ചരിത്ര നേട്ടവുമായി ജമ്മു കാശ്മീര്‍, രഞ്ജി ഫൈനലില്‍

രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ച് ജമ്മു & കാശ്മീര്‍. ചരിത്രത്തിലാദ്യമായാണ് ഈ നേട്ടം ജമ്മു കാശ്മീര്‍ നേടുന്നത്. രഞ്ജിയിലെ രണ്ടാം സെമിയിൽ ബംഗാളിനെയാണ് ടീം പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാള്‍ 328 റൺസ് നേടിയപ്പോള്‍ ജമ്മു കാശ്മീര്‍ 302 റൺസാണ് നേടിയത്.
എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനെ 99 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം 4 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടി വിജയവും ഫൈനലില്‍ സ്ഥാനവും ജമ്മു കാശ്മീര്‍ സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്സിൽ ബംഗാളിന് വേണ്ടി സുധീപ് കുമാര്‍ ഖരാമി 146 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ അഭിമന്യു ഈശ്വരന്‍ (49), ഷഹ്ബാസ് അഹമ്മദ് (42), സമാന്ത ഗുപ്ത (39) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ജമ്മു കാശ്മീരിന് വേണ്ടി അക്വിബ് നബി ദാര്‍ 5 വിക്കറ്റും സുനിൽ കുമാര്‍ 3 വിക്കറ്റും നേടി.
ജമ്മു കാശ്മീരിന്റെ ആദ്യ ഇന്നിംഗ്സിൽ 82 റൺസുമായി അബ്ദുള്‍ സമദ് ടോപ് സ്കോറര്‍ ആയി. അക്വിബ് നബി ദാര്‍ (42), പരസ് ഡോഗ്ര (58), യുധീര്‍ സിംഗ് ചരക് (33) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. മൊഹമ്മദ് ഷമി 8 വിക്കറ്റുമായി തിളങ്ങി.

അക്വിബ് നബി ദാറും സുനിൽ കുമാറും 4 വീതം വിക്കറ്റ് നേടി ബംഗാളിനെ രണ്ടാം ഇന്നിംഗ്സിൽ എറിഞ്ഞൊതുക്കുകയായിരുന്നു. 99 റൺസിന് ബംഗാള്‍ ഓള്‍ഔട്ട് ആയപ്പോള്‍ 43 റൺസുമായി വന്‍ഷജ് ശര്‍മ്മയും 30 റൺസ് നേടി അബ്ദുള്‍ സമദും ജമ്മു കാശ്മീരിനെ വിജയത്തിലേക്ക് നയിച്ചു.