പവര്‍പ്ലേയില്‍ മുന്‍തൂക്കം നേടുവാന്‍ പഞ്ചാബിന് സാധിച്ചു – മയാംഗ് അഗര്‍വാള്‍

ഐപിഎലില്‍ ഇന്നലെ മുംബൈയ്ക്കെതിരെയുള്ള വിജയത്തില്‍ ഇരു ഇന്നിംഗ്സുകളിലെ പവര്‍പ്ലേയിലും മുന്‍തൂക്കം നേടുവാന്‍ പഞ്ചാബ് കിംഗ്സിന് സാധിച്ചതാണ് ടീമിന് തുണയായതെന്ന് പറഞ്ഞ് ഓപ്പണിംഗ് താരം മയാംഗ് അഗര്‍വാള്‍. ഇന്നലെ ബൗളിംഗില്‍ പഞ്ചാബ് മുംബൈയെ പവര്‍പ്ലേയില്‍ പിടിച്ചുകെട്ടുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മുംബൈയ്ക്ക് 21 റണ്‍സാണ് നേടാനായത്. ഇത് പവര്‍പ്ലേയിലെ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സ്കോര്‍ കൂടിയാണ്.

അതേ സമയം ബാറ്റിംഗില്‍ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സാണ് പവര്‍പ്ലേയ്ക്കുള്ളില്‍ നേടിയത്. ഇതിന്റെ ബലത്തിലാണ് ചെന്നൈ വിക്കറ്റില്‍ 9 വിക്കറ്റ് വിജയം നേടുവാന്‍ പഞ്ചാബിന് സാധിച്ചത്. കാര്യങ്ങള്‍ ലളിതമായി വെച്ച് ശരിയായ ക്രിക്കറ്റിംഗ് ഷോട്ടുകള്‍ കളിക്കുക എന്നത് ആയിരുന്നു താനും രാഹുലും ചേര്‍ന്ന് തീരുമാനിച്ചതെന്നും മയാംഗ് വ്യക്തമാക്കി.

രണ്ട് പോയിന്റ് സ്വന്തമാക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും 9 വിക്കറ്റ് വിജയം ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുമെന്നും മയാംഗ് വ്യക്തമാക്കി.

വീണ്ടും ബാറ്റിംഗ് മറന്ന് പഞ്ചാബ് കിംഗ്സ്, നൂറ് കടത്തി ഷാരൂഖ് ഖാന്‍

ഐപിഎലില്‍ വീണ്ടുമൊരു ബാറ്റിംഗ് തകര്‍ച്ച നേരിട്ട് പഞ്ചാബ് കിംഗ്സ്. ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 19.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ഔട്ട്. 22 റണ്‍സ് വീതം നേടിയ ഷാരൂഖ് ഖാനും മയാംഗ് അഗര്‍വാളും ആണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍മാര്‍.

സണ്‍റൈസേഴ്സിന് വേണ്ടി  ഖലീല്‍ അഹമ്മദ് മൂന്നും അഭിഷേക് ശര്‍മ്മ രണ്ടും വിക്കറ്റാണ് നേടിയത്. തന്റെ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ട് നല്‍കിയ റഷീദ് ഖാന്‍ ആണ് സണ്‍റൈസേഴ്സ് നിരയില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറതത്തെടുത്തത്.

ഡല്‍ഹി ബൗളിംഗിനെ തച്ചുതകര്‍ത്ത് മയാംഗും രാഹുലും, ഡല്‍ഹിയ്ക്ക് ജയിക്കുവാന്‍ 196 റണ്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനായി തകര്‍ത്തടിച്ച് ഓപ്പണിംഗ് കൂട്ടുകെട്ട്. 122 റണ്‍സാണ് 12.4 ഓവറില്‍ മയാംഗ് അഗര്‍വാളും ലോകേഷ് രാഹുലും നേടിയത്. ഇരുവരും ചേര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാരെ നിലയുറപ്പിക്കുവാന്‍ അനുവദിച്ചില്ല. കൂടുതല്‍ അപകടകാരിയായത് മയാംഗ് അഗര്‍വാള്‍ ആയിരുന്നു.

36 പന്തില്‍ 69 റണ്‍സ് നേടിയ മയാംഗിന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ഐപിഎല്‍ ആദ്യ മത്സരത്തില്‍ കളിക്കുന്ന ലുക്മാന്‍ മെരിവാലയാണ് മയാംഗ് അഗര്‍വാളിന്റെ വിക്കറ്റ് നേടിയത്. മയാംഗ് പുറത്തായ ശേഷം രാഹുല്‍ തന്റെ അര്‍ദ്ധ ശതകം തികച്ചു. 51 പന്തില്‍ 61 റണ്‍സ് നേടിയ താരത്തെ കാഗിസോ റബാഡയാണ് പുറത്താക്കിയത്.

അവസാന ഓവറുകളില്‍ വിക്കറ്റുകളുമായി ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റുകള്‍ നേടിയെങ്കിലും ദീപക് ഹൂഡയും ഷാരൂഖ് ഖാനും ടീമിന്റെ സ്കോര്‍ 195 റണ്‍സിലേക്ക് എത്തിക്കുകയായിരുന്നു. ഹൂഡ 13 പന്തില്‍ 22 റണ്‍സും ഷാരൂഖ് ഖാന്‍ 5 പന്തില്‍ 15 റണ്‍സുമാണ് നേടിയത്.

രണ്ട് വിക്കറ്റ് കൂടി നഷ്ടം, ഇന്ത്യയ്ക്ക് മുന്നില്‍ ശ്രമകരമായ ദൗത്യം

ബ്രിസ്ബെയിന്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 161/4 എന്ന നിലയില്‍. രണ്ടാം ദിവസത്തെ സ്കോറായ 62/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 25 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയെയാണ് ആദ്യം നഷ്ടമായത്.

45 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ശേഷം ഇന്ത്യയുടെ സ്കോര്‍ 105ല്‍ നില്‍ക്കവെ ജോഷ് ഹാസല്‍വുഡ് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. അജിങ്ക്യ രഹാനെയും മയാംഗ് അഗര്‍വാളും കൂടി ചേര്‍ന്ന് 39 റണ്‍സ് കൂടി നാലാം വിക്കറ്റില്‍ ചേര്‍ത്തുവെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്ക് 38 റണ്‍സ് നേടിയ രഹാനെയെ മടക്കി അയയ്ക്കുകയായിരുന്നു.

ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 369 റണ്‍സിന് 208 റണ്‍സ് പിന്നിലായാണ് നില്‍ക്കുന്നത്. 38 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളും 4 റണ്‍സ് നേടി ഋഷഭ് പന്തുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

വേഗത്തിൽ 1000 ടെസ്റ്റ് റൺസുകൾ തികക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി മായങ്ക് അഗർവാൾ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് പൂർത്തിയാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി മായങ്ക് അഗർവാൾ. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 9 റൺസ് എടുത്ത് മായങ്ക് അഗർവാൾ പുറത്തായെങ്കിലും താരം ടെസ്റ്റിൽ 1000 റൺസ് പൂർത്തിയാക്കുകയായിരുന്നു. 19 ടെസ്റ്റ് ഇന്നിങ്‌സുകളിൽ നിന്നാണ് മായങ്ക് അഗർവാൾ 1000 റൺസ് നേടിയത്.

തന്റെ ടെസ്റ്റ് കരിയറിൽ 1 സെഞ്ചുറിയും 2 ഡബ്ബിൾ സെഞ്ചുറിയും മായങ്ക് അഗർവാൾ ഇന്ത്യക്ക് വേണ്ടി നേടിയിട്ടുണ്ട്. നിലവിൽ 14 ഇന്നിങ്‌സുകളിൽ നിന്ന് 1000 റൺസ് നേടിയ മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ പേരിലാണ് ഏറ്റവും വേഗത്തിൽ 1000 ടെസ്റ്റ് റൺസുകൾ നേടിയ താരമെന്ന റെക്കോർഡ്. 18 ഇന്നിങ്‌സുകളിൽ നിന്ന് 1000 റൺസ് നേടിയ പൂജാരയാണ് രണ്ടാം സ്ഥാനത്ത്.

കളി തടസ്സപ്പെടുത്തി മഴ, ഇന്ത്യയുടെ ലീഡ് മുന്നൂറ് കടന്നു

ശുഭ്മന്‍ ഗില്ലിനെ നഷ്ടമായ ശേഷം മയാംഗ് അഗര്‍വാളും ഹനുമ വിഹാരിയും തങ്ങളുടെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍. രണ്ടാം ദിവസം കളി മഴ തടസ്സപ്പെടുത്തിയപ്പോള്‍ ഇന്ത്യ 294/4 എന്ന നിലയിലാണ്. ടീമിന് ഇപ്പോള്‍ 335 റണ്‍സ് ലീഡാണ് കൈവശമുള്ളത്.

111/2 എന്ന നിലയില്‍ രണ്ടാം സെഷന്‍ പുനരാരംഭിച്ച ഇന്ത്യയ്ക്ക് 61 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിനെയാണ് നഷ്ടമായത്. ഹനുമ വിഹാരിയുമായി ചേര്‍ന്ന് 53 റണ്‍സാണ് താരം മൂന്നാം വിക്കറ്റില്‍ നേടിയത്. പിന്നീട് ഹനുമ വിഹാരി- അജിങ്ക്യ രഹാനെ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 78 റണ്‍സ് കൂടി നേടി ഇന്ത്യയെ മുന്നോട്ട് നയിച്ചു.

38 റണ്‍സ് നേടിയ രഹാനെയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 63 റണ്‍സുമായി ഹനുമ വിഹാരിയും 9 റണ്‍സുമായി ഋഷഭ് പന്തുമാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

ആദ്യ സെഷന്‍ കഴിയുമ്പോള്‍ ഇന്ത്യ കരുതുറ്റ നിലയില്‍, അര്‍ദ്ധ ശതകം നേടി ശുഭ്മന്‍ ഗില്‍

ഓസ്ട്രേലിയ എ യ്ക്കെതിരെ സിഡ്നിയില്‍ നടക്കുന്ന ഡേ നൈറ്റ് സന്നാഹ മത്സരത്തില്‍ കൂറ്റന്‍ ലീഡിലേക്ക് ഇന്ത്യ നീങ്ങുന്നു. ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 27 ഓവറില്‍ നിന്ന് 111 റണ്‍സാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ടീമിന് 197 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

പൃഥ്വി ഷായെ വേഗത്തില്‍ നഷ്ടമായ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മന്‍ ഗില്ലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് 104 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്. ആദ്യ സെഷന്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് 65 റണ്‍സ് നേടിയ ഗില്ലിനെ ടീമിന് നഷ്ടമായത്.

മയാംഗ് 38 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ ഹനുമ വിഹാരിയാണ്(0*) താരത്തിന് കൂട്ടായി ക്രീസിലുള്ളത്. ഓസ്ട്രേലിയ എ യ്ക്കായി മിച്ചല്‍ സ്വെപ്സണും മാര്‍ക്ക് സ്റ്റെകേറ്റിയും ഓരോ വിക്കറ്റ് വീതം നേടിയിട്ടുണ്ട്.

മയാംഗിന് പകരം രാഹുല്‍ ഓപ്പണ്‍ ചെയ്യണം – സച്ചിന്‍

ഓസ്ട്രേലിയയില്‍ ഇന്ത്യ ബാറ്റിംഗില്‍ വലിയ സ്കോര്‍ നേടുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യയ്ക്ക് ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോറിന്റെ അടുത്തെത്തുവാന്‍ സാധിച്ചിരുന്നില്ല.

ഇതിനൊരു പരിഹാരമെന്ന നിലയില്‍ സച്ചിന്‍ ടെണ്നോടുല്‍ക്കര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം ലോകേഷ് രാഹുലിനെ ഓപ്പണിംഗില്‍ ഇന്ത്യ പരീക്ഷിക്കണമെന്നാണ്. മയാംഗ് അഗര്‍വാളിന് പകരം ഇന്ത്യ രാഹുലിനെ ഓപ്പണിംഗില്‍ പരീക്ഷിക്കണമെന്നാണ് സച്ചിന്റെ അഭിപ്രായം.

കീപ്പിംഗ് ദൗത്യം കൂടിയുള്ള രാഹുലിന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന് വേണ്ടിയാണ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളില്‍ രാഹുലിനെ മധ്യ നിരയില്‍ ഇറക്കുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ലുംഗി ഡാന്‍സിന് ശേഷം പഞ്ചാബ് പ്രതീക്ഷകള്‍ കാത്ത് ദീപക് ഹൂഡ

പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ച് ദീപക് ഹൂഡയുടെ ഇന്നിംഗ്സ്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ദീപക് ഹുഡയുടെ ഇന്നിംഗ്സിന്റെ ബലത്തില്‍ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സിലേക്ക് എത്തുകയായിരുന്നു.

48/0 എന്ന നിലയില്‍ നിന്ന് 72/4 എന്ന നിലയിലേക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബ് വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്ന നിലയിലേക്കും പിന്നീട് 113/6 ലേക്കും പഞ്ചാബ് വീഴുകയായിരുന്നുവെങ്കിലും ദീപക് ഹൂഡയുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം ടീമിന് പ്രതീക്ഷ നല്‍കുന്ന സ്കോറിലേക്ക് എത്തിച്ചു.

ഹൂഡ 30 പന്തില്‍ നിന്ന് 62 റണ്‍സാണ് നേടിയത്. പഞ്ചാബ് ബൗളര്‍മാര്‍ക്ക് പൊരുതി നോക്കുവാനുള്ള സ്കോറിലേക്ക് ഹൂഡ ടീമിനെ എത്തിച്ചുവെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ പഞ്ചാബിന്റെ ബൗളര്‍മാരില്‍ നിന്ന് തകര്‍പ്പന്‍ പ്രകടനം വരേണ്ടതുണ്ട്.

Lungisaningidi

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തകര്‍ച്ച നേരിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിംഗ് നിര. ഏതാനും മത്സരങ്ങള്‍ പുറത്തിരുന്ന ശേഷം തിരികെ ടീമിലേക്ക് എത്തിയ മയാംഗും ലോകേഷ് രാഹുലും ചേര്‍ന്ന് പതിവ് ശൈലിയിലാണ് പഞ്ചാബിന് വേണ്ടി ബാറ്റ് വീശിയത്.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയ 48 റണ്‍സിന്റെ ബലത്തില്‍ വലിയ സ്കോറിലേക്ക് പഞ്ചാബ് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി ലുംഗിസാനി ഗിഡി പഞ്ചാബിന്റെ തകര്‍ച്ചയുടെ തുടക്കം കുറിച്ചു.മയാംഗ് അഗര്‍വാല്‍ 15 പന്തില്‍ 26 റണ്‍സും ലോകേഷ് രാഹുല്‍ 27 റണ്‍സുമാണ് നേടിയത്.

നിക്കോളസ് പൂരനെ(2) ശര്‍ദ്ധുല്‍ താക്കൂര്‍ ധോണിയുടെ കൈകളിലെത്തിച്ചപ്പോള്‍ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിലിനെ(12) വിക്കറ്റിന് മുന്നില്‍ കുടുക്കി ഇമ്രാന്‍ താഹിറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

അഞ്ചാം വിക്കറ്റില്‍ ദീപക് ഹുഡയും മന്‍ദീപ് സിംഗും ചേര്‍ന്നാണ് കിംഗ്സ് ഇലവന്റെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. എന്നാല്‍ ഈ കൂട്ടുകെട്ടിനും അധികം ആയുസ്സുണ്ടായിരുന്നില്ല. 14 റണ്‍സ് നേടിയ മന്‍ദീപിനെ പുറത്താക്കി രവീന്ദ്ര ജഡേജ 36 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്തപ്പോള്‍ പഞ്ചാബ് 16.2 ഓവറില്‍ 108/5 എന്ന നിലയിലായി.

 

വീണ്ടും പടിക്കല്‍ കലമുടയ്ക്കുമെന്ന് തോന്നിപ്പിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്, അവസാന പന്തില്‍ വിജയം

അവസാന ഓവറില്‍ രണ്ട് റണ്‍സ് നേടേണ്ട സാഹചര്യത്തില്‍ നിന്ന് അവസാന പന്തില്‍ ഒരു റണ്‍സെന്ന നിലയിലേക്ക് സ്വയം സമ്മര്‍ദ്ദം സൃഷ്ടിച്ച ശേഷം നിക്കോളസ് പൂരന്‍ നേടിയ സിക്സിന്റെ ബലത്തില്‍ വിജയിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്. അനായാസം നേടുമെന്ന കരുതിയ വിജയം ആണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് അവസാന പന്ത് വരെ കൊണ്ടെത്തിച്ചത്.

പഞ്ചാബ് ഓപ്പണര്‍മാര്‍ തങ്ങളുടെ പതിവ് ശൈലിയില്‍ ബാറ്റ് വീശിയതിനോടൊപ്പം ടീമിലേക്ക് തിരികെ എത്തിയ ക്രിസ് ഗെയിലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്തപ്പോള്‍ 8 വിക്കറ്റിന്റെ വിജയം നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ലോകേഷ് രാഹുലും ക്രിസ് ഗെയിലും അര്‍ദ്ധ ശതകം നേടിയപ്പോള്‍ മയാംഗ് ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുകയായിരുന്നു.

എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ യൂസുവേന്ദ്ര ചഹാല്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് വീണ്ടും പടിക്കല്‍ കലം കൊണ്ടുടയ്ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും നിക്കോളസ് പൂരന്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് സിക്സര്‍ നേടി അവസാന പന്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ആറോവറില്‍ 56 റണ്‍സാണ് വിക്കറ്റ് നഷ്ടമില്ലാതെ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍ നേടിയത്. 8ാം ഓവറില്‍ ചഹാലിനെ സിക്സര്‍ പറത്തിയ മയാംഗ് എന്നാല്‍ അവസാന പന്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. 78 റണ്‍സാണ് രാഹുല്‍ – മയാംഗ് കൂട്ടുകെട്ട് ഇന്ന് നേടിയത്. 25 പന്തില്‍ നിന്ന് 45 റണ്‍സാണ് മയാംഗ് ഇന്ന് നേടിയത്.

മയാംഗ് പുറത്തായ ശേഷം ക്രീസിലെത്തിയ ക്രിസ് ഗെയില്‍ മെല്ലെയാണ് തുടങ്ങിയതെങ്കിലും വാഷിംഗ്ടണ്‍ സുന്ദറിനെ ഒരോവറില്‍ രണ്ട് സിക്സുകള്‍ക്ക് പറത്തി തന്റെ പഴയ പ്രതാപം കൈവമോശം വന്നില്ലെന്ന ചെറിയ സൂചന നല്‍കി. പത്തോവര്‍ പിന്നിടുമ്പോള്‍ 84 റണ്‍സാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നേടിയത്.

37 പന്തില്‍ നിന്ന് രാഹുല്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് ഈ സീസണിലെ തന്റെ മികച്ച ഫോം തുടര്‍ന്നു. അവസാന ആറോവറില്‍ 49 റണ്‍സായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. കൈവശമുണ്ടായിരുന്നത് 9 വിക്കറ്റും.

സൈനി എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വന്നപ്പോള്‍ സിറാജ് എറിഞ്ഞ 16ാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 20 റണ്‍സാണ് രാഹുലും ഗെയിലും ചേര്‍ന്ന് നേടിയത്. ഇതിനിടെ ഇരുവരും ചേര്‍ന്ന് തങ്ങളുടെ അര്‍ദ്ധ ശതക കൂട്ടുകെട്ടും ഓവറില്‍ പൂര്‍ത്തിയാക്കിയിരുന്നു.

വീണ്ടും ബൗളിംഗിലേക്ക് എത്തിയ വാഷിംഗ്ടണ്‍ സുന്ദറിനെ തുടരെ സിക്സുകള്‍ക്ക് പറത്തി ലക്ഷ്യം 18 പന്തില്‍ 11 റണ്‍സാക്കുക ചെയ്ത. ഓവറില്‍ നിന്ന് 15 റണ്‍സാണ് പിറന്നത്. 36 പന്തില്‍ നിന്നാണ് ഗെയില്‍ തന്റെ അര്‍ദ്ധ ശതകം നേടിയത്.

93 റണ്‍സാണ് രാഹുലും ഗെയിലും ചേര്‍ന്ന് ഇന്ന് നേടിയത്. അവസാന ഓവറില്‍ രണ്ട് റണ്‍സ് നേടേണ്ടിയിരുന്ന ടീമിന് ചഹാലിനെതിരെ സ്കോറിംഗ് പ്രയാസമായി മാറുകയായിരുന്നു. ആദ്യ മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് നേടി ഗെയില്‍ വിജയ റണ്‍സ് നേടുവാന്‍ രാഹുലിനെ ഏല്പിക്കുകയായിരുന്നു. എന്നാല്‍ സിംഗിള്‍ ഓടുവാന്‍ ശ്രമിക്കുന്നതിനിടെ ക്രിസ് ഗെയില്‍ റണ്ണൗട്ടാകുകയായിരുന്നു. വീണ്ടുമൊരു മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിക്കോളസ് പൂരന്‍ സിക്സര്‍ പറത്തി മത്സരം കിംഗ്സ് ഇലവന് അനുകൂലമാക്കി.

45 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ഗെയില്‍ 5 സിക്സാണ് നേടിയത്. ലോകേഷ് രാഹുല്‍ 49 പന്തില്‍ നിന്ന് പുറത്താകാതെ 61 റണ്‍സ് നേടി. 5 സിക്സാണ് താരം നേടിയത്.

ടി20യില്‍ 200 വിക്കറ്റ് സ്വന്തമാക്കി യൂസുവേന്ദ്ര ചഹാല്‍

ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാരുടെ 78 റണ്‍സ് കൂട്ടുകെട്ട് തകര്‍ക്കുമ്പോള്‍ യൂസുവേന്ദ്ര ചഹാല്‍ ബാംഗ്ലൂരിന് മത്സരത്തില്‍ വലിയൊരു ബ്രേക്ക്ത്രൂ ആണ് നല്‍കിയത്. 25 പന്തില്‍ 45 റണ്‍സ് നേടി അപകടകാരിയായി മാറുകയായിരുന്ന മയാംഗ് അഗര്‍വാളിനെ പുറത്താക്കിയപ്പോള്‍ ചഹാല്‍ മറ്റൊരു നാഴികക്കല്ല് കൂടിയാണ് സ്വന്തമാക്കിയത്.

ടി20 ക്രിക്കറ്റില്‍ 200 വിക്കറ്റ് നേടുന്ന താരം ആയി മാറുകയായിരുന്നു ചഹാല്‍ ഇന്ന് താരം മയാംഗിനെ പുറത്താക്കിയപ്പോള്‍.

റണ്‍വേട്ടയില്‍ ആദ്യ മൂന്ന് സ്ഥാനക്കാരില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാര്‍

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി കിംഗ്സ് ഇലവന്‍ പഞ്ചാബ് തുടരുമ്പോളും ടീമിലെ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും ഓറഞ്ച് ക്യാപ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട്. 6 മത്സരങ്ങളില്‍ നിന്ന് 313 റണ്‍സുമായി ഓറഞ്ച് ക്യാപിന് ഉടമ ടീം ക്യാപ്റ്റന്‍ ലോകേഷ് രാഹുലാണ്. ഒരു ശതകവും രണ്ട് അര്‍ദ്ധ ശതകവും നേടിയ താരം ഈ സീസണില്‍ പുറത്താകാതെ നേടിയ 132 റണ്‍സാണ് ഉയര്‍ന്ന സ്കോറായി നില്‍ക്കുന്നത്.

മയാംഗ് അഗര്‍വാല്‍ ആകട്ടെ 281 റണ്‍സാണ് ആറ് ഇന്നിംഗ്സില്‍ നിന്ന് നേടിയത്. ഇന്നലെ മികച്ച ഫോമിലുള്ള താരം റണ്ണൗട്ടായാണ് പുറത്തായത്. 106 റണ്‍സ് ആണ് താരത്തിന്റെ ഉയര്‍ന്ന സ്കോര്‍. ഒരു ശതകവും ഒരു അര്‍ദ്ധ ശതകവുമാണ് താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ സംഭാവന. മയാംഗിന് മുന്നിലുള്ളത് 299 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയാണ്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള ആദ്യ മത്സരത്തില്‍ വിജയം കൈപ്പിടിയിലായെന്ന കരുതിയ നിമിഷത്തില്‍ നിന്ന് സൂപ്പര്‍ ഓവറില്‍ തോല്‍വിയേറ്റ് വാങ്ങിയ ശേഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മാത്രമാണ് ടീമിന് ഇതുവരെ ജയിക്കുവാനായത്. അന്ന് 132 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ലോകേഷ് രാഹുലിന്റെ പ്രകടനമാണ് ടീമിന് തുണയായത്.

പിന്നീട് രാജസ്ഥാന്‍ റോയല്‍സിനെതിരെ രാഹുല്‍ തെവാത്തിയ ഇന്നിംഗ്സില്‍ കാലിടറിയ പഞ്ചാബിന് മുംബൈ ഇന്ത്യന്‍സിനോട് 48 റണ്‍സ് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നപ്പോള്‍ ചെന്നൈ പഞ്ചാബിനെതിരെ 10 വിക്കറ്റ് വിജയമാണ് നേടിയത്. ഇന്നലെ നടന്ന മത്സരത്തില്‍ 69 റണ്‍സിന്റെ കനത്ത പരാജയമാണ് ടീം സണ്‍റൈസേഴ്സിനെതിരെ നേരിടേണ്ടി വന്നത്.

മധ്യനിരയുടെ ഫോമില്ലായ്മയും ഡെത്ത് ബൗളിംഗുമാണ് ഈ സീസണില്‍ ടീമിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ ശരിയായ കോമ്പിനേഷന്‍ കണ്ടെത്തുവാനാകാതെ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഒട്ടനവധി മാറ്റങ്ങളാണ് ഓരോ മത്സരങ്ങളിലും വരുത്തുന്നത്.

Exit mobile version