മയാംഗിന്റെ ശതകത്തിന്റെ മികവിൽ ഇന്ത്യ, അജാസിന് നാല് വിക്കറ്റ്

മുംബൈ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 70 ഓവറിൽ 221/4 എന്ന നിലയിൽ ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ 80/0 എന്ന നിലയിൽ മികച്ച തുടക്കം നല്‍കിയെങ്കിലും അജാസ് പട്ടേല്‍ മൂന്ന് വിക്കറ്റുകള്‍ രണ്ടോവര്‍ വ്യത്യാസത്തിൽ നേടിയപ്പോള്‍ ഇന്ത്യ 80/3 എന്ന നിലയിലേക്ക് വീണു.

തുടര്‍ന്ന് ശ്രേയസ്സ് അയ്യരുമായി ചേര്‍ന്ന് മയാംഗ് അഗര്‍വാള്‍ 80 റൺസ് നാലാം വിക്കറ്റിൽ നേടിയെങ്കിലും അജാസ് പട്ടേൽ ശ്രേയസ്സ് അയ്യരുടെ വിക്കറ്റും നേടി. 18 റൺസാണ് ശ്രേയസ്സ് അയ്യര്‍ നേടിയത്.

Ajazpatel

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ മയാംഗും സാഹയും ചേര്‍ന്ന് 61 റൺസ് അ‍ഞ്ചാം വിക്കറ്റിൽ നേടിയിട്ടുണ്ട്. മയാംഗ് 120 റൺസും വൃദ്ധിമന്‍ സാഹ 25 റൺസും ആതിഥേയര്‍ക്കായി നേടി ക്രീസിൽ നില്‍ക്കുകയാണ്.

ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 111/3 എന്ന നിലയിൽ, മയാംഗിന് അര്‍ദ്ധ ശതകം

അജാസ് പട്ടേലിന്റെ സ്പിന്‍ കുരുക്കിൽ വീണ ഇന്ത്യയ്ക്ക് ആശ്വാസമായി മയാംഗ് അഗര്‍വാളിന്റെ അര്‍ദ്ധ ശതകം. മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ ഇന്ത്യ 111/3 എന്ന നിലയിലാണ്.

52 റൺസ് നേടി മയാംഗും 7 റൺസുമായി ശ്രേയസ്സ് അയ്യരുമാണ് ക്രീസിലുള്ളത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റിൽ 80 റൺസ് നേടിയെങ്കിലും അജാസ് ഇന്ത്യയെ 80/3 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു.

44 റൺസ് നേടി ഗിൽ ആണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്കോറര്‍.

പഞ്ചാബ് നിലനിര്‍ത്തിയത് വെറും രണ്ട് താരങ്ങളെ

ഐപിഎൽ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തിയത് വെറും രണ്ട് താരങ്ങളെ. 14 കോടി രൂപയ്ക്ക് മയാംഗ് അഗര്‍വാളിനെയും 4 കോടി രൂപയ്ക്ക് അര്‍ഷ്ദീപ് സിംഗിനെയും ആണ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയത്.

ക്യാപ്റ്റന്‍ കെഎൽ രാഹുല്‍ ടീമിൽ നിന്ന് പോകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതിനാൽ താരത്തെ നിലനിര്‍ത്താത്തിൽ യാതൊരുവിധ അത്ഭുതവുമില്ല.

ഓ ചഹാല്‍!!! പഞ്ചാബിനെതിരെ 6 റൺസ് വിജയവുമായി കോഹ്‍ലിയും സംഘവും പ്ലേ ഓഫിലേക്ക്

മയാംഗ് അഗര്‍വാള്‍ തന്റെ മികവാര്‍ന്ന ഫോമിലൂടെ പഞ്ചാബ് കിംഗ്സിനായി പൊരുതി നോക്കിയെങ്കിലും ആര്‍സിബി നല്‍കിയ 165 റൺസ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ടീമിന് 6 വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 158 റൺസ്. 6 റൺസ് വിജയത്തോടെ ആര്‍സിബി പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി.

ഒന്നാം വിക്കറ്റിൽ 10.5 ഓവറിൽ രാഹുലും മയാംഗും ചേര്‍ന്ന് 91 റൺസ് നേടിയെങ്കിലും രാഹുലിന് തന്റെ 39 റൺസിനായി 35 പന്തുകള്‍ നേരിടേണ്ടി വന്നു. മോശം ഫോമിൽ കളിക്കുന്ന നിക്കോളസ് പൂരനെയും വേഗത്തിൽ നഷ്ടമായപ്പോള്‍ പഞ്ചാബ് 99/2 എന്ന നിലയിലേക്ക് വീണു. മയാംഗ് തന്റെ അര്‍ദ്ധ ശതകം നേടി പഞ്ചാബിന്റെ പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു.

പൂരനെ പുറത്താക്കിയ ചഹാൽ തന്നെ മയാംഗിന്റെ വിക്കറ്റും വീഴ്ത്തിയപ്പോള്‍ അതേ ഓവറിൽ ചഹാല്‍ സര്‍ഫ്രാസിനെയും പുറത്താക്കി. 114/2 എന്ന നിലയിൽ 121/4 എന്ന സ്ഥിതിയിലേക്ക് പഞ്ചാബ് കിംഗ്സ് വീണു. മത്സരം അവസാന ഓവറിലേക്ക് എത്തിയപ്പോള്‍ പഞ്ചാബിന് വിജയിക്കുവാന്‍ 44 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

ഗാര്‍ട്ടൺ എറിഞ്ഞ 17ാം ഓവറിൽ വലിയ ഷോട്ട് ശ്രമിച്ച് മാര്‍ക്രവും പുറത്തായപ്പോള്‍ പ‍‍ഞ്ചാബിന്റെ നില പരുങ്ങലിലായി. 14 പന്തിൽ 20 റൺസാണ് മാര്‍ക്രം നേടിയത്. ഓവറിൽ പിറന്നതാകട്ടെ 7 റൺസും. അവസാന ഓവറിൽ പഞ്ചാബിന് ജയിക്കുവാന്‍ 19 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഷാരൂഖ് ഖാന്‍(16) റണ്ണൗട്ടായപ്പോള്‍ മോയിസസ് ഹെന്‍റിക്സിന് ടീമിനെ 6 റൺസ് അകലെ വരെ എത്തിക്കുവാനെ സാധിച്ചുള്ളു.

മോയിസസ് 9 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു. യൂസുവേന്ദ്ര ചഹാൽ നേടിയ മൂന്ന് വിക്കറ്റുകളാണ് മത്സരത്തിന്റെ ഗതിയെ മാറ്റിയത്.

അപ്രവചനീയം ഐപിഎൽ, ജയിച്ച കളി അവസാന ഓവറിൽ കളഞ്ഞ് പഞ്ചാബ് കിംഗ്സ്, സൂപ്പര്‍ സ്റ്റാര്‍ ത്യാഗി

അവസാന ഓവറിൽ എട്ട് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 4 റൺസ് മാത്രം വേണ്ടിയിരുന്ന പഞ്ചാബ് കിംഗ്സിന് അവിശ്വസനീയ തോല്‍വി. രാജസ്ഥാന്‍ യുവതാരം കാര്‍ത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ ഒരു റൺസ് മാത്രമാണ് ത്യാഗി വിട്ട് നല്‍കിയത്.

രാജസ്ഥാന്‍ നല്‍കിയ 186 റൺസ് വിജയ ലക്ഷ്യത്തെ പഞ്ചാബ് കിംഗ്സ് അനായാസം മറികടക്കുമെന്നാണ് 19ാം ഓവര്‍ വരെ ഏവരും കരുതിയത്. കെഎൽ രാഹുലിന്റെ ക്യാച്ചുകള്‍ മൂന്ന് തവണ രാജസ്ഥാന്‍ ഫീൽഡര്‍മാര്‍ കൈവിട്ടപ്പോള്‍ മയാംഗും രാഹുലും ചേര്‍ന്ന് ടീമിന് മികച്ച തുടക്കം നല്‍കുകയായിരുന്നു. ഇരുവരും ഇന്നിംഗ്സ് പകുതി കഴി‍ഞ്ഞപ്പോള്‍ പുറത്തായെങ്കിലും ജയത്തിലേക്ക് പഞ്ചാബിനെ പൂരനും മാര്‍ക്രവും നയിക്കുമെന്നാണ് തോന്നിപ്പിച്ചത്.

120 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം ആണ് കെഎൽ രാഹുല്‍ – മയാംഗ് അഗര്‍വാള്‍ കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ രാജസ്ഥാന് സാധിച്ചത്. 33 പന്തിൽ 49 റൺസാണ് രാഹുല്‍ നേടിയത്. രാഹുല്‍ പുറത്തായി അധികം വൈകാതെ 43 പന്തിൽ 67 റൺസ് നേടി മയാംഗും പുറത്തായി.

പിന്നീട് എയ്ഡന്‍ മാര്‍ക്രം – നിക്കോളസ് പൂരന്‍ കൂട്ടുകെട്ട് പഞ്ചാബിന്റെ വിജയം അനായാസമാക്കുകയായിരുന്നു. 57 റൺസ് കൂട്ടുകെട്ടാണ് ഇവര്‍ മൂന്നാം വിക്കറ്റിൽ നേടിയത്. അവസാന ഓവറിൽ കാര്‍ത്തിക് ത്യാഗി നിക്കോളസ് പൂരനെയും ദീപക് ഹൂഡയെയും പുറത്താക്കി കളി മാറ്റുകയായിരുന്നു.

പൂരന്‍ 32 റൺസ് നേടി പുറത്തായപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 26 റൺസുമായി പുറത്താകാതെ നിന്നു.

 

ഇന്ത്യയ്ക്ക് തിരിച്ചടി, ആദ്യ ടെസ്റ്റിന് മയാംഗ് അഗര്‍വാള്‍ ഇല്ല

പരിശീലനത്തിനിടെ പന്ത് ഹെല്‍മെറ്റിൽ കൊണ്ട് കണ്‍കഷന് വിധേയനായ ഇന്ത്യന്‍ താരം മയാംഗ് അഗര്‍വാള്‍ ആദ്യ ടെസ്റ്റിൽ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് പരിശീലനത്തിനിടെയാണ് ഇന്ത്യന്‍ താരത്തിന്റെ ഹെല്‍മെറ്റിൽ പന്ത് കൊണ്ടത്.

താരം ഉടനെ പരിശീലനത്തിൽ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. നേരത്തെ തന്നെ ശുഭ്മന്‍ ഗിൽ, വാഷിംഗ്ടൺ സുന്ദര്‍ എന്നിവരുടെ സേവനം ഇന്ത്യന്‍ ടീമിന് നഷ്ടമായിരുന്നു. പകരം സൂര്യകുമാര്‍ യാദവിനെയും പൃഥ്വി ഷായെയും ഇംഗ്ലണ്ടിലെത്തിക്കുവാന്‍ ബിസിസിഐ ശ്രമിച്ചുവെങ്കിലും ക്രുണാൽ പാണ്ഡ്യ കോവിഡ് പോസിറ്റീവായതോടെ അവരും ഐസൊലേഷനിലേക്ക് നീങ്ങേണ്ടി വരികയായിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടം, ഇന്ത്യയുടെ ലീഡ് 200 കടന്നു

കൗണ്ടി സെലക്ട് ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ 113/2 എന്ന നിലയിൽ ഇന്ത്യ. 220/9 എന്ന നിലയിൽ രണ്ടാം ദിവസം അവസാനിപ്പിച്ച കൗണ്ടിയുടെ ഇന്നിംഗ്സ് അവേശ് ഖാന്‍ ബാറ്റിംഗിനിറങ്ങാതായതോടെ അവസാനിച്ച ശേഷം മയാംഗ് അഗര്‍വാളും ചേതേശ്വര്‍ പുജാരയും ആണ് ഇന്ത്യയ്ക്കായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്തത്.

മയാംഗ് 47 റൺസും പുജാര 38 റൺസും നേടി ഒന്നാം വിക്കറ്റിൽ 87 റൺസാണ് ഇന്ത്യ നേടിയത്. ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയത് ജാക്ക് കാര്‍സൺ ആണ്. 11 വീതം റൺസ് നേടി രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയും ക്രീസിലുള്ളപ്പോള്‍ ഇന്ത്യയുടെ ലീഡ് 204 റൺസിന്റെയാണ്.

ടീമിൽ നിലവിൽ തന്നെ ഓപ്പണര്‍മാരുള്ളപ്പോള്‍ പൃഥ്വിയെ വിളിക്കേണ്ടതില്ല – കപിൽ ദേവ്

ഇംഗ്ലണ്ടിലേക്ക് ശുഭ്മന്‍ ഗില്ലിന്റെ പകരക്കാരനായി പൃഥ്വി ഷായെ വിളിക്കുന്നത് തെറ്റായ സമീപനമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കപിൽ ദേവ്. ടീമില്‍ നിലവില്‍ പകരക്കാരായ ഓപ്പണര്‍മാരുണ്ടെന്നും പൃഥ്വിയെ ഓപ്പണിംഗിനായി വിളിക്കുന്നത് ആ താരങ്ങളോടുള്ള മോശം സമീപനമാകുമെന്നാണ് തന്റെ അഭിപ്രായമെന്നും കപിൽ പറഞ്ഞു.

ഓപ്പണര്‍മാരായി മയാംഗ് അഗര്‍വാളും കെഎൽ രാഹുലും ടീമിലുണ്ടെങ്കിലും രാഹുലിനെ മധ്യനിരയിൽ കളിപ്പിക്കുവാനാണ് ഇന്ത്യന്‍ മാനേജ്മെന്റിന്റെ തീരുമാനം. കരുതൽ താരമായി അഭിമന്യു ഈശ്വരനും ടീമിലുണ്ടെങ്കിലും താരത്തിന് അവസരം നല്‍കുക അസാധ്യമാണ്.

അതിനാൽ ശുഭ്മന്‍ ഗില്ലിന് പകരം പൃഥ്വി ഷായെ ശ്രീലങ്കയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തിക്കുവാനുള്ള ശ്രമം ബിസിസിഐ ആരംഭിച്ചിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

മയാംഗിന്റെ പ്രകടനങ്ങള്‍ മറക്കാനാകില്ല – വിവിഎസ് ലക്ഷ്മൺ

ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ശുഭ്മന്‍ ഗില്ലിനെയും രോഹിത് ശര്‍മ്മയെയും ഓപ്പണര്‍മാരായി ഇറക്കുമെന്നാണ് കരുതുന്നതെങ്കിലും മയാംഗ് അഗര്‍വാളിന്റെ പ്രകടനങ്ങളെ ഒരിക്കലും മറക്കാനാകുയില്ലെന്ന് ലക്ഷ്മൺ വ്യക്തമാക്കി. രോഹിത്തിന്റെ കൂടെ ആരാകും ഓപ്പൺ ചെയ്യുക എന്നതാണ് വലിയ ചോദ്യം. അത് ശുഭ്മന്‍ ഗില്ലാകാനാണ് സാധ്യതയെങ്കിലും നമ്മള്‍ മയാംഗ് അഗര്‍വാളിന്റെ പ്രകടനങ്ങളെ മറന്ന് കൂടായെന്നും വിവിഎസ് പറഞ്ഞു.

2018ൽ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച മയാംഗ് പല മിന്നും പ്രകടനങ്ങളാണ് ഇന്ത്യയ്ക്കായി പുറത്തെടുത്തത്. ടെസ്റ്റ് അരങ്ങേറ്റത്തിലും ഓസ്ട്രേലിയയ്ക്കെതിരെ താരം മികവ് പുലര്‍ത്തിയിരുന്നുവെന്ന് വിവിഎസ് ലക്ഷ്മൺ വ്യക്തമാക്കി.

ഡല്‍ഹിയുടെ പവര്‍പ്ലേ കളി മാറ്റി – മയാംഗ് അഗര്‍വാള്‍

ഡല്‍ഹിയോട് ഏറ്റ പരാജയത്തിലും മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചാബ് കിംഗ്സ് നായകന്‍ മയാംഗ് അഗര്‍വാള്‍ ആയിരുന്നു. പഞ്ചാബ് ഒരു പത്ത് റണ്‍സ് കുറവാണ് ബാറ്റിംഗില്‍ നേടിയതെന്നും ഡല്‍ഹിയുടെ പവര്‍പ്ലേയിലെ വേഗത്തിലുള്ള സ്കോറിംഗ് മത്സരം അവര്‍ക്ക് അനുകൂലമാക്കിയെന്നാണ് മയാംഗ് പറഞ്ഞത്.

കെഎല്‍ രാഹുല്‍ ഉടന്‍ മടങ്ങിയെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മധ്യ ഓവറുകളില്‍ ടീമിന് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനായില്ലെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ മികവ് പുലര്‍ത്തുവാന്‍ ആയിയെന്നും മയാംഗ് പറഞ്ഞു.

അവസാന ഓവറില്‍ മികച്ച പ്രകടനമാണ് ഹര്‍പ്രീത് കാഴ്ചവെച്ചതെന്നും ബൗളിംഗിലും താരം പഞ്ചാബിനായി മികവ് പുലര്‍ത്തുകയാണെന്നും മയാംഗ് സൂചിപ്പിച്ചു.

ബാറ്റിംഗ് മറന്ന പഞ്ചാബ് കിംഗ്സിനെ മുന്നോട്ട് നയിച്ച് നായകന്‍ മയാംഗിന്റെ 99*

ഐപിഎലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനെ മുന്നോട്ട് നയിച്ച് താത്കാലിക നായകന്‍ മയാംഗ് അഗര്‍വാള്‍. 58 പന്തില്‍ പുറത്താകാതെ 99 റണ്‍സ് നേടിയ താരം ടീമിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന പൊരുതാവുന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു.

തുടക്കം തന്നെ പ്രഭ്സിമ്രാനെയും ക്രിസ് ഗെയിലിനെയും നഷ്ടമായ ടീം 35/2 എന്ന നിലയിലേക്ക് വീണുവെങ്കിലും മൂന്നാം വിക്കറ്റില്‍ മയാംഗും ദാവിദ് മലാനും ചേര്‍ന്ന് 52 റണ്‍സ് നേടിയെങ്കിലും ഏറെ ഓവറുകളാണ് ഇരുവരും നേരിട്ടത്. മലാന് തന്റെ ഇന്നിംഗ്സ് വിചാരിച്ച രീതിയില്‍ മുന്നോട്ട് നയിക്കാനാകാതെ പോയതും ടീമിന് തിരിച്ചടിയായി.

8 ബൗണ്ടറിയും 4 സിക്സും നേടിയ മയാംഗിന്റെ ക്യാപ്റ്റന്റെ ഇന്നിംഗ്സാണ് പഞ്ചാബ് കിംഗ്സിനെ 166/6 എന്ന സ്കോറിലേക്ക് നയിച്ചത്.

26 പന്തില്‍ 26 റണ്‍സ് നേടി കഷ്ടപ്പെടുകയായിരുന്ന താരത്തെ അക്സര്‍ പട്ടേല്‍ ആണ് പുറത്താക്കിയത്. പിന്നീട് മയാംഗ് അഗര്‍വാള്‍ ഒറ്റയ്ക്ക് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഡല്‍ഹി ബൗളര്‍മാരില്‍ 3 വിക്കറ്റ് നേടി കാഗിസോ റബാഡ മുന്നിട്ട് നിന്നപ്പോള്‍ അക്സര്‍ പട്ടേല്‍ വെറും 21 റണ്‍സ് മാത്രം വിട്ട് നല്‍കി ഒരു വിക്കറ്റ് നേടി.

പഞ്ചാബിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത, 120 റണ്‍സ് കടത്തിയത് ക്രിസ് ജോര്‍ദ്ദന്റെ സംഭാവന

ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് ടീം നേടിയത്. 31 റണ്‍സ് നേടിയ മയാംഗ് അഗര്‍വാള്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ നിക്കോളസ് പൂരന്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ 19 വീതം റണ്‍സ് നേടി.
ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 36 റണ്‍സാണ് ഇന്നത്തെ ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്ത ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ 30 റണ്‍സ് നേടി ക്രിസ് ജോര്‍ദ്ദന്‍ ആണ് പഞ്ചാബ് കിംഗ്സിന്റെ സ്കോര്‍ നൂറ് കത്തിയത്. 18 പന്ത് നേരിട്ട താരം മൂന്ന് സിക്സ് നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും സുനില്‍ നരൈന്‍,  പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version