Super League KeralaFeatured

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസൺ ഔദ്യോഗിക ലോഞ്ച് നടന്നു

Resizedimage 2026 09 12 23 38 10 1

കൊച്ചി: അമുൽ അവതരിപ്പിക്കുന്ന വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയുടെ (SLK) മൂന്നാം സീസണിന് മുന്നോടിയായുള്ള ഔദ്യോഗിക ലോഞ്ച് ശനിയാഴ്ച വില്ലിംഗ്ഡൺ ഐലൻഡിലെ കൊച്ചിൻ ട്രേഡ് സെന്ററിൽ പ്രൗഢഗംഭീരമായി നടന്നു. സെപ്റ്റംബർ 25-ന് ആരംഭിക്കുന്ന സൂപ്പർ ലീഗ് കേരളയുടെ പോരാട്ടങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിൽ, പ്രശസ്ത പിന്നണി ഗായകൻ സിദ് ശ്രീറാം അവതരിപ്പിച്ച സംഗീത വിരുന്ന് പ്രധാന ആകർഷണമായിരുന്നു. 

ലീഗിന്റെ ആറ് ഫ്രാഞ്ചൈസികളായ കാലിക്കറ്റ് എഫ്‌സി, ഫോർസ കൊച്ചി എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി, മലപ്പുറം എഫ്‌സി, തിരുവനന്തപുരം കോമ്പൻസ് എഫ്‌സി, തൃശൂർ മാജിക് എഫ്‌സി എന്നീ ടീമുകളുടെ ഉടമകളും താരങ്ങളും, ലീഗ് ഉടമകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകരും ഒത്തുചേർന്ന് പുതിയ സീസണിന്റെ തുടക്കം കുറിക്കുന്ന ഈ പരിപാടിക്ക് മാറ്റുകൂട്ടി.

സൂപ്പർ ലീഗ് താരങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും റെഡ് കാർപെറ്റ് പ്രവേശനത്തോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ട്രോഫി വേദിയിൽ അവതരിപ്പിച്ചതിന് ശേഷം ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായി. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ വച്ച് കഴിഞ്ഞ ഡിസംബറിൽ തൃശൂർ മാജിക് എഫ്‌സിയെ പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ കിരീടം നേടിയ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയാണ് നിലവിലെ ചാമ്പ്യന്മാർ.

“എസ്.എൽ.കെയുടെ പുതിയ സീസൺ സെപ്റ്റംബർ 25ന് ആരംഭിക്കും, ഈ വാർത്ത നിങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ അതിയായ സന്തുഷ്ടരാണ്. ഫുട്ബോളിനെ അങ്ങേയറ്റം സ്നേഹിക്കുന്ന കേരള ജനതയുടെ മുന്നിലേക്ക് ഞങ്ങൾ പുതിയ സീസൺ സമർപ്പിക്കുന്നു”
സൂപ്പർ ലീഗ് കേരളയുടെ വരാനിരിക്കുന്ന സീസണിനെക്കുറിച്ച് ആവേശം പ്രകടിപ്പിച്ചുകൊണ്ട് എസ്.എൽ.കെ ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫ് പറഞ്ഞു.

സൂപ്പർ ലീഗ് കേരളയുടെ മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരൻ, കേരള ഫുട്ബോൾ അസോസിയേഷൻ (കെ.എഫ്.എ) പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യം ഗ്രാന്റ് ലോഞ്ചിന് മാറ്റുകൂട്ടി.

തുടർന്ന്, സീസണിൽ മാറ്റുരയ്ക്കുന്ന ടീമുകളെ അവരുടെ ഫ്രാഞ്ചൈസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വേദിയിൽ പരിചയപ്പെടുത്തുകയും ചെയ്തു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം നടന്ന സംഗീതനിശ കാണികൾക്ക് വേറിട്ട അനുഭവമായി. കൊച്ചിയിൽ ആദ്യമായി സംഗീതനിശ അവതരിപ്പിച്ച തെന്നിന്ത്യൻ പിന്നണി ഗായകൻ സിദ് ശ്രീറാം, തന്റെ പ്രശസ്തമായ ഗാനങ്ങളിലൂടെ കൊച്ചിൻ ട്രേഡ് സെൻ്ററിലെ നിറഞ്ഞ സദസ്സിനെ കയ്യിലെടുത്തു. 

വരും ദിവസങ്ങളിൽ ആരംഭിക്കുന്ന മത്സരങ്ങൾ സൂപ്പർ ലീഗ് കേരളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും കായിക പ്രേമികളും. സെപ്റ്റംബർ 25-നാണ് സീസണിലെ ആദ്യ മത്സരം നടക്കുന്നത്.