര്‍ത്ത്വൈറ്റുമാണ് ഓസീസ് നിരയിലെ പ്രധാന സ്കോറര്‍മാര്‍. ഒന്നാം വിക്കറ്റില്‍ നതാലി ഡോഡും സോഫി ഡിവൈനും ചേര്‍ന്ന് 75 റണ്‍സ് നേടുകയായിരുന്നു. 34 റണ്‍സാണ് ഡോഡ് നേടിയത്. പിന്നീട് രണ്ടാം വിക്കറ്റില്‍ സോഫി- ആമി കൂട്ടുകെട്ട് 93 റണ്‍സ് നേടിയെങ്കിലും ഇരുവരും പുറത്തായതോടെ അവസാന ഓവറുകളില്‍ ന്യൂസിലാണ്ടിന്റെ സ്കോറിംഗ് പതുക്കെയായി.

കാറ്റി മാര്‍ട്ടിനും(26) മാഡി ഗ്രീനും(21) വേഗത്തില്‍ സ്കോറിംഗ് നടത്തിയെങ്കിലും തുടരെ വിക്കറ്റുകളുമായി ഓസ്ട്രേലിയന്‍ ബൗളിംഗ് നിര മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി ജെസ്സ് ജോനാസ്സെന്‍ നാലും സോഫി മോളിനെക്സ്, മെഗാന്‍ ഷൂട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

രണ്ടാം വിക്കറ്റില്‍ മെഗ് ലാന്നിംഗും റേച്ചല്‍ ഹെയ്ന്‍സും നേടിയ 117 റണ്‍സ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയന്‍ വിജയത്തിന് അടിത്തറ. 82 റണ്‍സ് നേടിയ റേച്ചല്‍ ഹെയ്‍ന്‍സ് പുറത്തായെങ്കിലും ബാറ്റിംഗ് തുടര്‍ന്ന മെഗ് ലാന്നിംഗ് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. ന്യൂസിലാണ്ടിന് വേണ്ടി അമേലിയ കെര്‍ മൂന്നും സോഫി ഡിവൈന്‍ രണ്ടും വിക്കറ്റ് നേടി.

 

ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ക്ക് വിജയം

ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 49.1 ഓവറില്‍ 180 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്ട്രേലിയ 33.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കാറ്റി പെര്‍ക്കിന്‍സ്(32), മാഡി ഗ്രീന്‍(35), ഹെയ്‍ലി ജെന്‍സെന്(21), കാറ്റി മാര്‍ട്ടിന്‍(21) എന്നിവരാണ് ന്യൂസിലാണ്ടിനായി സ്കോറിംഗ് നടത്തിയത്. ഓസീസിന് വേണ്ടി ജോര്‍ജ്ജിയ വെയര്‍ഹാം, ജെസ്സ് ജോനാസ്സെന്‍, സോഫി മോളിനെക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ മെഗ് ലാന്നിംഗ് 62 റണ്‍സ് നേടി പുറത്താക്കാതെ നിന്നപ്പോള്‍ റേച്ചല്‍ ഹെയ്‍ന്‍സ് 44 റണ്‍സ് നേടി. അലൈസ ഹീലി(26), ബെത്ത് മൂണി(16) , സോഫി മോളിനെക്സ്(18*) എന്നിവരുടെ പ്രകടനങ്ങളും ഓസ്ട്രേലിയയുടെ വിജയം വേഗത്തിലാക്കി. ന്യൂസിലാണ്ടിനായി റോസ്മേരി മെയ്ര്‍ രണ്ട് വിക്കറ്റ് നേടി.

മെഗ് ലാന്നിംഗ് മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍

വനിത ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെ നയിക്കുക ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗ്. ആദ്യ രണ്ട് സീസണുകളില്‍ ലാന്നിംഗ് സ്റ്റാര്‍സിനെ നയിച്ചിരുന്നുവെങ്കിലും പിന്നീട് പെര്‍ത്തിലേക്ക് താരം മാറുകയായിരുന്നു. എല്‍സെ വില്ലാനിയില്‍ നിന്നാണ് മെഗ് ലാന്നിംഗ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്.

ക്യാപ്റ്റനായി തിരികെ എത്തുക എന്നത് വലിയ ബഹുമതിയായാണ് താന്‍ കാണുന്നതെന്നും മെഗ് വ്യക്തമാക്കി. എല്‍സെ വില്ലാനി ടീമിനെ വളര്‍ത്തിയെടുത്ത നിലയില്‍ നിന്ന് മുന്നോട്ട് നയിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്നും മെഗ് വ്യക്തമാക്കി.

വനിത ഏകദിന ലോകകപ്പ് നടക്കുമെന്നാണ് പ്രതീക്ഷ – മെഗ് ലാന്നിംഗ്

പുരുഷ ടി20 ലോകകപ്പ് മാറ്റി വയ്ക്കുവാന്‍ ഐസിസി തീരുമാനിച്ചുവെങ്കിലും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കേണ്ട വനിത ലോകകപ്പിന്മേല്‍ ഒരു തീരുമാനം ഇതുവരെ അവര്‍ എടുത്തിട്ടില്ല. വനിത ഏകദിന ലോകകപ്പ് ന്യൂസിലാണ്ടിലാണ് നടക്കേണ്ടതിനാലും ന്യൂസിലാണ്ടില്‍ കൊറോണ വ്യാപനം തടയുവാന്‍ അധികാരികള്‍ക്ക് സാധിച്ചതും കാരണം ലോകകപ്പ് നടക്കുമെന്നാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗിന്റെ പ്രതീക്ഷ.

ഉടന്‍ തന്നെ ഇതിന്മേല്‍ ഐസിസി തീരുമാനം വരുമെന്നാണ് അറിയുന്നത്. തനിക്ക് നല്ല ശുഭപ്രതീക്ഷയുണ്ടെന്നും എന്നാല്‍ തീരുമാനം എന്ത് തന്നെയായാലും അത് താരങ്ങള്‍ക്കെല്ലാം മികച്ച വ്യക്തത നല്‍കും എന്നാണ് മെഗ് ലാന്നിംഗ് അഭിപ്രായപ്പെട്ടത്. ഏഴ് ടീമുകള്‍ മാത്രം ന്യൂസിലാണ്ടിലേക്ക് സഞ്ചരിച്ചാല്‍ മതിയെന്നതിനാല്‍ തന്നെ ലോകകപ്പ് ഇപ്പോളും നടക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് മെഗ് ലാന്നിംഗ് വ്യക്തമാക്കി.

Exit mobile version