കണ്ണൂര്‍ വാരിയേഴ്സിന് യാത്രയയപ്പ് നല്‍കി റെഡ് മറൈനേഴ്സ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ രണ്ടാം മത്സരത്തിനായി കണ്ണൂരിന്റെ സ്വന്തം കണ്ണൂര്‍ വാരിയേഴ്സ് എഫ്സി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. ഒക്ടോബര്‍ 4ന് ഞായറാഴ്ച വൈകീട്ട് 7.30ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്സിയാണ് വാരിയേഴ്സിന്റെ എതിരാളികള്‍.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ടീമിന് ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മുഖ്യ പരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവിന് ബൊക്കെ നല്‍കിയാണ് ടീമിനെ യാത്രയാക്കിയത്. ചുവന്ന ജേഴ്സണിഞ്ഞ് നിരവധി ആരാധകരാണ് ടീമിനെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്.
വെള്ളിയാഴ്ച യാത്രതിരിച്ച ടീം രാത്രിയോടെ തിരുവനന്തപുരത്തെത്തി. ശനിയാഴ്ച തിരുവനന്തപുരത്ത് പരിശീലനം നടത്തും. ടീമിനെ പിന്തുണയ്ക്കുന്നതിനായി 200ഓളം ആരാധകര്‍ ഞായറാഴ്ച തിരുവനന്തപുരത്തേക്ക് പോകുമെന്ന് റെഡ് മറൈനേഴ്സ് അറിയിച്ചു. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും ഭാരവാഹികള്‍ വ്യക്തമാക്കി.