സൂപ്പർ ലീഗ് കേരള; ഷൂട്ടൗട്ടിൽ മലപ്പുറത്തെ വീഴ്ത്തി കാലിക്കറ്റ്

കോഴിക്കോട്: മലബാറിന്റെ ഫുട്ബോൾ ഹൃദയം ഒരേതാളത്തിൽ മിടിച്ച രാത്രി. നിറഞ്ഞുകവിഞ്ഞ ഗാലറിയുടെ ആരവത്തിനും പതാകകളുടെ ചലനത്തിനും നടുവിൽ വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയിൽ മലബാർ ഡെർബിക്ക് പന്തുരുണ്ടപ്പോൾ വിജയം കാലിക്കറ്റ് എഫ് സിക്ക്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലപ്പുറം എഫ് സിയെ ഷൂട്ടൗട്ടിൽ (4-3) ന് പരാജയപ്പെടുത്തി. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ചു പിരിഞ്ഞിരുന്നു. ഡാനിയൽ ലാലിംപൂയ
മലപ്പുറത്തിനായും ലിയോ ഡേവിഡ്
കാലിക്കറ്റിനായും നിശ്ചിതസമയത്ത് സ്കോർ ചെയ്തു. ഷൂട്ടൗട്ടിൽ മലപ്പുറത്തിന്റെ എൽഫോർസി, അഭിത്ത് എന്നിവർ കിക്ക് നഷ്ടപ്പെടുത്തി. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിനെതിരെ കാലിക്കറ്റ് നേടുന്ന നാലാം വിജയമാണിത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ കാലിക്കറ്റ് ആക്രമണത്തിന്റെ
ചൂട് കൂട്ടി. തുടർച്ചയായ നീക്കങ്ങളിൽ നിന്ന് കോർണറുകളും ഫ്രീകിക്കുകളും നേടിയെങ്കിലും, ഒരിക്കൽ പോലും പന്തിനെ ലക്ഷ്യത്തിലേക്ക് പായിക്കാനായില്ല.
പതിനഞ്ചാം മിനിറ്റിൽ കളിയുടെ ഗതി പെട്ടെന്ന് മാറി. കാലിക്കറ്റിന്റെ മുന്നേറ്റത്തിനിടയിൽ ഇടം കണ്ടെത്തിയ മലപ്പുറത്തിന്റെ കൗണ്ടർ അറ്റാക്ക്. എൽഫോർസിയുടെ കൃത്യമായ പാസ് സ്വീകരിച്ച് നായകൻ അമദു സുകൂന മുന്നേറി. മുന്നിൽ ഗോളി മാത്രം. പക്ഷേ, കാലിക്കറ്റിന്റെ കാവൽക്കാരൻ മിർഷാദ് സാഹസികമായി മുന്നോട്ടുചാടി അപകടം തട്ടിയകറ്റി. നാല് മിനിറ്റിനകം വീണ്ടും സുകൂനയ്ക്ക് അവസരം. ഇത്തവണ വല തുറന്നുകിടന്നിട്ടും നിർണായക നിമിഷത്തിൽ ഫ്രഞ്ച് താരത്തിന് ബാലൻസ് നഷ്ടപ്പെട്ടതോടെ മലപ്പുറത്തിന് ലഭിച്ച രണ്ടാമത്തെ അവസരവും കൈവിട്ടു. പിന്നാലെ മലപ്പുറത്തിന്റെ റിഷാദ് പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് മുഹമ്മദ് മഹ്ദി. ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളിലും കാലിക്കറ്റ് മികച്ച ബിൽഡപ്പുകൾ നടത്തി. എന്നാൽ പോസ്റ്റിനു മുന്നിൽ കൃത്യത ഇല്ലാതെ പോയി.
നാൽപ്പത്തിരണ്ടാം മിനിറ്റിൽ
എൽഫോർസിയുടെ ക്ലോസ്-റേഞ്ച് ശ്രമം മിർഷാദ് സാഹസികമായി തടഞ്ഞതോടെ കാലിക്കറ്റ് വീണ്ടും രക്ഷപ്പെട്ടു. തുടർച്ചയായ സമ്മർദങ്ങൾക്കിടയിലും ഇരു ടീമുകൾക്കും ഫിനിഷിങ്ങിൽ നിർണായക സ്പർശം കണ്ടെത്താനായില്ല. ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കാലിക്കറ്റ് എഫ് സി ക്യാപ്റ്റൻ പ്രശാന്തിനെ പിൻവലിച്ച് മഹേഷ് ഖോസലയെ കൊണ്ടുവന്നു. അൻപത്തിയഞ്ചാം മിനിറ്റിൽ ഇടതുവിങിൽ നിന്നുള്ള എൽഫോർസിയുടെ ഷോട്ട് കാലിക്കറ്റ് ഗോളി മിർഷാദ് തട്ടിയകറ്റി.
അറുപത്തിയഞ്ചാം മിനിറ്റിൽ മലപ്പുറം ലീഡ് നേടി. വലതു ഭാഗത്ത് നിന്നുള്ള ബിബിൻ അജയന്റെ നീളൻ ക്രോസ് മഷ്ഹൂർ ശരീഫ് ഹെഡ് ചെയ്തുനൽകിയത് നീന്തിയെത്തിയ ഡാനിയൽ ലാലിംപൂയ ഗോളാക്കി മാറ്റി (1-0). എഴുപത്തിയെട്ടാം മിനിറ്റിൽ ബുവാസോയുടെ പാസ് സ്വീകരിച്ച ബ്രസീൽ താരം ലിയോ ഡേവിഡ് കാലിക്കറ്റിന് സമനില നൽകി (1-1). ഇഞ്ചുറി സമയത്ത് ലഭിച്ച രണ്ട് അവസരങ്ങൾ ആതിഥേയർ നഷ്ടപ്പെടുത്തിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. 31786 പേർ മത്സരം കാണാൻ ഗ്യാലറിയിലെത്തി.
കൊമ്പൻസ് Vs വാരിയേഴ്‌സ്
ഞായറാഴ്ച (ഒക്ടോബർ 4) തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ് സിയും കണ്ണൂർ വാരിയേഴ്‌സ് എഫ് സിയും ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ തൃശൂരിനെ തോൽപിച്ചാണ് കണ്ണൂർ വരുന്നത്. അതേസമയം, കാലിക്കറ്റിനോട് രണ്ട് ഗോളിന് തോറ്റ തിരുവനന്തപുരത്തിന് ആദ്യ ജയമാണ് ലക്ഷ്യം. വിജയത്തുടർച്ച തേടി കണ്ണൂരും സ്വന്തം തട്ടകത്തിൽ ജയത്തോടെ തുടങ്ങാൻ തിരുവനന്തപുരവും പോരാടുമ്പോൾ മത്സരം ആവേശകരമാകും.
കിക്കോഫ് രാത്രി 7.30ന്.
ടിക്കറ്റുകൾക്ക് https://www.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റുകൾ ലഭിക്കും.