യുഎഇയ്ക്കെതിരെ 6 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ 6 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് യുഎഇ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 122/6 എന്ന സ്കോര്‍ നേടിയപ്പോള്‍ വെറും 13.2 ഓവറിലാണ് ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കിയത്.
45 റൺസ് നേടിയ അലിഷാന്‍ ഷറഫു മാത്രമാണ് യുഎഇ നിരയിൽ ചെറുത്ത് നിന്നത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീം 12 പന്തിൽ 22 റൺസ് നേടിയെങ്കിലും തനിക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റാനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോര്‍ബിന്‍ ബോഷ് മൂന്നും ആന്‍റിക് നോര്‍ക്കിയ 2 വിക്കറ്റും നേടി.
ചേസിംഗിൽ 25 പന്തിൽ 36 റൺസ് നേടിയ ഡെവാള്‍ഡ് ബ്രെവിസ് ടോപ് സ്കോറര്‍ ആയപ്പോള്‍ റയാന്‍ റിക്കൽട്ടൺ 16 പന്തിൽ 30 റൺസും എയ്ഡന്‍ മാര്‍ക്രം 11 പന്തിൽ 28 റൺസും നേടി.